Tuesday, December 17, 2024
Novel

ഭദ്രദീപ് : ഭാഗം 9

എഴുത്തുകാരി: അപർണ അരവിന്ദ്


ഞാൻ കാരണം ദീപക് സാറിന്റെ കണ്ണുകൾ നിറഞ്ഞത് എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.. പക്ഷേ സഹിച്ചേ തീരൂ… ആ രവി ശങ്കർ…

അയാൾ അപകടകാരിയാണ്..
അച്ഛന്റെ വേർപാടിന്റെ ദുഃഖത്തിൽനിന്ന് ഞാനിതുവരെ മോചിതയായിട്ടില്ല.. ഇനി മറ്റൊരാൾ കൂടെ.. ഇല്ലാ എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല..

എന്റെ കുടുംബത്തിന് മുകളിൽ അയാളുടെ കഴുകൻ കണ്ണുകൾ ഒളിഞ്ഞിരിപ്പുണ്ട്.. ദീപക്സാർ കൂടെ അയാളുടെ ചതിയുടെ പാത്രമാകാൻ ഞാൻ അനുവദിക്കില്ല.. ഇതെന്റെ ഉറച്ചതീരുമാനമാണ്..

കട്ടിലിലേക്ക് കമഴ്ന്ന് വീണ് പൊട്ടിക്കരയുമ്പോളും ദീപക്‌സാറിന്റെ കരഞ്ഞുകലങ്ങിയ കണ്ണുകളായിരുന്നു മനസ്സ് നിറയെ..

ഭദ്രേ…

ദിയ വന്ന് വിളിച്ചപ്പോൾ കണ്ണ് തുടച്ച് ഞാൻ എഴുന്നേറ്റിരുന്നു..

നന്നായിട്ടുണ്ട് ഭദ്രേ… അസ്സലായിട്ടുണ്ട്.. ഇതുവരെ കരഞ്ഞുകാണാത്ത എന്റെ ഏട്ടനേയും നീ കരയിപ്പിച്ചു.. ആ ഹൃദയം നീ ഇതുവരെ മനസിലാക്കിയില്ലേ ഭദ്രേ…

മതി ദിയേ…മതി.. നന്ദനയുമായ് അടുപ്പമുള്ള നിന്റെ ഏട്ടനെ ഇനിയും ഞാൻ സഹിക്കേണ്ടതെന്തിനാണ്.. ഒരാളെ പ്രേമിക്കാനും മറ്റൊരാളെ വിവാഹം കഴിക്കാനുമാണോ..
ചോദിക്കുന്നത് തെറ്റാണെന്നറിഞ്ഞിട്ടും ദിയയുടെ നേരെ വിരൽ ചൂണ്ടി ഞാൻ ചോദിച്ചു..

ഭദ്രേ… എന്തൊക്കെയാ നീ ചോദിക്കുന്നത്.. എന്റെ ഏട്ടനെ അത്രയും തരംതാണരീതിയിൽ ആണോ നീ കരുതിയത്.. നിന്നെ ആദ്യമായ് കണ്ടപ്പോൾ തന്നെ ഏട്ടൻ പറഞ്ഞതാണ് ഏട്ടനൊരു പെണ്ണുണ്ടെങ്കിൽ അത് നീയാകുമെന്ന്..

നിനക്ക് വേണ്ടി ഏട്ടൻ ഒരുപാട് കഷ്ടപ്പെട്ടു…നിന്റെ ഉള്ളിലുള്ള പ്രണയം നീ തിരിച്ചറിയാൻ, ഞാൻ കളിച്ച നാടകമാണ് നന്ദന.. നന്ദനയുടെ വിവാഹനിശ്ചയമാണ് നാളെ, അതും ദീപുഏട്ടന്റെ സുഹൃത്തുമായി..

നിന്നെ സ്വന്തമാക്കാൻ വേണ്ടിയാണ് ഏട്ടനും നന്ദനയും ഞാൻ പറഞ്ഞതുപോലെയൊക്കെ അഭിനയിച്ചത്.. എന്നിട്ടിപ്പോൾ നിനക്ക് ഏട്ടനെ കാണുന്നത് പോലും വെറുപ്പാണല്ലേ..

അതേ… വെറുപ്പാണ്..

