ഹൃദയസഖി : ഭാഗം 9
എഴുത്തുകാരി: ടീന കൊട്ടാരക്കര
അഭിമന്യു പടക്കം പൊട്ടുന്ന പോലെ ശ്രീജിത്തിന്റെ കവിളിൽ ഒരെണ്ണം കൊടുത്തു.ഒരുവശത്തേക്കു വേച്ചുപോയ അവനെ നേരെ നിർത്തി വീണ്ടും ഒരെണ്ണം കൂടി അഭി നൽകി.
അവന്റെ കണ്ണുകളിൽ ജ്വലിക്കുന്നത് തീ ആണെന്ന് ശ്രീജിത്തിന് തോന്നി. അവൻ നിന്നു വിയർത്തു. അഭി ശ്രീജിത്തിനെ ശക്തിയോടെ പിന്നിലേക്ക് പിടിച്ചുതള്ളി. കൃഷ്ണയുടെ കാലിനു അടുത്തേക്ക് അവൻ ചെന്ന് പതിച്ചു. കിട്ടിയ പ്രഹരത്തിന്റെ വേദനയിൽ അവൻ എഴുന്നേൽക്കാൻ ആകാതെ കിടന്നു.
അഭി കൃഷ്ണയെ നോക്കി. തന്റെ വായിൽ നിന്നു വീണ വാക്കുകളുടെ ഞെട്ടൽ അവളുടെ മുഖത്തു കാണാമായിരുന്നു. അവൻ നോക്കി നിൽക്കെ ശ്രീജിത്ത് പതിയെ എഴുന്നേറ്റു, മുണ്ടിന്റെ മടിക്കുത്തിൽ സൂക്ഷിച്ചിരുന്ന കത്തി എടുത്തു. ചുമന്നു കലങ്ങിയിരുന്ന കണ്ണുകൾ അടിയുടെ ആഘാതത്താൽ വീണ്ടും രക്തവർണം ആയി. അഭിമന്യുവിനെ നോക്കി വേച്ചു വേച്ചു അവൻ മുന്നോട്ടു നടന്നു.
അവന്റെ അടുത്തെത്തി കത്തി വീശാൻനോക്കിയതും അഭി അവനെ തന്റെ ഇടംകൈയാൽ ബന്ധിച്ചു കത്തി പിടിച്ചുവാങ്ങാൻ ശ്രെമിച്ചു. കുതറാൻ നോക്കിയ ശ്രീജിത്ത് കത്തി കൊണ്ട് അഭിയുടെ കയ്യിൽ മുറിപ്പാടുണ്ടാക്കി. കൃഷ്ണ ഭയന്ന് അവളുടെ വായ പൊത്തിപ്പിടിച്ചു. ചോര പൊടിയുന്ന കൈയോടെ അവർ തമ്മിലൊരു മല്പിടിത്തം നടന്നു.
ഏറെ നേരം അഭിയോട് പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന് മനസിലാക്കിയ ശ്രീജിത്ത് കൈകൾ അയച്ചു,വീണ്ടും അവന്റെ കയ്യിൽ കത്തികൊണ്ട് വരഞ്ഞു. അഭി കൈപിൻവലിച്ച നേരം ഞൊടിയിടയിൽ ശ്രീജിത്ത് പുറത്തേക്ക് ഓടിമറഞ്ഞു.
അവന്റെ പിന്നാലെ പോകാൻ തുനിഞ്ഞെങ്കിലും ഈ അവസ്ഥയിൽ അതും ഇരുട്ട് വീണ നേരത്ത് കൃഷ്ണയെ ഒറ്റക്ക് ആക്കിയിട്ട് പോകാൻ അഭിമന്യുവിന്റെ മനസ്സനുവദിച്ചില്ല. അവൻ കിതപ്പോടെ കൃഷ്ണയുടെ അടുത്തേക്ക് വന്നു.
