Wednesday, December 25, 2024
Novel

ജീവാംശമായ് : ഭാഗം 10

നോവൽ
എഴുത്തുകാരി: അഗ്നി


“അത് മാത്രമല്ല…അന്നാമ്മ നല്ലതുപോലെ അവരെക്കുറിച്ച് അന്വേഷിച്ചിരുന്നു…എല്ലാം കൊണ്ടും നല്ല ബന്ധം ആണ്…” ആന്റണി പറഞ്ഞു…

“അവൾ സമ്മതിക്കുമായിരിക്കും അല്ലെ ഇച്ചായാ….”

“ഉവ്വെടി…നീ വിഷമിക്കാതെ…”…

അപ്പന്റെയും അമ്മയുടെയും.വർത്തമാനം ശ്രവിച്ച നീലുവിന് അവർ ഈ വിവാഹത്തെ അതിയായി ആഗ്രഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കി….

അവൾ വീണ്ടും മുറിയിലേക്ക് ഓടി….അവൾ ഒന്നുകൂടെ ചിന്തിച്ചു…അവസാനം അവൾ ആ തീരുമാനത്തിലെത്തി….

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

അപ്പയോടും അമ്മയോടും പറയുവാനുള്ള തീരുമാനം ആലോചിച്ചെടുത്തിട്ട് അവൾ പതിയെ കുളിക്കുവാനായി പോയി…

കുളിയൊക്കെ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴേക്കും പ്രാർത്ഥിക്കുവാനുള്ള സമയം ആയിരുന്നു…ത്രേസ്യ എല്ലാവരെയും പ്രാർത്ഥനയ്ക്കായി വിളിക്കുമ്പോഴാണ് അവൾ മുറിയിൽ നിന്ന് പുറത്തേയ്ക്കിറങ്ങിയത്…

അങ്ങനെ അന്നത്തെ പ്രാർത്ഥനയും ബൈബിൾ വായനയും എല്ലാം കഴിഞ്ഞ ശേഷം അവർ ഭക്ഷണം കഴിക്കുവാനായി ഇരുന്നപ്പോഴാണ് ആന്റണി ആ ചോദ്യം ചോദിച്ചത്…

”മോളെ…നിന്റെ തീരുമാനം എന്തായി….എന്നത് തീരുമാനമായാലും തുറന്ന് പറയണം കേട്ടോ…”
അങ്ങനെ പറഞ്ഞെങ്കിലും തന്റെ അപ്പയുടെയും അമ്മയുടെയും മനസ്സിലുള്ള ആഗ്രഹം എന്താണെന്ന് അവൾക്ക് നല്ല ബോധ്യമുണ്ടായിരുന്നു…

”അത്..അപ്പാ…എനിക്ക്…എനിക്ക്…”

“നിനക്ക്…” ത്രേസ്യയും ആന്റണിയും ഒന്നിച്ച് ചോദിച്ചു…

“എനിക്ക് സമ്മതമാണ് അപ്പാ…”

അത് കേട്ടതോടെ ആന്റണിയുടെയും ത്രേസ്യായുടെയും മുഖത്ത് ആശ്വാസത്തിന്റെ ഒരു പുഞ്ചിരി നിഴലിച്ചു…

“മോളെ ഇത് മോൾക്ക് ഇഷ്ടപ്പെട്ടിട്ട് തന്നെയല്ലേ…അല്ലാതെ ഞങ്ങളുടെ ആഗ്രഹം ഇതാകും എന്ന് ഓർത്തുകൊണ്ടാണോ….മോൾടെ പൂർണ്ണ സമ്മതം ആണ് ഞങ്ങൾക്ക് വേണ്ടത്…”

“അതേ അപ്പാ…എന്റെ പൂർണ്ണ സമ്മതം തന്നെയാണ്….എനിക്കിഷ്ടമായി… കൂടെ നിങ്ങൾക്കും …പിന്നെ എന്തിനാ ഞാൻ വേണ്ടാ എന്ന് പറയുന്നേ…..

നിങ്ങൾ എന്റെ ജീവിതത്തിൽ ഇതുവരെ എടുത്തിട്ടുള്ള തീരുമാനങ്ങളെല്ലാം എനിക്ക് നല്ലതേ കൊണ്ടുവന്നിട്ടുള്ളൂ…..പിന്നെയെന്തിനാ ഞാൻ ഇതിന് എതിര് പറയുന്നേ…

വന്ന ചെറുക്കനെ എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമായി…..”
അവൾ സന്തോഷത്തോടെ പറഞ്ഞു നിറുത്തി…..

“അപ്പോൾ ഇനി അവര് വിളിക്കുമ്പോൾ എനിക്ക് ധൈര്യമായി പറയാലോലെ…”

“ധൈര്യമായിട്ട് പറഞ്ഞോളൂ അപ്പാ…..”
അവൾ അതും പറഞ്ഞുകൊണ്ട് കഴിച്ചു തുടങ്ങി…

ആന്റണിയുടെയും ത്രേസ്യായുടെയും മുഖത്ത് വിരിഞ്ഞ പുഞ്ചിരി കാൺകെ അവളുടെ മനസ്സ് നിറഞ്ഞു……

സ്വന്തം മാതാപിതാക്കളുടെ സന്തോഷമല്ലേ നമ്മുടെയും സന്തോഷം…അവരെ സന്തോഷവാന്മാരാക്കുക എന്നതല്ലേ നമുക്ക് അവർക്കായ് ചെയ്യുവാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം….അവൾ ഒരു മന്ദഹാസത്തോടെ ആലോചിച്ചുകൊണ്ട് ഇരുന്ന് കഴിച്ചു….

