Wednesday, January 22, 2025
Novel

ഈ യാത്രയിൽ : ഭാഗം 13

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

മഹി കുഞ്ഞിനെയെടുത്തു ഇനിയെന്തു മുന്നോട്ടുള്ള ജീവിതമെന്ന് ആലോചനയോടെ നിന്നു.

ദിവസങ്ങൾ മുന്നോട്ടു പോകുംതോറും ദേവിയിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടായില്ല. അവൾ കുഞ്ഞിന്റെ ഒരു കാര്യവും അന്വേഷിച്ചിരുന്നില്ല എന്നതാണ് സത്യമായ കാര്യം.

കുഞ്ഞിനെ നോക്കുകയോ ഒരിക്കൽ പോലും എടുക്കാൻ മെനകെട്ടതുമില്ല. വീട്ടിലെ മറ്റു പലരും മാറി തുടങ്ങിയിരുന്നു. ചേട്ടനോട് ശീത സമരത്തിലായിരുന്ന വിച്ചുവും കുറച്ചു കഴിഞ്ഞപ്പോൾ കുഞ്ഞിനെ കൊഞ്ചിച്ചു കൊണ്ടു നടക്കുന്നത് ദേവി കണ്ടു.

അച്ചുവിന് ഇപ്പോൾ കോളജ് വിട്ടുവന്നാൽ കുഞ്ഞിനെ കളിപ്പിക്കൽ എന്നൊരു വിചാരം മാത്രമേയുള്ളൂ. കാർത്തികേയനും സുഭദ്രയും മനസുകൊണ്ട് കുഞ്ഞിനെ അഗീകരിച്ചു കഴിഞ്ഞിരുന്നു.

എങ്കിലും മഹിയോട് സംസാരിക്കാനും മറ്റും ഒരു വിമുഖത കാണിച്ചിരുന്നു. എല്ലാം തന്റെ തെറ്റാണെന്ന് മഹിക്കു പൂർണ്ണ ബോധ്യമുള്ളതുകൊണ്ടു എല്ലാം അനുഭവിക്കാൻ അവൻ തയ്യാറായിരുന്നു. അവഗണനയും കുറ്റപ്പെടുത്തലും. എങ്കിലും അച്ഛന്റെയും അമ്മയുടേയും പിണക്കത്തെക്കാളേറെ അവനെ വേദനിപ്പിച്ചത് ദേവിയുടെ പെരുമാറ്റമായിരുന്നു.

മുൻപ് മനപൂർവ്വം സംസാരിക്കാനെങ്കിലും അവൾ വഴക്കിടാൻ ചെല്ലുമായിരുന്നു. ഇപ്പൊ വഴക്കിടാൻ പോയിട്ടു കാണുമ്പോൾ മുഖം തിരിച്ചു പോവുകയാണ് ചെയ്യുന്നത്. ഒരേ മുറിയിലാണെങ്കിലും ഒരേ കട്ടിലിൽ ആണെങ്കിലും അവൾ ഭിത്തിയോട് ഒട്ടിയെ കിടക്കു. തല വഴി പുതച്ചു മൂടി.

രാത്രിയിൽ കുട്ടിയുണർന്നു കരഞ്ഞാൽ അവളുടെ ഉറക്കം ഭംഗം വന്ന ദേഷ്യം മുഴുവൻ അവൾ കാണിക്കുകയും ചെയ്യും. മഹിക്കു വിഷമം ഉണ്ടാകുമെങ്കിലും അവളുടെ ദേഷ്യം ന്യായമാണല്ലോ എന്നോർത്തു അവൻ സമാധാനിക്കും.

ഒരു ദിവസം രാത്രി കുഞ്ഞിനെയും ഉറക്കി കിടത്തുവാൻ റൂമിലേക്ക്‌ വന്ന മഹി കാണുന്നത് റൂമിൽ സോഫ സെറ്റി പിടിച്ചിടുന്ന വിച്ചുവിനെയും ദേവിയേയുമാണ്. വിച്ചു മഹിയെ നോക്കിയിട്ട് പുറത്തേക്കു പോയി.

