Thursday, December 26, 2024
Novel

ദേവതാരകം : ഭാഗം 9

എഴുത്തുകാരി: പാർവതി പാറു

പിന്നീടുള്ള ദിവസങ്ങൾ ദേവ താരയുടെ മുന്നിൽ ഒരു നല്ല സുഹൃത്തായി മാറുകയായിരുന്നു…. പക്ഷെ അവന്റെ മനസ് അവളെ പ്രണയിക്കുകയായിരുന്നു… അവളുടെ ഓരോ ചലനങ്ങൾ… മുഖത്തു മിന്നി മറയുന്ന ഭാവങ്ങൾ… ചിരി… കണ്ണുകൾ… എല്ലാം അവനിൽ പ്രണയം നിറച്ചു കൊണ്ടേ ഇരുന്നു… ഒരു ദിവസം ദേവ കുറച്ചു കുട്ടികൾക്കു എക്സ്ട്രാ ക്ലാസ്സ്‌ വേണം എന്ന് പറഞ്ഞു കോളേജ് വിട്ടതിന് ശേഷം ക്ലാസ്സ്‌ വെച്ചു… അവൻ ക്ലാസ്സ്‌ കഴിഞ്ഞ് ഇറങ്ങിയപ്പോഴേക്കും സമയം അഞ്ചരയോട് അടുത്തിരുന്നു…. കുട്ടികളും അദ്ധ്യാപകരും ഓക്കെ പോയിരുന്നു… അവൻ ബാഗ് എടുത്തു ഇറങ്ങി… ഓഫീസിൽ സൈൻ ചെയ്ത് ഇറങ്ങിയപ്പോൾ കണ്ടു താഴെ ദേവതാരു മരത്തിന്റെ ചോട്ടിൽ കിടക്കുന്ന സംഗീതിനെ ഇവനെന്താ ഒറ്റക്ക് ഇവിടെ കിടക്കുന്നത് എന്നവൻ ചിന്തിച്ചു അവനടുത്തേക്ക് നടന്നു… എന്ത് പറ്റി സംഗീത് നീ എന്താ ഒറ്റക്ക് ഇവിടെ കിടക്കുന്നേ…. ദേവയുടെ ശബ്ദം കേട്ട് സംഗീത് തല ഉയർത്തി… പിന്നെ എണീറ്റിരുന്നു… ആരു പറഞ്ഞു ഒറ്റക്കാണെന്ന്… ഞാനില്ലേ ഇവിടെ… അതും പറഞ്ഞു മരത്തിന്റെ പുറകിൽ നിന്ന് താര അവന്റെ അരികിലേക്ക് വന്നു…. അതേ അവനെ ഒറ്റക്കാക്കാൻ നിനക്കാവില്ലല്ലോ… ഒറ്റപെട്ടത് ഞാനല്ലേ… ദേവ മനസ്സിൽ ഓർത്തു… എന്നിട്ടവരെ നോക്കി പുഞ്ചിരിച്ചു… എന്നാ ഞാൻ നടക്കട്ടെ… എന്ന് പറഞ്ഞു ദേവ തിരിഞ്ഞ് നടന്നു…