ഭദ്രേ…. മതി… ഇനിയൊന്നും പറയണ്ട… എന്റെ ഭദ്ര ഇത്ര ക്രൂര ആയിരുന്നില്ല… ഇതെന്റെ ഭദ്രയല്ല….ഇങ്ങനെയൊരു സുഹൃത്തിനെ എനിക്ക് വേണ്ടാ… എ..നി…ക്ക്… വേണ്ടാ
ദിയ പൊട്ടിക്കരഞ്ഞുകൊണ്ടിരുന്നു..

ഞാൻ ഒന്നും മിണ്ടിയില്ല.. ദിയയുടെ ശകാരവാക്കുകൾ എന്റെ നെഞ്ചുകീറിമുറിച്ചു.ദിയ കരഞ്ഞുകൊണ്ട് ഇറങ്ങിപോകുന്നത് ഒരു ഭ്രാന്തിയെ പോലെ ഞാൻ നോക്കിനിന്നു..

ദീപക് സാറിന്റെ കാർ പുറത്തേക്ക് പോകുന്നത് നോക്കിനിൽക്കുമ്പോൾ എനിക്കെന്നോട് തന്നെ വെറുപ്പ് തോന്നുന്നുണ്ടായിരുന്നു.. എന്റെ തീരുമാനം ശരിയാണോ തെറ്റാണോ എന്ന് ഞാൻ തന്നെ പലപ്പോളായ് വിചാരണ നടത്തി…

ശരിയും തെറ്റും വ്യക്തമാകുന്നുണ്ടായിരുന്നില്ല.. എന്റെ സുഖത്തിന് വേണ്ടി ദീപക് സാറിനെയും കുടുംബത്തെയും ബലി കൊടുക്കേണ്ടിവരരുത്.
ആ ഒരൊറ്റ ചിന്ത മാത്രമേ എനിക്കുണ്ടായിരുന്നുള്ളു..

ഭദ്രേ… മോളെ…
അമ്മ കരഞ്ഞുകൊണ്ട് എന്റെ അടുത്തേക്ക് വന്നു.. ഭാമയും കൂടെയുണ്ടായിരുന്നു

എന്താണ് മോളെ ഇതെല്ലാം.. ദീപുമോനെ നിനക്ക് ഇഷ്ടമില്ലേ മോളെ.. എനിക്കങ്ങനെ തോന്നുന്നില്ല.. ഇഷ്ടമില്ലെങ്കിൽ കൂടി ഇത്രയും ക്രൂരമായി എന്റെ മോൾക് സംസാരിക്കാൻ കഴിയില്ല… പറ മോളെ.. പറയൂ.. എന്താണ് പ്രശ്നം.

അമ്മേ….. കരഞ്ഞുകൊണ്ട് ഞാനമ്മയെ കെട്ടിപിടിച്ചു… എന്റെ വിഷമം തീരുന്നവരെ ഞാൻ അലറി കരഞ്ഞു.. അമ്മയ്ക്കും ഭാമയ്ക്കും അതൊന്നും കണ്ട് നിൽക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല.. ഞങ്ങളെ രണ്ടുപേരെയും മാറോടണച്ച് അമ്മയും വിതുമ്പി കരഞ്ഞു..

അമ്മേ.. ഇന്നലെ രാത്രി എല്ലാം അറിഞ്ഞ ശേഷം ഞാൻ ശങ്കരേട്ടനെ വിളിച്ചിരുന്നു.. നമ്മുടെ കാര്യസ്ഥനായ് കുറെ കാലം ജോലിചെയ്തതിന്റെ നന്ദി അയാൾക്കിപ്പോളുമുണ്ട്.. അതുകൊണ്ടാണ് തറവാട്ടിലെ ഇപ്പോളത്തെ ലീലാവിലാസങ്ങൾ അദ്ദേഹമെനിക്ക് പറഞ്ഞുതന്നത്..

എന്നെയും അമ്മയെയും കണ്ടുമുട്ടാൻ ശങ്കരേട്ടൻ കുറെ കാലമായി ശ്രെമിക്കുന്നുണ്ടായിരുന്നു.. ഫോൺ നമ്പർ പോലും മാറിയത്കൊണ്ട് അദ്ദേഹത്തിന് നമ്മളുമായി ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല.. സുഭദ്രഅപ്പച്ചിയുടെയും രവി അങ്കിളിന്റെയും കള്ളകളി മനസിലായ അന്ന് മുതൽ ശങ്കരേട്ടൻ നമ്മളെ കണ്ടെത്താൻ ശ്രെമിക്കുന്നുണ്ട്..

