Saturday, January 18, 2025
Novel

ആഇശ: ഭാഗം 8

നോവൽ
******
എഴുത്തുകാരൻ: Anush. A. Azeez

ദുബായി എയർപ്പോർട്ടിൽ വന്നിറങ്ങി .ഡ്രൈവറായ സുധീർ കാത്തു നിൽപുണ്ടായിരുന്നു .വണ്ടിയിൽ കയറി നേരെ വീട്ടിലെത്തി .എന്നെ കണ്ടതും റംല ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു .ഒന്നും പറയാനുണ്ടായിരുന്നില്ല റംലയോട് .ഒന്നു കുളിച്ചു .

അപ്പോളേക്കും റംല കട്ടൻ ചായ കൊണ്ട് വന്ന് വെച്ചു .

ഞാൻ ഒന്നും മിണ്ടാത്തോണ്ടാകണം .ഞാൻ പാൽ ഉപയോഗിക്കാത്തോണ്ടും ആയിശ ഇന്ന് വരും എന്ന് ഒട്ടും പ്രതീക്ഷിച്ചില്ല അതു കൊണ്ട് പാൽ വാങ്ങി വെച്ചില്ലായിരുന്നു .അതാ കട്ടൻ ചായ ഇട്ടത് .പാൽ കൊണ്ടു വരീക്കണോ .

ഞാൻ ഒരു കൈ ഉയർത്തി വേണ്ട എന്ന ആഗ്യം മാത്രം കാട്ടി .
മോളാണെങ്കിൽ കുളിച്ചുടൻ കയറി ഉറങ്ങിയിരിക്കുന്നു .

വീടും ചുറ്റുവട്ടവും എല്ലാം ഒരു ഇരുട്ടു മൂടിയത് പോലെ .ഫോണിൽ അനിയത്തിയുടെയും ഉമ്മയുടെയും മിസ് കോളുകൾ .

ഞാൻ എടുത്ത് നോക്കി ഫോൺ ചാർജ് ചെയ്യാനിട്ടു .ഞാൻ അവരെ തിരിച്ചു വിളിക്കാൻ പോയില്ല .

ബെഡ് ലാമ്പിട്ടു കട്ടിലിൽ ചാരി ഇരുന്നു .ഇനി കരയാൻ വയ്യ .

ഇനി പുതിയ അവരാധം കൂടി നാട്ടിൽ പാട്ടായിട്ടുണ്ടാകും .അവൾ പിഴച്ചവൾ തന്നാ ഭർത്താവ് മരിച്ചിട്ടും അതു കൊണ്ടാ
നാല്മാസത്തോളം തികച്ച് ഒരു മുറിയിൽ ഇരുന്ന് മതാചാരം പോലും പൂർത്തിയാക്കാഞ്ഞത് എന്ന് .

മാനേജർ സാം എത്തി എന്നറിഞ്ഞു വിളിച്ചു .

രണ്ട് സൂപ്പർ മാർക്കറ്റിന്റെയും വാടക കൊടുത്തോ എന്നന്വേഷിച്ചു .നാളെ കണക്കുകൾ ഒന്ന് വീട്ടിൽ കൊടുത്ത് വിടാൻ പറഞ്ഞു .

എല്ലാവർക്കും ഞാൻ ഇപ്പോൾ വെറും കൊള്ളരുതാത്തവളായി .വീട്ടുകാർക്കും നാട്ടുകാർക്കും എല്ലാം .

നാട്ടുകാരെ മനസ്സിലാക്കാം പക്ഷെ എന്റെ വീട്ടിലുള്ളവർ പോലും എന്നോട് ഒന്നും ചോദിക്കാതെ ….

അതെങ്ങിനെ ചോദിക്കാനാ പണ്ടും വിളിക്കുമ്പോൾ യൂസുഫിന് വേണ്ടി പണയം വെച്ചതും പലിശയുടെ കണക്കുകളും മാത്രമല്ലേ അവർക്ക് സംസാരിക്കാനുണ്ടായിരുന്നുള്ളൂ .

അതവർക്ക് എല്ലാം തിരികെ കിട്ടുകയും ചെയ്തു .ഇനി ഞാൻ വലിയ ബാധ്യതയായി തോന്നിക്കാണും .അനിയത്തിമാരെ കുറിച്ചോർത്തിരുന്നേൽ ഞാൻ പിഴച്ചവളാകുമായിരുന്നില്ലത്രെ .

എന്നിട്ടാണോ മൂത്ത അനിയത്തിയെ ഞാൻ ട്രാവലിങ്ങ് അയാട്ടാ കോഴ്സ് പഠിക്കാൻ വിട്ടത് ? മറ്റവളെ നല്ല കോളജിൽ ഡിഗ്രിക്ക് ചേർത്തത് ?