“എന്തിനാ ഈ നേരത്ത് ഇങ്ങോട്ട് വന്നത് ” അവൻ ചോദിച്ചു. തന്റെ കയ്യിലെ മുറിവ് പരിശോധിച്ചുകൊണ്ട് അവൻ ചോദിച്ചു
“ഞാൻ….. വെറുതെ….. ”
അവൾ വാക്കുകൾക്കായി പരതികൊണ്ട് കൃഷ്ണമണികൾ ഇടത്തോട്ടും വലത്തോട്ടും ചലിപ്പിച്ചു. അവളുടെ നിൽപ്പും ഭാവവും അഭിയിൽ സംശയം ഉളവാക്കി. അവൻ മുറിയിലാകെ തന്റെ കണ്ണുകൾ പായിച്ചു. തറയിലായി കിടന്നിരുന്ന ബുക്കുകളിൽ അവന്റെ കണ്ണുകൾ ഉടക്കി. അവളെയൊന്ന് നോക്കിയതിനു ശേഷം അവനാ ബുക്സ് കയ്യിലെടുത്തു.
പൊടുന്നനെയാണ് ആരോ കതക് പുറത്തുനിന്നും അടച്ചത്. ഇരുവരും ഒരുപോലെ തിരിഞ്ഞു നോക്കി. അഭി പെട്ടന്ന് കതകിനു അടുത്തേക്ക് ചെന്ന് തുറക്കാൻ ശ്രെമിച്ചു. പക്ഷേ അത് പുറത്ത് നിന്നും പൂട്ടിയിരിക്കുന്ന നിലയിലായിരുന്നു.
“ഡോർ ലോക്ക് ആണല്ലോ ” അഭി അവളെനോക്കി പറഞ്ഞു.
ആരാ ഇപ്പൊ പുറത്തു നിന്നും കതക് അടയ്ക്കാൻ…ശ്രീജിത്ത് ആകുമോ..? കൃഷ്ണ അന്ധാളിപ്പോടെ നിന്നു. അഭി വീണ്ടും കതക് തുറക്കാൻ ശ്രെമിക്കയും പുറത്ത് ഇറങ്ങാൻ മറ്റെന്തെങ്കിലും വഴിയുണ്ടോന്ന് വീട്ടിലാകെ നോക്കുകയും ചെയ്തു.
അവന്റെയുള്ളിലും പരിഭ്രമം ഉണ്ടായെങ്കിലും അവനത് പ്രകടിപ്പിക്കാതെ നിന്നു.
അഭി പോക്കറ്റിൽ നിന്നു ഫോണെടുത്തു ആരെയോ വിളിക്കാൻ നോക്കുന്നുണ്ടായിരുന്നു.
“നാശം… റേഞ്ച് കിട്ടുന്നില്ലല്ലോ ” അവൻ ആരോടെന്നില്ലാതെ പറഞ്ഞു.
“നിന്റെ ഫോണിൽ റേഞ്ച് ഉണ്ടോ ” അവൻ ചോദിച്ചു.
“എനിക്ക് ഫോണില്ല ” അവൾ നിസ്സംഗതയോടെ പറഞ്ഞു.
തുടരെ തുടരെ ശ്രെമിച്ചിട്ടും കാൾ പോകാതെയായപ്പോൾ അവൻ ഫോൺ തിരികെ പോക്കറ്റിൽ തന്നെ വെച്ചു. വീണ്ടും കതകിനടുത്തെത്തി ഒന്നുകൂടി തുറക്കാൻ ശ്രെമിച്ചെങ്കിലും വിഫലമായിപ്പോയി.
അവൻ ദേഷ്യത്തോടെ മുഷ്ട്ടി ചുരുട്ടി കതകിൽ ഇടിച്ചു. എന്ത് ചെയ്യും എന്നറിയാതെ കൃഷ്ണയെ നോക്കി. അവൾ പേടിനിറഞ്ഞ മുഖത്തോടെ നഖം കടിച്ചുകൊണ്ട് ഒരു മൂലയ്ക്ക് നിൽക്കുകയാണ്.
