Sunday, December 22, 2024
Novel

ജീവരാധ: ഭാഗം 2

നോവൽ
എഴുത്തുകാരി: ദേവിക എസ്‌

ആ പ്രകൃതിരമണീയമായ മലമുകളിൽ ഷൂട്ടിങ്ങിന് വന്നവർക്കൊക്കെ വലിയൊരു ഹാളിലാണ് ഭക്ഷണം ഒരുക്കിയിരുന്നത്.. നടീനടന്മാർക്ക് ഇരിക്കാൻ ഒരുമിച്ചായിരുന്നു സ്ഥലം ഒരുക്കിയത്…അകലെ നിന്നെ അവൾ കണ്ടു… ജീവനെ….!!!
അവൻ കണ്ണുകളാൽ അവളെ തന്നെ തിരയുകയായിരുന്നെന്ന് അവൾക്ക് മനസ്സിലായി. അവളെ കണ്ടപ്പോൾ അവന്റെ കണ്ണുകൾ തിളങ്ങി. അവൾ ആവുന്നതും അവനെ ശ്രദ്ധിക്കാതെ, അവനുനേരെ നോക്കുക പോലും ചെയ്യാതെ നടന്നു. അനുവും പ്രിയയും ഹാളിലെ കൊഴിഞ്ഞൊരു മൂലയിൽ പോയി ഭക്ഷണം കഴിക്കാൻ ഇരുന്നു.

” എടി… പുള്ളിക്ക് നേരത്തെ കിട്ടിയ കിസ്സിങ്ന്റെ ഹാങ്ങോവർ മാറിയില്ല എന്ന് തോന്നുന്നു… നിന്നെ കാണുമ്പോൾ അവൻ കണ്ണുകളും ചുണ്ടുകളും കൊണ്ട് കഥകളി കളിക്കുന്നുണ്ട്…”

” നീ ഭക്ഷണം കഴിക്കാൻ അല്ലേ വന്നതെന്റെ പ്രിയമോളെ. .. പ്ലേറ്റിൽ നോക്കി കഴിക്കൂ..”
അനു ദേഷ്യപ്പെട്ടു.

” അല്ല ഞാൻ ആലോചിക്കുവാ…. ഇയാൾ സിനിമയിലെത്തിയതല്ലേ ഉള്ളു…എത്ര കിസ്സിങ് സീൻ അനുഭവിക്കേണ്ടത…ഇങ്ങനെ കിസ്സ് അടിച്ച നടിമാരെ കാണുമ്പോൾ ഓക്കെ തുള്ളിച്ചാടിയാൽ പിന്നെ ഇവനതിനെ നേരമുണ്ടാവുള്ളു അല്ലോ… എന്തായാലും ആളൊരു കോഴി ഒന്നും അല്ല… ഒരു പഞ്ച പാവം തന്ന … ”

അവൾക്കറിയില്ലല്ലോ.. സ്ക്രീനിനു മുന്നിൽ ആടുന്നതിനപ്പുറം ചില ആട്ടങ്ങൾ ജീവിതത്തതിൽ അനുഭവിച്ച് കഴിഞ്ഞവരാണ് ഞങ്ങളെന്ന്…വേണ്ട… ആരും ഒന്നും അറിയണ്ട… ഇതൊക്കെ തന്റെ ജീവിതത്തിലെ അടഞ്ഞ അധ്യായമാണ്… സ്നേഹത്തിന്റെയും കരുതലിന്റെയും മനോഹരമായ മധുരവും… ഹൃദയത്തെ ക്രൂരമായി കീറിമുറിച്ച ചില വേദനകളുടെയും ഓർമ്മ നിറഞ്ഞുനിൽക്കുന്ന ചില അധ്യായങ്ങൾ.. എല്ലാം മറന്ന് പുതിയ ഒരു ജീവിതത്തിലേക്ക് വരാൻ തുടങ്ങിയതേയുള്ളൂ. ആ മുറിപ്പാടുകൾ ഇപ്പോഴും തന്റെ ഉള്ളിനുള്ളിൽ ഉണങ്ങാതെ കിടപ്പുണ്ട്… വയ്യ ഇനി വയ്യ ഒന്നും ഓർക്കാൻ… എല്ലാം എന്നിൽ തന്നെ മൃതിയടഞ്ഞു കൊള്ളട്ടെ….
ജീവനാണ് ഈ സിനിമയിലെ നായകൻ എന്നറിഞ്ഞിരുന്നെങ്കിൽ പണത്തിന് എത്ര ആവശ്യമുണ്ടെങ്കിലും താൻ ഇവിടേക്ക് വരുമായിരുന്നില്ല.. എനിക്ക് വേണ്ടി മാത്രം ജീവിച്ച എന്റെ അമ്മയ്ക്ക് വേണ്ടി വേറെ ഏതു വഴി വേണമെങ്കിലും ഞാൻ സ്വീകരിച്ചേനെ…

