Wednesday, December 18, 2024
Novel

ഭാര്യ : ഭാഗം 28

എഴുത്തുകാരി: ആഷ ബിനിൽ

രാവിലെ കതകു തുറന്ന ദക്ഷ മുന്നിൽ നിൽക്കുന്ന നീലുവിനെ കണ്ടു ഞെട്ടി. പിന്നെ അത് സമർഥമായി മറച്ചുപിടിച്ചു ചിരിച്ചുകാട്ടി. “ആഹാ. നീ ഇത് എവിടെയായിരുന്നു? ഒരു വാക്ക് പറയാതെ എവിടേക്കാ പോയത്? ഞാൻ എത്ര വിളിച്ചു നിന്നെ? എന്താ ഫോൺ എടുക്കാഞ്ഞത്?” “നീ ഇങ്ങനെ എല്ലാം കൂടി ഒരുമിച്ചു ചോദിക്കാതെ എന്റെ ദക്ഷു.. ഞാൻ ഒന്ന് അകത്തു കയറട്ടെ” അതും പറഞ്ഞു നീലു അകത്തേക്ക് കയറി. കട്ടിലിൽ കയറിയിരുന്നു. “നീ എന്തോ കമ്പനി ഇൻഫർമേഷൻ ചോർത്തിയെന്നോ ചോദിക്കാൻ ചെന്ന സിദ്ധാർത്ഥ് സാറിനെ അടിച്ചു എന്നോ ടെർമിനേറ്റ് ചെയ്തെന്നോ ഒക്കെ കേട്ടല്ലോ?” ദക്ഷ അർത്ഥം വച്ചു ചോദിച്ചു.

അവളുടെ മുഖത്തെ പുച്ഛം നീലുവിന് കറക്റ്റ് ആയി മനസിലായി. “ഓ അതൊക്കെ അസൂയക്കാരു വെറുതെ പറഞ്ഞു നടക്കുന്നതാടി” “അതെയോ?” ദക്ഷ വിശ്വാസം വരാതെ ചോദിച്ചു. “പിന്നെ അല്ലാതേ. തിരികെ ചെല്ലാൻ വീട്ടിൽ നിന്ന് വിളിയോട് വിളി. എന്നാൽ പിന്നെ റിസൈൻ ചെയ്ത് അങ്ങു പോകാം എന്നു വിചാരിച്ചപ്പോൾ ആ സിദ്ധാർഥ് സാറിന് ഭയങ്കര ബുദ്ധിമുട്ട്. ഒന്നെങ്കിൽ ഞാൻ ജോലി കണ്ടിന്യൂ ചെയ്യണം അല്ലെങ്കിൽ അയാളെ കല്യാണം കഴിക്കണം എന്ന്. അയാൾക്കു എന്നെ കാണാതെ ഇരിക്കാൻ പറ്റുന്നില്ലെന്ന്” അത്രയും കേട്ടതോടെ ദക്ഷ നന്നായി ഞെട്ടി.

നീലു തുടർന്നു: “ഞാൻ പറ്റില്ല എന്നു പറഞ്ഞപ്പോൾ അയാള് ഉണ്ടാക്കിയതല്ലേ ഈ കഥയൊക്കെ. അല്ലെങ്കിൽ തന്നെ നമുക്ക് ഈ കമ്പനി ഇൻഫർമേഷൻ ചോർത്തി കിട്ടുന്ന നക്കാപ്പിച്ച കിട്ടിയിട്ട് വേണ്ടല്ലോ ജീവിക്കാൻ. അതൊക്കെ ചില ആളുകളുണ്ട്. എത്ര ഉണ്ടെങ്കിലും ആർത്തി തീരില്ല. അതെങ്ങനെയാ അമ്മാതിരി ചിലവുകൾ അല്ലെ.. അതെല്ലാം മീറ്റ് ചെയ്യാൻ നോർമൽ രീതിയിൽ സാലറി കൊണ്ട് കഴിയില്ലല്ലോ. അങ്ങനത്തെ ആളുകളല്ലേ ഈ ചീപ്പ് മെത്തേടിൽ ഒക്കെ പൈസ ഉണ്ടാക്കാൻ നടക്കുന്നത്.