അൽപ സമയത്തിന് ശേഷം ഒരു ടോർച്ചിന്റെ വെളിച്ചം ജനലിലൂടെ അഭി കണ്ടു. അതിനു പിന്നാലെ കുറെ പേർ ടോർച്ചടിച്ചു വരികയാണ്.
ഒരു ജാഥ പോലെ ചെറിയൊരു ആൾക്കൂട്ടം. അവ ഈ വീടിന്റെ നേർക്കാണെന്നു മനസിലാക്കാൻ അവനു അധികനേരം വേണ്ടിവന്നില്ല. എന്തോ അരുതാത്തത് സംഭവിക്കാൻ പോകുന്നെന്ന് അവന്റെ മനസ് മന്ത്രിച്ചു.
ആൾക്കൂട്ടം വീടിന് മുന്നിലായി വന്നു നിന്നു.
“കതക് തുറന്നു ഇറക്കിവിട് രണ്ടിനെയും. ”
ആരൊക്കെയോ പറയുന്നത് അവർക്ക് അകത്തു നിന്ന് കേൾക്കാമായിരുന്നു. കൃഷ്ണ വേവലാതിയോടെ അഭിയെ നോക്കി. എന്താ സംഭവിക്കുന്നതെന്ന് മനസിലാകാതെ അവൾ നിന്നു. കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.
” ഞാൻ പറയാതെ പുറത്തേക്കു ഇറങ്ങരുത്.. മനസിലായോ” അഭിമന്യു കൃഷ്ണയോട് പറഞ്ഞു. അവൾ ചെറുതായൊന്നു മൂളി. പേടികൊണ്ടാകും ശബ്ദം പുറത്തേക്കു വന്നില്ല. അഭിമന്യു അവന്റെ മുഖത്തു പൊടിഞ്ഞ വിയർപ്പ് കയ്യാൽ തുടച്ചു മാറ്റി.
പുറത്തുകൂടി പൂട്ടിയിരുന്ന കതക് തുറക്കപ്പെട്ടു.
“ഇങ്ങോട്ട് ഇറങ്ങി വാടാ ” മുറ്റത്തു നിന്നു ആരൊക്കെയോ ആക്രോശിച്ചു. കൃഷ്ണയോട് കണ്ണുകൾ തുടയ്ക്കാൻ ആവിശ്യപ്പെട്ടുകൊണ്ട് അഭി പുറത്തേക്കു ഇറങ്ങി. അവനെ കണ്ടതും പുറത്ത് കൂടിനിന്നിരുന്ന ആൾക്കാർ അന്യോന്യം നോക്കി.
“ഇത് SI സർ അല്ലേ.. ” ആരൊക്കെയോ അടക്കം പറയുന്നത് കേൾക്കാമായിരുന്നു.
“എന്താ എല്ലാരും കൂടെ? ” അഭിമന്യു മീശ പിരിച്ചുകൊണ്ട് ഗൗരവത്തിൽ ചോദിച്ചു.
ആരും ഒന്നും മിണ്ടിയില്ല.
“ചോദിച്ചത് കേട്ടില്ലേ.. എന്താണെന്നു ഇവിടെ ” അവൻ ശബ്ദം ഉയർത്തി.
” സർ.. ഞാൻ രത്നാകരൻ.. ഇവിടുത്തെ വാർഡ് മെമ്പർ ആണ് ” കൂട്ടത്തിലൊരാൾ മുന്നിലേക്ക് വന്നു പറഞ്ഞു.
” എന്റെ വാർഡിലെ ഒരു വീടാണിത്. ഇവിടുത്തെ മരിച്ചുപോയ അശോകന്റെ മോൾ കൃഷ്ണവേണിയും ഒരു ചെറുപ്പക്കാരനുമായി മിക്കപ്പോഴും രാത്രി ഇവിടെ വരാറുണ്ടെന്നും അവിഹിതബന്ധം തുടരുന്നെന്നും ഒരു വാർത്ത കേട്ടു. അത് അന്വേഷിക്കാൻ വന്നതാ ഞങ്ങൾ ” അയാൾ പറഞ്ഞു.