” പ്രിയ.. ഇന്ന് ഉച്ചകഴിഞ്ഞ് ഒഴിവല്ലേ.. എനിക്കൊന്ന് അമ്മയുടെ അടുത്ത് വരെ പോയാൽ കൊള്ളാമെന്നുണ്ട്.. ഒരാഴ്ചയായി ഞാൻ അങ്ങോട്ട് ചെന്നിട്ട്.. പാപം.. അമ്മ എനിക്ക് വേണ്ടി എന്തെല്ലാം സഹിച്ചത.. ഇനി ആ ജീവിതത്തിൽ അനുഭവിക്കാൻ ഒരു വേദനയും ബാക്കിയില്ല.. എന്നാലിപ്പോൾ ഈ വയ്യാതായ സമയത്ത് എനിക്കും അടുത്തിരിക്കാൻ പോലും പറ്റുന്നില്ലല്ലോ…!! ”
അവൾ വിതുമ്പി പോയി…

“നീ അമ്മയ്ക്ക് വേണ്ടി തന്നെയല്ലേ ഇവിടെ കിടന്നു കഷ്ടപ്പെടുന്നത് അനു… നമുക്ക് ഭക്ഷണം കഴിഞ്ഞ ഉടനെ പോകാം.. ഞാനും വരാം നിന്റെ കൂടെ..എന്റെ സ്കൂട്ടിയിൽ പോകാം..”

” നിനക്ക് ബുദ്ധിമുട്ടാവില്ലേ പ്രിയ..”

” നിന്റെ അമ്മ എന്റെയും അമ്മയല്ലേ ടീ…”

അവർക്ക് നേരെ എതിർവശത്ത് ഇരുന്ന് ടേബിളിൽ നിന്നും ജീവൻ അവരെ തന്നെ ശ്രദ്ധിക്കുകയായിരുന്നു… അനുവിനെ തേങ്ങിക്കരച്ചിൽ അവന്റെ മനസ്സിൽ ഒരു ഓളം തന്നെ ഉണ്ടാക്കി… അവൾക്ക് എന്തോ മനസ്സിനെ അലട്ടുന്ന പ്രശ്നമുണ്ടെന്ന് അവനു മനസ്സിലായി..

നഗരത്തിലെ പ്രശസ്തമായ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന് മുന്നിൽ അവരുടെ സ്കൂട്ടി വന്നു നിർത്തി.. അനുവും പ്രിയയും വണ്ടിയിൽ നിന്നിറങ്ങി ഹോസ്പിറ്റലിലേക്ക് നടന്നു…

” അനു… നിന്റെ അമ്മ ഇവിടെ ഒറ്റയ്ക്കാണോ..”

” നമ്മുടെ അകന്ന ബന്ധത്തിൽ പെട്ട ഒരു ചേച്ചി സഹായത്തിനുണ്ട്.. അവർ അവരുടെ വീട്ടിൽ ഒറ്റയ്ക്ക.. കല്യാണം ഒന്നും കഴിഞ്ഞിട്ടില്ല. അവർ വന്ന് നിൽക്കാറുണ്ട്.. പിന്നെ ഇവിടെ കൂടെ ആളു വേണം എന്നൊന്നും ഇല്ല..അവർ തന്നെ ശ്രദ്ധിച്ചോളാം എന്ന് പറയുന്നേ.. ”