എന്തോ അവരുടെ സ്വകാര്യതയിലേക് കടന്നു ചെല്ലാൻ അവന് തോന്നിയില്ല … ഉള്ളിൽ ഉയരുന്ന വേദന കടിച്ചമർത്തി അവൻ നടന്നു… ഹേലോ അങ്ങനെ അങ്ങ് പോയാലെങ്ങനാ… ഇത്രേം നേരം കാത്തുനിന്ന ഞങ്ങൾ ആരായി പോയി… താരയുടെ വാക്കുകളിൽ പരിഭവവും ദേഷ്യവും നിറഞ്ഞിരുന്നു… ദേവ ഒന്നും മനസിലാകാതെ അവരെ നോക്കി… എന്റെ ദേവ സാറേ ഞങ്ങൾ തന്നെ വെയിറ്റ് ചെയ്ത് ഇരിക്കാര്ന്നു….. ഇന്ന് ഈവെനിംഗ് 6 മണിക്ക് ബീച്ചിൽ ൽ ഷഹബാസ് അമൻ ന്റെ കവാലി ഉണ്ട്… അതിന് തന്നേം കൂട്ടി പോവാൻ നിന്നതാ ഞങ്ങൾ…. അത് കേട്ടപ്പോൾ ദേവക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി… അവർ അവരുടെ സ്വകാര്യതയിൽ നിന്ന് തനിക്കും വേണ്ടി സമയം കണ്ടെത്തുന്നു… എന്നാ പോവല്ലേ… താര ചോദിച്ചപ്പോൾ… അവൻ നന്നായി ഒന്ന്‌ ചിരിച്ചു കൊടുത്തു… കോളേജ്ന്റെ അവിടുന്ന് ഒരു ഓട്ടോ പിടിച്ചു അവർ ബീച്ചിലേക്ക് പോയി… അത്യാവശ്യത്തിനു തിരക്ക് ഉണ്ടായിരുന്നു… സൂര്യൻ കടലിലേക്കു മുങ്ങാം കുഴി ഇടാൻ ഒരുങ്ങി നിൽക്കുകയാണ്… മൂവന്തി…. നല്ല കടൽകുകാറ്റു വീശുന്നുണ്ട്… പ്രോഗ്രാം തുടങ്ങുന്നേ ഉള്ളൂ… അവർ മൂന്നുപേരും കടലിനെ നോക്കി കുറച്ചു നേരം മൗനമായി ഇരുന്നു…. ആ മൂവന്തിക്ക് അവരുടെ പ്രണയത്തിന്റെ നിറമായിരുന്നു… ഈ കാറ്റു പോലെ ആണ്‌ തന്റെ പ്രണയം…

അതെന്നും ശാന്തമായി പാറി നടക്കും ആരെയും നോവിക്കാതെ…. ദേവ ഓർത്തു ഈ കടലു പോലെ ആണ്‌ തന്റെ പ്രണയം… അറ്റമില്ലാതെ….. ആഴത്തിൽ…. ശക്തമായി ആഞ്ഞടിക്കും…. ആരെയും അസൂയപ്പെടുത്തി…. സംഗീത് ഓർത്തു. ഈ തിരകൾ പോലെ ആണ് തന്റെ പ്രണയം… ആർത്തലച്ചു അവനിൽ ചേരാൻ കൊതിച്ചെത്തുമ്പോൾ മറുതിര വന്ന് തിരികെ എടുക്കുന്നു… താര ഓർത്തു… മൂന്നുപേരും അവരുടെ ലോകത്തായിരുന്നു.. പ്രണയം ശ്വസിക്കുന്ന പ്രണയം ഭക്ഷിക്കുന്ന.. പ്രണയം പ്രസവിക്കുന്ന ലോകത്ത്…. ദേവക്ക് തന്റെ പ്രണയത്തിനെ നെഞ്ചിൽ കൊരുക്കാൻ തോന്നി…. സംഗീതിന് തന്റെ പ്രണയത്തെ നൂല് പൊട്ടിച്ചു സ്വാതന്ത്ര്യം ആക്കാൻ തോന്നി…. താരക്ക് തന്റെ പ്രണയം തന്നെ ചേർത്തുപിടിച്ചു പറന്നിരുന്നെങ്കിൽ എന്ന് തോന്നി…. “ചാന്തു കുടഞ്ഞൊരു സൂര്യന്‍ മാനത്ത്.. പൊട്ടു തൊടുന്നൊരു നാണം തീരത്ത്.. നിന്‍ ചുടുനിശ്വാസത്തിന്‍ കാറ്റത്ത്‌ എന്നിലെയെന്നെയറിഞ്ഞരികത്ത്‌ ചാന്തു കുടഞ്ഞൊരു സൂര്യന്‍ മാനത്ത്…. പൊട്ടു തൊടുന്നൊരു നാണം തീരത്ത്…” ഷഹബാസ് അമൻ പാടി തുടങ്ങി…. മൂന്ന് പേർക്കും ആ പാട്ടിൽ അവരവരുടെ പ്രണയം നിറഞ്ഞത് കാണാൻ കഴിഞ്ഞു… അവർ ആ സന്ധ്യ നന്നായി ആസ്വദിച്ചു… പ്രണയവും, വിരഹവും, എല്ലാം നിറഞ്ഞ ഒരു ഗാനസന്ധ്യ ആയിരുന്നു അത് … 8 മണിയോടെ പ്രോഗ്രാം അവസാനിച്ചു…

