Saturday, January 18, 2025
Novel

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 10

എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )

ദൂരെ നിന്നുമെത്തിയ ചെമ്പകഗന്ധത്തെ ഹൃദയത്തിലേക്കാവാഹിച്ചു കൊണ്ട്, അവൻ തന്റെ കയ്യിലിരുന്ന പുസ്തകത്തെ പുഞ്ചിരിയോടെ നോക്കി.

“ചന്ദനമരങ്ങൾ ”
അവൻ പതിയെ വായിച്ചു.

എന്റെ മാത്രം സിഷ്ഠ…
അവന്റെ മനസ്സും ശരീരവും ഒരുപോലെ മന്ത്രിച്ചു.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

ദിവസങ്ങൾ ആർക്കുവേണ്ടിയും കാത്തുനിൽക്കില്ല. ഒഴുകി കൊണ്ടിരിക്കും. ഒഴുക്കിനൊത്ത് വസുവും അവളുടെ പേരറിയാത്ത നൊമ്പരവും ഒഴുകി കൊണ്ടിരുന്നു.
കുറിപ്പുകളിലൂടെ പുസ്തകങ്ങളിലൂടെ വസുവിനെ തേടി എത്തിയ വാക്കുകൾക്കെല്ലാം അനന്തന്റെ മുഖമായിരുന്നു.

അനന്തൻ പതിയെ പതിയെ നന്ദനായി മാറുകയായിരുന്നു. വസുവിന്റെ മാത്രം നന്ദൻ. കുറിപ്പുകളത്രയും പങ്കുവെച്ചത് സ്വപ്നങ്ങളായിരുന്നു പ്രതീക്ഷകളായിരുന്നു. തങ്ങളുടെ പ്രണയത്തിന്റെ ബാക്കിപത്രങ്ങളെ കുറിച്ചായിരുന്നു. അവളുടെ എഴുത്തുകൾക്ക് പുതുനിറം കൈവരികയായിരുന്നു. താങ്ങായും തണലായും ആ കുറിപ്പുകൾ അവൾക്ക് ആത്മവിശ്വാസം നൽകിക്കൊണ്ടിരുന്നു.
പരോക്ഷമായി തന്നെ താങ്ങി നിർത്തുന്ന കൈകൾക്ക് ചെമ്പകത്തിന്റെ നിറമായിരുന്നു, മണമായിരുന്നു.
പേരറിയാത്ത ആ എന്തോ ഒന്നിനുപോലും ചെമ്പകത്തിന്റെ നൈർമല്യത്താലൊരു ആവരണം വസുവിന്റെ മനസും നെയ്തെടുത്തു.
അത്രയും അടിമപ്പെടുമ്പോൾ ചെമ്പകഗന്ധത്തെ ഉള്ളിലേക്കാവാഹിച്ചുകൊണ്ട് നിലാവിനെ നോക്കി പ്രണയപൂർവം

നന്ദാ.. ന്ന് നീട്ടി വിളിച്ചവൾ പുഞ്ചിരിക്കുമായിരുന്നു..

അതേ സമയം മറുപടിയെന്നോണം മറ്റൊരു വ്യക്തിയിലും പുഞ്ചിരി വിരിയുമായിരുന്നു.
പ്രണയത്തിന്റെ ആത്മസമർപ്പണത്തിന്റെ പുഞ്ചിരി.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

കോളേജിൽ വച്ചു യാതൊരുവിധത്തിലുള്ള അടുപ്പം കാണിക്കാനും അനന്തൻ മുതിരുന്നില്ല എന്നത് വാസുവിനെപ്പോഴും അത്ഭുതം തന്നെയായിരുന്നു . എന്നാൽ അത് തുറന്ന് ചോദിക്കാനും അവൾ മുതിർന്നില്ല. കുറിപ്പുകളിൽ അവരുടെ പ്രണയവും ആഗ്രഹങ്ങളും സ്വപ്നങ്ങളും മാത്രം നിറഞ്ഞു നിന്നു.
രണ്ടു വ്യക്തികളുടെ ഇഷ്ടങ്ങൾ മനഃപാഠമാക്കി കൊണ്ടിരുന്നു ഇരുവരും. പരസ്പരം ഇഷ്ടപുസ്തകങ്ങളുടെ പേരുകൾ കൈമാറി വായിക്കാൻ തുടങ്ങി. വായിച്ചതിനു ശേഷം തന്റെ ചിന്തകൾ വരികളിലൊതുക്കി കത്തിനൊപ്പം ചേർക്കാനും ഇരുവരും മറന്നിരുന്നില്ല.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

ഒഴുക്കിനൊപ്പം ഓളം വെട്ടി കാലചക്രവും ഒരോണകാലത്തെ വരവേറ്റു.

