Sunday, December 22, 2024
Novel

ദ്രുവസായൂജ്യം: ഭാഗം 6

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌


സായുവിന്റെയും ദ്രുവിന്റെയും പിണക്കങ്ങൾക്ക് നീർക്കുമിളയുടെ ആയുസ്സേയുണ്ടായിരുന്നുള്ളൂ.

കോഴ്സ് പൂർത്തിയായി അവൻ കോളേജിനോട് വിട ചൊല്ലി.
കണ്മുൻപിൽ ഇല്ലെങ്കിലും അവർ തമ്മിലുള്ള ബന്ധം ശക്തമായി തുടർന്നു.
പ്രഗത്ഭനായ അഡ്വക്കേറ്റ് ജോസഫ് സെബാസ്റ്റ്യന്റെ കൂടെ അവൻ പ്രാക്ടീസ് ചെയ്യാൻ തുടങ്ങി .

പതിവുപോലെ കോളേജ് കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോഴേ കണ്ടു മുറ്റത്ത് കിടക്കുന്ന കാർ.

പഴയ മോഡലിൽ തടി കൊണ്ടുള്ള കൊത്തുപണികൾ ചെയ്ത സോപാനം പോലുള്ള പൂമുഖമായിരുന്നു വീടിന്റേത്.

അതിഥികളോട് പുഞ്ചിരിച്ചുകൊണ്ട് അകത്തേക്ക് കയറിയതും അമ്മ വന്ന് കൂട്ടിക്കൊണ്ടുപോയി.

മോൾ പോയി ഈ ചുരിദാറൊക്കെ മാറ്റി വാ.. അമ്മയുടെ മുഖത്ത് പരിഭ്രമമുണ്ടായിരുന്നു.

എന്താ അമ്മേ… ആരാ അവരൊക്കെ..

മോളെ പെണ്ണ് കാണാൻ വന്നവരാണ്. കാലേ കൂട്ടി പറയാതെ വന്നതുകൊണ്ട് ഒന്നും തയ്യാറാക്കാൻ പറ്റിയില്ല. ഞാൻ ചായക്ക് വെള്ളം വച്ചിട്ടുണ്ട്. പലഹാരങ്ങൾ വച്ച് അഡ്ജസ്റ്റ് ചെയ്യാം. മോൾ പെട്ടെന്ന് ഒരുങ്ങി വാ.

നെഞ്ചിലൂടൊരു ഈർച്ചവാൾ കടന്നുപോയതുപോലെ അവൾ ഞെട്ടി പിടഞ്ഞു.

അമ്മേ ഞാൻ പഠിക്കുകയല്ലേ.. ഇരുപത് വയസ്സ് പോലുമായില്ല.. അവളുടെ മനസ്സിൽ ദ്രുവിന്റെ മുഖമായിരുന്നു നിറഞ്ഞു നിന്നത്.
കണ്ണുകൾ നിറഞ്ഞു.

അച്ഛനെ നിനക്കറിയാമല്ലോ മോളേ. നല്ല ബന്ധമാണിത്. ചെറുക്കന് നല്ല ആസ്തിയുണ്ട്. സ്വന്തമായി കമ്പനികളൊക്കെ ഉണ്ടെന്ന് പറയുന്നത് കേട്ടു.

അവനും വക്കീലാണ്. വിവാഹശേഷം മോളെ തുടർന്ന് പഠിപ്പിക്കാൻ അവർക്ക് പരിപൂർണ്ണ സമ്മതമാണ്.

സന്ധ്യേ… അച്ഛന്റെ വിളി ഉമ്മറത്തുനിന്നും കേട്ടതും അമ്മ സാരിത്തലപ്പ് ഇടുപ്പിൽ കുത്തിക്കൊണ്ട് ദൃതിയിൽ പോയി.

പോകും മുൻപേ അവളെ പെട്ടെന്നൊരുങ്ങി വരാൻ ഒന്നുകൂടി ഓർമ്മിക്കാനും അവർ മറന്നില്ല.