” അതിനു കണക്കായി ഫീസും വാങ്ങുന്നുണ്ടല്ലോ.. ഈ കഴുത്തറപ്പന്മാർ.. ”

” കരൾ രോഗങ്ങൾക്ക് പേരുകേട്ട ഹോസ്പിറ്റലാ… അതാണ് താങ്ങാൻ പറ്റുന്നതിലധികം ആയിട്ടും ഇവിടെത്തന്നെ കാണിച്ചത്.. എനിക്ക് സ്വന്തമെന്നു പറയാൻ അമ്മ മാത്രമല്ലേ ഉള്ളൂ…”

” നീയെന്തിനാ അനു ഇങ്ങനെ വിഷമിക്കുന്നെ… ഇപ്പോൾ ഈ കിഡ്നി ഫെയിലിയർ എന്നൊക്കെ പറയുന്നത് ഒരു സാധാരണ ജലദോഷ പനി പോലെ തന്നെയാ.. കിഡ്നി ഒക്കെ മാറ്റിവെച്ച് എത്ര ആൾക്കാർ ഇപ്പോൾ സുഖത്തോടെ ജീവിക്കുന്നു… ദേ റൂമിലെത്തി.. നീ ആ കണ്ണുനീർ ഒക്കെ ഒന്ന് തുടച്ചു കളഞ്ഞെ ഇനി അമ്മയെ കൂടി വിഷമിപ്പിക്കാതെ..”

അനു ഒരു ടവൽ എടുത്തു മുഖം തുടച്ചു. ഒരു പുഞ്ചിരിയോടെ റൂമിലേക്ക് കയറി. കട്ടിലിൽ സുഖമായ ഉറക്കത്തിലായിരുന്നു ദേവി അമ്മ.

” അമ്മേ… ”
അവൾ പതിയെ വിളിച്ചു.
ദേവി അമ്മ പതുക്കെ കണ്ണുകൾ തുറന്നു.

” ഹാ.. മോളു വന്നോ.. എത്ര ദിവസായി എന്റെ കൊച്ചിനെ കണ്ടിട്ട്..”

” ഇപ്പോൾ എങ്ങനെയുണ്ട് അമ്മ.. വേദനയൊക്കെ കുറവുണ്ടോ..”

” ഇപ്പോൾ ശരീരത്തിന് ഒന്നും ഒരു പ്രശ്നവും ഇല്ല മോളെ… നിന്നെ വിചാരിച്ച് മനസ്സിനാണ് എനിക്ക് വിഷമം.. അല്ല ഇതാര കൂടെ.. ”

” ഇത് പ്രിയ… അമ്മയ്ക്ക് ഓർമ്മയില്ലേ… ഡിഗ്രിക്ക് കൂടെ എന്റെ പഠിച്ചിരുന്ന.. ഒന്നുരണ്ടുവട്ടം അവർ നമ്മുടെ വീട്ടിൽ വന്നിട്ടുണ്ട്.. ഡിഗ്രി കഴിഞ്ഞ ഉടനെ ഫോറൻസിക് പഠിക്കാനായി അമേരിക്കയിലേക്ക് പോയതാ… ഇപ്പൊ പഠിത്തം കഴിഞ്ഞു നാട്ടിൽ വന്നതാ ..”

” ഓ ആ കുറുമ്പി ആയിരുന്നല്ലേ… വളർന്ന് ഒത്തിരി വലുതായല്ലോ കുഞ്ഞേ.. മനസ്സിലാവുന്നു പോലുമില്ല…”

” ശരീരം മാത്രമേ വളർന്നിട്ടുള്ളൂ.. അമ്മ പണ്ടത്തെ കുട്ടികളിക്കും കുറുമ്പിനും ഒന്നും യാതൊരു കുറവുമില്ല…”

” ഓ.. പിന്നെ… കുട്ടികളി ഒന്നും ഇല്ലാതിരുന്ന ഒരാള്.. പണ്ടത്തെ എന്റെ എല്ലാ കുസൃതികൾക്കും കൂടെയുണ്ടായിരുന്നവളാ അമ്മേ.. ഇപ്പോൾ ഈ നല്ലപിള്ള ചമയുന്നത്.. ”
പ്രിയ കെറുവിച്ചു.