അവർക്കുള്ളത് സമയം ആകുമ്പോ കിട്ടും” ദക്ഷയുടെ മുഖം വിളറി. “അയ്യോ നീ വിഷമിക്കേണ്ട കേട്ടോ. ഞാൻ നിന്നെ കുറിച്ചു പറഞ്ഞതല്ല. പൊതുവായി പറഞ്ഞതാ.” “ഹിഹി. അത് എനിക്കറിയില്ലേ.. നീ എന്നെ ഉദ്ദേശിക്കില്ല എന്ന്” അവൾ ചമ്മൽ മറച്ചുവച്ചു. “അയ്യോ. ഇതെന്താ നിന്റെ മുഖത്തു കൊതുകോ?” അതും പറഞ്ഞു ദക്ഷയുടെ ഇടത്തെ കവിൾ നന്നായൊന്ന് പുകച്ചു നീലു. “അത് എന്റെ ഐ ലൈനർ പടർന്നതായിരുന്നു” ദക്ഷ വിറച്ചുകൊണ്ട് പറഞ്ഞു. ചെവിയിൽ ഒരു മൂളൽ മാത്രമേ കേൾക്കാനുള്ളൂ. “അയ്യോ. എങ്കിൽ ഞാൻ തടവി തരാം” നീലു അടിച്ച പാടിൽ ഒരു നാലഞ്ചു തവണ മുറുക്കി തലോടി.

വേദന കടിച്ചുപിടിച്ചു നിന്നെങ്കിലും ദക്ഷയുടെ കണ്ണിൽ നിന്ന് വെള്ളം വന്നു തുടങ്ങി. “സോറി ടി. ഞാൻ കൊതുകാണെന്ന് വിചാരിച്ചു ആണ് അടിച്ചത്. നിനക്ക് വേദനിച്ചില്ലല്ലോ” “ഹേയ് ഇല്ല” കണ്ണിൽ കൂടി പറക്കുന്ന പൊന്നീച്ചയെ അടിച്ചോടിക്കുന്നതിനിടയിൽ ദക്ഷ പറഞ്ഞു. “നീ ഇന്ന് തന്നെ പോകുമോ?” “ഇപ്പോൾ തന്നെ പോകുകയാണ് മോളെ. ഏട്ടന്മാർ താഴെ വെയ്റ്റിങ് ആണ്” തന്റെ സാധനങ്ങൾ എല്ലാം പാക്ക് ചെയ്തു വേഗത്തിൽ നീലു മുറിയിൽ നിന്നിറങ്ങി. പോകും വഴി ദക്ഷയെ കെട്ടിപ്പിടിച്ചു അടിച്ച കവിളിൽ അമർത്തി ഒരു ഉമ്മയും കൊടുത്താണ് ഇറങ്ങിയത്. താഴെ എത്തിയപ്പോൾ ഏട്ടന്മാരെ കാണുന്നില്ല. ഫോണെടുത്തു വിളിക്കാൻ പോയപ്പോഴേക്കും രണ്ടാളും എത്തി. “നിങ്ങൾ ഇത് ഇവിടെ ആയിരുന്നു?”

“ഇവൻറെയൊരു ഫ്രണ്ട് ഇവിടെ തൊട്ടടുത്ത് താമസിക്കുന്നുണ്ട്. അവനെയൊന്ന് കാണാൻ പോയതാടി. എല്ലാം എടുത്തോ? ഇറങ്ങാം?” തനയ് അവളുടെ കയ്യിൽ നിന്ന് ബാഗ് വാങ്ങിക്കൊണ്ട് പറഞ്ഞു. “കയ്യാണോ കാലാണോ എടുത്തത്?” “എന്ത്” “സിദ്ധാർഥ് സാറിന്റെ..?” തരുണും തനയ്‌യും നിഷ്കളങ്കമായി ഒന്നു ചിരിച്ചു കാണിച്ചു. മിഷൻ ട്രിവാൻഡ്രം അവിടെ അവസാനിച്ചു. ശംഖുമുഖം ബീച്ചിലും മ്യൂസിയത്തിലും ഒക്കെ കറങ്ങി നേരം വൈകിയാണ് തൃശൂർ എത്തിയത്. അന്ന് അവർ തനുവിന്റെ ഫ്ലാറ്റിൽ താമസിച്ചു. ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ രണ്ടുമാസം കൂടി കടന്നുപോയി. നീലു തൃശ്ശൂരിൽ തന്നെ ഒരു കമ്പനിയിൽ ജോലിക്ക് കയറി. തനയ്ക്ക് ഒരു കല്യാണം ഏറെക്കുറെ ഉറപ്പിച്ചു.