ഇന്നലെ ഞാൻ അദ്ദേഹത്തെ വിളിച്ചപ്പോൾ പാവം വല്ലാതെ കരഞ്ഞു… തറവാട്ടിലെ ഗൂഢാലോചനകൾ ഇപ്പോൾ നമ്മളെ എങ്ങനെ നശിപ്പിക്കാം എന്നാണത്രെ..

ഈശ്വരാ… ഇവർക്കിനിയും മതിയായില്ലേ… അമ്മ വീണ്ടും വിതുമ്പാൻ തുടങ്ങി..

ദീപക് സാറിന്റെ വിവരവും അവർക്ക് സംശയമുണ്ട്.. അങ്ങനെയൊരാൾ എന്റെ കഴുത്തിൽ താലികെട്ടിയാൽ ഒരുപക്ഷെ കേസും മറ്റുമായി രവി അങ്കിളിന്റെ കള്ളത്തരങ്ങൾ തെളിയിക്കാൻ സാധ്യത ഉണ്ടെന്ന് വ്യക്തമായ അയാൾ ദീപക് സാറിനെ കൊല്ലാൻ പോലും പദ്ധതി ഉണ്ടാക്കുന്നുണ്ട്..

ഇത്രയും അറിഞ്ഞസ്ഥിതിയ്ക്ക് ഞാൻ എങ്ങനെയാണ് ദീപക് സാറിനെ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുക..

കരഞ്ഞുകൊണ്ട് ഞാൻ അമ്മയുടെ കണ്ണുകളിലേക്ക് നോക്കി.. അമ്മയ്ക്ക് ഉത്തരം നൽകാൻ കഴിയുന്നുണ്ടായിരുന്നില്ല.. എന്റെ നെറ്റിയിൽ മൃദുവായി ചുംബിച്ചുകൊണ്ട് അമ്മ തലയിൽ തലോടി..

എന്റെ കുട്ടിക്ക് നല്ലതേ വരൂ.. അവന്റ ജീവൻ രക്ഷിക്കാനായിരുന്നോ എന്റെ കുട്ടി മനസിലുള്ള സ്നേഹം മറച്ചുവെച്ചത്…. ഇതൊക്കെ അമ്മയെങ്ങനെ സഹിക്കും മോളെ..തന്റേടമുള്ള ഒരാൺകുട്ടിയുടെ കൈകളിൽ എന്റെ ഭദ്രയെ ഏൽപ്പിക്കാൻ എനിക്ക് യോഗമില്ലേ കൃഷ്ണാ..

അമ്മയുടെ കണ്ണുനീർ എന്നെ വേദനിപ്പിച്ചുകൊണ്ടിരുന്നു.

നമ്മുടെ കുടുംബം മൂലം ഒരാൾ ബലിയാടാവുന്നത് നമ്മളെങ്ങാനെ സഹിക്കും അമ്മേ… വേണ്ട… അത് വേണ്ടാ. ഈ ജന്മത്തിൽ എനിക്ക് കല്യാണമൊന്നും വേണ്ടാ.. ദീപക് സാർ എന്റെ ജീവനായിരുന്നു..

പക്ഷെ അദ്ദേഹത്തെ സ്വന്തമാക്കാൻ എനിക്ക് യോഗമില്ല.. ചെറുപ്പത്തിൽ മണ്ണാങ്കട്ടയുടെയും കരിയിലയുടെയും കഥപറഞ് അമ്മ ഉറക്കാറില്ലായിരുന്നോ.. ഒരു കാറ്റും മഴയും വന്നാൽ രണ്ടും വേർപിരിയും..

കാറ്റത്ത് പറന്ന് പോകുന്ന കരിയിലയും, മഴയിൽ ഒലിച്ചുപോവുന്ന മണ്ണാങ്കട്ടയും….. അതുപോലെയാണ് ഭദ്രയുടെ പ്രണയവും… ഒന്നിക്കാൻ ഒരിക്കലും യോഗമില്ല..
അമ്മയുടെ മടിയിൽ തലചായ്ച്ച് ഞാൻ വീണ്ടും വിതുമ്പി കരയാൻ തുടങ്ങി..

