Wednesday, December 18, 2024
Novel

ഭദ്രദീപ് : ഭാഗം 11

എഴുത്തുകാരി: അപർണ അരവിന്ദ്


കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.. എന്താണ് ചെയ്യേണ്ടത്.. എന്റെ പാതി, എന്റെ ഭദ്ര.. അവളെയാണോ രക്തത്തിൽ കുളിച്ചുകിടക്കുന്നത് കണ്ടത്.. എന്റെ കൈകൊണ്ട് സിന്ദൂരം ചാർത്തേണ്ട സീമന്തരേഖയിൽ രക്തം പൊടിഞ്ഞത് കാണേണ്ടിവന്നല്ലോ ഭഗവാനെ..

എന്റെ കൃഷ്ണ.. ഒരിക്കൽ പോലും എനിക്ക് വേണ്ടി ഞാൻ നിങ്ങളുടെ മുൻപിൽ കൈ നീട്ടിയിട്ടില്ല.. ആദ്യമായ് ഞാൻ നിന്നോട് അപേക്ഷിക്കുകയാണ്… എനിക്കെന്റെ ഭദ്രയെ വേണം… നീ തിരിച്ചുതന്നേ മതിയാവൂ….

നെഞ്ച് പൊട്ടുന്നപോലെ തോന്നുന്നുണ്ടായിരുന്നു… തലയ്ക്ക് പറ്റിയ മുറിവിലൂടെ ഊർന്നിറങ്ങുന്ന രക്തത്തുള്ളികൾ കണ്ണിലെ കാഴ്ച മറയ്ക്കുന്നുണ്ടായിരുന്നു
ചുറ്റുനിന്നും ദീപക് എന്നുള്ള വിളി കേൾക്കുന്നുണ്ട്.. പക്ഷേ ഒന്ന് തിരിഞ്ഞുനോക്കാൻ പോലും സാധിക്കുന്നില്ല..

എന്റെ കണ്മുന്നിൽവെച്ച് ഭദ്രയ്ക് അപകടം സംഭവിച്ചിട്ടും തനിക്ക് രക്ഷിക്കാൻ പോലും കഴിഞ്ഞില്ല.. നെഞ്ച് പിടയുന്നുണ്ടായിരുന്നു.. കണ്ണുകൾ നിറഞ്ഞു പെയ്യുന്നു.. ആകെ മരവിച്ചഅവസ്ഥ..

എന്റെ ഭദ്ര… അവൾ തനിച്ചാണ്… പെട്ടന്ന് തന്നെ ഹോസ്പിറ്റലിൽ എത്തണം.. അവളെ ഞാൻ തനിച്ചാക്കില്ല.. ഭദ്രയുണ്ടെങ്കിലേ ഈ ദീപക് ഉള്ളൂ.. നീ എവിടെ പോയാലും ഞാൻ കൂടെ വരും ഭദ്രേ.. ജീവിതത്തിലായാലും മരണത്തിലായാലും ഈ ദീപക് നിന്റെ കൂടെയുണ്ട്.. ഞാൻ പിറുപിറുത്തു

കൈയിൽ പൊടിഞ്ഞ രക്തത്തുള്ളികൾ അവൻ ശ്രെദ്ധിക്കുന്നുപോലുമുണ്ടായില്ല.
തലയിലും വലിയ മുറിവുകൾ പറ്റിയിട്ടുണ്ട്.. പക്ഷേ അതൊന്നും അവനെ തളർത്തുന്നുണ്ടായിരുന്നില്ല.. പുറത്ത് നിർത്തിയിട്ട വണ്ടിയെടുത്ത് ഹോസ്പിറ്റലിലേക്ക് പായുമ്പോൾ ചുറ്റുമുള്ള കാഴ്ചകളൊന്നും അവന് വ്യക്തമായിരുന്നില്ല..

ഹോസ്പിറ്റലിലേക്ക് കയറുമ്പോൾ തന്നെ അച്ഛനെ കണ്ടു.. അദ്ദേഹം ആശ്വസിപ്പിച്ചുകൊണ്ട് മുകളിലേക്ക് കൊണ്ടുപോകുമ്പോൾ ആ കണ്ണുകളും നിറഞ്ഞിരുന്നു..

