Friday, November 22, 2024
Novel

ഗെയിം ഓവർ – ഭാഗം 20

നോവൽ

******

Game over

എഴുത്തുകാരൻ: ANURAG GOPINATH

തന്റെ ഓഫീസില്‍ നിന്നു പുറത്തിറങ്ങിയ നമിത തന്റെ ബാഗില്‍ നിന്നും സണ്‍ഗ്ലാസ്സെടുത്ത് മുഖത്ത് വച്ച് കാറിന്റെ താക്കോല്‍ ഇടതുകൈയുടെ ചൂണ്ടുവിരല്‍ കൊണ്ട് മെല്ലെ കറക്കി തന്റെ കാറിനെ ലക്ഷ്യമാക്കി നടന്നു ..
ഡോ൪ തുറന്ന് അകത്തുകടന്നിരുന്ന നമിത അല്പസമയം സ്റ്റിയറിംഗില്‍ പിടിച്ചു കണ്ണടച്ചിരുന്നു ..
പിന്നെ മെല്ലെ പി൯സീറ്റിലേക്ക് തലചരിച്ച് ഒന്നുനോക്കി…
അവളുടെ കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു..
വന്യമായൊരു ഉന്മാദാവസ്ഥയിലായിരുന്നു അവളപ്പോള്‍…
പി൯സീറ്റിലിരുന്ന അവന്തികയുടെ കണ്ണുകള്‍ കറുത്ത തുണികൊണ്ടുകെട്ടിയിട്ടുണ്ടായിരുന്നു.
കുഞ്ഞുവായില്‍ ഒരുതുണ്ട് പ്ലാസ്റ്റ൪ പതിച്ചിട്ടുമുണ്ടായിരുന്നു..
കണ്ണുകള്‍ മൂടിയ കറുത്ത തുണിക്കഷണത്തിലെ കണ്ണീരുണങ്ങിയിട്ടുണ്ടായിരുന്നില്ല.

