Wednesday, January 22, 2025
Novel

ഭദ്രദീപ് : ഭാഗം 6

എഴുത്തുകാരി: അപർണ അരവിന്ദ്


ഒന്ന് പെട്ടന്ന് വീട്ടിൽ എത്തിയിരുന്നെങ്കിലെന്ന് തോന്നുന്നുണ്ടായിരുന്നു.. ആ ദിയയ്‌ക്കെങ്കിലും എന്റെ കൂടെ വന്നാൽ മതിയായിരുന്നു.. ഇതിപ്പോൾ ഞാൻ തനിയെ,,, അതും ഈ കാലന്റെ കൂടെ, ആകെ ഒരു ചളിപ്പ് തോന്നി.. ദീപക് സാർ ഒന്നും ശ്രെദ്ധിക്കുന്നില്ല..ഡൈവിംഗിൽ കോൺസെൻട്രറ്റ് ചെയ്തിരിക്കുകയാണ്.

ഞങ്ങൾക്കിടയിൽ വലിയൊരു മൗനം തളംകെട്ടി നിൽക്കുന്നുണ്ടായിരുന്നു..പക്ഷേ ആ മൗനത്തിന് പോലും വല്ലാത്തൊരു മധുരമുള്ളതുപോലെ തോന്നി..ഓരോ നിമിഷവും അദ്ദേഹത്തിന്റെ കണ്ണുകൾ എന്നോട് കഥ പറയുന്നതായ് തോന്നി. ബോർ അടിച്ചപ്പോൾ ഞാൻ എഫ് എം പ്ലേ ചെയ്തു..

ഇഷ്ടമല്ലേ… ഇഷ്ടമല്ലേ.. ഉള്ളിലായി എന്നോടെന്നും ഇഷ്ടമല്ലേ..
ചൊല്ലൂ കൂട്ടുകാരി..

പ്രണയഗാനങ്ങൾ ഒഴുകി വരാൻ തുടങ്ങി. പട പേടിച്ചു പന്തളത് ചെന്നത് പോലെയായി എന്റെ അവസ്ഥ… ഒന്നും മിണ്ടാതെ വണ്ടിയോടിച്ച ദീപക് സാർ പോലും എന്നെ ഇടംകണ്ണിട്ട് നോക്കാൻ തുടങ്ങി.. എനിക്കെന്തിന്റെ കേടായിരുന്നു ഭഗവാനെ… ഞാൻ മിണ്ടാതെ പുറത്തോട്ട് നോക്കിയിരുന്നു..

ഭദ്രേ…
ദീപക് സാർ എന്റെ പേര് വിളിച്ചതും വീണ്ടും ഞാൻ ആലിലപോലെ വിറയ്ക്കാൻ തുടങ്ങി..

എന്താ സാർ… ഞാൻ വിറച്ചുകൊണ്ട് ചോദിച്ചു

സാർ എന്നുള്ള വിളിയൊക്കെ ഇനി നിർത്താം, ഭദ്ര ഏട്ടൻ എന്ന് വിളിച്ചോളൂ.. ദിയ അങ്ങനെയാണല്ലോ വിളിക്കാറ്..

ഓഹ്.. ദിയയെ പോലെ ഞാനും ദീപക്‌സാറിന്റെ അനിയത്തി ആവണം എന്നാണോ. ..

അനിയത്തി…. അനിയത്തി ഒന്നും അല്ല.. നിനക്ക് എന്ത്‌ പോസ്റ്റ്‌ തരണം എന്ന് ഞാനൊന്ന് ചിന്തിക്കട്ടെ.. തല്ക്കാലം നീ ഏട്ടാ എന്ന് വിളിച്ചോളൂ..

ശരി ദീപക് ഏട്ടാ…

ദീപക് ഏട്ടനോ അയ്യേ… അതെന്തൊന്ന് വിളിയാ..

ദിയ അങ്ങനെയാണല്ലോ വിളിക്കാറ്.

