Sunday, December 22, 2024
Novel

ആഇശ: ഭാഗം 9

നോവൽ
******
എഴുത്തുകാരൻ: Anush. A. Azeez

അങ്ങിനെ ഞാൻ വളരെ പ്രസന്നവതിയായി മാറിയിരിക്കുന്നു .ദുബായി നഗരത്തിന് പഴയ പ്രകാശം തിരികെ വന്ന പോലെ .

ഞാനും മോളും ചിരിച്ചും കളിച്ചും അങ്ങിനെ .ഞാൻ പറഞ്ഞല്ലോ മൂത്ത അനിയത്തി ആമിക്ക് ഇവിടെ ഒരു ട്രാവൽസിൽ ജോലി ശരിയാക്കിയെന്ന് .

അവൾ അടുത്ത മാസം വരും അവളുടെ വരവ് ഒരാശ്വാസമാകും .എനിക്കും മോൾക്കും ഒരു കൂട്ടാകും .പാസ്പോർട്ട് കിട്ടാൻ വൈകിയതാണ് അവൾ വരാൻ താമസിക്കുന്നത് .

അങ്ങിനെ ദിവസങ്ങൾ പോകവെ ഒരു ദിവസം രാവിലെ പതിനൊന്നാകാൻ പോകുന്നു .ഞാൻ ആ കാർ കണ്ടൊന്നു ഞെട്ടി .അതെ സാല .

ഈ വരവു എന്തായാലുമുണ്ടാകും എന്ന് എനിക്ക് മുന്നേ ഒരു ഊഹമുണ്ടായിരുന്നു .പക്ഷെ അവൻ കല്യാണമൊക്കെ അടുത്തപ്പോൾ ചിലപ്പോൾ മറന്നിട്ടുണ്ടാകാം എന്ന് കരുതിയതായിരുന്നു .

ഞാൻ ഫൈൻ പേപ്പർ എടുത്തു മുഖം തുടച്ചു .

അവൻ സുന്ദരനായിരിക്കുന്നു .ബുൾഗാൻ ചേർന്ന താടിയും ചുവന്ന ചുണ്ടുകളും .താടി രണ്ട് ഭാഗത്തും വരച്ചു ലെവൽ ആക്കിയത് പോലെ .

പളപളാന്ന് തിളങ്ങുന്ന അറബി കുപ്പായവും എടുത്ത് കാണിക്കുന്ന ലെതർ ചെരുപ്പും .

കണ്ണിൽ സൺഗ്ലാസ്സുകൾ വച്ചിട്ടുണ്ട് ഇപ്പോൾ ശരിക്കും ഹിന്ദി നടൻ ജോൺ എബ്രഹാമിനെ പോലെ .എന്തായാലും വരട്ടെ .ഞാൻ പ്രതീക്ഷിച്ച വരവാണിത് .

അവൻ അകത്തേക്ക് കയറിയതും രണ്ടു കാലും നീട്ടി നീട്ടി പമ്മി നടന്ന് ഞാൻ എന്റെ ഓഫീസ് മുറിയിൽ കയറി .

അവൻ വന്നു വാതിൽ കൊട്ടിയത് ഡോർ ഹാൻഡിലിൽ പിടിച്ചു തുറന്നു കൊണ്ടാണ് .സലാം …അകത്തേക്ക് വരാവോ .

തീർച്ചയായും .സുഖമാണോ സാല ചായ എടുക്കട്ടെ .എടുത്തോളൂ .ഞാൻ എണീറ്റു ചായ എടുക്കാൻ ഇലക്ട്രിക്ക് കെറ്റിലിൽ വെള്ളം ഒഴിച്ചു .

കപ്പിൽ പഞ്ചസാരയും തെയില സഞ്ചിയും ഇട്ടു .അവൻ ചെറു പുഞ്ചിരിയോടെ എന്നെ നോക്കിയിരിക്കുന്നു .

വെള്ളം തിളച്ചത് കപ്പിൽ ഒഴിച്ചു അവന്റെ മുന്നിൽ വച്ചു .ഒരു കുപ്പി വെള്ളവും എടുത്ത് വെച്ചു .അതെടുത്ത് നുണഞ്ഞു കൊണ്ട് അവൻ തുടർന്നു .