ഞാൻ പൊട്ടനാക്കാൻ നോക്കിയത്രെ എങ്കിൽ ഇങ്ങോട്ട് അവരെ കൊണ്ട് വരാതിരുന്നാൽ പോരായിരുന്നോ ?

എന്റെ തെറ്റാ എല്ലാം അവരും കുറേ എന്റെ കൂടെ എനിക്ക് വേണ്ടി വിഷമിച്ചതല്ലേ എന്നോർത്ത് ഞാൻ ചെയ്ത തെറ്റ് .

ഒന്നെനിക്ക് ഇപ്പോൾ മനസ്സിലായിരിക്കുന്നു കടങ്ങൾ നമുക്ക് എങ്ങിനെയും വീട്ടാം എന്ന് വെച്ച് നാട്ട്കാര് പറയും പോലെ പിഴച്ച വഴിയിൽ അല്ല .

ദൈവം ഒരു വഴി എവിടെയെങ്കിലും നമുക്കായി ഒരു വഴി തുറന്ന് വെച്ചിട്ടുണ്ടാകും അത് കണ്ടെത്തും വരെ നമ്മൾ ക്ഷമയോടിരിക്കണം.

അതു വരെയേ കടങ്ങൾ നില നിൽക്കുകയുള്ളൂ പക്ഷെ ബന്ധങ്ങൾ ,അത് മുറിച്ചുള്ള വാക്കുകൾ ,ഉള്ള കടത്തെയോർത്ത് തൊടുത്ത് വിടുന്ന മാനസിക പീഡനങ്ങൾ അത് എക്കാലവും നില നിൽക്കും നമ്മൾ മണ്ണിനടിയിൽ പോകും വരെ .

പരസ്പരം അത് ആര് തന്നെയായാലും പറയുന്ന വാക്കുകൾ എത്ര വലിയ കടം വീട്ടിയാലും അത് മുർച്ച നഷ്ടപ്പെടാത്ത വാളിനെ പോലെ നമ്മെ കുത്തി നോവിക്കും എക്കാലവും.

യൂസുഫിന്റെ മരണം അതും ഇപ്പോൾ നാട്ടുകാർക്ക് ഞാനാ കാരണക്കാരി .

യൂസുഫ് അവന്റെ ഉമ്മാനെ വിളിച്ച് സംസാരിച്ച സമയത്തിന്റെ പകുതി സമയം എന്നോട് സംസാരിച്ചിരുന്നെങ്കിൽ അയാൾക്ക് ഒരാശ്വാസം കിട്ടുമായിരുന്നെങ്കിൽ ,

ഞാൻ പിഴച്ചവൾ എന്ന് തോന്നിയാൽ എന്നെ ഒഴുവാക്കി അയാൾക്ക് ഇതെല്ലാം നോക്കി എന്നെക്കാൾ ഒരു മികച്ച ഭാര്യയെ വേറെ കെട്ടാമായിരുന്നല്ലോ ?

അല്ലാതെ ഈ ആയിശാക്ക് ആർഭാടവും വേണ്ട ഈ സൂപ്പർ മാർക്കറ്റുകളും വേണ്ട .

പകരം ഇത്തിരി കരുണ ആരെങ്കിലും എന്നോട് കാട്ടിയാൽ മാത്രം മതിയായിരുന്നു .

എന്റെ ചിന്തകൾ നീണ്ടു .ചിന്തിക്കാൻ എനിക്ക് ഒരു പാട് സമയം ഉണ്ടായിരുന്നു ആയിശ എന്ന ഈ പിഴച്ചവൾക്ക് .

മൂന്ന് മാസം ഇരുപത്തിയഞ്ച് ദിവസം കൂടി സമയം കിട്ടി ഇരുന്ന് ചിന്തിക്കാൻ .

ഞാൻ നാട്ടിൽ മുടങ്ങിയ ഇദ്ദ ഇരിക്കണം , മതാചാരപ്രകാരം നാല് മാസം പത്ത് ദിവസം എന്ന കണക്ക് ഇവിടെ ഈ വീട്ടിൽ ഇരുന്ന് ,ഈ മുറി വിട്ടു ഇറങ്ങാതെ നാട്ടിൽ മുടങ്ങിയത് നിന്ന് ഇവിടെ തുടർന്നു പൂർത്തീകരിച്ചു .

ആരെ കൊണ്ടും ഞാൻ നല്ലവളാ എന്ന് കഥ പറയിപ്പിക്കുവാനല്ല മറിച്ച് ഞാനും ദൈവവും തമ്മിൽ പറഞ്ഞു തീർത്തതാണ് .