അത് അവളല്ലേ.. നീ ഏട്ടാ ന്ന് വിളിച്ചാൽ മതി.. എനിക്കതാണ് ഇഷ്ടം..
ഒരു കള്ളച്ചിരിയോടെ ദീപക് സാർ എന്നെനോക്കി പറഞ്ഞു..

ഒന്നും വേണ്ടാ.. സാർ എന്ന വിളി തന്നെ ധരാളം.. അത് മതി.. ഞാൻ കുറച്ച് ഗൗരവത്തിൽ പറഞ്ഞു.. അത് കേട്ടപ്പോൾ സാറിന്റെ മുഖം കടന്നൽ കുത്തിയപോലെ വീർത്തിരുന്നു.. എനിക്കപ്പോൾ ചിരിയാണ് വന്നത്

സ്കൂളിലേക്ക് എങ്ങനെയാണ് എന്നും പോവുക, കുറച്ചു ദൂരമില്ലേ.. ഹോസ്റ്റലിൽ നിൽക്കുകയാണോ.. പരിഭവം മാറ്റിനിർത്തി സാർ ചോദിച്ചു.

ഏയ് അതിന്റ ആവശ്യം ഒന്നുമില്ല.. എന്റെ വണ്ടി ഉണ്ടല്ലോ.. അതെടുക്കാം.. ആരും പുറകിൽ വന്നിടിച്ചില്ലെങ്കിൽ കുഴപ്പമൊന്നുമില്ല.. കണ്ണ് കാണാതെ ഓരോരുത്തർ വരും.. അതാണ് ആകെയുള്ള പേടി..
സാറിനെ നല്ലോണം ഒന്ന് താങ്ങിക്കൊണ്ട് ഞാൻ പറഞ്ഞു..

ഹം.. അധികമൊന്നും മിണ്ടാതെ സാർ ഡ്രൈവിംഗ് തുടർന്നു.

പെട്ടന്നുതന്നെ വീടെത്തി..അമ്മ എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു..ഭാമയോടും അമ്മയോടും യാത്രപറഞ് അദ്ദേഹം തിരിച്ചുപോയി… ജോലി കിട്ടിയ കാര്യം പറഞ്ഞപ്പോൾ അമ്മ സന്തോഷം കൊണ്ട് കരയാൻ തുടങ്ങി.. അങ്ങനെയൊന്നും ദൈവം എന്റെ കുട്ടിയെ കൈവിടില്ലെന്ന് പറഞ്‍ അമ്മ എന്നെയും ഭാമയെയും കെട്ടിപിടിച്ചു..

ജീവിതം രക്ഷപെടാൻ തുടങ്ങുന്നപോലെ തോന്നുന്നുണ്ടായിരുന്നു.. സ്കൂളിലെ ജോലി എനിക്ക് നല്ല ആശ്വാസം നൽകി. വീടിനടുത്തുള്ള കുറച്ച് കുട്ടികൾ ട്യൂഷന് വേണ്ടിയും വീട്ടിൽ വരാൻ തുടങ്ങി… പഴയ സന്തോഷങ്ങൾ തിരിച്ചുവരുന്നതായ് തോന്നി..

തിങ്കളാഴ്ച്ച രാവിലെ തന്നെ അമ്പലത്തിൽ പോയി.. ക്ലാസ്സ്‌ എടുക്കാൻ എനിക്ക് വലിയ ഇഷ്ടമായത് കൊണ്ട് ജോലിയിൽ വലിയ ടെൻഷനോന്നുമില്ലായിരുന്നു.. എന്നിരുന്നാലും രാവിലെ ഭഗവാനെ കണ്ട് അനുഗ്രഹം വാങ്ങിച്ചു..