ദേവിയുടെ ആ പ്രവൃത്തി മഹിയുടെ ഹൃദയത്തിൽ ആഴത്തിലുള്ള മുറിവും വേദനയുമുണ്ടാക്കി. പുതപ്പുമെടുത്തു സോഫയിലേക്കു പോകാൻ പോയ ദേവിയെ കൈകളിൽ പിടിച്ചു മഹി നിർത്തി. ദേവിയെ നോക്കിയ മഹിക്കു നേരെ രോക്ഷത്തോടെ നോക്കിയിട്ടു മഹി പിടിച്ചു വച്ച തന്റെ കൈകളിലേക്കും അവൾ നോക്കി.

അവളുടെ ആ ഒരൊറ്റ നോട്ടത്തിൽ അവളുടെമേൽ പിടിച്ച മഹിയുടെ കൈകൾ അഴഞ്ഞു പോയിരുന്നു.

“ദേവി…പ്ളീസ്..” മഹി കെഞ്ചി.

ദേവി തിരിഞ്ഞു നിന്നു മാറിൽ കൈകൾ പിണച്ചു കെട്ടി എന്താ വേണ്ടത് എന്നർത്ഥത്തിൽ അവനെ രൂക്ഷമായി നോക്കി നിന്നു.

അവളുടെ നോട്ടത്തിൽ പോലും താൻ പറയാനുള്ളത് വിഴുങ്ങി പോയെന്നു മഹിക്കു മനസിലായി. അവന്റെ തല കുമ്പിട്ടു പോയി.

“നിങ്ങളെന്റെ മുന്നിൽ ഇങ്ങനെ തല കുമ്പിട്ടു നിൽക്കല്ലേ…” ദേവിയുടെ വാക്കുകളിൽ അത്രയേറെ ദേഷ്യമുണ്ടായിരുന്നു.

“ദേവി… നിനക്കു ഒരിക്കലും എന്റെ കുഞ്ഞിനെ അംഗീകരിക്കാൻ ആകില്ലയെന്നറിയാം…. എങ്കിലും… ഒന്നുമറിയാത്ത ആ കുഞ്ഞു എന്തു പിഴച്ചു.

എന്നോട് ക്ഷമിക്കണ്ട… പക്ഷെ കുഞ്ഞിനെ ഒന്നു നോക്കുകയെങ്കിലും ചെയ്തൂടെ. ഒരമ്മയുടെ സ്നേഹം കൊടുക്കണമെന്ന് പറയില്ല.

തന്നോട് അങ്ങനെ പറയാനുള്ള അർഹത എനിക്കില്ല. അപേക്ഷിക്കാൻ മാത്രേ കഴിയു.” മഹി തന്റെ നിസ്സഹായാവസ്ഥ ദേവിയോട് തുറന്നു പറഞ്ഞു. അവന്റെ വാക്കുകളിൽ അവൾക്കു അധികവും പുച്ഛമാണ് തോന്നിയത്.

“എനിക്ക് നിങ്ങളോടു പുച്ഛം തോന്നുന്നു. പിന്നെ ഭർത്താവിന്റെ ജാരസന്തതിയെ സ്വന്തം പുത്രനായി കാണാനും മാത്രമുള്ള വിശാല മനസ്‌കത തൽക്കാലം എനിക്കില്ല.”

ദേവിയുടെ ഓരോ വാക്കിലും അവനോടുള്ള പ്രതിഷേധമോ ദേഷ്യമോ വെറുപ്പോ എന്തൊക്കെയോ ഉണ്ടായിരുന്നു.

അവന്റെ നിസ്സഹായതോടെയുള്ള നോട്ടം അവഗണിച്ചുകൊണ്ട് അവൾ സോഫയിലേക്കു കിടന്നു. എന്തുകൊണ്ടോ മഹിയുടെ ഹൃദയ വേദന രണ്ടു തുള്ളി കണ്ണുനീരാൽ പുറത്തേക്കു വന്നിരുന്നു.

ഉറങ്ങുന്ന കുഞ്ഞിന് അരികിലേക്ക് ചെന്നു കുറച്ചു നേരം നോക്കി ഇരുന്നു. നിഷ്കളങ്കമായുള്ള ആ കുഞ്ഞിന്റെ ഉറക്കം നോക്കി കാണേ അവന്റെ നെഞ്ചിലെ ചൂടിന് ഒരു തണുത്ത കാറ്റു വീശിയ സുഖം അനുഭവപെട്ടു…

“അച്ഛന്റെ സ്നേഹപ്രകടനം കഴിഞ്ഞെങ്കിൽ ആ ലൈറ്റ് ഒന്നു കിടത്തിയാൽ ബാക്കിയുള്ളവർക്ക് ഒന്നു ഉറങ്ങാമായിരുന്നു” ദേവിയുടെ വാക്കുകൾ പെട്ടന്ന് സ്വപ്നത്തിൽ നിന്നും അവനെ ഞെട്ടിയുണർത്തി. അവൻ സീറോ ബൾബ് ഒൻ ആക്കി ലൈറ്റ് കെടുത്തി കുഞ്ഞിന്റെ അരികിൽ കിടന്നു.

