Friday, November 22, 2024
Novel

ജീവാംശമായ് : ഭാഗം 19

നോവൽ
എഴുത്തുകാരി: അഗ്നി


“എന്റെ പ്രിയേ എഴുന്നേൽക്ക….
എന്റെ സുന്ദരീ വരിക….

ശീതകാലം കഴിഞ്ഞു…മഴയും മാറിപ്പോയല്ലോ….
പുഷ്പ്പങ്ങൾ ഭൂമിയിൽ കാണായ്‌വരുന്നു..

വള്ളിത്തല മുറിക്കും കാലം വന്നിരിക്കുന്നു..
കുറുപ്രാവിന്റെ ശബ്ദവും നമ്മുടെ നാട്ടിൽ കേൾക്കുന്നു..

അത്തിക്കായ്കൾ പഴുക്കുന്നു…
മുന്തിരിവള്ളി പൂത്ത് സുഗന്ധം വീശുന്നു..
എന്റെ പ്രിയേ എഴുന്നേൽക്ക…
എൻറെ സുന്ദരീ വരിക…

പാറയുടെ പിളർപ്പിലും കടുന്തൂക്കിന്റെ മറവിലും ഇരിക്കുന്ന എന്റെ പ്രാവേ..
ഞാൻ നിന്റെ മുഖം ഒന്ന് കാണട്ടെ…
നിന്റെ സ്വരം ഒന്ന് കേൾക്കട്ടെ…..”

ബൈബിളിലെ ഉത്തമഗീതത്തിലെ വചനങ്ങൾ ആരോ അവളോട് ഉരുവിടുന്നതായി തോന്നി…..അവളുടെ ചുണ്ടുകൾ മന്വച്ചാച്ചൻ എന്ന് മന്ത്രിച്ചുകൊണ്ടിരുന്നു….

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

“മന്വച്ചാച്ചാ…..”
അവൾ അലറിവിളിച്ചുകൊണ്ട് ഞെട്ടിയുണർന്നു….

അപ്പോഴാണ് താൻ ഇത്രയും നേരം തന്റെ കഴിഞ്ഞ കാലത്തെ സ്വപ്നം കാണുകയായിരുന്നുവെന്ന് അവൾക്ക് മനസ്സിലായത് തന്നെ…

അവളുടെ മനസ്സ് മനുവിന്റെ ഓർമ്മകളാൽ നിറഞ്ഞു…കണ്ണിൽ നിന്നും കണ്ണുനീർ.ധാരയായി ഒഴുകി…..

അവസാനം ഒരു നോക്ക് പോലും കാണാനാകാതെ തന്നെ വിട്ട് തന്റെ അച്ചാച്ചൻ പോയത് ഓർത്തപ്പോൾ അവൾക്ക് എന്തെന്നില്ലാത്ത വേദന തോന്നി…അവസാനമായി ഒരു ചുംബനം പോലും നല്കാനാകാതെ….

എന്നാൽ ആ വേദനയ്ക്കിടയിലും തന്റെ ഹൃദയതാളം അവൾക്ക് ഒരു ആശ്വാസമായിരുന്നു…അവൾ തന്റെ ഇടനെഞ്ചിലേക്ക് കൈകളെ ചേർത്തുവച്ചു….

അവളുടെ ശബ്ദം കേട്ട് സച്ചുവും ത്രേസ്യായും ആന്റണിയും ഓടി വന്നിരുന്നു…

“എന്നതാ…എന്നതാ മോളെ പറ്റിയെ…”..
ത്രേസ്യ ആദിയോടെ അവളുടെ അടുക്കലേക്ക് വന്നിരുന്ന് ചോദിച്ചു…

സമയം വെളുപ്പിന് നാലര മണി കഴിഞ്ഞിരുന്നു…

അവളുടെ കഴുത്തിലെ മിന്നും നെറ്റിയിലെ സിന്ദൂരവും എല്ലാം മിഴിവോടെ നിൽക്കുന്നത് കണ്ട് ത്രേസ്യാക്ക് സങ്കടം അധികരിച്ചു….

അവർ അവളുടെ തലയിൽ തലോടി….സച്ചു അപ്പോഴേക്കും ഒരു ഗ്ലാസ് വെള്ളം അവൾക്ക് എടുത്ത് കൊടുത്തു…

ആ വെള്ളം കുടിച്ചു കഴിഞ്ഞതും അവൾക്ക് അടിവയറ്റിൽ കലശലായ വേദന അനുഭവപ്പെട്ടു…ഡേറ്റ് ആകാൻ ഇനി ഒരാഴ്ച കൂടെ ബാക്കിയുണ്ട്….

അവളുടെ മുഖഭാവം മാറുന്നത് കണ്ട ത്രേസ്യ താഴേക്ക് നോക്കിയപ്പോൾ നനഞ്ഞു തുടങ്ങിയ നൈറ്റി കണ്ടു….

“സച്ചു…മോനെ അപ്പയേം വിളിച്ചുകൊണ്ട് വേഗം വണ്ടി എടുക്ക്….വേഗം ആശുപത്രിയിലേക്ക് എത്തണം…വേഗമാകട്ടെ….”
ത്രേസ്യ അൽപ്പം ഉച്ചത്തിൽ..വെപ്രാളത്തോടെ പറഞ്ഞു…

നിലായ്ക്ക് ആകെ പേടിയാകുവാൻ തുടങ്ങി..

“അ.. അമ്മേ…എനിക്ക്..എനിക്ക് പേടി ആകുന്നു…”

“നീ എന്നാത്തിനാ കുഞ്ഞേ പേടിക്കുന്നെ…നമ്മുടെ…അല്ല നിന്റെ മനുവിന്റെയും ഞങ്ങളുടെ ഇമ്മൂട്ടന്റെയും കുഞ്ഞുങ്ങളല്യോ…പിന്നെ എന്നാത്തിനാ….”
അകമേ ഒരു പേടിയുണ്ടെങ്കിലും അവർ അവളെ സമാധാനിപ്പിക്കുവാനായി പറഞ്ഞു…

“നീ വാ നീലു…ഞാൻ നിന്നെ വസ്ത്രം മാറുവാൻ സഹായിക്കാം….”..