സാരിയായിരുന്നു വേഷം.. അമ്മയുടെ സാരിയാണ് അടിച്ചുമാറ്റി ഉടുത്തത്.. സ്കൂളിലേക്ക് ആയത് കൊണ്ട് കുറച്ച് സ്റ്റാൻഡേർഡ് ലുക്ക്‌ വേണമല്ലോ..അമ്മയുടെ അനുഗ്രഹവും വാങ്ങി ഇറങ്ങാൻ പുറപെട്ടപ്പോളാണ് ഒരു കാർ മുറ്റത്ത് വന്ന് നിർത്തുന്നത്.. നമ്മുടെ ദിയയായിരുന്നു കക്ഷി..

എന്താടി… എന്തുപറ്റി.. ഈ രാവിലെ തന്നെ.. എന്തെങ്കിലും പ്രശ്നമുണ്ടോ
ഞാൻ വെപ്രാളത്തോടെ ചോദിച്ചു

ഒന്നുമില്ലെന്റെ ഭദ്രപെണ്ണേ..
അമ്മേ . ഞങ്ങൾ ഇവളെ കൂടുകൂട്ടാൻ വന്നതാണ്.. എല്ലാവരും സ്കൂളിലേക്കാണ്.. ഇവളുടെ ഫസ്റ്റ് ഡേ ആയത് കൊണ്ട് ഞാൻ തന്നെ കൊണ്ടുപോകാം എന്ന് കരുതി..
ദിയ അമ്മയുടെ കൈയിൽ പിടിച്ചുകൊണ്ട് പറഞ്ഞു..

അത് നന്നായ് മോളെ.. ഭദ്ര ഒറ്റക്കാവില്ലല്ലോ.. സ്ഥലം ഒക്കെയോന്ന് പരിജയം ആയിക്കോട്ടെ..
അമ്മയ്ക്കും ദിയ വന്നത് വലിയ ആശ്വാസമായി..

പെട്ടന്നാണ് ഡോർ തുറന്ന് ദീപക് സാറും വേറെ ഒരു പെൺകുട്ടിയും കാറിൽ നിന്ന് ഇറങ്ങുന്നത്

ഞാൻ ഡ്രൈവർ ആയി വന്നതാണ്.. ഈ മൂന്നെണ്ണത്തിനെയും സ്കൂളിൽ എത്തിക്കാൻ.. ദീപക് സാർ ചിരിച്ചുകൊണ്ട് അമ്മയോട് പറഞ്ഞു..

ഭദ്രേ.. ഇത് നന്ദന, നമ്മുടെ സ്കൂളിലെ ടീച്ചർ ആണ്… പിന്നെ…. പിന്നെ നമ്മുടെ ദീപുചേട്ടന്റ വളരെ അടുത്ത ഒരാളുമാണ്..

അതും പറഞ്‍ ദിയ ഇളിഞ്ഞ ചിരി ചിരിക്കാൻ തുടങ്ങി.. പക്ഷേ അത് കേട്ടപ്പോൾ എനിക്ക് വല്യ ചിരിയൊന്നും തോന്നിയില്ല.. ഞാൻ ഒന്ന് പതിയെ ചിരിച്ചുകൊണ്ട് നന്ദന ടീച്ചറെ സ്കാൻ ചെയ്തു.
ഹം.. കാണാൻ രസമൊക്കെ ഉണ്ട്.

എന്നാലും എന്റെ അത്രയൊന്നും വരില്ല.. നല്ല തുമ്പപ്പൂവിന്റെ നിറമാണ്, അതിപ്പോ ഞാനും വെളുത്തിട്ടല്ലേ.. മുട്ടറ്റം മുടിയുണ്ട്.. എന്തിനാ ഇത്രയൊക്കെ മുടി.. ഇങ്ങനത്തെ മുടിയൊക്കെ ഔട്ട് ഓഫ് ഫാഷൻ ആണ്..

