Sunday, December 22, 2024
Novel

ജീവാംശമായ് : ഭാഗം 14

നോവൽ
എഴുത്തുകാരി: അഗ്നി


അവൻ ഉണർന്നതും അവൾ വേഗം അവനെ ഫ്രഷ് ആകുവാനായി പറഞ്ഞയച്ചു….എന്നിട്ട് ബെഡെല്ലാം ശെരിയാക്കി….തലേന്ന് അവൻ കെട്ടിവച്ച റോസാപൂക്കളിന്മേൽ അവൾ അൽപ്പം വെള്ളം തളിച്ചു….വാട്ടം മാറുവാനായി….

അപ്പോഴേക്കും മനു.കുളി കഴിഞ്ഞിറങ്ങിയിരുന്നു…..അവനുള്ള വസ്ത്രം എടുത്തുവച്ചതിന് ശേഷം അവൾ വീണ്ടും ആ ബാൽക്കണിയിലേക്ക് തന്നെ ചെന്നു..അവൾക്കെന്തോ ആ സ്ഥലം വളരെ ഇഷ്ടമായിരുന്നു….

മനുവും റെഡി ആയശേഷം അവർ മുറി പൂട്ടി ഭക്ഷണം കഴിക്കുവാനായി റെസ്റ്റോറന്റിലേക്ക് തിരിച്ചു….

അന്നവളെ കാത്ത് ഒരു സർപ്രൈസ് ഉണ്ടെന്ന് അവൾ അറിഞ്ഞിരുന്നില്ല….

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

പ്രഭാത ഭക്ഷണത്തിന് ശേഷം അവർ അന്നത്തെ പരിപാടികൾ എന്തൊക്കെയാണെന്ന് നോക്കി….

എല്ലാം നോക്കിയും കണ്ടതിനും ശേഷം അവർ യാത്ര ആരംഭിച്ചു…..ആദ്യം തന്നെ അവർ മലമുകളിലായി സ്ഥിതി ചെയ്യുന്ന ചന്ദ്രനാഥ ക്ഷേത്രം കാണുവാനായാണ് പോയത്…ചന്ദ്രനാഥ കുന്നുകളുടെ മുകളിൽ ആയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്….

അവിടെ അധികം സമയം ചിലവഴിക്കാതെ അവർ മറ്റുള്ള സ്ഥലങ്ങൾ കാണുവാനായി പോയി…കൂടുതലായും ബീച്ചുകളായിരുന്നു ആ ചുറ്റുവട്ടത്ത് ഉണ്ടായിരുന്നത്….ദൂരെയുള്ള സ്ഥലങ്ങളിലേക്ക് പിറ്റേന്ന് യാത്ര തിരിക്കാം എന്നവർ തീരുമാനിച്ചു…

അങ്ങനെ വൈകുന്നേരം ഒരു മൂന്നുമണിയോടടുത്ത് അവർ ബട്ടർഫ്ളൈ ബീച്ചിലേക്ക് പോകുവാനായി തീരുമാനിച്ചു…

അതിന് മുന്നേ അവർ അവരുടെ മുറിയിലേക്ക് വന്നിരുന്നു…..അവർ വന്ന് ഒന്ന് ഫ്രഷ് ആയി…

നിലാ ഒരുങ്ങുവാൻ തുടങ്ങുമ്പോഴാണ് മനു അവളുടെ കയ്യിലേക്ക് ഒരു കവർ എടുത്തു കൊടുത്തത്….അവൾ എന്താണെന്നനുള്ള ഭാവത്തിൽ അവനെ നോക്കി….

“എന്നതാ അച്ചാച്ചാ ഇത്…..”

“ഹാ..നീ തുറന്ന് നോക്ക് നിലാക്കോച്ചേ….
നീ അകത്തേക്ക് ചെന്ന് വസ്ത്രം മാറ്.. ഞാൻ ഇവിടെ നിന്ന് മാറാം…വേഗം ചെല്ലടാ……”
മനു നീലുവിനെ ഡ്രസിങ് റൂമിന്റെ അങ്ങോട്ടേക്ക് തള്ളിക്കൊണ്ട് പറഞ്ഞു…

അവൾ ഒരു ചിരിയോടെ അകത്തേയ്ക്ക് പോയി…

അവൾ തിരികേവന്നത് പിസ്താ ഗ്രീനും വൈറ്റും ചേർന്ന ഫ്ലോറൽ പ്രിന്റുള്ള കുഞ്ഞു കൈയുള്ള മുട്ട് വരെ ഇറക്കമുള്ള ലളിതമായ ഒരു ഉടുപ്പ് ഇട്ടുകൊണ്ടായിരുന്നു…

അവളെ ആ വേഷത്തിൽ കാണുവാൻ അതി മനോഹരിയായിരുന്നു….അവളുടെ കഴുത്തിൽ സ്വർണ്ണത്തിന്റെ മിന്നല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല…നെറുകയിലെ സിന്ദൂരത്തിന്റെ ശോഭ അവളുടെ മുഖത്തും പ്രതിഫലിച്ചു……

മനുവും അതേ നിറത്തിലുള്ള ഒരു ടി ഷർട്ടും ക്രീം നിറത്തിലുള്ള ഒരു ത്രീ ഫോർത്തും ആയിരുന്നു ധരിച്ചിരുന്നത്…..

അവർ ഉടനെ തന്നെ ബട്ടർഫ്ളൈ ദ്വീപിലേക്ക് പോകുവാനായി ഇറങ്ങി….