അവൾക്ക് അപ്പോഴും നേരിയ തോതിൽ വേദന ഉണ്ടായിരുന്നു…

ത്രേസ്യ അവൾ ഇട്ടിരുന്ന നൈറ്റി മാറുവാൻ സഹായിച്ചു…എന്നിട്ട് ഒരു ലൂസായുള്ള മുട്ടിനു താഴെ വരെ മറഞ്ഞു കിടക്കുന്ന ഉടുപ്പ് ധരിപ്പിച്ചു…….

ത്രേസ്യ രാത്രിയിൽ അത്യാവശ്യം വൃത്തിയുള്ള വസ്ത്രം ധരിച്ചാണ് കിടക്കാറ്.. കാരണം എപ്പോഴാണ് ആവശ്യങ്ങൾ വരിക എന്നുള്ള നിശ്ചയം ഇല്ലാത്തതിനാൽ തന്നെ…

നീലുവിന്റെ കൂടെ ആരെയും കിടക്കാൻ അവൾ അനുവദിച്ചിരുന്നില്ല…അതിനാൽ മൂന്ന് കിടപ്പുമുറികളുടെയും വാതിലുകൾ തുറന്നിട്ടുകൊണ്ടാണ് എല്ലാവരും ഉറങ്ങാറുള്ളത്…

ത്രേസ്യ നീലുവിനെ പതിയെ കാറിൽ കയറ്റി..എന്നിട്ട് വാതിൽ അടച്ചു തിരിച്ചു വന്നു….സച്ചു വണ്ടിയുമായി മദർ ആൻഡ് ചൈൽഡ് ആശുപത്രിയിൽ എത്തി…

അവർ വിളിച്ചു പറഞ്ഞതിനാൽ അവരുടെ ഡോക്ടർ അനിതാ സത്യമൂർത്തി അവിടെ എത്തിയിരുന്നു…

നീലുവിന്റെ വേദന പതുക്കെ കൂടി കൂടി വന്നു….അനിത അവളെ നോക്കി വേഗം തന്നെ ലേബർ റൂമിലേക്ക് മാറ്റി…..

അവർ വിവരമറിയിച്ചതിനനുസരിച്ചു അടുത്ത ഫ്ളൈറ്റിന് തന്നെ ചെന്നൈയിൽ നിന്നും എല്ലാവരും പുറപ്പെട്ടിരുന്നു…

നിലായെ അകത്തേയ്ക്ക് കൊണ്ടുപോയപ്പോൾ ത്രേസ്യ ആന്റണിയുടെ കൈകളിൽ മുറുകെ പിടിച്ചു…

കുഞ്ഞുങ്ങളുടെ സച്ചു മാമൻ ലേബർ റൂമിന് മുന്നിൽ ഉത്കണ്ഠയോടെ തന്റെ കൂടപ്പിറപ്പിന്റെ വയറ്റിൽ നിന്നും കടന്നു വരുന്ന കുഞ്ഞുങ്ങളെ കാണുവാൻ കാത്തു നിന്നു……

അവർ ഇങ്ങനെ നിൽക്കുമ്പോഴാണ് ഡോക്ടർ അനിത സച്ചുവിനെയും ആന്റണിയെയും മാറ്റി നിർത്തി സംസാരിച്ചത്…

“അങ്കിൾ…സച്ചു…..നീലുവിന്റെ സാഹചര്യം അനുസരിച്ച് ഇപ്പോൾ ഒരു സുഖ പ്രസവം നടത്തുവാൻ കഴിയുമെങ്കിലും മൂന്ന് കുഞ്ഞുങ്ങളെ ഒന്നിച്ചു പ്രസവിക്കുവാനുള്ള ശക്തി ആ ശരീരത്തിന് ഉണ്ടോ എന്ന് സംശയമുണ്ട്…

ഒത്തിരി ശക്തിയോ പ്രഷറോ എടുത്തുകഴിഞ്ഞാൽ ചിലപ്പോൾ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകാം…അതുകൊണ്ട് സിസേറിയൻ ആയിരിക്കും നല്ലത്….

അപ്പോൾ….”
അവർ പറഞ്ഞു നിറുത്തി…

“ഡോക്ടർ…ഞങ്ങൾക്ക് ഇതിനെപ്പറ്റി വല്യ പിടിയില്ല…അതുകൊണ്ടാണ്…ഡോക്ടർ ഏതാണ് നല്ലത് എന്ന് വച്ചാൽ അതുപോലെ തന്നെ ചെയ്യ്….ഞങ്ങൾക്ക് എന്റെ ചേച്ചിയെയും കുഞ്ഞുങ്ങളെയും തിരികെ വേണം…ഒരു പോറൽ പോലും ഏൽക്കാതെ..”
സച്ചു പറഞ്ഞു നിറുത്തി…

അനിത എന്തോ തീരുമാനിച്ചുറപ്പിച്ചതുപോലെ അകത്തേയ്ക്ക് ചെന്നു….

അവിടെ മാലാഖമാർ അവളുടെ വസ്ത്രം എല്ലാം മാറ്റി ഹോസ്പിറ്റൽ ഗൗൺ ആക്കിയിരുന്നു…അവളുടെ മുടി ഇരുവശത്തേയ്ക്കും പിന്നിക്കെട്ടി വയർ എല്ലാം വൃത്തിയാക്കി….അവൾ അവിടെ ഉള്ള ഒരു കട്ടിലിൽ കിടക്കുകയായിരുന്നു…

“സ്റ്റെഫി ഇമ്മാനുവേൽ…..”
ഒരു നേഴ്സ് വന്ന് ലേബർ റൂമിന് പുറത്തുനിന്ന് വിളിച്ചു…

സച്ചു ഓടിച്ചെന്നു…

“എന്താ സിസ്റ്റർ…”
അവൻ ചോദിച്ചു…

“അത്…ദേ ഇയാൾ ഇതിൽ ഒരു ഒപ്പിടണം… സിസേറിയൻ ആണ്..അതിന്റെ സമ്മതപത്രം….”