ഇവൾക്കിതൊന്നും അറിയില്ലേ.. അയ്യേ… എന്റെ കുശുമ്പ് വീണ്ടും വീണ്ടും തലപൊക്കാൻ തുടങ്ങി.. അവളെ ആ കിണറ്റിലേക്ക് എടുത്തിടാനാണ് ആ സമയം തോന്നിയത്.. പക്ഷേ എന്തിന്.. എനിക്ക് പോലും ഒരെത്തും പിടിയും കിട്ടിയില്ല.

നമുക്ക് ഇറങ്ങാം ഭദ്രേ.. സമയം വൈകി.. ദിയ വന്ന് കുലുക്കി വിളിച്ചപ്പോളാണ് എനിക്കും പോവാനുള്ള കാര്യം ഓർമവന്നത്.. അമ്മയോട് യാത്രപറഞ് ഞങ്ങളിറങ്ങി.

ഞാനും ദിയയും ബാക്ക് സീറ്റിലാണിരുന്നത്.. നന്ദനയും സാറും മുൻപിലും..സ്കൂൾ വരെ ദീപക് സാർ നന്ദനയോട് കത്തിയടിക്കുകയാണ്. നന്ദു എന്ന വിളികേട്ടാൽ ഒരു കുത്ത് വെച്ചുകൊടുക്കാൻ തോന്നും.,

ഒന്നുമല്ലെങ്കിലും ഞങ്ങൾ രണ്ടുപേർ പിറകിൽ ഇരിപ്പുണ്ടെന്നെങ്കിലും ചിന്തിക്കേണ്ടേ.. എനിക്കാകെ പ്രാന്ത് പിടിക്കാൻ തുടങ്ങി.. ദിയയാണെങ്കിൽ ഇതൊന്നും ശ്രദ്ധിക്കുന്നുകൂടിയില്ല. അവളുടെ ഏട്ടൻ അല്ലേ. ആ ഒരു ബോധം ദിയയ്ക്കുമില്ല. എനിക്ക് മാത്രം എന്തിനാണ് ഇത്ര ദേഷ്യം… അതിന്റ കാരണവും വ്യക്തമല്ല.

സ്കൂളിൽ കൃത്യസമയത്ത് തന്നെ എത്തി. ദിയ എന്നെയും കൂട്ടി ഓഫീസിലേക്ക് നടന്നു.. നല്ല അന്തരീക്ഷമായിരുന്നു അവിടമാകം.. സ്കൂൾ എനിക്ക് നന്നായ് ഇഷ്ടമായി. കുട്ടികളും ബാക്കി അദ്ധ്യാപകരും എല്ലാവരും വലിയ സ്നേഹമുള്ളവരാണ്.. ആദ്യദിവസം സന്തോഷത്തോടുകൂടി കടന്നുപോയി..

ഉച്ചയ്ക്ക് ഞാനും ദിയയും ഒരുമിച്ചാണ് ലഞ്ച് കഴിക്കാൻ ഇരുന്നത്.. ദിയ അപ്പോളും നന്ദനയെ തിരക്കി നടക്കുകയായിരുന്നു..

ദിയ… സത്യം പറ.. നന്ദന ശരിക്കും നിങ്ങളുടെ ആരാണ്..

അതോ… അതൊരു രഹസ്യമാണ്…

രഹസ്യമോ.. എന്ത് രഹസ്യം..

നീ ആരോടും പറയരുത്..

ഇല്ലെടോ.. കാര്യം പറ.

അച്ഛന് നന്ദനയെ നല്ല ഇഷ്ടമാണ്.. എന്റെ ഏട്ടത്തിയായ് വീട്ടിലേക്ക് കൊണ്ടുവരണം എന്നാണ് അച്ഛൻ പറയുന്നത്.. നന്ദു ഒരു പാവം കുട്ടിയല്ലേ . എനിക്കും അവളെ വല്യ ഇഷ്ടമാണ്..

ഹം.. നന്ദനയ്ക് ഈ കാര്യം അറിയുമോ..