ആയിശാ എന്റെ കല്യാണമാ അടുത്താഴ്ച .ഇതാ നിനക്കുള്ള ക്ഷണക്കത്ത് .ഞാൻ പ്രതീക്ഷിച്ചിരുന്നു സാലാ നീ ഈ കത്തുമായി വരുമെന്ന് .

രണ്ടു മൂന്നു ആഴ്ച മുന്നേ ഞാൻ കേട്ടിരുന്നു നിന്റെ വിവാഹം ഉറപ്പിച്ചെന്ന് .

ആയിശാ നീ എത്ര കൂളായി ഇത് പറയുന്നത് ,നിനക്ക് യാതൊരു വിഷമവും ഇല്ലേ?

ഞാൻ നിന്റെ ഒരു കോൾ വരുമെന്ന് പ്രതീക്ഷിച്ചു .

എന്തിന് സാല ഞാൻ വിഷമിക്കണം ,ഞാൻ ജീവിക്കുന്നില്ലേ ദാ നോക്ക് നല്ല വസ്ത്രം നല്ല ചുറ്റുപാട് നല്ല സന്തോഷമുള്ള മുഖം .നിനക്കും സന്തോഷിക്കണ്ട സമയമല്ലേയിപ്പോൾ .

എന്ത് സന്തോഷം ആയിഷ ,എനിക്ക് ഇനി കല്യാണത്തിന് 8 ദിവസം ഉള്ളൂ എന്നിട്ടും പുറമെയുള്ള എന്റെ മേക്കപ്പ് നോക്കണ്ട നീ .. എന്റെഉള്ള് നിറയെ വേദനയാ .

എന്തിനാ സാലാ വേദന ,പെണ്ണെന്തായാലും സുന്ദരി ആയിരിക്കും ഇഷ്ടം പോലെ പണം കൊടുക്കുവാൻ നിന്റേൽ ഉണ്ട് .തീർച്ചയായും നീ കണ്ട് പിടിച്ചത് ഒരു സുന്ദരി തന്നെയാകും …

നീ കല്യാണമൊക്കെ കഴിച്ച് അടിച്ച് പൊളിക്ക് സാലാ .ഹും എത്ര മനോഹരമായി നീ അഭിനയിക്കാൻ പഠിച്ചിരിക്കുന്നു ,എന്നാൽ എനിക്കതറിയില്ല ആയിശ …

ഈ ചങ്ക് മുഴുവൻ നീയാണ് നീ മാത്രം നീ പറഞ്ഞ സുന്ദരിയുണ്ടല്ലോ അവൾക്കിതുവരെ ഈ ചങ്കിൽ നിന്നെ തട്ടി മാറ്റി കയറികൂടാൻ കഴിഞ്ഞിട്ടില്ല കാരണം നീ എന്റെയുള്ളിൽ നിന്ന് പടി ഇറങ്ങിയിട്ടില്ലാത്തതു കൊണ്ട് മാത്രമാണ് .

ഒന്നോർക്കണം ആയിശാ ..

“എന്നെ തിരിഞ്ഞു നോക്കാഞ്ഞിട്ടും
ഞാൻ നിന്റെ പിറകേ ഉള്ളത്
എനിക്ക് വേറെ ആരെയും കിട്ടാത്തത് കൊണ്ടോ ഞാൻ
പൊട്ടനോ ആയതു കൊണ്ടല്ല .

എന്നെ നൂറു വെട്ടം ഒഴുവാക്കിയിട്ടും
പിറകെ വരുന്നത്
എന്നെ സ്നേഹിക്കാൻ മറ്റാരും ഉണ്ടാകില്ല എന്ന് തോന്നിയിട്ടും അല്ല

മറിച്ച് എന്റെ ഹൃദയത്തിന്
നിന്നെ ഒഴുവാക്കാനോ മറക്കാനോ
സാധിക്കാത്തത് കൊണ്ട് മാത്രമാണ് ”

മറക്കണം സാലാ നീ മറക്കണം .

മറന്നേ പറ്റൂ .നീയും ഞാനും വലിയ വ്യത്യാസമുള്ളവരാണ് .നീ സ്നേഹവും ആത്മാർത്ഥതയും ഉള്ളവനാ … കുറച്ച് കഴിയുമ്പോൾ പതിയെ നീ അവളെ സ്നേഹിച്ചു തുടങ്ങിക്കോളും .

നിന്നെ പോലെയുള്ള ഒരാളെയാണ് ഓരോ പെണ്ണും ആഗ്രഹിക്കുന്നത് .