പിന്നെ അവർ ഒരുമിച്ചു ആദാമിന്റെ ചായ കടയിൽ പോയി ഓരോ ബിരിയാണി കഴിച്ചു…. സംഗീത് അവിടെ നിന്ന് വീട്ടിലേക്ക് പോയി… ദേവയും താരയും ഓരുമിച്ചു അവരുടെ വീട്ടിലേക്കും… നമുക്ക് നടന്നാലോ… താര പ്രധീക്ഷയോടെ ചോദിച്ചു… എന്താടോ തനിക്കു വട്ടുണ്ടോ.. ഏകദേശം 4 കെഎം എങ്കിലും നടക്കണം വീട് എത്താൻ… ദേവ താല്പര്യം ഇല്ലാതെ പറഞ്ഞു… അത് സാരമില്ല കുഴങ്ങുമ്പോൾ ഓട്ടോ പിടിക്കാം… അവന്റെ മറുപടി കാത്തുനിൽക്കാതെ അവൾനടന്നു… ആളൊഴിഞ്ഞ ഗുജറാത്തി സ്ട്രീറ്റിലൂടെ നടക്കുമ്പോൾ അവളുടെ മനസ് ഇവിടെ ഒന്നും അല്ലെന്നു ദേവക്ക് തോന്നി… താനെന്താ ആലോചിക്കുന്നേ… ഒന്നും ഇല്ല… പിന്നെന്താ ഒന്നും മിണ്ടാത്തെ… താനിങ്ങനെ അല്ലല്ലോ… ചിലപ്പോഴൊക്കെ മൗനം അല്ലേ വാക്കുകളേക്കാൾ മനോഹരം… അത് വേണ്ട… താൻ മിണ്ടാതിരുന്നാൽ രസല്ല്യ…. സംഗീത് പറയുന്ന പോലെ വായാടി ആയ മതി… മാഷ്ക്ക് എന്റെ ആ സ്വഭാവം ഇഷ്ടാണോ… മാഷ് അധികം സംസാരിക്കില്ലല്ലോ… അപ്പൊ സെയിം ആൾക്കാരെ അല്ലേ ഇഷ്ടാവാ .. ആര് പറഞ്ഞു… സത്യം പറയാലോ താര.. എനിക്ക് തന്നോട് അസൂയ ആണ്… ഇങ്ങനെ നോൺ സ്റ്റോപ്പ്‌ ആയി സംസാരിക്കുന്നത് കാണുമ്പോ… ഓഹ് എന്നെ ആക്കിയതാണല്ലേ ‌…. പിന്നെയും ഓരോന്ന് പറഞ്ഞു അവർ നടന്നു…അര മണിക്കൂർ കൊണ്ട് അവർ വീട്ടിൽ എത്തി…

