Wednesday, January 22, 2025
Novel

ജീവാംശമായ് : ഭാഗം 20

നോവൽ
എഴുത്തുകാരി: അഗ്നി


അന്ന് അച്ചാച്ചനെ അടക്കിയ ദിവസം…ആ സമയം ഞാൻ ഒരു സ്വപ്നം കണ്ട് കണ്ണുകളെ തുറന്നെങ്കിലും പൂര്ണമായൊരു ബോധം തെളിഞ്ഞത് പിറ്റേ ദിവസമായിരുന്നു…

ഐ.സി.യു വിനകത്ത് കിടന്ന ഞാൻ ആദ്യം അന്വേഷിച്ചതും മന്വച്ചാച്ചനെ തന്നെ ആയിരുന്നു…അത് നേരത്തെ തന്നെ മുന്നിൽ കണ്ടതുകൊണ്ടാകാം നേരത്തെ പഠിച്ചു വച്ച നുണ എല്ലാവരും ഒരുപോലെ ഉരുവിട്ടത്….

അച്ചാച്ചൻ വേറെ ഐസിയുവിൽ ആണെന്നും എന്റെ ഹാർട്ടിന് ഒരു ബ്ലോക്ക് ഉണ്ടായതുകൊണ്ട് അതിന്റെ സർജറി കഴിഞ്ഞിരിക്കുന്നതിനാൽ അച്ചാച്ചനെ കാണുവാൻ കഴിയുകയില്ലെന്നും എല്ലാവരും പറഞ്ഞു…

എങ്കിലും എന്റെ ചുറ്റും അച്ചാച്ചന്റെ സാന്നിധ്യം ഉള്ളതുപോലെ എനിക്ക് തോന്നിയിരുന്നു….

“എന്റെ പ്രിയേ എഴുന്നേൽക്ക….
എന്റെ സുന്ദരീ വരിക….

ശീതകാലം കഴിഞ്ഞു…മഴയും മാറിപ്പോയല്ലോ….
പുഷ്പ്പങ്ങൾ ഭൂമിയിൽ കാണായ്‌വരുന്നു..

വള്ളിത്തല മുറിക്കും കാലം വന്നിരിക്കുന്നു..
കുറുപ്രാവിന്റെ ശബ്ദവും നമ്മുടെ നാട്ടിൽ കേൾക്കുന്നു..

അത്തിക്കായ്കൾ പഴുക്കുന്നു…
മുന്തിരിവള്ളി പൂത്ത് സുഗന്ധം വീശുന്നു..
എന്റെ പ്രിയേ എഴുന്നേൽക്ക…
എൻറെ സുന്ദരീ വരിക…

പാറയുടെ പിളർപ്പിലും കടുന്തൂക്കിന്റെ മറവിലും ഇരിക്കുന്ന എന്റെ പ്രാവേ..
ഞാൻ നിന്റെ മുഖം ഒന്ന് കാണട്ടെ…
നിന്റെ സ്വരം ഒന്ന് കേൾക്കട്ടെ…..”

കണ്ണുകൾ അടച്ചാൽ മനു തന്നോട് ഉത്തമഗീതത്തിലെ ഈ വചനങ്ങൾ പ്രസ്താവിക്കുന്നതായി അവൾക്ക് തോന്നി….

മനുവിനെ ഓർക്കുമ്പോഴെല്ലാം അവളുടെ ഹൃദയതാളം മുറുകി…താൻ അവളോട് കൂടെ തന്നെ ഉണ്ടെന്ന് അവൻ പറയാതെ പറഞ്ഞു….

എങ്കിലും തന്നിൽ മിടിക്കുന്ന ഹൃദയത്തിലാണ് തന്റെ അച്ചാച്ചൻ എന്നവൾ തിരിച്ചറിഞ്ഞിരുന്നില്ല…..അവൾ അവന്റെ സാന്നിധ്യം അറിഞ്ഞെന്നോണം മുറിയിൽ കണ്ണുകളോടിച്ചുകൊണ്ടിരുന്നു….

മൂനാഴ്ചകൾക്ക് ശേഷം അവൾ ആശുപത്രി വിട്ടു…ഒരിക്കൽ പോലും മനു അവളെ തേടി വരുകയോ അല്ലെങ്കിൽ ഫോണിൽ കൂടെയോ സംസാരിക്കുവാൻ ശ്രമിച്ചില്ല എന്നുള്ളത് അവളെ വേദനിപ്പിച്ചിരുന്നു…

“അമ്മാ….”
ആശുപത്രിയിൽ നിന്ന് ഇറങ്ങാൻ നേരം നിലാ ത്രേസ്യയെ നോക്കി വിളിച്ചു…

“എന്താടാ മോളെ…”

“അത് ‘അമ്മാ….ഇതുവരെയായിട്ടും മന്വച്ചാച്ചനെ ഞാൻ കണ്ടതെയില്ലല്ലോ…എന്നെ ഒന്ന് അന്വേഷിച്ചതുമില്ല…എനിക്ക് ഒന്ന് കാണണം….

അച്ചാച്ചൻ എവിടെയാ…അച്ചാച്ചൻ ഒഴികെ എല്ലാവരും ഇവിടെ ഉണ്ടല്ലോ….അന്ന് അച്ചാച്ചന് ആക്സിഡന്റ് പറ്റിയതിന് ശേഷം എന്നതാ സംഭവിച്ചത് എന്നൊന്ന് പറയാവോ…”

അവൾ കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു….