*-*ഏതാനും മണിക്കൂറുകള്‍ക്കുമു൯പ്…*-*

അക്ബര്‍ അവിടെനിന്നും ഇറങ്ങിപ്പോയതിനുശേഷം…
നിലത്തുചിതറിയ പേപ്പര്‍ വെയ്റ്റിന്റെ തുണ്ടുകള്‍ വലതുകൈകൊണ്ട് പെറുക്കി എടുത്തുകൊണ്ടിരിക്കുകയായിരുന്നു നമിത.
എടുത്ത കഷണങ്ങള്‍ ആ മുറിയുടെ മൂലയില്‍ വച്ചിരുന്ന ചവറ്റുകുട്ടയില്‍ നിക്ഷേപിക്കുവാ൯ തുടങ്ങിയ സമയത്ത് അവളുടെ വലതുകൈയുടെ ആ പ്രവ൪ത്തി ഇടതുകൈ തടഞ്ഞു.
മറ്റൊരാള്‍ കൈത്തണ്ടയില്‍ ബലമായി പിടിക്കുംപോലെതന്നെ വലതുകൈത്തണ്ടയില്‍
ഇടതുകൈപ്പത്തി അമ൪ന്നു. വീണ്ടും ആ സ്ഫടികച്ചീളുകള്‍ നിലത്തുവിതറിച്ചു…
ബലാബലത്തിലാ വലതുകൈ തോല്‍വിസമ്മതിച്ചു..
തെല്ലിട കുനിഞ്ഞിരുന്ന നമിതയുടെ വലതുകവിളില്‍ അവളുടെ ഇടതുകൈ ആഞ്ഞ് പ്രഹരിച്ചു… കെട്ടിവച്ചമുടിക്കെട്ട് അഴിഞ്ഞുലഞ്ഞു മുഖത്തേക്കുവീണു.
ആ കണ്ണുകള്‍ ചുവന്നു കലങ്ങിപ്പൊയിരുന്നു.
ഇടതുകൈയുടെ ചൂണ്ടുവിരല്‍ അവളുടെ മുഖത്തിനുനേരെ ഉയ൪ന്നു…
നമിത… അവള്‍ സ്വയം വിളിച്ചു.. പക്ഷെ ആ ശബ്ദം മാറിപ്പോയിരുന്നു…ചൂണ്ടിയവിരലോ കൈയ്യോ തടുക്കുവാ൯ മാത്രം ബലം അവളുടെ വലതുകൈയ്ക്കുണ്ടായിരുന്നില്ല.
ഇടതുകൈ മേശപ്പുറത്തിരുന്ന അവളുടെ മൊബൈല്‍ ഫോണെടുത്തു. വലതുകൈയിലെ ചൂണ്ടുവിരല്‍ പിടിച്ച് ബലമായി ഫിംഗ൪ ലോക്കില്‍ അമ൪ത്തി. ലോക്കുതുറന്ന് ഒരു നമ്പ൪ വളരെ വേഗത്തില്‍ ഡയല്‍ചെയ്ത് അവള്‍ കാതോ൪ത്തു.
മറുതലയ്ക്കല്‍ നിന്നും മറ്റൊരു സ്ത്രീസ്വരം..
അമുദമൊഴി ..
“അവന്തിക എന്റെകൂടെയുണ്ട്.. നമിത. സ്കൂള്‍ ബസ്സില്‍ നിന്നും ഞാന്‍ പൊക്കി.. നിന്റെ വണ്ടി പാ൪ക്കിംഗിലിട്ട് താക്കോല്‍ കൊണ്ടുവരുന്നുണ്ട് ഞാന്‍. ”
ചുണ്ട് ഇടതുവശത്തേക്ക് ചരിച്ച് നമിത ചിരിച്ചു.
മുഖത്തിന്റെ ഇടതുവശംകൊണ്ട് മാത്രം ..
അവളിലെ ഏലിയ൯ ഹാന്റ് രോഗി ഉണ൪ന്നുകഴിഞ്ഞിരുന്നു…

അരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ അമുദമൊഴിവന്നു.
മേശക്കുള്ളില്‍ നിന്നും ഒരുപൊതിയെടുത്ത് അവള്‍ക്കുനല്‍കി നമിത പറഞ്ഞു.
“അമുദം ഇതുകൂടി വച്ചോളു. പ്രൊജക്ട് നടന്നാല്‍ പറഞ്ഞ വാക്ക് ഞാന്‍ പാലിച്ചിരിക്കും…”
ആ പൊതി വാങ്ങി അമുദം തുറന്നുനോക്കി..
കുറച്ചു പണവും പിന്നെ മയക്കുമരുന്ന് ആംപ്യൂളുകളുമായിരുന്നു അതിനുള്ളില്‍.
“അപ്പോള്‍ ശരി.. ഞാന്‍ അഞ്ചുമണിയുടെ ട്രെയിനുമടങ്ങും…ഇനി എന്നാണ്?”
അമുദം ചോദിച്ചു.
“ഞാന്‍ വിളിക്കാം..കമ്മീഷണറുടെ മക൯ തലനാരിഴക്ക് രക്ഷപ്പെട്ടു…ആ നശിച്ചവനാ എല്ലാററിനും കാരണം..അക്ബര്‍ ..ഏതായാലും ജെറിയെ തീ൪ക്കുവാനുള്ളയാളെ ഏ൪പ്പാടാക്കുവാനുള്ള ബിറ്റ് കോയി൯സ് ശരിയായിട്ടുണ്ട്…അവനിനി അധികം ആയുസ്സില്ല. പിന്നെ എന്റെ വയറ്റില്‍പിറന്ന ആ ജന്മം.. അത് ഈ നമിത കൈകാര്യം ചെയ്തുകൊള്ളാം.. അവന്റെ ആ ജെറിയുടെ തന്ത സമ്പാദിച്ചതെല്ലാം..പിന്നെ എനിക്കു സ്വന്തം..
ഒടുങ്ങാത്ത പ്രേമംകൊണ്ടാ അവന്റെ കൂടെകൂടിയതെന്നാണ് പൊട്ടന്റെ വിചാരം..അല്ലേ അമുദം..”
അവ൪ പൊട്ടിചിരിച്ചു.. പെട്ടെന്നു തന്നെ മുഖഭാവം മാറി…ക്രൂരമായ തിളക്കം കണ്ണുകളിലാവാഹിച്ചുകൊണ്ട് പറഞ്ഞു.. ”
ഇതിനിടയില്‍ ആ പെണ്ണുവന്നുപിറന്നതാണ് ഒക്കെയും തകിടംമറിച്ചത്.. കേരളം സേയ്ഫാണെന്നാണ് അവന്റെ വിചാരം ..ഈ നമിതയെ അവനറിയില്ല.. എനിക്കെന്തൊക്കെ ചെയ്യാനാവുമെന്നും…..”
അമുദം .. നീ അവനോട് കൂട്ടുകൂടിയതും എന്നെ പരിചയപ്പെടുത്തി അവനോട് അടുപ്പിച്ചതും യാദൃശ്ചികമായി സംഭവിച്ചതാണെന്നാണ് കോടീശ്വരനായ ആ മഠയന്റെ വിചാരം…അല്ലേ… ”
നമിത വീണ്ടും ചിരിച്ചുകൊണ്ട് ചോദിച്ചു ..
അമുദം ഒരുനിമിഷം ഭൂതകാലത്തേക്കൊന്നുപോയി.
ജെറിയുമായി സെമിനാറിന് പോയപ്പോള്‍ ജെറി അറിയാതെതന്നെ അവ൪ നിന്ന സ്ഥലം മെസ്സേജ് ചെയ്ത് നമിതയെ അവിടേക്ക് വരുത്തിയിട്ട് അവിചാരിതമായി കണ്ടുമുട്ടിയെന്ന് വരുത്തിതീ൪ത്തതുമുതല്‍ ഓരോന്നും ഒരു തിരശ്ശീലയില്‍ ചലച്ചിത്രമെന്നതുപോലെ അവളുടെ മനസ്സില്‍കൂടി കടന്നുപോയി.
“കാണാതാവുന്ന കുട്ടികളെയെല്ലാം കിട്ടുന്നുണ്ടോ… ആലപ്പുഴയില്‍ നിന്നും 2005 മെയ് പതിനെട്ടിനു കാണാതെപോയ രാഹുലിനെ ഇപ്പോഴും ആരുംകണ്ടിട്ടില്ല.. അവന്തികയേയും കാണാതെപോകും..ദാ ഇന്നു മുതല്‍ …
അവന്തികയും ഒരു സെ൯സേഷണല്‍ന്യൂസാവും..
അന്വേഷണം ഈ നമിത ചുക്കാ൯ പിടിക്കും.
സില്‍വര്‍ ലൈ൯ ആത്മഹത്യാ പരമ്പര കേസ് അക്ബറില്‍ നിന്നും എസ്സ് ഐ ടി യിലെ അഞ്ജലി ഐ പി എസ്സിനു നാളെ കൈമാററം ചെയ്യും ..
നമിതയാരാണെന്ന് അവനൊക്കെ പഠിക്കട്ടെ…”
അമുദമൊഴി എഴുന്നേററു …
അപ്പോള്‍ ശരി.. കുട്ടി പി൯സീറ്റിലുണ്ട്.. ശബ്ദമുണ്ടാക്കാതെയിരിക്കുവാ൯ വായിലൊരു സ്റ്റിക്കറടിച്ചു.കണ്ണും മൂടിയിട്ടുണ്ട്.. ഞാന്‍ ഇറങ്ങുന്നു.. ചിന്ന പ൪ച്ചേസിംഗ്..ലുലിവില്‍ ഒന്നു കയറണം.. സോ… വീണ്ടും സന്ധിക്കും വരെയ്ക്കും ….
നമിത തന്റെ ഇടതുകൈ കൊണ്ടാണ് അമുദമൊഴിക്ക് ഹസ്തദാനം നടത്തിയത്…!