തന്റെ ഓപ്പോസിറ്റ് സോഫയിൽ കിടക്കുന്ന ദേവിയെയും നോക്കി. കാറ്റിൽ അവളുടെ മുടിയിഴകൾ പാറി പറക്കുന്നത് ഒരു കൗതുകത്തോടെ അവൻ നോക്കി കിടന്നു. അവളുടെ ഹൃദയതാളം ക്രമാതീതമായി ഉയർന്നു താഴുന്നതും അവൻ കണ്ടു.

ഒരു കൈ നെറ്റിയെയും കണ്ണുകളെയും മറച്ചു കൊണ്ടാണ് അവൾ കിടക്കുന്നതെങ്കിലും ചെന്നിയിലൂടെ ഒഴുകുന്ന അവളുടെ കണ്ണുനീരിനെ സീറോ ബൾബിന്റെ അരണ്ട പ്രകാശത്തിലും അവൻ തിരിച്ചറിഞ്ഞു.

ദേവിയുടെ ഹൃദയമിടിപ്പ് സാധാരണഗതിയിലായപ്പോൾ അവൻ പതിയെ ദേവിക്കരികിലേക്കു ചെന്നു. അവളുടെ അടുത്തു താഴെ മുട്ടുകുത്തിയിരുന്നു.

തന്റെ കൈകൾ നീട്ടി അവളുടെ നെറ്റിയിൽ വീണ മുടിയിഴകൾ മാടിയൊതുക്കാൻ മനസ്സു വെമ്പിയതനുസരിച്ചു കൈകൾ നീണ്ടു വെങ്കിലും അവളെ തൊടാൻ പോലും അവന്റെ മനസിനും ശരീരത്തിനും പേടി തോന്നി.

അവൾക്കു നേരെ നീണ്ട തന്റെ കൈകളെ പിൻവലിച്ചു. അവളെ തന്നെ കുറച്ചു നേരം നോക്കിയിരുന്നു. അവന്റെ കണ്ണുകൾ നിറഞ്ഞു വന്നു.

“തമ്മിൽ വഴക്കു കൂടിയിരുന്നപ്പോഴും തല്ലു പിടിക്കുമ്പോഴും എന്നെ നോക്കുന്ന നിന്റെ കണ്ണുകളിൽ ഞാൻ എന്നും എന്നോടുള്ള സ്നേഹം കണ്ടിരുന്നു…

എന്നോടുള്ള വിധേയത്വം കണ്ടിരുന്നു. പക്ഷെ ഇപ്പൊ…” അവളുടെ മുന്നിൽ പതുക്കെ മന്ത്രിച്ചു കൊണ്ട് തന്റെ ഇരു കണ്ണുകളും ഇറുക്കെ അമർത്തി തുടച്ചു.

“പക്ഷെ ഇപ്പൊ നിന്റെ കണ്ണുകൾ എന്നോട് പറയുന്നത് പുച്ഛവും വെറുപ്പും ദേഷ്യവും മാത്രമേ നിനക്കു എന്നൊടുള്ളുവെന്നാണ്…..

നിന്റെ ഓരോ നോട്ടവും എന്നിൽ ഉണ്ടാക്കുന്ന വേദനയുടെ ആഴം… അതു നിനക്കു മനസിലാകില്ല ദേവി… ആ ആഴത്തിൽ പതിയുന്ന നോട്ടത്തിന്റെ തീ ചൂളയിൽ ഞാൻ ഒന്നാകെ വെന്തു പോകുന്നു….ഞാൻ പോലും അറിഞ്ഞില്ല മോളെ …..