” ശരിയാ… കളിയും ചിരിയുമായി എങ്ങനെ നടന്ന കുട്ടിയായിരുന്നു എന്റെ മോള്..ഇപ്പോൾ എന്റെ മോളോന്ന് ചിരിച്ച് കണ്ടിട്ട് എത്ര നാളായി എന്നോ… ”

” അമ്മ വിഷമിക്കേണ്ടമ്മേ… വിവാഹമുറപ്പിച്ച ഏതോ ഒരു ചെറുക്കൻ പറ്റിച്ചു കടന്നിട്ടല്ലേ അവൾ ഇങ്ങനെ വിഷാദരോഗിയെ പോലെ നടക്കുന്നത്… പ്രേമവിവാഹം ഒന്നും അല്ലായിരുന്നല്ലോ… 2 ദിവസം കൊണ്ട് തട്ടികൂടിയ കല്യാണം ആയിരുന്നില്ലേ.. വേറൊരു നല്ല ചെക്കനെ കിട്ടിയാൽ മാറാവുന്നതേയുള്ളൂ ഇതൊക്കെ… അല്ലെങ്കിൽ എന്തിനാ ഇവിടെ ഇപ്പോൾ ഈ പ്രിയ തന്നെയില്ലേ.. ഇവളെ മാറ്റിയെടുക്കാൻ..”

“ഹാ… എന്റെ മോള് മനസ്സ് നിറഞ്ഞോന്ന് ചിരിച്ചു കണ്ടാൽ മതിയായിരുന്നു… എന്റെ കൊച്ചിനെ വിഷമിച്ചിട്ട് അവനോക്കെ എന്ത് കിട്ടി… എല്ലാം തീരുമാനിച്ച് ഡേറ്റ് കൂടി അടുത്തപ്പോഴല്ലേ അറിയുന്നത് ചെറുക്കന്റെ രജിസ്റ്റർ വിവാഹo കഴിഞ്ഞെന്ന്…. അന്ന് തകർന്നു പോയതാ എന്റെ മോള്.. ”

“എന്റമ്മേ…. എനിക്ക് അതിനൊന്നും ഒരു വിഷമവുമില്ല.. കെട്ടുന്നതിനു മുൻപ് എങ്കിലും അവൻ പോയല്ലോ… എനിക്ക് ആകെ വിഷമം… ഇത്രയും സ്നേഹം അഭിനയിച് താലികെട്ട് വരെ നിന്ന് അത്രവരെ എനിക്ക് പ്രതീക്ഷ നൽകിയതിന് മാത്രമായിരുന്നു… ”
അനുവിനെ കണ്ണുകൾ നിറഞ്ഞു

” അതൊക്കെ പോട്ടെ… കഴിഞ്ഞതൊക്കെ ചിന്തിച്ച് നിമിഷനേരത്തെ സന്തോഷം നമ്മൾ എന്തിനു വെറുതെ കളയുന്നു..”

“ഓ… അങ്ങനെയെങ്കിലും എന്റെ രാധയ്ക്ക് വിവരം വച്ചുവല്ലോ..”
പ്രിയ അവളെ കെട്ടിപ്പിടിച്ചു.

അവരുടെ ആ സന്തോഷo ദേവിയമ്മ ചെറുപുഞ്ചിരിയോടെ മനസ്സുനിറഞ്ഞ് നോക്കി നിന്നു.

” പ്രിയമോള് ഇനി അമേരിക്കയിലേക്ക് തിരിച്ചു പോകുന്നുണ്ടോ..”