മുറിയിൽ കയറിയതും അവൾ നിയന്ത്രണം വിട്ട് കരയാൻ തുടങ്ങി.

പെട്ടെന്ന് എന്തോ ഓർത്തതുപോലെ ബാഗ് തുറന്ന് ഫോൺ എടുത്ത് ദ്രുവിന്റെ നമ്പർ ഡയൽ ചെയ്തവൾ ചെവിയോട് ചേർത്തു.
റിങ് ചെയ്ത് നിന്നതല്ലാതെ കാൾ എടുത്തില്ല.

ഇരുകൈകളും തലയിൽ താങ്ങിയവൾ തറയിലേക്കിരുന്നു.

സായൂ.. വാതിലിൽ തട്ടുന്നതിനൊപ്പം അച്ഛന്റെ സ്വരം ഉയർന്നു.കർക്കശക്കാരനാണ് അച്ഛൻ. പെൺകുട്ടികൾ പഠനത്തേക്കാളേറെ കുടുംബത്തെ സ്നേഹിക്കണമെന്ന ചിന്താഗതിയുള്ളയാൾ.

അഡ്വക്കേറ്റ് ആകുവാനുള്ള അവളുടെ അമിതമായ ആഗ്രഹം കാരണമായിരുന്നു താല്പര്യമില്ലാതിരുന്നിട്ടും അയാൾ പഠിക്കാൻ സമ്മതം നൽകിയത്.

പുതപ്പുകൊണ്ട് മിഴികൾ അമർത്തി തുടച്ചുകൊണ്ടവൾ വാതിൽ തുറന്നു.

നീയിതുവരെ തയ്യാറായില്ലേ വീട്ടിൽ വന്നവരെ അപമാനിക്കുന്നതിന് തുല്യമാണിത്. തറപ്പിച്ചു നോക്കിക്കൊണ്ടയാൾ പറഞ്ഞു.
പെട്ടെന്ന് തയ്യാറായി വരണം.

വിറച്ചുകൊണ്ട് തലയാട്ടുവാനെ കഴിഞ്ഞുള്ളൂ.

ഹൃദയം നുറുങ്ങുന്ന വേദനയോടെ അലമാരയിൽ നിന്നൊരു ചുരിദാർ എടുത്ത് ധരിച്ച് മുഖം കഴുകിയവൾ യാന്ത്രികമായി അടുക്കളയിലേക്ക് നടന്നു.

ട്രേയിലെടുത്ത ചായയുമായവൾ പൂമുഖത്തേക്ക് നടന്നു.

അവളെക്കണ്ട് തൃപ്തിയായ മട്ടിൽ അവർ പരസ്പരം നോക്കി.

ദേ ഇതാണ് ചെറുക്കൻ. അവൻ കണ്ടിഷ്ടപ്പെട്ട കുട്ടിയാണെന്നറിഞ്ഞപ്പോൾ ഇത്രേം ഐശ്വര്യമുണ്ടെന്ന് വിചാരിച്ചില്ല.

കൂടെ വന്നവരിലൊരാൾ പറഞ്ഞു.

സംശയം നിറഞ്ഞ മുഖവുമായവൾ ചെറുക്കന്റെ മുഖത്തേക്ക് നോക്കി .
കൈയിലിരുന്ന ട്രേയ് വിറച്ച് ചായ തുളുമ്പി.

വരുൺ.. അവളുടെ അധരം മന്ത്രിച്ചു.

വിജയചിരിയോടെ അവൻ ചായക്കപ്പ് കൈയിലെടുത്തു.

ഒന്നോ രണ്ടോ വയസ്സിന്റെ വ്യത്യാസമൊന്നും ഇപ്പോൾ നോക്കാറില്ലെന്നേ. പെണ്ണിനും കൂടി ഇഷ്ടമായെങ്കിൽ നമുക്കിത് ഉറപ്പിച്ചാലോ… കൂടെ വന്നവരിലൊരാളാണ്.