കുട്ടി MBA കഴിഞ്ഞു ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു. സാരിയൊക്കെ ഉടുത്തു മുല്ലപ്പൂ ചൂടിയ ഒരു ശാലീന സുന്ദരി. ശിവപ്രസാദിന്റെ കൂടെ ജോലി ചെയ്തിരുന്ന ഒരു അദ്ധ്യാപകന്റെ മകൾ ആണ്. നല്ല കുടുംബം. വീട്ടിൽ അച്ഛനും അമ്മയും അനിയനും അനിയത്തിയും അച്ഛമ്മയും. അച്ഛമ്മ ഒഴികെ എല്ലാവരെയും തനയ്ക്കും ഫാമിലിക്കും ബോധിച്ചു. അവർക്ക് തിരിച്ചും. “ചെക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആകട്ടെ” പെണ്ണിന്റെ അച്ഛൻ പറഞ്ഞു. “ഇപ്പോൾ വേണ്ട അങ്കിൾ. പുറത്ത് എവിടെങ്കിലും വച്ചു മതി” തനയ് പറഞ്ഞത് കേട്ട പെണ്ണിന്റെ വീട്ടുകാരുടെ മുഖം മങ്ങിയെങ്കിലും പെണ്ണിന്റെ മുഖം ചന്ദ്രശോഭയോടെ തിളങ്ങി. പരസ്പരം ഒന്ന് സംസാരിക്കാൻ വേണ്ടി ഒരു കോഫീ ഷോപ്പിൽ എത്തിയതാണ് തനയ്.

തന്റെ മുന്നിലേക്ക് വന്ന പെണ്കുട്ടിയെ കണ്ട് അവനൊന്ന് ഞെട്ടി. ഒരു ബ്ലൂ ജീൻസും വൈറ്റ് ഷർട്ടും ആണ് വേഷം. മുടിയൊക്കെ പോണിടെയിൽ കെട്ടി വച്ചിരിക്കുന്നു. കാതിൽ ഒരു സ്റ്റഡ് അല്ലാതെ അഭരണങ്ങളോ ചമയങ്ങളോ ഒന്നുമില്ല. ഐശ്വര്യമുള്ള മുഖം. “മീനാക്ഷി..?” “ഞാൻ തന്നെ ആണ്.” വിശ്വാസം വരാതെ നോക്കുന്ന തനയ്യുടെ എതിർവശത്തായി അവൾ ഇരുന്നു. “അന്ന് കണ്ടത് വീട്ടുകാരുടെ പ്രെസെന്റേഷൻ. ഇതെന്റെ ശരിക്കുള്ള രൂപം. വീട്ടുകാരുടെ സങ്കല്പത്തിൽ ഉള്ള മരുമകളുടെ രൂപം അല്ലാത്തത് കൊണ്ട് ഒരു അഡാർ തേപ്പ് കിട്ടിയിട്ട് നിൽക്കുകയാണ് ഞാൻ. അതുകൊണ്ടാ പെണ്ണുകാണാൻ വന്ന ദിവസത്തെ പ്രഹസനത്തിന് നിന്നു കൊടുത്തത്.” മീനാക്ഷി ഭാവ വ്യത്യാസം ഏതും ഇല്ലാതെ പറഞ്ഞു.

