Saturday, January 18, 2025
Novel

ആഇശ: ഭാഗം 18

നോവൽ
******
എഴുത്തുകാരൻ: Anush. A. Azeez

ആയിശുമ്മാ നിങ്ങൾ ഇന്നു വരെ അല്ല ഇന്നും എന്റെ ഉപ്പാനെ സ്നേഹിക്കുന്നില്ല എന്ന് പറയാമോ ?
ഞാൻ കരഞ്ഞു തളർന്നു വീഴും പോലെ .
ഉത്തരം ഇല്ലാതെ ഞാൻ …..

രണ്ട് ചെവിയും പൊത്തിപ്പിടിച്ച് ഫസീല തല താഴ്ത്തി സോഫയിൽ ഇരുന്നു .ഹാരിസും സൈനബയും നോക്കി നിൽക്കുന്നു .
നജീബ് എന്നെ നോൽക്കുന്നു .

“നീ എന്തൊക്കെ പ്രാന്താ ഈ പറയണത് ഷാഹിനാ .നിനക്ക് പ്രാന്ത് പിടിച്ചോ ,നീയെന്തിനാ ഈ എന്നെ ഇങ്ങനെ കരയിക്കണത് ?”

ഞാനാണോ കരയിക്കുന്നത് നിങ്ങളല്ലേ ,നിങ്ങളല്ലേ കരയിക്കുന്നത് .ശ്വാസം മുട്ടി ഉള്ളിലൊതുക്കി നിങ്ങൾ എത്ര നാൾ കരഞ്ഞു തീർക്കും .

ആര് കരയുന്നെന്നാ ….. ഞാൻ ആരെയും സ്നേഹിക്കുന്നുമില്ല കാത്തിരിക്കുന്നതുമില്ല .എനിക്ക് ഈ 43 ആം വയസ്സിൽ ആരോട് പ്രണയമാണന്നാ നീ പിച്ചു പേയും വിളിച്ചു കൂവുന്നത് .

അത് ശരി ഇപ്പോൾ പിച്ചും പേയും ആയോ .

അയിശുമ്മ എന്തിനാ ഇത്രയും നാൾ മാല മറച്ചു ഇട്ടേക്കുന്നത് .

ആ ചോദ്യം ഒരിടി വെട്ടും പോലെ എന്റെ കാതിൽ പതിച്ചു .അത് താലിമാല ഒന്നും അല്ലല്ലോ ഞങ്ങൾ കൂടി കാണട്ട് .

അവൾ എണീറ്റ് ബലത്തോടെ മാലയിൽ പിടിക്കുമ്പോൾ ഞാൻ സതംഭിച്ചു നിന്നു പോയി.അവൾ അതിന്റെ ലോക്കറ്റെടുത്ത് പിടിച്ച് നജീബിന്നോടായി …

ഉപ്പാക്കറിയോ ഈ ലോക്കറ്റ് എന്താന്ന് .ഇത് ഞാൻ പ്ലസ് ടു വിന് പഠിക്കുമ്പോൾ വാങ്ങിയതാ ആയിശു അന്നെനിക്കിതേ കുറിച്ചറിയില്ലായിരുന്നു.

ഉപ്പ കൂടുതൽ നോക്കി തല വട്ടാക്കി അഭിനയിക്കണ്ട .അത് ഉപ്പ വരച്ച ലോക്കറ്റ് ഡിസൈനാണ് അതിന്റെ നടുവിലെ അക്കങ്ങളും Q:40:60 എന്റെ ഫസീലാ ഉമ്മയെ പറ്റിക്കാം നിങ്ങൾക്കൊക്കെ കാരണം അത് പാവം ആണ് …അതിന് ഇത് ചിന്തിക്കാനുള്ള കഴിവില്ലല്ലോ .