**************************************************************************************

അവരുടെ റിസോർട്ടിന് അടുത്ത്‌തന്നെയുള്ള അഗോണ്ട ബീച്ചിൽ നിന്നും ഒരു സ്പീഡ് ബോട്ടിനായിരുന്നു അവർ പോയത്…

ബട്ടർഫ്ളൈ ബീച്ച് അല്ലെങ്കിൽ ബട്ടർഫ്ളൈ ദ്വീപ്….ഇന്നും അധികമാര്ക്കും അറിയപ്പെടാത്ത ഗോവയിലെ റൊമാന്റിക് ബീച്ചുകളില് ഒന്നാണ് ബട്ടര്ഫ്‌ളൈ ബീച്ച്.

ആളുകളില് നിന്നും മറഞ്ഞിരിക്കുന്ന ഈ ദ്വീപില് എത്തിച്ചേരുക എന്നതും അല്പം കഠിനമാണ്.. . അഗോണ്ടയില് നിന്നോ പാലോലം ബീച്ചില് നിന്നോ ബോട്ട് വഴി മാത്രമേ ഇവിടെ എത്താന് സാധിക്കൂ….

ഗോവയിലെത്തുന്ന സഞ്ചാരികൾക്ക് തീർത്തും പുതുമ നല്കുന്ന ഒരിടമാണ് ഇവിടുത്തെ ബട്ടർഫ്ലൈ ബീച്ച്. സാഹസികതയുടെ ഇനിയും അറിയപ്പെടാത്ത ഇടമായ ഈ ബീച്ച് കാഴ്ചകൾ കൊണ്ടും അനുഭവങ്ങള് കൊണ്ടും ഇവിടെ എത്തുന്ന ആരെയും അതിശയിപ്പിക്കും

അങ്ങനെ കുറച്ചുനേരത്തെ യാത്രയ്ക്ക് ശേഷം അവർ ബട്ടർഫ്ളൈ ബീച്ചിലേക്കെത്തി……അധികം ആളുകളൊന്നും ഇല്ലാത്ത ശാന്തമായ ഒരിടം…വന്നിരിക്കുന്നവരെല്ലാം പ്രണയിച്ചു നടക്കുന്നു…ചിലർ ചേർന്നിരിക്കുന്നു…ചിലർ വെള്ളത്തിൽ കളിക്കുന്നു….

ചില വിദേശികൾ വെയില് കൊള്ളുവാനായി അവിടെയും ഇവിടെയുമായി കിടക്കുന്നുണ്ടായിരുന്നു….

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ആ ദ്വീപിൽ കൂടുതലും ചിത്ര ശലഭങ്ങളായിരുന്നു…. അതും അപൂർവമായ ഇനങ്ങൾ….ഇതുവരെയും കാണാത്തവ….

നീലുവിന്റെ ചുണ്ടുകളിൽ വിരിയുന്ന പുഞ്ചിരിയും…അവളുടെ കണ്ണുകളിൽ കാണുന്ന തിളക്കവും എല്ലാം മനുവിന്റെ ഉള്ളത്തെയും സന്തോഷിപ്പിച്ചു…..

ആ വസ്ത്രത്തിൽ അവൾ അതി മനോഹരിയായിരുന്നു….കാറ്റിൽ അവളുടെ കുറുനിരകൾ ആടിയുലഞ്ഞു….മനു അൽപ്പസമയം അതിലേക്ക് തന്നെ നോക്കി നിന്നു….

നിലാ അപ്പോഴും ചുറ്റിലും പാറി നടക്കുന്ന ശലഭങ്ങളെ നോക്കി നിൽക്കുകയായിരുന്നു…

പെട്ടന്നാണ് അവളുടെ കഴുത്തിൽ നിന്നും എന്തോ ഊരി മാറുന്നതായി തോന്നിയത്…അവൾ കഴുത്തിൽ പിടിക്കുവാനായി ആഞ്ഞപ്പോഴേക്കും അവളുടെ കഴുത്തിൽ നിന്നും മിന്ന് മാല മനുവിന്റെ കൈകളിലേക്ക് എത്തിച്ചേർന്നിരുന്നു…

എന്തിനെന്നറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി…അവൾ അവനെ ദയനീയമായി നോക്കി…അവൻ ആ സമയം മാലയിൽ നിന്നും മിന്ന് അഴിച്ചെടുക്കുന്ന തിരക്കിലായിരുന്നു….

അവൾ നിറകണ്ണുകളോടെ നോക്കി നിന്നു…എന്നാൽ പെട്ടന്നാണ് അത് സംഭവിച്ചത്….അവൻ അവന്റെ പോക്കറ്റിൽ നിന്നും ഒരു ചെയിൻ എടുത്തു…അതിൽ ഹൃദയാകൃതിയിലുള്ള ഒരു ലോക്കറ്റ്….

ആ ലോക്കറ്റ് തുറന്നപ്പോൾ ഇടതുവശത്ത് അവർ ഇരുവരും ഒന്നിച്ചിരിക്കുന്ന ഒരു ചിത്രം ഉണ്ടായിരുന്നു…വലതുവശത്ത് കുരിശിന്റെ ഒരു അടയാളവും….

അവൻ ആ സ്വർണ്ണ നിറത്തിലുള്ള മിന്ന് ആ ലോക്കറ്റിലേക്ക് ചേർത്ത് വച്ചു…..എന്നിട്ട് അതിന്റെ വശത്തായി ഒന്ന് ഞെക്കിയപ്പോൾ വളരെ നേർത്ത ഒരു ആവരണം ആ കുരിശിന്റെ മേലെ വന്നു..ഒരു ബെൽറ്റ് പോലെ..പക്ഷെ അത് കാണുകയുണ്ടായില്ല….