കഴിച്ചു കഴിഞ്ഞ് അവൾ പഠിക്കുവാനായും ബാക്കിയുള്ളവർ അവരവരുടെ കാര്യങ്ങൾക്കായും പോയി…

**************************************************************************************

രണ്ട് ദിവസങ്ങൾ കഴിഞ്ഞു….

ആന്റണി നീലുവിന്റെ സമ്മതം വിളിച്ചറിയിച്ചതുകൊണ്ട് ഇമ്മാനുവേലിന് അവളെ ഒരിക്കൽ കൂടെ കാണണം എന്ന് പറഞ്ഞതിനാൽ അവൾ പാലാ ടൗണിലുള്ള കോഫീ മിസ്റ്റ് കഫേയിൽ കാത്തിരിക്കുകയായിരുന്നു……

അധികം വൈകാതെ തന്നെ ഇമ്മാനുവേൽ എത്തി…
കറുത്ത നിറമുള്ള ഒരു ചെക്ക് ടി ഷർട്ടായിരുന്നു വേഷം..കൂടെ ഗ്രേ നിറത്തിലുള്ള ജീൻസും…

താടിയും മീശയും ട്രിം ചെയ്ത് ഒതുക്കിയിരുന്നു…. ഇരു നിറമാണെങ്കിലും കാണുവാൻ നല്ലൊരു ഐശ്വര്യമായിരുന്നു….അല്ലെങ്കിലും ആണ്പിള്ളേർക്ക് പാല് പോലുള്ള നിറത്തേക്കാളും അൽപ്പം ഇരുണ്ട നിറമാണ് ഭംഗി നൽകുന്നത്….

ഇമ്മാനുവേൽ വന്ന് സ്റ്റെഫിയുടെ എതിർവശത്തായി വന്നിരുന്നു….

“ഹൈ….”..ഇമ്മാനുവേൽ അവളെ ഒന്ന് അഭിസംബോധന ചെയ്തശേഷം അവൾക്കെതിർവശത്തായുള്ള ഇരിപ്പിടത്തിലേക്ക് ഇരുന്നു….

നീലു ഒന്ന് പുഞ്ചിരിച്ചു….

“താൻ കുറയെ നേരമായോ ഇവിടെ വന്നിട്ട്??…”. അവൻ ചോദിച്ചു…

“ഇല്ല…ഒരു പത്ത് മിനിറ്റ്…അത്രേ ആയുള്ളൂ…”

അപ്പോഴേക്കും ഒരു വെയിറ്റർ ഓർഡർ എടുക്കാൻ വന്നിരുന്നു…ഇമ്മാനുവേൽ അവനുവേണ്ടി ഒരു കാപ്പുചീനോയും സ്റ്റെഫിയ്ക്കായ്‌ ഒരു ചോക്ലേറ്റ് ഷെയ്ക്കും പറഞ്ഞു….

“സോ..ഞാനാണ് നമ്മൾ തമ്മിൽ ഒരു കൂടിക്കാഴ്ച കൂടെ വേണം എന്ന് പറഞ്ഞത്…..കാരണം കുറച്ച് കാര്യങ്ങൾ എനിക്ക് തന്നോട് പറയുവാനുണ്ട്….

അതൊക്കെ പറയുന്നതിന് മുൻ ഒരു കാര്യം ഞാൻ ചോദിച്ചോട്ടെ…
താൻ ആത്മാർത്ഥമായി…സ്വന്ത ഇഷ്ടപ്രകാരം ആണോ അതോ വീട്ടുകാരുടെ ഇഷ്ടപ്രകാരം ആണോ ഈ വിവാഹത്തിന് സമ്മതിച്ചത്….

സീ…തനിക്ക് ഇഷ്ടമല്ലെങ്കിൽ…ഐ മീൻ ഇപ്പോൾ ഒരു വിവാഹത്തിന് താത്പര്യമില്ലെങ്കിൽ കുറച്ച് വർഷം കൂടെ കാത്തിരിക്കുവാൻ ഞാൻ തയ്യാറാണ് കേട്ടോ….”

“ഏയ്..അങ്ങനെ ഒന്നും ഇല്ല…ഇത് ഞാൻ എന്റെ ഇഷ്ടപ്രകാരം എടുത്ത തീരുമാനം ആണ് ഇമ്മാനുവേൽ അച്ചാച്ചാ…”
പറഞ്ഞു കഴിഞ്ഞപ്പോഴാണ് അവൾ എന്താണ് അവനെ അഭിസംബോധന ചെയ്തത് എന്നുള്ള ബോധ്യം അവൾക്ക് വന്നത്…

അവനും അതിശയത്തോടെ അവളെ നോക്കി…
“താൻ ഇപ്പോൾ എന്നതാ എന്നെ വിളിച്ചേ.. ഒന്നും കൂടെ കേൾക്കട്ടെ….”