താര ഗുഡ് നൈറ്റ്‌ പറഞ്ഞു നടന്നു… താര .. ദേവ വിളിച്ചപ്പോൾ താര തിരിഞ്ഞുഎന്താ എന്ന അർഥത്തിൽ നോക്കി … താങ്ക്സ്…. for a wonderful evening… ഓ വരവ് വെച്ചിരിക്കുന്നു…. ഒരു ചിരി സമ്മാനിച്ചുകൊണ്ട് പറഞ്ഞു അവൾ മുറിയിലേക് നടന്നു… ദേവ റൂമിലെത്തി കുളിച്ചു ഉറങ്ങാൻ കിടന്നു… അന്നത്തെ ദേവയുടെ സ്വപ്നത്തിൽ താരയുടെ ചിരിക്ക് ആ മൂവന്തിയെക്കാൾ ഭംഗി ഉണ്ടായിരുന്നു… ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു… ഒരു ദിവസം രാത്രി കിടക്കാൻ നേരത്ത് ആണ് ദേവക്ക് താരയുടെ ഫോൺ വന്നത്….. മാഷേ ഉറങ്ങിയോ…. ഇല്ല… എന്താ താര ഈ നേരത്ത്… മാഷേ നാളെ എനിക്ക് തളി ക്ഷേത്രത്തിൽ പോണം… മാഷും കൂടെ വരുമോ… അത് കേട്ടപ്പോൾ ദേവക്ക് സന്തോഷം തോന്നി . ആദ്യമായി അവൾ തന്നോട് ഒരു കാര്യം ആവശ്യപ്പെടുകയാണ്…. പിന്നെന്താ… പോവാലോ… എന്നാ അഭി സാർന്റെ ബൈക്ക് എടുത്തു നേരത്തെ പോകാം… രാവിലെ ഓട്ടോ കിട്ടാൻ ബുദ്ധിമുട്ട് ആകും.. ശെരി ഞാൻ അഭിയോട് പറയാം…. ഒക്കെ മാഷേ എന്നാ ഗുഡ്‌നൈറ്റ്. അവൾ ഫോൺ വെച്ചിട്ടും ദേവയുടെ മനസ് സന്തോഷം കൊണ്ട് ആർത്തിരമ്പുകയായിരുന്നു…. പിറ്റേന്ന് രാവിലെ 6 മണി ആയപ്പോളേക്കും ദേവ കുളിച്ചു ഒരുങ്ങി അഭിയുടെ വണ്ടിയുടെ ചാവിയും എടുത്തു ഇറങ്ങി… ഒരു നേവി ബ്ലു ഷർട്ടും അതേ കരയിലുള്ള മുണ്ടും ഉടുത്തു അവനെ കാണാൻ ഒരു പ്രത്യേക ഭംഗി ആയിരുന്നു… അവൻ താഴെ എത്തിയപ്പോളേക്കും താരയും ഇറങ്ങി വന്നു…. ഒരു ഡാർക്ക്‌ ബ്ലൂ കളർ കോട്ടൺ സിൽക്കിന്റെ സാരി ആയിരുന്നു അവളുടെ വേഷം… ആഹാ ഇന്നും നമ്മൾ മാച്ചിങ് ആണല്ലോ . അവൻ ചിരിച്ചുകൊണ്ട് ബൈക്കിലേക്ക് കയറി… അവളും പുറകിൽ കയറി…

ഒരു കൈ എടുത്ത് അവന്റെ തോളിലേക്ക് വെച്ചു… അവളുടെ ആ പ്രവർത്തിയിൽ അവനൊന്നു ഞെട്ടി… അത് പുറത്ത് കാണിക്കാതെ വണ്ടി എടുത്തു… നഗരം ഉണർന്നു തുടങ്ങുന്നേ ഉള്ളൂ… ഭൂമിയിൽ ഏറ്റവും ശാന്തമായ മനോഹരമായ സമയം ആണ്‌ പുലരി… അവളുമൊത്ത് ഉള്ള ആ യാത്ര ദേവ വല്ലാതെ എൻജോയ് ചെയ്യുകയായിരുന്നു… അമ്പലത്തിൽ എത്തും വരെ അവർ പരസപരം സംസാരിച്ചില്ല… അവിടെ എത്തിയതും താര വഴിപാട് കഴിക്കാൻ പോയി… ദേവ ഷർട്ട്‌ ഊരി അമ്പലത്തിൽ കയറി… ഈശ്വര എന്തിനാ എന്നെ ഇങ്ങനെ മോഹിപ്പിക്കുന്നേ… തന്റെ പ്രണയം തൊട്ടടുത്തു ഉണ്ടായിട്ടും അത് പറയാൻ തനിക്കു ആവുന്നില്ലല്ലോ… അവൾ തന്നെ പ്രണയിക്കുന്നില്ലെന്ന് എന്താണെന്റെ മനസ് തിരിച്ചറിയാത്തത്… അവളെ പിരിയാൻ തനിക്കെന്താണ് സാധിക്കാത്തത്… അവന്റെ മനസ് ഉരുകുകയായിരുന്നു… കണ്ണ് തുറന്നപ്പോൾ കണ്ടു തനിക്കപ്പുറം കണ്ണടച്ചു പ്രാർത്ഥിക്കുന്ന താരയെ… അവളും തന്റെ പ്രണയ സാക്ഷത്കാരത്തിന് വേണ്ടി ആകും പ്രാർത്ഥിക്കുന്നത്…. അവൻ ഓർത്തുകൊണ്ട് പ്രദക്ഷിണം വെച്ചു…. ദേവദത്ത്….രോഹിണി… പൂജാരി വിളിച്ചപ്പോൾ ദേവ തിരിഞ്ഞു നോക്കി… പൂജാരിയിൽ നിന്നും പ്രസാദം വാങ്ങി താര ദക്ഷിണ കൊടുക്കുന്നു… അവൾ… തനിക്കുവേണ്ടി വഴിപാട് നടത്തുന്നു… തനിക്കു വേണ്ടി പ്രാർത്ഥിക്കുന്നു…

