ഇരട്ടച്ചങ്കൻ : ഭാഗം 6
എഴുത്തുകാരി: വാസുകി വസു
“എന്തുവാടീ നാത്തൂനെയിത്.ഇയാളെന്താ ഇവിടെ”
ഉളളിലെ സങ്കോചം പുറത്ത് കാണിക്കാതെ അവർക്ക് മുമ്പിൽ ഞാൻ ധൈര്യം സംഭരിച്ചു.
“ഒന്നൂല്ലെടീ വിശദമായിട്ടെല്ലാം ഞാൻ പറയാം. നീ കിടന്നിനി വിളിച്ചു കൂവി വീട്ടുകാരെക്കൂടി അറിയിക്കാതെ”
ജാനകിയുടെ സംസാരം കേട്ടെനിക്ക് ചെറുതായി ധൈര്യം വന്നു തുടങ്ങി..
“ഓ ഞാനായിട്ടൊന്നും അറിയിക്കാൻ പോകുന്നില്ല”
മുഖം വീർപ്പിച്ചു ഞാനങ്ങനെ നിന്നു.രാവണൻ എനിക്കരുകിലെത്തിയൊന്ന് പുഞ്ചിരിച്ചു…
“ഇയാളെന്തിനാടോ ഇന്നലെ വീട്ടിൽ വന്നെന്നെ പേടിപ്പിച്ചത്”
“അതിനു ഞാൻ പറഞ്ഞോടീ നീ പേടിക്കാൻ”
അയാളുടെ കളിയാക്കൽ കേട്ടെനിക്ക് കലി കയറി..
“ഡോ,, താനെ അധികം ഞെളിയണ്ടാ”
ചിരപരിചിതയെപ്പോലെ ഞാൻ രാവണനോട് സംസാരിക്കുന്നത് കണ്ട് ജാനകിയുടെ കണ്ണുതളളി…
“നീയാണെടീ എന്റെ ധൈര്യമെന്ന രീതിയിൽ ഞാൻ നാത്തൂനെ കണ്ണിറുക്കി കാണിച്ചു…
“എന്നിട്ട് ഞാനിന്നലെ കണ്ടില്ലല്ലോ നിന്റെ ധൈര്യം. പാവം വീട്ടുകാരുടെ ഉറക്കം കൂടി കളഞ്ഞിട്ടാ തള്ളുന്നത്”
രാവണന്റെ ഡയലോഗ് കേട്ടതോടെ എനിക്ക് മതിയായി.കൂടുതൽ സീനിക്കാതെ ഞാൻ അടങ്ങിയൊതുങ്ങി നിന്നു…
‘രണ്ടും കൂടി വെറുതെ വഴക്കിടേണ്ടാ”
ജാനകി ഞങ്ങൾക്കിടയിൽ സമാധാന ഉടമ്പടി തീർത്തു…
“നയനേ ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം.മുഴുവനും കേൾക്കാതെ നീ വായ് തുറക്കരുത്..”
നാത്തൂൻ മുന്നറിയിപ്പ് നൽകിയതോടെ ഞാൻ അവൾ പറയുന്നത് കേൾക്കാൻ കാതോർത്തു….
“രാവണൻ രാത്രിയിൽ അവിടെ വന്നത് നിന്നെ കാണാൻ ആയിരുന്നു. അതിനു കഴിയാതെ വന്നിട്ട് ഇവിടേക്ക് വന്നു.ഇവിടെ മുറിയിൽ ഒളിപ്പിച്ചു ഞാൻ”
“എന്തിനാടീ ഇയാൾ നമ്മളെ പിന്തുടരുന്നത്”
എന്റെ സംശയത്തിന്റെ മുന രാവണനിലേക്ക് നീണ്ടു…അയാളുടെയും എന്റെയും കണ്ണുകൾ പരസ്പരമൊന്ന് കോർത്തു…
“ബാക്കി ഞാൻ പറയാം”
രാവണൻ മുമ്പോട്ട് വന്നു…
“ഞാനും കർണ്ണനും ഒരുമിച്ചായിരുന്നു ജയിലിൽ.കർണ്ണന്റെ സഹായത്താലാണ് ഞാൻ ജയിൽ ചാടിയതും.അവൻ പറഞ്ഞിട്ടാണ് ഞാൻ ഇവിടേക്ക് വന്നത്”
രാവണന്റെ തുറന്നു പറച്ചിൽ കേട്ടതോടെ എനിക്കും താല്പര്യമേറി…
“ഏട്ടനെ കുറിച്ച് എല്ലാവരും നല്ലതെന്ന് പറയുന്നത് കേൾക്കാൻ എനിക്ക് ഇഷ്ടമാണ്. അതിലുപരി അഭിമാനവും…ഏട്ടൻ ഒരിക്കലും അനീതിക്ക് കൂട്ടു നിൽക്കില്ല.രാവണന്റെ ഭാഗത്ത് എന്തെങ്കിലും ന്യായം ഏട്ടൻ കണ്ടെത്തിയിരിക്കും..
