Sunday, December 22, 2024
Novel

ആഇശ: ഭാഗം 13

നോവൽ
******
എഴുത്തുകാരൻ: Anush. A. Azeez

ഞാൻ ദുബായിലെത്തി .മോളില്ലാത്ത വീട് എനിക്ക് സങ്കൽപ്പിക്കുന്നതിനപ്പുറം .എങ്കിലും ഇവിടെ എനിക്കവളെ നല്ലവണ്ണം ശ്രദ്ധിക്കാൻ കഴിയില്ല എന്ന തോന്നൽ .കടയിൽ പ്രൊമോഷൻ
പ്രോഗ്രാം പ്ലാൻ ഇടുന്നു .

ഏതൊക്കെ സാധനങ്ങൾ വില കുറച്ചു കൊടുക്കാം എന്ന ചർച്ചകൾ .ഇതിനിടയിലാണ് ഉപ്പ എന്നെ വിളിക്കുന്നത് .ആമിയെ പറ്റി തന്നെ .ആമിക്ക് ഒരാലോചന വന്നിട്ടുണ്ടത്രെ.അത് നല്ല കാര്യമല്ലേ അത് പറയാൻ ഉപ്പ കിടന്നു വിക്കുന്നത് എന്തിനാ .

കാശൊക്കെ നമുക്ക് സംഘടിപ്പിക്കാം .ഉപ്പ കാര്യങ്ങൾ ഭംഗിയാക്കാൻ നോക്ക് എന്ന് പറഞ്ഞപ്പോൾ വീണ്ടും ഒരു പരുങ്ങൽ. കാര്യം പറ ഉപ്പാ എന്ന് പറഞ്ഞപ്പോളാ ഉപ്പ പറയുന്നത് അവൾക്കുള്ള ചെക്കനെ അവളും കണ്ട് വച്ചിട്ടുണ്ടത്രെ .എന്നിട്ടവൾ എന്താ എന്നോട് പറയാഞ്ഞത് .എന്റൊപ്പം ഇവിടല്ലേ അവൾ ഉണ്ടായിരുന്നത് .

എന്റെ കൂടെ അല്ലേ അവൾ നാട്ടിൽ വന്നത് ? .അത് അവൾ നിന്നെ പേടിച്ചിട്ടാ ?എന്നെ പേടിക്കാനെന്താ …ഉപ്പ കാര്യം പറ .അത് അവളുടെ ഓഫിസിൽ ജോലി ചെയ്യുന്ന സമീറുമായി ഇഷ്ടത്തിലാണത്രെ .കുഴപ്പം ഒന്നും ഇല്ല അന്വേഷിച്ചിട്ട് നീ സമ്മതിച്ചാൽ മതിയെന്നാ അവൾ പറയുന്നത് .സമീർ … ഞാനൊന്ന് തിരക്കട്ടെ ഉപ്പാ … നല്ല കാര്യമല്ലേ ? അവൾക്കിത് എന്നോട് നേരത്തേ പറയാമായിരുന്നല്ലോ .

അല്ല നീയല്ലേ അവിടെ ജോലി ശരിയാക്കിയത് നീ അറിഞ്ഞാ അവളെ ചീത്ത വിളിക്കുമെന്ന്
ഭയന്നാത്രെ .എന്തായാലും ഞാൻ തിരിക്കട്ടെ എന്നിട്ട് മതി .സമീറിനെ കുറിച്ച് തിരക്കിയപ്പോൾ സാമ്പത്തികമുള്ള വീട്ടിലെ ചെക്കൻ .ജോലി ചെയ്യുന്ന ട്രാവൽസിൽ പാട്നർഷിപ്പ് ഷെയർ ഒക്കെയുണ്ട് .പക്ഷെ ഒരു പാട് പെൺപിള്ളേരെ കരയിപ്പിച്ചിട്ടുണ്ട് എന്ന ശ്രുതിയുണ്ട് .

ആമിക്കാണേൽ ഇതൊക്കെ അറിഞ്ഞിട്ടും അവനെ മതി .എന്റെ വിയോജിപ്പ് ഉപ്പയെ അറിയിച്ചെങ്കിലും അവൾ പിൻമാറാൻ തയ്യാറായിരുന്നില്ല .അങ്ങിനെ ആമി സമീറിനും .ആസിയ സാജിദിനും .