തനിക്കു വേണ്ടി അമ്പലത്തിൽ വരുന്നു… താൻ അവൾക്ക് ആരൊക്കെയോ ആവുന്നു… അപ്പോൾ അവൾ തന്നെ സ്നേഹിക്കുന്നു.. അതേ അവൾ തന്നെ ഇഷ്ടപെടുന്നു… പക്ഷെ പ്രണയിക്കുന്നില്ലെങ്കിലോ… വേണ്ട അവൾ പ്രണയിക്കണ്ട… അവളെ അതിലേറെ താൻ പ്രണയിക്കുന്നുണ്ടല്ലോ അത് മതി… ദേവ മനസ്സിൽ പറഞ്ഞു… തെഴുത് പുറത്തിറങ്ങി താര അവന് നെറ്റിയിൽ ചന്ദനം തൊടുവിച്ചു…. ഒരായിരം പിറന്നാൾ ആശംസകൾ മാഷേ… ഇന്ന് തന്റെ പിറന്നാൾ ആയിരുന്നോ എല്ലാ വർഷവും അമ്മയാണ് ഓർമിപ്പിക്കുന്നത്… അമ്മക്കൊത്ത് ആണ്‌ അമ്പലത്തിൽ പോവാറ് … അമ്മ ആണ്‌ ചോറ് വാരിതരാറ്… ആദ്യ സമ്മാനം തരാറ്… അമ്മക്ക് ഒപ്പം അല്ലാതെ ഉള്ള തന്റെ ആദ്യത്തെ പിറന്നാൾ… അവൻ ഓർത്തു… അവന്റെ ഫോൺ റിംഗ് ചെയ്തപ്പോൾ ആണ് അവൻ ഓർമകളിൽ നിന്ന് മടങ്ങി എത്തിയത്… ഇപ്പോഴും തന്നെ തന്നെ നോക്കി നിൽക്കുകയാണ് താര… അവളെ നോക്കി പുഞ്ചിരിച്ചു അവൻ ഫോൺ എടുത്തു… അമ്മേ…. ദത്താ പിറന്നാൾ ആശംസകൾ…. അമ്മ…ഇത്തവണ ആദ്യം അമ്മ അല്ലാട്ടോ… അറിയാം… താര മോളല്ലേ… നിന്റെ പിറന്നാൾ ആണെന്ന് ഇന്നലെ രാത്രി വിളിച്ചപ്പോൾ ഞാൻ പറഞ്ഞിരുന്നു… ആഹാ അപ്പൊ നിങ്ങൾ തമ്മിൽ ഞാൻ അറിയാത്ത രഹസ്യ നീക്കങ്ങൾ ഓക്കെ ഉണ്ടല്ലേ… ഒന്ന്‌ പോടാ ചെക്കാ… അവൾ നിനക്ക് സ്വന്തം ആയില്ലെങ്കിലും എനിക്ക് മോള് തന്നെ ആണ്… മ്മ്മ്… നിനക്ക് വിഷമം ആയോ… നല്ല ദിവസം ആയ്ട്ട് അമ്മ നിന്റെ മൂഡ് കളഞ്ഞു അല്ലേ… സോറി മോനെ.. സാരല്ല അമ്മ…