“അവിഹിതബന്ധമോ.. എന്താടോ പറഞ്ഞത്.. നാക്കിനു എല്ലില്ലാന്നു കരുതി എന്തും പറയാമെന്നായോ.? “അഭി അയാളുടെ കയ്യുയർത്താൻ തുടങ്ങിയതും പെട്ടന്ന് എന്തോ ആലോചിച്ചിട്ടെന്നപോലെ കൈപിൻവലിച്ചു.
“സാറെ.. ഞങ്ങൾ അതൊന്നും വിശ്വസിച്ചില്ല.. പക്ഷേ ഇന്ന് കയ്യോടെ പിടിച്ചെന്ന് അറിഞ്ഞപ്പോ വന്നതാ.. ആൾ ആരാണ് അറിയാൻ ”
“ആരാ നിങ്ങളോട് ഇതെല്ലാം പറഞ്ഞത് ” അവൻ അന്വേഷിച്ചു.
“കൃഷ്ണവേണിയുടെ മുറച്ചെറുക്കൻ തന്നെയാ പറഞ്ഞത്..ശ്രീജിത്ത്.. ”
അഭിമന്യു ദേഷ്യം കൊണ്ട് പല്ലുകൾ ഞെരിച്ചു.
“എന്നിട്ട് അവനെവിടെ ” അഭി ദേഷ്യത്തോടെ ചോദിച്ചു.
“അറിയില്ല സാറെ.. ആ കൊച്ചിന് ആരോടോ ബന്ധം ഉണ്ടെന്നു ഇവൻ പലരോടും പറയാറുണ്ടായിരുന്നു.
ഞങ്ങൾ അതൊന്നും വിശ്വസിച്ചിട്ടില്ല.. പക്ഷെ ഇന്ന് അവന്റെ ചില കൂട്ടുകാർ വന്നു അറിയിച്ചപ്പോ കാര്യങ്ങളുടെ സത്യാവസ്ഥ അറിയണമെന്ന് തോന്നി വന്നതാ.. സാർ ആണെന്ന് ഞങ്ങൾ അറിഞ്ഞില്ല ” അയാൾ പറഞ്ഞു.
അഭി ദേഷ്യം കൊണ്ട് അടിമുടി വിറച്ചു. എല്ലാവരെയും ഒന്ന് തറപ്പിച്ചു നോക്കി അവൻ വാതില്പടിയിലേക്കു കയറി.
“കൃഷ്ണേ.. ഒന്നിങ്ങോട്ടു വന്നേ ” അഭി അകത്തേക്ക് നോക്കി വിളിച്ചു. അവൾ പുറത്തേക്ക് വന്നു. കൂടിനിന്നവർ എല്ലാം അവളെ തുറിച്ചു നോക്കി.
“ഇങ്ങു വാ.. ” അവൻ അവളെ അടുത്തേക്ക് വിളിച്ചു.
“നിങ്ങൾ എല്ലാവരും കൃഷ്ണവേണിയുടെ അവിഹിതബന്ധം ആരോടാണെന്നു കണ്ടെത്താൻ വന്നതാണല്ലേ.. ” അവൻ എല്ലാവരുടെയും മുഖത്തേക്ക് നോക്കി.
“എങ്കിൽ കണ്ടോളു.. ഞാനാ ആൾ.
അഭിമന്യു.
ഞാൻ കല്യാണം കഴിക്കാൻ പോകുന്ന പെണ്ണാണ് കൃഷ്ണവേണി ”
ആളുകളെല്ലാം പരസ്പരം നോക്കി എന്തൊക്കെയോ പിറുപിറുത്തു.