അവൾ മുഖം താഴ്ത്തിയിരുന്നു….അവൻ മേശയുടെ പുറത്തിരുന്ന അവളുടെ ഇടം കയ്യിൽ തന്റെ വലം കൈ കോർത്തു…അവൾ അത് വിടീക്കുവാൻ ശ്രമിക്കുന്നതിനിടയിലാണ് വെയിറ്റർ അവർക്കുള്ള ഡ്രിങ്ക്സുമായി വരുന്നത് കണ്ടത്…അവൻ അവളുടെ കൈ വിട്ടു…

അവൾ അവന്റെ മുഖത്ത് നോക്കാതെ തന്റെ ഷെയ്ക്ക് കഴിച്ചു തുടങ്ങി…

“എഡോ…പറയെടോ…താൻ എന്നതാ എന്നെ വിളിച്ചേ…”

“ഇതെന്നതാ ചെവി കേൾക്കില്ലേ…. അച്ചാച്ചാ എന്ന്….”
അവൾ കുറച്ച് കുറുമ്പോടെ പറഞ്ഞു…

അവൻ ഒന്ന് ചിരിച്ചു…അവന്റെ സന്തോഷത്തിന്റെ പ്രതിഫലനം ആയിരുന്നു അത്…താൻ ആദ്യമായ് പ്രണയിച്ചവൾ തന്നോടൊത്തുള്ള ജീവിതത്തിന് സമ്മതിച്ചു എന്നറിഞ്ഞപ്പോഴുള്ള ആഹ്ലാദം….

“അല്ലെടാ…ഈ ഇമ്മാനുവേലച്ചാച്ചൻ എന്ന് നീട്ടി വിളിക്കാൻ ബുദ്ധിമുട്ടല്ലേ….”..
അവൻ കളിയായി ചോദിച്ചു…

“ഹ്മ്മ…അത് ശെരിയാ….ഇമ്മു അച്ചാച്ചൻ എന്നാക്കിയാലോ….പക്ഷെ അതൊരു സുഖവും ഇല്ലല്ലേ….
പിന്നെ എന്താ…..”

അവൾ ഒന്ന് ആലോചിച്ചു….എന്നിട്ട് വീണ്ടും സംസാരിക്കുവാൻ തുടങ്ങി..
“മനു….മനു അച്ചാച്ചൻ….മന്വച്ചാച്ചൻ….
അത്..അതെങ്ങനെയുണ്ട്….”

അവനും ആ പേര് ഇഷ്ടമായി….ചെറുപ്പം മുതൽ എല്ലാവരും തന്നെ ഇമ്മു എന്ന് വിളിക്കുമ്പോഴും തന്റെ മമ്മിയ്ക്ക് അവൻ എപ്പോഴും മനുക്കുട്ടൻ ആയിരുന്നു എന്നവൻ ഓർത്തു….

അവൻ കണ്ണ് ചിമ്മി അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു….ആ പുഞ്ചിരിയിൽ ഉണ്ടായിരുന്നു ആ പേര് അവന് എത്രമാത്രം പ്രിയപ്പെട്ടതാണെന്നുള്ളത്….

“അപ്പോൾ താൻ എനിക്ക് മനു എന്ന് പേരിട്ട സ്ഥിതിക്ക് ഞാൻ തനിക്കും ഒരു പേര് കണ്ട് വച്ചിട്ടുണ്ട്…എല്ലാവർക്കും സ്റ്റെഫിയും നീലുവുമായ താൻ ഇനി മുതൽ എനിക്ക് നിലായാണ്….
മനുവിന്റെ സ്വന്തം നിലാ…💖…..”

അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു…..

“അതേ…ഇവിടെ ഇരുന്ന് നമുക്ക് സംസാരിക്കുന്നതിലും നല്ലത് മറ്റെവിടെയെങ്കിലും പോകുന്നതല്ലേ….”
മനു ചോദിച്ചു…

“അതെന്നാ അങ്ങനെ ???…”
നിലായാണ്…

“ഏയ്…ഒന്നുമില്ല…ഇവിടെ എന്തോ പോലെ..തനിക്ക് അത്യാവശ്യം സാഹസികത ഒക്കെ ഇഷ്ടമാണെങ്കിൽ നമുക്ക് ഒരു സ്ഥലം വരെ പോകാം…

ഇവിടുന്ന് കഷ്ടി ഒരു പതിനഞ്ച് കിലോമീറ്റർ…അത്രേം പോയാൽ ഒരുഗ്രൻ സ്ഥലമുണ്ട്…അങ്ങോട്ടേക്ക് പോയാലോ…”.
മനു ആകാംഷയോടെ ചോദിച്ചു…

“എങ്ങോട്ടേക്കാണെന്ന് പറ അച്ചാച്ചൻ…എങ്കിലേ എനിക്ക് അപ്പായോട് ചോദിക്കാൻ പറ്റു….അപ്പായോട് ചോദിക്കാതെ ഞാൻ എങ്ങനാ…”

“ആടാ.. എനിക്ക് മനസ്സിലാകും…ഇവിടുന്ന് ഒരു പതിനഞ്ച് കിലോമീറ്റർ മാറി കയ്യൂരിൽ ഒരു നാടുകാണി വ്യൂ പോയിന്റ് ഉണ്ട്…അങ്ങോട്ടേക്ക്….
എന്റെ കയ്യിൽ ബൈക്കും ഉണ്ട്…”

“ഞാൻ അപ്പായോട് ഒന്ന് ചോദിക്കട്ടെ….”