രണ്ട് കൂട്ടരുടെയും നിക്കാഹും ഒരു വർഷം കഴിഞ്ഞ് കല്യാണം .ദുബായി ബാങ്കിൽ നിന്ന് ബിസിനസ്സ് ലോണും .എന്റെ സമ്പാദ്യമായി മാറ്റി വെച്ച തുകയും ഒക്കെ എടുത്തു .എന്നിട്ടും വിഷയം പരിഹരിക്കപ്പെട്ടില്ല .ഇളയവൾ ആസിയയുടെ സാജിദിന്റെ ഉപ്പാക്ക് ആണത്തം വിളമ്പാൻ ഉണ്ടാർന്ന മിടുക്കിനൊപ്പം പേശാനും അറിയാമെന്ന് മനസ്സിലായി .

സമീറിന് പക്ഷെ ആദ്യം പറഞ്ഞുറപ്പിച്ചതൊക്കെ മതി .അവസാനം ഉപ്പ കുറച്ച് പറമ്പ് വിൽക്കട്ടേയെന്ന് ചോദിച്ചു എന്നോട് .എനിക്ക് എന്തെതിർപ്പ് … അവസാനം അതും കൂടി വിറ്റു പണം കണ്ടെത്തി .രണ്ട് കൂട്ടരുടെയും കല്യാണം ഇനിയുള്ളത് .

ഇതിനിടയിൽ ഞാൻ നാട്ടിൽ എത്തി കാര്യങ്ങൾ എല്ലാം റെഡിയാക്കി രണ്ട് പേരുടെയും വിവാഹത്തിന് എല്ലാം തയ്യാറാക്കി .എന്നിട്ടും ഇതിനിടയിൽ ഒരിക്കൽ പോലും യൂസുഫിന്റെ വീട്ടിൽ എനിക്ക് ക്ഷണം കിട്ടിയില്ല .പക്ഷെ ഷാഹിന സുഖമായി അവിടെ വളരുന്നു .അവൾക്കവിടെ ഒരു കുറവും വരുത്താതെ എറ്റവും സുരക്ഷിതമായ ജീവിതം .അവളെ ഒറ്റക്ക് ശ്രദ്ധയില്ലാതെ ഒരു നിമിഷം പോലും ആ വീട്ടിൽ ഇല്ലായിരുന്നു .

യൂസുഫിന്റെ ഉപ്പ എപ്പോളും സ്വന്തം പ്രായം മറന്നും അവശതകൾ മറന്നും അവൾക്ക് കാവലായിരുന്നു .ഇവിടെ നിന്നതിനേക്കാൾ അവിടെ നിർത്തിയതിത് ശേഷം കുറച്ചു കൂടി അവൾ നന്നായി എന്ന് എനിക്ക് കാഴ്ചയിൽ അറിയാമായിരുന്നു .
കല്യാണത്തിനു ഞാൻ നാട്ടിൽ വന്നു എല്ലാ കാര്യങ്ങളും നോക്കി കണ്ട് ഉറപ്പു വരുത്തി .കല്യാണം മംഗളമായി തന്നെ നടത്തി .

എന്റെ അനിയത്തിമാർ നല്ല നിലയിൽ നല്ല ജീവിതങ്ങൾ തന്നെ കിട്ടി എന്നതാണ് എന്റെ ഉള്ളിലെ സന്തോഷം .ആമിയും സമീറും എന്റടുക്കൽ ദുബായിൽ തന്നെയുള്ളത് കൊണ്ട് അവരെ എപ്പോഴും കാണാമായിരുന്നു .

പക്ഷെ സാജിദ് കാനഡക്ക് പോയി .ആസിയ നാട്ടിലും .അവളും അങ്ങോട്ടേക്ക് പോകാൻ എന്തോ കോഴ്സുകൾ ചെയ്യുന്നു .പക്ഷെ അവർ തമ്മിൽ സൗന്ദര്യ പിണക്കമാണ് മിക്കവാറും .