ഇല്ലാ.. പക്ഷെ അവൾക്കും ഏട്ടനോട് എന്തോ ഒരിത് ഉണ്ട്.. എനിക്കങ്ങനെ തോന്നിട്ടുണ്ട്..
എന്നെ കണ്ണിറുക്കി കാണിച്ചുകൊണ്ട് ദിയ എന്തൊക്കെയോ വീണ്ടും പറയാൻ തുടങ്ങി..

എന്റെ നെഞ്ചിൽ വല്ലാത്തൊരു ഭാരം അനുഭവപ്പെടാൻ തുടങ്ങി.. ബാക്കി ഭക്ഷണം കഴിക്കാൻ പോലും കഴിയാത്തൊരു അവസ്ഥ.. പക്ഷേ എന്തിന്..

നന്ദനയും ദീപക് സാറും ഒന്നാവുന്നതിന്‌ എന്തിനാണ് എനിക്കിത്ര വിഷമം.. ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല..
ഉച്ചക്ക് ശേഷം ആകെമൊത്തം വല്ലാത്തൊരു വിമ്മിഷ്ടം പോലെ തോന്നി.. ക്ലാസ്സ്‌ കഴിഞ്ഞ് വേഗം ഞാൻ സ്കൂളിൽ നിന്നിറങ്ങി..

ദിയയ്ക്ക് എക്സ്ട്രാ ഹവർ ക്ലാസ്സ്‌ ഉള്ളത് കൊണ്ട് അവളെയും കാത്ത് ഞാൻ സ്റ്റുഡൻസ് കോർണറിലെ മരച്ചുവട്ടിലിരുന്നു.. ഗുൽമോഹർ പൂക്കൾ അവിടമാകം മനോഹരമായ് അലങ്കരിച്ചിട്ടുണ്ടായിരുന്നു. ചുവന്ന നിറത്തിൽ അവ ഭൂമിയെ ചുംബിച്ചുകൊണ്ട് ചുറ്റിലും പടർന്നു കിടന്നു.. പൂക്കളും ചെടികളും എന്നും എനിക്ക് പ്രിയപ്പെട്ടതാണ്.. പ്രേത്യേകിച്ച് ഈ ചുവന്ന ഗുൽമോഹറുകൾ..

ഭദ്രേ..

ദീപക് സാറിന്റെ ശബ്‌ദം കേട്ടപ്പോളാണ് തിരിഞ്ഞ് നോക്കിയത്..
ഒന്നും മിണ്ടാതെ ഞാൻ അദ്ദേഹത്തെ തന്നെ നോക്കികൊണ്ടിരുന്നു..

ദിയ എവിടെ? നീ എന്താ തനിച്ചിരിക്കുന്നത്..
ചുവന്ന ഗുൽമോഹറുകൾ പൊഴിഞ്ഞുവീണ വഴികളിലൂടെ എന്റെ അടുത്തേക്ക് നടന്നുവന്നുകൊണ്ട് അദ്ദേഹം ചോദിച്ചു
നീല ഷർട്ടും കസവിന്റെ മുണ്ടുമായിരുന്നു അദേഹത്തിന്റെ വേഷം.. ഇതുവരെ തോന്നാത്ത എന്തോ ഒരു ഭംഗി എനിക്കദ്ദേഹത്തിൽ അപ്പോൾ തോന്നി

ഡോ… നിനക്ക് ചെവി കേൾക്കാതെയായോ.. ഭദ്രേ… ദിയ എവിടെന്ന്…

ആ… ദിയ… ദിയ എവിടെ…

അതല്ലേ ഞാനും ചോദിച്ചത്..

അത് ദിയയ്ക്ക് സ്പെഷ്യൽ ക്ലാസ്സ്‌ ഉണ്ട്.. ഇപ്പോൾ വരും.

ഹം.. നിനക്ക് തലയ്ക്ക് വല്ലതും പറ്റിയോ?
ദീപക് സാർ ചിരിച്ചുകൊണ്ട് ചോദിച്ചു..താൻ ഈ ലോകത്തോന്നുമല്ലല്ലോ..

