ഹരിബാല : ഭാഗം 2
നോവൽ
എഴുത്തുകാരി: അഗ്നി
ആൾക്കാരൊക്കെ നോക്കുന്നത് കണ്ടിട്ടാണ് പെട്ടന്ന് ഏട്ടൻ എന്നെ വിട്ടത്..അപ്പോഴാണ് ഞാനും മനസ്സിലാക്കിയത് ഞാൻ ഇത്രയും നേരം ആ കരവലയത്തിനുള്ളിൽ ആയിരുന്നു എന്ന്…
ഞങ്ങൾക്ക് 2 പേർക്കും മുഖത്തേക്ക് നോക്കാൻ ഒരു ചടപ്പ് തോന്നി…
ഏട്ടൻ വേഗം കാറിന്റെ അടുക്കലേക്ക് നടന്നു..പിറകെ ഞാനും…
കയറിയപ്പോഴേക്കും തന്നെ എന്തോ എന്നോട് സംസാരിക്കുവാനുണ്ടെന്ന് പറഞ്ഞുകൊണ്ട് ഏട്ടൻ വണ്ടി നേരെ ബീച്ചിലേക്ക് വിട്ടു…
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
ഒരു ഇരുപതു മിനുട്ടുകൊണ്ട് തന്നെ ഞങ്ങൾ ബീച്ചിൽ എത്തിയിരുന്നു..കുറച്ച് നേരം ആ മണൽപരപ്പിലൂടെ നടന്നു..നടപ്പ് തുടങ്ങിയിട്ട് 10 മിനിറ്റോളം ആയി…എന്നിട്ടും ഏട്ടൻ ഒന്നും പറയുന്നില്ല.. അവസാനം സഹികെട്ട് ഞാൻ തന്നെ ചോദിച്ചു..
“ഏട്ടാ..എന്തോ പറയാൻ ഉണ്ടെന്ന് പറഞ്ഞിട്ട്……..ഇതുവരെയും ഒന്നും പറഞ്ഞില്ലല്ലോ..”
“പറയാടോ…തന്നോട് മനസ്സ് തുറന്നൊന്നു സംസാരിക്കണം..”
പിന്നെ അവിടുള്ള ഒരു ബെഞ്ച് ചൂണ്ടിക്കാണിച്ചിട്ടു പറഞ്ഞു..
“താൻ വാ..നമുക്ക് അവിടിരുന്ന് സംസാരിക്കാം”
ഞാൻ മറുത്തൊന്നും പറയാതെ ഏട്ടന്റെ കൂടെ പോയി അവിടെ ഇരുന്നു..
ഏട്ടൻ പതിയെ സംസാരിച്ചു തുടങ്ങി..
“ബാലേ..നീ വിശ്വസിച്ചിരിക്കുന്നതുപോലെ എന്റെ ആദ്യ ഭാര്യ ശ്രീശാരിക എന്ന ശാരി മരിച്ചിട്ടില്ല……”
“എന്ത്?..അപ്പൊ നിങ്ങൾ കള്ളം പറയുകയായിരുന്നോ??”
“അല്ല മോളെ..ഞാൻ പറയുന്നത് മുഴുവൻ നീ കേൾക്ക്..അവൾ ലോകപ്രകാരം നോക്കിയാൽ മരിച്ചിട്ടില്ല..പക്ഷെ അവൾ ഞങ്ങളുടെ എല്ലാവരുടെയും..എന്തിന് അവളുടെ മാതാപിതാക്കളായ എന്റെ അപ്പച്ചിയുടെയും അമ്മാവന്റെയും പോലും മനസ്സിൽ നിന്നും മരിച്ചു കഴിഞ്ഞു…
അത്രയ്ക്കും ദ്രോഹമവൾ നമ്മുടെ കുടുംബത്തോട് ചെയ്തിട്ടുണ്ട്..
എല്ലാം നീ എത്രയും പെട്ടന്ന് അറിയണം എന്ന് തോന്നി…അതുകൊണ്ടാണ് നമ്മൾ ഇങ്ങോട്ടേക്ക് വന്നതുതന്നെ..ഇത് ഞാൻ നിന്റെ വീട്ടുകാരോട് മുന്നേ സൂചിപ്പിച്ചിരുന്നു..അവരാണ് നിന്നെ ഒന്നും അറിയിക്കേണ്ട എന്ന് പറഞ്ഞത്..