ത്രേസ്യായുടെ കണ്ണുകൾ നിറയുവാൻ തുടങ്ങിയതും മാത്യൂസും സച്ചുവും ഓടിവന്ന് അവസരോചിതമായി ഇടപെട്ടു…

“എടി പെണ്ണേ..ഒന്നാമത് വയ്യാതെ ഇരിക്കുവാ..അതിനിടയിലാ…

നമ്മൾ ദേ ഇപ്പോൾ പോകുന്നത് നിന്റെ മനൂട്ടനെ കാണുവാനാ…കേട്ടോ…”
മാത്യൂസ് അവളോട് പറഞ്ഞു…

“ഇനി എന്റെ ചേച്ചികുട്ടി മര്യാദയ്ക്ക് ചിരിച്ചേ…”
സച്ചു അവളുടെ കവിളിൽ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു….

അവൾ ഒരു ചിരിയോടെ മുന്നിലേക്ക് നടന്നു…അവളുടെ പോക്ക് കണ്ട് കണ്ണുനീർ വാർത്ത സച്ചുവിനെ മാത്യൂസ് ആശ്വസിപ്പിച്ചു…

“മാത്യൂച്ചായാ…. അവള്… അവളെന്റെ കൂടപ്പിറപ്പല്ലേ…അവൾ എങ്ങാനും സത്യങ്ങൾ അറിഞ്ഞാൽ….

എനിക്ക്..എനിക്ക് സത്യമായിട്ടും ആലോചിക്കാൻ കൂടെ മേലാ…

തന്റെ പ്രാണന്റെ പാതിയും തന്നിൽ ഉരുത്തിരിഞ്ഞ ജീവനും…രണ്ടും അവൾക്ക് നഷ്ടമായി എന്നറിഞ്ഞാൽ…

ഇപ്പോഴും അവളുടെ ഉദരത്തിൽ ഒരു തുടിപ്പുണ്ടെന്നാണ് അവൾ വിശ്വസിച്ചിരിക്കുന്നത്….അത് അമ്മിയോടവൾ ഇന്നലെ പറയുകയും ചെയ്തു…പക്ഷെ പെട്ടന്നൊരു നിമിഷം….”

അവൻ മാത്യൂസിന്റെ തോളിലേക്ക് ചാഞ്ഞു വീണു പൊട്ടിക്കരഞ്ഞു…

നിലാ തോമസും ആന്റണിയും ത്രേസ്യയും അരുന്ധതിയും കയറിയ വണ്ടിയിൽ പോയതിനാൽ തന്നെ ഇതൊന്നും അറിഞ്ഞിരുന്നില്ല…

ഇതേസമയം അവളുടെ കൂടെ പോയവരുടെയും മനസ്സിലെ ചിന്ത ഇത് തന്നെ ആയിരുന്നു…എന്ത് എങ്ങനെ പറയും…അവളുടെ പ്രതികരണം എന്താകും എന്നെല്ലാം അവർ ഭയപ്പെട്ടു….

നിലാ സഞ്ചരിച്ചിരുന്ന വണ്ടി വന്ന് നിന്നത് സെയിന്റ് ജോസഫ് ചർച്ച്‌ എന്നൊരു ബോർഡിന് മുന്നിലായിരുന്നു….

ഒത്തിരി വലുതും എന്നാൽ ചെറുതുമല്ലാത്ത ഒരു പള്ളി…തങ്ങൾ നിരന്തരം പൊയ്ക്കൊണ്ടിരുന്ന പള്ളി…

നിലാ ഒന്ന് സംശയിച്ചെങ്കിലും അവരോട് കൂടെ ഇറങ്ങി…ഓപ്പറേഷൻ കൂടെ കഴിഞ്ഞതുകൊണ്ട് ഒന്ന് പ്രാർത്ഥിച്ചിട്ട് പോകുവാനായിരിക്കും എന്നവൾ കരുതി…

എന്നാൽ അവിടെ ഇറങ്ങിയത് മുതൽ അവളുടെ മനസ്സിന് വല്ലാത്ത ഭാരവും അതേ സമയം തന്നെ തന്റെ അച്ചാച്ചൻ തനിക്ക് അടുത്തുള്ളതായും തോന്നി…അവിടെ വീശിയിരുന്ന ചെറുകാറ്റിന് മനുവിന്റെ ഗന്ധമായിരുന്നു…

“അമ്മാ…അതേ ഞാൻ ഒരു കാര്യം പറയട്ടെ….”
ഇത്രയും നേരം യാത്ര ചെയ്തതുകൊണ്ട് അവൾക്ക് ക്ഷീണം ഉണ്ടായിരുന്നു….എങ്കിലും അത് വകവയ്ക്കാതെ അവൾ എന്തോ പറയുവാൻ തുടങ്ങിയപ്പോഴേക്കും സച്ചു അവളെ പിടിച്ചൊരു വീൽ ചെയറിലേക്കിരുത്തി…

എന്താ സംഭവം എന്ന് മനസ്സിലാക്കുന്നതിന് മുന്നേ തന്നെ അവൻ അത് ഉരുട്ടിയിരുന്നു…

അവൾ അവന്റെ മുഖത്തേയ്ക്ക് നോക്കി…

“അതേ…നിനക്ക് ഈ സ്റ്റെപ്പൊന്നും കയറാൻ പറ്റില്ല…പുറത്തേക്കിറങ്ങാൻ പോലും പാടില്ല കുറച്ചു നാളത്തേക്ക്….

വീട്ടിൽ നിന്നും ആശുപത്രി..ആശുപത്രിയിൽ നിന്നും വീട്….ഇതാണ് നിനക്ക് അനുവദിച്ചിരിക്കുന്ന യാത്ര….

അയ്യോ നീ മാസ്‌ക്ക് ഇട്ടില്ലല്ലോ….ദാ ഇത് പിടിച്ചേടി ചേച്ചി….”