സച്ചു നിറഞ്ഞുവന്ന കണ്ണുകളോടെ അതിലുപരി പ്രാർത്ഥനയോടെ ആ പേപ്പറിൽ ഒപ്പിട്ടുകൊടുത്തു…

“ഇതാ…ഇത് അവരുടെ ആഭരണങ്ങളാണ്…”
അവർ ഒരു തുണിയിൽ പൊതിഞ്ഞ ചില സാധനങ്ങൾ സച്ചുവിന്റെ കൈകളിലേക്ക് കൊടുത്തു…

അവൻ അത് തുറന്ന് നോക്കി…അതിൽ നിലായുടെ ഒരു ജോഡി കമ്മൽ…അതിന്റെ കൂട്ടത്തിൽ ചുവന്ന നിറത്തിൽ സിന്ദൂരത്തിൽ പൊതിഞ്ഞ…ഹൃദയാകൃതിയിൽ ഒരു ലോക്കറ്റുള്ള പ്ലാറ്റിനം ചെയിൻ അവൻ കണ്ടു….തന്റെ കൂടപ്പിറപ്പിന്റെ മിന്ന്…

അവന്റെ മനസ്സിലേക്ക് മനുവിന്റെ മുഖം കയറി വന്നു…ഒരു തുള്ളി കണ്ണുനീർ അവന്റെ കണ്ണിൽ നിന്നും അതിലേക്ക് പതിച്ചു….ആ കണ്ണുനീർ ആ ലോക്കറ്റിൽ പറ്റിയിരുന്ന സിന്ദൂരത്തെ മായിച്ചു കളഞ്ഞു…..

**************************************************************************************

അൽപസമയം കടന്നുപോയി……ആന്റണിയ്ക്കും ത്രേസ്യക്കും സച്ചു ഓരോ ചായ വാങ്ങിക്കൊടുത്തതിന് ശേഷം അക്ഷമനായി കാത്തു നിന്നു….

അതേസമയം അകത്ത് നിലായുടെ വയറിൽ നിന്നും കുഞ്ഞുങ്ങളെ എടുക്കുവാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു…

അവളുടെ നട്ടെല്ലിന് ഒരു ഇൻജക്ഷൻ കൊടുത്തു നടുവിന് താഴേക്ക് അവളെ മരവിപ്പിച്ചു…

“എല്ലാവരും തയ്യാറല്ലേ…..”
അനിത ചോദിച്ചു….

“യെസ് മാഡം…. ഞങ്ങൾ തയ്യാറാണ്….”
എല്ലാവരും ഒന്നിച്ചു പറഞ്ഞു…

“സ്റ്റെഫി…മോളെ…നീ പ്രാർത്ഥിച്ചു കിടക്കണേ.. നിന്റെ വയർ കീറാൻ പോകുകയാണ്…..ഒരു വേദനയും അറിയില്ല….പ്രാർത്ഥിച്ചാൽ മാത്രം മതി കേട്ടോ….”
അവർ അവളുടെ കവിളിൽ തട്ടി ആശ്വസിപ്പിച്ചു….

നിലാ കണ്ണടച്ചു കിടന്നു….അവളുടെ ഒരു കൈ അവളുടെ ഇടനെഞ്ചിലായിരുന്നു…ആ ഒരു മിടിപ്പ് അവൾക്ക് നൽകിയ ഊർജം ചെറുതല്ലായിരുന്നു……തന്റെ മന്വച്ചാച്ചൻ തന്റെ കൂടെ ഉള്ളതുപോലെ തോന്നിയവൾക്ക്…

അനിത അതേ സമയം എല്ലാം ഉറപ്പുവരുത്തിയത്തിന് ശേഷം അവളുടെ അടിവയറ്റിലേക്ക് സർജിക്കൽ ബ്ലേയ്ഡ് വച്ചു ചെറുതായി വരഞ്ഞു…. പതിയെ അതിന്റെ ആഴം കൂട്ടി…

മരവിപ്പിച്ചിരുന്നതിനാൽ നിലാ ഇതൊന്നും അറിയാതെ അവളും അവളുടെ മന്വച്ചാച്ചനും മാത്രം ഉള്ള ഒരു ലോകത്തായിരുന്നു…

പെട്ടന്നാണ് അവൾ ഒരു കുഞ്ഞിക്കരച്ചിൽ കേട്ടത്…അവൾ ചിന്തകളിൽ നിന്നും ഞെട്ടി ഉണർന്നു…ആ കരച്ചിൽ കേൾക്കെ അവളുടെ ഉള്ളം തുടിച്ചു….

അവളുടെ ഹൃദയമിടിപ്പ് വേഗത്തിലായി…. തന്റെ കുഞ്ഞിന്റെ കരച്ചിലിനോട് തന്റെ ഹൃദയം…തന്റെ പ്രാണനാഥൻ പ്രതികരിച്ചതാണെന്ന് അവൾക്ക് മനസ്സിലായി…

“കുട്ടിക്കുറുമ്പൻ ആണ് കേട്ടോ ആദ്യം വന്നിരിക്കുന്നത്….”
പൊക്കിൾ കൊടി മുറിച്ച ശേഷം ചോരയിൽ കുതിർന്നൊരു പൈതലിനെ എടുത്തു കാട്ടി ഒരു മാലാഖ അവളോടായി പറഞ്ഞു…

അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് വിടർന്നു…അവൾക്ക് ആ കുഞ്ഞിനെ സ്പർശിക്കുവാനുള്ള അതിയായ ആഗ്രഹം മൂലം കൈ നീട്ടിയെങ്കിലും വൃത്തിയാക്കിയിട്ട് കുഞ്ഞിനെ നൽകാം എന്ന് പറഞ്ഞവർ അവനെ കൊണ്ടുപോയി….അപ്പോഴും അവന്റെ കരച്ചിൽ ചെറുതായി കേൾക്കുന്നുണ്ടായിരുന്നു…

അവനെ കൊണ്ടുപോയതും അടുത്ത കരച്ചിൽ അവൾ കേട്ടു…അവളുടെ ഹൃദയവും മനവും നിറഞ്ഞു…

“ഇതും കുട്ടിക്കുറുമ്പനാണല്ലോ….”
ഡോക്ടർ വിളിച്ചു പറഞ്ഞു….അവൾ വീണ്ടും ചിരിച്ചു….അവനെയും പൊക്കിൾ കൊടി മുറിച്ചതിന് ശേഷം അകത്തേയ്ക്ക് കൊണ്ടുപോയി….

മൂന്നാമതും അവൾ ഒരു കരച്ചിൽ കേട്ടു..
“ആഹാ…ഇതൊരു കുറുമ്പിയാണല്ലോ…രണ്ട് ചേട്ടായിമാർക്ക് ഒരു കുട്ടിക്കുറുമ്പി…അവരുടെ പെങ്ങളൂട്ടി….”

മൂന്നാമത് പെൺകുഞ്ഞാണെന്ന് അറിഞ്ഞതും അവളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു….

അവളെ ഒന്ന് കാണിച്ചതിന് ശേഷം പെൺ പൈതലിനെയും വൃത്തിയാക്കുവാനായി കൊണ്ടുപോയി…

അപ്പോഴേക്കും കുറുമ്പന്മാർ വന്നിരുന്നു…അവരെ രണ്ടുപേരെയും നേഴ്‌സുമാർ ശ്രദ്ധയോടെ അവളുടെ നെഞ്ചിൽ വച്ചു കൊടുത്തു….അവർ ആദ്യമായി തങ്ങളുടെ അമ്മയുടെ മാറിലെ അമൃതം നുണഞ്ഞു….

കുറച്ചു കഴിഞ്ഞപ്പോൾ കുറുമ്പിയും വന്നു…അപ്പോഴേക്കും കുറുമ്പന്മാരെ എടുത്ത് മാറ്റി ഗ്യാസ് തട്ടിക്കളയുന്ന തിരക്കിലായിരുന്നു മാലാഖമാർ…

മൂവരും അമൃതം നുണയുമ്പോഴും അവർ വന്ന വഴി സ്റ്റിച്ചുകളാൽ അടയ്ക്കുന്ന തിരക്കിലായിരുന്നു അനിതയും സംഘവും…

**************************************************************************************

“സ്റ്റെഫി ഇമ്മാനുവേൽ…”
ഒരു നേഴ്സ് വന്ന് വിളിച്ചതും എല്ലാവരും ഓടിയെത്തി….

സമയം രാവിലെ എട്ട് മണി കഴിഞ്ഞിരുന്നു…ചെന്നൈയിൽ നിന്നും എല്ലാവരും എത്തിയിരുന്നു…

മൂന്ന് കുഞ്ഞുങ്ങളെയും അരുന്ധതിയും ത്രേസ്യയും എലിസബത്തും ചേർന്ന് ഏറ്റുവാങ്ങി…..

“നീലുമോൾക്ക് എങ്ങനെ ഉണ്ട് സിസ്റ്ററെ…”ത്രേസ്യയും അരുന്ധതിയും ഒന്നിച്ചു ചോദിച്ചു…

“ഒരു കുഴപ്പവുമില്ല അമ്മമാരെ…അവിടെ സ്റ്റിച്ചിടുവാ…അതുകൊണ്ടാ….”

“എനിക്ക് തോന്നി…അനിത ആകത്താണല്ലേ…”
അരുന്ധതി ചോദിച്ചു….

“ആ..ഡോക്ടർ അകത്താണ്.. വിളിക്കണോ…”
ആ നേഴ്സുമാരിൽ ഒരാൾ ചോദിച്ചു…

“വേണ്ട ..ഞാൻ ചോദിച്ചുവെന്നേയുള്ളൂ…”
അതും പറഞ്ഞുകൊണ്ട് അരുന്ധതി കയ്യിൽ ഇരിക്കുന്ന കുറുമ്പിയെ ഒന്ന് നോക്കി….

അവൾ കണ്ണുകളടച്ചു കൈകൾ ചുരുട്ടി കിടക്കുകയായിരുന്നു…ഒരു ഇളം പുഞ്ചിരി അവളുടെ അധരങ്ങളിൽ നിലനിന്നിരുന്നു…

മനു മരിച്ച സമയത്ത് അവളുടെ ഉദരത്തിൽ നിന്നും നഷ്ടപ്പെട്ട ജീവനെ ദൈവം മൂന്നാക്കി നല്കിയതാണെന്ന് അവർ ഉറച്ചു വിശ്വസിച്ചു…

സ്നേഹയ്ക്കും സാന്ദ്രയ്ക്കും കുഞ്ഞുങ്ങളെ കാണുന്തോറും അത്ഭുതമായിരുന്നു…അവർ മൂന്നുപേരുടെയും കുഞ്ഞു കൈകളിൽ അവരുടെ വിരലുകൾ ചേർത്തു വച്ചു…

സച്ചുവും ആന്റണിയും തോമസും എല്ലാം സന്തോഷം കൊണ്ടുണ്ടായ നീർമുത്തുകൾ കണ്ണിൽ നിന്നും തുടച്ചുമാറ്റുന്ന തിരക്കിലായിരുന്നു….