ലക്ഷ്മിയോടുള്ളത് ആത്മാർത്ഥ സ്നേഹം തന്നെയായിരുന്നു. പക്ഷെ അവൾ ആഗ്രഹിച്ചത് എന്റെ പ്രണയത്തേക്കാൾ ഏറെ എന്റെ സ്വത്തും പിന്നെ അടിച്ചുപൊളി ജീവിതവുമായിരുന്നു. എന്നെ അതിനു കിട്ടില്ല എന്നും ഒരു പഴഞ്ചൻ മനസാണ് എന്റേതെന്നും മനസിലാക്കിയപ്പോഴാണ് അവളെന്നെ വിട്ടുപോയത്.

അവൾക്കു വേണ്ടതും ഇഷ്ടപെട്ടതും വിദേശ സംസ്കാരമായിരുന്നു. പക്ഷെ പ്രണയം അതിന്റെ വരമ്പുകൾ ലഘിച്ചു പോയപ്പോൾ ഇങ്ങനെയൊരു കാര്യം….. സ്വപ്നത്തിൽ പോലും കരുതിയില്ല…. മുന്നേ അറിഞ്ഞിരുന്നെങ്കിൽ നിന്നെ ഞാൻ ഒരിക്കലും ജീവിതത്തിൽ കൂട്ടില്ലായിരുന്നു…..

എന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞുകൊണ്ടല്ലേ നീയെന്റെ ജീവിതത്തിലേക്ക് വന്നത്. കല്യാണത്തിന് ശേഷം നിന്നോട് ഞാൻ നീതികേട് കാണിച്ചിട്ടില്ല. ഒരു ജീവിതം തന്നു കൊതിപ്പിച്ചു വേണ്ട എന്നു വച്ചു പോവുകയാണോ നീ… പിടിച്ചു നിർത്താൻ ഇന്നെനിക്കു അർഹതയില്ല…. ഞാൻ തടയില്ല…

എല്ലാം നിന്റെ തീരുമാനം…” നിറഞ്ഞു വന്ന കണ്ണുനീരിനെ തടയാതെ ഒഴുക്കിവിട്ടു അവിടെ നിന്നും എഴുനേറ്റു പോയിരുന്നു. അവൻ പോയതും അവളുടെ ഹൃദയതാളം ക്രമാതീതമായി മിടിച്ചത് അവനറിഞ്ഞില്ല.

പിന്നെയും ദിവസങ്ങൾ പോയി കൊണ്ടിരുന്നു. കുഞ്ഞിനെ കണ്ണൻ എന്നു പേരിട്ടു എല്ലാവരും വിളിക്കാൻ തുടങ്ങി.

അവന്റെ കുഞ്ഞു മോണകളിൽ കുഞ്ഞരി പല്ലുകൾ വിടർന്നിരുന്നു മുല്ല മൊട്ടുകൾ പോലെ. തറയിലൊക്കെ ഇഴഞ്ഞു നടക്കാൻ തുടങ്ങിയിരുന്നു. അവൻ ഇഴഞ്ഞു ഇഴഞ്ഞു എല്ലായിടത്തും എത്തും. ഇടക്കൊക്കെ ദേവിയുടെ സാരിയിൽ പിടിച്ചു തൂങ്ങും.

അവൾ ബലമായി ആ കുഞ്ഞി കൈകൾ അടർത്തി മാറ്റുമായിരുന്നു. എങ്കിലും കണ്ണൻ മിക്കപ്പോഴും ഇഴഞ്ഞു ഇഴഞ്ഞു അവൾക്കരികിലേക്കു എത്തിപെടും. അപ്പോഴൊക്കെ ഒന്നു ചിരിക്കപോലും ചെയ്യാതെ കുഞ്ഞിനെ എങ്ങനെ അടർത്തി മാറ്റാൻ കഴിയുന്നുവെന്നു മറ്റുള്ളവർക്ക് അതിശയമായിരുന്നു.

കാരണം അവർക്കറിയാവുന്ന ദേവി ഇത്ര കഠിന ഹൃദയമുള്ളവൾ അല്ല. എല്ലാം ക്ഷമിക്കാനും പൊറുക്കാനും അവൾക്കു കഴിയുമായിരുന്നു. പക്ഷെ… ഇത്രയും വലിയ തെറ്റു ക്ഷമിക്കാൻ അവളോടു പറയാൻ അച്ഛനും അമ്മക്കും കഴിയുമായിരുന്നില്ല.

പക്ഷെ അവർക്ക് വിശ്വാസമുണ്ടായിരുന്നു മഹിയോട് പൊറുത്തു കുഞ്ഞിനെ സ്വീകരിക്കാൻ അവൾക്കു മാത്രമേ കഴിയൂവെന്ന്.