സച്ചു നിലായുടെ മനസ്സിലെ ചോദ്യത്തിന്റെ ഉത്തരം പറഞ്ഞുകൊണ്ട് മാസ്‌ക്ക് അവൾക്ക് കൊടുത്തു…അവൾ ഒരു ചിരിയോടെ അത് വച്ചു…

മുകളിൽ ചെന്നപ്പോൾ അവിടെ ആ പള്ളിയിലെ വികാരി സെബാസ്റ്റ്യൻ കുളത്തൂപ്പുഴ ഉണ്ടായിരുന്നു…അദ്ദേഹം മലയാളി ആയിരുന്നു…

“നീലുമോളെ….ഇപ്പോൾ ആളൊന്ന് ഉഷാറായല്ലോ….”

അവൾ ഒന്ന് ചിരിച്ചു….
“അതേ അച്ചാ… ഞാൻ ഇപ്പൊ അൽപ്പം ഉഷാറിലാ….കാരണം എന്റെ മന്വച്ചാച്ചന്റെ സാന്നിധ്യം എനിക്കിവിടെ അറിയാൻ കഴിയുന്നുണ്ട്….ദേ ഈ കാറ്റിന് വരെ എന്റെ മനൂട്ടന്റെ ഗന്ധമാണ്….”

അവളുടെ ഹൃദയം ക്രമാതീതമായി മടിച്ചു…ഞാൻ നിന്റെ കൂടെ എപ്പോഴും ഉണ്ടെന്ന് പറയാതെ പറയുന്നതുപോലെ …..

അവിടെ അവളുടെ കൂടെ വന്നവരെല്ലാം അച്ചനെ ദയനീയമായി നോക്കി…അയാൾ അവരെ കണ്ണടച്ചു കാണിച്ചു….

“അതേ..ഞാനും നീലുവും ഒന്ന് നടന്നിട്ട് വരാം കേട്ടോ…..”
അതും പറഞ്ഞുകൊണ്ട് അച്ചൻ അവളുടെ വീൽചെയർ ഉന്തിക്കൊണ്ട് പള്ളിയുടെ പിൻവശത്തേക്ക് പതിയെ നടന്നു….

അവർ പോകുന്നത് കണ്ടപ്പോൾ തന്നെ എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു…പ്രത്യേകിച്ച് ത്രേസ്യയുടെ…പെറ്റ വയറിന്റെ ദണ്ഡം….

* * * * * * * * * * * * * * * * * * * * * * * *
* * * * * * *****

പള്ളിയുടെ പിൻവശത്തേക്ക് പോകുന്ന വഴി ഒരു ചെറിയ പാർക്ക് ഉണ്ടായിരുന്നു…പള്ളിയിൽ വരുന്ന ചെറിയ കുട്ടികൾക്ക് വേണ്ടിയുള്ളതായിരുന്നു അത്…

അച്ചനും നീലുവും കൂടെ അവിടെയുള്ളൊരു കല്ല് ബെഞ്ചിൽ ഇരുന്നു….

“ഇതെന്നതാ അച്ചോ ഇവിടെ വന്നിരിക്കുന്നെ….”
നിലാ കളിയായി അച്ചനോട് ചോദിച്ചു….

“അത്…മോളെ..അച്ചൻ മോളോട് ഒരു പ്രധാനപ്പെട്ട കാര്യമാണ് പറയുവാൻ പോകുന്നത്…അത് മോള് അതിന്റെതായ രീതിയിൽ മനസ്സിലാക്കണം….”

“എന്താ അച്ചാ… കാര്യം പറയുന്നേ…”

“അത് മോളെ…നീ വാ..ഞാൻ പറയുന്നതിലും നല്ലത് നീ കാണുന്നതാണ്….”

അച്ചൻ അവളെയും കൊണ്ട് നേരെ പോയത് സെമിത്തേരിയിലേക്കാണ്…അവളുടെ ഹൃദയം മിടിച്ചുകൊണ്ടിരുന്നു….മനുവിന്റെ ഗന്ധം കുറച്ചുകൂടെ ശക്തമായതായി അവൾക്ക് തോന്നി..

അവൾ ചെന്ന് നിന്നത് കറുത്ത നിറമുള്ള ഗ്രാനൈറ്റിനാൽ മറച്ചിരിക്കുന്ന ഒരു കല്ലറയ്ക്ക് മുന്നിലാണ്….തലേ ദിവസം എലിസബത്ത് കൊണ്ടുവച്ച ചുവന്ന പനിനീർ പുഷ്പ്പങ്ങൾ അതിന്റെ മേലെ ഉണ്ടായിരുന്നു…

അവൾ പതിയെ ആ കല്ലറയിലേക്ക് ഉറ്റുനോക്കി…
Emmanuel Thomas
Birth: 23-05-1987
Death: 18-11-2016

അവളുടെ ശ്വാസം ഒന്ന് നിലച്ചുവോ…ഹൃദയമിടിപ്പ് അസാധാരണമായി ഉയർന്നുവോ….അറിയില്ല….

അവളുടെ കൈ അവളുടെ ഉദരത്തിലേക്ക് ചലിച്ചു….

“അച്ചോ…ഇത്…ഇത്….കള്ളമല്ലേ….”
അവൾ ആ കല്ലറയിലേക്ക് വിറയ്ക്കുന്ന കൈകൾ ചൂണ്ടിക്കൊണ്ട് ചോദിച്ചു…

“മോളെ…അല്ല….സത്യം മാത്രം…പിന്നെ അത് കൂടാതെ മോളുടെ കുഞ്ഞിനെയും അവൻ കൊണ്ടുപോയി….”