ആയിശാ ഒരുപാട് അഭിനയിക്കരുത് .നിന്റെ കണ്ണുകൾ പോലും പറയുന്നു നീ എന്നെ സ്നേഹിച്ചിട്ടുണ്ടെന്ന് ,ഇപ്പോഴും നീ സ്നേഹിക്കുന്നുണ്ടെന്ന് .

ഇല്ല സാലാ ,ഇല്ല മുമ്പ് എനിക്ക് പല തെറ്റുകൾ വന്നു പോയി ഞാനിന്ന് തിരുത്തി ജീവിക്കാൻ ശ്രമിക്കുകയാണ് .

സാല ഇരുന്നിടത്ത് നിന്ന് എണീറ്റു …എത്ര മനോഹരം നിന്റെ ഈ വാക്കുകളും അഭിനയവും .

അപ്പോൾ നിനക്ക് സംഭവിച്ച വെറും തെറ്റുകളിൽ ഒന്നായിരുന്നു അല്ലേ ഞാൻ.
അയാൾ രണ്ടു കൈ കൊണ്ടും എന്റെ തോളുകളിൽ പിടിച്ചു .നീ അപ്പോൾ എന്നെ സ്നേഹിച്ചിട്ടില്ലേ …. ഇല്ലേ ….

സാലാ ശബ്ദം കുറക്കൂ പ്ലീസ് .. ഇത് ഓഫീസാണ് .

പുറത്ത് കസ്റ്റമേഴ്സ് ഒക്കെ ഉള്ള തിരക്കു സമയമാണ് അടഞ്ഞ മുറിയെങ്കിലും ശബ്ദം വെളിയിൽ കേൾക്കും പ്ലീസ് പതുക്കെ ,നീ ഇപ്പോൾ പോകൂ സാലാ ഞാൻ നിന്റെ കല്യാണത്തിന് വരാം.

ഇത് പറയാൻ മുഖത്ത് തല ഉയർത്തി നോക്കി നീ സംസാരിക്കാത്തത് എന്ത് ആയിശാ , നീഎന്നെ നോക്ക് ആയിശാ … എന്റെ മുഖത്തേക്ക് … ഇനി നീ പറയൂ…അല്ലാതെ …നീ അങ്ങനെ എന്നെ പറഞ്ഞ് വിടാൻ നോക്കണ്ട.

എന്റെ മുഖത്തേക്ക് നോക്കി പറ ,
ഞാനയാളുടെ മുഖത്തേക്ക് നോക്കി നിന്നു .
സാല തുടർന്നു …

നീ എന്നെ സ്നേഹിച്ചിട്ടില്ലേ ?
മിണ്ടില്ല നീ …. അതു പറയാൻ വായ തുറക്കില്ല നീ .
നിനക്ക് എന്നെ ഇഷ്ടമല്ലേ ?
അല്ല ഇഷ്ടമല്ലായിരുന്നോ ?

ഇപ്പോൾ നീ പറഞ്ഞാലും എന്റൊപ്പം നീ ജീവിക്കുമെങ്കിൽ ഞാൻ നിന്നെ തന്നെ കല്യാണം കഴിക്കും .

പറ ആയിശാ നീ എന്നെ സ്നേഹിച്ചിട്ടില്ലേ .

എന്റെ കണ്ണുകൾ നിറഞ്ഞു .ആദ്യത്തെ തുള്ളികൾ കണ്ണിൽ നിന്നു താഴേക്ക് ഓടിയിറങ്ങി എന്റെ കവിളുകൾക്കു മീതെ .
എന്റെ ചുണ്ടു വിതുമ്പി പൊട്ടി .

ഞാൻ സാലയുടെ മാറിൽ തല വെച്ചു .

സാലാ എന്റെ സാലാ ഒത്തിരിയൊത്തിരി ഇഷ്ടാ നിന്നെ .എന്റെ ജീവനാണ് നീ .

ഞാൻ എന്റെ കൈകൾ കൊണ്ടവനെ കെട്ടി പിടിച്ചു കൊണ്ടായിരുന്നു .അവൻ എന്നെയും ഇറുക്കി ശക്തിയോടെ കെട്ടി പിടിച്ചു .
എന്റെ ആയിശാ നീ എന്റെ റൂഹാണ് .