അവൾ ആന്റണിയെ ഫോൺ ചെയ്ത് ചോദിക്കുന്ന സമയം കൊണ്ട് അവൻ പൈസയും കൊടുത്ത് ഗൂഗിൾ മാപ്പിൽ അങ്ങോട്ടേക്ക് പോകുവാനുള്ള വഴി തപ്പിക്കൊണ്ടിരുന്നു…

“പോകാം.. “…നിലായുടെ ശബ്ദം കേട്ടിട്ടാണ് അവൻ ഫോണിൽ നിന്നും കണ്ണെടുത്തത്….

“അപ്പ സമ്മതിച്ചോ….”

“മന്വച്ചാച്ചൻ കൂടെയുണ്ടെന്ന് പറഞ്ഞപ്പോൾ സമ്മതിച്ചു…പിന്നെ ഇന്നലെ രാത്രി മഴ പെയ്തതുകൊണ്ട് സൂക്ഷിച്ചു പോകണം എന്നും പറഞ്ഞു….”

അവൻ ഒന്ന് ചിരിച്ചു…

അവർ ഒന്നിച്ച് പുറത്തേക്കിറങ്ങി…അവൻ അവിടെ നിർത്തിയിട്ടിരുന്ന ഒരു ബജാജ് അവഞ്ചറിന് നേരെ നടന്നു….

“നീ ഇങ്ങനെ നോക്കണ്ട…ഇത് എന്റെ വണ്ടിയല്ല….ഞാൻ ഇവിടെ അടുത്ത് മമ്മിയുടെ കൂട്ടുകാരിയുടെ വീട്ടിലാണ് കഴിഞ്ഞ രണ്ട് ദിവസമായി താമസം…ആന്റിയുടെ മകന്റെ വണ്ടിയാ…നീ കേറ്….”
ആ വണ്ടിയെ തന്നെ നോക്കി നിന്ന നിലായെ നോക്കി മനു പറഞ്ഞു….

അവൾ അവന്റെ പിറകിൽ കയറി….ഒരു കൈ അവൾ മനുവിന്റെ തോളിൽ പിടിച്ചു…മറു കൈ കൊണ്ടവളുടെ സ്ലിങ് ബാഗിനെ പൊതിഞ്ഞുപിടിച്ചുകൊണ്ട് അവർ തിരിച്ചു…നാടുകാണി വ്യൂപോയിന്റിലേക്ക്….

**************************************************************************************

നാടുകാണി വ്യൂ പോയിന്റ്….പാലായിൽ നിന്നും പതിനഞ്ച് കിലോമീറ്റർ മാത്രം ദൂരെ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു സ്ഥലം….

നിരവധി പാറക്കൂട്ടങ്ങൾ അടങ്ങിയ…സമുദ്രനിരപ്പിനും ഏറെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സ്ഥലം…

അവിടെ നിന്നാൽ പച്ച പുതച്ച പ്രകൃതിക്ക് ആവരണമായി മാറിയ…കണ്ടാൽ പാൽക്കടൽ എന്ന് തോന്നുന്ന വിധം മഞ്ഞിനാൽ പുതച്ച മലനിരകളെ കാണുവാൻ കഴിയും….

വണ്ടി മുകളിലേക്ക് ചെല്ലാത്തതിനാൽ അവർ കുറച്ചു താഴെയായി വണ്ടി നിറുത്തി നടക്കുവാനാരംഭിച്ചു…

തലേരാത്രിയിലെ മഴകാരണം അന്തരീക്ഷം ആകെ തണുത്തിരുന്നു…കൂടാതെ വഴിയിൽ പല ഭാഗങ്ങളിലും വഴുവഴുക്കലുകളും ഉണ്ടായിരുന്നു….

എങ്കിലും അവൾ മനുവിനോട് ചേർന്ന് നടന്നു…അവൻ അവളെ ഒരു കുഞ്ഞിനെ കൊണ്ടുപോകും പോലെ സൂക്ഷിച്ചാണ് കൊണ്ടുപോയത്….

അവന്റെ സംരക്ഷണവും കരുതലും കണ്ടപ്പോൾ തന്നെ അവൾക്ക് മനസ്സിലായി തന്റെ മാതാപിതാക്കളുടെ തീരുമാനം ഒരിക്കലും തെറ്റല്ല എന്ന്…

കുറച്ചുകൂടെ നടന്ന് കയറിയപ്പോൾ അവർ കണ്ടു…വള്ളിപ്പടർപ്പുകളും കൂറ്റൻ പാറകളും നിറഞ്ഞ നിരപ്പായ സ്ഥലം….

അന്തരീക്ഷത്തിൽ തണുപ്പ് നിലനിൽക്കുന്നുണ്ടായിരുന്നു…കൂടാതെ രാവിലെ പതിനൊന്ന് മണി ആണെങ്കിൽ പോലും മലനിരകൾ കോട പുതച്ച് നിന്നിരുന്നു…

തലേദിവസത്തെ മഴയുടെ ബാക്കി പത്രമായി അങ്ങിങ്ങായി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ തുള്ളിച്ചാടി നടക്കുന്ന തവളക്കൂട്ടം നല്ല രസമുള്ള കാഴ്ചയായിരുന്നു…

ഇടദിവസമായതിനാൽ തന്നെ നാലോ അഞ്ചോ പേര് മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു…

അവർ കുറച്ചുകൂടെ മുന്നിലേക്ക് നടന്നു…അവിടെ നിന്നും നോക്കിയാൽ മൂന്ന് ജില്ലകളുടെ പ്രകൃതി വിസ്മയം കാണുവാൻ കഴിയുമായിരുന്നു….