അച്ഛാ… ഭദ്ര… അവൾക്കെങ്ങനെയുണ്ട്.. കണ്ണുതുറന്നില്ലേ..? എന്നെ ചോദിച്ചില്ലേ? … പറയൂ അച്ഛാ… എന്റെ ഭദ്ര എന്താ പറയുന്നത്…?

ദീപു… ഇത് ഇമോഷൻവെച്ച് സംസാരിക്കേണ്ട സമയമല്ല.. നീ ടെൻഷൻ ആവാതെ നിന്റെ സമനില തിരിച്ചുകൊണ്ടുവാ.. ഭദ്ര സുരക്ഷിതമായകരങ്ങളിലാണ്..അവളെ നമ്മൾ തിരിച്ചുകൊണ്ടുവരും…നീയിങ്ങനെ ബഹളം വെയ്ക്കാതിരിക്ക് മോനെ..

അച്ഛാ.. ഭദ്രയെ ഞാൻ കണ്ടതാണ്.. ഇത് കണ്ടോ… എന്റെ ദേഹം മുഴുവൻ അവളുടെ രക്തമാണ്.. എന്റെ വിളികൾക് കാതോർക്കാതെ രക്തത്തിൽ കുളിച്ചുകിടക്കുന്ന എന്റെ ഭദ്രയെ ഈ കണ്ണുകൾകൊണ്ട് ഞാൻ കണ്ടതാണ്.. അവൾക്കൊന്നുമില്ലെന്ന് എന്നെ പറഞ് പറ്റിക്കാൻ ശ്രെമിക്കണ്ട… സത്യം പറയൂ അച്ഛാ… എന്താണ് എന്റെ ഭദ്രയ്ക്ക്..

മോനെ… ഞാൻ പറയുന്നത് നീ സംയമനത്തോടെ കേൾക്കണം..

എന്ത്‌ പറ്റി .. പ്ലീസ് ഒന്ന് പറയൂ..

നല്ല ആഴത്തിലുള്ള മുറിവുകൾ ഉണ്ടെന്നാണ് ഡോക്ടർ പറയുന്നത്.. ഒരു സർജറി എമർജൻസിയായ് ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ട്.. പക്ഷേ അവർക്ക് പ്രതീക്ഷ ഒന്നുമില്ലെന്ന് ആദ്യമേ പറഞ്ഞുകഴിഞ്ഞു.. നല്ല ബ്ലീഡിങ് ഉണ്ട്.. ഇന്റെർണൽ ബ്ലീഡിങ് വളരെ കൂടുതലാണ്പോലും.. പ്രാർത്ഥന എന്ന ഒരൊറ്റ കാര്യമാണ് നമുക്ക് ചെയ്യാനുള്ളത്.. ദൈവം നമ്മളെ കൈവിടില്ലെന്ന് പ്രതീക്ഷിക്കാം..

എനിക്കെന്ത് പറയണമെന്ന് യാതൊരു ബോധവുമില്ലായിരുന്നു..
എന്റെ ഭദ്ര…….
ഒന്നും മിണ്ടാനാവാതെ ഞാനാ പടികളിൽ തരുത്തിരുന്നു.. ദൈവത്തെ മനസ്സറിഞ് വിളിച്ച നിമിഷങ്ങളായിരുന്നു പിന്നീടങ്ങോട്ട്.. ഊണും ഉറക്കവും നഷ്ടപ്പെട്ട് ഭ്രാന്തനെ പോലെ ഞാൻ ഉരുകിയുരുകി തീർന്ന മണിക്കൂറുകൾ..

അമ്മയും ഭാമയും പൊട്ടിക്കരഞ്ഞുകൊണ്ട്‌ പടികൾ കയറി വരുമ്പോൾ ഒന്ന് മുഖത്തുനോക്കാൻ പോലും കഴിയാതെ ഞാൻ തലതാഴ്ത്തി നിന്നു..