മനു കടലിനെ സാക്ഷിയാക്കി പ്ലാറ്റിനത്തിന്റെ ആ മാല അവളുടെ കഴുത്തിൽ അണിയിച്ചു….അതിന്റെ പുറമെ മനു💖നിലാ എന്ന് എഴുതിയിരുന്നു….

ഇത്തവണ സന്തോഷം കൊണ്ട് അവളുടെ കണ്ണിൽ നിന്നും പുറത്തേക്ക് വന്ന അവളുടെ കണ്ണുനീരിനെ അവൻ അവന്റെ കൈകളാൽ ഒപ്പിയെടുത്തു…എന്നിട്ട് അവളുടെ മൂർധാവിൽ ഒരു നറുചുംബനമേകി…

അപ്പോൾ തന്നെ ഒരു ഫ്‌ളാഷ് അവിടെ മിന്നി…ഒരു വിദേശിയുടെ ക്യാമറയിൽ നിന്നും ആയിരുന്നു അത്…അയാളുടെ കൂടെ ഒരു സ്ത്രീയുമുണ്ടായിരുന്നു…

“That was a perfect click with a beautiful background…..You are made for each other…such a beautiful pic from a cute couple…..
God bless you dears…..”

അവരുടെ ഇൻസ്റ്റന്റ് ആയി ഫോട്ടോ പ്രിന്റ് ചെയ്ത് കിട്ടുന്ന ക്യാമറയിൽ നിന്നും ആ ഫോട്ടോ നിലായുടെയും മനുവിന്റെയും നേരെ നീട്ടി അദ്ദേഹം പറഞ്ഞു….

അവർ ഒന്ന് പരിചയപ്പെട്ടു……അയാളുടെ പേര് കെന്റ് റോഡ്രിഗസ് എന്നും കൂടെയുള്ള സ്ത്രീ അദ്ദേഹത്തിന്റെ ഭാര്യയായ സാന്റി ഗ്രെഷ്യയും ആയിരുന്നു…അവരുടെ വിവാഹം കഴിഞ്ഞിട്ട് വർഷങ്ങൾ ആയിരുന്നു…മക്കളെ നാട്ടിലാക്കി വെക്കേഷൻ ആഘോഷിക്കുവാൻ വന്നതാണ് ഇരുവരും…

അൽപ്പസമയത്തിനകം അവർ തിരികെ പോയി….

അപ്പോഴാണ് മനുവും നിലായും ആ ഫോട്ടോ ശ്രദ്ധിക്കുന്നത് തന്നെ…

നിലായുടെ മൂർധാവിൽ ചുണ്ട് ചേർക്കുന്ന മനു…..അതിന് ചന്തമേകാനെന്നോണം അവരുടെ പിന്നിൽ ചുവപ്പും ഓറഞ്ചും ചേർന്ന നിറത്തിൽ.ചാലിച്ച ആദിത്യൻ….കൂടെ കൂടണയുന്ന പക്ഷികളും….ആർത്തിരമ്പുന്ന കടലും….കടലിലൂടെ ചാടിക്കളിക്കുന്ന ഡോൾഫിനുകളും…..കടൽക്കാറ്റിൽ പിന്നോട്ട് ഉലയുന്ന നിലായുടെ കേശവും…എല്ലാം ആ പടത്തിന്റെ ഭംഗിയെ കൂട്ടി….

അവർ ആ ഫോട്ടോയിലേക്ക് നോക്കി നിന്നു…..പിന്നെ നിലാ അത് വളരെ സൂക്ഷ്മതയോടെ കയ്യിൽ ഇരുന്ന ചെറിയ ബാഗിലേക്ക് വച്ചു….

അവർ അവിടെയുള്ള ഒരു പാറമേൽ കയറി നിന്നു….സൂര്യൻ പടിഞ്ഞാറേച്ചക്രവാളത്തിലൂടെ കടലിന്റെ അടിത്തട്ടിലേക്ക് പോകുവാനായി കാത്തിരിക്കുന്നതായി അവർക്ക് തോന്നി…..

ആ സൂര്യന്റെ പ്രഭ തട്ടി തിളങ്ങുന്ന മേനിയോടെ കുതിച്ചു ചാടുന്ന ഡോൾഫിനുകളെ നോക്കി അവർ നിന്നു….സൂര്യൻ അസ്തമിച്ചതും ബോട്ടുകൾ ഓരോന്നായി വന്ന് തുടങ്ങി….അതിൽ ഒരെണ്ണത്തിൽ കയറി അവർ അഗോണ്ടായിലേക്ക് തിരിച്ചു…

അവർ അഗോണ്ട ബീച്ചിൽ തിരികെയെത്തിയതിന് ശേഷം കുറച്ചുനേരം അതിലൂടെ നടന്നു….അതിന് ശേഷം മുറിയിൽ ചെന്ന് ഭക്ഷണം കഴിച്ചു ഫ്രഷ് ആയി കിടന്നുറങ്ങി….

പിന്നീടുള്ള രണ്ട് ദിവസങ്ങളിലും അവർ ഗോവ മുഴുവനും കണ്ടു..അങ്ങനെ നാലാം ദിവസം രാവിലെയുള്ള ഇന്ഡിഗോയുടെ വിമാനത്തിൽ അവർ ഗോവയോട് വിട പറഞ്ഞു ചെന്നൈയിലേക്ക് ചെന്നു……..

**************************************************************************************

അവർ ചെന്നൈയിൽ എത്തിയപ്പോഴേക്കും അവരെ കൂട്ടാനായി പപ്പാ വന്നിരുന്നു….അങ്ങനെ അവർ അദ്ദേഹത്തോടൊപ്പം ഫ്‌ളാറ്റിലേക്ക് തിരിച്ചു…..