എന്നിക്കറിയില്ല ഇങ്ങനെ പതിനഞ്ച് ദിവസം നാട്ടിലും ബാക്കി ഇവിടെയും പൂർത്തീകരിക്കാമോന്ന് പക്ഷെ ഞാൻ എന്റെ മനസ്സാക്ഷിക്ക് ഇനി ഇതെന്നെ നോവിക്കരുത് ആയതിനാൽ ഞാനിന്ന് പൂർത്തീകരിച്ചു .

സാല എന്നെ തിരക്കി വന്നു പോയിരുന്നെന്നറിഞ്ഞു .
മൊബൈലിൽ വിളിച്ചിടും ഞാനെടുത്തിരുന്നില്ല .

ഞാൻ എന്റെ പഴയ ജീവിതത്തിലേക്ക് .അതുവരെ സാം കണക്കുകൾ വീട്ടിൽ എത്തിച്ചിരുന്നു .റംല എന്റെ മുറിയിൽ കൊണ്ട് വന്ന് തരുമായിരുന്നു .

കണക്കുകൾ കൃത്യമാണ് .ലാഭം വന്ന് തുടങ്ങി സാധനങ്ങൾ എല്ലാം ഉണ്ട് .നല്ല കച്ചവടവും .

പുതിയ സൂപ്പർ മാർക്കറ്റിന്റെ വാടക വാങ്ങാൻ ഇത്തവണ സാല നേരിട്ടെത്തി എന്നെ കാണുക എന്ന് തന്നെയാണ് അയാളുടെ ഉദ്ദേശം .

വാടക ബാങ്ക് വഴി കൊടുക്കുന്നതാണ് പക്ഷെ അതയക്കും മുമ്പ് വന്നിരിക്കുന്നു .ഞാൻ വാടക നാളെ അയക്കുമെന്നറിയിച്ചു .

ആയിശാ എനിക്ക് നിന്നോട് സംസാരിക്കാനുണ്ട് .എന്ത് സംസാരിക്കാൻ … ഒരു അര മണിക്കൂർ വണ്ടിയിൽ ഇരുന്ന് സംസാരിക്കാം .

എനിക്കൊന്നും ഇപ്പോൾ സംസാരിക്കാനില്ല സാലാ നീ പോകൂ … അയാൾ പോകാതെ അത് തന്നെ ആവർത്തിച്ചു കൊണ്ട്.

ഇവിടെ നിന്ന് സംസാരിക്കാൻ വയ്യെങ്കിൽ നീ വണ്ടിയിൽ വന്നിരിന്നാൽ മതി വെറും അഞ്ച് മിനിറ്റ് ,ഞാനിന്ന് നീയുമായി സംസാരിക്കാതെ ഇവിടെ നിന്ന് പോകില്ല ,ഒരു രക്ഷയും കാണുന്നില്ല അവസാനം ഞാൻ പോയി വണ്ടിയിൽ കയറി .

വണ്ടി മുമ്പോട്ടേക്കെടുകട്ടെ ആയിശാ .വേണ്ട ഇവിടെ നിന്ന് കൊണ്ട് പറഞ്ഞാൽ മതി .
ആയിശാ നീ എന്നെ കണ്ടോ ?
ഞാൻ ആകെ കോലം കെട്ടു .

ഭർത്താവ് മരിച്ചു കഴിഞ്ഞുള്ള നാല് മാസം എനിക്ക് മനസ്സിലാക്കാം പക്ഷെ ഇപ്പോൾ നിനക്ക് എന്നോട് സംസാരിക്കാമല്ലോ …

സാലാ ഞാനിറങ്ങുന്നു എനിക്കൊന്നും പറയാനില്ല … എനിക്ക് നല്ല തിരക്കുണ്ട് .

ഇത്രയും മാസം ഞാൻ നിന്നെ കാത്തിരിക്കുകയായിരുന്നില്ലേ ആയിശ ?,
ആയിശാ നീ കേട്ടിട്ട് പോയാ മതി .

ഞാൻ പറഞ്ഞില്ലേ എനിക്കൊന്നും പറയാനില്ല എനിക്കൊനും കേൾക്കാനുമില്ല .സാല വണ്ടി ഇരമ്പലോടെ മുന്നോട്ടെടുത്തു .

അയാൾ പല്ല് കടിച്ചു പിടിച്ചിരിക്കുന്ന പോലെ .അയാളുടെ മുഖം ചുമന്നിരിക്കുന്നു .

തിരക്കുള്ള റോഡിൽ ട്രാഫിക്ക് നിയമങ്ങൾ വക വെക്കാതെയുള്ള കുതിപ്പ് .ഞാൻ രണ്ട് കൈകളും മുമ്പിൽ ഡാഷ് ബോർഡിൽ വെച്ചും ,ഒരു കൈ ഡോറിന്റെ ഗ്ലാസ്സി ന്റെ മുകളിലെ ഹാൻഡിലിലും .