എന്നാലും ദീപുമോനെ എന്റെ കുട്ടിയ്ക്ക് ഇതെന്തൊരു യോഗമാണ്… അമ്മയ്ക്ക് സഹിക്കുന്നില്ല..
എന്നെ കെട്ടിപിടിച്ചുകൊണ്ട് അമ്മ കരയുമ്പോൾ ഒന്നാശ്വസിപ്പിക്കാൻ പോലും കഴിയാതെ ഞാനും നിന്ന് പിടഞ്ഞു..

ചേച്ചിയെ എന്തിനായിരുന്നു അങ്ങോട്ട് കൊണ്ടുപോയതെന്നുള്ള ഭാമയുടെ ചോദ്യത്തിന് മുൻപിൽ ഉത്തരമില്ലാതെ ഞാൻ വിയർത്തു..

എന്റെ മനസാക്ഷിയ്ക്ക് മുൻപിൽ ഞാൻ തന്നെയായിരുന്നു പ്രതി.. ഒന്ന് ശ്രെദ്ധിച്ചിരുന്നെങ്കിൽ എനിക്കെന്റെ ഭദ്രയെ നഷ്ടമാകില്ലായിരുന്നു..

സങ്കടം പിടിച്ചുവച്ച് തൊണ്ടയാകെ ഇടറുന്നുണ്ടായിരുന്നു.. രാത്രിയും നിലാവും എന്നെ കുറ്റപെടുത്തികൊണ്ടിരുന്നു.. ജലപാനമില്ലാതെ ഞാനപ്പോലും പ്രാര്ഥനയിലായിരുന്നു..
അടുത്ത ദിവസം വൈകുന്നേരമാണ് ഡോക്ടർ കാണാനായി വിളിക്കുന്നത്..

മിസ്റ്റർ ദീപക്, ഇൻഫെക്ഷൻ ഒന്നുമില്ല എന്നത് തന്നെ ആശ്വസിക്കാൻ ഉളള വകയാണ്..പക്ഷേ ഭദ്ര പഴയ നിലയിലേക്ക് തിരിച്ചുവരിക എന്നുള്ളത് ഇമ്പോസ്സിബിളാണ്..

ഒരുപക്ഷെ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും പറയാൻ കഴിയാത്ത വിധം കോമ സ്റ്റേജിൽ ഭദ്ര തുടരും.. അതുമല്ലെങ്കിൽ ചെറിയ ചില ഡിഫക്റ്റോടുകൂടി ഭദ്ര രക്ഷപെട്ടേക്കാം.. ഒന്ന് തീർത്ത് പറയാം.. ഭദ്രയെ പഴയപോലെ തിരിച്ചുകിട്ടുമെന്നത് വെറും സ്വപ്നം മാത്രമാണ്, തുറന്ന് പറയാതിരിക്കാൻ കഴിയില്ല മിസ്റ്റർ മേനോൻ..

താങ്കൾ ഇത് ഉൾക്കൊള്ളേണ്ടത് നിർബന്ധമാണ്… ജീവൻ തിരിച്ചുകിട്ടുമോ എന്ന് പോലും എനിയ്ക്കിപ്പോളും പൂർണമായും ഉറപ്പ് നൽകാൻ കഴിയില്ല.. നമുക്ക് നല്ലതിന് വേണ്ടി പ്രാർത്ഥിക്കാം.. അങ്ങനെ പ്രതീക്ഷിക്കാം..

ഡോക്ടർ.. നിങ്ങൾ എത്ര നിസ്സാരമായാണ് പറയുന്നത്..
ശവം പോലെ കിടക്കേണ്ടിവരും എന്ന് നിങ്ങളിപ്പോൾ പറഞ്ഞത് എന്റെ ഭാര്യയെ കുറിച്ചാണ്.. ഒരുമിച്ച് സ്വപ്‌നങ്ങൾ കണ്ട് ജീവിക്കാൻ തുടക്കമിട്ടതെ ഉള്ളു.. അപ്പോളേയ്ക്..
ലുക്ക്‌ ഡോക്ടർ..

നിങ്ങൾക്ക് ഭദ്രയെ സുഖപ്പെടുത്താൻ കഴിയില്ലെങ്കിൽ ഡിസ്ചാർജ് എഴുതി തരണം, അമേരിക്കയിലോ ലണ്ടനിലോ എവിടെ വേണമെങ്കിലും കൊണ്ടുപോകാൻ ഈ ദീപക് മേനോൻ റെഡിയാണ്.. അല്ലാതെ ഇതുപോലെ വായിൽ തോന്നിയത് പറയുകയല്ല വേണ്ടത്..