” ചെയ്യാത്ത തെറ്റിനാണ് ഞാൻ ജയിലിൽ ആയത്.ഞാനല്ല എന്റെ ഭാര്യയെയും മക്കളെയ കൊല ചെയ്തത്”
ധൈര്യശാലിയും അഹങ്കാരിയുമെന്ന് ഞാൻ കരുതിയ രാവണന്റെ കണ്ണുകളിൽ സങ്കടം ഇരമ്പിയതോടെ അയാൾ പറയുന്നത് സത്യമെന്ന് എനിക്ക് തോന്നി…
പരുക്കനെന്ന് കരുതിയ മനുഷ്യന്റെ സാധാരണ മനസ് ഉരുകുന്നത് കണ്ടെന്റെ നെഞ്ച് ഉരുകി തുടങ്ങി.ഒപ്പം ആ മനുഷ്യനോടൊരു സഹാനുഭൂതി ഉണരുകയും ചെയ്തു…
“ബാക്കി രണ്ടു പേരെ നിങ്ങളല്ലെ കൊന്നത്”
“നോ”.. അലറുകയായിരുന്നു അയാൾ..
” ശ്ശൊ,,, രാവണാ ഒന്ന് പതുക്കെ പറയ്.അച്ഛനും അമ്മയും വീട്ടിലുണ്ട്”
ജാനകി രാവണനെ ഓർമ്മപ്പെടുത്തി….
“സോറി ജാനകി…പെട്ടെന്ന് ടെൻഷനായി.റിയലി സോറി”
രാവണൻ ക്ഷമ ചോദിച്ചയതേ നിമിഷം വാതിലിൽ മുട്ടുന്ന ശബ്ദവും ജാനകിയുടെ അമ്മ വിളിക്കുന്ന ഒച്ചയും കേട്ടു…
“ജാനകീ ഡീ ജാനകീ”
എല്ലാവരും പരസ്പരമൊന്ന് മുഖാമുഖം നോക്കി. ജാനകി കണ്ണുകാണിച്ചതും രാവണൻ തിരികെ ചെന്ന് അറ്റാച്ച്ഡ് ബാത്ത് റൂമിയിൽ കയറി…
അതേ നിമിഷത്തിൽ ജാനകി കതകും തുറന്നു…
“എന്താ അമ്മേ”
ജാനകിയുടെ മുഖത്ത് ഈർഷയുമേറി..
“നിങ്ങൾക്കൊന്നും കഴിക്കണ്ടേ സമയം രണ്ടായി”
എന്റെയും ജാനകിയുടെയും കണ്ണുകൾ പരസ്പരം സംസാരിച്ചു.അർത്ഥം മനസിലാക്കിയതും നാത്തൂനിൽ അർത്ഥഗർഭമായൊരു മന്ദഹാസം വിരിഞ്ഞു…
“ദാ..അമ്മേ ഞങ്ങൾ വരുവാ”
അമ്മ പിന്തിരിഞ്ഞ പിന്നാലെ ഞാനും ജാനകിയും കൂടി ഡൈനിങ് റൂമിലേക്ക് ചെന്നു…
“രണ്ടു പേരും ഇരിക്ക്..അമ്മ വിളമ്പി തരാം”
“അച്ഛനെവിടെ..കഴിക്കുന്നില്ലേ”
“അച്ഛനു വിശക്കൂന്നു പറഞ്ഞു നേരത്തെ കഴിച്ചു..കൂടെ ഞാനും”
ജാനകിയോടായി അമ്മ പറഞ്ഞു…
അമ്മ പ്ലേറ്റെടുത്ത് അതിൽ ചോറ് വിളമ്പി.കറികളും മേശയിൽ നിരന്നതോടെ ഞാനും ജാനകിയും എഴുന്നേറ്റു..