നിനക്ക് പ്രാന്താണോ സാലാ …. ഈ ആയിശാക്ക് മരണത്തെ പേടിയില്ല … ചെല്ല് കൊണ്ടിട്ടിക്ക് എവിടേലും .,,,

ഇതൊന്നും കേൾക്കാതെ അയാൾ കുതിച്ചു .വണ്ടിയുടെ ടയറുകൾ റോഡിൽ ഉരസുന്ന ഇരമ്പൽ , വളവുകൾ ഘോര ശബ്ദത്തോടെ .

ദൈവമേ രണ്ട് പോലീസ് വാഹനങ്ങൾ ഇടത്തും വലത്തുമായി പിറകിൽ ലൈറ്റിട്ട് ചീറി പാഞ്ഞ് വരുന്നു .

അടുത്ത ട്രാഫിക്ക് തൊട്ടു മുന്നേ മറ്റൊരു പോലീസ് വാഹനം മുന്നിലേക്ക് കുറുക്ക് കയറാൻ വരുന്നു .

സാല അമർത്തി ബ്രേക്കിട്ട് വീണ്ടും ഘോരശബ്ദത്തോടെ പിറക് വശം വലത്ത് ഭാഗം തിരിഞ്ഞ് മുമ്പോട്ടേക്കെത്തി
പുകയോടെ വണ്ടി കുറുകെ തിരിഞ്ഞു നിന്നു .

ആയിശാ എനിക്കും മരണത്തെ പേടിയില്ല ആയിശാ .അയാൾ നെറ്റി സ്റ്റിയറിങ്ങിൽ കുമ്പിട്ട് വെച്ചു .

പോലീസ് ചാടി ഇറങ്ങി തോക്കും ചൂണ്ടി ഒന്നല്ല രണ്ട് മൂന്നു പേർ .പിറകിൽ വന്ന വണ്ടിയിൽ നിന്നും ഇറങ്ങി പോലീസുകാർ .തോക്ക് ചൂണ്ടി തന്നെ ഡോർ തുറക്കാൻ പറഞ്ഞു .ഡോർ തുറന്നു .

അവർ സാലയുടെ കൈകൾ പിന്നിലാക്കി വിലങ്ങിട്ടു .പോലീസ് സാലയെ പോലീസ് വണ്ടിയിൽ തള്ളി കയറ്റി .
എന്റെ ഡോറിലും മുട്ടി ഞാൻ ഡോർ തുറന്നു .

എന്റെ എമിറേറ്റ് ഐഡി ചോദിച്ചു .ഞാൻ തിരിച്ചറിയൽ കാർഡ് നൽകി .കുറച്ചു നേരം കൊണ്ട് തന്നെ വനിതാ പോലീസെത്തി .
അവർ എന്നെയും കൊണ്ട് സ്റ്റേഷനിൽ എത്തി .

ഞാൻ വീണ്ടും ഇവിടെയും എല്ലാവരുടെയും മുന്നിൽ വീണ്ടും പിഴച്ചവളായി മാറുവാൻ പോകുന്നു .

ഞാനെന്ത് പറയും . ഞാനും അവനും പ്രണയത്തിലാണെന്നോ ? അതോ എന്റെ കാമുകനാണെന്നോ ?

അതോ ഞാൻ അവന്റെ ലൈംഗിക ഇങ്ങിതത്തിന് വഴങ്ങുന്ന വെപ്പാട്ടിയാണന്നോ ?
ഏതായാലും ഒറ്റ വാക്കിൽ പിഴച്ചവൾ .കേസ് വ്യഭിചാരം എന്ന് തന്നെയാകും അറബ് നാടല്ലേ .

ഞാൻ ആകെ പരിഭ്രാന്തിയിലായി .

എന്നെ അവിടുത്തെ സെല്ലായ ഒരു വലിയ മുറിയിൽ കൊണ്ട് ഇരുത്തി .വാതിലടച്ചു വനിതാ പോലീസുകാർ പോയി .
മണിക്കൂറുകൾ നീളുന്നു .

വീണ്ടും അവർ വന്നു .മൗനമായി ഇരിക്കാതെ നീ വായ തുറന്നാൽ നിനക്ക് പോകാം .ഇല്ലെങ്കിൽ ഇവിടിരിക്കുക .ഇമ്മോറൽ ട്രാഫിക്ക് ഫയൽ ചെയ്യും .ജയിലിലേക്കയക്കും.

അത് കേട്ടിട്ടും ഉത്തരമില്ലാത്തതിനാൽ ഞാൻ മൗനമായി തന്നെ നിന്നു .