മിസ്റ്റർ മേനോൻ, താങ്കളുടെ ഫീലിംഗ്സ് എനിക്ക് മനസിലാകും.. ബട്ട്‌.. പ്ലീസ് ട്രൈ ടു അണ്ടർസ്റ്റാൻഡ്.. അമേരിക്കയിലോ ലണ്ടനിലോ കൊണ്ടുപോയത്കൊണ്ട് ഭദ്ര തിരിച്ചുവരണമെന്നില്ല..

നിങ്ങൾക് ലഭിക്കുന്ന ട്രീറ്റ്മെന്റ് ഏറ്റവും മികച്ചത് തന്നെയാണ്.. ഇവിടെ ലഭിക്കാത്ത ഒന്നും അവിടെയും ലഭിക്കാൻ പോണില്ല… നമുക്ക് നല്ലതിന് വേണ്ടി കാത്തിരിക്കാം.. ഒരു മിറാക്കിൾ… അത് സംഭവിക്കാനായ് നമുക്ക് കാത്തിരിക്കാം..

മറുപടി എന്താണ് നൽകേണ്ടതെന്നറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി..നിശബ്തമായ് ഡോക്ടറുടെ ക്യാബിനിൽ നിന്ന് പുറത്തിറങ്ങുമ്പോൾ എന്റെ മനസ്സ് ശൂന്യമായിരുന്നു..

എന്ത് ചെയ്യണമെന്നോ എങ്ങോട്ട് പോകണമെന്നോ യാതൊരു നിശ്ചയവുമില്ല… വരാന്തയിൽ ചില്ലുകൂട്ടിൽ നിറദീപത്തിനു സമീപം കൃഷ്ണന്റെ ഒരു വിഗ്രഹം കണ്ണിൽ പതിഞ്ഞു,, വാശിയോടെ ഞാൻ ആ വിഗ്രഹത്തിനു മുൻപിലേക്ക് കുതിച്ചു..

“കൈയിൽ തന്ന് മോഹിപ്പിച്ചിട്ട് തട്ടിപ്പറിച്ചെടുക്കുന്നത് എന്തിനാണ് ദൈവമേ..ഒരു ജീവനാണ് വേണ്ടതെങ്കിൽ എന്റേത് എടുത്തോളൂ.. എന്റെ ഭദ്രയെ എനിക്ക് തിരിച്ചു തരണം…. എന്റെ ഭദ്ര… അവളെ എനിക്ക് വേണം…..
എ…നി…ക്ക് വേ…ണം
എന്റെ ശബ്‌ദം ഇടറുന്നുണ്ടായിരുന്നു…

കരഞ്ഞുകൊണ്ട് ഞാൻ ആ വിഗ്രഹത്തിനു താഴെ ഇരുന്നുപോയ്‌ .. കുറച്ച് ദിവസങ്ങളായി ഉറങ്ങിയിട്ട്..തല നന്നായ് കനക്കുന്നുണ്ടായിരുന്നു.. ഭദ്രയെ ഒന്ന് കാണാൻ പോലും ഡോക്ടർമാർ അനുവദിച്ചില്ല..

ഞാനൊന്ന് വിളിച്ചിരുന്നെങ്കിൽ ഒരുപക്ഷെ അവൾ ഉണർന്നേനെ.. ഒന്ന് ദീപുഏട്ടാ എന്ന് വിളിച്ചിരുന്നെങ്കിൽ എന്റെ വിഷമം ഒന്ന് കുറഞ്ഞേനേ,… എന്ത് ചെയ്യാം… ഒന്നും ഒന്നും… ഒന്നും സംഭവിച്ചില്ല… ക്ഷീണംകൊണ്ട് കണ്ണുകൾ അടഞ്ഞുപോകുന്നുണ്ടായിരുന്നു…

ഭദ്രയെ കുറിച്ചുള്ള നല്ല ഓർമ്മകൾ മനസ്സിലേക്ക് ഇരമ്പിവരുന്നുണ്ടായിരുന്നു.. ഞാനും അവളും ഒരുമിച്ചുള്ള നല്ലനിമിഷങ്ങൾ എന്റെ കണ്ണുകളിൽ തെളിഞ്ഞു വന്നു..