താഴേക്ക് നോക്കിയാൽ കൂറ്റൻ താഴ്ച ആയതിനാൽ നിലാ മനുവിന്റെ കൈകളിൽ മുറുകെ പിടിച്ചിരുന്നു…അവൻ അവളെ ചേർത്ത് പിടിച്ചു….

കോട്ടയം ഇടുക്കി ആലപ്പുഴ എന്നീ ജില്ലകളെ അവിടെ നിന്നും കാണുവാൻ സാധിക്കും…കൂടാതെ ഇല്ലിക്കൽ കല്ലും… പാറയുടെ ഒഴുകി വരുന്ന പതു പതുത്ത ചെറിയ വെള്ളച്ചാട്ടങ്ങൾ ഒരു വെള്ളിനൂലുപോലെ തിളങ്ങി നിൽക്കുന്നുണ്ടായിരുന്നു….

നിലാ ഇതെല്ലാം കണ്ട് വിസ്മയം പൂണ്ടുനിന്നു….താൻ ഇത്രയും അടുത്തായിട്ട് പോലും ഒരിക്കൽ പോലും ഇവിടേക്ക് വന്നിട്ടില്ലല്ലോ എന്നവൾ ഓർത്തു….

കുറച്ചുനേരം അവിടെ നിന്നതിന് ശേഷം അവർ അവിടെയുള്ള ഒരു പാറയുടെ പുറത്തിരുന്നു… പ്രകൃതി തന്നെ അണിയിച്ചൊരുക്കിയ ഇരിപ്പിടം…

മനു പതിയെ നിലായുടെ കൈകൾ കവർന്നു…എന്നിട്ട് പറഞ്ഞു തുടങ്ങി…

“ഞാൻ ഇവിടെ വന്നത് മറ്റൊന്നുമല്ല…എന്നെക്കുറിച്ചു പറയാൻ ഇതുപോലുള്ളൊരു സ്ഥലമാണ് നല്ലത്…തികച്ചും ശാന്തമായ ഒരന്തരീക്ഷം…കൂടാതെ നല്ല കാലാവസ്ഥയും….”

നീലു അവനെ നോക്കി ഒന്ന് ചിരിച്ചു..
അവൻ തുടർന്നു….

“എന്റെ പേരും വീട്ടുപേരും ഒക്കെ നിലായ്ക്ക് അറിയാമല്ലോ…

ഞാൻ ജനിച്ചതും വളർന്നതുമെല്ലാം മൂവാറ്റുപുഴയിലെ വാഴക്കുളം എന്ന് പറയുന്ന സ്ഥലത്താണ്…

പപ്പ തോമസ് ആർമിയിൽ ആയിരുന്നു…മമ്മി ജെസ്സിക്ക് ജോലി ഉണ്ടായിരുന്നില്ല….സന്തുഷ്ടമായ കുടുംബം ആയിരുന്നു ഞങ്ങളുടേത്…

പപ്പ ആർമിയിൽ ആയിരുന്നെങ്കിൽ പോലും യാതൊരു വിധ കാർക്കശ്യമുള്ള വ്യക്തി ആയിരുന്നില്ല….പപ്പാ അവധിക്ക് വരുവാനായി കാത്ത് നിൽക്കുന്ന ബാല്യമായിരുന്നു ഞങ്ങളുടേത്….

ഞാനും ചേച്ചിയും തമ്മിൽ അഞ്ച് വയസ്സിന്റെ വത്യാസവും ഉണ്ട്…അതിനാൽ തന്നെ വീട്ടിലെ ഒരു കുട്ടിക്കുറുമ്പൻ തന്നെ ആയിരുന്നു ഞാൻ….മമ്മിയായിരുന്നു എന്റെ ബെസ്റ്റ് ഫ്രണ്ട്…

അങ്ങനെ ഞങ്ങളുടെ ജീവിതം സന്തോഷകരമായി പൊയ്ക്കൊണ്ടിരുന്നു….അങ്ങനെയിരിക്കെ എനിക്ക് ഒരു പന്ത്രണ്ട് വയസ്സുള്ള സമയത്താണ് മമ്മിയ്ക്കൊരു പനി വരുന്നത്….

അന്ന് ആശുപത്രിയിൽ പോകുവാൻ ഞങ്ങളും കാശ്മീരിൽ നിന്ന് പപ്പയും ഫോൺ വിളിച്ചപ്പോൾ പറഞ്ഞെങ്കിലും മമ്മി അനുസരിച്ചില്ല….

അല്ലെങ്കിലും അമ്മമാർ അങ്ങനെയാണല്ലോ….സ്വന്തം ഭർത്താവിനോ കുട്ടികൾക്കോ എന്തെങ്കിലും ചെറിയ അസുഖം വന്നാൽ വേവലാതിപ്പെടും… എന്നാൽ തനിക്ക് ഒരസുഖം വന്നാൽ അത് നിസ്സാരമായി കണ്ട് അടങ്ങിയൊതുങ്ങിയിരിക്കാതെ എല്ല ജോലികളും ചെയ്ത് നടക്കും…

അങ്ങനെയായിരുന്നു അമ്മയും….മമ്മി ആ പനി കാര്യമാക്കിയില്ല…അവസാനം ഒരു ദിവസം ഞങ്ങൾ സ്‌കൂളിൽ നിന്ന് തിരികെ വന്നപ്പോൾ കാണുന്നത് ബോധരഹിതയായി കട്ടിലിൽ കിടക്കുന്ന മമ്മിയെയാണ്….