പഴയ പേടിച്ച് വിറയൽ പക്ഷെ എന്തു കൊണ്ടോ ഇല്ല .മുട്ടുകൾ കൂട്ടി ഇടിക്കുന്നുമില്ല .പക്ഷെ എന്റെ ഹൃദയമാണ് വിറക്കുന്നത് .

വീണ്ടും ഞാൻ പിഴച്ചവൾ ആകാൻ പോകുന്നതിന്റെ വിറയൽ .എന്റെ കുഞ്ഞ് വീട്ടിൽ തനിച്ച് .നാട് കടത്തപ്പെട്ടാൽ നാട്ടിൽ പിഴച്ചവളായി ഇറങ്ങണ്ടി വരിക .

ഉത്തരം ഇല്ലാതങ്ങിനെ നിന്നു .വീണ്ടും അവർ വന്ന് കൂട്ടി കൊണ്ട് പോയി വലിയ ഒരു ഉദ്യോഗസ്ഥയുടെ മുന്നിൽ .

ഒരു കുറ്റവാളിയെ പോലെ ഞാനും .

ഇവർക്ക് അറബ് സംസാരിക്കാനറിയുമോ .

അറിയും എന്ന് പറയാൻ പോകും മുമ്പേ തടിച്ച ഒരു വനിതാ പോലീസ് മുന്നോട്ട് വന്ന് പറഞ്ഞു .. നല്ലവണ്ണം പറയും … പ്രധാന ഉദ്യോഗസ്ഥ തുടർന്നു .

നിങ്ങളുടെ വാപ്പ ഉമ്മ ആരെങ്കിലും ഈ നാട്ടുകാരായ ഇമിറാത്തി യാണോ .അല്ല എന്ന് ഞാൻ പറഞ്ഞു .

നല്ല സൗന്ദര്യം ഉണ്ടല്ലോ … കണ്ടാൽ ഇന്ത്യക്കാരിയെന്ന് പറയില്ല .

എവിടാ ജോലി … ഞാൻ സാലയുടെ രണ്ട് സൂപ്പർ മാർക്കറ്റുകൾ നടത്തുന്നു .
ഭർത്താവ് ഇവിടെയാണോ ജോലി ചെയ്യുന്നത് … അല്ല …

പിന്നെ ഐഡി പരിശോധിച്ചപ്പോൾ ഭർത്താവിന്റെ പേരുണ്ടല്ലോ.
ഭർത്താവ് മരണപ്പെട്ടു .

ഓഹോ എത്ര നാളായി … അഞ്ച് മാസം മുമ്പ് .അത് കൊള്ളാമല്ലോ ഭർത്താവ് അഞ്ച് മാസം മുമ്പ് മരണപ്പെട്ടു ഇപ്പോൾ ഒരു ഇമിറാത്തി അറബിയുമായി ഉലകം ചുറ്റൽ .

ഞാൻ ചുറ്റിയതല്ല … ഞാൻ ഒരു വീട്ടമ്മയാണ് … എനിക്ക് ഒരു മോളുണ്ട് .

നിനക്ക് മോളുണ്ടെന്ന് തിരിച്ചറിയാൽ കാർഡ് പരിശോധിച്ച് എനിക്കറിയാം നീ കാര്യം പറ .അവനുമായി എന്താ ബന്ധം എന്ന് .

അതെന്റെ സ്പോൺസറുടെ മകനാണ് .അവന്റെ സൂപ്പർ മാർക്കറ്റിലെ വാടക വാങ്ങാൻ വന്നു .വണ്ടിയിൽ കയറാൻ പറഞ്ഞു ഞാൻ കയറി .
അത്രേയുള്ളൂ നിന്റെ കഥ.

ഞാൻ ഒന്നും മിണ്ടിയില്ല .
ഉദ്യോഗസ്ഥ ഫോണെടുത്ത് ആരെയോ വിളിച്ചു സംസാരിച്ച് വെച്ചിട്ട്‌ തുടർന്നു .

അവൻ നീയുമായി പ്രണയത്തിലാ പോലും .നീയുമായി വഴക്കിട്ടാണത്രേ അങ്ങിനെ വണ്ടിയോടിച്ചത് .

അവനെ ഇപ്പോൾ ആശുപത്രിയിൽ നിന്ന് മദ്യപിച്ചിട്ടുണ്ടോ ,വല്ല മയക്കു മരുന്ന് കഴിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചു കൊണ്ടു വന്നു .

അതങ്ങാണം കഴിച്ചിട്ടുണ്ടാർന്നേൽ നിന്നേം ആശുപത്രിയിൽ കൊണ്ട് പോയേനെ .എവിടെയോ ഒരു പിശകുണ്ട് …. നിന്റെ കഥ ഇനി മാറുമോ ..