ആയിക്കോട്ടെ.. എനിക്ക് സന്തോഷമേയുള്ളൂ.

സരസ്വതി ഗ്രൂപ്പ് തിരുവനന്തപുരത്തെ പ്രമുഖ സ്ഥാപനങ്ങളല്ലേ. അവിടുത്തെ കുട്ടി അപ്പോൾ മോശമാകില്ലല്ലോ.. സായുവിന്റെ അച്ഛനാണ് പറഞ്ഞത്.

വർധിക്കുന്ന ഹൃദയമിടിപ്പോടെയാണവൾ എല്ലാം കേട്ടത്. നിമിഷനേരം കൊണ്ട് തന്റെ ജീവിതം തിരുത്തിയെഴുതപ്പെട്ടതുപോലെ അവൾക്ക് തോന്നി.

നെഞ്ചാകെ വിങ്ങുന്നതുപോലെ. ദ്രുവ് അവനെയോർത്തപ്പോൾ ആ നീറ്റൽ കൂടിയതേയുള്ളൂ.

എന്നാൽ പിന്നെ അവർ സംസാരിക്കട്ടെ.

മുറ്റത്ത് വരുണിന് പിന്നാലെ യന്ത്രം കണക്കെ ചലിച്ചു.

മാറിൽ കൈകൾ പിണച്ചുകൊണ്ട് അവൻ അവളെ ആപാദചൂഢം നോക്കി.
അവൾ തല താഴ്ത്തി നിന്നതേയുള്ളൂ.

ഒരുപാട് ഇഷ്ടമായിട്ടാണ് അന്ന് നിന്നോട് വന്ന് ഇഷ്ടമാണെന്ന് പറഞ്ഞത്.
എന്നാൽ അതിനിടയിലാണ് ആ ദ്രുവാംശ് കടന്നുവന്ന് ഷോ കാണിച്ചത്.

നീയും അവന്റെ പിന്നാലെ പോയി. അത്രയും പേരുടെ മുൻപിൽ വച്ച് ഞാൻ അനുഭവിച്ച അപമാനം അത് ഇപ്പോഴുമുണ്ട് നീറ്റലായി ദേ ഇവിടെ തന്റെ ഇടനെഞ്ചവൻ കാണിച്ചു.

അതിനേക്കാൾ വലിയൊരു ആൾക്കൂട്ടത്തിൽ വച്ച് നിന്റെ കഴുത്തിൽ എന്റെ പേരിലെ താലി വീഴണം. അന്ന് ഞാൻ വേദനിച്ചതിന്റെ ഇരട്ടി വേദന അവനും അനുഭവിക്കണം..
കിതപ്പോടെയവൻ നിർത്തി.

പകപ്പോടെയവൾ അവനെ ഉറ്റുനോക്കി.

എല്ലാവരുടെയും പകയും വാശിയും മാറ്റാനുതകുന്ന വസ്തുവാണോ ഞാൻ… കണ്ണുകൾ നിറഞ്ഞു തുളമ്പുമ്പോഴും അവൾ ചോദിച്ചു പോയി.

ഏയ്‌… എനിക്ക് തന്നെ ഇപ്പോഴും ഇഷ്ടമാണ് . എന്റെ പക അത് ദ്രുവാംശിനോടാണ്.. പുഞ്ചിരിയോടവൻ പറഞ്ഞു.

ഹ്മ്മ്… അവളുടെ ചുണ്ടിന്റെ കോണിൽ പരിഹാസച്ചിരി വിടരുന്നതവൻ കണ്ടു.
കൂടുതലൊന്നും പറയാതെ അവൾ തിരിഞ്ഞു നടന്നു.

പൂമുഖത്ത് വാക്ക് കൊടുത്തതിന്റെ സന്തോഷം കേൾക്കാമായിരുന്നു.