കരഞ്ഞുകരഞ് മുഖം ചുവന്ന് തടിച്ചിട്ടുണ്ട്, തല പൊക്കാൻ കഴിയാത്തവിധം അസഹ്യമായ തലവേദനയും. ആകെ ഭ്രാന്ത്‌ പിടിക്കുന്ന പോലെ തോന്നി.

ശക്തമായ ഇടിയോട് കൂടി മഴ പെയ്യാൻ തുടങ്ങി.. മഴയുടെ ശബ്‌ദം കേൾക്കുമ്പോൾ ദീപക് സാറിന്റെ ഓർമകൾ എന്നിലേക്ക് ഒഴുകിയെത്തി.. അമ്മയുടെ മടിയിൽ നിന്നെഴുന്നേറ്റ് പുറത്തെ തിണ്ണയിൽ പോയിരുന്നു.. മഴ എന്നിലേക്ക് പെയ്തിറങ്ങുന്ന പോലെ തോന്നി… മഴയോളം തുള്ളികൾ എന്റെ കണ്ണുകളും പൊഴിക്കുന്നുണ്ടായിരുന്നു..

പിന്നിൽ നിന്ന് തോളിലൂടെ കൈ വന്നപ്പോളാണ് തിരിഞ്ഞ് നോക്കിയത്..ആളെ കണ്ടപ്പോൾ ഞാൻ ചാടിയെഴുന്നേറ്റ് മുറ്റത്തേക്കിറങ്ങി..

ദീപക് സാർ..

എന്തിനാണ് നിങ്ങൾ വീണ്ടും വന്നത്.. കാണുന്നത് പോലും ഇഷ്ടമല്ലെന്ന് പറഞ്ഞിരുന്നില്ലേ..

വാക്കുകൾ പൂർത്തിയാക്കും മുൻപേ അദ്ദേഹമെന്റെ ചുണ്ടുകൾക്ക് മുകളിൽ കൈ വെച്ചുമൂടി..

മിണ്ടരുത് ഭദ്രേ…

വീണ്ടും വീണ്ടും പലതും പറയാൻ തുടങ്ങിയതും അദേഹത്തിന്റെ കൈകൾ കൂടുതൽ ശക്തിയായ് അമർന്നുകൊണ്ടിരുന്നു

നിന്റെ സ്നേഹം ഞാൻ മനസിലാക്കില്ലെന്നു കരുതിയോ..അത്രയ്ക്കും മണ്ടനാണോ ഈ ദീപക് മേനോൻ..
എല്ലാവരും ഒരു നാൾ മരിക്കും ഭദ്രേ.. . അതുവരെ സന്തോഷമായ് ജീവിക്കണ്ടേ.. നീ എന്റെ കൂടെയുള്ള ഒരു നിമിഷമെങ്കിലും മതിയെനിക്ക്..ഞാൻ സന്തോഷവാനായിരിക്കും.. അതിന് ശേഷം ജീവൻ പോയാലും ഞാൻ സഹിക്കും..

പക്ഷെ നീ കൂടെയില്ലാത്ത ആയിരം വർഷങ്ങൾ പോലും എനിക്ക് വേണ്ടാ.. നീയില്ലെങ്കിൽ എനിക്ക് ഭ്രാന്ത്‌ പിടിക്കും ഭദ്രേ…മരിച്ചപോലെ കുറെ വർഷങ്ങൾ ജീവിച്ചിരുന്നിട്ടെന്ത് കാര്യം..

നിന്റെ മനസ്സറിയാത്ത ദീപക് ഈ പടിയിറങ്ങുമെന്ന് നീ കരുതിയോ…എന്നെ നീ ഇഷ്ടമില്ലെന്ന് പറഞ്ഞതിന് വ്യക്തമായ എന്തെങ്കിലും കാരണം ഉണ്ടാകുമെന്ന് എനിക്കുറപുണ്ടായിരുന്നു.. അതറിയാനാണ് ഞാൻ കാത്തിരുന്നത്..

നീ എന്നെ വെറുക്കുന്നെന്ന് പറഞ്ഞ ഓരോ തവണയും നിന്റെ കണ്ണുകൾ പറയുന്നുണ്ടായിരുന്നു ഈ ദീപക് നിന്റെ പ്രാണനാണെന്ന്..