എന്താ നിന്റെ പേര്. … ആയിശാ.
ഇല്ല മാഡം അതാ സംഭവിച്ചത് .

ഉറപ്പാണോ മാറ്റി പറയില്ലല്ലോ .. വേറെ എന്തെങ്കിലും …
ഇല്ല മാഡം ….

എങ്കിൽ നിനക്ക് കുറച്ച് കഴിയുമ്പോൾ പോകാനുള്ള വഴി ഞാൻ നോക്കാം …
പക്ഷെ അവന്റെ കാര്യം പോക്കാ … കേസ് പെണ്ണിനെ തട്ടി കൊണ്ട് പോകാനുള്ള ശ്രമം.

ദൈവമേ സാല ….
മാനേജർ അഡ്വക്കേറ്റുമായി വന്നു .

ഇറങ്ങാൻ ഉള്ള പേപ്പറുകൾ ശരിയായി .പ്രധാന ഉദ്യോഗസ്ഥ ഒപ്പു വെച്ചു സീലും പതിച്ചു .
ഞങ്ങൾ ഇറങ്ങാൻ നേരം ഞാൻ പറഞ്ഞു … എനിക്ക് സംസാരിക്കാനുണ്ട് .

മാഡം ഞാനും സാലയും പ്രണയത്തിലായിരുന്നു മാഡം .

നിന്നോട് മുമ്പേ ചോദിച്ചതല്ലായിരുന്നോ മൃഗമേ വല്ലോം പറയാൻ ഉണ്ടോന്ന് .
അവൾടെ ……

ഞങ്ങൾ പ്രണയത്തിലായിരുന്നു മാഡം …..
പ്രണയത്തിലായിരുന്നു ….

ഉച്ചത്തിൽ നിലവിളിയോടെ ആയിശ .

എന്നിട്ടിപ്പോൾ പ്രണയമില്ലേ .മാഡം എനിക്ക് ഒരു ഗ്ലാസ്സ് വെളളം താ … ഞാൻ പറയാം എല്ലാം പറയാം എനിക്ക് പോലും ശരിയും തെറ്റും അറിയില്ല .

പ്രണയമുണ്ടോ എന്ന് ചോദിച്ചാലും എനിക്കറിയില്ല .ഇപ്പോൾ അയാളെ വേണ്ട എന്നാണോ എന്ന് ചോദിച്ചാലും എനിക്കറിയില്ല .

ഒരു കുപ്പി വെള്ളം നീട്ടി അവർ പറഞ്ഞു നീ സമാധാനത്തോടെ പറ .നീ കുറ്റവാളിയല്ലിപ്പോൾ .
എല്ലാവരെയും മാറ്റി നിറുത്തി എല്ലാം കേട്ടു .

യാ അള്ളാ ….. ഹറാമും ഹലാലും തിരിച്ചറിയാനാവാത്ത അവസ്ഥ .പല കഥകൾ കേട്ടിട്ടുണ്ട് പല കേസുകൾ കൈകാര്യം ചെയ്തിട്ടുണ്ട് .

തെറ്റ് തെറ്റായും ശരി ശരിയായും എനിക്കറിയാമായിരുന്നു .
ആദ്യമായി ഞാൻ പ്രതിക്കു മുന്നിൽ തെറ്റും ശരിയും തിരിച്ചറിയാതെ ഞാനിരിക്കുന്നത് .

കാഴ്ചക്കാർക്കും വിമർശനക്കാർക്കും തെറ്റും ശരിയുമായി പലതും പറയാൻ ഉണ്ടാകും .പക്ഷെ ഞാൻ യൂണിഫോം ഇട്ടിട്ടുണ്ടേലും ഞാനും ഒരു പെണ്ണാണ് .

നീ ഈ കഥയാരോടും ഇവിടെ പറയാൻ നിൽക്കണ്ട . നീ പൊക്കോളൂ .പേപ്പർ സീൽ അടിച്ചു കിട്ടിയതല്ലേ .

പറ്റില്ല മാഡം സാലയെ ജയിലിലാക്കിയിട്ട് എനിക്ക് ഒരു ഔദാര്യം വേണ്ട .
എന്റെയും മോളുടെയും ജീവൻ അവന്റെ ദാനമാ .

ശരി ഞാനൊന്ന് നോക്കട്ടെ .

കുറച്ച് കഴിഞ്ഞ് സാലയുടെ ഉപ്പ വന്നു കൂടെ ഉമ്മയും .

അവൻ പുറത്തിറങ്ങി .വണ്ടി കൊണ്ട് പരിഭാന്തി പരത്തിയതിനുള്ള ശിക്ഷ മാത്രം .ഇതെന്നോട് പറഞ്ഞത് മേലുദ്യോഗസ്ഥ തന്നാ .ആയിശാ നിന്റെ സാല യെ വിട്ടിരിക്കുന്നു .