അത് ഭർത്താവിന്റെ പേരും അല്ലല്ലോ കൊത്തി വച്ചിരിക്കുന്നത് .ഞാനത് പിന്നീട് ഗൂഗിളിൽ നെറ്റിൽ തിരഞ്ഞു .Q 40: 60 ഖുറാനിലെ നാൽപതാം അദ്ധ്യായം അറുപതാം വചനം “നീയെന്നെ വിളിക്കുക ഞാനതിന് ഉത്തരം തരാം ” ഇത് ഉപ്പ അയിശൂനെ വരച്ച് കൊടുത്ത ചിത്രത്തിലെ നമ്പറല്ലേ .

അത് ആയിശു അതേ പോലെ തന്നെ ലോക്കറ്റ് പണിയിപ്പിച്ചു അതേ നമ്പറോടെ … അതിൽ അവരുടെ ഇഷ്ടവും ഉണ്ട് .ഞാൻ ആയിശൂന്റെ മൊബൈലിൽ നിന്നാ അതൊക്കെ പിന്നെ കണ്ട് പിടിച്ചത് .

അത് അറിഞ്ഞ അല്ലേൽ അറിയുന്ന ഞാൻ അയിശൂന്റെ ഇത്രയും കാലത്തെ വെമ്പൽ കണ്ട് ചിരിക്കണോ അതോ കരയണോ ? ആ മൊബൈൽ മുഴുവൻ ഉപ്പയാ കൂടുതൽ .

നജീബ് ഒന്നും മിണ്ടാതെ വീടിന് പുറത്തേക്കിറങ്ങി .
ഷാഹിന പിറകിൽ നിന്ന് വിളിച്ചു പറഞ്ഞു .

ഉപ്പാ ഒന്നും അറിയാത്ത പോലെ അങ്ങ് പോകണ്ട …ഷാഹിനയെ കാണാതെ ഉപ്പ എവിടം വരെ പോകാനാ …..

ഫസീല എണീറ്റ് പോയി അകത്ത് കട്ടിലിൽ കിടന്നു .ഞാൻ ടേബിളിനരികെ കസേരയിൽ പോയി ഇരുന്ന് തലയിൽ കൈയ്യും വെച്ച് .വീട് ആകെ നിശബ്ദതയിൽ മൂടിയ പോലെ .

ഷാഹിന ഫസീലാടെ അടുത്ത് പോയി .

ഉമ്മാ ഉമ്മാനെ കരയിക്കാനല്ല ട്ടോ …. ഞാൻ ഒരു മണ്ടിയാ … പക്ഷെ ഞാൻ പോയാൽ ആയിശുന് ആരുണ്ട് … ഒറ്റക്കാവില്ലേ ഉമ്മാ ….. നമ്മളിപ്പഴും ഒന്നല്ലേ .ഇത് കൊണ്ടൊരു മാറ്റവും ഉണ്ടാകില്ലല്ലോ എന്ന് തോന്നീതു കൊണ്ടാ ഞാൻ …..

ഫസീല അവളെ കെട്ടി പിടിച്ചു .അവളുടെ തലയിൽ തടവി കൈ കൊണ്ട് .
മോള് വല്ലതും കഴിച്ചോ … വിശക്കുന്നില്ലേ …

ഫസീല അടുക്കളയിൽ കയറി പാത്രങ്ങൾ എടുക്കുന്ന ശബ്ദം കേൾക്കാം .
ഷാഹിന നടന്നു എന്റെടുത്ത് വന്നു .കൈ കൊണ്ട് തൊട്ടു .ഞാൻ കൈ തട്ടി മാറ്റി പൊട്ടിക്കരഞ്ഞു .
ഷാഹിന നിലത്തിരുന്നു കസേരയിൽ ഇരുന്ന എന്റെ മടിയിൽ തല വെച്ച് വിങ്ങി പൊട്ടി .