ദീപു… മോനെ ദീപു…

അച്ഛൻ വന്ന് തട്ടിവിളിച്ചപ്പോളാണ് ഉറക്കത്തിൽ നിന്ന് പതിയെ ഉണർന്നത്..

അച്ഛാ.. ഞാൻ ഇവിടെ പ്രാർത്ഥിക്കുകയായിരുന്നു, ക്ഷീണംകൊണ്ട് ഉറങ്ങിപ്പോയി

മോനെ ഡോക്ടർ അകത്തു കയറി ഭദ്രയെ കണ്ടോളാൻ പറഞ്ഞിട്ടുണ്ട്.. നിന്നോട് കയറി കാണാൻ ആണ് എല്ലാവരും പറയുന്നത്…

എനിക്ക്… എനിക്ക് കാണണം അച്ഛാ… ന്റെ ഭദ്രയെ..

പിന്നീട് ഒരു ഓട്ടമായിരുന്നു… കുറെ ദിവസത്തിന് ശേഷം എന്റെ മുഖത്തുചിരി വിരിഞ്ഞു… ഹോസ്പിറ്റൽ ആണെന്ന് പോലും ഓർക്കാതെ ഞാൻ ഐ സി യൂ ന്റെ മുൻപിലേക്ക് ഓടി..

മിസ്റ്റർ മേനോൻ, ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തിട്ട് കയറിക്കോളൂ..ഭദ്രയെ അധികം സ്‌ട്രെയിൻ ചെയ്യിക്കരുത്.. വേഗം പുറത്തിറങ്ങണം..

ഓക്കേ ഡോക്ടർ… എനിക്ക് ഒന്ന് കണ്ടാൽ മതി… കണ്ണ് തുടച്ചുകൊണ്ട് ഞാൻ അകത്തേക്ക് കയറി..

ഭദ്രയുടെ അടുത്തേക്ക് നടക്കുംതോറും എന്റെ നെഞ്ചിടിപ്പ് കൂടി കൂടി വന്നു.. അവളുടെ രൂപം കണ്ടപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല.. തല മുഴുവൻ എന്തൊക്കെയോ വെച്ച് മൂടിയിട്ടുണ്ട്.. വായിലും മൂക്കിലും ട്യൂബുകൾ.. അവളുടെ മുഖം പോലും വല്ലാതെ മാറിപ്പോയി.. അവിടുത്തെ അന്തരീക്ഷം എന്റെ മനസ്സ്നെ വല്ലാതെ ഭയപ്പെടുത്തി

എന്റെ ഭദ്രേ.. എത്ര പെട്ടന്നാണ് നമ്മുടെ ജീവിതം മാറിമറിഞ്ഞത്… വെറും സെക്കൻഡുകൾ മതി നമ്മുടെ ജീവിതം നശിക്കാൻ എന്ന് പറയുന്നതെത്ര ശരിയാണ്….

കണ്ണുകളിൽ നീർത്തിളക്കം തുടങ്ങിയിരുന്നു.. പതിയെ ഞാനത് തുടച്ചുമാറ്റി.. ഭദ്രയുടെ അടുത്ത് പോയ്‌ പതിയെ വിളിച്ചു..

ഭദ്രേ…. എന്റെ ഭദ്രേ…. ഒന്ന് കണ്ണ് തുറക്കെടോ… നിന്റെ ദീപുഏട്ടനാണ് വന്നത്.. മോളെ…. എഴുന്നേൽക്ക്..

എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല… ഭദ്ര പതിയെ കണ്ണുകൾ തുറന്നു.. ഏറെ അതിശയത്തോടെ അവളെന്നെ നോക്കി..
എനിക്ക് സന്തോഷംകൊണ്ട് പറയാൻ വാക്കുകൾ ഉണ്ടായിരുന്നില്ല..