തനയ് ഒന്നും മിണ്ടാൻ കഴിയാതെ ഇരുന്നുപോയി. “തേപ്പിന്റെ കാര്യമൊക്കെ വീട്ടിൽ അറിയുമോ?” “പിന്നെ അറിയാതെ.. അച്ഛനും അമ്മക്കും അറിയാത്ത രഹസ്യം ഒന്നും എനിക്കില്ല” അവൾ പുഞ്ചിരിച്ചു. വെയ്റ്റർ വന്നപ്പോൾ ഒരു അഞ്ചുമിനിറ്റ് സമയം അവർ ചോദിച്ചു. മീനാക്ഷി തുടർന്നു: “സത്യത്തിൽ എനിക്ക് ഇപ്പോ കല്യാണം ഒന്നും ഒരു താല്പര്യം ഇല്ലായിരുന്നു. ഒരു ബിസിനസ് തുടങ്ങാൻ ആണ് ആഗ്രഹം. പക്ഷെ അച്ഛമ്മ സമ്മതിക്കില്ല. കല്യാണം കഴിഞ്ഞാൽ ഒരു പത്തെഴുപത് പവൻ സ്വർണം കിട്ടുമല്ലോ. അത് ഇൻവെസ്‌ട് ചെയ്തു ബിസിനസ്സ് തുടങ്ങാം എന്നു വിചാരിച്ചാണ് സമ്മതിച്ചത്.” അതുകൂടി കേട്ടതോടെ തനയ് വാ പൊളിച്ചിരുന്നു പോയി. “അത് ഞാൻ പെണ്ണുകാണാൻ വന്നപ്പോഴേ ശ്രദ്ധിച്ചു.

അച്ഛമ്മക്ക് തന്നോട് എന്തെങ്കിലും ഇഷ്ടക്കേടുണ്ടോ??” “അതൊരു ലോങ് സ്റ്റോറി ആണ് മാഷെ. നമ്മൾ ഒരുമിച്ചൊരു ജീവിതം തുടങ്ങുന്നതിനുള്ള പ്ലാനിൽ ആയതുകൊണ്ട് മാത്രം ഞാൻ പറയാം.” “പറഞ്ഞോളൂ. കേൾക്കാൻ ഞാൻ റെഡിയാണ്.” “അതായത്. എന്റെ ബയോളജിക്കൽ മദർ എന്റെ അച്ഛനെ കല്യാണം കഴിക്കുന്ന സമയത്തുതന്നെ പ്രെഗ്നൻറ് ആയിരുന്നു. അത് പറയാതെയാണ് കല്യാണം നടന്നത്. എന്തായാലും എന്നെയും അവരെയും സ്വീകരിക്കാൻ അച്ഛൻ തയ്യാറായി. ജീവിതം നന്നായി തന്നെ പോയി. പക്ഷെ എനിക്ക് ഒന്നര വയസുള്ളപ്പോൾ അവരുടെ പഴയ ബോയ്ഫ്രണ്ട് തിരിച്ചുവന്നു. അവരെ കൂടെ ചെല്ലാൻ നിർബന്ധിച്ചു. ഞാൻ അയാളുടെ കുഞ്ഞാണെന്ന് അയാൾക്കു വിശ്വാസം വന്നില്ല.

അതുകൊണ്ട് എന്നെ കൊണ്ടുപോകാൻ അയാൾ സമ്മതിച്ചില്ല. അങ്ങനെ എന്നെ അച്ഛനെ ഏല്പിച്ചു അയാളുടെ കൂടെ അവർ പോയി. എന്നെ ഒറ്റക്ക് വളർത്താൻ വയ്യാതെ അച്ഛൻ രണ്ടാമത് വിവാഹം കഴിച്ചു. ആ റിലേഷനിൽ ഉള്ളതാണ് എന്റെ അനിയനും അനിയത്തിയും. അവരെക്കാളും അച്ഛനും അമ്മക്കും എന്നെയാണ് ഇഷ്ടം. അതുകൊണ്ട് തന്നെ അവരെ എതിർക്കാൻ എനിക്ക് പറ്റില്ല, ഒരു കാര്യത്തിലും. അച്ഛമ്മക്ക് പിന്നെ മകന്റെ ഒളിച്ചോടിയ ഭാര്യയുടെ കുഞ്ഞിനെ സ്നേഹിക്കേണ്ട കാര്യം ഇല്ലാലോ. അതുകൊണ്ട് എന്നെ കാണുന്നതെ കലിയാണ്.” യാതൊരു വികാര വിക്ഷോഭങ്ങളും ഇല്ലാതെ അവൾ പറഞ്ഞവസാനിപ്പിക്കുന്നത് കണ്ട തനയ്ക്ക് അത്ഭുതം തോന്നി.