ഉമ്മാ എന്നോട് പൊറുക്കണം ഉമ്മ ഒറ്റക്കാവില്ലേ ഉമ്മാ …. ഒരായുസ്സ് മുഴുവൻ ജോലിയെടുത്ത ശേഷം വീണ്ടും ഒറ്റക്ക് നിക്കണത് കണ്ട് എനിക്കീ വീട് വിട്ട് പോകാൻ കഴിയില്ലുമ്മാ.
നജീബ് വന്നു .

ഫസീലാ എന്ന വിളി.ഓടിച്ചെന്നത് ഷാഹിനയാണ് .ഉപ്പ എന്നോട് പൊറുക്കണേ ഉപ്പാ .
എന്റെ അയിശുമ്മാനെ ഒറ്റക്ക് ആക്കല്ലേ ഉപ്പാ .

എന്റെ ആയിശു പാവമാ … അത് ഒരായുസ്സ് മുഴുവൻ കഷ്ടപ്പെട്ടത് ഒറ്റപ്പെടാനാണോ ഉപ്പാ .
സത്യം അയിശൂനെ ഒറ്റപ്പെടുത്തി ഒരു ജീവിതം എനിക്ക് വേണ്ട ഉപ്പാ …

നജീബ് ഫസീലായെ വിളിച്ചു വീണ്ടും.
മൗനത്തോടെ ഫസീല വന്നത് .

ഞാൻ നാളെ തിരികെ പോകുന്നില്ല .മൂന്ന് ദിവസം കഴിഞ്ഞേ പോകുന്നുള്ളു .

പിന്നെ നിന്റെ അഭിപ്രായമാണ് എനിക്കറിയണ്ടത് .
ഞാനെന്താ വേണ്ടത് .

ഫസീല കേട്ടിട്ടും മിണ്ടാതെ അകത്തേക്ക് പോയി .

തിരികെ വന്നത് ഒരു മാലയുമായിട്ടാണ് .

അത് ഷാഹിനായുടെ കൈവെള്ളയിൽ വെച്ചു .

ഷാഹിനാ നീ എന്റെ മകളാണ് .നീ കരയാൻ പാടില്ല .ഈ മാല ഉമ്മ മോൾക്ക് വേണ്ടി പണിതതാ .ഇനിയും ഉണ്ട് ഈ ഉമ്മാന്റെ വക ഇത് മാത്രമല്ല .

നിന്നെ ഒരുക്കാനുള്ളതെല്ലാം .നിന്നെ ഞാൻ സുന്ദരിയായ മണവാട്ടി തന്നെയായി പറഞ്ഞ് വിടും .

നീ മണവാട്ടി ആയി ഒരുങ്ങണം . നിന്റെ കഴുത്തിൽ അണിയുന്ന താലി മരണം വരെ നിന്റെ മാലയിൽ ഉണ്ടാകണം .

നിന്റെ ശരീരം പോലെ ഈ താലിയെയും നിന്റെ മനസ്സിനെയും നീ കാത്ത് സൂക്ഷിക്കണം .അതിനി ജീവിതത്തിൽ നീ പതറിയാലും തോറ്റാലും നീ ചേർത്ത് പിടിക്കണം .

എന്റെ മോളുടെ ഈ കല്യാണം ഈ ഉമ്മ കാരണം മുടങ്ങണ്ട .പിറ്റേന്ന് നജീബ് ഫസീലയുടെ ഉപ്പയോടും ഉമ്മയോടും സംസാരിച്ചു. ഫസീലയുടെ മൗനം നജീബിന് ഒരു പതർച്ച നൽകിയെങ്കിലും .

ഷാഹിനയുടെ ആഗ്രഹത്തിന് മുന്നിൽ നജീബ് ആളെ കൂട്ടാതെ തന്നെ ആയിശായെ നിക്കാഹ് ചെയ്ത് താലി ചാർത്തി .