ഒരു ദിവസം ദേവിയും മഹിയും കുഞ്ഞും ഒഴികെ എല്ലാവരും കുടുംബ വീട്ടിലെ അമ്പലത്തിൽ പൂജക്ക് പോയിരുന്നു.

പോകുമ്പോൾ തന്നെ പറഞ്ഞിരുന്നു പിറ്റേ ദിവസമേ എത്തുവെന്നു. പതിവുപോലെ മൗനമായ അന്തരീക്ഷത്തിൽ കിടന്നു മൂവരും. രാത്രിയിൽ ഹോസ്പിറ്റലിൽ നിന്നും അത്യാവശ്യമായി ചെല്ലാൻ പറഞ്ഞു കാൾ വന്നു. മഹി വേഗം എഴുനേറ്റു.

പക്ഷെ ഒരു നിമിഷം സംശയിച്ചു നിന്നു. കാരണം. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ അച്ഛന്റെയും അമ്മയുടെയും കൈകളിൽ കുഞ്ഞിനെ ഏൽപ്പിച്ചു കൊണ്ടായിരുന്നു മഹി പോയിരുന്നത്. ഇന്ന്… ദേവി മൂടി പുതച്ചു കിടക്കുന്നുണ്ട്. അവളോടു പറയാനോ ചോദിക്കാനോ അവനു കഴിയുമായിരുന്നില്ല.

പക്ഷെ അവനിലെ ഡോക്ടർ ഉണർന്നപ്പോൾ ഫ്രഷ് ആകുവാൻ കേറി. കേറി കുറച്ചു നിമിഷത്തിൽ കുട്ടിയുടെ കരച്ചിൽ കേട്ടു. ഉറക്കത്തിൽ എഴുനേറ്റതാവാം. അവൻ ഫ്രഷ് ആയി വരും വരെ കുഞ്ഞു കരഞ്ഞിരുന്നു.

ദേവി സോഫയിൽ ഇരുന്നു കണ്ണനെ നോക്കിയതല്ലാതെ എടുക്കാനോ കൊഞ്ചിക്കാനോ പോയില്ല. മഹി വേഗം തന്നെ വന്നു കുഞ്ഞിനെ എടുത്തു കരചിലടക്കി. ദേവിക്ക് നേരെ ഒരു നോട്ട മെറിഞ്ഞു.

അവന്റെയ നോട്ടത്തിൽ ദേവിയൊന്നു പതറി. ദേഷ്യമോ നിസ്സഹായവസ്ഥയോ… എന്തൊക്കെയോ അതിൽ പ്രതിഫലിച്ചിരുന്നു.

ഒരു കയ്യിൽ ബാഗും മറു കയ്യിൽ കുഞ്ഞിനെയും എടുത്തു കൊണ്ടു അവൻ മുറി വിട്ടിറങ്ങി. ഇറങ്ങുമ്പോഴും ദേവിയുടെ ഒരു പിൻവിളി അവൻ പ്രതീക്ഷിച്ചിരുന്നു. അതുണ്ടായില്ല. അവൻ വേഗം വാതിൽ തുറന്നു കാറിൽ കുഞ്ഞിനെ ഇരുത്തി സീറ്റ് ബെൽറ്റ് ഇട്ടുകൊണ്ടു അവൻ കാറെടുത്തു ഹോസ്പിറ്റലിൽ പോയിരുന്നു…

അവർ അകന്നു പോകുന്നത് ബാൽക്കണിയിൽ നിന്നു ദേവി നോക്കി കണ്ടു… തന്റെ മനസിൽ നിന്നും കൂടിയാണ് അവർ അകന്നു പോകുന്നതെന്ന് അവൾക്കു തോന്നി.

(തുടരും)

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

ഈ യാത്രയിൽ : PART 1

ഈ യാത്രയിൽ : PART 2

ഈ യാത്രയിൽ : PART 3

ഈ യാത്രയിൽ : PART 4

ഈ യാത്രയിൽ : PART 5

ഈ യാത്രയിൽ : PART 6

ഈ യാത്രയിൽ : PART 7

ഈ യാത്രയിൽ : PART 8

ഈ യാത്രയിൽ : PART 9

ഈ യാത്രയിൽ : PART 10

ഈ യാത്രയിൽ : PART 11

ഈ യാത്രയിൽ : PART 12