അൽപ്പ സമയത്തിന് ശേഷം കുഞ്ഞുങ്ങളെ അകത്തേയ്ക്ക് കൊണ്ടുപോയി…സിസേറിയൻ ആയതിനാൽ വൈകുന്നേരമേ നീലുവിനെ പുറത്തിറക്കുകയുള്ളൂ എന്ന് പറഞ്ഞതിനാൽ അരുന്ധതിയും ത്രേസ്യയും സച്ചുവും ഒഴികെ ബാക്കി എല്ലാവരും നീലുവിന്റെ വീട്ടിലേക്ക് തിരിച്ചു…

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
വൈകുന്നേരമായപ്പോൾ വീട്ടിൽ പോയവരെല്ലാം തിരികെ വന്നു….അപ്പോഴേക്കും നീലുവിനെ മുറിയിലേക്ക് മാറ്റിയിരുന്നു…

അത്യാവശ്യം വലിയ ഒരു കട്ടിൽ തന്നെ ആയിരുന്നു അത്….അതിൽ ഭിത്തിയോട് ചേർന്ന് കുറുമ്പിയെ കിടത്തി…എന്നിട്ട് നീലു കിടന്നു…അതിന് ശേഷം കുറുമ്പന്മാരെയും കിടത്തി….

കുഞ്ഞുങ്ങളെ കണ്ടതും അവളുടെ ഉള്ളം സന്തോഷത്താൽ നിറഞ്ഞു…മന്വച്ചാച്ചൻ ആഗ്രഹിച്ചത് പോലെ തന്നെ മൂന്ന് കുഞ്ഞുങ്ങൾ….അതിൽ ആദ്യത്തെ രണ്ടുപേരും ചേട്ടന്മാർ….അവർക്ക് താഴെയായി അവരുടെ അനിയത്തി….

അവൾ കർത്താവിന് നന്ദി പറഞ്ഞു….അവളുടെ മന്വച്ചാച്ചനും അത് കണ്ട് സന്തോഷിക്കുന്നുണ്ടെന്ന് അവൾക്ക് തോന്നി….കാലം തെറ്റി പെയ്യുന്ന മഴ അവന്റെ സന്തോഷമാകുമെന്ന് അവൾ നിനച്ചു……

മുറിയിലേക്ക് വന്നയുടൻ തന്നെ കുറുമ്പി കരയുവാൻ തുടങ്ങി….നിലാ പതിയെ അവളെ എടുത്തു….

അപ്പോഴേക്കും അരുന്ധതിയും ത്രേസ്യയും എലിസബത്തും ഒഴികെ എല്ലാവരും മുറിയ്ക്ക് പുറത്തേയ്ക്ക് നിന്നിരുന്നു….

അരുന്ധതിയും ത്രേസ്യയും കൂടെ കുഞ്ഞിനെ അവളുടെ മാറിലേക്ക് അടുപ്പിച്ചു…അവളുടെ പിഞ്ചിളം ചുണ്ടുകൾ അമൃതം നുണഞ്ഞുകൊണ്ടിരുന്നു….

ത്രേസ്യ തന്നെയാണ് കുഞ്ഞിനെ അവളുടെ കയ്യിൽ നിന്നും വാങ്ങി കട്ടിലിലേക്ക് കിടത്തിയത്….

സിസേറിയൻ ചെയ്തതിന്റെ ആകാം അവൾക്ക് വയറും നടുവും ഒക്കെ വേദനിക്കുന്നുണ്ടായിരുന്നു….അവളുടെ വിഷമം അറിഞ്ഞെന്നോണം അരുന്ധതി വേഗം തന്നെ അനിതാ ഡോക്ടറെ വിളിച്ചു കാര്യം പറഞ്ഞു…..അതുകൊണ്ടുതന്നെ അവൾക്ക് വേദന മാറുവാൻ ഒരു ഇൻജക്ഷൻ കൊടുത്തതിന്റെ ആലസ്യത്തിൽ അവൾ നന്നായി ഒന്ന് ഉറങ്ങിപ്പോയി….

ഉറക്കം വിട്ടുണർന്ന അവൾ കാണുന്നത് മൂന്ന് കുഞ്ഞുങ്ങളെയും കയ്യിൽ എടുത്ത് കൊഞ്ചിക്കുന്ന വീട്ടുകാരെയാണ്…

അരുന്ധതിയും സച്ചുവും സ്നേഹമോളും ഒരാളെയെടുത്ത് കൊഞ്ചിക്കുമ്പോൾ ത്രേസ്യയും ആന്റണിയും രണ്ടാമത്തെയാളെ എടുത്തു…എലിസബത്തും പപ്പയും മാത്യൂസും സാന്ദ്രമോളും മൂന്നാമത്തെയാളെ…

അവൾ എഴുന്നേറ്റത് കണ്ട് അരുന്ധതി കുഞ്ഞിനെ സച്ചുവിന്റെ കയ്യിൽ കൊടുത്തശേഷം അവളെ ഇരിക്കുവാൻ സഹായിച്ചു…ബാത്റൂമിലും കൊണ്ടുപോയി….അവളോടുള്ള അവരുടെ കരുതൽ കണ്ട് ത്രേസ്യായുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു….

ബാത്റൂമിൽ നിന്നും വന്നതും അവൾ കട്ടിലിൽ ഇരുന്നു…

“അമ്മേ…അമ്മി….എന്റെ മിന്നും സിന്ദൂരവും എനിക്ക് തിരികെ തരുമോ….”
അവൾ ത്രേസ്യയോടും അരുന്ധതിയോടുമായി ചോദിച്ചു….

അരുന്ധതി ആശ്ചര്യത്തോടെ അവളെ നോക്കി….
“എന്താ മോളെ നീ ഈ പറയുന്നത്…മിന്നും സിന്ദൂരവുമോ….”