ഇച്ചേച്ചി ഓടിച്ചെന്ന് അമ്മയുടെ ദേഹത്ത് തൊട്ടപ്പോൾ പൊള്ളുന്ന പനിയായിരുന്നു… ഞങ്ങൾ വേഗം അടുത്ത വീട്ടിലെ അങ്കിളിനെ വിളിച്ചുകൊണ്ട് ആശുപത്രിയിൽ ചെന്നു…

പപ്പയും മമ്മിയും ഒറ്റമോനും ഒറ്റമോളും ആയതിനാൽ സഹോദരങ്ങൾ ഉണ്ടായിരുന്നില്ല….ഞങ്ങൾ വേഗം രണ്ട് അപ്പച്ചന്മാരെയും വിളിച്ച് വിവരം പറഞ്ഞു…

അങ്ങനെ അവരെത്തി…കൂടാതെ പപ്പാ എമർജൻസി ലീവ് എടുത്ത് നാട്ടിലേക്ക് തിരിച്ചു…

പപ്പാ എത്തി മൂന്നാം ദിവസം ‘അമ്മ മരണത്തിന് കീഴടങ്ങി…ന്യൂമോണിയ ആയിരുന്നു…ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ശ്വാസകോശം മുഴുവനും പടർന്നിരുന്നു….”
.അത് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവൻ കരഞ്ഞിരുന്നു…

നിലാ മനുവിനെ തന്റെ നെഞ്ചോട് ചേർത്ത് പൊതിഞ്ഞ് പിടിച്ചു…അൽപ്പ സമയം കഴിഞ്ഞവൻ അടർന്ന് മാറി….മഴയ്ക്ക് മുന്നോടിയായി മന്ദമാരുതൻ വീശി തുടങ്ങിയിരുന്നു…

അവളുടെ നീളൻ മുടി ഒതുക്കിവയ്ക്കാൻ അവൾ പാടുപെടുന്നുണ്ടായിരുന്നു…

അവൻ വീണ്ടും പറഞ്ഞു തുടങ്ങി…
“അന്ന് ഇച്ചേച്ചി പന്ത്രണ്ടാം ക്ലാസിലും ഞാൻ ഏഴിലും….മമ്മി മരിച്ചിട്ട് പോലും ഇച്ചേച്ചി നന്നായി പരീക്ഷ എഴുതി…കാരണം ഇച്ചേച്ചി നല്ല രീതിയിൽ തന്നെ പഠനം പൂർത്തിയാക്കണം എന്നുള്ളത് മമ്മിയുടെ സ്വപ്നം ആയിരുന്നു..

അങ്ങനെ ഇച്ചേച്ചി പന്ത്രണ്ടാം ക്ലാസ്സും കൂടെ മെഡിക്കൽ എൻട്രൻസ് ആദ്യത്തെ തവണ തന്നെ മെറിറ്റിൽ പാസായി…അങ്ങനെ ഇച്ചേച്ചി പതുക്കെ ഹോസ്റ്റൽ ജീവിതത്തിലേക്ക് കാലുവച്ചു…

പപ്പാ പിന്നെ തിരികെ പോയില്ല…ഞങ്ങൾ രണ്ടുപേരും മാത്രമായി വീട്ടിൽ…അത് ഞങ്ങൾ തമ്മിലുള്ള ആത്മബന്ധം കൂട്ടുവാൻ സഹായിച്ചു…

അങ്ങനെ ഞങ്ങൾ നീണ്ട ആറ് വർഷക്കാലം ഒന്നിച്ചായിരുന്നു….ആ സമയം കൊണ്ട് ഇച്ചേച്ചിയുടെ കോഴ്‌സ് കഴിഞ്ഞിരുന്നു…വിവാഹം കഴിഞ്ഞതിന് ശേഷം പി.ജി ചെയ്യാം എന്നും തീരുമാനിച്ചു…

അങ്ങനെ മാത്യൂസ് ആളിയനുമായുള്ള വിവാഹവും കഴിഞ്ഞു….അത് കഴിഞ്ഞാണ് അവൾ പി.ജി ചെയ്തത്…അതിനാൽ തന്നെ കുഞ്ഞുങ്ങളുണ്ടാകാനും വൈകി….

