Sunday, December 22, 2024
Novel

ഭാര്യ : ഭാഗം 11

എഴുത്തുകാരി: ആഷ ബിനിൽ

“ഒന്നുമില്ല അമ്മാവാ. ഞങ്ങൾ തനുവിനെയും നീലുവിന്റെയും ഓരോ കാര്യങ്ങൾ പറഞ്ഞുകൊണ്ട് ഇരിക്കുകയായിരുന്നു. നീലുവിന്റെ പെരുമാറ്റത്തിൽ എന്തോ മാറ്റം പോലെ തോന്നി” കാശി പെട്ടന്ന് പറഞ്ഞു. “അവൾക്ക് കുഴപ്പം ഒന്നും ഇല്ല മോനെ. ഇവര് രണ്ടുപേരും അവളെ അവഗണിക്കുന്നതിന്റെ വിഷമം മാത്രേ അവൾക്കുകള്ളു” ഹരി പറഞ്ഞു. ശിവൻ അത് ശരിവച്ചു: “അതേ. അവൾക്കൊരു തെറ്റു പറ്റി. ഏട്ടന്മാരായ നിങ്ങൾ വേണ്ടേ അത് അവളെ പറഞ്ഞു മനസിലാക്കി തിരുത്തി കൊടുക്കാൻ?

അല്ലാതെ മിണ്ടാതെ നടന്നത് കൊണ്ട് എന്താ ഫലം?” ആരും ഒന്നും മിണ്ടിയില്ല. ആ ചർച്ച പിന്നെ വഴിതിരിഞ്ഞുപോയി. മറുവശത്ത് അമ്മമാർ രണ്ടുപേരും തനുവിനെ ഉപദേശങ്ങൾ കൊണ്ട് മൂടുകയായിരുന്നു: “നിനക്ക് അവിടെ സുഖം അല്ലെ മോളെ?” ഒരമ്മയുടെ ആധി മുഴുവൻ സുമിത്രയുടെ ആ ചോദ്യത്തിൽ പ്രകടമായിരുന്നു. “അതേ അമ്മേ. നമ്മുടെ വീടല്ലേ. എനിക്ക് പുതിയൊരു സ്ഥലത്തു ചെന്നതായി ഒന്നും തോന്നുന്നില്ല.” സുമിത്രയും ഗീതയും ആശ്വാസത്തോടെ പുഞ്ചിരിച്ചു. “നിങ്ങൾ ജീവിതം തുടങ്ങുന്നെ ഉള്ളു മോളെ. ഇപ്പോഴത്തെ പോലെ ആകില്ല എപ്പോഴും.

പലതും കാണും അവിടെ. ചിലതെല്ലാം കണ്ണടക്കേണ്ടി വരും. മാലതിയെയും കൃഷ്ണനെയും കാവ്യയെയും ഒക്കെ സ്വന്തമായി കാണണം നീ. അവർ എന്തെങ്കിലും ചെയ്താലും അത് ക്ഷമിക്കുകയും സഹിക്കുകയും ചെയ്യണം. ഭൂമിയോളം ക്ഷമ വേണം സ്ത്രീക്ക് എന്നാ പറയാറ്” “ഈ ഉപദേശം ഒക്കെ പെണ്കുട്ടികൾക് മാത്രമേ ഉള്ളോ അതോ അണുങ്ങൾക്കും ഉണ്ടോ?” അവിടേക്ക് വന്ന നീലു ചോദിച്ചു. അമ്മമാരും തനുവും ഒരേപോലെ അവളെ നോക്കി. “ഞാൻ കാര്യമായിട്ട് പറഞ്ഞതാ. സ്വന്തം വീട്ടുകാർ പറയും വേറൊരു വീട്ടിലേക്ക് പോകേണ്ടവൾ ആണെന്ന്. അവര് പറയും വന്നു കയറിയവൾ ആണെന്ന്.