അത്രയേറെ സ്നേഹിക്കുന്നു നിന്നെ .എന്റെ ഹൃദയം മുഴുവൻ നീ മാത്രമാണ് ആയിശാ.
അവന്റെ ഹൃദയമിടിപ്പ് എനിക്ക് ശരിക്കും കേൾക്കാമായിരുന്നു .

അവന്റെ ചുണ്ടുകൾ എന്റെ ചുണ്ടിൽ ചേർന്നു .ശക്തിയോടെ അവനിലേക്ക് എന്നെ അവൻ ചേർത്തു പിടിക്കുമ്പോൾ എന്റെ ശരീരം ചുരുങ്ങി ചെറുതായിരിക്കുന്നു .

ഞാൻ കൈകൾ കൊണ്ട് കുതറി മാറാൻ ശ്രമിച്ചു .
സാലാ ഞാൻ പൊക്കോട്ടടാ ഈ ആയിശായെ വെറുതെ വിട്ടേക്കൂ .ഞാൻ സങ്കടപ്പെട്ട് മരിച്ചു പോകുമെടാ …. നിന്നെ ഓർത്തിനി കരയാൻ വയ്യടാ .

നീ എന്നെ മറക്കണം സാലാ ….. എനിക്ക് ഒരിഷ്ടക്കുറവുമില്ല നിന്നെ മറക്കാനും കഴിയില്ലെനിക്ക് .ആയിശാ ഞാൻ മരിക്കും വരെ നിന്നെയും എനിക്ക് മറക്കാൻ കഴിയില്ല .

ഞാൻ നിന്നെ കൊണ്ട് പോകട്ടെ ആയിശാ .വേണ്ട സാലാ വേണ്ട …

നമ്മൾ ഒരിക്കലും ചേരാൻ പാടില്ല .

അത് പല കള്ള ആരോപണങ്ങളിലെ കള്ളങ്ങളെയും ശരിയായ ആരോപണങ്ങളാക്കി മാറ്റും .എനിക്ക് ജീവിതത്തിൽ തോറ്റ് തോറ്റ് മനസ്സ് മരവിച്ചിരിക്കുന്നു സാലാ .

ഇനി ആയിശയും സാലയും രണ്ടാണ് .
സാലാ നീ പോകൂ……

കുറേ നേരം അവൻ ഓഫിസിന്റെ ടേബിളിൽ തല താഴ്ത്തി ഇരുന്നു .ഞാൻ എന്റെ കസേരയിൽ മൗനത്തോടയും .

പിന്നെ അവൻ എണീറ്റു കൈകൾ നീട്ടി ….കൈ തന്നു .പിന്നെ എന്റെ കൈ പിടിച്ചു അതിൽ ഒരു മുത്തം വെച്ചു .എന്റെ കൈകൾ എനിക്ക് തന്നെ വിട്ടു തന്നു കൊണ്ടയാൾ ഇറങ്ങി .

അയാൾ അവസാനം കാറിൽ കയറി പോകും മുമ്പ് എന്നോട് പറഞ്ഞത് .

” ഞാൻ തോറ്റ് പോയത് എന്റെ ശരികൾക്ക് മുന്നിലല്ല ,മറിച്ച് നിനക്ക് മാത്രം ശരിയെന്ന് തോന്നിയ ശരികൾക്ക് മുന്നിലാണ് .

അതെന്റെ തോൽവിയോടെയുള്ള പിൻമാറ്റമായി നീ കണക്കാക്കരുത് .

കാരണം
എന്റെ ഹൃദയത്തിനുള്ളിൽ ഒരു മാറ്റവും വരുത്തുവാൻ കഴിയാത്തതാണ് നിന്റെത് മാത്രമായ നീ കണ്ടെത്തിയ ശരികളിലൂടെയുള്ള നിന്റെ പിൻമാറ്റം .

അതറിയുവാൻ കാലങ്ങളും അനുഭവങ്ങളും ഇനി അഭിപ്രായം പറയട്ടെ ”
……..
സാലയുടെ കല്യാണത്തിന് നന്നായി ഒരുങ്ങി സാലക്കിഷ്ടമുള്ള ചുവന്ന നിറത്തിലുള്ള ഡ്രസ്സ് തന്നെയെടുത്തു .ആ കളറിൽ ഉള്ള ഡ്രെസ്സിട്ട് എന്നെ കാണാനാണ് അവനിഷ്ടം .