ഞാൻ രാത്രി വിളിക്കാം… അമ്മ അങ്ങനെ പറഞ്ഞപ്പോൾ ദേവക്കുള്ളിൽ സങ്കടം തോന്നി.. തന്നെ പോലെ അമ്മയും അവളെ മോഹിക്കുന്നു.. എന്ത് പറ്റി മാഷേ അമ്മ വിളിച്ചപ്പോ മൂഡ് ഓഫ്‌ ആയോ… അമ്മേനെ മിസ്സ്‌ ചെയുന്നുണ്ടല്ലേ… മ്മ്മ് . അവൻ മറുപടി നൽകി… തിരിച്ചു വീട്ടിലേക്ക് പോരുമ്പോൾ താര വാചാല ആയിരുന്നു.. ഒരു പക്ഷെ തന്റെ മൂഡ് ശെരി ആക്കാനുള്ള അവളുടെ സൂത്രം ആണെന്ന് ദേവക്ക് തോന്നി.. പതിയെ പതിയെ അവൻ പോലും അറിയാതെ അവൻ ഉഷാറായി കഴിഞ്ഞിരുന്നു.. കോളേജിൽ എല്ലാവരും താര പറഞ്ഞു ദേവയുടെ പിറന്നാൾ അറിഞ്ഞിരുന്നു… എല്ലാവരും കൂടി ഉച്ചക്ക് കേക്ക് കട്ട്‌ ചെയ്തു… വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞു ഇറങ്ങുമ്പോൾ അഭി ദേവയോട് അവനൊപ്പം ബുക്ക്‌ വാങ്ങിക്കാൻ വരാൻ പറഞ്ഞു… അത് കഴിഞ്ഞു അവന്റെ കൂടെ ഷർട്ട്‌ എടുക്കാൻ പോയി… അഭി ദേവക്ക് പിറന്നാൾ സമ്മാനമായി ഷർട്ട്‌ വാങ്ങിച്ചു കൊടുത്തു… ഏകദേശം 8 മണി കഴിഞ്ഞാണ് അവർ തിരിച്ചെത്തിയത്… അവന് താരയെ ഒരിക്കൽ കൂടെ കാണണം എന്നുണ്ടായിരുന്നു… തന്റെ പിറന്നാൾ ഓർത്തതിന്… നന്ദി പറയാൻ.. പക്ഷെ അവളെ താഴെ കണ്ടില്ല… അവൻ വിഷമത്തോടെ മുകളിൽ എത്തി… അവിടെ ആകെ ബഹളം ആയിരുന്നു…. ഫസലും രാഗേഷും രമ്യയും ഓക്കെ കസേരയും മേശയും ഓക്കെ ഒതുക്കി ഇടുന്നു…