മറീന ബീച്ചിനോട് ചേർന്നുള്ള ഒരു ഫ്‌ളാറ്റ് സമുച്ചയം ആയിരുന്നു അത്….അവൾക്ക് ആ സ്ഥലം വളരെ ഇഷ്ടമായി…

മനുവും നിലായും പപ്പയെയും കൂട്ടി എലിസബത്തിന്റെ ഫ്‌ളാറ്റിലേയ്ക്ക് ചെന്നു…അവിടെ അവർക്കായി അപ്പവും സ്റ്റൂവും ഉണ്ടാക്കി വച്ചിട്ടുണ്ടായിരുന്നു…

അത് കഴിച്ചതിന് ശേഷം കത്തിച്ചു വച്ചൊരു മെഴുകുതിരിയുമായി അവൾ മനുവിന്റെ ഫ്‌ളാറ്റിലേക്ക് വലതുകാൽ വച്ചു കയറി….

മെഴുകുതിരിയുടെ നാളം അണയാതെ അവൾ അത് അവിടെയുള്ള യേശുക്രിസ്തുവിന്റെ രൂപക്കൂടിന് മുന്നിൽ വച്ചു….

അതിന് ശേഷം ചേച്ചിയും കുടുംബവും പപ്പയുമെല്ലാം പിരിഞ്ഞുപോയി…..അപ്പോഴേക്കും അവൾ ആ ഫ്‌ളാറ്റ് ഒക്കെ ഒന്ന് ചുറ്റിക്കാണുവാൻ തുടങ്ങി…

കടലിന് നേരെ നിൽക്കുന്ന ബാൽക്കണിയായിരുന്നു അവിടെ ഉണ്ടായിരുന്നത്….അതെല്ലാം നോക്കി കണ്ടതിന് ശേഷം അവൾ മനുവിന്റെ മുറിയിലേക്കെത്തി…

ആ മുറി തുറന്നതും അവൾ അന്തിച്ചു നോക്കി നിന്നു….

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

അവരുടെ മുറിയിൽ ബെഡ് ഇട്ടിരിക്കുന്നതിന് പിന്നിലായുള്ള ചുമരിൽ അന്ന് ഗോവയിൽ വച്ച് എടുത്ത ഫോട്ടോയുടെ എണ്ണഛായാചിത്രമായിരുന്നു…..

എല്ലാം അതുപോലെ തന്നെ….ശെരിക്കും ജീവൻ തുടിക്കുന്ന ഒരു ചിത്രം…

“എങ്ങനെയുണ്ട്…..ഇഷ്ടമായോ…..”
മനു പിന്നിൽ നിന്നും വന്ന് അവളെ പുണർന്നു കൊണ്ട് ചോദിച്ചു….

അവൾ അവന്റെ കൈകളിൽ മുറുകെ പിടിച്ചുകൊണ്ട് അവന്റെ നെഞ്ചോട് ചേർന്ന് നിന്നു…

“ഇഷ്ടമായി…ഒരുപാട്….എനിക്ക് എന്ത് പറയണം എന്നറിയില്ല…..you are awesome അച്ചാച്ചാ…….I love you……”
അതും പറഞ്ഞുകൊണ്ട് അവൾ അവന്റെ കൈകളെ തന്റെ ചുണ്ടോട് ചേർത്ത് മുത്തി…..

അവൻ അവളെ തിരിച്ചു നിർത്തി…അവളുടെ ചുമലിൽ കൈവച്ചിട്ട് അവളോടായി പറഞ്ഞു തുടങ്ങി…

“ദേ..ഇതാണ് ഇനി മുതൽ നമ്മുടെ ലോകം…നീയും ഞാനും.നമുക്ക് ജനിക്കാൻ പോകുന്ന കുഞ്ഞുങ്ങളും അടങ്ങുന്ന കൊച്ചു സ്വർഗം…….

നമ്മൾ തമ്മിൽ അഭിപ്രായ വത്യാസങ്ങൾ ഉണ്ടായേക്കാം…അത് സ്വാഭാവികം ആണല്ലോ…രണ്ട് ചുറ്റുപാടുകളിൽ ജനിച്ചു വളർന്നവരല്ലേ നമ്മൾ…. എങ്കിലും എത്ര പിണക്കുണ്ടായാലും അത് ആ ദിവസം ഇരുട്ടുന്നതിന് മുന്നേ പറഞ്ഞു തീർക്കണം നമുക്ക്…

കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും ഒക്കെ ആയി നമുക്ക് അങ്ങ് ആഘോഷിക്കാന്നെ….

പിന്നെ നമ്മുടെ ഇടയിൽ എന്ത് തന്നെ പ്രശ്നങ്ങൾ ഉണ്ടായാലും പുറത്തറിയരുത്…മൂന്നാമതൊരാൾ നമ്മുടെ ജീവിതത്തിൽ ഇടപെടേണ്ട…അത് നമ്മുടെ അപ്പനോ അമ്മയോ ചേച്ചിയോ ചേട്ടനോ അനിയനോ കൂട്ടുകാരോ ആരും ആയിക്കൊള്ളട്ടെ….

എന്ന് പറഞ്ഞുകൊണ്ട് നമുക്ക് ആരെയും വേണ്ട എന്നല്ല ഞാൻ പറഞ്ഞത്…ബന്ധങ്ങൾ നമ്മുടെ ജീവിതത്തിലെ ബന്ധനങ്ങൾ ആകരുത്…അതാണ് ഞാൻ ഉദ്ദേശിച്ചത്….