അവരുടെ വീട്ടിൽ അറബികൾക്കിടയിൽ ഒരു സുന്ദരിയെ പോലെ .പലരും ചോദിച്ചു നീ ആരാണ് …ഇത് ഇന്ത്യൻ വേഷമല്ലേ എന്നൊക്കെ .

അറേബ്യൻ കാപ്പിയും പല തരം ഈ ഈന്തപ്പഴങ്ങൾ ,സ്വർണ്ണ നിറത്തിലുള്ള താലങ്ങൾ നിറയെ മിഠായികൾ ,അറേബ്യൻ പലഹാരങ്ങൾ ,കേക്കുകൾ .. മണവാളനൊത്ത് മുറിക്കാൻ കൂറ്റൻ കേക്ക് കൊണ്ട് വച്ചിരിക്കുന്നു .

ഒരു ഉത്സവത്തെ ഉണർത്തും വിധമാണ് എല്ലാം നടക്കുന്നത് .

സാലയുടെ മണവാട്ടി മേക്കപ്പിൽ ഇരിപ്പുണ്ട് രാജകീയമായ വലിയ കസേരയിൽ ,സുരസുന്ദരി ആണ് … രാജകീയമായ കല്യാണം തന്നെ ആണ്.

ആഡംഭരമെന്തെന്ന് ശരിക്കും കണ്ടറിഞ്ഞത് അന്നാണ് .

സ്വർണ്ണം വാരി വിതറിയതു പോലെയാണ് സ്ത്രീകൾ ആഭരണങ്ങൾ അണിഞ്ഞിരിക്കുന്നത് ,സാലയുടെ ഉമ്മയോ കുടുംബക്കാരോ എന്നെ നല്ല രീതിയിൽ തന്നെയായിരുന്നു സ്വാഗതം ചെയ്തത് .

അറബി സ്ത്രീകളുടെ കുരവയിടലും ചെണ്ടകൾ കൊട്ടിയുള്ള പാട്ടും ,നൃത്തങ്ങളും ഒക്കെ കണ്ട് ഞാനിറങ്ങി. അത്ഭുതം മറ്റൊന്നായിരുന്നു .ഇറങ്ങും മുമ്പ് സാലയുടെ ഉമ്മയോട് യാത്ര പറയുമ്പോൾ .

“എന്റെ സുന്ദരി എന്നും പറഞ്ഞ് തന്നെ എന്നെ കെട്ടിപ്പിടിച്ച് ഒരുമ്മ തന്നു സലാമും പറഞ്ഞാണ് എന്നെ മടക്കിയത് .
ഞാൻ ആഘോഷങ്ങൾക്കിടയിൽ നിന്നിറങ്ങി വണ്ടിയിൽ കയറി യാത്രയായി .

സാലയെ കാണാൻ കഴിഞ്ഞില്ല .മണവാളൻ ആണുങ്ങളുടെ ഭാഗത്തേ ഉണ്ടാകൂ .ഇവിടേക്ക് ഞാനിറങ്ങും വരെ അവനെ അവിടേക്ക് വന്ന് കണ്ടില്ല .

ചിലപ്പോൾ ചടങ്ങുകൾക്ക് അവസാനം വരുമായിരിക്കും ഞാനതു വരെ കാത്തു നിൽക്കാതെയാണിറങ്ങിയത് .

ഞാൻ വീട്ടിലെത്തി കുറേ നേരം മോളുടെ വർത്തമാനങ്ങളും കേട്ട് അങ്ങിനെ ഇരുന്നു .തുറന്നു പറയാം കാരണം മറ്റൊന്നുമല്ല സാലയെ മറക്കണം മറന്നേ മതിയാകൂ .

ഞാൻ പിന്നെയും കുറേ ദിവസങ്ങൾ സ്വയം ഓരോ തിരക്കുകളിൽ ഏർപ്പെട്ടും മകളെ കളിപ്പിച്ചു കൊണ്ടും പുറത്ത് കറങ്ങി നടന്നും സാലയെ മറന്നു തുടങ്ങാൻ ശ്രമിച്ചു കൊണ്ടിരുന്നു .

അതിന് വലിയ ആശ്വാസം തോന്നിയത് ആമിയുടെ വരവോടെയാണ് ഉത്സവം വന്ന് ചേർന്ന പോലെ ആയിരുന്നു .ഉപ്പ എന്റെ മോൾക്ക് ഒരു വെള്ളി പാദസ്വരം കൊടുത്തു വിട്ടു .