ആയിശ ഫസീലയുടെ കാലിൽ വീണു മാപ്പ് പറഞ്ഞു .ഫസീല അവളെ പിടിച്ചെഴുന്നേൽപ്പിച്ചു നടന്നു പോയി .

വീട്ടിൽ കല്യാണ ആഘോഷത്തിന്റെ സന്തോഷമില്ല പകരം ഞങ്ങൾക്കിടയിൽ മൗനം .പക്ഷെ മക്കൾ മൂന്നു പേരും സന്തോഷത്തിൽ തന്നെ .

ഷാഹിന ഹാരിസിനും സൈനബക്കും ഉമ്മ നൽകലും അവർ തിരികെ നൽകിയും അവർ ഒരു ഉപ്പയുടെ മക്കളായി .

നജീബ് ഫസീലയുടെ അടുക്കൽ അടുക്കളയിൽ ചെന്നു . ഫസീല ജോലി എടുക്കുന്നു .

ആയിശ പാത്രങ്ങൾ കഴുകുന്നു പക്ഷെ മൗനം മാത്രം .

നജീബ് തിരികെ ഗൾഫിലേക്ക് പോയി .

പിന്നെ ഷാഹിനയുടെ കല്യാണ ഒരുക്കങ്ങൾ .

അതിനായി ഞാൻ പൂനെയിൽ നിന്നും വന്നു .നജീബും എത്തി .

ഞാനും നജീബും ഒരുമിച്ചാണ് കല്യാണം വിളിക്കാൻ പോയത് .

നജീബിനെ എന്റെ അനിയത്തിമാരായ ആമിനക്കും ആസിയക്കും ഉൾക്കൊള്ളാൻ കഴിയാത്ത പോലെ .അവരുടെ മക്കളും വളർന്നിരിക്കുന്നു .ആമിന നല്ല നിലയിൽ തന്നെ .

ആസിയ കാനഡയിൽ അധികം നിന്നില്ല തിരികെ പോന്നിട്ട് കുറച്ച് നാളായി .

അങ്ങിനെ കല്യാണം വിളിയും ഡ്രസ്സ് എടുക്കലു ഒക്കെ ഭംഗിയായി നടന്നു. കൊണ്ടിരുന്നു .

വീട് പഴയ പോലെ ഉഷാറായെങ്കിലും ഫസീലയുടെ നിശബ്ദത നജീബിനെയും എന്നെയും അസ്വസ്ഥമാക്കിയിരുന്നു .

പക്ഷെ ആവശ്യത്തിന് ഫസീല മിണ്ടുന്നുമുണ്ട് .

ഷാഹിന അവൾക്കൊപ്പമാണ് എല്ലാം സെലക്ട് ചെയ്യുന്നത് .

അവൾക്ക് കല്യാണത്തിനും പിറ്റേന്നും എടുക്കണ്ട ഡ്രസ്സുകൾ വരെ ഫസീലയാണ് എടുത്തത് .അവർ തമ്മിൽ പഴയത് പോലെ തന്നെ ഉമ്മയും മോളും.

നജീബ് ഫസീലക്കൊപ്പം തന്നെയാണ് രാത്രികളിൽ …. എന്റെ മുറിയിൽ നിക്കാഹിന്റ അന്നു മാത്രം വന്നത്.

വാക്കുകൾ ഒന്നു പോലും പറയാതെ അന്ന് ഞങ്ങൾ മൗനത്തിലാണ് ആ രാത്രി കഴിച്ചു കൂട്ടിയത് .
നജീബേ നമ്മൾ ഈ ചെയ്തത് അവിവേകമായി എന്ന് തോന്നുന്നുണ്ടോ ?
ഇല്ല ….

പിന്നെന്താ നമ്മുടെ അടുത്ത് ഫസീല മിണ്ടാൻ പ്രയാസമുള്ളത് പോലെ .

