Sunday, December 22, 2024
Novel

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 8

എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )

എന്നാൽ പെട്ടന്ന് കണ്ണെത്തിയത് ആ വരികളിലായിരുന്നു.. അവന്റെ ഏറെ പ്രിയപ്പെട്ട വരികളിൽ… സിഷ്ഠ അവന്റെ മനസും ചുണ്ടുകളും ഒരു പോലെ മന്ത്രിച്ചു…. സിഷ്ഠ നിന്നെ ഞാൻ ഒരുപാട് പ്രണയിക്കുന്നുണ്ട്.. വാത്സല്യമായിരുന്നു നിന്നോട്.. പക്ഷെ ഇന്നത് മറ്റെന്തോ ആയി മാറിയിരിക്കുന്നു…

ഓരോ നിമിഷവും ഓരോ യുഗങ്ങളിലും ഓരോ ജന്മങ്ങളിലും നീ മാത്രം മതി സിഷ്ഠ എനിക്ക്… മറ്റാരെയും മറ്റൊന്നും എനിക്ക് വേണ്ട… മേശയുടെ മുകളിൽ മുറിച്ചു വെച്ചിരിക്കുന്ന പേപ്പറിൽ അവൻ കുറിച്ചിട്ടു… കാത്തിരിക്കൂ… പെണ്ണേ… നിന്നിലേക്ക് ഒരു വസന്തമായി ഞാൻ കടന്നു വരും.. ഋതുക്കളുടെ ചക്രത്തിൽ നിന്നും തെന്നിവീഴപ്പെട്ടിരിക്കുന്നു ആ പ്രണയകാലം.. അതിന്നെന്നിൽ വസന്തമായിരിക്കുന്നു… പക്ഷെ എനിക്ക് വേണ്ടത് ശിശിരകാലമാണ് പെണ്ണേ ഇലകൾ പൊഴിയുന്ന ശിശിരകാലം.. ഇല പൊഴിയും പോലെ നിന്നിൽ എന്റെ പ്രണയവും പൊഴിയും.. കാത്തിരിക്കുകയാണ് ഞാൻ.. പക്ഷെ സമയമായിട്ടില്ല.. സിഷ്ഠയുടെ മാത്രം അത്രയും കുറിച്ചുകൊണ്ട് അതേ അക്ഷരങ്ങൾ മറ്റൊരു പുസ്തകത്തിലേക്ക് പകർത്തി വെച്ചു.. എന്നാൽ ആ പുസ്തകതാളിൽ മാത്രം സിഷ്ഠ എന്ന പേരിനൊപ്പം മറ്റൊരു പേരും പതിഞ്ഞു. പിന്നീട് കണ്ണുകളടച്ചു അങ്ങനെ കിടന്നുകൊണ്ടാവൻ സിഷ്ഠയെ മനസിലേക്കാവാഹിച്ചു.. ഇതേ സമയം എന്തിനാണെന്നറിയാത്തൊരു പുഞ്ചിരി വസുവിലും വിടർന്നിരുന്നു.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 രാവിലെ തെല്ലൊരു ഉത്സാഹത്തോടെ ഓടിചാടി കോളേജിലേക്ക് പോകാൻ തയ്യാറായി വരുന്ന വസുവിനെ കണ്ടതും സുദേവ് ഒട്ടൊന്ന് അമ്പരന്നു. സാധാരണ നടക്കാത്ത കാര്യമായത് കൊണ്ട് തന്നെ എല്ലാവരിലും ആ അമ്പരപ്പ് തന്നെയാണ് മുന്നിട്ടു നിന്നത്. എന്നാൽ ഇതൊന്നും തന്നെ ബാധിക്കുന്ന വിഷയമേ അല്ലെന്നായിരുന്നു വസുവിന്റെ പക്ഷം. ഹരിയെകൂട്ടാനായി അവളുടെ വീടിന്റെ മുന്പിലെത്തിയതും സുധിയിറങ്ങി അവളുടെ വീട്ടിലേക്ക് കയറിപ്പോയി.