അവളതൊന്നും ശ്രദ്ധിച്ചില്ല. റൂമിൽ കടന്ന് മതിയാവോളം കരഞ്ഞു.

ഫോണിന്റെ ശബ്ദമാണവളെ മയക്കത്തിൽ നിന്നുണർത്തിയത്.

ദ്രുവ് കാളിങ്…

ഫോൺ ചെവിയോട് ചേർത്തതും മുള ചീന്തും പോലവൾ പൊട്ടിക്കരഞ്ഞു.
കാര്യമറിയാതെ ദ്രുവ് പരിഭ്രാന്തനായി.

ഒരുവിധത്തിൽ എല്ലാം പറയുമ്പോൾ അവൾ കരഞ്ഞു തളർന്നിരുന്നു.

ആ നിമിഷം അവൾ അനുഭവിക്കുന്ന വേദന അവന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

രാത്രിയവൾ ഭക്ഷണം കഴിച്ചില്ല.

പിറ്റേന്ന് രാവിലെ പുറത്ത് ഉച്ചത്തിലുള്ള സംസാരമാണ് അവളെ ഉണർത്തിയത്.
തന്റെ പ്രിയപ്പെട്ടവന്റെ ശബ്ദം കർണ്ണപടങ്ങളിൽ പുതുമഴപോൽ പതിഞ്ഞു.

ഓടി പൂമുഖത്ത് എത്തുമ്പോൾ അച്ഛൻ ദ്രുവിനോട് കയർക്കുകയാണ്.
എല്ലാം അച്ഛനറിഞ്ഞുവെന്നവൾക്ക് മനസ്സിലായി.

അടുത്ത നിമിഷം അച്ഛന്റെ കൈകൾ പലപ്രാവശ്യം അവളുടെ കവിളിൽ മാറിമാറി പതിഞ്ഞു.
വീണ്ടും ഉയർന്ന കൈകളെ ദ്രുവ് തടഞ്ഞു.

പഠിക്കാൻ വിടുന്ന പെണ്മക്കളെ കൈയും കലാശവും കാട്ടി തട്ടിയെടുക്കാൻ ഓരോരുത്തന്മാർ ഇറങ്ങിക്കോളും..

അയാളുടെ വാക്കുകൾ മൂർച്ഛയേറിയതായിരുന്നു.

ഇതുവരെ അവളെ തല്ലിയത് ഞാൻ ക്ഷമിച്ചു.കാരണം അതവൾ അർഹിക്കുന്നതായിരുന്നു.
പിന്നെ അങ്കിൾ പറഞ്ഞത്..

ഈ പ്രായത്തിലല്ലേ അങ്കിളേ പ്രണയം തോന്നുന്നത് അത് സ്വാഭാവികമല്ലേ. ജീവിതത്തിലുടനീളം കൂടെ കൂട്ടാനാണ് ഞാനവളെ സ്നേഹിച്ചത് കൈവിട്ടു കളയാനല്ല.

അവളോടുപോലും ചോദിക്കാതെ ഇന്നലെ അങ്കിൾ അവർക്ക് വാക്ക് കൊടുത്തു. കൂടെ ജീവിക്കേണ്ടത് അവളല്ലേ.

അവനോടൊത്തുള്ള ജീവിതത്തിൽ അവൾ സന്തോഷവതിയായിരിക്കുമോ.?

ഹ്മും.. പെൺകുട്ടികളുടെ സമ്മതം വാങ്ങിയിട്ടല്ല ഇതൊന്നും തീരുമാനിക്കേണ്ടത്. വളർത്താൻ അറിയാമെങ്കിൽ ആരുടെ കൈ പിടിച്ച് കൊടുക്കണമെന്നും എനിക്കറിയാം.

അവന്റെ കൂടെ ജീവിച്ചു തുടങ്ങുമ്പോൾ നിന്നെ അവൾ മറന്നോളും.