ചിന്തയില്‍ നിന്നുണ൪ന്നു നമിത കാറിന്റെ ആക്സിലേറ്ററില്‍ കാലമ൪ത്തി..
**************************
“അക്ബ൪ എന്താണ് നിന്റെ മനസ്സിലെന്നറിയാം..അതുവേണോ? നിയമത്തിന്‍റെ …”
മോഹ൯ പറഞ്ഞു മുഴുവനാക്കുന്നതിനു മു൯പ് അക്ബര്‍ ആ കൈകളില്‍ കയറിപ്പിടിച്ചു.
ഇരുകൈകളും കൂട്ടി മോഹന്റെ കരം പിടിച്ച് തന്റെ നെഞ്ചിനുനേരെ പിടിച്ചുകൊണ്ട് പറഞ്ഞു. ഞാനൊരു പോലീസുകാര൯ മാത്രമല്ല ഒരച്ഛ൯കൂടിയാണ്.. മാതൃത്വത്തിന്റെ മഹത്വം ഘോഷിക്കുന്നവ൪ പലരും മനപ്പൂര്‍വ്വം മറന്നുപോകുന്നൊരു പേരാണത്. ഒഴിഞ്ഞവയറിന്മേല്‍ മുണ്ടുമുറുക്കിയുടുത്ത് വിയ൪പ്പുമണക്കുന്ന നോട്ടുകൊണ്ട് അന്നംവാങ്ങി കഴിക്കുംമു൯പ് ഒരുരുള മക്കളെയൂട്ടിയ ഒരു വാപ്പയുടെ മക൯.. എനിക്കിതുചെയ്യണം. എന്നെ.. എന്നെ സ൪ തടയരുത്. സ്വന്തം മക്കള്‍ പൂവ്കൊഴിയുന്ന ലാഘവത്തോടെ മരണത്തെ പുണ൪ന്നുപോവുന്നതുകണ്ട് നിസ്സഹായരായിപ്പോയ ഒരുപാട് അച്ഛനമ്മമാ൪ക്കുവേണ്ടിയാണ്.. എനിക്ക് അനുവാദം തരണം.
മറ്റാരെയും എനിക്ക് ബോധിപ്പിക്കുവാനില്ല സ൪.. ”
തന്റെ കണ്ണില്‍ നിന്നൂറിയ രണ്ടുതുളളി കണ്ണീ൪ ആ കൈത്തലങ്ങളിലിറ്റു.
“ആ സ്ത്രീ..അവരാണിതിന്റെയൊക്കെ പിന്നിലെന്ന് എനിക്കിപ്പോഴും വിശ്വാസം വരുന്നില്ല അക്ബര്‍ ”
മോഹ൯ പറഞ്ഞു.
“സാറിനറിയുമല്ലോ ഇവിടെ നമ്മുടെ നാട്ടില്‍ പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് ക്രൈമുകള്‍ക്കുപിന്നില്‍.. സയനേഡ് കൊടുത്തും കല്ലിലടിച്ചും കൊലപാതകങ്ങള്‍ ചെയ്ത് വളരുകയാണവ൪.. ആണായാലും പെണ്ണായാലും തെറ്റിനുശിക്ഷയനുഭവിക്കണം..ഇതൊരു തെളിവില്ലാത്ത കേസാവരുത്. ഗെയിം കളിപ്പിച്ചുകൊന്നു എന്നെയീ കേസില്‍ ഇന്ത്യയിലൊരു ശിക്ഷയും കാടുക്കില്ല അതൊകൊണ്ട്…സാ൪ അനുവദിക്കണം..അപേക്ഷയാണ്. എനിക്ക് വേറെയാരെയും ബോധിപ്പിക്കാനില്ല.”
അത്രയും പറഞ്ഞ് അക്ബര്‍ മോഹന്റെ മറുപടികാക്കാതെ തിരിഞ്ഞു നടന്നു.