എതിരെ വരുന്ന ഹരിയെ കണ്ടെങ്കിലും അവൻ ധൃതിയിൽ തന്നെയാണ് മുകളിലേക്ക് കയറി പോയത്. ഇറങ്ങി വന്ന ഹരിയോട് ഇച്ഛനെവിടെ എന്ന് ചോദിച്ചപ്പോൾ, കണ്ണേട്ടൻ ഉണ്ടല്ലോ. ചിലപ്പോൾ കാണാൻ പോയതായിരിക്കുമെന്നാണ് മറുപടി കിട്ടിയത്. ശരിയാണ്.. അവർ ഒരിക്കലും ഇണപിരിയാത്ത സുഹൃത്തുക്കളാണ്. പരസ്പരം ഒരുപാട് ഒരുപാട് സ്നേഹിക്കുന്നുണ്ട്.. എന്നാൽ ഹരിയുടെ ഏട്ടൻ എപ്പോഴും തങ്ങളിൽ നിന്ന് അകന്നു നിന്നിട്ടേയുള്ളു. തന്നോട് ഇതുവരെ പ്രത്യേകമായൊരു അടുപ്പമേയില്ല. കുഞ്ഞിലൊക്കെ ഭയങ്കര സ്നേഹമായിരുന്നു. പതിയെ പതിയെ അത് കുറഞ്ഞു. പിന്നീട് താനും മിണ്ടാൻ പോകാറില്ല. വീട് വിട്ടുപോയപ്പോൾ പോലും ഒരു വാക്ക് തന്നോട് പറഞ്ഞിട്ടില്ലായിരുന്നു… കുറച്ചു നേരം കഴിഞ്ഞാണ് സുദേവ് തിരികെ വന്നത്. അവനെത്തിയതും അവർ കോളേജിലേക്ക് തിരിച്ചു..

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ക്ലാസ്സെല്ലാം കഴിഞ്ഞു ഇന്റർവെൽ സമയമായപ്പോൾ വസു വേഗം ലൈബ്രറിയിൽ പോയി. ഇതിനു മുൻപ് ആരാണ് പുസ്തകമെടുത്തിരുന്നതെന്ന് അന്വേഷിച്ചു. മാളവിക മിസ്സ്ന്റെ ഐഡി കണ്ടപ്പോൾ തെല്ലൊരു നിരാശ തോന്നിയെങ്കിലും. ചിലപ്പോൾ അനന്തൻ സർ ആയിരിക്കും മിസ്സ് ന്റെ ഐഡിയിൽ എടുത്തതെന്ന് അവൾ ഉറപ്പിച്ചു. അതിന് ശക്തമായൊരു കാരണം ഉണ്ടായിരുന്നു. അനന്തനാണ് ആ പുസ്തകം തിരികെ കൊടുത്തതെന്ന് ലൈബ്രേറിയൻ പറഞ്ഞു. അടുത്തതായി മാറ്റിവെക്കാൻ പറഞ്ഞത് അന്ന കരേനിന എന്ന ബുക്ക് ആണ്. തിരികെ ഇറങ്ങുന്ന അവൾ ലൈബ്രറിയിലേക്ക് കയറി പോകുന്ന അനന്തനെ കണ്ടു. എന്നാൽ അനന്തൻ അവളെ കണ്ടിരുന്നില്ല.

അനന്തനെ മാറി നിന്നു തന്നെയാണ് അവൾ നോക്കി കണ്ടത്. പിന്നീടുള്ള ക്ലാസ് അനന്തന്റെ ആയിരുന്നത് കൊണ്ടുതന്നെ വളരെ ഉന്മേഷത്തോടെയാണ് അവളിരുന്നത്. മറ്റെങ്ങോട്ടും നോട്ടം മാറ്റാതെ അവൾ അവനെ മാത്രം നോക്കിയിരുന്നു. ഇടയ്ക്കിടെ അവന്റെ സ്വാഭാവിക നോട്ടം അവളിലേക്കും എത്തിയിരുന്നു. കണ്ണിമ വെട്ടാതെ തന്നെ തന്നെ നോക്കിയിരിക്കുന്ന വസുവിനെ കണ്ടതും അവൻ നോട്ടം മാറ്റിക്കളയും. എന്നാൽ വളരെ സൂക്ഷ്മമായി തന്നെ അവൾ അവന്റെ ഓരോ ഭാവങ്ങളും തന്റെ മനസ്സിൽ പതിപ്പിക്കാനുള്ള പരിശ്രമത്തിലായിരുന്നു.. ക്ലാസ് കഴിഞ്ഞതും വളരെ അപ്രതീക്ഷിതമായി അവൻ വസുവിന്റെ അടുത്തേക്ക് വന്ന് അറ്റന്റൻസ് രജിസ്റ്റർ നീട്ടി. അതിൽ ഇന്നത്തെ അറ്റന്റൻസ് മാർക്ക് ചെയ്യാൻ പറഞ്ഞതും, തെല്ലൊന്നമ്പരന്നാണെങ്കിലും അവൾ എല്ലാവരുടെയും മാർക്ക് ചെയ്തവന് നേരെ നീട്ടി. മറുപടി ഒരു പുഞ്ചിരിയിലൊതുക്കി അവൻ നടന്നു നീങ്ങി..