അവൾ തന്റെ ഇടത്തുകയ്യാൽ തന്റെ ഉദരത്തെ പിടിച്ചു…വലതുകൈ കൊണ്ട് കല്ലറയെ തഴുകി…

സങ്കടം സഹിക്കവയ്യാതെ ആയപ്പോൾ അവളുടെ കണ്ണിൽ നിന്നും നീർത്തുള്ളികൾ പുറത്തേയ്ക്ക് ചിതറി..

എന്നാലും ഈ വിഷമത്തിനിടയിലും തന്റെ ഹൃദയതാളം അവളെ ആശ്വസിപ്പിക്കുന്നതായി തോന്നിയവൾക്ക്..അവിടെ എവിടെയോ തന്റെ മനൂട്ടൻ ഉണ്ടെന്ന് പറയും പോലെ……

അവളുടെ കരച്ചിൽ കണ്ടുകൊണ്ടാണ് ബാക്കിയുള്ളവർ അങ്ങോട്ടേക്ക് വരുന്നത് തന്നെ…

അവൾ കരയുന്നത് കണ്ടതും ത്രേസ്യയും അരുന്ധതിയും ഓടിവന്ന് അവളുടെ ഇടത്തും വലത്തും ആയി നിന്നു…അവൾ രണ്ടു കൈകളാൽ ഇരുവരെയും ചുറ്റിപ്പിടിച്ചുകൊണ്ട് കരഞ്ഞു…

അവളെ ആരും തടഞ്ഞില്ല….കരഞ്ഞു തീർക്കട്ടെ എന്ന് തന്നെ കരുതി….

അരുന്ധതിയും.ത്രേസ്യയും തങ്ങളുടെ കണ്ണിൽ നിന്നും പുറത്തേക്കൊഴുകുവാൻ തുടങ്ങിയ നീർത്തുള്ളികളെ ശാസനയോടെ പിടിച്ചു നിറുത്തി…

“അച്ചാച്ചൻ….അച്ചാച്ചൻ…എങ്ങെനെയാ മരിച്ചത് അമ്മാ….”
അവൾ അടഞ്ഞ സ്വരത്തിൽ ചോദിച്ചു….

“മസ്തിഷ്ക മരണമായിരുന്നു മോളെ…”
അരുന്ധതി അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞൂ…

“അച്ചാച്ചന് വേദനിച്ചു കാണുവോ….പാവം അല്ലെ എന്റെ അച്ചാച്ചൻ….വീട്ടിൽ വച്ചു കൈ ഒക്കെ ചെറുതായി മുറിഞ്ഞാൽ തന്നെ എന്നെ വിളിച്ചു അടുത്തിരുത്തും…എന്നിട്ട് എന്നെക്കൊണ്ട് തന്നെ മരുന്ന് വയ്പ്പിക്കും….

എന്താ കാര്യം എന്ന് ചോദിക്കുമ്പോൾ പറയും ചെറിയ മുറിവാണെങ്കിലും വേദനയുണ്ട്…പക്ഷെ നീ കൂടെയുള്ളപ്പോൾ വേദനയില്ലാ എന്ന്….

ഞാൻ…എനിക്ക് ഒന്ന് കാണാൻ പോലും…”
അവൾ വിതുമ്പി….

“എനിക്ക് അവസാനമായി ഒന്ന് ചുംബിക്കുവാൻ പോലും കഴിഞ്ഞില്ലല്ലോ ….എന്റെ പ്രാണൻ അല്ലായിരുന്നോ….

ഞാൻ കൂടെ ഉണ്ടായിരുന്നെങ്കിൽ അച്ചാച്ചന് വേദനയെടുക്കില്ലായിരുന്നു….അച്ചാച്ചൻ പാവമാണ്… എന്നാലും…എന്നെ തനിച്ചാക്കി…..എനിക്ക് കഴിയില്ല അച്ചാച്ചൻ ഇല്ലാതെ….”
അവൾ പൊട്ടി പൊട്ടി കരഞ്ഞു….

“നിന്നെ തനിച്ചാക്കിയെന്ന് ആരാ മോളെ നിന്നോട് പറഞ്ഞത്….നീ തനിച്ചാകാതെയിരിക്കുവാൻ അവന്റെ ഹൃദയം തന്നെയല്ലേ നിനക്ക് തന്നത്….”

അവൾ നിറഞ്ഞ കണ്ണുകളോടെ ചോദ്യഭാവത്തിൽ അരുന്ധതിയെ നോക്കി…

“അമ്മി എന്താ ഈ പറയുന്നേ….”

“അതേ മോളെ…നിന്നിൽ മിടിക്കുന്ന ഹൃദയം….അത് ഞങ്ങളുടെ ഇമ്മൂട്ടന്റെയാണ്… നിന്റെ മനുവിന്റെ…അവന്റെ നിലായ്ക്കായി അവൻ നൽകിയ സമ്മാനമാണ്….”

അവളുടെ കൈകൾ അവൾ പോലും അറിയാതെ അവളുടെ ഇടനെഞ്ചിലേക്ക് പതിച്ചു….അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി….

“ഞാ…ഞാൻ അല്പനേരം അച്ചാച്ചന്റെ കൂടെ ഇരുന്നോട്ടെ…പ്ലീസ്….”
അവൾ നിറകണ്ണുകളോടെ അവിടെ നിന്നവരോട് അപേക്ഷിച്ചു..