“ഞങ്ങൾ റൂമിലിരുന്ന് കഴിച്ചോളാം”
“അതിനെന്താ പതിവില്ലാത്തൊരു ശീലം”
അമ്മയുടെ മുഖത്ത് അമ്പരപ്പ് നിറഞ്ഞതും ഞാൻ ഇടയിൽ കയറി…
“ഒരു ചേഞ്ചൊക്കെ ആരാണമ്മേ ഇഷ്ടപ്പെടാത്തത്”
ഞാൻ അമ്മയെ നന്നായിട്ടൊന്ന് പതപ്പിച്ചു…
ഞങ്ങളുടെ ലക്ഷ്യം രാവണനും ഭക്ഷണം നൽകുകയെന്നതാണ്..
“പാവം ഇന്നലെ രത്രി ജാനകി കൊടുത്ത ബ്രഡ് മാത്രം കഴിച്ചതാണ്.രാവിലെയും ശൂന്യമാണ് അയാളുടെ വയറ്”
“അമ്മ എപ്പോഴും പറയാറില്ലേ ജാനകി ശരിക്കും ഭക്ഷണം കഴിക്കില്ല.അവൾക്ക് വണ്ണം വെക്കുന്നില്ലെന്നുമൊക്കെ.ഇന്നു മുതൽ ഞാനേറ്റു ജാനകിയുടെ കാര്യം”
അമ്മയുടെ മുഖം സന്തോഷത്തോടെ തിളങ്ങിയതോടെ ചോറും കറികളും ഞങ്ങൾ കൂടുതലെടുത്ത് റൂമിലേക്ക് ചെന്നു….
“ഹൊ..ഭാഗ്യം.. അമ്മക്ക് സംശയമൊന്നും വരാഞ്ഞത്”
ആശ്വാസത്തോടെ ഞാൻ നെടുവീർപ്പെട്ടു…
റൂമിലെത്തി കതക് ഭദ്രമായി അടച്ചതിനുശേഷം ജാനകി ചെന്ന് ബാത്ത് റൂമിന്റെ കതകിൽ തട്ടി.സിഗ്നൽ ലഭിച്ചതും രാവണൻ ഇറങ്ങി വന്നു…
“വാ ഭക്ഷണം കഴിക്കാം.. നിങ്ങൾക്ക് കൂടിയുളളതും എടുത്തിട്ടുണ്ട്”
“താങ്ക്സ്”
നന്ദി പറഞ്ഞു രാവണനും ഞങ്ങളും കൂടി കൈകഴുകി വന്നു.രാവണൻ ആർത്തിയോടെ ഭക്ഷണം കഴിക്കുന്നത് ഞാൻ ശ്രദ്ധിച്ചു…
“എനിക്ക് പാവം തോന്നി ആ മനുഷ്യനോട്.താലി ചാർത്തി നെഞ്ചോട് ചേർത്ത ഭാര്യയും കുഞ്ഞുമക്കളും കൊല ചെയ്യപ്പെട്ടത് എങ്ങനെ സഹിക്കിന്നു ഈ മനുഷ്യൻ…
എനിക്ക് എന്തെന്നില്ലാത്ത സഹതാപം തോന്നി രാവണനോട്…
രാമായണത്തിലെ രാവണൻ സീതയെ ആഗ്രഹിച്ചിരുന്നു… മറ്റൊരാളുടെ പത്നിയായിരുന്നിട്ടു കൂടി….
പതിയായവളെ പ്രണയിക്കുന്നതാണോ പ്രണയം.. രാവണനും പത്നിയുണ്ടായിരുന്നില്ലേ..മനസ് കൊണ്ട് ഒരു ഭർതൃമതിയെ ആഗ്രഹിക്കുന്നത് തെറ്റല്ലേ..ആണൊ?…
മനസ്സിലേക്ക് നൂറായിരം ചോദ്യങ്ങൾ ഒരുമിച്ച് എത്തിയെങ്കിലും അതിലെ ശരികേട് തിരയുകയായിരുന്നില്ല എന്റെ ലക്ഷ്യം….