“അതേ അമ്മി…എന്റെ മിന്നും സിന്ദൂരവും…മന്വച്ചാച്ചന്റെ ഹൃദയം എന്നിൽ മിടിക്കുന്ന കാലത്തോളം ഞാൻ വിധവയാണോ…

പറ അമ്മി…അദ്ദേഹത്തിന്റെ ഹൃദയം എന്നിലല്ലേ…ആ ഹൃദയത്തിലൂടെയല്ലേ ഞാൻ ജീവിക്കുന്നത്…അപ്പോൾ ഞാൻ എന്നാൽ മനൂട്ടൻ അല്ലെ…മനൂട്ടൻ എന്നാൽ ഞാനും…ഞങ്ങൾ ഒന്നല്ലേ….മനൂട്ടന്റെ ഈ മിടിപ്പ് ഇല്ലെങ്കിൽ ഞാനുണ്ടോ…ഞാനില്ലെങ്കിൽ ഈ ഹൃദയം എന്റെ ഇടനെഞ്ചിൽ മിടിക്കുമോ…പറ…

അപ്പോൾ ഞാൻ വിധവയാണോ…ഒരിക്കലുമല്ല….ഇത് തിരിച്ചറിയാൻ വൈകിയ ഞാനൊരു മണ്ടിയല്ലേ…..എനിക്ക് വേണം…എന്റെ മനൂട്ടൻ എനിക്ക് നൽകിയ മിന്നും….സിന്ദൂരവും….നല്കിയെ പറ്റു…”

അവൾ പറഞ്ഞതിന്റെ ശക്തിയിൽ അവൾ വയറിന് നൽകിയ പ്രഷർ മൂലം സ്റ്റിച് ഇട്ടെടുത്തുനിന്ന് ചോര ഒഴുകി അത് അവൾ ധരിച്ചിരുന്ന വസ്ത്രത്തെ നനച്ചു……

സച്ചു ഓടിച്ചെന്ന് നേഴ്‌സിങ് സ്റ്റേഷനിൽ വിവരം പറഞ്ഞു….കുറച്ചുപേർ അവിടെനിന്നും വന്ന് ചോരയെല്ലാം നീക്കി മരുന്ന് വച്ചുകൊടുത്തു…ഇനിയും പ്രഷർ കൊടുക്കരുതെന്ന് പറഞ്ഞിട്ട് പോയി…

നിലാ കുറച്ചുനേരം അവളുടെ കണ്ണുകൾ അടച്ചിരുന്നു….

അരുന്ധതിയ്ക്ക് വല്ലാത്തൊരു കുറ്റബോധം തോന്നി…താൻ ചോദിച്ച ഒരു ചോദ്യം മൂലമാണല്ലോ ഇപ്പോൾ നിലാ ആരോടും മിണ്ടാതെ കണ്ണുകളടച്ചു ഇരിക്കുന്നത് എന്നോർത്ത് അവർ സങ്കടപ്പെട്ടു…ഒരു വേള അവൾ വിഷാദത്തിലേക്ക് ആണ്ടുപോകുമോ എന്ന് വരെ അവർ ഭയപ്പെട്ടു….

പെട്ടന്നാണ് സച്ചു മിന്ന് അവളുടെ ആഭരണത്തിന്റെ കൂട്ടത്തിൽ നിന്നും എടുത്തുകൊണ്ടുവന്നത്..കൂടെ സിന്ദൂരവും…അത് അരുന്ധതി തന്നെ മനുവിന്റെ അമ്മയുടെ സ്ഥാനത്ത് നിന്ന് അവളുടെ കഴുത്തിൽ കെട്ടി കൊടുത്തു….

നിലാ അവരുടെ മാറിലേക്ക് വീണ് അവളുടെ സങ്കടങ്ങൾ എല്ലാം കരഞ്ഞു തീർത്തു….

അപ്പോഴേക്കും മൂന്നുപേരും ഒന്നിച്ചു ഉണർന്നിരുന്നു…ഒരു കുറുമ്പനെ നിലായുടെ കയ്യിലേക്ക് കൊടുത്ത ശേഷം മറ്റു രണ്ട് കുഞ്ഞുങ്ങളെയും കൊണ്ട് ത്രേസ്യയും അമ്മിയും നടന്നു….താൽക്കാലികമായി അവർക്ക് ഒരൽപ്പം നിടോ അവരുടെ നാവിലേക്ക് ഇറ്റിച്ചു കൊടുത്തു….

ഒരാൾ പാല് കുടിച്ച ശേഷം രണ്ടുപേരേയും അവളുടെ രണ്ടു മാറിലേക്കുമായി വച്ചു കൊടുത്തു….തന്റെ കുഞ്ഞുങ്ങൾ പാലുകുടിക്കുന്നത് കണ്ട്… മാതൃത്വത്തിന്റെ നിർവൃതിയിൽ അവൾ കണ്ണുകളടച്ചു….

കുഞ്ഞുങ്ങൾ മൂവരും ഉറങ്ങി എന്ന് മനസ്സിലായതും അവളും പതിയെ ഉറക്കത്തിലേക്ക് വീണു…..

*** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** ***
*** *** *** *** ***********

ദിവസങ്ങൾ കടന്നുപോയി….നിലായെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു…

കുഞ്ഞുങ്ങളുമായി വീട്ടിലേക്ക് വന്ന നിലായെ നാട്ടുകാർ അത്ഭുതത്തോടെ നോക്കി…അവരെ സംബന്ധിച്ചു ഭർത്താവ് മരിച്ചു മൂന്ന് വർഷം കഴിഞ്ഞു ഗർഭിണിയായി…നാലാം വർഷം പ്രസവിച്ചു…

ആളുകൾ മൂക്കത്ത് വിരൽ വച്ചു നിന്നു…ആളുകൾ ഒളിഞ്ഞും തെളിഞ്ഞും ഓരോന്ന് പറഞ്ഞെങ്കിലും അവളോ വീട്ടുകാരോ അത് കാര്യമാക്കിയില്ല….