അവൻ മറഞ്ഞതും ആ പുഞ്ചിരി അതേ പടി അവനിലേക്കും വ്യാപിച്ചു. എന്നാൽ ഇവയെല്ലാം അതി സൂക്ഷമമായി നിരീക്ഷിച്ചിരുന്ന നാലുപേരെ അവൾ ശ്രദ്ധിച്ചേയില്ല. ഉച്ചഭക്ഷണത്തിന് ശേഷം ചെമ്പകക്കാട്ടിലേക്ക് പോയി അവിടെയിരുന്നു സംസാരിക്കുക എന്നത് ഒരു ദിനചര്യയായി മാറിയിരുന്നു. ഉച്ചക്കു ഭക്ഷണശേഷം നടക്കാനിറങ്ങുന്ന അനന്തനെ കാണുക എന്ന ലക്ഷ്യം മാത്രമാണ് വസുവിന് അതിന് പിന്നിലുള്ളത്. എന്നാൽ അനന്തൻ അവളെ കണ്ടതായി പോലും നടിക്കാറില്ല. എന്നാൽ ഇന്ന് പതിവിനു വിപരീതമായി അവൻ അവളെ നോക്കി ചിരിച്ചു കൊണ്ടാണ് ഇന്ന് പോയത്. അതോടു കൂടി ആ എഴുത്തുകൾ അവൻ എഴുതിയതാണെന്നുള്ള സംശയം അവൾ ഊട്ടിയുറപ്പിക്കുകയായിരുന്നു.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ഉച്ചക്ക് ശേഷം ക്ലാസ് ഇല്ലാത്തതിനാൽ തന്നെ അവൾ മാളവികയെ തിരക്കിയിറങ്ങി.. അവസാനം അനന്തനോട് തന്നെ അവളെ കുറിച്ചു തിരക്കാമെന്ന ധാരണയിലെത്തി. ആ പേരിലെങ്കിലും അവനോടൊന്നു സംസാരിക്കലോ, അടുത്തൊന്ന് നിൽക്കാമല്ലോ.. അത്രമാത്രമേ ഈ വസിഷ്ഠ ആഗ്രഹിച്ചിട്ടുള്ളു. സ്വന്തമാക്കാൻ ആഗ്രഹമുണ്ട് അതിതീവ്രമായി തന്നെ.. പക്ഷെ… തനിക്കർഹത ഇല്ല.. അത്രയും ഭാഗ്യമൊന്നും തന്നെ കടാക്ഷിക്കില്ലെന്ന് ഉറപ്പാണ്.

പക്ഷെ എന്തോ ആ അനന്തതയിൽ ലയിക്കാൻ ഒരുപാട് കൊതിക്കുന്നുണ്ട് തന്റെ മനസ്.. പ്രണയമല്ല പ്രണയത്തിനുമപ്പുറം പേരറിയാത്ത എന്തോ ഒന്ന്.. അറിയില്ല ഒന്നും പറയാനറിയില്ല വാക്കുകൾക്കതീതമായി എന്തെങ്കിലുമുണ്ടോ അതാണ് തനിക്ക് നന്ദൻ സർ.. മറ്റൊന്നും തിരിച്ചാഗ്രഹിക്കുന്നില്ല.. ഒന്ന് മിണ്ടാനും അടുത്ത് നിൽക്കാനും മാത്രം.. തന്റെ പ്രാണനിൽ അലിഞ്ഞാണ് നന്ദനുള്ളത് സ്വന്തമാക്കിയാലും ഇല്ലെങ്കിലും അനന്തനോളം താൻ മറ്റൊന്നിനേം മോഹിച്ചിട്ടില്ല, പ്രണയിച്ചിട്ടില്ല.. അനന്തനെ കണ്ടതും എന്തിനെന്നില്ലാത്ത ഒരു പരിഭ്രമം തന്നെ വന്നു മൂടുന്നതവൾ അറിഞ്ഞു.. വാക്കുകൾ പെറുക്കി കൂട്ടി അവനോട് മാളവികയെ അന്വേഷിച്ചു.. എന്നാൽ ഇനി തിരികെ വരില്ലെന്നാണ് അറിഞ്ഞത്..