മൂന്നാമത് ഒരാൾ ഇടപെടുമ്പോഴാണ് പല കുടുംബ ബന്ധങ്ങളും ശിഥിലമാകുന്നത്….നമ്മൾ എന്നും ഒന്നാണ്..നമുക്ക് തമ്മിൽ ഒരു മറയും വേണ്ട….കുടുംബ ജീവിതത്തിൽ ഏറ്റവും പ്രധാനമായും വേണ്ടത് സുതാര്യതയാണ്……

ഞാൻ പറഞ്ഞത് മനസ്സിലായല്ലോ നിലാകൊച്ചിന്….നമുക്ക് നമ്മുടെ ഈ കിളിക്കൂട് ഒരു സ്വർഗം ആക്കണം….ശാന്തിയും സമാധാനവും എല്ലാം കളിയാടുന്ന നമ്മുടെ മാത്രം സ്വർഗം….”

അവൻ നിലായുടെ കണ്ണുകളിലേക്ക് നോക്കികൊണ്ട് പറഞ്ഞു നിർത്തി….

“തീർച്ചയായും അച്ചാച്ചാ….ഇവിടം നമ്മുടെ സ്വർഗ്ഗമാകും…സ്വർഗം തന്നെ ആയിരിക്കും….”…അവൾ ഒരു പുഞ്ചിരിയോടെ ഉത്തരം പറഞ്ഞു….

**************************************************************************************

അങ്ങനെ അവർ ചെന്നൈയോട് പൊരുത്തപ്പെട്ട് ജീവിതം ആരംഭിച്ചു….നിലായുടെ കോളേജ് തുറക്കുന്ന ദിവസം ചില കാരണങ്ങളാൽ ഒന്നര മാസം കൂടെ നീട്ടിയിരുന്നു…

അതിനാൽ തന്നെ ഒഴിവുവേളകൾ പ്രയോജനകരമാക്കുവാനായി അവൾ അവിടെ അടുത്ത് തന്നെ നടത്തുന്ന കേക്ക് മേക്കിങ് ക്ലാസുകൾക്ക് ചേർന്നു…കൂടാതെ തയ്യൽ പഠിക്കുവാനും തുടങ്ങി…

പഠനം തുടങ്ങിയപ്പോൾ തന്നെ മനു അവൾക്കായി ഒരു ഓവനും തയ്യൽ.മെഷീനും എല്ലാം വാങ്ങികൊടുത്തിരുന്നു…..

രണ്ടാഴ്ചകൾ കടന്നുപോയി..നിലാ ക്ളാസ്സുകളും എലിസബത്തിന്റെ മക്കളുടെ കൂടെയും ഒക്കെയായി തിരക്കിലായിരുന്നു…എന്നാൽ.പോലും മനുവിന്റെ ഒരു കാര്യവും മുട്ടില്ലാതെ അവൾ ചെയ്തുകൊടുത്തു.

അവൾ വളരെ വേഗം തന്നെ പക്വതയുള്ള ഒരു ഭാര്യയായി തീർന്നിരുന്നു..ഒരുപക്ഷേ മനുവിന്റെ സ്നേഹവും കരുതലുമാകാം അതിന് കാരണം..

അവൾ ക്ലാസുകൾക്ക് ചേർന്നിട്ട് രണ്ടാഴ്ച്ച കഴിഞ്ഞുള്ള ഒരു അവധി ദിവസമായിരുന്നു അന്ന്…

രാവിലെ പതിവുപോലെ മനു ആശുപത്രിയിലേക്ക് പോകുവാൻ ഒരുങ്ങുകയായിരുന്നു….അവനുള്ള ഷർട്ടും പാന്റും എല്ലാം തേച്ച് മടക്കി ബെഡിൽ വെച്ചതിന് ശേഷം രാവിലെ.അടുക്കളയിൽ പാത്രങ്ങളുമായുള്ള യുദ്ധത്തിലായിരുന്നു അവൾ….

“നിലാക്കൊച്ചേ…….”
മനു മുറിയിൽ നിന്നും വിളിച്ചു കൂവി….

അവൾ എന്താണെന്ന് അറിയാട്ജെ വേഗം തന്നെ കഴുകിക്കൊണ്ടിരുന്ന പാത്രം സിങ്കിൽ ഇട്ടിട്ട് കൈ ഒന്ന് കഴുകി തുടച്ചശേഷം മുറിയിലേക്ക് ചെന്നു…

“എന്നതാ അച്ചാച്ചാ…ഇന്നലെ ബിരിയാണി ഉണ്ടാക്കിയ പാത്രം കഴുകുകയായിരുന്നു…എന്നതാ വിളിച്ചേ…”

“ഞാൻ നിന്നോട് ഇവിടെ വന്നപ്പോ തൊട്ട് പറയുന്നതല്ലേ ഇച്ചേച്ചിയെ സഹായിക്കാൻ വരുന്ന പൊന്നമ്മാളോട് ഇവിടെയും ഒന്ന് വരാൻ പറയാം എന്ന്…അപ്പോൾ നിനക്ക് അല്ലായിരുന്നോ വിഷമം…..

അവർ വന്നാൽ നിനക്ക് ഒരു സഹായമാകില്ലേ നിലാ….”
അവൻ അവളുടെ തലയിൽ കിഴുക്കിക്കൊണ്ട് ചോദിച്ചു….