സ്വന്തം ഭാര്യയുടെ പാതിവൃത്യത്തിൽ മറ്റുളളവരുടെ വാക്കുകൾ കേട്ട് അഗ്നിപരീക്ഷക്ക് ഇരയാക്കപ്പെട്ട രാമായണത്തിലെ സീതയുമല്ല ഞാൻ… ..
ഞാൻ കർണ്ണന്റെ സഹോദരിയാണ്.. ഇരട്ടച്ചങ്കന്റെ അനിയത്തിക്കുട്ടി….
ഇന്നുവരെ പ്രണയമെന്നൊരു വികാരം ആരോടും തോന്നിയട്ടില്ല…
ആരാധനയായിരുന്നു കർണ്ണനോട്…സൂതപുത്രനായി വളർന്നെങ്കിലും കാരിരുമ്പിന്റെ കരളുറപ്പുളളവൻ കർണ്ണൻ….
എന്റെ ഇരട്ടച്ചങ്കൻ.. എന്റെ ഏട്ടൻ….കർണ്ണൻ…
മഹാഭാരത്തിലെ കർണ്ണനെ പോലെ സൂതപുത്രനായിട്ടല്ലെങ്കിലും എന്റെ സ്വന്തം ഏട്ടനല്ലെന്ന സത്യം ജയിലിൽ വെച്ച് ഏട്ടൻ പറയുന്നത് വരെ….
നെഞ്ച് വല്ലാതെ നീറിപ്പുകഞ്ഞു.. ഒരിക്കലും എനിക്ക് അങ്ങനെ അന്യനായി കാണാൻ കഴിയില്ല..എന്റെ ഏട്ടനാണ് കർണ്ണൻ…എന്റെ ഇരട്ടച്ചങ്കൻ…
“എന്തു പറ്റിയെടീ നിനക്ക്”
എന്റെ ഭാവമാറ്റം കണ്ടവൾ തിരക്കിയത്…
“ഒന്നൂല്ലെടീ ഊണു കഴിച്ചു കഴിഞ്ഞു പറയാം”
മുഖത്ത് ഊറിയ വിഷാദത്തെ ആട്ടിപ്പായിക്കാൻ ഞാൻ വ്യഥാ ശ്രമിച്ചു കൊണ്ടിരുന്നു…
ഭക്ഷണം കഴിഞ്ഞയുടനെ നാത്തൂനെന്നെ പിടികൂടി ..കൂടെ രാവണനും ഉണ്ടായിരുന്നു…
“പറയെടീ ഞാനറിയാത്ത എന്ത് രഹസ്യമാണ് നമുക്ക് ഇടയിൽ”
ജാനകിയുടെ മുഖത്തെ വിഷാദം കണ്ടതും ഏട്ടനു നൽകിയ് വാക്ക് ഞാൻ മറന്നു…
“കർണ്ണേട്ടൻ എന്റെ സഹോദരൻ അല്ല നാത്തൂനെ”
ജാനകിയും രാവണനും ഒരുപോലെ ഞെട്ടുന്നത് ഞാൻ കണ്ടില്ലെന്ന് നടിച്ചു…
“അതേ…കർണ്ണൻ എന്റെ അച്ഛനു പിറന്ന മകനല്ല..പക്ഷേ അമ്മ ആരെന്ന് കർണ്ണേട്ടനറിയാം..ആരെന്ന് മാത്രം പറഞ്ഞില്ല ഏട്ടൻ…”
ഏട്ടൻ ജയിലിൽ വെച്ചു പറഞ്ഞ രഹസ്യങ്ങളൊന്നിൽ ഞാൻ അവർക്ക് മുമ്പിൽ പറഞ്ഞു….
“അങ്ങനെ എങ്കിൽ ഇരട്ടച്ചങ്കന്റെ മാതാപിതാക്കൾ ആരാണ്?…
അങ്ങനെയൊരു ചോദ്യം ഞങ്ങൾക്ക് മുമ്പിൽ ഉയർന്നെങ്കിലും ഉത്തരം കണ്ടെത്താൻ ഞങ്ങൾക്ക് കഴിഞ്ഞില്ല…
(“തുടരും)