പെണ്ണുങ്ങൾക് സ്വന്തമായ ഒരിടം ഇല്ല അല്ലെ അമ്മേ..” അവൾ ഗീതയുടെ അടുത്തിരുന്നു. അവർ അവളുടെ തലയിൽ തലോടി. “കുടുംബം നന്നായി പോകാൻ സ്ത്രീകൾ കുറച്ചധികം വിട്ടുവീഴ്ച ചെയ്യേണ്ടി വരും മോളെ. നീ ഒരു കുടുംബമായി ജീവിച്ചു തുടങ്ങുമ്പോൾ നിനക്കത് മനസിലാകും” “എന്തുതന്നെ ആയാലും എന്റെ അഭിമാനം വിട്ടൊരു കളിക്കും ഞാൻ നിക്കില്ല.” നീലു ആരോടെന്നില്ലാതെ പറഞ്ഞു. അന്ന് രാത്രി മുഴുവൻ നീലുവിനെക്കുറിച്ചായിരുന്നു തനുവിന്റെ ചിന്ത. ജനിച്ച നാൾ മുതൽ കൂടെ ഉണ്ടായിട്ടും തനിക്കവളെ ഒട്ടും മനസിലാകുന്നില്ലല്ലോ എന്നവൾ ഓർത്തു. അവളുടെ ചിന്തകൾ നീലുവിനെ ചുറ്റിപ്പറ്റി ആണെന്ന് കാശിക്കും മനസിലായി.

അവൻ ചോദ്യങ്ങൾ കൊണ്ട് അവളെ ബുദ്ധിമുട്ടിക്കാതെ സ്വന്തം വഴിക്ക് വിട്ടു. തൊട്ടടുത്ത മുറിയിൽ തനുവിൽ നിന്ന് വീട്ടുകാരെ എങ്ങനെ അകറ്റും എന്ന് ആലോചിച്ചു ഉറക്കം നഷ്ടപ്പെട്ട് കിടക്കുകയായിരുന്നു നീലു. എന്തു ചെയ്തിട്ടായാലും വീട്ടിലെ തന്റെ സ്ഥാനം കാത്തുസൂക്ഷിക്കാൻ അവൾ നിശ്ചയിച്ചു. രാവിലെ നേരത്തെ എഴുന്നേറ്റ് അവൾ അടുക്കളയിൽ കയറി. തനു എത്തുമ്പോഴേക്കും എല്ലാവരും അവിടെ ഉണ്ടായിരുന്നു. “നീ ഈ നേരതാണോ എഴുന്നേറ്റ് വരുന്നത് തനു? പണ്ടത്തെ പോലെ അല്ല. നീയൊരു ഭാര്യയാണെന്ന് മറക്കരുത്..” നീലു നിഷ്കളങ്കമായ ഉപദേശസ്വരത്തിൽ പറഞ്ഞു.

തനുവിന് സ്വന്തം ചെയ്തികളിൽ കുറ്റബോധം തോന്നി. ഈ നീലു തന്നെ അല്ലെ ഇന്നലെ രാത്രി സ്ത്രീസ്വാതന്ത്ര്യത്തെ കുറിച്ചു ഘോരഘോരം പ്രസംഗിച്ചത് എന്ന അതിശയവും. “സ്വന്തം കാര്യം വരുമ്പോൾ എല്ലാവരും എല്ലാ ആദർശങ്ങളും മറക്കും” അവൾ മനസ്സിലോർത്തു. “തനു സ്ത്രീകൾ സൂര്യൻ ഉണരും മുമ്പ് ഉണരണം എന്നാ പറയുന്നത്. ആണുങ്ങൾ എഴുന്നേറ്റ് വരുമ്പോഴേക്കും പണികൾ എല്ലാം തീർത്തു വയ്ക്കണം. അവർ ഉണരുമ്പോൾ ചൂലും മറ്റും കണി കാണുന്നത് മോശമല്ലേ..” ഗീത പറഞ്ഞു. “അപ്പോൾ പെണ്ണുങ്ങൾ അതൊക്കെ കണി കണ്ടാൽ കുഴപ്പമില്ലേ അമ്മേ?” നീലു ചോദിച്ചു.

നിന്ന നിൽപ്പിൽ കാലു മാറിയ അവളെ തനു അത്ഭുതത്തോടെ നോക്കി. ചോദിക്കുന്നത് ന്യായം ആണെങ്കിലും അവളോട് പറയാൻ മറുപടി ഇല്ലാത്തതുകൊണ്ട് അമ്മഅമ്മമാർ രണ്ടുപേരും സ്ഥലം കാലിയാക്കി. നീലു തനുവിനെ ചൂഴ്ന്നുനോക്കി. അവളുടെ കഴുത്തിലെയും കൈകളിലെയും ചുണ്ടിലെയുമെല്ലാം മുറിപാടുകൾ അവൾ കണ്ടു. കാശിയുടെ സ്വഭാവം നന്നായി അറിയാവുന്നത് കൊണ്ടു തന്നെ അതിലെന്തോ അസ്വാഭാവികത അവൾ കണ്ടെത്തി. തനുവിന് ആണെങ്കിൽ നീലുവിന്റെ മുൻപിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷപെട്ടാൽ മതി എന്നായി. എത്ര മൂടിവെച്ചാലും ഭൂതകാലം തന്നെ വേട്ടയാടും എന്നവൾക്ക് തോന്നി തുടങ്ങിയിരുന്നു.