വിവാഹശേഷം സാവധാനം പറഞ്ഞു മനസ്സിലാക്കിയാൽ മതി എന്നും പറഞ്ഞു..അതുകൊണ്ട് മാത്രമാണ് നിന്നെ ഒന്നും അറിയിക്കാഞ്ഞത്…
നീ അറിയണം എന്റെ കഴിഞ്ഞകാല ജീവിതം..ഇനിയും അത് മറച്ചുപിടിക്കാൻ എനിക്ക് കഴിയില്ല മോളെ…..”
ഹരി താൻ പിന്നിട്ട തന്റെ ജീവിതത്തിലേക്ക് വീണ്ടും തിരിഞ്ഞുനോക്കി…..
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
മനയ്ക്കപ്പിള്ളി എന്ന പേരുകേട്ട തറവാട്ടിലെ മൂത്തപുത്രനായ സുധാകരാകുറുപ്പിന്റെയും ശ്രീദേവിയുടെയും രണ്ടാമത്തെ മകനാണ് ഞാൻ…
അച്ഛന് താഴെ ഒരനിയത്തിയും ഒരനിയനും ആണുള്ളത്…
അപ്പച്ചി സുമ..ഭർത്താവ് ഗോവിന്ദൻ എന്ന ഗോവിയമ്മവൻ.. അവരുടെ മകൾ ശ്രീശാരിക എന്ന ശാരി പിന്നെ ചെറിയച്ഛൻ സുദേവൻ ഭാര്യ ലത..
അവർക്ക് 2 ആണ്മക്കൾ..കിരണും കാർത്തിക്കും..അവർ ഇരട്ടകളാണ്…
ചെറുപ്പം മുതലേ ഞങ്ങൾ 5 പേരും നല്ല കൂട്ടായിരുന്നു…ഞങ്ങൾക്ക് 4 പേരുടെ ഇടയിൽ ഉള്ള ഏക പെൺതരി ശാരി ആയതുകൊണ്ട് തന്നെ ഞങ്ങൾക്കെല്ലാവർക്കും അവളോട് ഒരിഷ്ടം ഉണ്ടായിരുന്നു..
ഞങ്ങളിൽ ഏറ്റവും മൂത്തത് ഏട്ടൻ ആയിരുന്നു..പിന്നെ ഞാൻ അതുകഴിഞ്ഞ് ശാരി പിന്നെ നമ്മുടെ ഇരട്ടകുട്ടികളും..
ചെറുപ്പത്തിലേ ശാരി എനിക്കുള്ളതാണെന്ന് പറഞ്ഞുവച്ചിട്ടുണ്ടായിരുന്നെങ്കിലും ഞങ്ങളെ അതൊന്നും അറിയിച്ചിരുന്നില്ല..
ഞങ്ങൾ എല്ലാവരും ഒരേ സ്കൂളിൽ ആണ് വിദ്യാഭ്യാസം ഒക്കെ പൂർത്തീകരിച്ചത്..
അന്നൊക്കെ അവളുടെ എല്ലാ കാര്യത്തിനും ഇടം വലം ഞങ്ങൾ ഉണ്ടാകും എപ്പോഴും.. അങ്ങനെ സ്നേഹിച്ചാണ് ഞങ്ങൾ അവളെ കൊണ്ടുനടന്നിരുന്നെ..
അവധിക്കാലമൊക്കെ ഞങ്ങൾക്ക് ആഘോഷമായിരുന്നു..സ്‌കൂൾ പൂട്ടിയാൽ പിന്നെ ഞങ്ങൾ എല്ലാവരുംകൂടെ നമ്മുടെ വീട്ടിൽ ആയിരിക്കും..പാടത്ത് ചേറിൽ കുത്തിമറിയാനും തോട്ടിൽ പോയി മീൻ പിടിക്കാനും മരത്തിൽ കയറി മാങ്ങ പറിച്ച് അടുക്കളയിൽനിന്നും ഉപ്പും മുളകും മോഷ്ടിച്ചു അത് മാങ്ങയുടെ കൂടെ കഴിക്കാനും സന്ധ്യക്ക് പാടവരമ്പത്ത് പോയിരുന്ന് കഥകൾ പറയാനും എല്ലാം ഞങ്ങൾ ഒന്നിച്ചായിരുന്നു..
സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞു കോളേജിൽ എത്തി..അവൾ തിരഞ്ഞെടുത്തത് ഇക്കണോമിക്സ് ആയിരുന്നു..ഞാൻ ബി.കോം കഴിഞ്ഞ് എം.ബി എയും…ഏട്ടൻ ആ സമയം ജോലിയുമായി ബന്ധപ്പെട്ട് ഹൈദരാബാദ് ആയിരുന്നു..അനിയൻകുട്ടന്മാർ പത്തിലും
എന്റെ എം.ബി എ ഒന്നാം വർഷ സമയത്താണ് അവൾ ഇക്കണോമിക്സ് നല്ല കോളേജിൽ ചേരണമെന്നു പറഞ്ഞു ബാംഗ്ളൂരിൽ ഉള്ളൊരു കോളേജിൽ പോയി ചേരുന്നത്..
അതും ഞാനും ഏട്ടനും ഒത്തിരി സംസാരിച്ചിട്ടാണ് വീട്ടില്നിന്നുള്ള അനുവാദം അവൾക്ക് കിട്ടിയത്..എന്നാൽ അതിന്റെ ദൂഷ്യവശങ്ങൾ ഞങ്ങൾ തിരിച്ചറിഞ്ഞപ്പോഴേക്കും വളരെ വൈകിയിരുന്നു..ഒരു രീതിയിൽ പറഞ്ഞാൽ എന്റെ ജീവിതമാണ് അവിടെ ബലിയാടായത്..
അവളെ ഞങ്ങൾ സന്തോഷത്തോടെ യാത്രയാക്കി..അഡ്മിഷൻ കാര്യങ്ങളെല്ലാം ഞാനും ഏട്ടനും കൂടെയാണ് ശെരിയാക്കിയത്.. അവിടെത്തന്നെയുള്ള നല്ലൊരു ഹോസ്റ്റലും കണ്ടുപിടിച്ചു ഞങൾ അവളെ ആക്കി തിരിച്ചുവന്നു..അന്നവൾ ഒത്തിരി കരഞ്ഞും ബഹളം വച്ചും പ്രശ്നമുണ്ടാക്കി..ഒരുവേള ഞങ്ങളുടെ കൂടെ നാട്ടിലേക്ക് വരുവാണെന്ന് വരെ പറഞ്ഞു ഓടി വന്നു ഉടുമ്പിനെപോലെ ഞങ്ങളെ കെട്ടിപിടിച്ചു കരഞ്ഞു…
അന്ന് ഒത്തിരി മനസ്സുവിഷമിച്ചാണ് ഞാൻ തിരികെ നാട്ടിലേക്കെത്തിയത്.. ഏട്ടൻ നേരെ ഹൈദ്രാബാദിലേക്ക് പോയിരുന്നു..
ദിവസങ്ങൾ കൊഴിഞ്ഞുപോയി..ഇതിനിടയിൽ അപ്പച്ചി അവൾക്കയച്ചുകൊടുക്കുന്ന പോക്കറ്റ് മണി കൂടാതെ ഞങ്ങളും ഞങളുടെ സേവിങ്ങ്സിൽ നിന്നും ഒരു ഭാഗം അവൾക്കയച്ചുകിടുത്തിരുന്നു..
എന്ത് തന്നെയായാലും എല്ല ദിവസവും അവൾ വീഡിയോ കാൾ ചെയ്ത് സംസാരിക്കുമായിരുന്നു..അതുകൊണ്ടുതന്നെ അവളുടെ അഭാവം വീട്ടിൽ ആർക്കും അപ്പച്ചിക്കുപോലും അനുഭവപെട്ടിരുന്നില്ല..