സംഗീത് ചൂലെടുത്തു വന്ന് നിലം അടിക്കുന്നു… എന്താ ഇവിടെ സേവന വാരം ആണോ… ദേവ എല്ലാവരോടും ആയി ചോദിച്ചു… ആണന്നു കൂട്ടിക്കോ… മോൻ വേഗം പോയി കൈയും കാലും ഓക്കെ കഴുകി വാ പണി ഉണ്ട്… സംഗീത് ആയിരുന്നു അല്ല സംഗീതേ നിനക്ക് നിന്റെ വീട് നന്നാക്കിട്ട് പോരേ ബാക്കി ഉള്ളവരുടേത്… മോനേ ഡയലോഗ് അടിക്കാതെ പോയി വാ… രാഗേഷ് കനപ്പിച്ചു പറഞ്ഞപ്പോൾ ദേവ വേഗം വലിഞ്ഞു… അവൻ ഫ്രഷ് ആയി വന്നപ്പോൾ ഹാൾ ൽ എല്ലാവരും നിലത്തു ഇരിക്കുക യാണ്… ഇല ഇട്ടിട്ടുണ്ട്… നടുവിൽ കുറെ പത്രങ്ങളിൽ ആയി പല വിഭവങ്ങളും…. വന്ന് ഇരിക്കൂ പിറന്നാൾകാരാ.. ഫസൽ പറഞ്ഞപ്പോൾ ദേവ എല്ലാവരെയും നോക്കി… ഫസൽ, , രാഗേഷ് അഭി, സംഗീത്, രമ്യ , ദേവി മിസ്സ്‌ എല്ലാവരും ഉണ്ട്… താര മാത്രം ഇല്ല… അവന് അവൾ എവിടെ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു പക്ഷെ ചോദിച്ചില്ല… അവനും ഇരുന്നു… എല്ലാവരും എല്ലാ വിഭവങ്ങളും വിളമ്പി… സംഗീത് ദേവക്ക് ചോറ് വിളമ്പാൻ നിന്നപ്പോഴാണ് ദേവ താരയുടെ ശബ്ദം കേൾക്കുന്നത്… അയ്യോ ചോറ് വിളംമ്പല്ലേ.. കൈയിൽ ഒരു പാത്രവും പിടിച്ചു തന്റെ നേരേ വരുന്ന താരയെ ദേവ നോക്കി.. ഇത്രയും നേരം തനിക്കു നഷ്ടപ്പെട്ട എന്തോ തിരിച്ചു കിട്ടിയ സന്തോഷം തോന്നി അവന്… ആദ്യം പായസം പിന്നെ ചോറ്.. അതാ ദേവ സർന്റെ പതിവ് അല്ലേ…

താര അവൾ തന്റെ അമ്മയിൽ നിന്ന് തന്നെ പറ്റി ഒത്തിരി മനസ്സിലാക്കിയിരിക്കുന്നു… അവനോർത്തു… താര അവന് മുന്നിൽ മുട്ട് കുത്തി ഇരുന്നു അവന്റെ ഇലയിലേക്ക് പായസം ഒഴിച്ചു.. അവൻ ഇത്തിരി എടുത്തു നാവിൽ വെച്ചു… പാലട.. തന്റെ അമ്മ ഉണ്ടാക്കുന്ന പായസം… എവിടെ ഒക്കെയോ അതേ രുചി… ഒരുവേള അവൻ അമ്മയെ ഓർത്തു… അപ്പോളും താര അവനെ തന്നെ നോക്കി ഇരിക്കാർന്നു… അവൻ അവളെ നോക്കി കൈകൊണ്ടു സൂപ്പർ എന്ന് കാണിച്ചു… അവൾ മനസ് നിറഞ്ഞു ചിരിച്ചു… അവന് അരികിൽ ആയുള്ള ഇലയിൽ ഇരുന്നു.. അമ്മ വാരി തരുന്ന പോലെ ഞാൻ വാരി തരണോ… ആരും കേൾക്കാതെ താര ദേവയോട് ചോദിച്ചു… ആ ചോദ്യത്തിൽ ഒരു കുസൃതി ആയിരുന്നു… ഉള്ളിൽ കൊതി ഉണ്ടായിട്ടും…. വേണ്ട.. അവൻ ചിരിച്ചു കൊണ്ട് തല ആട്ടി പറഞ്ഞു… പിന്നെ കളിയും ചിരിയും ആയി അവർ ഭക്ഷണം കഴിച്ചു. .. സിത്തു.. നിനക്ക് ഇത്ര കൈപ്പുണ്യം ഉണ്ടെന്ന് ഞാൻ അറിഞ്ഞില്ല മോളേ… അവളുണ്ടക്കിയ പായസം നക്കി കുടിച്ചു കൊണ്ടു സംഗീത് പറഞ്ഞു… അവനരികിൽ തന്നെ ദേവയും ഉണ്ടായിരുന്നു… പഴശ്ശിയുടെ യുദ്ധമുറകൾ കമ്പനി കാണാൻ പോകുന്നതേ ഉള്ളൂ മോനേ … താര സംഗീത്തിന്റ അടുത്ത് കുനിഞ്ഞു ഇരുന്നു അവന്റെ മൂക്ക് വലിച്ചു പറഞ്ഞു… അത് കണ്ടപ്പോൾ ദേവയുടെ ഉള്ളൊന്ന് പൊള്ളി… അവനിൽ അസൂയ തോന്നി…