” ഇല്ലമ്മേ… ഫോറൻസിക് എന്റെ ഇഷ്ട വിഷയമായിരുന്നു.. പിന്നെ അങ്കിൾ അവിടെ ഉള്ളതുകൊണ്ട് എല്ലാവരും കൂടി നിർബന്ധിച്ചപ്പോൾ അവിടെ പഠിക്കാമെന്ന് വെച്ചതാ.. ഇപ്പോൾ കുറച്ചു മാസമായി നാട്ടിൽ വന്നിട്ട്… നിങ്ങളെയൊക്കെ വന്നു കാണാൻ ഇരിക്കുകയായിരുന്നു. അപ്പോഴാണ് പ്രിയ എന്നെ ഇങ്ങോട്ട് വിളിച്ച് അവിടെ അമ്പലത്തിൽ ഉത്സവത്തിൽ വന്ന ഒരു ഡയറക്ടർ അവളെ കണ്ടതും സിനിമയിലേക്ക് ഇൻവൈറ്റ് ചെയ്തതുo.. ഒക്കെ പറഞ്ഞത്.. പണ്ടേ ഞാൻ ഒരു സിനിമ ഭ്രാന്തി ആയിരുന്നല്ലോ. അതുകൊണ്ട് തന്നെ നായികയുടെ ബെസ്റ്റ് ഫ്രണ്ട്ന്റെ റോൾ ചെയ്യാൻ ആളില്ല എന്നും പറഞ്ഞ് എന്നെ പ്രലോഭിപ്പിച്ചതും ഡയറക്ടർ സാറിന്റെ മുന്നിൽ കൊണ്ടുപോയി അവതരിപ്പിച്ചതും ഇവൾ തന്നെയയാ.. അനു പിന്നെ എന്റെ കൂടെപിറപ്പ് തന്നെ ആയതുകൊണ്ട് എനിക്ക് അഭിനയിക്കേണ്ട കാര്യമില്ലല്ലോ..”

” അത് ശരിയാ… സിനിമയിലായാലും ആ റോൾ ചെയ്യാൻ ഇവളെക്കാളും പറ്റിയ ആരുമില്ല… അത് മാത്രമല്ല ഡയറക്ടർ സാറിന് ഇവളെ നന്നായി ബോധിച്ചിട്ടുമുണ്ട്…”
അനു ഒരു കുസൃതിച്ചിരിയോടെ പറഞ്ഞു

” ഒന്ന് പോടീ.. നമ്മളൊക്കെ ഈ സൈഡിലൂടെ അങ്‌ ജീവിച്ചു പൊക്കോട്ടെന്നെ..
ആ… അമ്മേ… അത് പറഞ്ഞപ്പോഴാണ് ഓർത്തത് നമ്മുടെ നായകൻ പയ്യൻ ഉണ്ട് കേട്ടോ… എന്നാ ഒരു സ്വഭാവമാണെന്നോ..പേരിന് ഒരു കള്ളുകുടി ഉണ്ടെന്നേ ഉള്ളൂ..ആള് കിടുവ.. രണ്ടുപേർക്കും തമ്മിൽ എന്നാ കെമിസ്ട്രി ആണെന്നോ.. എന്തായാലും ഇവൾ ഇങ്ങനെ ഈ കെട്ടാച്ചരക്കായി ഒരു വിഷാദ രോഗിയായി നടക്കുകയല്ലേ… നമുക്കൊന്ന് ആലോചിച്ചാലോ…”

പ്രിയ പറഞ്ഞു നിർത്തിയപ്പോൾ അനുവിൻറെ മുഖത്തുണ്ടായിരുന്ന പ്രസന്നഭാവം നഷ്ടമാകുന്നതും.. വീണ്ടും വിഷമമോ നിരാശയോ കലർന്ന ആ സ്ഥായിഭാവം അവിടെ പുനർസൃഷ്ടിക്കുന്നതും അവൾ ശ്രദ്ധിച്ചു..

” എന്തു പറ്റിയെടി… ”

“ഏയ്… ഒന്നുല്ല… പിന്നെ ഞാൻ നീ പറഞ്ഞപോലെ കെട്ടാചരക്ക് ഒന്നുമല്ല കേട്ടോ..വേണംന്ന് വച്ചാൽ നല്ല മണി മണി പോലത്തെ നൂറുകണക്കിന് ആണ്പിള്ളേര് എന്റെ മുന്നിൽ വന്ന് ക്യു നിൽക്കും… നിന്റെ ഡയറക്ടർ സാർ പോലും.”