പക്ഷെ പോകെപ്പോകെ അവളുടെ വിളികൾ കുറഞ്ഞു..വീഡിയോ കോളിൽ നിന്നും വോയിസ് കോളിലേക്കും പിന്നെ അതും ആഴ്ചയിൽ 2 തവണ മാത്രമായി ചുരുങ്ങി..പഠനത്തിരക്കുകൾ ആകും എന്ന് പറഞ്ഞു ഞങ്ങളും അത് കാര്യമാക്കിയില്ല…
പിന്നെ ഞാനും അതൊന്നും ശ്രെദ്ധിക്കുവാനുള്ള ഒരു അവസ്ഥയിൽ ആയിരുന്നില്ല…കാരണം അവൾ പോയതിനുശേഷമുള്ള ആദ്യത്തെ ഫ്രഷേഴ്സ് ഡേ..അന്നാണ് അവൾ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്….ഊരും പേരും നാളും ഒന്നുമറിയാതെ അവളെ കണ്ട മാത്രയിൽതന്നെ എന്റെ ഹൃദയം എന്നോട് മന്ത്രിച്ചു…
ഇവൾ നിന്റേതാണ്…നിന്റേതുമാത്രം..💞
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
അന്ന് രാവിലെ ഞങ്ങൾ കൂട്ടുകാരെല്ലാം കൂടെ ഞങ്ങളുടെ സ്ഥിരം സ്ഥലത്തു ഇരിക്കുകയായിരുന്നു…ഞാനന്ന് സ്വൽപ്പം നേരത്തെയും എത്തി..
പതിവുപോലുള്ള ചളിയടിയും ടീച്ചർമാരുടെ കുറ്റം പറച്ചിലും കളിയാക്കലുകളും ഒക്കെ ആയിട്ട് സമയം കളഞ്ഞുകൊണ്ടിരുന്നപ്പോഴാണ് ആ പെൺകുട്ടി കോളേജ് ഗേറ്റ് കടന്നു കൂട്ടുകാരോടൊപ്പം അകത്തേക്ക് കയറിയത്…
വളരെ മാന്യമായ വേഷം..2 കൈകളിലും ഈരണ്ടു വളകൾ വീതം..കാതിൽ ചെറിയൊരു മൊട്ടുകമ്മൽ..പിന്നെ ആ ഉണ്ടക്കണ്ണിന്റെ മാറ്റുകൂട്ടാണെന്നോണം നല്ല കട്ടിയിൽ കണ്മഷി നീട്ടി എഴുതിയിരുന്നു..
അരക്കെട്ട് വരെ നീണ്ടുകിടക്കുന്ന മുടി പിന്നിയിട്ടിരുന്നു..നെറ്റിയിൽ ചന്ദനവും..കളിച്ചു ചിരിച്ചോണ്ട് വരുന്ന അവളെ കണ്ടപ്പോൾ തന്നെ അത് വരെ സംസാരിച്ചോണ്ടിരുന്ന എന്റെ വായ ഞാൻ തുറന്നെതെയില്ല…
അവർ സംസാരിക്കുന്നത് പോലും ശ്രദ്ധിക്കാതെ ഞാൻ അവളെ ശ്രദ്ധിച്ചു…അവൾ ചിരിക്കുമ്പോൾതന്നെ താടിയിൽ വിരിയുന്ന ആ ചുഴി മാത്രം മതി..ആരും അവളെ നോക്കിപോകും..
അത്രക്ക് ഭംഗിയായിരുന്നു അവളെ കാണാൻ…
കൂട്ടുകാർ എന്നെ തട്ടി വിളിച്ചപ്പോഴാണ് ഞാൻ സ്ഥലകാല ബോധത്തിലേക്ക് വന്നത്…അവന്മാരോട് എന്റെ മനസ്സിൽ ഉണ്ടായ ഫീലിങ്ങ്സ് പറഞ്ഞപ്പം അവന്മാർ അതിനു ഒരു പേരും ഇട്ടു..