”അതൊന്നും സാരമില്ല അച്ചാച്ചാ…ഇപ്പൊ എനിക്ക് തീർക്കാവുന്ന ജോലിയെ ഉള്ളു…പിന്നെ ക്ലാസ്സിൽ പോയി തുടങ്ങുമ്പോഴേക്കും ആ ചേച്ചിയോട് വരാൻ പറയാം നമുക്ക്….അത് പോരെ…”
അവൾ ചിരിച്ചുകൊണ്ട് തല തിരുമ്മിക്കൊണ്ട് പറഞ്ഞു….

“അല്ല…അച്ചാച്ചൻ ഇപ്പൊ എന്നെ എന്തിനാ ഇങ്ങോട്ടേയ്ക്ക് വിളിച്ചത്….ഞാൻ ഷർട്ടും പാന്റും സ്റ്റെത്തും ഒക്കെ എടുത്തു വച്ചതല്ലായിരുന്നോ…..”
കുളി കഴിഞ്ഞ് ടവൽ മാത്രം ഉടുത്ത് നിൽക്കുന്ന മനുവിനെ കണ്ട നിലാ അവനോട് ചോദിച്ചു….

“ഹാ…അതാ…അത് വേറൊന്നും അല്ല…ഇന്ന് വൈകുന്നേരം ഞാൻ വരുമ്പോൾ നീ കഴിഞ്ഞ ദിവസം ഉണ്ടാക്കിയ റെയിന്ബോ കേക്ക് ഇല്ലേ അത് ഒന്ന് ഉണ്ടാക്കി വയ്ക്കണേ…..

നീ ഇതുവരെ ഉണ്ടാക്കിയവയിൽ ഏറ്റവും മികച്ചത് അതായിരുന്നു…ബാക്കിയുള്ളവയെല്ലാം കൊള്ളില്ല എന്നല്ല കേട്ടോ ഞാൻ ഉദ്ദേശിച്ചത്….അതിന് ഒരു വത്യസ്ത രുചി ഉണ്ടായിരുന്നു…

സാധനങ്ങൾ എല്ലാം ഉണ്ടോ..ഇല്ലെങ്കിൽ നീ തനിയെ പോയി വാങ്ങുവോ അതോ ഇടയ്ക്ക് ഞാൻ വന്നിട്ട് നമ്മൾ ഒന്നിച്ചു പോകണോ….”

“സാധനങ്ങൾ കുറച്ചൊക്കെ ഉണ്ട്…ബാക്കി നമ്മൾ വിളിച്ചു പറഞ്ഞാൽ അവർ ഇങ്ങ് കൊണ്ടെത്തിക്കില്ലേ……

അല്ല..ഞാൻ എന്തിനാ കേക്ക് ഉണ്ടാക്കുന്നത് എന്ന് പറഞ്ഞില്ല…”
നിലാ മനുവിനോടായ്‌ പറഞ്ഞു…

“അതൊക്കെയുണ്ട്….എന്തായലും ഇന്ന് നമുക്ക് ഒരു അതിഥി ഉണ്ട്…ആളെ സ്വീകരിക്കാനാണ് കേട്ടോ….”

അതും പറഞ്ഞുകൊണ്ട് അവൻ ഷർട്ട് എടുത്തിടുവാൻ തുടങ്ങി….

അവൾ അവിടെത്തന്നെ നിന്നു…അവൻ വസ്ത്രം മാറിയശേഷം തന്റെ ബാഗിലേക്ക് കോട്ട് എടുത്ത് വച്ചതിനുശേഷം നിലായുടെ നെറ്റിയിൽ ചുമ്പിച്ചിട്ട് ആശുപത്രിയിലേക്ക് പോയി…

മനുവും എലിസബത്തും ഒരേ ആശുപത്രിയിൽ ആണെങ്കിലും അവർ വേറെ വേറെ ആയിട്ടാണ് പോകുന്നത്…കാരണം എലിസബത്ത് ഗൈനെക്ക് ആയതുകൊണ്ട് എപ്പോഴേക്കെയാണ് കേസുകൾ വരുന്നതെന്ന് പറയുവാൻ കഴിയുകയില്ലായിരുന്നു….

അങ്ങനെ മനു ആശുപത്രിയിലേക്ക് പോയതും നിലാ പണികളൊക്കെ ഒതുക്കി തീർത്ത് കേക്ക് ഉണ്ടാക്കുവാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു….

**************************************************************************************

അവൾ കേക്ക് എല്ലാം ഭംഗിയായി തന്നെ ഉണ്ടാക്കി….മുകളിൽ വനിലയുടെ ക്രീം കൊണ്ട് ഐസിങ് ചെയ്തു…അതിന് മുകളിലായി വനിലയുടെ ക്രീമിൽ മഴവില്ലിന്റെ വർണ്ണങ്ങൾ ഓരോന്നായി ചേർത്ത് റോസാപ്പൂക്കൾ പോലെ അലങ്കരിച്ചു….

എല്ലാം കഴിഞ്ഞ് കേക്ക് സെറ്റ് ആക്കി കുറച്ചു കഴിഞ്ഞപ്പോഴേക്കും കോളിങ് ബെൽ മുഴങ്ങി…..

അവൾ വേഗം അവളുടെ വസ്ത്രമൊക്കെ നേരെയാക്കി പോയി വാതിൽ തുറന്നു…
വാതിൽ തുറണ്ണയുടൻ തന്നെ മനു അകത്തേയ്ക്ക് കയറി….എന്നാൽ അവൻ അകത്തേയ്ക്ക് കയറിയത് ശ്രദ്ധിക്കാതെ അവൾ പുറത്തേയ്ക്കിറങ്ങി നോക്കി….