അവർ സമ്മത ഭാവത്തിൽ സെമിത്തേരിയുടെ പുറത്തേയ്ക്കിറങ്ങി…

നിലാ പതിയെ അവളുടെ വീൽ ചെയറിൽ നിന്നും എഴുന്നേറ്റു….കല്ലറയുടെ മുകളിലേക്ക് കയറിയിരുന്നു…

അവിടെ ആലേഖനം ചെയ്തിരുന്ന മനുവിന്റെ ചിത്രത്തിനു മേലെ അവളുടെ കൈകൾ കൊണ്ട് തഴുകി…ചുംബനങ്ങൾ കൊണ്ട് മൂടി….

“എന്തിനാ…എന്തിനാ എന്നെ രക്ഷിച്ചത്….ഞാനും കൂടെ വരുവായിരുന്നില്ലേ….ഈ ഹൃദയം എന്നിൽ മടിച്ചു തുടങ്ങിയത് എന്തിനാ അച്ചാച്ചാ…

നമുക്ക് ഒന്നിച്ചു പോകാമായിരുന്നല്ലോ…ഞാൻ..ഞാനിപ്പോ..എങ്ങനെ…അച്ചാച്ചൻ ഇല്ലാതെ…

അച്ചാച്ചൻ അറിഞ്ഞിരുന്നോ….നമ്മൾ ഒരു അപ്പനും അമ്മയുമാകാൻ പോകുകയായിരുന്നു…പക്ഷെ അച്ചാച്ചന്റെ ഹൃദയം എനിക്ക് തന്നപ്പോൾ പകരം നമ്മുടെ കുഞ്ഞിനെ അങ്ങെടുത്തു അല്ലെ…

എന്നെ കൂടെ കൊണ്ടുപോകാൻ മേലായിരുന്നോ…എങ്കിൽ നമ്മൾ മൂന്നുപേരും ഒന്നിച്ചിരുന്നേനെ…”
അവൾ പൊട്ടിക്കരഞ്ഞു…

അവളെ ആശ്വസിപ്പിക്കാനെന്നോണം അവിടെ എത്തി ശക്തമായ ഒരു മഴ പെയ്തു….അവൾ ആ മഴ നനഞ്ഞു…അവിടെത്തന്നെ…അവന്റെ കല്ലറയ്ക്ക് മുകളിൽ തന്നെ കിടന്നു…

മഴ കണ്ട് അവളെ അന്വേഷിച്ചു വന്ന ആന്റണിയും തോമസും സച്ചുവും കാണുന്നത് മഴയും നനഞ്ഞു മനുവിന്റെ കല്ലറയുടെ മുകളിൽ പതം പറഞ്ഞു കിടക്കുന്ന നിലായെയാണ്….

അവർ അവളെ എഴുന്നേല്പിക്കാൻ നോക്കിയെങ്കിലും അവൾ അവിടെത്തന്നെ അള്ളിപ്പിടിച്ചിരുന്നു…

അവളെ അവർ ബലമായി ഉയർത്തിയതും വാടിയ ചേമ്പിൻ തണ്ട് കണക്കെ അവൾ അവരുടെ മേലേക്ക് കുഴഞ്ഞു വീണിരുന്നു….

അവർ വേഗം അവളെ താങ്ങിയെടുത്ത് അപ്പോളോയിലേക്ക് തന്നെ തിരിച്ചു…അരുന്ധതി ജെയ്സനെ വിളിച്ചു കാര്യം പറഞ്ഞതിനാൽ അവൾ വന്നപ്പോൾ തന്നെ എല്ലാം സജ്ജീകരിച്ചു വച്ചിരുന്നു…

അവളെ നേരെ ഐ.സി.യു വിലേക്ക് മാറ്റി..
ജെയ്സനും കൂടെ ചെന്നിരുന്നു…

“പേടിക്കേണ്ട…കുഴപ്പം ഒന്നുമില്ല..പെട്ടന്ന് ഇമ്മാനുവേൽ മരിച്ചതറിഞ്ഞ ഒരു ഷോക്ക് ആണ്…എന്നാലും ഒരു ദിവസം അവിടെ കിടക്കട്ടെ…വേറെ അസുഖം ഒന്നും വരാതെയിരിക്കുവാനാണ് കേട്ടോ…”
ജെയ്സന്റെ വാക്കുകൾ കേട്ടപ്പോഴാണ് അവിടെ ഉള്ളവർക്ക് ആശ്വാസമായത്….

* * * * * * * * * * * * * * * * * * * * * * * *
* * * * * * *****

രണ്ട് ദിവസങ്ങൾക്ക് ശേഷം അവളെ ഡിസ്ചാർജ് ചെയ്തു….അവൾക്ക് അരുന്ധതിയുടെ വീട്ടിലേക്ക് വന്നാൽ മതി എന്ന് പറഞ്ഞതിനാൽ അവിടേയ്ക്കാണ് നേരെ പോയത്…

താൻ മൂടിക്കെട്ടിയിരുന്നാൽ ഇപ്പോൾ ഉള്ള സങ്കടത്തിന് മേലെ എല്ലാവർക്കും സങ്കടമാകുമെന്ന് മനസിലാക്കിയ നിലാ പതിയെ സന്തോഷത്തിന്റെ മൂടുപടം എടുത്തണിഞ്ഞു…

എങ്കിലും മനുവിന്റെ ഓർമ്മകൾ ഉറങ്ങുന്ന അവരിടെ സ്വർഗ്ഗമായിരുന്ന ഫ്‌ളാറ്റിലേക്ക് അവൾ പോയിരുന്നില്ല…കാരണം അവിടെയുള്ള ഓരോ വസ്തുക്കളും മനുവിനെ ഓർമ്മിപ്പിക്കും എന്നുള്ളതിനാൽ തന്നെ…

ഒരു മാസം നിലായുടെയും അരുന്ധതിയുടെയും കൂടെ നിന്ന ശേഷം ത്രേസ്യ തിരികെ പോയി…അവർക്കാകുവോളം അവർ നീലുവിനോട് നാട്ടിലേക്ക് വരുവാൻ പറഞ്ഞെങ്കിലും അവൾ അത് വിസമ്മതിച്ചു….