“The Love at first sight”
എനിക്കും പ്രേമമോ എന്ന് ഞാൻ വിചാരിച്ചു…അപ്പോൾ തന്നെ അവളോട് തുറന്നു പറയണമെന്ന് തോന്നിയെങ്കിലും കഴിഞ്ഞില്ല…കുറച്ച് കഷ്ടപെട്ടിട്ടാണേലും അവളുടെ പേരും ക്ലാസും അഡ്രസ്സുമൊക്കെ കിട്ടി….അതെല്ലാം ഞാൻ അന്നുതന്നെ എന്റെ ഡയറിയിൽ കുറിച്ചുവച്ചു…
അങ്ങനെ മാസങ്ങൾ കടന്നുപോയി..ശാരിയുടെ കാര്യത്തിൽ വലിയ മാറ്റമൊന്നുമില്ല…അവൾ ഇപ്പൊൾ വിളിച്ചാൽ വിളിച്ചു എന്നായി…
എനിക്കും ഏട്ടനുമായിരുന്നു അതിൽ ഏറ്റവും കൂടുതൽ വീർപ്പുമുട്ടൽ അനുഭവിക്കേണ്ടിവന്നത് കാരണം ഞങ്ങൾ ആണല്ലോ ഇതിനെല്ലാം കാരണക്കാർ…
ദൂരേയ്ക്ക് വിടേണ്ട എന്ന് എല്ലാവരും പറഞ്ഞപ്പോഴും ഞങ്ങൾ 2 പേരുടെയും നിർബന്ധത്താൽ മാത്രമാണ് എല്ലാവരും അവളെ അങ്ങോട്ടേക്കയയ്ക്കാൻ സമ്മതിച്ചത്…എന്നിട്ട് ഇപ്പോൾ ഒരു വിവരവും ഇല്ലാത്ത സ്ഥിതിക്ക് ഞാൻ അവസാനം 3 ദിവസം കോളേജിൽ നിന്ന് ലീവ് എടുത്ത് ഒന്ന് ബാംഗ്ലൂർ പോയി അന്വേഷിക്കാം എന്ന് തീരുമാനിച്ചു…
ഞാൻ പോകാൻ തീരുമാനിച്ച ദിവസം വൈകുന്നേരം ഒരു 5.30 ഒക്കെ ആയപ്പോൾ എന്തോ അവൾ കുറയെ നാൾ കൂടി വീഡിയോ കാൾ ചെയ്തു…അവളുടെ കോലം കണ്ട അപ്പച്ചി അവളെ ഒത്തിരി വഴക്കുപറഞ്ഞു…
കാച്ചെണ്ണയിട്ട് കറുത്തിരുണ്ട് അരയ്ക്ക് താഴെ വരെ ഉണ്ടായിരുന്ന അവളുടെ മുടി ഇപ്പോൾ ചെമ്പിച് പറന്ന് തോളൊപ്പം വെട്ടി ഇട്ടേക്കുന്നു…വേഷവിധാനങ്ങളൊന്നും ഫോണിൽക്കൂടെ കാണാൻ കഴിയില്ലല്ലോ..അത് ഒരു രീതിയിൽ പറഞ്ഞാൽ നന്നായി..ഇല്ലേൽ അപ്പച്ചി അപ്പോൾ തന്നെ അവിടെ വേറൊരു യുദ്ധം നടത്തിയേനെ…
അവൾ ഇങ്ങോട്ട് വിളിച്ചതിനാൽ ഞാൻ എന്റെ യാത്ര മാറ്റിവച്ചു..എന്നിട്ട് ഞാൻ എട്ടനോട് കാര്യങ്ങളൊക്കെ വിളിച്ചു പറഞ്ഞു..ഏട്ടൻ ബാംഗ്ലൂർ പോയി അന്വേഷിക്കണമെന്നും പറഞ്ഞു…
പക്ഷെ പിന്നീട് അതിനെപ്പറ്റിയൊന്നും ഏട്ടൻ പറഞ്ഞും കേട്ടില്ല..ഞാൻ അന്വേഷിച്ചുമില്ല..
എന്നും ഏട്ടൻ വിളിക്കുമ്പോൾ ആകെ പറയാറുള്ളത് ആ പെണ്കുട്ടിയെക്കുറിച് മാത്രമാണ്..അപ്പൊ ഏട്ടൻ പറയും
“മോനെ അനിയാ..നീ നോക്കുന്നതൊക്കെ കൊള്ളാം.. ഇപ്പോഴെങ്ങും കയറി കെട്ടി ഈ പാവം ഏട്ടനെ ഓവർട്ടേക് ചെയല്ലേ…ഞാൻ ഒന്ന് കെട്ടിയിട്ട് നമുക്ക് എല്ലാം ശെരിയാക്കാം”..
അത് കേട്ട് ഞാൻ ചിരിക്കും..
ഇങ്ങനെ ദിവസങ്ങൾ കടന്നുപോയി…
ഞാൻ സെക്കൻഡ് ഇയർ ആയി..അപ്പോഴേക്കും ഏട്ടൻ നാട്ടിൽ വന്ന് അച്ഛന്റെ പാതി ബിസിനസ് ഏറ്റെടുത്തു..ബാക്കി അച്ഛൻ തന്നെ നടത്തിക്കൊണ്ടുപൊന്നു…
ഏട്ടന്റെ കല്യാണം കഴിഞ്ഞു..ഏടത്തിയമ്മയുടെ പേര് വേദിക എന്നായിരുന്നു..ഒരു പാവം സാധു സ്ത്രീ..നല്ല വിവരവും വിദ്യാഭ്യാസവും ഒക്കെ ഉണ്ട്..IIM കോഴിക്കോട് എം.ബി.എ ഗ്രാജുവേറ്റ് ആണ്..പക്ഷെ അതിന്റേതായ ഒരു അഹങ്കാരവും ഇല്ല..വളരെ സാധാരണ രീതിയിൽ ജീവിക്കാൻ ഇഷ്ട്ടപ്പെടുന്ന ഒരാൾ..