അവനൊന്ന് പുഞ്ചിരിച്ചു.
അതൊക്കെ പണ്ടത്തെ കാലത്തല്ലേ.

ചിലപ്പോൾ അങ്കിളിനെ വേദനിപ്പിക്കേണ്ടെന്ന് കരുതി അവൾ വിവാഹത്തിന് സമ്മതിച്ചേക്കും. പക്ഷേ അവളൊരിക്കലും സന്തോഷവതിയായിരിക്കില്ല.

പെണ്ണെന്നാൽ അടുക്കളയുടെ നാല് ചുവരുകൾക്കുള്ളിൽ മാത്രം ഒതുങ്ങേണ്ടവളല്ല.

അവൾ സ്വതന്ത്രയായി പറക്കട്ടെ അങ്കിളേ.
ഞാനുമൊരു അഡ്വക്കേറ്റ് ആണ്.

പൊന്നുപോലെ നോക്കിക്കോളാം അവളെ അത്രമേൽ സ്നേഹിച്ചുപോയി.. അവന്റെ ശബ്ദം ഇടറിയിരുന്നു.

അച്ഛാ.. ഇതുവരെ അച്ഛനെ ധിക്കരിച്ചിട്ടില്ല ഞാൻ. ഈ വിവാഹം നടന്നാൽ ഞാനൊരിക്കലും സന്തോഷവതിയായിരിക്കില്ല അച്ഛാ.

ഒന്നുകിൽ ഒരു മുഴം കയറിൽ ജീവൻ അവസാനിപ്പിക്കും മരണത്തിലും പരാജയപ്പെട്ടാൽ നീറിനീറി ജീവിക്കും.

സ്നേഹിച്ചു പോയി ഒരുപാട്… അവൾ കരഞ്ഞുകൊണ്ട് ആ കാലുകളിലേക്ക് വീണു.

ദീർഘമായയാൾ നിശ്വസിച്ചു.

മൂത്തത് മകനാണ്. അവൻ ജോലിയായി വിദേശത്താണ്. ആകെയുള്ള മകളാണ്. അവൾ ജീവിതം അവസാനിപ്പിച്ചാൽ അത് സഹിക്കാൻ തനിക്കാകുമോ.?

പക്ഷേ വാക്ക് കൊടുത്തതാണ്. എന്ത് ചെയ്യണമെന്നറിയാതെ അയാൾ ഉഴറി.

ഒടുവിൽ അയാൾ ശബ്‌ദിച്ചു.

കൊടുത്ത വാക്കിന് ജീവന്റെ വിലയാണ് ഞാൻ കൽപ്പിക്കുന്നത്. പക്ഷേ ഇവിടെ എന്റെ മോൾ ആത്മഹത്യാഭീഷണി ഉയർത്തുകയല്ലേ.

ഞാനിരിക്കുമ്പോൾ മകൾക്ക് കൊള്ളി വയ്‌ക്കേണ്ടി വരുന്നത് കാണാനുള്ള ശക്തി എനിക്കില്ല.
അമ്പലത്തിൽ വച്ച് താലി കെട്ടി കൊണ്ടു പൊയ്ക്കോ.

എല്ലാവരോടും അറിയിച്ചതാണ് സരസ്വതി ഗ്രൂപ്പിന്റെ സാരഥിയുമായി മോൾക്ക് വിവാഹമാണെന്ന്.
അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ വയ്യ..

കൂടുതലായൊന്നും പറയാതെ അയാൾ അകത്തേക്ക് നടന്നു.

(തുടരും )

ദ്രുവസായൂജ്യം: ഭാഗം 1

ദ്രുവസായൂജ്യം: ഭാഗം 2

ദ്രുവസായൂജ്യം: ഭാഗം 3

ദ്രുവസായൂജ്യം: ഭാഗം 4

ദ്രുവസായൂജ്യം: ഭാഗം 5