“അക്ബര്‍… ”
മോഹ൯ വിളിച്ചു..
അക്ബര്‍ നിന്നു…
“പി൯വിളിയല്ല അക്ബര്‍ .. ഒരു ഓള്‍ ദ ബെസ്റ്റ് പറയുവാനാണ്..പിന്നെ ..എന്റെ കിരണ്‍.. അവ൯ ജീവിതത്തിന്‍റെ വെള്ളിവെളിച്ചത്തിലേക്ക് മടങ്ങിവന്നിരിക്കുന്നു.
സംസാരിച്ചെടോ..എന്നോട് .. അവനാദ്യം തിരക്കിയതാരെയാണെന്നറിയാമൊ?… അവന്റെ അമ്മയെയും അച്ഛനെയുമല്ല… തന്നെയാണെടൊ ഷെ൪ലക് ഹോംസെ.. പോ. പോയി ജോലി തീ൪ത്തുവാ..We are all waiting for you അക്ബ൪….! ”
തിരിഞ്ഞു നിന്ന് മോഹനെ നോക്കി ചിരിച്ച് അക്ബര്‍ പുറത്തേക്കിറങ്ങി.
“തങ്കച്ചാ നേരെ എറണാകുളം റെയില്‍വേ സ്റ്റേഷ൯.. അവിടെ രാജീവും ടീമും എത്തിയിട്ടുണ്ട്.. സമയം കളയാനില്ല വേഗം..”
കേള്‍ക്കാത്ത താമസം തങ്കച്ച൯ വണ്ടി സ്റ്റാ൪ട്ടാക്കിയിരുന്നു.
ബീക്കണ്‍ ലൈറ്റ്മിന്നിച്ചുചീറിപ്പായുകയായിരുന്നു അവ൪…
ഇതേസമയം രാജീവും ഒരുസംഘം പോലീസികാരും റെയില്‍വേ സ്റ്റേഷ൯ അരിച്ചുപെറുക്കുകയായിരുന്നു..
തങ്കച്ചന്‍ റെയില്‍വേ സ്റ്റേഷന്റെ ഗേറ്റിനുള്ളിലേക്ക് വണ്ടിയോടിച്ചു കയറ്റി.
ഓഫാക്കുംമു൯പുതന്നെ അക്ബ൪ ഡോ൪തുറന്നുപുറത്തേക്കുചാടി..നേരെ പ്ലാറ്റ്ഫോമിലേക്ക് ഓടി… പിന്നാലെ തങ്കച്ചനും..
അക്ബര്‍ രാജീവിന് ഫോണിലൂടെ നി൪ദ്ദേശം നല്‍കിക്കൊണ്ടേയിരുന്നു. ചെന്നൈ മെയില്‍ രണ്ടാമത്തെ പ്ലാറ്റ്ഫോമിലായിരുന്നു.. അതിനുളളില്‍ പോലീസ് അരിച്ചുപെറുക്കി.. യാത്രക്കാരെല്ലാവരും കാര്യമറിയാതെ പരസ്പരം നോക്കി ..
“ആരോ ബോംബുവച്ചിട്ടുണ്ടാവും..” അവരിലൊരാള്‍ മറ്റെയാളോട് അടക്കം പറഞ്ഞു.
അക്ബറും തങ്കച്ചനും കൂടി ട്രെയിനിലേക്ക് കയറി അന്വേഷണം തുട൪ന്നു..
അപ്പ൪ ബ൪ത്തില്‍ പുതച്ചുമൂടികിടന്ന ഒരാളെ തങ്കച്ചന്‍ തട്ടിവിളിച്ചു.. “അതേ. ആ മുഖംമൂടിയൊന്നുമാറ്റ്” അയാള്‍ തുണി മാറ്റി. അതൊരു വൃദ്ധനായിരുന്നു.മുഷിഞ്ഞ വേഷംധരിച്ച്
നരച്ചമുടിയും താടിയുമൊക്കെയായി …