അവൾ ഒരു ഭാര്യയല്ലേ …പിന്നെ ഷാഹിനയുൾപ്പടെ മക്കളുടെ ഉമ്മയാ …അവളെ എനിക്കറിയാം … നീ തൽക്കാലം ഷാഹിനയുടെ കാര്യങ്ങളിൽ ശ്രദ്ധിക്ക് .

അങ്ങിനെ ഷാഹിനയുടെ കല്യാണം ഭംഗിയായി തന്നെ നടന്നു .

എല്ലാവരും അന്ന് പഴയ പോലെ സന്തോഷത്തിലായത് പോലെ .ഷാഹിനയുടെ ആങ്ങളയുടെ സ്ഥാനം ഹാരിസ് നന്നായി തന്നെ വിലസി .

അനിയത്തി കുട്ടിയായി സൈനബയും .

ഉമ്മമാരായി ഞാനും ഫസീലയും .എല്ലാം നോക്കി കാര്യങ്ങൾ ഭംഗിയാക്കുന്ന ഉപ്പയായി നജീബും .
എല്ലാവരും നജീബിനെ അസൂയയോടെ നോക്കും പോലെ .

ആമിയും ആസിയയും നജീബിനെ ശ്രദ്ധിക്കുന്നുണ്ട് .അവർക്കിഷ്ടപ്പെട്ടാലും ഇല്ലേലും എന്റെ പ്രിയപ്പെട്ടവൻ ആണ് നജീബ് .
ഇന്ന് അവൻ നല്ലവണ്ണം ഒരുങ്ങിയിരിക്കുന്നു.

അങ്ങിനെ ആ കല്യാണം ഞാൻ സ്വപ്നം കണ്ടതിലും ഭംഗിയായി തന്നെയായിരുന്നു.

ഷാഹിന സുന്ദരിയായി സ്വർണ്ണവും ഒക്കെ അണിഞ്ഞ് മണവാട്ടിയായി ,സുരക്ഷിതമായ കൈകൾ കണ്ടെത്തി തന്നെയാണ് ,ആ കൈകളിൽ ഏൽപിച്ചു മണവാട്ടിയായി എന്റെ ഷാഹിന .

കണ്ട് മതി വരുന്നില്ല .

ഷാഹിനയും പുയാപ്ലയും വിരുന്നു സൽക്കാരങ്ങളും ഒക്കെയായി സന്തോഷത്തിൽ.
അങ്ങിനെ അവസാന ചടങ്ങുകൾ വരെ ഭംഗിയാക്കി നജീബ് .

ഇനി ആ വീട്ടിൽ ഷാഹിനയില്ല .ഹാരിസും സൈനബയും നജീബും ഞാനും .
ഷാഹിന പോയ സങ്കടം രണ്ട് മക്കൾക്കും ഉണ്ട് .

എന്തായാലും കാര്യങ്ങൾ ഭംഗിയായി നടന്നു .

അവൾ കൂടുതൽ സുന്ദരിയായി സാരിയിൽ എന്ന് മൊബൈലിലെ ചിത്രങ്ങൾ നോക്കി ഫസീല .
അത് വാങ്ങി നജീബ് നോക്കി .പിന്നെ നജീബ് എന്നെ കാണിച്ചു .

ശരിയാണ് ഷാഹിന അടിപൊളി സുന്ദരി തന്നെ ഒരുക്കിയതെല്ലാം ഫസീലയല്ലായിരുന്നോ എന്നെ അതിനൊന്നും ഷാഹിന അടുപ്പിച്ചില്ല .

പിറ്റേന്ന് രാവിലെ ഫസീല പെട്ടിയും ഒക്കെ എടുത്ത് വീടിന്റെ ഹാളിൽ മക്കളെ ഒരുക്കി ഇറങ്ങുന്നു .

നജീബ് തടയുന്നു .നിനക്കിഷ്ടമല്ലായിരുന്നെങ്കിൽ
ഈ നിക്കാഹ് അന്ന് നീ തടയാഞ്ഞത് എന്ത് ?