ഞാനും ചേച്ചിയുടെ പാത പിന്തുടർന്നു….മെറിറ്റിൽ തന്നെ മെഡിക്കൽ കോളേജിൽ ചേർന്നു…

ഞാനും കൂടെ പോയതിൽ പിന്നെ പപ്പ തനിച്ചായി…അങ്ങനെയാണ് പപ്പ യാത്രകളിലേക്ക് തിരിഞ്ഞത്.. പപ്പയുടെ ഹിമാലയൻ പടക്കുതിരയിൽ…നല്ല അസ്സൽ യാത്രാ പ്രേമിയാണ് ആള്…

ഇതാണ് താൻ ഇനി കടന്ന് വരുവാൻ പോകുന്ന എന്റെ കുടുംബത്തിന്റെ ചുറ്റുപാട്…

ഇപ്പോൾ ഞങ്ങൾ ചെന്നൈയിലാണ്….ഞങ്ങൾ എല്ലാവരും ഒരേ അപാർട്ട്മെന്റിൽ ആണ് താമസം…

പപ്പാ താഴത്തെ നിലയിലുള്ള ഒരു സ്റ്റുഡിയോ ഫ്‌ളാറ്റിലും ഞാനും ഇച്ചേച്ചിയും അവിടെ തന്നെ മൂന്നാം നിലയിലുള്ള ഫ്‌ളാറ്റുകളിലും താമസിക്കുന്നു…എന്റെ ഫ്‌ളാറ്റിന്റെ നേരെ എതിർ വശത്താണ് ഇച്ചേച്ചി….

പപ്പായോട് കൂടെ വന്ന് താമസിക്കാൻ പറഞ്ഞാൽ കേൾക്കില്ല…വല്ലപ്പോഴുമൊക്കെയെ അവിടെ കാണുകയുള്ളൂ…മിക്ക സമയങ്ങളിലും ഉലകം ചുറ്റും വാലിബനാണ് ആള്….”.

അവൻ പറഞ്ഞു നിറുത്തി….

അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു….അപ്പോഴേക്കും കാറ്റ് ആഞ്ഞു വീശാൻ തുടങ്ങി….ദൂരെ നിന്നും മഴ ചാറി വരുന്നത് അവർ കണ്ടു…അത് തങ്ങളുടെ അടുത്തെത്തുന്നതിന് മുന്നേ നിലാ തന്റെ കയ്യിലുണ്ടായിരുന്ന കുട നിവർത്തിയിരുന്നു….

അവർ കുടയ്ക്കകത്തേയ്ക്ക് കയറിയതും മഴ അവരെ പൊതിഞ്ഞതും ഒന്നിച്ചായിരുന്നു….മഴയുടെ ശക്തി വളരെ കൂടുതലായതിനാൽ അവരുടെ ദേഹം മുഴുവനും നനഞ്ഞിരുന്നു…എന്നാൽ മനുവിന്റെ കൈകൾ അവളെ പൊതിഞ്ഞു പിടിച്ചിരുന്നു…അവൾ യാന്ത്രീകമായി അവന്റെ നെഞ്ചോട് ചേർന്ന് നിന്നു…

ഇരുവരുടെയും ശരീരത്തിലൂടെ ഒരു തരിപ്പ് പാഞ്ഞു പോയി….പെട്ടന്നാണ് ഒരു ഇടി വെട്ടിയത്…അവൾ പേടിച്ച് മനുവിനെ അള്ളിപ്പിടിച്ചു….മനു അവളെ ഒരു കൈകൊണ്ട് ചേർത്ത് പിടിച്ചുകൊണ്ട് ഒരു മരത്തിന്റെ കീഴിലേക്ക് മാറി നിന്നു….

കുന്നിൻ മുകളിൽ തന്റെ പ്രണയിനിയോടൊപ്പം ഉള്ള മഴ അവൻ ആവോളം ആസ്വദിച്ചു…ഈ സമയം എല്ലാം അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു നിലാ…..

**************************************************************************************

ഇരുവരുടെയും സമ്മതം ലഭിച്ചതിനനുസരിച്ച് വിവാഹതീയത്തി കുറിക്കപ്പെട്ടു….

നിലായുടെ പരീക്ഷ കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞ് വിവാഹം നടത്തുവാൻ തീരുമാനിച്ചു….

അതിന് മുന്നേയുള്ള വിവാഹ ഉറപ്പിക്കലാണ് ഇന്ന്….

പാലയിലുള്ള നിലായുടെ ഇടവക പള്ളിയിലാണ് ഉറപ്പിക്കൽ ചടങ്ങ് നടത്തുന്നത്….

നിലാ വളരെ ഭംഗിയായി തന്നെ ഒരുങ്ങി…നേവി ബ്ലൂവും ചിക്കു കളറും ചേർന്നുള്ള ഒരു ലാച്ചയായിരുന്നു അവളുടെ വേഷം…മനു അതേ നിറത്തിലുള്ള ഷെർവാണിയും…..

സോനുവും ആൽവിനും രണ്ടുപേരുടെയും കൂടെത്തന്നെ ഉണ്ടായിരുന്നു…അങ്ങനെ അവസാനം മനു എന്നെഴുതിയ മോതിരം നിലായുടെയും നിലാ എന്നെഴുതിയ മോതിരം മനുവിന്റെ കയിലേക്കും ഇട്ടുകൊടുത്ത് ഇരുവരും തങ്ങളുടെ പാതിയിന്മേലുള്ള അവകാശം ഊട്ടിയുറപ്പിച്ചു….

പിന്നീട് കാത്തിരിപ്പായിരുന്നു…. രണ്ട് മാസക്കാലം പുഷ്പ്പം പോലെ കടന്നു പോയി….

ഇതിനിടയിൽ നിലായും സോനുവും പരീക്ഷ വളരെ ഭംഗിയായി തന്നെ എഴുതി…കല്യാണത്തിന്റെ തിരക്കുകൾ കാരണം പരീക്ഷയ്ക്ക് ശേഷം ഒന്ന് വിശ്രമിക്കുവാൻ കൂടെ അവൾക്ക് കഴിഞ്ഞില്ല….