പക്ഷെ ബിസിനസ് കാര്യത്തിൽ ആള് പുലിയാണ്..എട്ടന്റെകൂടെ എല്ലാത്തിനും ഏടത്തിയമ്മ ഉണ്ടായിരുന്നു..പകൽ നമ്മുടെ ഓഫീസിലും വൈകുന്നേരം വീട്ടിലും എല്ലാം എല്ലാ കാര്യങ്ങളും ഭംഗിയായി ചെയുന്ന ഏടത്തിയമ്മയെ ഞങ്ങൾക്കെല്ലാവർക്കും വളരെ ഇഷ്ടമായിരുന്നു…
അങ്ങനെ തരക്കേടില്ലാതെ ഞാനും പാസ് ഔട്ട് ആയി…എട്ടനെപോലെതന്നെ ആദ്യം ഒരു വർഷം എവിടെയെങ്കിലും ജോലിക്ക് കയറിയിട്ട് പതുക്കെ അച്ഛനെ സഹായിക്കാനായി ബിസിനസിലേക്ക് ഇറങ്ങാം എന്ന് തീരുമാനിച്ചു..
ഇപ്പോഴും എന്റെ ഉള്ളിൽ ആ പ്രണയം ഉണ്ട്…എന്തായാലും ഒരു വർഷം കഴിഞ്ഞു സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തമാകുമ്പോഴേക്കും എല്ലാം ശെരിയാക്കിത്തരാമെന്ന് ഏട്ടനും ഏടത്തിയും വാക്ക് പറഞ്ഞു..അതുവരെ അവളെ ആരും കൊണ്ടുപോകാതെ സൂക്ഷിച്ചോളാമെന്നും അവർ എന്നോട് ഉറപ്പു പറഞ്ഞു..
അങ്ങനെ ഞാൻ മുംബൈയിലേക്ക് വണ്ടി കയറി..ഒരു ജോലിക്കായി..
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
3 മാസങ്ങൾ കടന്നുപോയി…ശാരി ഇപ്പോഴും പഴയതുപോലെ തന്നെ..അത് മാത്രം ആയിരുന്നു ഞങ്ങളുടെ മനസ്സിനെ ചുട്ടുപൊള്ളിച്ചുകൊണ്ടിരുന്നത്..ഏട്ടനെന്തൊക്കെയോ അറിയാം..
അത് ഞാൻ ഏടത്തിയമ്മവഴി ചോർത്താൻ നോക്കിയെങ്കിലും നടന്നില്ല..
അങ്ങനെയിരിക്കെ ഒരു ദിവസം ഓഫീസിൽ ടൈമിൽ എനിക്ക് നാട്ടിൽ നിന്നൊരു കോൾ വന്നു..
അതിലെ ന്യൂസ് കേട്ടതും എന്റെ കൈയും കാലും ഒക്കെ തളരുന്നതുപോലെയായി.. ഒരു പരവേശത്തോടെ ഞാൻ എന്റെ ക്യാബിനിലേക്ക് ചാഞ്ഞിരുന്നു..
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
മറുവശത്തുനിന്ന് പറഞ്ഞത് എനിക്ക് വിശ്വസിക്കുവാനായില്ല…അമ്മാവന് ഒരു ആക്സിഡന്റ്..അൽപ്പം ക്രിട്ടിക്കൽ സ്റ്റേജിലാണ്…എത്രയും പെട്ടന്ന് ശാരിയെ വിളിച്ചുകൊണ്ട് നാട്ടിലേക്ക് എത്താനാണ് ഏട്ടൻ വിളിച്ചുപറഞ്ഞത്.