തന്നെ അമ്പരപ്പോടെ നോക്കിയ കൃഷ്ണയുടെ കയ്യിൽ അവൻ അമർത്തിപ്പിടിച്ചു. കണ്ണുകൾ കൊണ്ടൊരു താക്കീത് നൽകി.
” ഇത് ഇവളുടെ വീടാ. ഇവിടെ ഇവളോടൊപ്പം ഞാൻ വരുന്നതിൽ ആർക്കെങ്കിലും എതിർപ്പുണ്ടോ ” അവൻ ഉച്ചത്തിൽ ചോദിച്ചു.
“ഞങ്ങൾക്കെന്താ സാറെ എതിർപ്പ്.. നിങ്ങളുടെ കല്യാണം തീരുമാനിച്ചത് ആണെന്നൊന്നും ഞങ്ങളാരും അറിഞ്ഞില്ല.. ശ്രീജിത്ത് പറഞ്ഞത്‌വെച്ചു നോക്കിയപ്പോൾ ഞങ്ങളു കരുതി….. ” അയാൾ നിന്ന് പരുങ്ങി.
“നിങ്ങളെന്താ കരുതിയത്.. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഉടനെ ആളുകളെയും കൂടിവന്നു ഇവളെ മോശക്കാരിയാക്കാമെന്നോ.. എടോ ഈ ശ്രീജിത്തിന്റെ സ്വഭാവം നാട്ടിൽ എല്ലാവർക്കും അറിയാവുന്നതല്ലേ.. എന്നിട്ട് അവൻ പറഞ്ഞത് കേട്ടു ഈ രാത്രി ആളുകളെകൂട്ടി വന്നതും പോരാ.. ” അഭി ദേഷ്യത്തോടെ പറഞ്ഞു.
“സാറെ ഞങ്ങൾക്കൊരു തെറ്റ് പറ്റിപ്പോയി.. നമ്മുടെ നാട്ടിൽ ഒരു കാര്യം ഉണ്ടായാൽ അന്വേഷിക്കേണ്ടുന്ന ചുമതല ഉണ്ടല്ലോ.. ”
“എന്നിട്ട് ഈ ചുമതലയൊന്നും നേരത്തെ ആരും കാണിച്ചിട്ടില്ലല്ലോ.. ഇവളുടെ അമ്മയും അച്ഛനും മരിച്ചു ഇവൾ ഒറ്റയ്ക്ക് ആയപ്പോഴും, ആരും ഇല്ലാതെ ഏതോ അകന്ന ബന്ധുവീട്ടിൽ പോകേണ്ടി വന്നപ്പോഴും നിങ്ങളാരെങ്കിലും ഒന്ന് അന്വേഷിച്ചിരുന്നോ.. അത് പോട്ടെ..
ഇവൾ ഇടയ്ക്ക് സ്വന്തം വീട്ടിൽ വരാറുണ്ടായിരുന്നു.. എപ്പോഴെങ്കിലും നിങ്ങൾ ആരെങ്കിലും ഒന്ന് അന്വേഷിക്കുകയോ തിരക്കുകയോ ചെയ്തിട്ടുണ്ടോ..? ഈ പറഞ്ഞ ശ്രീജിത്ത് ഇവളെ നിരന്തരം ശല്യം ചെയ്യാറുണ്ടായിരുന്നു.. അത് ആരെങ്കിലും അന്വേഷിച്ചോ..? ഇല്ല….. !
എന്നിട്ട് നാടിനും വീടിനും ഗുണമില്ലാത്തവൻ എന്തോ കള്ളം പറഞ്ഞപ്പോഴേക്കും അന്വേഷിക്കാൻ ഇറങ്ങിയിരിക്കുന്നു കുറെ സദാചാരക്കാർ ” അഭിമന്യു പുച്ഛത്തോടെ അവരെ നോക്കി.