രാവിലത്തെ ഭക്ഷണം കഴിഞ്ഞു തനുവും കാശിയും തിരിച്ചു. അടുത്ത ചില ബന്ധുക്കളുടെ വീട്ടിലും തനുവിന്റെ ഡോക്ടറുടെ വീട്ടിലും പോയിട്ടാണ് അവർ കാശിയുടെ വീട്ടിലേക്ക് മടങ്ങിയത്. വൈകിട്ട് തനു മുറിയിൽ എത്തുമ്പോൾ കാശി ഒരു ബാഗിൽ സാധനങ്ങൾ അടുക്കി വയ്ക്കുകയാണ്. “കാശിയേട്ടൻ ഇത് എങ്ങോട്ടാ?” “ഞാൻ മാത്രമല്ല. നീയും ഉണ്ട്. നമ്മൾ നാളെ വൈകുന്നേരം ടൗണിലെ നമ്മുടെ ഫ്ലാറ്റിലേക്ക് മാറുന്നു. മണ്ഡേ മുതൽ നിനക്ക് ക്ലാസിൽ പോകേണ്ടതല്ലേ?” തനു ഒന്നു ഞെട്ടി അവനെ നോക്കി. “ഞാൻ.. ഞാനിനി പഠിക്കാൻ പോകുന്നില്ല കാശിയേട്ടാ” കാശി ബാഗ് അവിടെ തന്നെ വച്ചിട്ട് തനുവിന്റെ മുന്നിലേക്ക് വന്നു:

“പോകാതെ പിന്നെ? നീ എന്തു ചെയ്യാൻ പോകുന്നു” “ഞാൻ കാശിയേട്ടന്റെ കാര്യങ്ങളൊക്കെ നോക്കി നിന്നോളാം. എനിക്ക് ഇനി ആരെയും ഫേസ് ചെയ്യാൻ ധൈര്യം ഇല്ല..” “എത്ര നാൾ നീ ഒളിച്ചോടും തനു?” തനുവിന് മറുപടി ഉണ്ടായില്ല. കാശി തുടർന്നു: “എന്റെ എന്തു കാര്യങ്ങളാണ് നീ നോക്കാൻ പോകുന്നത്?” അതിനും വ്യക്തമായ ഒരു മറുപടി കൊടുക്കാൻ അവൾക്കായില്ല. “പറയ് തനു. ഈ ഒരാഴ്ച നീ കാണിച്ചുകൊണ്ടിരുന്ന പ്രഹസനം എനിക്ക് മനസ്സിലാകാത്തത് കൊണ്ടല്ല എല്ലാം കണ്ടുകൊണ്ടിരുന്നത്. എവിടെ വരെ പോകും എന്നു നോക്കാൻ ആണ്. നീ എന്തൊക്കെയാ കാണിച്ചു കൂട്ടിയത്?

രാവിലെ ചായ കൊണ്ടുവന്ന് തരുന്നു, ഗ്ലാസ് വാങ്ങി കൊണ്ടുപോകുന്നു, പത്രം എടുത്തു തരുന്നു, ഭക്ഷണം വിളമ്പി തരുന്നു, തുണി അലക്കി മടക്കി അയൻ ചെയ്യുന്നു, ഇടക്കിടെ ജ്യൂസും വെള്ളവും എടുത്തു തരുന്നു, കഴിച്ചു കഴിഞ്ഞു കൈ തുടക്കാൻ ടൗവലും കൊണ്ട് വരുന്നു, ഷർട്ടിന്റെ ബട്ടണിട്ടു തരാൻ വരുന്നു…. ഇതൊക്കെ എനിക്ക് പരസഹായം കൂടാതെ തന്നെ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ആണ്. ഉത്തമ ഭാര്യ ഇങ്ങനൊക്കെ ആണെന്ന് ആരെങ്കിലും ഒക്കെ പറഞ്ഞു പിടിപ്പിച്ചു എന്നു കരുതി അങ്ങനെ തന്നെ വേണം എന്നില്ല. മനസിലാകുന്നുണ്ടോ നിനക്ക്?” തനു തലയാട്ടി.