എന്റെ കവിളിൽ അദ്ദേഹം രണ്ട് കൈകളും ചേർത്തുവെച്ചു.. മഴ ശക്തിയായ് പെയ്യുന്നുണ്ടായിരുന്നു.. അച്ഛന്റെ ആശിർവാദമെന്നപോൽ മഴതുള്ളികൾ ഞങ്ങൾക്കുമേൽ വന്നുപതിച്ചുകൊണ്ടിരുന്നു..

സ്നേഹത്തോടെ അതിലുപരി സന്തോഷത്തോടെ ദീപക് സാർ എന്നെ വാരിപ്പുണർന്നു.. എന്ത് പറയണമെന്നറിയാതെ ഞാനും അദ്ദേഹത്തെ ചേർത്തുപിടിച്ചു.. അല്പസമയത്തിനു ശേഷം എന്നെ അദേഹത്തിന്റെ നെഞ്ചിൽ നിന്നുമടർത്തിയെടുത്ത് തുരുതുരെ ചുംബിക്കുമ്പോൾ ഇനിയൊരിക്കലും എന്നെ ആർക്കും വിട്ടുകൊടുക്കില്ലെന്ന് ദീപക് സാർ വിളിച്ചുപറയുന്നുണ്ടായിരുന്നു..

ശബ്‌ദം കേട്ട് പുറത്തുവന്ന അമ്മയും ഭാമയും സന്തോഷംകൊണ്ട് കണ്ണുനിറച്ചു..

ഭദ്ര എന്റേതാണ്… എനിക്ക് തരില്ലേ അമ്മേ..
എന്റെ കൈയിൽ മുറുക്കി പിടിച്ച് അദ്ദേഹം അമ്മയോട് ചോദിച്ചു..
ദീപക് സാറിനെ കെട്ടിപിടിച്ച് അമ്മ പൊട്ടിക്കരഞ്ഞു..

ദീപുമോനെ… എന്താണ് അമ്മ പറയേണ്ടത്… എന്റെ മോളെ നിനക്ക് മനസിലായല്ലോ… ആ സ്നേഹം എന്നുമുണ്ടായാൽ മതി.. അമ്മ ഞങ്ങളുടെ നെറുകയിൽ ചുംബിച്ചുകൊണ്ട് ആശീർവദിച്ചു..

ഏട്ടത്തിയമ്മേ…
ദിയ ചിരിച്ചുകൊണ്ട് കടന്നുവന്നു.. കൂടെ രാഘവൻ സാറും അമ്മയും..
ദിയ ഓടിവന്നു കെട്ടിപിടിക്കുമ്പോൾ ഞങ്ങളിരുവരും കരഞ്ഞുപോയി..

സോറി ദിയ… ഞാൻ നിന്നെ ഒരുപാട് വിഷമിപ്പിച്ചു.. എന്നോട് ക്ഷമിക്കില്ലേ നീ..

എന്റെ കുടുംബം സുരക്ഷിതമായിരിക്കാൻ നീ സ്വയം ദുഃഖങ്ങൾ ഏറ്റുവാങ്ങിയതല്ലേ ഭദ്രേ… ഞാനാണ് മാപ്പ് പറയേണ്ടത്…
ഇനി നീ വെറും ഭദ്രയല്ല….ഭദ്രദീപ് ആണ്…. എന്റെ സുന്ദരി ഏടത്തിയമ്മ…
ദിയ എന്നെ ചുംബനങ്ങൾ കൊണ്ട് മൂടി… സന്തോഷം കൊണ്ട് എല്ലാവരും പരസ്പരം വാരിപ്പുണർന്നു…

പക്ഷേ രണ്ട് കഴുകൻ കണ്ണുകൾ അപ്പോഴും ഞങ്ങളെ പല്ലുകടിച്ചുകൊണ്ട് നോക്കിനിൽക്കുകയായിരുന്നു

തുടരും

ഭദ്രദീപ് : ഭാഗം 1

ഭദ്രദീപ് : ഭാഗം 2

ഭദ്രദീപ് : ഭാഗം 3

ഭദ്രദീപ് : ഭാഗം 4

ഭദ്രദീപ് : ഭാഗം 5

ഭദ്രദീപ് : ഭാഗം 6

ഭദ്രദീപ് : ഭാഗം 7

ഭദ്രദീപ് : ഭാഗം 8