ഞാൻ വേഗം തന്നെ എമർജൻസി ലീവിന് അപേക്ഷിച്ചു..കൂടാതെ ശാരിക്ക് അർജന്റ് ആയിട്ട് നാട്ടിലേക്ക് പോകണമെന്ന് ഫോൺ ചെയ്ത് പറഞ്ഞിട്ട് ഫ്ലൈറ്റിന്റെ സമയവും ടിക്കറ്റുമെല്ലാം അയച്ചുകൊടുത്തു…
ഞാൻ കണക്ഷൻ ഫ്ലൈറ്റ് ആയിരുന്നു ബുക്ക് ചെയ്തത്. മുംബൈ-ബാംഗ്ലൂർ,ബാംഗ്ലൂർ -കേരള അതായിരുന്നു ഫ്ലൈറ്റ് ഷെഡ്യൂൾ.
അന്ന് വൈകിട്ട് 5 മണിക്കായിരുന്നു ബാംഗ്ലൂർക്കുള്ള ഫ്ലൈറ്റ് ബംഗ്ലൂരിൽനിന്ന് 9 മണിക്കും. ശാരി എന്റെ കൂടെ ബാംഗ്ലൂരിൽ നിന്നും കയറി.
അവൾ ആകെ മാറിയിരുന്നു.ഒരു ടി ഷർട്ടും ജീൻസും തോളൊപ്പം വെട്ടിയ മുടിയും…എല്ലാം കൊണ്ട് ആളാകെ മാറിപ്പോയി..കുറച്ചൂടെ ഭംഗി തോന്നി ഇപ്പൊ അവളെ കാണാൻ..പഴയ ആ നാട്ടിൻപുറത്തുകാരി പെൺകുട്ടിയിൽനിന്നും ഒരുപാട് മാറ്റങ്ങൾ അവളിൽ വന്നിരുന്നു…
എന്നാലും ഇങ്ങാനൊരവസ്ഥയിൽ അവളുടെ ഈ വേഷവിധാനമൊന്നും അപ്പച്ചിക്ക് പിടിക്കില്ലെന്നറിഞ്ഞുകൊണ്ടുതന്നെ എട്ടനോട് വരുമ്പോൾ അവളുടെ പാകത്തിന് പറ്റിയ ഏതേലും കുർത്തയും ഷാളും കൊണ്ടുവരണമെന്ന് പറഞ്ഞിരുന്നു.
2 മണിക്കൂർ കഴിഞ്ഞപ്പം ഞങ്ങൾ കൊച്ചി വിമാനത്താവളത്തിൽ ഇറങ്ങി.ഏട്ടൻ അവിടെ കാത്തുനിൽപ്പുണ്ടായിരുന്നു…ഞാൻവേഗം ഏട്ടന്റെ അടുക്കൽ ചെന്ന് കയ്യിലുള്ള കവർ വാങ്ങി അവളെ റസ്റ്റ് റൂമിലേക്ക് പറഞ്ഞയച്ചു ഡ്രസ്സ് മാറി വരാൻ പറഞ്ഞു. ആദ്യം എതിർത്തെങ്കിലും പിന്നെ ഞങ്ങളുടെ കനപ്പിച്ചുള്ളൊരു നോട്ടം കണ്ടപ്പോൾ അവൾ പോയി മാറ്റി വന്നു.
പോകുന്ന വഴി രാത്രിഭക്ഷണവും കഴിഞ്ഞ ശേഷമാണ് അവളോട് അമ്മാവന്റെ കാര്യം പറഞ്ഞത്. ക്രിട്ടികൽ ആണെന്നൊന്നും പറഞ്ഞില്ല…അതിനു മുന്നേ തന്നെ അവൾ വലിയവായിൽ നിലവിളിക്കാൻ തുടങ്ങി….
ഞങ്ങൾ വളരെ വേഗം തന്നെ ആശുപത്രിയിൽ എത്തി.പുറത്തു കരഞ്ഞു തളർന്നിരിക്കുന്ന അപ്പച്ചിയെയും അപ്പച്ചിയെ ആശ്വസിപ്പിച്ചുകൊണ്ടിരിക്കുന്ന അമ്മയെയും ഏടത്തിയെയും കണ്ടു. അച്ഛൻ മരുന്ന് വാങ്ങാനായിപോയിരിക്കുകയാണെന്ന് പറഞ്ഞു.