“ആരാ തങ്കച്ചാ!” അക്ബ൪ അവിടേക്കുവന്നു.
“ഒന്നുമില്ല സ൪ ഏതോ ഭിക്ഷക്കാരനാണ് ” തങ്കച്ചന്‍ പറഞ്ഞു.
“ഈ ചൂടത്ത് മൂടിപ്പുതച്ചു കിടക്കുന്ന ഭിക്ഷക്കാരനൊ? താനൊന്നു മാറിക്കേ…”
അക്ബ൪ പറഞ്ഞു .തൊട്ടടുത്തെത്തിയ അക്ബര്‍ ആ കണ്ണുകള്‍ സൂക്ഷിച്ചുനോക്കി.എന്നിട്ട് പതിയെ തന്റെ ഫോണെടുത്ത് അമുദമൊഴിയുടെ ചിത്രം മെല്ലെ വലുതാക്കുവാ൯ തുടങ്ങി. വലതുകണ്ണിന്റെ താഴെ ഒരു മറുകുണ്ട്.. അക്ബര്‍ വൃദ്ധനെ സൂക്ഷിച്ചു നോക്കി .. അതെ.. അതേ മറുക്. !
“അമുദമൊഴി! ഫാ൯സി ഡ്രസ്സാണല്ലേ?”
എന്നുചോദിച്ചുകൊണ്ട് മിന്നല്‍ പോലെ അക്ബ൪ ആ താടിയുടെ മുകളില്‍ പിടിച്ചുവലിച്ചു.. അത് ഇളകി കൈയ്യിലേക്കുവന്നു.! പുതച്ചിരുന്ന തുണി അക്ബറിന്‍റെയും തങ്ക്ച്ചന്റെയും മുകളിലേക്കെറിഞ്ഞ് അസാമാന്യമായ മെയ് വഴക്കത്തോടെ അമുദമൊഴി ബ൪ത്തിന്റെ ചങ്ങലയില്‍ തൂങ്ങിയിറങ്ങി.
എന്നാല്‍ പിന്നാലെ ചാടിയ തങ്കച്ചന്‍ അവളുടെ
𝐆𝐀𝐌𝐄 𝐎𝐕𝐄𝐑 ᷝ ͤ ͮ ͤ ᷝ 20
ഇടതുകാലില്‍ പിടികൂടി…
ആ പിടുത്തത്തിന്റെ ആഘാതത്തില്‍ അമുദം മുഖമടിച്ചുവീണുപോയി.
തങ്കച്ച൯ ഒറ്റവലിക്ക് അവളെ വലിച്ചടുപ്പിച്ചു.
എന്നാല്‍ വലതുകാല്‍ കൊണ്ട് തങ്കച്ചന്റെ കൈകളില്‍ തൊഴിച്ച് പിടിവിടുവിച്ച് അമുദം എണീറ്റു.. എന്നിട്ട് ട്രെയിനിന്റെ ഒരുബോഗിയില്‍ നിന്നു മറ്റൊന്നിലേക്ക് അതിവേഗത്തില്‍ ഓടുവാ൯ തുടങ്ങി. അക്ബ൪ പക്ഷേ ആ ബോഗിയില്‍ നിന്നും പുറത്തേക്കിറങ്ങി അമുദമൊഴിക്ക് സമാന്തരമായി ഓടുവാ൯ തുടങ്ങി.
അമുദം പക്ഷേ അതുകാണുന്നുണ്ടായിരുന്നില്ല
പിന്നാലെ പുറത്തുവന്ന തങ്കച്ചന്‍ എതി൪വശത്തു ട്രാക്കില്‍ കൂടി ഓടിക്കൊണ്ടിരുന്നു.. ഒരു വാതില്‍ തള്ളിത്തുറന്നു പുറത്തേക്കുചാടുവാ൯ തുനിയുന്ന അമുദത്തെ തങ്കച്ച൯ കണ്ടു. അവള്‍ പുറത്തേക്കുചാടിയതും തങ്കച്ചന്റെ ഉരുക്കുമുഷ്ടി അവളുടെ താടിയെല്ലില്‍ പതിച്ചു..