ദീ… പു… ഏ…

വേണ്ടാ… സംസാരിക്കേണ്ട… ന്റെ ഭദ്ര കണ്ണുതുറന്നല്ലോ അത് മതി… എനിക്കത് മതി… സന്തോഷംകൊണ്ട് എന്റെ ചുണ്ടുകൾ വിരിഞ്ഞു..

ഭദ്രേ…. ഭദ്രേ….

ഭദ്ര പിന്നീട് ഒന്നും മിണ്ടിയില്ല,
ഇമ ചിമ്മിയില്ല..
നിശ്ചലമായിരുന്നു..

പെട്ടന്ന് അവൾ ദീർഘശ്വാസമെടുക്കൻ തുടങ്ങി…
എന്റെ കാത് തകരുന്ന പോലെ ശബ്‌ദം ഉയരാൻ തുടങ്ങി..

അവിടമാകം ബഹളമായി.. ചുറ്റുനിന്നും സിസ്റ്റർമാർ വന്ന് എന്നെ പുറത്താക്കി.. പിന്നീട് അവിടെ വല്ലാത്തൊരു മുഹൂർത്തമായിരുന്നു.. ഡോക്ടറും സിസ്റ്റർമാരും എവിടുന്നൊക്കെയോ ഓടി വരുന്നുണ്ടായിരുന്നു…
എന്താ പറ്റിയതെന്നുള്ള അച്ഛന്റെ ചോദ്യത്തിന് പോലും ഉത്തരം നൽകാൻ കഴിയാതെ ഞാൻ പകച്ചു നിന്നു..

കുറച്ച് മണിക്കൂറുകൾക്ക് ശേഷം ഡോക്ടർ ഗോപിനാഥ്‌ പുറത്തിറങ്ങി വന്നു. എന്റെ കൈകളിൽ ചേർത്ത് പിടിച്ചു..

സോറി മിസ്റ്റർ മേനോൻ, ഞങ്ങളുടെ കഴിവിന്റെ പരമാവധി ശ്രെമിച്ചു.. പക്ഷെ…

ഇല്ലാ…….. ഇല്ലാ………….
ഞാൻ വിശ്വസിക്കില്ല… നിങ്ങൾ വഞ്ചിക്കുകയാണ്… എന്റെ ഭദ്ര എന്നെ വിട്ട് പോകില്ല… എനിക്കുറപ്പുണ്ട്… എന്നെ പറ്റിക്കുകയാണ്…. അവൾ അവൾ….

ആശുപത്രിയിൽ ആണെന്ന് പോലും ഓർക്കാതെ ഞാൻ അലറി വിളിച്ചു… എന്റെ ശബ്‌ദം അവിടമാകം മുഴങ്ങുന്നുണ്ടായിരുന്നു.. തല തല്ലി നിലവിളിക്കുമ്പോൾ ചുറ്റുമുള്ള കണ്ണുകൾ എന്നെ നോക്കാൻ പോലും കഴിയാതെ തലതാഴ്ത്തി..

പോസ്റ്റ്മോർട്ടം കഴിഞ്ഞ് വെള്ളപൊതിയിൽ ഭദ്ര എന്റെയടുത്തേക്ക് വരുമ്പോൾ കരയാൻ എന്റെ കണ്ണിൽ കണ്ണുനീർ ബാക്കിയുണ്ടായിരുന്നില്ല…

ഞാൻ പുഞ്ചിരിച്ചു.. തുന്നികെട്ടിയ അവളുടെ ശരീരം കെട്ടിപിടിക്കുമ്പോൾ അവളും എന്നെ ചേർത്ത് പിടിക്കുന്നതായ് എനിക്ക് തോന്നി..

അവളുടെ വീട്ടിലേക്ക് ആംബുലൻസിൽ യാത്രയാവുമ്പോളും ഞാനവളോട് വാതോരാതെ കളിപറഞ്ഞു.. പൊട്ടിച്ചിരിച്ചു..

ഒറ്റതിരിയിട്ട വിളക്കിന് മുൻപിൽ കണ്ണീർ പൊഴിച്ചു നിലവിളികൾ ഉയരുമ്പോൾ എന്റെ കണ്ണുകൾ മറ്റെന്തിനേയോ തേടി നടന്നു..