അങ്ങനെ അവരുടെ വിവാഹ സുദിനം വന്നെത്തി….

നിലാ മനു തിരഞ്ഞെടുത്ത വെള്ള സാരിയിൽ അതീവ സുന്ദരിയായി കാണപ്പെട്ടു….മുടിയെല്ലാം ഒന്നിച്ചു കെട്ടിവെച്ച് ഒരു ചെറിയ കിരീടവും വച്ച് വരുന്ന നിലായെ കണ്ടാൽ ഒരു മാലാഖ നടന്ന് വരുന്ന പ്രതീതിയായിരുന്നു…

മനുവാണെങ്കിൽ വെള്ള നിറമുള്ള ഷർട്ടും കറുത്ത നിറമുള്ള സ്യൂട്ടും ആയിരുന്നു വേഷം…മനുവും സുന്ദരനായി കാണപ്പെട്ടു..

വാഴക്കുളത്തുള്ള മനുവിന്റെ പള്ളിയിൽ വച്ചായിരുന്നു മിന്ന് കെട്ട്…

അങ്ങനെ മന്ത്രകോടിയിലുള്ള ഏഴ് നൂലിഴകൾ പിരിച്ചുണ്ടാക്കിയ ചരടിൽ മിന്ന് കോർത്ത് അത് നിലായുടെ കഴുത്തിൽ കെട്ടി അവൻ അവളെ അവന്റെ നല്ല പാതിയാക്കി….പിന്നീട് ആ മന്ത്രകോടി കൊണ്ടുതന്നെ അവളെ അവൻ പൊതിഞ്ഞു…

മിന്ന് കെട്ടിന് ശേഷം വിവാഹത്തിന്റെ കാർമീകത്വം വഹിച്ച പള്ളിയിലെ അച്ചൻ ഉഭയ സമ്മതത്തിനായി ഇരുവരുടെയും കൈകളെ ചേർത്തു….

ആദ്യം ഇമ്മാനുവേൽ ആണ് പറഞ്ഞു തുടങ്ങിയത്…പിന്നീട് സ്റ്റെഫിയും…

“ഇമ്മാനുവേൽ ആകുന്ന ഞാൻ സ്റ്റെഫിയാകുന്ന നിന്നെ സ്നേഹത്തോടെയും സന്തോഷത്തോടെയും വിശ്വസ്തതയോടെയും കൂടെ നിന്നെ എന്റെ ഭാര്യയായി സ്വീകരിച്ചുകൊള്ളുന്നു…

ഞാൻ ഇന്നേദിവസം മുതൽ ഇനി എന്നേക്കും സുഖത്തിലും ദുഃഖത്തിലും സന്തോഷത്തിലും സന്താപത്തിലും രോഗത്തിലും സൗഖ്യത്തിലും കർത്താവ് നമുക്ക് നൽകുന്ന ഏത് സാഹചര്യത്തിലും മരണം നമ്മെ വേര്പിരിക്കും വരെ സ്നേഹിക്കുകയും പരിപാലിക്കുകയും എന്റെ കടമകൾ എല്ലാം ചെയ്തുകൊള്ളാമെന്നും പിതാവിന്റെയും പുത്രന്റെയും പരിശുദ്ധ റൂഹായുടെയും നാമത്തിൽ ഞാൻ ഇതിനാൽ സത്യം.ചെയ്തുകൊള്ളുന്നു…”

“സ്റ്റെഫി ആകുന്ന ഞാൻ ഇമ്മാനുവേൽ ആകുന്ന അങ്ങയെ സ്നേഹത്തോടെയും സന്തോഷത്തോടെയും വിശ്വസ്തതയോടെയും കൂടെ എന്റെ ഭർത്താവായി സ്വീകരിച്ചുകൊള്ളുന്നു…

ഞാൻ ഇന്നേദിവസം മുതൽ ഇനി എന്നേക്കും സുഖത്തിലും ദുഃഖത്തിലും സന്തോഷത്തിലും സന്താപത്തിലും രോഗത്തിലും സൗഖ്യത്തിലും കർത്താവ് നമുക്ക് നൽകുന്ന ഏത് സാഹചര്യത്തിലും മരണം നമ്മെ വേര്പിരിക്കും വരെ സ്നേഹത്താൽ അങ്ങേയ്ക്ക് കീഴ്പെട്ടിരിക്കുകയു.

എന്റെ കടമകൾ.എല്ലാം നിറവേറ്റുകയും ചെയ്യുമെന്ന് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധ റൂഹായുടെയും നാമത്തിൽ ഞാൻ ഇന്നേ ദിവസം സത്യം.ചെയ്ത് കൊള്ളുന്നു..”

(തുടരും….)

ജീവാംശമായ് : ഭാഗം 1

ജീവാംശമായ് : ഭാഗം 2

ജീവാംശമായ് : ഭാഗം 3

ജീവാംശമായ് : ഭാഗം 4

ജീവാംശമായ് : ഭാഗം 5

ജീവാംശമായ് : ഭാഗം 6

ജീവാംശമായ് : ഭാഗം 7

ജീവാംശമായ് : ഭാഗം 8

ജീവാംശമായ് : ഭാഗം 9