മിനിയാന്നാണ് അവസാനമായി വന്നതെന്നും.. അവളുടെ കയ്യിലുണ്ടായിരുന്ന പുസ്തകങ്ങൾ താനാണ് തിരികെ ലൈബ്രറിയിൽ കൊടുത്തതെന്നും പറഞ്ഞപ്പോൾ വസുവിൽ ആശ്വാസത്തിന്റെ പുഞ്ചിരി വിരിഞ്ഞു. തനിക്ക് കുറിപ്പെഴുതിയത് അവനാണെന്ന് അവൾ ഉറപ്പിച്ചു.. എങ്കിലും അവൻ തന്നെ തുറന്ന് സമ്മതിക്കട്ടെ എന്നവളുടെ മനസ്സ് മന്ത്രിച്ചു. അതിനാൽ തന്നെ തുറന്ന് ചോദിക്കാൻ മുതിർന്നില്ല.. അവനോട് യാത്ര പറഞ്ഞുകൊണ്ട് തിരികെ ക്ലാസ്സിലേക്ക് പോകുമ്പോൾ ചില കാര്യങ്ങൾ അവളും മനസിലുറപ്പിച്ചിരുന്നു.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 സത്യം പറയു വസു നിനക്ക് പപ്പൻ സർ നെ ഇഷ്ടമല്ലേ? മഹി ചോദിച്ചു.. നിനക്കിഷ്ടമല്ലേ..? പിന്നെ എനിക്കിഷ്ടമാകാതിരിക്കുമോ? വസു മറുപടിയായി പറഞ്ഞു.. നീ ആളെ കളിയാക്കാതെ പറയു.. നിനക്ക് സർ നോട് പ്രണയമല്ലേ? അറിയില്ല…പക്ഷെ എന്റെ ആരോ ആണ് നന്ദൻ സർ.. ഒരുപക്ഷെ പേരറിയാത്ത എന്തോ ഒന്ന് ഞങ്ങൾക്കിടയിൽ രൂപപെട്ടതുപോലെ… കേവലം അതൊരു പ്രണയമാണെന്ന് തെറ്റിദ്ധരിക്കാൻ എനിക്കാവുന്നില്ല.. പ്രണയത്തിനുമപ്പുറം പേരറിയാത്ത എന്തോ ഒന്ന്.. അങ്ങനെ പറയാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്.. ഉത്തരമില്ലാത്ത സമസ്യപോലെ.. അഥവാ പൊരുളറിയാത്ത പ്രഹേളികപോലെ… ഇതിൽ കൂടുതലായി എനിക്ക് പറയാനറിയില്ല..

ഹരിയുടെ ചോദ്യത്തിനുത്തരമെന്നവണ്ണം അവൾ പറഞ്ഞു നിർത്തി.. എല്ലാവരുടെ മുഖത്തും ആശ്വാസത്തിന്റെ പുഞ്ചിരി വിരിഞ്ഞെങ്കിലും, ഹരിയുടെ പുഞ്ചിരിയെ മാത്രം വിഷാദം ആവരണം ചെയ്തിരുന്നു. എന്നാൽ നിനക്ക് പപ്പൻ സർ നെ കുറിച്ചെന്തറിയാം?? നിക്കിയുടെ ചോദ്യത്തിനൊരു പുഞ്ചിരിയാണ് മറുപടിയായി വസു കരുതി വച്ചിരുന്നത്. എന്നാൽ വീണ്ടും വീണ്ടും ഓരോരുത്തരായി ഈ ചോദ്യം പലരീതിയിൽ ചോദിച്ചപ്പോൾ അതിനൊരൊറ്റ ഉത്തരമാണ് അവളുടെ പക്കലുണ്ടായിരുന്നത്. അറിയില്ല എനിക്ക് ഒന്നും അറിയില്ല.. ഇനി അറിയുകയും വേണ്ട.. കൂടുതൽ അറിയാൻ ശ്രമിച്ചാൽ ഞാൻ ആ ആഴങ്ങളിൽ മുങ്ങി പോയാലോ.. എനിക്ക് പേടിയാണ്.. ഇനിയും ഇനിയും താണു പോകാൻ എനിക്ക് വയ്യ.. അറിഞ്ഞുകൊണ്ട് ഞാൻ ഇനി ഒരിക്കലും അതിന് ശ്രമിക്കില്ല.. അറിയാതെ പറയാതെ എന്നിൽ എത്തിച്ചേരും.. നേരിട്ടല്ലെങ്കിലും ഞാൻ അറിയുമായിരിക്കും.. അത് ചിലപ്പോൾ ഒരു മാന്ത്രികതയാകാം..