ആദ്യത്തെ ഓണമായതുകൊണ്ടു തന്നെ സാരി ഉടുക്കാൻ തീരുമാനിച്ചു ക്ലാസ്സിലുള്ളവരൊക്കെ.
ഫങ്ക്ഷന് മാത്രം ഇത്തരം ഒരുക്കങ്ങളുള്ളതിനാൽ എത്ര ഒരുങ്ങിയിട്ടും മതിയായിരുന്നില്ല വസുവിന്.
അനന്തനൊപ്പം നിന്ന് ഫോട്ടോ എടുക്കാൻ വേണ്ടി മാത്രമാണ് ഇത്രയും ഒരുക്കമെല്ലാം നടത്തിയത്.
പതിവിലും വിപരീതമായി അനന്തനെ മുണ്ടിലും ജുബ്ബയിലും കണ്ടപ്പോൾ സന്തോഷത്തേക്കാളുപരി അവളുടെ കണ്ണിൽ അലയടിച്ചിരുന്നത് തിളക്കമായിരുന്നു.
കയ്യിൽ കരുതിയ മഞ്ഞവെയിൽ മരണങ്ങളിൽ ഒളിച്ചു വെച്ച കുറിപ്പിന് അന്ന് മണം ചെമ്പകത്തിന്റേതായിരുന്നില്ല, കണ്ണുനീരിന്റേതായിരുന്നു.
അവളെടുത്ത പുസ്തകം പദ്മരാജന്റെ തിരക്കഥകളായിരുന്നു..

വീട്ടിലെത്തിയിട്ട് തുറന്നു നോക്കാം എന്ന ധാരണയിലെത്തി മറ്റാഘോഷങ്ങളെ എതിരേൽക്കാനൊരുങ്ങി നിന്നു കൂട്ടുകാർക്കൊപ്പം.
പൂക്കളമത്സരവും മറ്റും തകർത്തു തന്നെയാണ് നടന്നത്.

എന്നാൽ ഇതിനിടയിലെല്ലാം വസുവിന്റെ കണ്ണുകൾ അനന്തന് പിറകെ തന്നെയായിരുന്നു.
എന്നെന്നും ഓർമിക്കാനായി അവനോടൊപ്പം ചേർന്ന് നിന്ന് ഫോട്ടോ എടുക്കാൻ അവളൊരുപാട് ആഗ്രഹിച്ചു.
അതുപോലെ തന്നെ സാധിച്ചതിൽ വളരെയധികം സന്തോഷിക്കുകയും ചെയ്തിരുന്നവൾ. ടീച്ചേഴ്സിനും സ്റ്റാഫ്‌സിനും കുട്ടികൾക്കും എല്ലാം സദ്യയൊരുക്കിയപ്പോൾ അവനായുള്ള ഊണ് വിളമ്പിയതും അവളായിരുന്നു. ഒരു പട്ടം പോലെ പറന്നു പൊങ്ങി അവളും അവളുടെ ചിന്തകളും.
അനന്തൻ ആസ്വദിച്ചു ഭക്ഷണം കഴിക്കുമ്പോൾ അത് ക്യാമറ കണ്ണുകളിൽ ഒപ്പിയെടുക്കാനും അവൾ മറന്നില്ല.

ഉച്ചക്ക് ശേഷമുള്ള വടംവലി മത്സരത്തിൽ പങ്കെടുത്തു കൈമുറിഞ്ഞത് കൊണ്ട് വസു ക്ലാസ്സിൽ പോയിരുന്നു.
മറ്റുള്ളവരെല്ലാം മത്സരങ്ങൾ കാണാൻ നിന്നു. താൻ കാരണം മറ്റുള്ളവർ കാണാതിരിക്കേണ്ട എന്നുള്ളത് കൊണ്ടു തന്നെ അവരെയെല്ലാം നിർബന്ധിച്ചു പറഞ്ഞയക്കാനും അവൾ മറന്നില്ല.