“നിലാ…നീ എന്താ പുറത്ത് ഇറങ്ങി നിൽക്കുന്നെ…എനിക്ക് ഒരു കോഫി താ….”
മനു അകത്തുനിന്ന് വിളിച്ചു പറഞ്ഞു…

“അല്ല അച്ചാച്ചാ…അത്…ആരോ വരും എന്നൊക്കെ പറഞ്ഞിട്ട്…..”
നിലാ സംശയരൂപേണ അവനോട് ചോദിച്ചു……

“അയ്യേ…അത് നീ വിശ്വസിച്ചോ…ഞാൻ ചുമ്മാ പറഞ്ഞതല്ലേ…..
എനിക്ക് ഒരു കോഫീ താ….”
അവൻ ഒന്നുമറിയാത്ത രീതിയിൽ പറഞ്ഞു നിറുത്തി….

“അപ്പോൾ ഞാൻ ഇന്ന് കഷ്ടപെട്ടത് ഒക്കെ വെറുതെ ആയോ…ഇന്ന് കിട്ടുന്ന സമയം കൊണ്ട് ജ്യുട്ട് കൊണ്ട് ഒരു ബാഗ് തയ്ക്കാൻ ഇരിക്കുകയായിരുന്നു ഞാൻ….ആ എന്നെക്കൊണ്ട് കേക്ക് ഉണ്ടാക്കിപ്പിച്ചു…സമയം കളഞ്ഞു…

ഇനി കോഫീ വേണമെങ്കിൽ തന്നെ ഉണ്ടാക്കി കുടിക്കാൻ നോക്ക്….”
അതും പറഞ്ഞുകൊണ്ടവൾ വാതിൽ മുറുക്കെ അടച്ച് ദേഷ്യത്തിൽ അവരുടെ മുറിയിലേക്ക് ചെന്ന് കിടന്നു…

പെട്ടന്നാണ് മനുവിന്റെ ഫോൺ ബെല്ലടിച്ചത്…
അവൻ വേഗം തന്നെ അത് എടുത്തു…

“ആ അമ്മി…പറ….”
അവൻ അപ്പുറത്ത് നിൽക്കുന്ന ആളോട് സംസാരിച്ചു….

“എന്നതാടാ ഒരു ശബ്ദം കേട്ടത്…ആ വാതിൽ ബാക്കിയുണ്ടോ…നീ എന്നാ കുരുത്തക്കേടാ ഒപ്പിച്ചേ….” അമ്മി അവനോട് ചോദിച്ചു…

“അത്…ഒന്നുമില്ല…എന്റെ കൂടെ ആരും വന്നില്ല എന്ന് ഒരു ഒഴുക്കൻ മട്ടിൽ അങ്ങ് പറഞ്ഞു…അത്രേയുള്ളൂ…..

അമ്മി ഇച്ചേച്ചിയുടെ ഫ്‌ളാറ്റിൽ തന്നെ അല്ലെ…വേഗം വാ കേട്ടോ….”

“വരാം ചെറുക്കാ…നീ ചെന്ന് അവളുടെ പിണക്കം മാറ്റുമ്പോഴേക്കും ഞാൻ എത്തും കേട്ടോ…..”

“ഓ….ആയിക്കോട്ടെ…വേഗം വാ…അപ്പോഴേക്കും ഞാൻ എല്ലാം ശെരിയാക്കാം……”

അതും പറഞ്ഞുകൊണ്ടവൻ ഫോൺ വച്ചു…അതിന് ശേഷം വേഗം.തന്നെ വസ്ത്രം മാറി കയ്യും കാലും മുഖവും വൃത്തിയായി കഴുകിയ ശേഷം നിലായുടെ കൂടെ വന്ന് കിടന്നു…

അവൻ കൂടെ കിടക്കുന്നത് അറിഞ്ഞിട്ട് അവൾ എഴുന്നേറ്റ് മാറുവാൻ തുടങ്ങിയപ്പോഴേക്കും അവൻ അവളെ പിടിച്ചു തന്നോട് ചേർത്ത് കിടത്തി….

അവൾ അവനു പുറം തിരിഞ്ഞായിരുന്നു കിടന്നിരുന്നത്….

“നിലാക്കോച്ചേ….പിണങ്ങേല്ലെടി….ഞാൻ ചുമ്മാ…….”
അപ്പോഴാണ് തന്റെ കയ്യിൽ ഒരു നനവ് തട്ടിയതായി അവന് തോന്നിയത്….

അവൻ വേഗം തന്നെ അൽപ്പം ബലം പ്രയോഗിച്ച് അവളെ തിരിച്ചു കിടത്തി…അപ്പോഴാണ് അവൾ കരയുകയാണെന്ന് അവന് മനസ്സിലായത്….

“അയ്യോ…മോളെ…നീ എന്തിനാ കരയുന്നെ…. പറ…എന്താ മോളെ പറ്റിയെ…”

“ഒന്നൂല്ല….”..അവൾ ദേഷ്യത്തിൽ പറഞ്ഞുകൊണ്ട് വീണ്ടും എഴുന്നേൽക്കാൻ നോക്കിയെങ്കിലും അവൾക്ക് അതിന് കഴിഞ്ഞില്ല…അവൻ അവളെ മുറുക്കെ പിടിച്ചിട്ടുണ്ടായിരുന്നു…എം

“കാര്യം പറയാതെ നീ പോകില്ല നിലാ മോളെ….” അവൻ പറഞ്ഞു…

“അച്ചാച്ചൻ ചുമ്മാ പൊട്ടൻ കളിക്കല്ലേ…എന്തിനാ എന്നോട് ഇന്ന് തന്നെ കേക്ക് ഉണ്ടാക്കാൻ പറഞ്ഞത്…വേറെ ഒരു കാര്യം ചെയ്യുവാൻ ഞാൻ മാറ്റിവച്ച സമയം ആണ് ഇന്ന് വെറുതെ പോയത്…