“അല്ലെങ്കിലും ഇങ്ങനെയുള്ള വാർത്തകൾ പറയാനും പ്രചരിപ്പിക്കാനും ആണല്ലോ നമുക്കൊക്കെ താല്പര്യം അല്ലേ…എല്ലാത്തിനേം അകത്താക്കി കേസ് രജിസ്റ്റർ ചെയ്യുകയാ വേണ്ടത് ” അവൻ പറഞ്ഞു.
“ഞങ്ങളെ അകത്തു പൂട്ടിയിട്ട് നിങ്ങളെ കൂട്ടിക്കൊണ്ട് വന്നത് ശ്രീജിത്ത് ആണെന്ന് എനിക്കറിയാം.. ഞാൻ എടുത്തോളാം അവനെ..”
“വേറെ ആരോടൊക്കെ ഈ വാർത്ത പറഞ്ഞു പരത്തിയിട്ടുണ്ട് ”
” ശ്രീജിത്ത് ആരോടൊക്കെ പറഞ്ഞിട്ടുണ്ടെന്ന് ഞങ്ങൾക്ക് അറിയില്ല.. ” അവർ ഒരുമിച്ചു പറഞ്ഞു.
“മം… എന്തായാലും ഒരു കാര്യം ചെയ്.. ശ്രീജിത്ത് ആരുടെയൊക്കെ മുന്നിൽ ഇവളെ തെറ്റുകാരിയായി ചിത്രീകരിച്ചിട്ടുണ്ടോ അവരോടെല്ലാം നിങ്ങൾ സത്യാവസ്ഥ പറഞ്ഞു ബോധ്യപ്പെടുത്തണം. ” അഭി അല്പം ആലോചിച്ചതിന് ശേഷം പറഞ്ഞു
“അത് എങ്ങനെയാ സാറെ പറ്റുക.. ” രത്നാകരൻ വിനീതമായി ചോദിച്ചു.
“നിങ്ങൾ വാർഡ് മെമ്പർ അല്ലേ.. നിങ്ങൾക്ക് സത്യം ബോധ്യമായില്ലേ.. പോരാത്തതിന് ഇത്രയും നാട്ടുകാർ സാക്ഷികളുമാണ്.. മറ്റുള്ളവരോട് കാര്യങ്ങളുടെ യാഥാസ്ഥിതി പറയേണ്ടുന്ന ഉത്തരവാദിത്തം ഇനി നിങ്ങൾക്കാണ്.. ഇനി ഇവിടെ ഒറ്റ ഒരാൾ പോലും കൃഷ്ണവേണിയെക്കുറിച്ചു അപവാദം പറയരുത് ” അവസാനത്തേത് ഒരു താക്കീത് ആയിരുന്നു.
ആളുകളെല്ലാം പതിയെ അവിടെ നിന്നു പിരിഞ്ഞു പോയി. വർദ്ധിച്ചു വന്ന ദേഷ്യത്തെ നിയന്ത്രിച്ചു അവൻ കൃഷ്ണയെ നോക്കി.. ഒന്നു സംസാരിക്കാൻ പോലും കഴിയാതെ ശില പോലെ അവൾ നിൽക്കുകയായിരുന്നു.
“കൃഷ്ണേ ” അവൻ മെല്ലെ വിളിച്ചു.
അവൾ നിർവികാരയായി നിൽക്കുകയാണ്. പെട്ടന്ന് അവളുടെ മുഖഭാവം വ്യത്യസപ്പെട്ടു.
“അച്ഛൻ ” അവളുടെ ചുണ്ടുകൾ പതിയെ മന്ത്രിച്ചു.
അഭി നേരെ നോക്കി. അല്പം അകലെയായി കാറിനു അടുത്ത് നിൽക്കുന്ന രവീന്ദ്രനെ കണ്ടു. കൂടെ സതീശനും.
കൃഷ്ണയുടെ കൈത്തണ്ടയിൽ അഭി പിടിമുറുക്കി. അവന്റെ കയ്യിലെ മുറിവിൽ നിന്നും രക്തം ഒഴുകുന്നുണ്ടായിരുന്നു.
(തുടരും )