ടേബിളിൽ തലവെച്ചങ്ങനെ കിടന്നു, അറിയാതെ എപ്പോഴോ മയങ്ങിപ്പോയി.

സിഷ്ഠ ആർ യു ഓൾ റൈറ്റ്?

എന്ന ചോദ്യവും ചുമലിൽ പതിഞ്ഞ കൈയുമാണ് അവളെ മയക്കം വിട്ടുണരാൻ പ്രേരിപ്പിച്ചത്.
കണ്ണ് തുറന്ന് നോക്കിയതും പരിഭ്രമത്തോടെ തന്നെ നോക്കുന്ന അനന്തനെയാണ് കാണുന്നത്.
സ്വപ്നമല്ലെന്ന് ഉറപ്പിക്കാനായി ഒന്ന് നുള്ളി നോക്കി.
അവളുടെ ചെയ്തികളെല്ലാം നോക്കി നിന്ന അനന്തനിൽ ഒരു പൊട്ടിച്ചിരിയാണ് ഉണ്ടായത്.

നുള്ളി നോവിക്കണ്ട സിഷ്ഠ. സ്വപ്നമല്ല. ചിരിയടക്കി അവൻ പറഞ്ഞൊപ്പിച്ചു.

സർ… എന്താണിവിടെ..?

അത് പിന്നെ പറയാം തനിക്ക് പനിക്കുന്നുണ്ടോ? മുഖമൊക്കെ വല്ലാതിരിക്കുന്നു? അനന്തൻ തിരക്കി.
തിരക്കുന്നതിനൊപ്പം അവന്റെ കൈകൾ അവളുടെ നെറ്റിയെ പതിയെ തൊടാനും മറന്നില്ല.

അവന്റെ കൈകളുടെ തണുപ്പ് ശരീരത്തിലൊട്ടാകെ വ്യാപിക്കുന്നതായി തോന്നി.

പനിയൊന്നുമില്ലല്ലോ പിന്നെന്തിനാണ് ഇങ്ങനെ വിറക്കുന്നത്?
അനന്തന്റെ ചോദ്യത്തിനുള്ള ഉത്തരം തിരയുന്ന തിരക്കിൽ അവളുടെ ചൊടികളിൽ നാമ്പിട്ട പുഞ്ചിരി അവനും കണ്ടിരുന്നു.
ഒന്നുമില്ലെന്ന് പരിഭവം നടിച്ചു പറഞ്ഞുകൊണ്ട് ഡെസ്കിലേക്ക് മുഖമാഴ്ത്തി.

ഒറ്റക്കിരിക്കണ്ട കൂട്ടുകാരെ വിളിക്കൂ.. ഞാൻ പോകുന്നു..
അത്രയും പറഞ്ഞു പോകാനാഞ്ഞ അനന്തന്റെ കയ്യിൽ കയറി പിടിച്ചു വസു.
പിടിത്തം മുറുകിയപ്പോൾ അവളുടെ കണ്ണുകളും പെയ്തു.

എന്ത് പറ്റി സിഷ്ഠ? കണ്ണൊക്കെ നിറഞ്ഞല്ലോ? അവളുടെ കൈഅടർത്തി മാറ്റുന്നതിനൊപ്പം അവൻ ആരാഞ്ഞു.

കൈ വേദനിച്ചിട്ടാണ്. കുഴപ്പമില്ല.. അത്രയും പറഞ്ഞൊപ്പിച്ചു അവൾ.

എവിടെ നോക്കട്ടെ.. അവളുടെ കൈ എടുത്തു നോക്കി അവൻ.. കൈയിലൊക്കെ ഉരഞ്ഞു പൊട്ടിയിട്ടുണ്ട്. ആകെ ചുകന്നിരുന്നു.

വാ.. അത്രെയും പറഞ്ഞവൻ മുൻപിൽ നടന്നു.