“ഇനി എനിക്ക് ഇതൊക്കെ ചെയ്തു തരാൻ ഒരാളുടെ ആവശ്യം വന്നാലും മെഡിക്കൽ എൻട്രന്സിന് അറുനൂറ്റി അഞ്ചാം റാങ്ക് വാങ്ങിയ തനിമ ഹരിപ്രസാദിന്റെ ആവശ്യം അവിടെ ഇല്ല.” “അതിന് ഞാനിപ്പോ തനിമ ഹരിപ്രസാദ് അല്ലല്ലോ തനിമ കൈലാസ് നാഥ്‌ അല്ലെ?” തനു പെട്ടന്ന് ചോദിച്ചു. കാശി ചിരിച്ചു: “നീ എന്താ വിചാരിച്ചു വച്ചിരിക്കുന്നത് തനു? കല്യാണം എന്താ ട്രാൻസ്ഫർ ഓഫ് ഓണർഷിപ്പ് ആണോ?” “കാശിയേട്ടൻ ഇങ്ങനെ ഓരോ ചോദ്യം ചോദിച്ചു എന്റെ ഉത്തരം മുട്ടിക്കല്ലേ.. ഞാൻ എന്തായാലും ഫ്ലാറ്റിലേക്ക് ഇല്ല. അച്ഛനും അമ്മയും എന്തു വിചാരിക്കും. കല്യാണം കഴിഞ്ഞ് ഒരാഴ്ച ആയപ്പോഴേക്കും വേറെ വീട്ടിലേക്ക് മാറിയാൽ നാട്ടുകാർ എന്ത് പറയും?” “നീ വരും തനു.

നാളെ നമ്മൾ ഇവിടുന്ന് പോകും. അച്ഛനോടും അമ്മയോടും ഞാൻ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെ നാട്ടുകാർ. അവരെ ഞാൻ കണക്കിലെടുക്കാറില്ല. അവരെന്തു പറഞ്ഞാലും അത് എന്നെ ബാധിക്കില്ല” കാശി വീണ്ടും പാക്കിങ് തുടർന്നു. അവനോട് പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസിലായ തനുവും മനസ്സില്ലാ മനസോടെ തന്റെ സാധനങ്ങൾ ബാഗിലേക്ക് നിറച്ചു. ഇവിടെ നിന്ന് പോകുന്നതിനെക്കാൾ, കാശിയോടൊപ്പം ഒറ്റക്കൊരു ഫ്ലാറ്റിൽ കഴിയുന്നതും അവളെ അസ്വസ്ഥയാക്കി. അവനെ വിശ്വാസം ആണ്. എല്ലാം മറന്നൊരു ജീവിതം വേണമെന്നുണ്ട്.

പക്ഷെ എന്തോ ഒന്ന് അവനോട് അടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നു. ഒരുപക്ഷേ താൻ ചീത്തയായി എന്ന കുറ്റബോധം ആയിരിക്കാം. അവളുടെ മുഖം കണ്ട അവനു വിഷമം തോന്നി. “എന്നോട് ക്ഷമിക്കു തനു. ഇവിടെ നിന്നാൽ നീ എന്നും ഒരു സേഫ് സോണിൽ ആയിരിക്കും. എന്നോട് അടുക്കാനോ കഴിഞ്ഞതെല്ലാം മറന്നുകൊണ്ട് പുതിയൊരു ജീവിതം തുടങ്ങാനോ നീ ശ്രമിക്കില്ല. അതിന് നമ്മൾ മാത്രം ഉള്ളൊരു ലോകം ആണ് നല്ലത്” മനസിൽ പറഞ്ഞുകൊണ്ട് കാശി ഫോണെടുത്തു ബൽക്കണിയിലേക്ക് നടന്നു. അത്താഴ സമയത്തു കാശി തന്നെ വിഷയം അവതരിപ്പിച്ചു. “അത് നന്നായി കാശി.

ഇവിടുന്ന് പോയി വരാൻ തനുവിന് ബിദ്ധിമുട്ടാകും. ഫ്ലാറ്റിൽ ആണെങ്കിൽ സൗകര്യം ആണ്. പിന്നെ നിങ്ങൾക്ക് പരസ്പരം ഒരു അടുപ്പമൊക്കെ ഉണ്ടാകാനും അവിടെയാണ് നല്ലത്” കൃഷ്ണൻ അഭിപ്രായപ്പെട്ടു. മാലതി അയാളെ പിന്താങ്ങി: “അതു തന്നെയാ എനിക്കും തോന്നുന്നത്” “പക്ഷെ അമ്മേ. കല്യാണം കഴിഞ്ഞ് ഒരാഴ്ചപോലും ആയില്ലല്ലോ. കുറേക്കൂടി കഴിഞ്ഞിട്ട് മതിയായിരുന്നു..” തനു ഒരു ശ്രമം എന്നോണം പറഞ്ഞു. പക്ഷെ ഫലം ഉണ്ടായില്ല: “അതു സാരമില്ല തനു. എല്ല ആഴ്ചയും നിങ്ങൾക്ക് ഇങ്ങോട്ട് വരാമല്ലോ. കുട്ടിക്ക് പടിക്കാനൊക്കെ ഒരുപാടുള്ളതല്ലേ. അതുകൊണ്ടാ പറയുന്നത്.” അവൾ പിന്നെ തർക്കിക്കാൻ മിനക്കെട്ടില്ല.