അവിടെ റൂം എടുത്തതുകൊണ്ട് അപ്പച്ചിയെയും ശാരിയെയും അച്ഛനെയും അമ്മയെയും അവിടെ നിർത്തി ഞങ്ങൾ വീട്ടിലേക്ക് പൊന്നു.
പിറ്റേന്ന് രാവിലെ വീണ്ടും ആശുപത്രിയിലേക്ക് ചെന്നു. അമ്മാവന് ബോധം തെളിഞ്ഞു എന്നറിഞ് ഞങ്ങൾക്കെല്ലാവർക്കും സന്തോഷമായി.
ബോധം തെളിഞ്ഞെങ്കിലും അമ്മാവന്റെ ഇടതുകാൽ മുട്ടിനു താഴേ തളർന്നു പോയിരുന്നു.അത് ഞങ്ങളെ വിഷമത്തിലാക്കി.
അപ്പോഴേക്കും ഡോക്ടർ വന്നു..ഞാനും അച്ഛനും ഏട്ടനും കൂടെ അദ്ദേഹം വിളിച്ചിട്ട് കൂടിപ്പോയി..കാലിന്റെ തളർച്ച ഫിസിയോതെറാപ്പിയിലൂടെ മാറ്റുവാൻ കഴിയും എന്ന് ഡോക്ടർ പറഞ്ഞപ്പോൾ സമാധാനമായി.പക്ഷെ പിന്നീട് അദ്ദേഹം പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ സ്തംഭിച്ചുപോയി.
“പേഷ്യന്റിന് വേറെ കുഴപ്പമിന്നുമില്ല പക്ഷെ ഞങ്ങൾ സർജറി നടത്തുന്നതിന്റെ ഇടയിൽ അദ്ദേഹത്തിന് ഒരു മൈനർ അറ്റാക്ക് ഉണ്ടായി..പരിശോധിച്ചപ്പോൾ ഒരു ബ്ലോക്കും ഉണ്ടായിരുന്നു…അത് ഞങ്ങൾ മാറ്റിയിട്ടുണ്ട്..എന്നാലും കുറച്ചു നാളത്തേക്ക് അദ്ദേഹത്തിന് ബുദ്ധിമുട്ടുള്ള കാര്യങ്ങൾ ഒന്നും പറയുകയോ പ്രവർത്തിക്കുകയോ ചെയ്യരുത്…അത് അദ്ദേഹത്തിന്റെ ആരോഗ്യത്തെ രൂക്ഷമായി ബാധിക്കും”
ഞങ്ങൾ ഉടനെ തന്നെ ഡോക്ടറുടെ അടുക്കൽ നിന്നും പുറത്തിറങ്ങി പുറത്തുള്ളവറീ വിവരങ്ങൾ അറിയിച്ചു. അപ്പച്ചി പിന്നെയും കരയാൻ തുടങ്ങി…ശാരി ഏടത്തിയുടെ കൂടെയായിരുന്നു…
കുറച്ചുനേരം കഴിഞ്ഞ ശേഷം ഒരു നേഴ്സ് വന്ന് എന്നെയും ശാരിയെയും അമ്മാവൻ അന്വേഷിക്കുന്നു എന്ന് പറഞ്ഞു…ഞങൾ തമ്മിൽ ഒന്ന് നോക്കിയശേഷം അവർ തന്ന പച്ച ഗൗണും ഇട്ടുകൊണ്ട് അമ്മാവനെ കാണാൻ കയറി…
അകത്ത് അമ്മാവൻറെ ശരീരം അനേകം വയറുകളാൽ ബന്ധിക്കപ്പെട്ടിരുന്നു…എല്ലാകാര്യങ്ങൾക്കും ഓരോ മെഷീനിന്റെ സഹായം വേണമായിരുന്നു..
ഞങ്ങളെ കണ്ടപ്പോൾ അദ്ദേഹം കൈകൊണ്ട് ഞങ്ങളെ രണ്ടുപേരെയും മാടിവിളിച്ചു…ഞങൾ അടുത്ത് ചെന്ന് അദ്ദേഹത്തിന്റെ മാസ്ക് ചെറുതായി മാറ്റി..
അപ്പോഴേക്കും അമ്മാവൻ ഞങളുടെ കരം കവർന്നു..പിന്നീട് അദ്ദേഹം പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ എന്റെ കൺകോനിൽ കണ്ണുനീര്തുള്ളികൾ ഉരുണ്ടുകൂടി..
(തുടരും…)