പുറത്തേക്കുചാടിയ അതേ വേഗത്തില്‍ തന്നെ അവള്‍ അകത്തേക്ക് വീണു.. അപ്പോഴേക്കും അക്ബ൪ അടുത്തെത്തിക്കഴിഞ്ഞിരുന്നു.അവളുടെ ഷ൪ട്ടിന്റെ കോളറില്‍ പിടിച്ച് പൊക്കിയെടുത്ത് അക്ബര്‍ ശക്തിയായി കവിളത്ത് പ്രഹരിച്ചു. അവിടെയുണ്ടായിരുന്ന വാഷ്ബേസിന്റെ മുകളില്‍ സ്ഥാപിച്ച കണ്ണാടിയിലേക്കാണ് അവളുടെ മുഖം ചെന്നിടിച്ചത്. ആ കണ്ണാടിയില്‍ ചിലന്തിവലപോലെ വിള്ളലുകള്‍ വീണു.
അമുദത്തിന്റെ നെറ്റിയില്‍ ഒരു മുറിവുണ്ടായി.
അവള്‍ കഴുത്തിലെന്തോ പരതുന്നതുകണ്ട് അക്ബ൪ മിന്നല്‍ വേഗത്തില്‍ അവളുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചെടുത്തു. അതില്‍ ഒരു ചെറിയ ഗ്ലാസ്സ് ട്യൂബുപോലെ ഒരു ലോക്കറ്റുണ്ടായിരുന്നു അത് സയനെഡ് ആണെന്ന തിരിച്ചറിവാണ് അക്ബറിനെക്കൊണ്ട് അതുചെയ്യിപ്പിച്ചത്..
ആ മാലയും ലോക്കറ്റും തന്റെ പൊക്കറ്റില്‍ അക്ബര്‍ നിക്ഷേപിച്ചു.
ഓടി ട്രെയിനിനുള്ളില്‍ കയറിയ തങ്കച്ച൯ വീണ്ടും ഒരടികൂടെ അവളുടെ മുഖമടച്ചുകൊടുത്തു.
“@&#%&@*@-@+ മോളേ..”
അതുകഴിഞ്ഞാണ് അയാള്‍ അക്ബറിനെ കണ്ടത്.. “സോറി സ൪” തങ്കച്ചന്‍ ജാള്യതയോടെ പറഞ്ഞു ..
******************************
സമയം നാലു മുപ്പതു കഴിഞ്ഞു..
കാലത്തെ സ്കൂളില്‍ കൊണ്ടുവിട്ട മകള്‍
വൈകുന്നേരം സ്കൂള്‍ വിട്ട് വാതിലില്‍ കാത്തുനിന്നെങ്കിലും എത്തിയില്ല!
പപ്പാ എന്ന് വിളിച്ച് ഓടിവന്ന് തന്നെ കെട്ടിപ്പിടിക്കുന്ന അവന്തിക ഒരു നിമിഷം ജെറിയുടെ മനസ്സിലൂടെ കടന്നുപോയി.
അവളെ ഞാന്‍ രാവിലെ ഇവിടെക്കൊണ്ട് വിട്ടതാണല്ലോ.. ജെറി സെക്യൂരിറ്റിയോട് പറഞ്ഞു. എനിക്ക് ടാറ്റാ തന്ന് അകത്തേക്കുനടന്നുപോയ മകള്‍ …
അവള്‍ക്കെന്തുപറ്റി?
അയാളുടെ മനസ്സില്‍കൂടി പല ചിന്തകള്‍ കടന്നുപോയി…
ജെറിയുടെ ഉള്ളൊന്നുകിടുങ്ങി..അയാള്‍ അകഗബറിനെ വിളിച്ചു..
ഫോണെടുക്കുന്നുണ്ടായിരുന്നില്ല.
അക്ബര്‍ ആ സമയം അമുദമൊഴിയേയും കൊണ്ട് സ്റ്റെഷനിലേക്കുള്ള യാത്രയിലായിരുന്നു.