ഈ പേരറിയാത്ത ബന്ധനത്തിന്റെ മാന്ത്രികത. അവളെത്രത്തോളം അനന്തന് അടിമപ്പെട്ടിട്ടുണ്ടെന്ന് പറയാതെ പറഞ്ഞിരിക്കുന്നു അവൾ. അവർക്കെല്ലാം ആകെ ബോധ്യപ്പെട്ട ഒരേയൊരു കാര്യം ബന്ധനങ്ങളില്ലാതെയാണ് വസു അനന്തനെ സ്നേഹിക്കുന്നത്.. തിരിച്ചൊന്നും ആഗ്രഹിക്കുന്നില്ല. അവൾ അതിൽ സംതൃപ്തയുമാണെന്നാണ്. ഇനി മറ്റൊരാൾക്കും പറിച്ചുമാറ്റാൻ കഴിയാത്തത്ര ആഴത്തിൽ അവൻ അവളിൽ നിലയുറപ്പിച്ചെന്ന് മനസ്സിലായതും, പിന്നീടവർ ആ ചർച്ചയവസാനിപ്പിച്ചു. സുദേവ് അവരെ കൊണ്ടുപോകാൻ വന്നതും കുറച്ചു നേരം മറ്റുള്ളവരോട് സംസാരിച്ചിട്ടാണ് അവർ യാത്രയായത്.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 രാത്രിയിൽ കിടക്കുന്നതിനു മുൻപ് വസു ഒരു പേപ്പറിൽ ആ എഴുത്തിനു മറുപടിയെന്നോണം ഇങ്ങനെ എഴുതി.. കാത്തിരിക്കുന്നു ഞാനും.., നീ എന്നെ പ്രണയിച്ചിരുന്നു എന്നറിയുന്ന നിമിഷത്തിനായി.. വസിഷ്ഠലക്ഷ്മി അത്രയുമെഴുതി ആ പേപ്പറിന് പുറകിലായി ഇങ്ങനെ കുറിച്ചു.. എന്റെ മാത്രം അജ്ഞാതന്… അക്ഷരങ്ങളുടെ മൂടുപടം നീക്കി നീ പുറത്തു വരുന്ന നിമിഷത്തിനായി കാത്തിരിക്കുന്നു… നിന്റെ മാത്രം പ്രിയപ്പെട്ടവൾ. അത്രയുമെഴുതി ആ പേപ്പർ മെല്ലെ ആ പുസ്തകത്തിലേക്ക് വച്ചു.. അതിലുണ്ടായിരുന്ന എഴുത്ത് ഭദ്രമായി തന്നെ രക്തകറ പുരണ്ട തുണി കഷ്ണങ്ങൾക്കൊപ്പം അടുക്കി വെച്ചു. അലമാരയിലെ ആ കുഞ്ഞു പെട്ടിയിൽ അവ സുരക്ഷിതമായി വിശ്രമിച്ചു..

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 നിന്റെ കണ്ണിൽ വിരിയുന്ന വിസ്മയം പ്രണയം എല്ലാം എന്നെ വല്ലാതെ തളർത്തുന്നു.. പറയാതെ അറിയാതെ തന്നെ ഞാൻ നിന്നെ പ്രണയിച്ചുകൊള്ളട്ടെ.. ബന്ധങ്ങളുടെ തടവറയിൽ ഞാൻ നിസ്സഹാനാണ്.. എങ്കിലും..? നീ എന്നെ തളർത്തുന്നു.. അത്രയും പറഞ്ഞുകൊണ്ട് തന്റെ ഫോൺ ഗാലറിയിൽ ഉള്ള വസുവിന്റെ ഫോട്ടോയിലേക്ക് കണ്ണും നട്ടിരുന്നു അവൻ. മെല്ലെ അവളുടെ ചുണ്ടുകളിൽ തത്തികളിച്ചിരുന്ന പുഞ്ചിരി അവനിലേക്കും വ്യാപിച്ചു.. കണ്ണുകളടച്ചുകൊണ്ട് അവളെയുമോർത്ത് അവൻ പുറത്തേക്ക് നോട്ടമയച്ചു.. പിന്നെ പതിയെ പതിയെ ആ മിഴികൾ കൂമ്പിയടഞ്ഞു.. എങ്കിലും കൂടുതൽ തെളിമയോടെ തന്നെ വസുവിന്റെ ചിത്രം അവനിൽ ഉണർന്നിരുന്നു..

…….

ചെമ്പകം പൂക്കും.. കാത്തിരിക്കുക..
അഷിത കൃഷ്ണ (മിഥ്യ )

തുടരും….

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 1

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 2

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 3

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 4

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 5

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 6

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 7