നേരെ സ്റ്റാഫ് റൂമിൽ എത്തി ഫസ്റ്റ് എയ്ഡ് ബോക്സിൽ നിന്നും പഞ്ഞി എടുത്തു ഡെറ്റോളിൽ മുക്കി അവളുടെ കയ്യിൽ ഒപ്പിക്കൊടുത്തു.
പിന്നെ ഓയിന്മെന്റും വെച്ചു. ബാൻഡേജ് കൊണ്ട് കെട്ടികൊടുക്കാനും മറന്നില്ല.

ഉപദേശിക്കുകയാണെന്ന് വിചാരിക്കരുത്. സ്വന്തം ദേഹം മുറിപ്പെടുത്തി കൊണ്ടൊന്നും ചെയ്യരുത്. വേദന സഹിക്കാൻ പറ്റാത്ത ആളല്ലേ. അതുകൊണ്ട് പറഞ്ഞതാണ്.

തിരിച്ചൊന്നും പറയാതെ പുഞ്ചിരിയിലൊതുക്കി നടന്നു വസു. കോറിഡോറിൽ എത്തിയതും തിരിഞ്ഞു നിന്നു കൊണ്ട് പറഞ്ഞു

വിൽ മിസ്സ് യു നന്ദൻ സർ… പിന്നീട് തിരിഞ്ഞു നോക്കാൻ നിന്നില്ല. ഭ്രാന്തമായി തന്നെ ഞാൻ നിങ്ങളെന്റെ അരികിൽ ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നുണ്ട്. അത്രമേൽ ഭ്രാന്തമായി. കാണാതെ ആ അക്ഷരങ്ങളറിയാതെ.. ദിവസങ്ങൾ തള്ളി നീക്കാൻ ബുദ്ധിമുട്ടായിരിക്കുന്നു.

ക്ലാസ്സിലെത്തിയതും പോകാനായി എല്ലാവരും വന്നിരുന്നു .
സ്റ്റാഫ് റൂമിൽ പോയി മരുന്ന് വെച്ചെന്ന് പറഞ്ഞപ്പോഴാണ് അത്രയും ഉരഞ്ഞു പൊട്ടിയത് അവരും അറിയുന്നത്.
പിന്നീടുള്ള ചർച്ചകളൊക്കെ ഓണത്തെ കുറിച്ചും അവധി ദിവസങ്ങളെ കുറിച്ചുമായിരുന്നു.
പാറു നാളെ നാട്ടിൽ പോകുമെന്ന് അറിയിച്ചത് കൊണ്ട് തന്നെ ഇനി പത്തുദിവസം കഴിഞ്ഞു കണ്ടാൽ മതിയെന്ന തീരുമാനം എല്ലാവരുമെടുത്തു.

കുറെ നേരം ക്യാമ്പസ്സിൽ ചിലവഴിച്ചതിനു ശേഷമാണ് അവരൊക്കെ പിരിഞ്ഞു പോയത്.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

എന്നത്തേയും പോലെ തനിക്കുള്ള കുറിപ്പെടുത്തു തുറന്നു നോക്കി.

അത്രമേൽ ആഴത്തിൽ വേരിട്ടു പോയി നീ എന്നിൽ..
ഞാൻ നിനക്കയക്കുന്ന പ്രണയലേഖനങ്ങളാണ്
ഇനിയുള്ള ദിവസങ്ങളിൽ ആകാശത്ത് നിറഞ്ഞു നിൽക്കുന്ന നക്ഷത്രങ്ങൾ..
രാത്രികാലങ്ങളിൽ നിന്റെ ജനാലക്കരികിൽ വന്നെത്തി നോക്കി തിരികെ പറക്കുന്ന മിന്നാമിനുങ്ങൾക്ക് എന്റെ മുഖമാകണം നിന്റെയുള്ളിൽ. അവ ഭൂമിയിലെ എന്റെ ദൂതരാണ്. നിന്നിൽ വിടരുന്ന പുഞ്ചിരിയാണ് ആ മിന്നാമിനുങ്ങുകൾക്ക് വെളിച്ചമേകേണ്ടത്. അവ വെളിച്ചവും പേറി എന്നരികിൽ പറന്നെത്തും.തുരുത്തിലകപ്പെട്ട എന്നിലേക്ക്.