താൻ അറിഞ്ഞതിലും എത്രയോ ഉയരത്തിൽ ആണ് ഈ പെണ്കുട്ടി. നല്ലൊരു ബന്ധം നഷ്ടപ്പെട്ടു പോകാൻ സാധ്യതയുണ്ടായിട്ടും എല്ലാം തുറന്നു പറയുന്ന അവളുടെ മനസ് അവനിഷ്ട്ടമായി. അവളോട് ഇപ്പോൾ തോന്നുന്നത് ബഹുമാനം ആണോ സ്നേഹമാണോ പ്രണയം ആണോ എന്നൊന്നും അവന് മനായിലായില്ല. പക്ഷെ ഇവളാണ് തന്റെ നല്ല പാതി എന്നവൻ ഉറപ്പിച്ചു. “എങ്കിൽ പിന്നെ ഒരു കോഫീ ആകാം അല്ലെ?” തനയ്യുടെ ചോദ്യത്തിന് മനോഹരമായ ഒരു പുഞ്ചിരിയായിരുന്നു മീനാക്ഷിയുടെ മറുപടി. “പിന്നെ തന്റെ ഫാമിലി ഹിസ്റ്ററി ഒന്നും ആരോടും പറയാൻ നിൽക്കേണ്ട കേട്ടോ. ഞാൻ പറയേണ്ട രീതിയിൽ അത് പറഞ്ഞുകൊള്ളാം” തനുവിന്റെ അനുഭവം മുൻനിർത്തി ആണ് അവൻ പറഞ്ഞത്.

മീനാക്ഷി അതു സമ്മതിച്ചു. തനുവിന്റെയും നീലുവിന്റെയും കാര്യം കൂടി സംസാരിച്ചിട്ടാണ് അവർ പിരിഞ്ഞത്. ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ ഇന്നലെ രാത്രി തനുവിന് നല്ല പനി ആയിരുന്നു. ഹോസ്പിറ്റലിൽ പോകാൻ ഇഷ്ടമില്ലാത്ത ഡോക്ടർ ആയതുകൊണ്ട് കാശി ഒരുപാട് നിര്ബന്ധിച്ചില്ല. തുണി നനച്ചു നെറ്റിയിൽ ഇട്ടുകൊടുത്തും ചുക്കുകാപ്പി ഉണ്ടാക്കി കൊടുത്തുമെല്ലാം അടുത്തുതന്നെ ഇരുന്നു. പിറ്റേന്ന് അവൻ ലീവെടുത്തു തനുവിനൊപ്പം ഇരുന്നു. “ആവി പിടിക്കാൻ പോലും മടിയാണ് കുട്ടി ഡോക്ടർക്ക്. നീ ആയിട്ട് പിടിക്കുന്നോ അതോ ഞാൻ വടി എടുക്കണോ?” കാശി ഒടുവിൽ ടെറർ ആയി. മനസ്സില്ലാ മനസോടെ തനു കട്ടിലിൽ എഴുന്നേറ്റിരുന്നു ആവി പിടിക്കാൻ തയ്യാറായി.

താൻ എഴുന്നേറ്റ് പോയാൽ അവൾ ഉഴപ്പും എന്ന് ഉറപ്പുള്ളത്കൊണ്ട് കാശിയും അവിടെ തന്നെ ഇരുന്നു. ആവി പിടിച്ചുകഴിഞ്ഞു ബെഡ്ഷീറ്റ് മാറ്റിയ തനുവിന്റെ മുഖത്തേക്ക് കാശി ഒന്നു നോക്കി. ആകെ ചുവന്നു വശായി ഇരിക്കുകയാണ്. മൂക്കിൻ തുമ്പിൽ നിന്നൊക്കെ ചോര തൊട്ടെടുക്കാം. അവൻ യാന്ത്രികമായി വെള്ളം നിറച്ച പാത്രം മാറ്റിവച്ചു അവൾക്കരികിൽ ചേർന്നിരുന്നു. അധരങ്ങൾ അതിന്റെ ഇണയെ തേടി പോയി. പ്രണയം പൂത്തുലഞ്ഞ ആ നിമിഷം, തന്നെ വേട്ടയാടുന്ന ഭൂതകാലത്തിന്റെ ലാഞ്ചനപോലും തനുവിൽ ഉണ്ടായില്ല. കാശിയുടെ പ്രണയത്തിന്റെ കുടക്കീഴിൽ അവൾ വേനൽമഴ കണ്ടു. എല്ലാ അർത്ഥത്തിലും കാശിയുടെ ഭാര്യ ആവുകയായിരുന്നു തനു.

തുടരും-

ഭാര്യ : ഭാഗം 27