നിങ്ങൾ അത് അന്ന് നിക്കാഹ് ചെയ്യാൻ തയ്യാറായതോ ?

ടീ … അത് ഷാഹിന
അതെ ഷാഹിന അത് തന്നെയാ ഞാനും എതിർക്കാഞ്ഞത്.

ഞാൻ ഇതെല്ലാം കണ്ട് ആകെ പരിഭ്രാന്തിയിലായി എന്നെ കാരണമാണല്ലോ ഇതൊക്കെ എന്നോർത്ത് .ഫസീല മക്കളെയും കൂട്ടി ഈ വീട് വിട്ടിറങ്ങിയിരിക്കുന്നു .

ഒന്നും മിണ്ടാതെ നജീബ് കസേരയിൽ .

ഞാൻ ഭക്ഷണം ഒക്കെ തയ്യാറാക്കിയിട്ടും…
നജീബും ഞാനും കഴിച്ചില്ല .

ഞാൻ എന്ത് പറയണം എന്നറിയാതെ കുഴങ്ങി .

എന്നെ ഒന്ന് പൂനെയിൽ കൊണ്ട് വിടാമോ പറ്റുമെങ്കിൽ ?

എന്നെയും കൊണ്ട് നജീബ് പൂനെയിൽ എത്തി .

വീട്ടിൽ ഉണ്ടാർന്ന മൗനം തന്നെയായിരുന്നു ഇവിടെയും ……….

പക്ഷെ ആ ട്രെയിൻ യാത്രയിൽ ഞാൻ നജീബിന്റെ നെഞ്ചിൽ ചാരി ഉറങ്ങി .മിണ്ടാട്ടം കുറവെങ്കിലും എന്നെ എതിർത്തില്ല .ഞാൻ ഉറങ്ങി എന്ന് കരുതീട്ടാകണം ആ കൈകൾ എന്റെ തലയിൽ വെച്ചത് .

ഫസീലായെ ഞാനും നജീബും വിളിച്ചെങ്കിലും
ഫോൺ എടുത്തില്ല .

നജീബ് രണ്ട് ദിവങ്ങൾക്ക് ശേഷം തിരികെ നാട്ടിലേക്ക് പോയി .

പിന്നെ നജീബിന്റെ ഒരു വിവരവും ഇല്ല .എനിക്ക് ചിലവിനായി ഒന്ന് രണ്ട് മാസം കഴിഞ്ഞപ്പോൾ മുതൽ ഒരു തുക എന്റെ അക്കൗണ്ടിൽ ബാങ്കിൽ വരുന്നുണ്ട് .

എനിക്ക് ഈ താലി തന്നിട്ട് എന്നെ ഒന്ന് ഭാര്യ എന്ന നിലയിൽ തൊട്ടിട്ടില്ല … പിന്നെ ഫോൺ വിളിക്കാറു പോലുമില്ല .

ഷാഹിന ചോദിക്കാതെ വിളമ്പുന്ന ഉപ്പയുടെ വിശേഷങ്ങൾ വഴി അറിയും നജീബ് സുഖമായി ഇരിക്കുന്നെന്ന്. എന്നെ വിളിക്കാറില്ലേ എന്ന ചോദ്യത്തിന് വിളിക്കാറുണ്ടെന്ന് പറയും അവളോട് .

ഫസീലയും വിളിച്ചിട്ടില്ല …. ഹാരിസിനെങ്കിലും വിളിക്കാർന്നു .

അങ്ങിനെ എട്ട് മാസത്തോളം .കഴിഞ്ഞ മാസത്തെ കാശ് എത്തീട്ടില്ല അക്കൗണ്ടിൽ .

ആ കാശിന് വേണ്ടി കൊതിച്ചിട്ടല്ല പക്ഷെ എന്നോടുള്ള അവന്റെ കരുതലും സ്നേഹവും ആണ് അത് .അത് വന്ന് അക്കൗണ്ടിൽ വീഴുമ്പോൾ എനിക്ക് മെസ്സേജ് കിട്ടും .