വീട്ടിലേക്ക് വന്നതും സാഹചര്യം ഇണങ്ങാത്തതിനാലാകാം കുഞ്ഞുങ്ങൾ ആദ്യത്തെ രണ്ട് മൂന്ന് ദിവസം കരച്ചിലോട് കരച്ചിലായിരുന്നു…

പതിയെ പതിയെ അവർ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു…അവളുടെ കൂടെ അരുന്ധതിയുണ്ടായിരുന്നു…

തോമസും എലിസബത്തും മാത്യൂസും കുഞ്ഞുങ്ങളും തിരികെ പോയിരുന്നു…എങ്കിലും രണ്ടാഴ്ച കൂടുമ്പോൾ അവർ കുഞ്ഞുങ്ങളെ വന്ന് കാണുമായിരുന്നു…

സ്നേഹയ്ക്കും സാന്ദ്രയ്ക്കും വാവമാർ എന്ന് പറഞ്ഞാൽ ജീവനായിരുന്നു…അവരെ കുളിപ്പിക്കുമ്പോഴും വസ്ത്രം ധരിപ്പിക്കുമ്പോളും ഉറക്കുമ്പോളും എല്ലാം അവർ കൂട്ടിരുന്നു….

അങ്ങനെ കുഞ്ഞുങ്ങൾക്ക് നാലാം മാസം കഴിഞ്ഞു…അവരുടെ കളിച്ചിരികളാൽ വീട് നിറഞ്ഞു…അവർ കമിഴ്ന്നു വീണ് തുടങ്ങിയിരുന്നു…

അങ്ങനെയിരിക്കെയാണ് ഒരു ദിവസം മൂന്നുപേർ അവിടേക്ക് കടന്നുവന്നത്…

അരുന്ധതിയായിരുന്നു വാതിൽ തുറന്നത്…അവരെ കണ്ടതും അരുന്ധതിയ്ക്ക് അത്ഭുതമായി…

“സാമുവേൽ…”…അവരുടെ ചുണ്ടുകൾ മൊഴിഞ്ഞു…

“അതേലോ…സാമുവേൽ തന്നെ…എന്താ ഞങ്ങളുടെ ടീച്ചർ പേടിച്ചുപോയോ….”
അവൻ ഒരു ചിരിയോടെ അവരോട് ചോദിച്ചു…

“ഇല്ല മോനെ.. പെട്ടന്ന് നിങ്ങളെ കണ്ടപ്പോൾ….ഞാൻ എന്താ പറയുക….
മിയ എവിടെ???….”

“മിയ ദേ വരുന്നു…ഞങ്ങളുടെ മോള് സെറീന എന്ന സാറയെ ഉണർത്തുകയായിരുന്നു അവൾ…”

അപ്പോഴേക്കും മിയ അങ്ങോട്ടേക്ക് എത്തിയിരുന്നു…..

“സാമിച്ചായന്റെ ടീച്ചറെ..”..
അവൾ അവരെ ഒന്ന് കളിയാക്കിക്കൊണ്ട് വിളിച്ചു…

അവർ ഒന്ന് ചിരിച്ചുകൊണ്ട് അവരെ അകത്തേയ്ക്ക് ക്ഷണിച്ചു….

“കാശിയും സൈറയും കുഞ്ഞുങ്ങളും എന്ത് പറയുന്നു..”….

“അവർ സന്തോഷമായി പോകുന്നു…കാശിച്ചായൻ ഇപ്പൊ കോഴിക്കോടാണ്… ആഴ്ചയിൽ ഒരിക്കൽ വരും….

സൈറ എറണാകുളത്ത് തന്നെ…ജാനമ്മേടെ ആശുപത്രിയിൽ തന്നെ…..ഞാനും അവിടെയാണ് ..പിന്നെ ആദിയും ആമിയും ഇപ്പൊ രണ്ടാം ക്ലാസ്സിലേക്ക് കയറി…അച്ചുവും പാത്തുവും എൽ.കെ.ജിയിലും….

സാറമോൾക്ക് രണ്ട് വയസ് കഴിഞ്ഞു…അവരെ കണ്ടാൽ ഇവൾക്ക് ഞങ്ങളെ വേണ്ട…”

സാം ഒന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു….

“ഹാ നിങ്ങൾ എത്തിയോ…”
അതും ചോദിച്ചുകൊണ്ടാണ് നിലാ അങ്ങോട്ടേക്ക് കയറി വന്നത്…അവളുടെ കയ്യിൽ രണ്ട് കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു….

പുറകെ ത്രേസ്യയും ഒരു കുഞ്ഞുമായി വന്നു…

“ഹാ മക്കളെ…നിങ്ങൾ വരും എന്ന് ഇവൾ പറഞ്ഞിരുന്നു….ഇവൾ കുളിക്കുകയായിരുന്നു…അതാ ഞങ്ങൾ അറിയാതെയിരുന്നെ…”
ത്രേസ്യ പറഞ്ഞു….

“ഇവർക്ക് പേര് കണ്ടുപിടിച്ചോ നീലു…”
സാം ചോദിച്ചു…

“ഹാ…കണ്ടുപിടിച്ചു… മൂത്തയാൾ ആരോൺ തോമസ് ഇമ്മാനുവേൽ രണ്ടാമത്തെയാൾ ആബേദ് ആന്റണി ഇമ്മാനുവേൽ മൂന്നാമത്തെ അവരുടെ പെങ്ങളൂട്ടി ആൻഡ്രിയ ട്രീസ ഇമ്മാനുവേൽ…

വീട്ടിൽ അപ്പു എന്നും അബി എന്നും അനു എന്നും വിളിക്കും…

എല്ലാം.അച്ചാച്ചൻ നേരത്തെ തന്നെ കണ്ടുപിടിച്ചു വച്ചിരുന്നു….”
അവൾ കണ്ണിലൂറിയ ജലകണങ്ങളെ ഒളിപ്പിച്ചുകൊണ്ട് പറഞ്ഞു നിറുത്തി….