നമുക്ക് രണ്ടുപേർക്കും ആയിരുന്നെങ്കിൽ പിന്നെ എപ്പോഴെങ്കിലും ഉണ്ടാക്കാമായിരുന്നു…ഇതിപ്പോ…”
അവൾ പറഞ്ഞു നിറുത്തി…

“അയ്യേ…നീ ഇതിനായിരുന്നോ സങ്കടപ്പെട്ടെ….ഞാൻ പറഞ്ഞ ആള് ഇപ്പോൾ വരും…ഞാൻ നിന്നെ ഒന്ന് പറ്റിച്ചതല്ലെടി നിലാക്കൊച്ചേ……”
അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു….

അവൾ അവനെ പിച്ചിയും മാന്തിയുമൊക്കെ ദേഷ്യം തീർത്തു….അവനാണെങ്കിൽ അവളെ ഉടുമ്പടക്കം കെട്ടിപ്പിടിച്ചു നിന്നു…പതിയെ പതിയെ അവളുടെ ദേഷ്യം അലിഞ്ഞില്ലാതെയായി……..

അവൾ അവന്റെ കൈ മാറ്റി എഴുന്നേറ്റ് കാപ്പി ഉണ്ടാക്കുവാനായി പോയി…അവനും പുറകെ ചെന്ന് അവിടെ ഉണ്ടായിരുന്ന പാത്രങ്ങൾ ഒക്കെ കഴുകുവാൻ സഹായിച്ചു…

പാത്രം കഴുകി കഴിഞ്ഞതും അവൾ കാപ്പി ഉണ്ടാക്കി കഴിഞ്ഞിരുന്നു….

ഒരു കപ്പിലേക്ക് പകർന്ന കാപ്പിയുമായി അവൻ തിരിഞ്ഞതും അടുക്കളയുടെ വാതിലിൽ നിൽക്കുന്നയാളെ കണ്ട് ഞെട്ടി….

അവരെ കണ്ടതും അവൻ ആ കാപ്പി അവിടെ വച്ചിട്ട് അമ്മി എന്നും വിളിച്ചുകൊണ്ട് അവരെപ്പോയി കെട്ടിപ്പിടിച്ചു…..കൂട്ടത്തിൽ മറു കൈ കൊണ്ട് അവന്റെ മാത്രം നിലായെ ചേർത്ത് പിടിച്ചു….

**************************************************************************************

നിലായാണെങ്കിൽ ഒന്നും അറിയാതെ നോക്കി നിൽക്കുകയായിരുന്നു….

അവൻ വേഗം ഇരുവരെയും കൊണ്ട് മുന്നിലത്തെ മുറിയിലെ സോഫയിലേക്ക് ചെന്നു…

അവൻ പറഞ്ഞതിനനുസരിച്ച് അവൾ മൂന്ന് കാപ്പി ഉണ്ടാക്കിയിരുന്നു…അതും അവൾ ഒരു ട്രേയിൽ കരുതിയിരുന്നു….

അതിൽ ഒരെണ്ണം അമ്മിയെടുത്തു…ബാക്കിയുള്ളതിൽ നിന്നും ഒരെണ്ണം നിലായും മറ്റൊന്ന് മനുവും….

നിലായുടെ ഇരിപ്പ് കണ്ടുകൊണ്ട് അമ്മിയാണ് സംസാരിച്ചു തുടങ്ങിയത്….

“എന്താ മോനെ ഇമ്മൂസെ നീ ഒന്നും നീലുമോളോട് പറഞ്ഞിട്ടില്ലേ…..”…
അവർ മനുവിനോട് ചോദിച്ചു…

“ഇല്ലാ…എല്ലാം അമ്മി തന്നെ പറഞ്ഞാൽ മതി…..”
അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു…

അവർ ഒന്ന് ചിരിച്ചുകൊണ്ട് പുഞ്ചിരിയോടെ ഇരിക്കുന്ന നിലായുടെ അടുക്കലേക്ക് ചെന്നു….

“ഞാൻ അരുന്ധതി….”
അവർ പറഞ്ഞു തുടങ്ങി…

“അരുന്ധതി ഫ്രഡറിക്….
പേര് കേട്ട് ഞെട്ടേണ്ട…നല്ല അസ്സല് ഒളിച്ചോട്ട കല്യാണം ആയിരുന്നു…അതുകൊണ്ട് വീട്ടുകാരെ നമുക്ക് നഷ്ടം ആയി…

അരുന്ധതി അവരുടെ ജീവിതം അവളുടെ മുന്നിൽ തുറന്നു കാട്ടുവാനായി തുടങ്ങി…

(തുടരും….)

ജീവാംശമായ് : ഭാഗം 1

ജീവാംശമായ് : ഭാഗം 2

ജീവാംശമായ് : ഭാഗം 3

ജീവാംശമായ് : ഭാഗം 4

ജീവാംശമായ് : ഭാഗം 5

ജീവാംശമായ് : ഭാഗം 6

ജീവാംശമായ് : ഭാഗം 7

ജീവാംശമായ് : ഭാഗം 8

ജീവാംശമായ് : ഭാഗം 9

ജീവാംശമായ് : ഭാഗം 10

ജീവാംശമായ് : ഭാഗം 11

ജീവാംശമായ് : ഭാഗം 12

ജീവാംശമായ് : ഭാഗം 13