അരുതെന്നു പറഞ്ഞിട്ടും ഞാൻ ഭദ്രയെ കെട്ടിപിടിച്ചു.. കവിളിലും നെറ്റിയിലും ചുബിച്ചു.. ശ്വാസം തടസ്സപെടുന്ന പഞ്ഞി എടുത്തെറിയുമ്പോൾ ഞാൻ അട്ടഹസിച്ചു…

ഭദ്രേ… വാ… നമുക്ക് കല്യാണം കഴിക്കാം… വാ ഭദ്രേ…

ഞാൻ ഇടയ്ക്കിടയ്ക്ക് പറഞ്ഞുകൊണ്ടിരുന്നു..
അവസാനമായി രണ്ടിറ്റ് വെള്ളം അവളുടെ വായിൽ പകർന്നു നൽകുമ്പോൾ എന്റെ ശബ്‌ദം നിലയ്ക്കാൻ തുടങ്ങി..

അവസാനമായി എന്റെ മോൾക് ഒരുമ്മ കൊടുക്ക് മോനെ എന്ന് പറഞ് പൊട്ടിക്കരയുന്ന അമ്മയെ നോക്കി ഞാനവളെ ആർദ്രമായ് ചുബിച്ചു..
എന്റെ കഴുത്തിലെ മാല ഞാനവളുടെ വെള്ളപുതച്ച ശരീരത്തിൽ ചാർത്തുമ്പോൾ പതിയെ ഞാനവളുടെ ചെവിയിൽ മന്ത്രിച്ചു, ഇനി ആരും നിന്നെ കൊണ്ടുപോകില്ല.. നീ എന്റെ സ്വന്തമാണ്..
അച്ഛനും അമ്മയും തടഞ്ഞു.. എല്ലാവരും എന്റെ കൈ ചേർത്തുപിടിച്ചു…
കരഞ്ഞുകൊണ്ട് ഞാൻ പറഞ്ഞു..
പ്ലീസ്… ഇതിനെങ്കിലും അനുവദിക്കൂ..
ഞാനവളെ തുരുതുരെ ചുംബിച്ചു… പൊട്ടിക്കരഞ്ഞു… കരഞ് കരഞ് എന്റെ കണ്ണുകൾ പോലും വീങ്ങി വീർത്തു

നാലാളുകൾ അവളെയും കൊണ്ട് തെക്കേപറമ്പിലേക്ക് നടന്ന് നീങ്ങുമ്പോൾ, അമ്മയും ഭാമയും, ദിയയും അലറി കരയുമ്പോൾ എന്റെ കണ്ണുകൾ വീണ്ടും പെയ്യാൻ തുടങ്ങി..

ഉത്രാടത്തിനു ഊഞ്ഞാല് കെട്ടുന്ന മുറ്റത്തെ മൂവാണ്ടൻ മാവ് അവൾക്കുവേണ്ടി ചിതയൊരുക്കി, നിരത്തിവെച്ച മരക്കൊമ്പുകളിൽ അവൾ അമർന്നു കിടക്കുമ്പോൾ ഒന്ന് നോക്കിനിൽക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല…

എന്റെ സ്വപ്നങ്ങൾക്ക് മീതെ അഗ്നി പാളികത്തുമ്പോൾ ഞാൻ അലറി വിളിച്ചു..

ഭദ്രേ…. എന്റെ ഭദ്രേ….. ഭ…..ദ്രേ….
ഇനിയെനിക്കാരുണ്ട്..

എന്റെ നിലവിളിയുടെ ശബ്‌ദത്തിൽ ആ നാട് പോലും ഒന്ന് വിറച്ചിട്ടുണ്ടാകും..

തുടരും

ഭദ്രദീപ് : ഭാഗം 1

ഭദ്രദീപ് : ഭാഗം 2

ഭദ്രദീപ് : ഭാഗം 3

ഭദ്രദീപ് : ഭാഗം 4

ഭദ്രദീപ് : ഭാഗം 5

ഭദ്രദീപ് : ഭാഗം 6

ഭദ്രദീപ് : ഭാഗം 7

ഭദ്രദീപ് : ഭാഗം 8

ഭദ്രദീപ് : ഭാഗം 9

ഭദ്രദീപ് : ഭാഗം 10