ഇവിടെ കിട്ടുമെന്നറിയാമെങ്കിലും എന്റെ മിണ്ടാട്ടം കൊണ്ട് തന്നെയാകും കാരണം .കുറേ പലഹാരങ്ങളും ഒക്കെയായിട്ടാണ് അവൾ വന്നത് .

അവൾ ജോലിക്ക് കയറി ഡ്രൈവർ സുധീർ എന്നെ ഇറക്കിയ ശേഷം അവളെ കൊണ്ട് വിടും ട്രാവൽസിൽ.

വൈകിട്ട് അവളെയും കൊണ്ട് സൂപ്പർ മാർക്കറ്റിൽ വരും .പിന്നെ ഒരുമിച്ച് തിരികെ പോകും .

ചില ദിവസങ്ങളിൽ മോളും വണ്ടിയിൽ വരും ഞങ്ങൾ ഈ നഗരം ആസ്വദിച്ചിട്ടേ പിന്നെ വീട്ടിലേക്കുള്ളൂ .

ഇതിനിടയിൽ ഒന്നു മക്ക മദീനത്ത് പോകണം കുറേ നാളായി ആഗ്രഹിക്കുന്നു .നോക്കാം ഇടക്ക് സമയം കിട്ടട്ടെ എന്ന് കരുതി നീണ്ട് പോയതാണ് .

അങ്ങിനെ ഇരിക്കെ പത്ത് ദിവസ പാക്കേജിൽ പോകാൻ പേപ്പറൊക്കെ റെഡിയാക്കി .

അതിനിടയിലാണ് കുറച്ച് ദിവസം ആമി സൂപ്പർ മാർക്കറ്റിലേക്ക് വരാതാകുന്നത് .തുള്ളി ചാടി വന്നിരുന്ന പെണ്ണാണ് ഇവൾക്കിതെന്ത് പറ്റി എന്ന് ഇന്നറിഞ്ഞിട്ട് തന്നെ കാര്യം .

ടീ ആമീ നീ എന്താടീ ഇപ്പോൾ അങ്ങോട്ടേക്ക് വരാത്തത് .നിനക്ക് എന്താ പറ്റിയെ .എന്നോടും ചൊവ്വിന് മിണ്ടുന്നില്ല എന്ന് എനിക്കും തോന്നി തുടങ്ങീക്കണ് .

എന്താ നിന്റെ പ്രശ്നം .വന്ന് മൂന്ന് മാസമല്ലേ ആയുള്ളൂ .’ ട്രാവൽസിൽ നിന്ന് ശമ്പളം കിട്ടിയില്ലേ ഈ മൂന്നു മാസവും .പിന്നെന്താ പ്രശ്നം .അതോ മോൾക്ക് ജോലി ഓവറാണോ ?

അതോ എന്റെ ഭാഗത്ത് നിന്നും ഞാനറിയാതെ വല്ല തെറ്റും സംഭവിച്ചിട്ടുണ്ടോ ?
“നീ” തന്നെയാണ് പ്രശ്നം ,അറിയാതല്ല അറിഞ്ഞു കൊണ്ട് ചെയ്ത തെറ്റുകൾ …

ആമിനാ … എന്താ മോളേ …. നിന്റെ ഇത്താത്ത യല്ലേ ഞാൻ … നീയെന്താ വിളിക്കുന്നതും പറയണതും ആമി മോളേ ബോധം ഉണ്ടോ? .

ഇത്താത്ത പോലും അത് പറയാൻ എനിക്ക് അറപ്പാ … നിങ്ങടെ അനിയത്തി എന്ന് പറയാൻ നാണം തോന്നുന്നു .
എന്താ മോളേ നിനക്ക് പറ്റിയത് .

“നീ” പിഴച്ചവളാന്ന് അന്ന് നാട്ടുകാരും വീട്ടുകാരും പറഞ്ഞപ്പോൾ ഞാൻ പ്രാർത്ഥിച്ചിരുന്നു അത് ഒന്നും സത്യമാകരുതേന്ന് .

ഞാൻ പലരിലും നിന്നറിഞ്ഞു നീ വെറും പിഴച്ചവളാണന്ന്. വല്ല അറബികളുമായി അന്തിയുറങ്ങിയിട്ട് … ഛെ….മറ്റുള്ളോരെ കൂടി നാറ്റിക്കാൻ .