രണ്ട് മാസങ്ങൾ കടന്നുപോയി….നിലായുടെ കൂടെ നിൽക്കുവാനായി അരുന്ധതി ഒരു സ്ത്രീയെക്കൂടെ ഏർപ്പാടാക്കിയിരുന്നു… കാരണം അരുന്ധതി ആശുപത്രിയിൽ പോകുമ്പോൾ അവൾ തനിച്ചാകരുതല്ലോ…

മനുവിന്റെ ഓർമ്മയായി അന്ന് ഗോവയിൽ വച്ചെടുത്ത ഒരു ഫോട്ടോ അവൾ അവളുടെ മുറിയിൽ സൂക്ഷിച്ചു….കഴിയുമ്പോൾ എല്ലാം അവൾ അതിനോട് താനെ വിശേഷങ്ങൾ പങ്കുവയ്ക്കും….

അങ്ങനെയാണ് അവൾ ആ തീരുമാനത്തിൽ എത്തിയത്…മനുവിന്റെ ആഗ്രഹം സാധിപ്പിക്കണം എന്നുള്ള തീരുമാനം…

പിജിയുടെ റിസൾട് എല്ലാം നന്നായി ഇരുന്നു…അങ്ങനെ അവസാനം അവൾ മനുവിന്റെ ആഗ്രഹം പോലെ ചാർട്ടേർഡ് അക്കൗണ്ടൻസി ഇന്റര്മീഡിയേറ്റിന് അപേക്ഷിച്ചു….വീട്ടിൽ ഇരുന്ന് തന്നെ പഠിക്കുവാൻ തീരുമാനിച്ചു…

ബുക്ക് കിട്ടുവാൻ താമസിക്കും എന്നതിനാൽ ബുക്ക് ഡൗണ്ലോഡ്‌ ചെയ്ത് അവൾ പഠിക്കുവാൻ തുടങ്ങി…

പഠിച്ചു മടുക്കുമ്പോഴെല്ലാം അവൾ മനുവും താനും ചേർന്ന് നിൽക്കുന്ന ഫോട്ടോ നോക്കും…മനുവിനെ കാണുമ്പോൾ വീണ്ടും പഠിക്കുവാൻ തോന്നും….

അങ്ങനെ ദിവസങ്ങൾ മാസങ്ങളായി പരിണമിച്ചുകൊണ്ടിരുന്നു…..നിലാ പഠിത്തത്തിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു…എന്തിനും കൂട്ടായി എല്ലാവരും അവൾക്ക് ചുറ്റും ഉണ്ടായിരുന്നു…..

അങ്ങനെ അവൾ കാത്തിരുന്ന നവംബർ മാസം വന്നെത്തി….ജയിക്കണം എന്ന അതിയായ വാശിയോടെ അവൾ പഠിച്ചതിനാൽ തന്നെ പരീക്ഷ നന്നായി എഴുതുവാൻ തന്നെ കഴിഞ്ഞു…

പരീക്ഷ കഴിഞ്ഞ ദിവസവും മനുവിന്റെ മരണ ദിനവും അവരുടെ വിവാഹ വാർഷിക ദിനവും.ഒന്നായിരുന്നു….നവംബർ പതിനെട്ടാം തീയതി…

അന്നത്തെ പരീക്ഷ കഴിഞ്ഞവൾ നേരെ പള്ളിയിലേക്കാണ് ചെന്നത്….അവൾ മനുവിന്റെ കൂടെ അൽപസമയം ചിലവഴിച്ചു….എന്നിട്ട് തിരികെ വീട്ടിലേക്ക് പോയി…..

വീട്ടിലെത്തിയപ്പോൾ കണ്ടു പതിവില്ലാതെ എല്ലാവരും…നാട്ടിൽ നിന്നും അപ്പയും അമ്മയും സച്ചുവും പിന്നെ പപ്പയും ഇച്ചേച്ചിയും ചേട്ടായിയും അമ്മിയും എല്ലാവരും ഉണ്ടായിരുന്നു…

പരീക്ഷയെക്കുറിച്ചെല്ലാം അവർ സംസാരിച്ചു…..അന്നവർ എല്ലാവരും അവിടെ തന്നെ താമസിക്കുവാൻ തീരുമാനിച്ചു….

* * * * * * * * * * * * * * * * * * * * * * * *
* * * * * * *****

രാത്രിയിൽ ഭക്ഷണ ശേഷം അവർ എല്ലാവരും ഒന്നിച്ചിരുന്ന് വർത്തമാനം പറയുകയായിരുന്നു…

എങ്കിലും അവരുടെ വർത്തമാനത്തിൽ എന്തോ ഒരു പ്രശ്നം നിലായ്ക്ക് തോന്നിയിരുന്നുവെങ്കിലും അവൾ അത് കാര്യമാക്കിയില്ല….

“മോളെ…..”
പെട്ടന്നാണ് ആന്റണി അവളെ വിളിച്ചത്…

“എന്താ അപ്പാ…..”

“അത് മോളെ..ഞങ്ങൾക്കെല്ലാവർക്കും മോളോട് ഒരു കാര്യം പറയുവാനുണ്ടായിരുന്നു…”

“അതിന്.എന്നാത്തിനാ അപ്പാ ഒരു മുഖവുര…ധൈര്യമായി പറയുന്നേ…”

“അത് മോളെ…ഞങ്ങൾ എല്ലാവരും കൂടെ കൂട്ടായി തീരുമാനിച്ചതാണ്…എല്ലാവർക്കും അത് തന്നെയാണ് അഭിപ്രായവും….