“അല്ല നീലുവേ..നീ എന്നാത്തിനാ ഇപ്പൊ ഞങ്ങളോട് വേഗം ഇങ്ങോട്ട് വരാൻ പറഞ്ഞേ…”

“അതോ…പറയാം….”

സാമും സൈറയും ഇമ്മാനുവേലുമെല്ലാം സഹപാഠികളായിരുന്നു…അവരുടെ ടീച്ചർ ആയിരുന്നു അരുന്ധതി….പഠന സമയത്ത് വലിയ കൂട്ടുണ്ടായിരുന്നില്ലെങ്കിൽ പോലും പിന്നീടവർ നല്ല സുഹൃത്തുക്കളായിരുന്നു…

നീലുവും അവരുടെ കൂടെ എല്ലാത്തിനും ഉണ്ടായിരുന്നു….

*** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** ***
*** *** *** *** ***********

നീലു കുഞ്ഞുങ്ങളെ അമ്മമാരെ ഏല്പിച്ചിട്ട് സാമിനെയും മിയയെയും കൂട്ടി പുറകിലെ തൊടിയിലെ മാവിൻ ചുവട്ടിൽ ഇട്ടിരുന്ന ബെഞ്ചിലേക്കിരുന്നു…..സാറയെയും അവരുടെ കൂടെത്തന്നെ നിറുത്തി…

“എനിക്ക് മിയയുടെ സഹായം ആവശ്യമുണ്ട്…..എന്റെ ഒരു ഫീച്ചർ നിങ്ങളുടെ മാഗസിനിൽ വരണം…

മലയാളത്തിലും ഇംഗ്ലീഷിലും നല്ല പ്രചാരത്തിലുള്ള മാസികയല്ലേ മിയ എഡിറ്റർ ആയിരിക്കുന്ന കേരളഭൂമിയുടെ വനിതാരത്നവും ദി വുമണും…. അതിൽ എന്റെ ഫീചർ വേണം….”

“ശെരിക്കും…കാര്യം മനസ്സിലായി…..ഞാൻ അത് നിന്നോട് ചോദിക്കുവാൻ ഇരിക്കുകയായിരുന്നു…കാരണം നല്ലൊരു ടോപിക് ആണിത്….

ഒത്തിരി സന്തോഷം മോളെ….ഞാൻ ഇത് ചെയ്യാൻ റെഡി ആണ്….നീ പറയുന്ന ദിവസം ഞാൻ വരാം…അന്ന് കുറച്ചു ഫോട്ടോയും എല്ലാം എടുത്ത് നല്ലൊരു ലേഖനം തയാറാക്കാം….”

അവൾ സന്തോഷത്തോടെ പറഞ്ഞു…

കുറച്ചു സമയം കൂടെ അവിടെ ചിലവഴിച്ചതിന് ശേഷം അവർ പിരിഞ്ഞു..

*** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** ***
*** *** *** *** ***********

കൃത്യം ഒരാഴ്ചയ്ക്ക് ശേഷം മിയയും സംഘവും നീലുവിന്റെ വീട്ടിൽ അവളുടെ അഭിമുഖത്തിനായി എത്തി…

അവളെയും കുഞ്ഞുങ്ങളെയും എല്ലാം മനോഹരമായ വസ്ത്രം ധരിച്ചിരുന്നു….

“അപ്പോൾ തുടങ്ങാം..”
മിയ തന്റെ ഫോണിൽ റെക്കോർഡർ ഓൺ ആക്കിക്കൊണ്ട് പറഞ്ഞു…

“നീലു..ഞാൻ ഫോർമൽ ആയൊന്നും ഇന്റർവ്യൂ എടുക്കില്ല കേട്ടോ…നീ പറഞ്ഞാൽ മതി…നിന്നെക്കുറിച്ചും നിന്റെ കുഞ്ഞുങ്ങളെക്കുറിച്ചും….

നിങ്ങളുടെ ജീവിതം എന്തായിരുന്നു എന്നുള്ളത് പറയണ്ട…അത് എനിക്കറിയാം…അതിൽ എന്തെങ്കിലും സംശയങ്ങൾ വന്ന് കഴിഞ്ഞാൽ ഞാൻ ചോദിച്ചുകൊള്ളാം…എനിക്കറിയേണ്ടത് കുഞ്ഞുങ്ങളുടെ കാര്യം…ഇമ്മുവിന്റെ മരണത്തിന് ശേഷമുള്ള കാര്യം…

കുറച്ചൊക്കെ എനിക്കറിയാം…പക്ഷെ കഴിയുമെങ്കിൽ മുഴുവനായും പറയണം…ആ സമയം ഞാനും ഇച്ചായനും ഇവിടെ ഉണ്ടായിരുന്നില്ലല്ലോ….വരുവാനും കഴിഞ്ഞില്ല….”
മിയ പറഞ്ഞു നിറുത്തി…

“ഞാൻ പറയാം…എല്ലാം പറയാം…..”
നീലു പതിയെ പറഞ്ഞു തുടങ്ങി…

(തുടരും….)

ജീവാംശമായ് : ഭാഗം 1

ജീവാംശമായ് : ഭാഗം 2

ജീവാംശമായ് : ഭാഗം 3

ജീവാംശമായ് : ഭാഗം 4

ജീവാംശമായ് : ഭാഗം 5

ജീവാംശമായ് : ഭാഗം 6

ജീവാംശമായ് : ഭാഗം 7

ജീവാംശമായ് : ഭാഗം 8

ജീവാംശമായ് : ഭാഗം 9

ജീവാംശമായ് : ഭാഗം 10

ജീവാംശമായ് : ഭാഗം 11

ജീവാംശമായ് : ഭാഗം 12

ജീവാംശമായ് : ഭാഗം 13

ജീവാംശമായ് : ഭാഗം 14

ജീവാംശമായ് : ഭാഗം 15

ജീവാംശമായ് : ഭാഗം 16

ജീവാംശമായ് : ഭാഗം 17

ജീവാംശമായ് : ഭാഗം 18