ഞാൻ ഇനി ഈ വീട്ടിൽ നിൽക്കാനും ഉദ്ദേശിക്കുന്നില്ല .ഞാനിന്നിറങ്ങുവാ ഇവിടെ നിന്ന്.

ഇനി ഇവിടെ നിന്നാൽ ഞാനും ചിലപ്പോൾ പിഴച്ചു പോകും .
ഞാൻ കുറേ നാളിന് ശേഷം തരിച്ചു നിന്ന നിമിഷം .

അവൾ പെട്ടിയും എടുത്ത് പുറത്തേക്ക് ഇറങ്ങി .അതും നോക്കി നിൽക്കുവാനേ എനിക്ക് കഴിഞ്ഞുള്ളു അപ്പോൾ.

സുധീർ കൊണ്ട് വിടാന്ന് പറഞ്ഞെങ്കിലും അവൾ ടാക്സിയും വിളിച്ചാണ് പോയത്.

പിന്നെ കുറച്ച് ദിവസം കഴിഞ്ഞ് ഞാനറിഞ്ഞത് കൂടെ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ രണ്ട് പെൺകുട്ടികൾക്കൊപ്പം റൂം ഷെയർ ചെയ്ത് കൂടിയെന്നാണ് .

പിന്നെ ഞാൻ അവളെ വിളിച്ചതുമില്ല അവൾ എന്നെ വിളിച്ചതുമില്ല .അവൾക്കിനി എന്നെ കൊണ്ടുള്ള ആവശ്യം ഒന്നും വരില്ല .

നല്ല സ്ഥാപനത്തിൽ നല്ല ശമ്പളത്തോടെ ഉള്ള ജോലി .സ്വയംപര്യാപ്തത നേടിക്കഴിഞ്ഞിരിക്കുന്നു എന്റെനിയത്തിക്കുട്ടി.

പിന്നെന്തിനാ എന്നെ വിളിക്കുന്നത് .

പക്ഷെ ഇതൊന്നും ഇനി ആയിശായെ പിടിച്ചു കുലുക്കില്ല .ആയിശാക്കിനി അതൊന്നും അറിയുകയും വേണ്ട .

അവൾക്കൊരു വഴി തുറന്നിട്ടു കൊടുത്തു അത്രേയുള്ളു, ഈ ലോകമൊക്കെ കണ്ട് അവൾ പഠിക്കട്ടെ പലതും ,അവൾ രക്ഷപ്പെടട്ടെ .അത് മാത്രേയുള്ളു ഈ ആയിശാക്ക് .

ഞാൻ നാളെ സൗദിയിലേക്ക് ഉംറ തീർത്ഥാടനത്തിനായി തിരിക്കുകയാണ് മോളോടൊപ്പം .

ഈ യാത്ര പോകും മുമ്പ് വിളിച്ചു പറയാൻ ഈ ആയിശാക്ക് ആരും ഇല്ല എന്നതാണ് ഇത് വരെയുള്ള ഏറ്റവും വലിയ ജീവിത സമ്പാദ്യം .

അതായത് എനിക്ക് വേണ്ടി ആരും ഇല്ല എന്നർത്ഥം .ഉപ്പയില്ല ഉമ്മയില്ല കൂട്ടുകാരികളില്ല സത്യത്തിൽ ചിലർ ജീവിതം ജീവിക്കുകയല്ല ,ജീവിതത്തിൽ പോരാടുകയാണ് .

എന്റെ ജീവിതവും വെറും പോരാട്ടം മാത്രമായി പോയില്ലേ .

അതും യാത്ര പോകുന്നത് പോലും വിളിച്ചു പറയാൻ പോലും ഒരാളില്ലാതെ ആയിശ ഒറ്റപ്പെട്ട് പോയി എന്ന് ഞാൻ സ്വയം തിരിച്ചറിഞ്ഞ ഒരു നിമിഷം .

തുടരും

ആഇശ: ഭാഗം 1

ആഇശ: ഭാഗം 2

ആഇശ: ഭാഗം 3

ആഇശ: ഭാഗം 4

ആഇശ: ഭാഗം 5

ആഇശ: ഭാഗം 6

ആഇശ: ഭാഗം 7

ആഇശ: ഭാഗം 8