സിഷ്ഠ നിന്നെ മാത്രം ഓർത്തോർത്തു ഞാനൊരു തുരുത്തിലെത്തപ്പെടും
നീയെന്ന ഒറ്റതുരുത്തിൽ..
നിന്റെ മാത്രം ❤️

വായിച്ചു കഴിഞ്ഞതും ഈ വിരഹം ക്ഷണികമല്ലോ എന്നവളുടെ മനസും മന്ത്രിച്ചു .

ആകാശത്ത് ഒറ്റപ്പെട്ട ആ തിളക്കമുള്ള നക്ഷത്രത്തെ നോക്കി പ്രണയപൂർവം അവൾ നീട്ടി വിളിച്ചു, ..

നന്ദാ… പതിയെ തന്റെ കയ്യിലെ കടലാസ് തുണ്ട് നെഞ്ചിൽ ചേർത്തു വച്ചു.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

ബാൽക്കണിയിലെ മരത്തിൽ തീർത്ത ചാരുബെഞ്ചിൽ തലചായ്ച്ചു കൊണ്ട് ദൂരെ വിദൂരതയിലേക്ക് കണ്ണും നട്ട് അവൻ കിടന്നു.
മഞ്ഞവെയിൽ മരണങ്ങളിൽ തനിക്കായി ഒളിച്ചിരിക്കുന്ന കുറിപ്പ് കയ്യിലെടുത്തു.

യാത്രകൾക്ക് നിറം നല്കപ്പെടുമ്പോൾ
കാടും മേടും വള്ളിപ്പടർപ്പുകളും താണ്ടി നിന്നിലേക്കെത്തണം.
എന്നാൽ വിരഹം…,
നിന്റെ വാക്കുകളില്ലാതെ നിന്റെ മണമറിഞ്ഞ കടലാസ്സു കഷ്ണങ്ങൾ നെഞ്ചോട് ചേർക്കാതെ,
അരികിൽ നിന്റെ സാമിപ്യമറിയാതെ,
ആകാശത്തു വിരിയുന്ന ഒറ്റ നക്ഷത്രത്തിന്റെ തിളക്കം നോക്കി
നിൽക്കാം ഞാൻ.

ഈ വിരഹം ക്ഷണികമല്ലോ.
എന്നിൽ വിരിയുന്ന പേരറിയാത്ത നൊമ്പരത്തെ പ്രണയമെന്ന് വിളിക്കരുത്.
നിന്നിൽ നിറയുന്നതും പ്രണയമാകേണ്ട.
പേരറിയാത്ത അനിർവ്വചനീയ എന്തോ ഒന്ന് …..
അതുമതി.
കേവലമൊരു പ്രണയമാകേണ്ട എനിക്ക്.
നിന്റെ നിശ്വാസം നെഞ്ചിടിപ്പ് ആത്മാവ് എല്ലാം എല്ലാം എന്റേത് മാത്രമാകണം.

എന്തൊരു സ്വാർത്ഥയാണല്ലേ ഞാൻ.
അറിയില്ല എല്ലാം നിന്നിൽ തുടങ്ങി
നിന്നിൽ ഒടുങ്ങട്ടെ.
എന്നെ അറിയാൻ ആ തിളക്കമുള്ള ഒറ്റ നക്ഷത്രത്തെ നോക്കൂ..

നിന്നെ നോക്കി പുഞ്ചിരിക്കുന്നില്ലേ അവ..
എന്റെ പുഞ്ചിരി കടമെടുത്തിട്ടാണവ ഇത്ര നന്നായി ചിരിക്കുന്നത്.
കാത്തിരിക്കുന്നു നമ്മുടെ ചെമ്പകം പൂക്കുന്ന യാമങ്ങൾക്കായി.
വസിഷ്ഠ ലക്ഷ്മി

വായിച്ചു തീർന്നതും ആ കുറിപ്പെടുത്തു നെഞ്ചോടടക്കി പിടിച്ചു
ആ ഒറ്റനക്ഷത്രത്തിലേക്ക് നോട്ടമെറിഞ്ഞു.
തന്നെ നോക്കി തിളക്കത്തോടെ കണ്ണ് ചിമ്മുന്നതായി തോന്നി.
പുഞ്ചിരിയോടെ അവയെ നോക്കി അങ്ങനെ കിടന്നു.