നല്ല ഫൈനടക്കണം അത്രേയുള്ളൂ .ഞാൻ വെളിയിൽ ഇറങ്ങും മുമ്പ് ഉദ്യോഗസ്ഥ എന്റെ നമ്പർ വാങ്ങി .എന്റെ തിരിച്ചറിയൽ കാർഡും തന്നു .എന്നെ കെട്ടിപിടിച്ച് ഒരുമ്മ തന്നു .

നീ തേനാണ് ആയിശാ .ശുദ്ധമായ തേൻ .എന്റെ നെറ്റിത്തടത്തിലും ഉമ്മ തന്ന് ആശ്വസിപ്പിച്ച് അവരും കൂടെ നടന്നു പുറത്തേക്ക് .

ഞാൻ പൊക്കോളാം എന്ന് പറഞ്ഞിട്ടും എന്നോട് സ്നേഹത്തോടെ എന്റെ കൂടെ പുറത്തേക്ക് .
സാലയുടെ ഉമ്മ അടുത്ത് വന്നു .

എന്റെ മോനോടെന്തിനാ നീ ഈ ക്രൂരത കാട്ടിയത് .

നിങ്ങൾ ഇഷ്ടത്തിലാണേൽ നീ ഇന്ത്യക്കാരി എന്നൊന്നും ഞങ്ങൾക്കില്ല .ഞങ്ങൾ ഇമിറാത്തികൾ വേർതിരിവ് വെക്കാറില്ല സ്നേഹത്തിന് .

സ്നേഹിച്ചാൽ നെഞ്ചിൽ ചേർത്ത് വെക്കും .നീ ഈ ദുബായി കണ്ടില്ലേ ഇത് പല രാജ്യക്കാരുടെ കൈകളാ അതിൽ കൂടുതലും ഇന്ത്യക്കാർ .ഇവിടെ ഇന്ത്യയിൽ നിന്ന് വിവാഹം കഴിച്ച എത്രയോ ഇമിറാത്തികൾ ഉണ്ട് .

നിന്റെ ഭർത്താവ് മരണപ്പെട്ടു അവൻ കൈ നീട്ടിയെങ്കിൽ ആ കയ്യിൽ പിടിച്ചു കൂടെ നടന്നൂടെ മോളേ .

സാല അവൻ ഞങ്ങടെ ദാ ഈ കരളിന്റെ ഒരു കഷണമാ അവൻ കരയുന്നത് ഞങ്ങൾക്ക് കാണാൻ കഴിയൂല .ഞാൻ ഉമ്മാന്റെ കൈകളിൽ പിടിച്ചു പിന്നെ വിട്ടു കൊണ്ട് മുന്നോട്ട് നടന്നു .

സാമുണ്ട് വെളിയിൽ .അങ്ങോട്ടേക്ക് ഞാൻ നടന്നു .പിറകിൽ നിന്ന് ഒരു വിളി .

ആയിശാ ആയിശാ ദേഷ്യം കൊണ്ട് പറ്റിപ്പോയി .. നീ എന്നോട് മിണ്ടാത്ത ദേഷ്യം കൊണ്ടങ്ങനെ ചെയ്തു പോയതാ .
” അതിന് സാലാ നീ എന്റെ ആരാ ? ”

സാല തരിച്ചു നിന്നു പോയി

ആയിശാ …. ഞാൻ …

നീ എന്റെ ആരാ സാലാ ….

ആയിശാ എനിക്ക് ഒത്തിരി ഇഷ്ടമാ നിന്നെ .നീയല്ലാതെ വേറൊരു പെണ്ണില്ല ആയിശാ ….

ഉണ്ടാവണം ആയിശ അല്ലാതെ വേറൊരു പെണ്ണ് …

ആയിശാ നിനക്ക് വട്ടായോ ? നീ എന്തൊക്കയാ പിച്ചും പേയും പറയുന്നത് … ദാ എന്റെ ഉമ്മ ഉപ്പ ഒക്കെ ഉണ്ടിവിടെ അവരുടെ മുന്നിൽ വെച്ചാ പറയുന്നത് എനിക്ക് നിന്നെ വേണമെന്ന് .

അതിന് എനിക്ക് വേണ്ട സാലാ ഇനിയൊരു ജീവിതം .
എനിക്ക് വേണ്ട സാല….