ജെറി പരിഭ്രാന്തനായി ആ സ്കൂള്‍ ഗേറ്റിന്റെ അഴികളില്‍ പിടിച്ചുനിന്നു കരഞ്ഞു.
“സാറെ നമ്മള്‍ക്ക് പോലീസില്‍ ഒന്നു പരാതിപ്പെടാം മോള്‍ക്കൊന്നും സംഭവിച്ചുകാണില്ല…സാറ് വിഷമിക്കേണ്ട”
സെക്യൂരിററി അയാളെ ആശ്വസിപ്പിക്കുവാ൯ ശ്രമിച്ചു.
ജെറി തന്റെ ഫോണെടുത്ത് അക്ബറിനെ വിളിച്ചു .
റിംഗ് ഉണ്ട് പക്ഷേ എടുക്കുന്നില്ല.
വീണ്ടും വിളിച്ചു.
അയാളുടെ കണ്ണുകളിലിരുട്ട് കയറുന്നുണ്ടായിരുന്നു.
“എന്റെ മോളേ…” അയാള്‍ വാവിട്ടുകരഞ്ഞു..
ജെറി തന്റെ സമനിലവീണ്ടെടുത്ത് കാറില്‍ കയറിയിരുന്നു .. അയാളുടെ കണ്ണുകള്‍ കലങ്ങിയിരുന്നു. പി൯സീറ്റിലിരുന്ന് അവള്‍ “പപ്പാ” എന്നുവിളിക്കുന്നു.. അയാള്‍ ഞെട്ടിത്തിരിഞ്ഞു നോക്കി.. ഇല്ല.. ആരുമില്ല… തലകൊണ്ട് സ്റ്റിയറിംഗിലിടിച്ചുകൊണ്ട് അയാള്‍ കരഞ്ഞു …
അല്പസമയം കടന്നുപോയി…
ജെറിയുടെ ഫോണ്‍ ബെല്ലടിച്ചു തുടങ്ങി …
അയാള്‍ ഫോണെടുത്തുനോക്കി…
ആ കണ്ണുകള്‍ തിളങ്ങി ..

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഗെയിം ഓവർ – ഭാഗം 1

ഗെയിം ഓവർ – ഭാഗം 2

ഗെയിം ഓവർ – ഭാഗം 3

ഗെയിം ഓവർ – ഭാഗം 4

ഗെയിം ഓവർ – ഭാഗം 5

ഗെയിം ഓവർ – ഭാഗം 6

ഗെയിം ഓവർ – ഭാഗം 7

ഗെയിം ഓവർ – ഭാഗം 8

ഗെയിം ഓവർ – ഭാഗം 9

ഗെയിം ഓവർ – ഭാഗം 10

ഗെയിം ഓവർ – ഭാഗം 11

ഗെയിം ഓവർ – ഭാഗം 12

ഗെയിം ഓവർ – ഭാഗം 13

ഗെയിം ഓവർ – ഭാഗം 14

ഗെയിം ഓവർ – ഭാഗം 15

ഗെയിം ഓവർ – ഭാഗം 16

ഗെയിം ഓവർ – ഭാഗം 17

ഗെയിം ഓവർ – ഭാഗം 18

ഗെയിം ഓവർ – ഭാഗം 19