സിഷ്ഠ… ഇനിയും കാത്തിരിക്കണമല്ലോ ഞാൻ.
നീ എന്നിലേക്കുള്ള യാത്രയിൽ മധ്യത്തിലെത്തിയിരിക്കുന്നു. പക്ഷെ ഞാനോ..? നിന്നിലെത്താനിനിയും കടമ്പകൾ കടക്കേണ്ടിയിരിക്കുന്നു.

നമ്മുടെ സ്വപ്നങ്ങൾക്ക് പ്രതീക്ഷകൾക്ക് ചിറകുകൾ മുളക്കട്ടെ…
അവ ഈ നക്ഷത്രങ്ങളെ തൊട്ടു വരട്ടെ..

ഇനിയും ഒളിച്ചുകളി വേണ്ട അല്ലേ? സമയം ആർക്കും വേണ്ടി കാത്തുനിൽക്കില്ലല്ലോ. അധികം വൈകാതെ തന്നെ കൂടെ കൂട്ടിയേക്കാം ഞാൻ, ഇനിയും കാത്തിരിക്കേണ്ട.
അത്രയും മനസ്സിൽ ആ നക്ഷത്രത്തോടായി പറഞ്ഞുകൊണ്ടവൻ മെല്ലെ ഉറക്കത്തിലേക്ക് വഴുതി വീണു.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

തന്റെ ഫോൺ ഗാലറിയിൽ ഇന്നെടുത്ത ഫോട്ടോയിലേക്ക് നോക്കി കിടക്കുകയായിരുന്നു വസുവപ്പോൾ.
തന്റെ മാത്രം സ്വകാര്യത, മറ്റാരും കാണണ്ട ആരും അറിയണ്ട.
അവന്റെ കണ്ണിൽ വിരിയുന്ന കുസൃതിയും ചുണ്ടുകളിൽ തത്തി കളിച്ചിരുന്ന പുഞ്ചിരിയും നോക്കികാണുകയായിരുന്നു വസുവപ്പോൾ.

എത്ര വിചിത്രമായാണ് മനുഷ്യാ
ബന്ധനങ്ങളില്ലാത്ത ഈ മാന്ത്രിക
കണ്ണിയിൽ നിങ്ങളെന്നെ കോർത്തിട്ടിത്തത്.
ചങ്ങലക്കണ്ണിയിൽ നിന്നും മുക്തയാക്കപ്പെടാൻ ഞാനും ഇപ്പോൾ
ആഗ്രഹിക്കുന്നില്ല.

അത്രയും പറഞ്ഞുകൊണ്ടാ ഫോട്ടോയിൽ ചുണ്ടുകൾ ചേർത്തു.
പതിയെ ഉറക്കത്തെ കൂട്ടുപിടിച്ചു.

പ്രതീക്ഷയുടെ കുറിപ്പുകൾ പുലരാനിനിയും നാളുകളേറെയുണ്ട്.
അക്ഷരങ്ങൾക്കും കടലാസ്സു കഷ്ണങ്ങൾക്കു പോലും വിരഹത്തിന്റെ പത്ത് രാവുകൾ പകലുകൾ..

അടുത്താണെന്ന് തോന്നുമെങ്കിലും തന്നിൽ നിന്നും അകന്നു തന്നെ നിൽക്കുന്ന പൂർണ്ണചന്ദ്രനെ നോക്കിയാ ഒറ്റനക്ഷത്രം കണ്ണ് ചിമ്മി.
ഇന്ന് എന്തെന്നില്ലാത്ത ഒരു പ്രത്യേക തിളക്കമുള്ളതായി തോന്നിയതിന്.
കണ്ണുനീരിന്റെ നീർതിളക്കമാണെന്ന് മാത്രം.
എന്നെന്നേക്കുമായുള്ള വിരഹമാണോ അതോ കേവലമൊരു നൊമ്പരമാണോ ആ കണ്ണുനീരിനു പിന്നിൽ..?

ഇന്നാണ് പോസ്റ്റ് ചെയ്യണ്ടതെന്ന് മറന്നു പോയി അതാണ് ലേറ്റ് ആയത്…
എനിക്കായി രണ്ടുവരി കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു…
ചെമ്പകം പൂക്കും… കാത്തിരിക്കാം… 😊

തുടരും….

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 1

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 2

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 3

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 4

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 5

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 6

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 7

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 8

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 9