അന്നു രാത്രിതന്നെ മാലതി അവർക്ക് കൊണ്ടുപോകാൻ അച്ചാറും ചമ്മന്തിപൊടിയും മറ്റും തയ്യാറാക്കിവച്ചു. തനുവും കാവ്യയും അവരെ സഹായിച്ചു. “ഏടത്തി പോകേണ്ടയിരുന്നു.. അല്ലെ അമ്മേ?” കാവ്യ ചോദിച്ചു. തനു പ്രതീക്ഷയോടെ മലത്തിയെ നോക്കി. അവളുടെ നോട്ടം അവഗണിച്ചു അവർ മകളെ ശകാരിച്ചു: “നീ ഒന്നു മിണ്ടാതെ ഇരിക്ക് കാവ്യെ. അല്ലെങ്കിൽ തന്നെ തനു പാതി മനസിലാണ് ഇവിടെ നിക്കുന്നത്.” “എന്തായാലും കെട്ടു കഴിഞ്ഞ് ആഴ്ചയൊന്ന് തികയും മുന്നേ പെണ്ണിനേയും കൊണ്ട് ചെക്കൻ മാറി താമസിക്കുന്നത് അത്ര നല്ല കാര്യം ഒന്നുമല്ല. നാട്ടുകാർ ഇനി എന്തൊക്കെ പറയുമോ എന്തോ. ഇതൊക്കെ വന്നു കയറുന്ന പെണ്ണുങ്ങൾ അല്ലെ നോക്കേണ്ടത്.”

സീത ആരോടെന്നില്ലാതെ പറഞ്ഞു. തനുവിന്റെ കണ്ണുകളിൽ വേദന നിറഞ്ഞു. അതുകണ്ട മാലതി സീതയുടെ നേരെ തിരിഞ്ഞു. “സീതെ. അവർ ഞാൻ പറഞ്ഞിട്ടാ മാറി താമസിക്കുന്നത്. അതിൽ നീയിനി വേറെ ആർത്ഥം ഒന്നും കാണേണ്ട.” അതോടെ അവർ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് പുറത്തേക്ക് പോയി. പിറ്റേന്ന് വൈകുന്നേരം അവർ ടൗണിലെ ഫ്ലാറ്റിലേക്ക് തിരിച്ചു. മാലതിയേയും കൃഷ്ണനെയും കെകാവ്യയെയും പിരിയുന്നതിൽ അവൾക്ക് വലിയ വിഷമം തോന്നി. അവർക്കും അവൾ മകൾ തന്നെ ആയിരുന്നു. എങ്കിലും ദുഃഖം പുറത്തുകാണിക്കാതെ അവരവളെ യാത്രയാക്കി. തൃശൂർ നഗര മധ്യത്തിൽ തന്നെയായിരുന്നു കാശിയുടെ ഫ്ലാറ്റ്. അങ്ങനെ താനും ഒരു കുടുംബിനി ആയിരിക്കുകയാണ്.

തനു പ്രാർത്ഥനയോടെ വലതുകാൽ വച്ചു അകത്തേക്ക് കയറി. തുടരും വായനക്കാരോട് ഒരു വാക്ക്. ഇതൊരു കുടുംബകഥയാണ്. തനുവിനെയും കാശിയുടെയും ദാമ്പത്യവും പ്രണയവും ആണ് ഇതിവൃത്തം. കഥ തുടങ്ങുന്നെ ഉളളൂ. എന്തായാലും ഒരുപാട് വലിച്ചുനീട്ടി വെറുപ്പിക്കില്ല. ദയവായി കാത്തിരിക്കുക. ഞാൻ ഒരു എഴുത്തുകാരിയല്ല, തുടക്കം മാത്രമാണ്. നിങ്ങളുടെ പരാതികളും നിർദേശങ്ങളും ഇഷ്ടവും അനിഷ്ടവും എല്ലാം കമന്റസിലൂടെ അറിയിക്കുക. നന്നാക്കാൻ തീർച്ചയായും ശ്രമിക്കാം.

തുടരും-

ഭാര്യ : ഭാഗം 10