ഒരുവേള താൻ സംഗീത് ആയിരുന്നെങ്കിൽ എന്ന് ആശിച്ചു… അമ്മയുടെ ഫോൺ വന്നപ്പോൾ ദേവ അവിടെ നിന്ന് എണീറ്റ് ബാൽക്കണി യിലേക്ക് പോയി… എല്ലാം അമ്മയോട് പറഞ്ഞു… ഫോൺ വെച്ച് തിരിഞ്ഞപ്പോൾ പുറകിൽ താര ഉണ്ടായിരുന്നു… അവൾ തന്റെ കൈയിൽ ഉണ്ടായിരുന്ന സമ്മാനപ്പൊതി അവന് കൊടുത്തു… അത്ര വലിയ സമ്മാനം ഒന്നും അല്ല… പക്ഷെ എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും വിലമതിക്കുന്ന സമ്മാനം ആണ് … താങ്ക്യൂ താര… എല്ലാത്തിനും… ഒരിക്കലും മറക്കാത്ത ഒരു പിറന്നാൾ സമ്മാനിച്ചതിന്… എനിക്കു വേണ്ടി ഇത്രയൊക്കെ ചെയ്തതിനു… എല്ലാത്തിനും താങ്ക്സ്… ഓ വരവ് വെച്ചിരിക്കുന്നു… അവനെ നോക്കി ചിരിച്ചു അവൾ തിരിഞ്ഞു നടന്നു… ദേവ അവൾ തന്ന പൊതി അഴിച്ചു… അതൊരു ഡയറി ആയിരന്നു… അതിന്റെ പുറം ചട്ടയിൽ ഇരുണ്ട ആകാശത്തിൽ ശോഭയോടെ മിന്നുന്ന ഒരു താരകം… താഴെ അതിനെ നോക്കി ഇരിക്കുന്ന ഒരു പെൺകുട്ടിയും ആയിരുന്നു…. ഒപ്പം ഒരു മഷി പേനയും…. അവൻ അത് തുറന്നു നോക്കി… ആദ്യത്തെ പേജിൽ എഴുതിയ വരികളിൽ അവന്റെ കണ്ണുടക്കി .. അവനേറ്റവുംപ്രിയപ്പെട്ട അക്ഷരങ്ങൾ… തന്നെ താനല്ലാതാക്കിയ അക്ഷരങ്ങൾ… തന്നെ പ്രണയിക്കാൻ പഠിപ്പിച്ച അക്ഷരങ്ങൾ… തന്റെ ഉറക്കം കെടുത്തിയ അക്ഷരങ്ങൾ… “ഏതോ ഭൂതകാലത്ത് ഞാൻ നൽകിയ ആ മന്ത്രമോതിരം ഈ ജന്മം നിനക്കെവിടെയോ വെച്ച് നഷ്ടമായി… വരും ജന്മം എങ്കിലും നീ എനിക്ക് വേണ്ടി അത് കണ്ടെത്തണം…. എനിക്ക് വീണ്ടും ആ ഭൂതകാലങ്ങളിൽ ജീവിക്കണം…”

തുടരും

ദേവതാരകം : ഭാഗം 1

ദേവതാരകം : ഭാഗം 2

ദേവതാരകം : ഭാഗം 3

ദേവതാരകം : ഭാഗം 4

ദേവതാരകം : ഭാഗം 5

ദേവതാരകം : ഭാഗം 6

ദേവതാരകം : ഭാഗം 7

ദേവതാരകം : ഭാഗം 8