ഡയറക്ടറെകുറിച്ച് പറഞ്ഞപ്പോൾ പ്രിയയുടെ മുഖത്ത് നാണം വിരിഞ്ഞ് ശരീരം മുഴുവൻ പൂത്തുലയുന്നത് അനു കണ്ടു. ആദ്യമായി പ്രിയയെ ഡയറക്ടർ രതീഷ് സാറിന് മുന്നേആദ്യമായി അവളെ ഡയറക്ടർ രതീഷ് സാറിന് മുന്നിൽ പരിചയപ്പെടുത്തിക്കൊടുത്തത് അവൾ ഓർത്തു.

❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

അമേരിക്കയിൽ നിന്നും വന്നതുമുതൽ നേരിൽ കാണണമെന്ന് പറഞ്ഞ് വിളിക്കുമായിരുന്നു പ്രിയ. ഇതേ സമയത്താണ് സിനിമയിൽ തന്നെ സെലക്ട് ചെയ്തതും ,തന്റെ ഉറ്റ കൂട്ടുകാരിയുടെ റോൾ അഭിനയിക്കാൻ പറ്റിയോരാളെ കിട്ടാതെ ഡയറക്ടർ രതീഷ് വിഷമിക്കുന്നതും.

” എന്താ ചെയ്യാ അനു… ബാക്കിയെല്ലാം ഒക്കെയാണ്.. പക്ഷേ ആ ഒരു ക്യാരക്ടർ മാത്രം എന്റെ മനസ്സിനിണങ്ങിയത് കിട്ടുന്നില്ലെടോ..”

” ഈ ഓഡിഷനും ശരിയായില്ലേ സാർ…”

” ഇല്ലെടോ… ഇഷ്ടംപോലെ പെൺകുട്ടികളുണ്ട്.. പക്ഷേ നിന്റെ ഉത്തമ സുഹൃത്ത് ആകുമ്പോൾ നിന്നെപ്പോലെ തന്നെ ശാലീനത ഉള്ള ഒരു ശാന്ത സ്വഭാവക്കാരിയും നിന്നോട് എല്ലാം കൊണ്ടും ഒത്തു പോകുന്നവളും ആയിരിക്കണ്ടെ.. നിന്നോട് അഡ്ജസ്റ്റ് ആവണ്ടേ.. അങ്ങനെയൊരാളെ ഇപ്പോൾ ഇനി എവിടുന്ന് കണ്ടുപിടിക്കാൻ… ”

” സാർ എന്നാൽ ഞാൻ ഒരു സജഷൻ പറയട്ടെ..അവളെന്റെ ബെസ്റ്റ് ഫ്രണ്ടാണ്.. ഒരുകാലത്ത് അഭിനയം സിനിമ ഒക്കെ തലക്ക് പിടിച്ച് കുറച്ചുനാൾ നടന്നിരുന്നു.. ഞങ്ങളുടെ കോളേജിലെ ചില ഷോർട്ട് ഫിലിംസ് അവൾ അഭിനയിച്ചിട്ടുമുണ്ട്…”

” ഓ.. ഗോഡ്.. !!! നാളെ എന്നാൽ അവളോട് ഒന്ന് വരാൻ പറയു..ഞാൻ ഒന്ന് നോക്കട്ടെ.. ”

അവളുടെ ഷോർട്ട് ഫിലിം ഒക്കെ കണ്ടപ്പോൾ രതീഷ് സാറിന് തൃപ്തി ആയിരുന്നു.

” പിന്നെ നാളെ അവളുടെ കൂടെ താൻ കൂടെ പോന്നോളു ട്ടോ.. നാളെ നായകനും വരുന്നുണ്ട്.. താൻ ഇതുവരെ നായകനെ കണ്ടിട്ടില്ലല്ലോ.. ഒരുമിച്ച് അഭിനയിക്കേണ്ടത് അല്ലേ.. ഒന്നു പരിചയപ്പെട്ടു വെക്കുന്നത് നല്ലതാ..”

” ശെരി സർ ”

പിറ്റേന്ന് പ്രിയയെ കണ്ടപ്പോൾ തന്നെ രതീഷ് സാറിന്റെ കണ്ണുകൾ വിടർന്നു..

” യൂ ലുക് സൊ ബ്യൂട്ടിഫുൾ… എന്റെ കോൺസെപ്റ് പോലെ തന്നെ… ”

ആദ്യമായി പ്രിയയുടെ കണ്ണിൽ നോക്കി അദ്ദേഹം പറഞ്ഞ വാക്കായിരുന്നു.