അത് കിട്ടുമ്പോൾ എനിക്ക് കിട്ടുന്ന സന്തോഷം ,ഞാനനുഭവിക്കുന്ന അവന്റെ സ്നേഹം അത് പറഞ്ഞറിയിക്കാൻ കഴിയില്ല .

ഇനി നജീബ് വരുമ്പോൾ അവനിൽ മാറ്റമുണ്ടാകും ഈ ആയിശൂനെ ചേർത്ത് പിടിക്കാൻ അവൻ വരും ഉറപ്പാ എനിക്ക് .

പക്ഷെ ഞാൻ ആ വീട്ടിൽ നജീബിന്റെ ഭാര്യയാകാൻ പാടില്ലായിരുന്നു എന്ന തോന്നൽ.

ഷാഹിനയും ഭർത്താവും പൂനയൊക്കെ ചുറ്റിക്കാണാൻ ഈ മാസം വരാന്ന് പറഞ്ഞതായിരുന്നു .

പെട്ടെന്ന് പെടാപ്പാട് പെട്ട് വെപ്രാളത്തിൽ ഇന്ന് ഞാൻ നാട്ടിലേക്ക് പോകുന്നത് പക്ഷെ ഷാഹിന വിളിച്ചിട്ടല്ല ഫസീല വിളിച്ചിട്ടാണ്.

നജീബ് നാട്ടിൽ വന്നു സുഖമില്ലാതെ .കാരണം മൂക്കിലും വായിലും കൂടെ ബ്ലഡ് വന്നത്രെ.

സൗദിയിലെ കാലാവസ്ഥാ മാറ്റം കൊണ്ടെന്ന് കരുതി ഹോസ്പിറ്റലിൽ എത്തിയപ്പോഴാണ് പ്രഷർ ‘ കയറിയതെന്ന് അറിയുന്നത്. മുമ്പ് ഡയബെറ്റിസ് ചെറുതായി കൂടിയിരുന്നു .

അതിന്റെ ഗുളികയും കഴിക്കുന്നുണ്ടാർന്നു .അറിഞ്ഞതു മുതൽ വേവലാതിയാണ് മനസ്സിൽ .

എന്നെ കാണണം ഒരുമിച്ച് വീണ്ടും ഹോസ്പിറ്റലിൽ പോകാൻ . അതിനാണ് ഫസീല വിളിപ്പിച്ചത് .അങ്ങനെ എങ്കിലും ഫസീലയുടെ പിണക്കം മാറിയല്ലോ .അല്ലേൽ മാറും ഇത്തവണ .

എന്തായാലും നജീബിന് റ അസുഖം മാറീട്ടേ ഞാൻ തിരികെ പുനക്കു വരുന്നുള്ളൂ .കൂടെ നിൽക്കണം നജീബിന്റയൊപ്പം എന്ന് വച്ച് ഫസീലയെക്കാൾ ഒന്നും വേണ്ട .

ഞങ്ങൾ ഒരുമിച്ച് നോക്കും നജീബിനെ .ഫസീല വിളിച്ചത് മുതൽ പ്രതീക്ഷയുണ്ട് .

ഞാൻ ബസിൽ നിന്ന് പനവേലിൽ ഇറങ്ങി .ട്രെയിനിൽ യാത്ര തുടർന്നു കേരളത്തിലോട്ട് .
മഴ തോരുന്നില്ല…. നാട്ടിലും പെരുമഴ ……..
ഞാൻ കൊച്ചിയിലെത്തി ……..

ഫോണിൽ നോക്കുമ്പോൾ ഷാഹിനായുടെയും ഹാരിസിന്റെയും മിസ്സ്ഡ് കോളുകൾ .ഞാൻ ട്രെയിനിൽ ഉറങ്ങിപ്പോയിരുന്നു .ഈ ഫോൺ ബെല്ലടിച്ചതൊന്നും ഞാനറിഞ്ഞിരുന്നില്ല ….