മറ്റൊന്നുമല്ല…നീ എത്ര നാളാണെന്ന് വച്ചാണ് തനിയെ ഇങ്ങനെ….മറ്റൊരു ജീവിതത്തെക്കുറിച്ചു ചിന്തിച്ചുകൂടെ…മോളൊന്ന് ആലോചിക്ക്…

ഡോക്ടർ ജെയ്സൻ ഒരു പ്രൊപ്പോസൽ വച്ചിരുന്നു….അതാണ്…

എന്തായാലും മോളൊന്ന് ചിന്തിച്ചിട്ട് ഉത്തരം പറഞ്ഞാൽ മതി…”

“അപ്പാ…അമ്മാ…പപ്പാ…അമ്മി..ഇച്ചേച്ചി…ചേട്ടായി…സച്ചു…..

നിങ്ങൾ എല്ലാവരും കേൾക്കുവാൻ വേണ്ടി ഞാൻ ഒരു കാര്യം പറയുകയാണ്….
എങ്ങനെ ചിന്തിച്ചാലും എത്ര ചിന്തിച്ചാലും എനിക്ക് എന്റെ മനൂട്ടനെ മാറ്റി മറ്റൊരാളെ ഈ ഹൃദയത്തിൽ പ്രതിഷ്ഠിക്കാൻ കഴിയില്ല…കാരണം എന്റെ ഉള്ളിൽ ഉള്ളത് മനൂട്ടനാണ്….

എന്റെ ജീവനും ജീവിതവും എല്ലാം എന്റെ അച്ചാച്ചന് ഉള്ളതാണ്….എനിക്ക് ഒരു ഭർത്താവേയുള്ളു.. അത് ഡോക്ടർ ഇമ്മാനുവേലാണ്…

അതുകൊണ്ട് തന്നെ ഞാൻ ഒരിക്കലും തനിച്ചാകില്ല…അത് മാത്രമല്ല..എനിക്ക് ഇനിയും കൂട്ടായി എന്റെ മനൂട്ടന്റെ…എന്റെയും എന്റെ ആചാച്ചന്റെയും കുഞ്ഞുങ്ങൾ ഉണ്ടാകും…

എന്റെ ആരോഗ്യം പൂർണമായും വീണ്ടെടുത്താൽ എന്റെ കുഞ്ഞിനെ ഞാൻ തന്നെ പ്രസവിക്കും….”

അവൾ നല്ല ചങ്കുറപ്പോടെ പറഞ്ഞു നിറുത്തി…

“മോളെ..നീ എന്താ ഈ പറയുന്നത്….”
ആന്റണി ചോദിച്ചു…

അരുന്ധതിയ്ക്കും എലിസബത്തിനും ചെറിയൊരു ഊഹം ലഭിച്ചിരുന്നു…

“അതേ അപ്പാ …ഒരു സത്യം മാത്രം….”
അവൾ പറഞ്ഞു തുടങ്ങി…

അപ്പോളോ ആശുപത്രിയിൽ ഐ.വി.എഫ് തുടങ്ങിയപ്പോൾ അവിടെയുള്ള ഡോക്ടർമാർക്ക് വേണമെങ്കിൽ ഫ്രീ ആയി അവരുടെയും ഭാര്യയുടെയും സാമ്പിളുകൾ സൂക്ഷിക്കുവാനുള്ള അനുമതി നൽകിയിരുന്നു…

അന്ന് അച്ചാച്ചന്റെ നിർബന്ധത്തിന് വഴങ്ങി ഞങ്ങളുടെയും സാമ്പിൾ അവിടെ സൂക്ഷിച്ചിരുന്നു….

അച്ചാച്ചൻ പറയുമായിരുന്നു….മൂന്ന് കുഞ്ഞുങ്ങൾ വേണമെന്ന്…അതിൽ മൂന്നാമത്തേത് അവിടെ സൂക്ഷിച്ചിരുക്കുന്ന കുഞ്ഞാകണമെന്നും….

അങ്ങനെ ഒരു സാധ്യത ഉള്ളപ്പോൾ ഞാൻ എങ്ങനെ തനിയെ ആകും…എനിക്ക് കൂട്ടായി നിങ്ങളുണ്ട്…പിന്നെ കുറച്ചു നാളുകൾക്ക് ശേഷം എന്റെ കുഞ്ഞും…..”

അവൾ പറഞ്ഞു നിറുത്തി…അവളുടെ കണ്ണുകൾ നിറഞ്ഞത് അവർ കാണുവാതിരിക്കുവാനായി അവൾ തിരിഞ്ഞു നിന്നു…

“എന്നാലും മോളെ….”
ആന്റണി ഉത്കണ്ഠയോടെ അവളുടെ തോളിൽ പിടിച്ചു…

“ഒരു എന്നാലും ഇല്ല അപ്പാ…എന്തായാലും എന്റെ റിസൾട്ട് വന്നിട്ട് തത്കാലം ഞാനൊരു ജോലിയ്ക്ക് കയറുവാൻ പോകുകയാ…
ഡിഗ്രിയും പിജിയും കൂടെ സി.എ ഇന്ററും ഉണ്ടെങ്കിൽ നല്ല സാലറിയുള്ള ജോലി കിട്ടും…അധികം പ്രഷരില്ലാതെ കുറച്ചു നാൾ ജോലി ചെയ്തതിന് ശേഷം എന്റെ ആരോഗ്യത്തിനനുസരിച്ചു നമുക്ക് ബാക്കി നോക്കാം എന്നെ….”