ഒന്നുമില്ലെന്ന് പറഞ്ഞുകൊണ്ട് ഞാൻ മരങ്ങൾക്കിടയിലൂടെ നടക്കാൻ തുടങ്ങി…

ഹം.. ഇപ്പോൾ കാണാൻ ഒരു ചന്തമൊക്കെ ഉണ്ട് കേട്ടോ.. ഈ ചുവന്ന പൂക്കൾ നിന്നെ സുന്ദരിയാക്കുന്നുണ്ട്.. കള്ളച്ചിരിയോടെ ദീപക് സാർ പറഞ്ഞു.

ഞാൻ ഒന്ന് പുഞ്ചിരിച്ചു..

സാറും പതിയെ എന്റെ കൂടെ നടക്കാൻ തുടങ്ങി…ചെറിയ ചാറ്റൽ മഴ പ്രണയാർദ്രമായ് പൊഴിയുന്നുണ്ടായിരുന്നു.. എന്റെ കുടകീഴിൽ സാറും കയറി നിന്നു.. അദ്ദേഹത്തിന്റെ ഉയരത്തിൽ കുട പിടിക്കാനായി ഞാൻ നന്നായ് കഷ്ടപെടുന്നുണ്ടായിരുന്നു… ഏന്തി വലിഞ് കുടപിടിച്ച് ഞങ്ങൾ മരങ്ങൾക്കിടയിലൂടെ നടന്നുനീങ്ങി..

പെട്ടന്നാണ് നിലത്തുള്ള ചളിയിൽ ചവിട്ടി ഞാൻ വീഴാൻ പോയത്, കുട കാറ്റിൽ പറത്തി ഞാൻ അദ്ദേഹത്തിന്റെ കൈകളിൽ പിടിച്ചു.

പക്ഷേ സാരി ആയതുകൊണ്ട് പിടിക്കാൻ പറ്റിയിരുന്നില്ല.. ദീപക് സാർ അദേഹത്തിന്റെ വലതുകൈ കൊണ്ട് എന്റെ ഇടുപ്പിൽ പിടിച്ച് എന്നെ താങ്ങി നിർത്തി.. കഷ്ടിച്ച് നിലത്തുവീഴാതെ രക്ഷപെട്ടു.. പക്ഷെ അദേഹത്തിന്റെ കൈകൾ എന്റെ വയറിൽ മുറുക്കി പിടിച്ചിരുന്നു..നിവർന്ന് നിൽക്കാൻ കഴിയാതെ, ആ മഴയത്ത് എത്ര നേരം അങ്ങനെനിന്നെന്ന് ഓർമയില്ല.

അവസാനം അദ്ദേഹം എന്നെ കൈകളിൽ പൊക്കിയെടുത്ത് മരത്തണലിൽ കൊണ്ടിരുത്തി.. അദേഹത്തിന്റെ കൈകളുടെ പാട് എന്റെ ഇടുപ്പിൽ തെളിഞ് കാണാമായിരുന്നു.. സാറിന്റെ മുഖത്ത് നോക്കാൻ പോലും എനിക്ക് ചമ്മൽ തോന്നി..

ദീപക് സാറാണെങ്കിൽ അദേഹത്തിന്റെ കൈ തിരിച്ചും മറച്ചും നോക്കി കള്ളചിരി ചിരിക്കുകയായിരുന്നു.. ചാറ്റൽ മഴയിൽ നനഞ്ഞുകൊണ്ട് എന്റെ കണ്ണുകൾ അദ്ദേഹത്തെ നോക്കിനിന്നു

തുടരും.

തുടരും

ഭദ്രദീപ് : ഭാഗം 1

ഭദ്രദീപ് : ഭാഗം 2

ഭദ്രദീപ് : ഭാഗം 3

ഭദ്രദീപ് : ഭാഗം 4

ഭദ്രദീപ് : ഭാഗം 5