” എന്താ സർ ” പ്രിയ അമ്പരന്നു.. ”

“അല്ല എന്റെ കാരക്ടർ കോൺസെപ്റ് പോലെ തന്നെ എന്നാ ഉദേശിച്ചേ… ”
ഒന്ന് ചമ്മി വീണ്ടും അവളെ കണ്ണെടുക്കാതെ നോക്കിയാണ് അദ്ദേഹം അത് പറഞ്ഞത്
അന്തംവിട്ട് പരസ്പരം കണ്ണിൽ നോക്കി സ്വയം മറന്നു നിൽക്കുന്ന അവരെ താനാണ് വീണ്ടും ബോധത്തിലേക്ക് കൊണ്ടുവന്നത്. അന്ന് മുഴുവൻ രതീഷ് സാറിന്റെ കണ്ണുകൾ അവളുടെ മുഖത്ത് തന്നെയായിരുന്നു. ഓരോ പ്രാവിശ്യം നേരെ വരുമ്പോഴും അവരുടെ കണ്ണുകൾ പരസ്പരം ഉടക്കുന്നത് അനു കണ്ടു.

” അനു വരു… തന്റെ നായകൻ എത്തിയിട്ടുണ്ട്.. പരിചയപ്പെടുത്തി തരാം. ”

പറഞ്ഞത് അനുവിനോട് ആണെങ്കിലും കണ്ണുകൾ മുഴുവൻ പ്രിയയുടെ മുഖത്ത് ആയിരുന്നു. അവളാണെങ്കിൽ നാണംകൊണ്ട് താഴോട്ടു നോക്കി നിൽക്കുകയായിരുന്നു.

ദൈവമേ ഒരു ദിവസം കൊണ്ട് ഒരാൾക്ക് ഇങ്ങനെയൊക്കെ പ്രണയിക്കാൻ പറ്റുമോ.. അതും ഏതെലും പയ്യൻ രണ്ട് നിമിഷം ഒന്ന് നേരെ നോക്കിയാൽ അപ്പോൾ ദേഷ്യം കൊണ്ട് വിറക്കുന്ന പ്രിയയെ പോലുള്ളവർക്കൊക്കെ…
അല്ലേലും പ്രണയം അങ്ങനെയൊക്കെ തന്നെയാണല്ലോ.. മനുഷ്യ മനസ്സിനെ വല്ലാതെ സ്വാധീനിക്കുന്ന മനസ്സിന്റെ ഗതിയും രൂപവും പോലും നിമിഷനേരംകൊണ്ട് മാറ്റാൻ കഴിയുന്ന… ഒരേസമയം ഗുൽമോഹർ പോലെ പൂത്തുലയാനും… കാട്ടുതീപോലെ ചുട്ടെരിക്കാനും കഴിവുള്ള ഒരു വികാരം… എല്ലാം താൻ അനുഭവിച്ച കഴിഞ്ഞതാണല്ലോ…

നടന്ന് ആ ഷൂട്ടിംഗ് സൈറ്റ്ന്റെ മറുവശത്ത് എത്തിയപ്പോഴാണ് രതീഷ് സാർ പറയുന്നത്.

“ദേ… ആ നിൽക്കുന്നതാണ് ജീവൻ.. നായകനാണ് ട്ടോ. നന്നായി പരിചയപ്പെട്ട് വച്ചോളൂ എന്നാലേ ചിലതൊക്കെ വർക്ക് ഔട്ട് ആകു..”
രതീഷ് ഒരു കള്ള ചിരിയോടെ പറഞ്ഞു. അവിടെ 2 പേരോട് തിരിഞ്ഞു നിന്നു സംസാരിക്കുന്ന നേവി ബ്ലൂ ഷർട്ടും ജീൻപാന്റും ഇട്ട ഒരു ചെറുപ്പക്കാരൻ ഇതേ സമയത്തായിരുന്നു തിരിഞ്ഞു നോക്കിയത്…

❣️ തുടരും ❣️

ജീവരാധ: ഭാഗം 1