വണ്ടിയുമായി റയിൽവേ സ്‌റ്റേഷനിൽ വരാനാകുമെന്ന് കരുതി സ്റ്റേഷനിലെത്തി വിളിച്ചിട്ടും രണ്ടാളും ഫോൺ എടുത്തില്ല .ഞാൻ പിന്നെ വിളിക്കാൻ നിന്നില്ല മഴയല്ലേ …

ഒരു ടാക്സി പിടിച്ച് നേരെ വീട്ടിലെത്തി ഞാനിറങ്ങി ആ മഴയിൽ .മഴയും നനഞ്ഞ് ഒരു നിമിഷം ഞാനവിടെത്തന്നെ നിന്ന് പോയി .ഞാൻ നടന്നത് ആളുകൾക്കിടയിലൂടെ ……..

ഞാനവിടെ കണ്ടത് ……

ഞാൻ അവിടെ കണ്ടത് വെള്ള പുതപ്പിച്ച് മൂടി കിടത്തിയ നജീബിനെയാണ് …….

ഉപ്പായെന്ന് നിലവിളിച്ചു കരയുന്ന ഹാരിസും സൈനബയും ഷാഹിനയും ………..

എന്റെ നജീബ് മരണപ്പെട്ടിട്ട് നാലഞ്ച് മണിക്കൂറുകൾ ആയുള്ളൂ എന്ന് ആരോ….

ഇന്നലെയും തിരക്കിയെന്ന് ഈ ആയിശാനെ…..

വെറുതെ തിരക്കിയതല്ല ഒന്ന് കാണാൻ
കാണാൻ പുതിയുണ്ടായിരുന്നിരിക്കും
കാരണം

ഈ ആയിശാനോട് മിണ്ടിയിട്ട് …
ഒന്ന് കണ്ടിട്ട് …..

എട്ട് മാസത്തോളമായില്ലേ ……

അത് വരെ മിണ്ടാതെ നടന്നതല്ലേ നീ ….

എന്നെ കാണാനും ഒന്നു മിണ്ടാനുമല്ലേ നജീബേ നീയെന്നെ കാണണമെന്ന് പറഞ്ഞ് വിളിപ്പിച്ചത് .
അതോ ഇങ്ങനെ അനങ്ങാതെ കിടന് ഉറങ്ങിയ പോലെ പറ്റിക്കുവാനോ …..

ഞാൻ വൈകിപ്പോയോടാ’…… എത്താൻ…

ആരൊക്കെയോ എന്നെ താങ്ങി കൊണ്ട് മറ്റാരോടോ പറയുന്നു ….. കുറച്ച് വെള്ളം എടുക്കാൻ ……
എന്നെ പറ്റിക്കാനാ അല്ലേ നജീബേ നീ വിളിച്ചു വരുത്തിയത്.

ആയിശായെ ശരിക്കും പറ്റിച്ചു കളഞ്ഞല്ലോടാ നീ ….

തുടരും

ആഇശ: ഭാഗം 1

ആഇശ: ഭാഗം 2

ആഇശ: ഭാഗം 3

ആഇശ: ഭാഗം 4

ആഇശ: ഭാഗം 5

ആഇശ: ഭാഗം 6

ആഇശ: ഭാഗം 7

ആഇശ: ഭാഗം 8

ആഇശ: ഭാഗം 9

ആഇശ: ഭാഗം 10

ആഇശ: ഭാഗം 11

ആഇശ: ഭാഗം 12

ആഇശ: ഭാഗം 13

ആഇശ: ഭാഗം 14

ആഇശ: ഭാഗം 15

ആഇശ: ഭാഗം 16

ആഇശ: ഭാഗം 17