ആ സംസാരം അവർ അവിടെ വച്ചു അവസാനിപ്പിച്ചു…

* * * * * * * * * * * * * * * * * * * * * * * *
* * * * * * *****

ദിവസങ്ങൾ വീണ്ടും കടന്നുപോയി…നിലായുടെ റിസൾട്ട് വന്നു…ദൈവഭാഗ്യം ഉള്ളതിനാൽ അവൾ പഠിചതുപോലെ തന്നെ നല്ല മാർക്ക് ലഭിച്ചു പാസ്സായി…ഉടനെ തന്നെ നല്ലൊരു കമ്പനിയിൽ അവൾക്ക് ജോലി ലഭിച്ചു….

ആ ജോലി അവൾ തുടർന്നുകൊണ്ടിരുന്നു…കൂടാതെ എല്ലാ മാസവും ആശുപത്രിയിൽ പോയി ചെക്കപ്പും നടത്തിയിരുന്നു…

അങ്ങനെ അവളുടെ ആരോഗ്യം മെച്ചമായെന്നും അവൾക്ക് ഇനി ഒരു കുഞ്ഞിനെ വഹിക്കുവാനുള്ള പരിപൂർണ്ണ ശേഷിയുമുണ്ടെന്ന് മനസ്സിലായപ്പോൾ അവൾ തങ്ങളുടെ കുഞ്ഞിനെ ഉദരത്തിൽ പേറുവാൻ തീരുമാനിച്ചു…

അതിനായി അവൾ താൻ ഒരു വർഷത്തിലധികമായി പൊയ്ക്കൊണ്ടിരുന്ന ജോലി ഉപേക്ഷിച്ചു…

അപ്പോളോയിൽ തന്നെ അവൾ ഐ.വി.എഫ് വഴി ഗർഭ ധാരണം നടത്തി…അതിന് ശേഷം രണ്ടാഴ്ച കഴിഞ്ഞുള്ള ബ്ലഡ് ടെസ്റ്റിന് ശേഷം അവൾ നാട്ടിലേക്ക് തിരിച്ചു…

ത്രേസ്യായുടെ ആഗ്രഹപ്രകാരമായിരുന്നു അത്…അവർക്ക് അവളുടെ കൂടെ താമസിക്കുവാനുള്ള ആശ മൂലമായിരുന്നു അത്….

സച്ചുവും ആന്റണിയും വീട്ടിൽ ഉള്ളതിനാൽ ത്രേസ്യാക്ക് വീടുപേക്ഷിച്ചു പൊരുവാൻ കഴിയുകയില്ലായിരുന്നു…..

ചെന്നൈയിൽ നിന്നും എല്ലാവരും ചേർന്നാണ് അവളെ നാട്ടിലേക്കത്തിച്ചത് തന്നെ….അനിതാ ഡോക്ടറെ കണ്ട് സംസാരിച്ചു കഴിഞ്ഞ് അവർ രണ്ട് ദിവസത്തിന് ശേഷം തിരികെ പോയി..

ഗര്ഭപാത്രത്തിനും ഭ്രൂണത്തിനും നല്ല ആരോഗ്യം ഉള്ളതുകൊണ്ട് ജോലിയ്ക്ക് പോകുന്നതിനൊന്നും കുഴപ്പമില്ലെന്ന് ഡോക്ടർ പറഞ്ഞതിനാൽ അവൾ അവളുടെ എം.കോം യോഗ്യത വച്ചുള്ള ജോലിയ്ക്ക് കയറി കാരണം കുറച്ചുകൂടെ എളുപ്പമുള്ള ജോലി കിട്ടണമെങ്കിൽ അതാണ് നല്ലതെന്ന് എല്ലാവരും പറഞ്ഞു….

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

കുറച്ചു നാളുകൾക്ക് ശേഷം മന്വച്ചാച്ചന്റെ ആഗ്രഹം പോലെ എന്റെ ഉദരത്തിൽ മൂന്ന് ജീവൻ തുടിക്കുന്നുണ്ടെന്ന് ഞാൻ അറിഞ്ഞു….അന്ന് ഞാൻ അനുഭവിച്ച സന്തോഷം എങ്ങനെ വർണ്ണിക്കണമെന്ന് എനിക്കറിഞ്ഞുകൂടാ…

ഇങ്ങനെയാണ് ഞാൻ ഇവിടെ എത്തുന്നതും ജോലിയ്ക്ക് പോകുന്നതും കുഞ്ഞുങ്ങളെ പ്രസവിക്കുന്നതും….”

അവൾ പറഞ്ഞു നിറുത്തി….

(തുടരും….)

ജീവാംശമായ് : ഭാഗം 1

ജീവാംശമായ് : ഭാഗം 2

ജീവാംശമായ് : ഭാഗം 3

ജീവാംശമായ് : ഭാഗം 4

ജീവാംശമായ് : ഭാഗം 5

ജീവാംശമായ് : ഭാഗം 6

ജീവാംശമായ് : ഭാഗം 7

ജീവാംശമായ് : ഭാഗം 8

ജീവാംശമായ് : ഭാഗം 9

ജീവാംശമായ് : ഭാഗം 10

ജീവാംശമായ് : ഭാഗം 11

ജീവാംശമായ് : ഭാഗം 12

ജീവാംശമായ് : ഭാഗം 13

ജീവാംശമായ് : ഭാഗം 14

ജീവാംശമായ് : ഭാഗം 15

ജീവാംശമായ് : ഭാഗം 16

ജീവാംശമായ് : ഭാഗം 17

ജീവാംശമായ് : ഭാഗം 18

ജീവാംശമായ് : ഭാഗം 19