ഈ ആയിശായെ സ്വന്തം ഉപ്പാക്കും ഉമ്മാക്കും പോലും വേണ്ട ….. ആർക്കും വേണ്ട ഈ ആയിശായെ …
ഇനി ആയിശാക്കും ആരെയും വേണ്ട ……

എന്റെ മോൾക്ക് വേണ്ടി ജീവിക്കണം എനിക്ക് ….
ഇനി ആയിശ ഒറ്റക്കാ …. അങ്ങിനെ മതി ………

സാലയുടെ വാപ്പ സാലയുടെ രണ്ട് തോളിലും തട്ടി . കൈ സാലയുടെ തോളിലിട്ട് ആശ്വസിപ്പിക്കും പോലെ അവനെയും കൂട്ടി നടന്നു .ഞാൻ വണ്ടിയിൽ കയറി വീട്ടിലോട്ടേക്കും .

സ്പോൺസറുടെ ഭാഗത്ത് നിന്ന് എതിർപ്പുകൾ വരും എന്ന് കരുതി കുറേ ദിവസം ഭയന്ന് നടന്നു ഞാൻ .
ആ ഉപ്പാക്കും ഉമ്മാക്കും എന്നെ ഇഷ്ടമാണന്ന് എനിക്കറിയാം .

അതു കൊണ്ടാകും സൂപ്പർ മാർക്കറ്റിൽ ഒന്നും ഇടപെടാഞ്ഞത് .എന്റെ ഭയം മാറി തുടങ്ങി , നാളുകൾ നീങ്ങി .

സാലയെ കാണാറേ ഇല്ലായിരുന്നു .അതിനുള്ള അവസരങ്ങൾ ഒഴുവാക്കിയിരുന്നു എന്റെ ഭാഗത്ത് നിന്ന് ശേഷം എല്ലാം നന്നായി തന്നെ മുന്നോട്ട് പോയി കൊണ്ടിരുന്നു .
ബാങ്കിൽ കുറേശ്ശെ പണം ഡെപ്പോസിറ്റായി തുടങ്ങി .

അങ്ങിനെ അഞ്ചാറു മാസങ്ങൾ പിന്നിട്ടു പോയി .എന്റെ മകൾക്ക് 3 വയസ്സ് .

സാലയുടെ പ്രശ്നങ്ങൾ പാടെ മറന്നു . ഇപ്പോൾ എല്ലാം അവസാനിച്ച പോലെ കാരണം അടുത്ത മാസം സാല വിവാഹിതനാകുന്നു എന്ന് പറഞ്ഞു കേട്ടു .
എല്ലാം നല്ല രീതിയിൽ അവസാനിക്കട്ടെ .

ഞാൻ ഇനി എന്റെ മകൾക്ക് വേണ്ടി മാത്രം ജീവിക്കും .മറ്റൊന്നിനും ഇനി ചിന്ത കൊടുക്കില്ല .
ഞാൻ മകളെയും കൂട്ടി സൗദി അറേബ്യയിലെ മക്കയിലേക്ക് ഉംറ തീർത്ഥാടനത്തിന് പോകാൻ തീരുമാനിച്ചു .

പിന്നെ ഒരു കാര്യം പറയാൻ വിട്ടു പോയിട്ടുണ്ട് …. എന്റെ മുത്ത അനിയത്തി ആമി എന്ന ആമിന വരുന്നു .ഇവിടെ ഒരു ട്രാവൽസിൽ ജോലി ശരിയാക്കിയിട്ടുണ്ട് അവൾക്ക് .

ഇത് പറയാൻ മാത്രമാണ് ആദ്യമായി ഒരു കോൾ യൂസുഫിന്റെ മരണ ശേഷം ഞാൻ വിളിച്ചത് .അത് അവളോട് മാത്രം പറഞ്ഞു മറ്റാരോടും ഞാൻ മിണ്ടിയതുമില്ല .

പിന്നെ യുസുഫിന്റെ ഉപ്പാന്റ അക്കൗണ്ടിൽ കുറച്ച് പണം ഇട്ടും കൊടുത്തിട്ടുണ്ട് .

വേണോന്ന് ചോദിച്ചില്ല അനുവാദവും ചോദിച്ചില്ല .വല്ലാത്ത പരുങ്ങലുണ്ടെന്ന് കേട്ടറിഞ്ഞു അതു കൊണ്ട് .

ഇനി ഉംറ തീർത്ഥാടനത്തിന് സൗദിയിൽ പോയി ഒന്നു മനസ്സ് ശുദ്ധമാക്കണം .

എല്ലാ മാറാലകളും ഒരു വിധം നീങ്ങിയിരിക്കുന്നു ഇനി ദൈവത്തിനോട് നന്ദി പറയണം …….
അതിനായി ഞാൻ തയ്യാറെടുത്തു .

തുടരും

ആഇശ: ഭാഗം 1

ആഇശ: ഭാഗം 2

ആഇശ: ഭാഗം 3

ആഇശ: ഭാഗം 4

ആഇശ: ഭാഗം 5

ആഇശ: ഭാഗം 6

ആഇശ: ഭാഗം 7