പ്രശ്നം മൊബൈൽ തന്നെ രാത്രി ഓൺലൈനിൽ കണ്ടു എന്ന് തുടങ്ങി വിളിച്ചപ്പോൾ ഫോൺ ബിസിയായിരുന്നു എന്ന് വരെയുള്ള പ്രശ്നങ്ങൾ .ഞാൻ കാശ് ചിലവാക്കി രണ്ടു പേരെയും വിളിച്ച് ഒതുക്കലാണ് ഇടക്കിടക്കുള്ള എന്റെ തലവേദന .അവൾക്കും കൂടി കാനഡക്ക് പോകാൻ കഴിഞ്ഞാൽ പ്രശ്നങ്ങൾ തീരുമെന്ന് പ്രതീക്ഷിക്കാം .എന്നാൽ അവരാണ് പ്രണയിച്ചു കല്യാണം കഴിച്ചവർ .

സമീറും ആമിയും പക്ഷെ ഹാപ്പി .ഈ രണ്ട് കൂട്ടരും അനങ്ങിയാൽ വിളി എന്നെയാണ് .ചിലപ്പോൾ തോന്നും ഇവരുടെ ഉമ്മയും വാപ്പയും ഞാനാണന്ന് .എന്തായാലും സന്തോഷത്തോടെ ജീവിക്കട്ടെ .ഞാനാണേൽ ലോണും ഒക്കെ അടച്ച് ഇങ്ങനെ പോയി .

ഒരു വർഷം പിന്നിട്ടു .ഷാഹിനാക്ക് ഏഴ് വയസ്സ് .അവൾ ഒന്നാം ക്ലാസ്സിൽ ചേർന്നു .സ്കൂളിൽ പോകാൻ ആദ്യ ദിവസം ഞാൻ ചെല്ലണം എന്ന വാശി .സ്കൂൾ തുറക്കുമ്പോഴല്ലേ ഇനി രണ്ട് മാസമുണ്ടല്ലോ എന്നവളെ ആശ്വസിപ്പിച്ചു .

ഇതിനിടയിലാണ് ഞാൻ മൊബൈലിലെ മോളുടെ ഫോട്ടോകൾ നോക്കുന്നതിനിടയിൽ എന്നെ നജീബ് വരച്ച ചിത്രം ഞാൻ കാണുന്നത് .അവൻ എത്ര നന്നായി വരച്ചിരിക്കുന്നു എന്നെ .

ഞാൻ മൊബൈലിൽ അവൻ വരച്ചത് വലുതാക്കി സൂം ചെയ്ത് എന്റെ കണ്ണും ചുണ്ടും ഒക്കെ നോക്കി ഇരുന്നു .അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് .എന്റെ കഴുത്തിൽ അവൻ വരച്ച മാലയിൽ .അതിൽ

Q 40:60 എന്ന ഇംഗ്ലീഷ് വാക്കും അക്കങ്ങളും ..എന്താണാ കോഡുകൾ ? .ഞാൻ അത് എന്താണ് എന്ന് ആലോചിച്ചു .അവന് വട്ടല്ലേ ..വല്ല വട്ട് കോഡും ആയിരിക്കും .സാമിനെ എന്റെ കൂട്ടുകാരൻ വരച്ച ഫോട്ടോ കാണിച്ചപ്പോൾ .

പിന്നെ വരച്ച നജീബിനെ കുറിച്ചും കോഡിനെ കുറിച്ചും ആയി ചർച്ച.ഗൂഗിളിൽ സേർച്ച് ചെയ്ത് നോക്കിയാലോ എന്ന് സാം .ഞാൻ ഗൂഗിളിൽ അടിച്ചു “Q ” ഇസ്ലാമിക ഖുറാൻ വാക്കുകൾക്ക് … അക്കങ്ങൾ അധ്യായത്തിനും .
Q 40: 60 -നിങ്ങളെന്നെ വിളിക്കുക. ഞാന് നിങ്ങള്ക്കുത്തരം തരാം.

ഇവൻ ആള് കൊള്ളാലോ ? ഞാൻ സലീമിന്റെ സൗദി നമ്പറിൽ വിളിച്ചു .നജീബിന്റെ നമ്പർ ചോദിച്ചു .അവൻ പോലും ഞെട്ടി .നിനക്കെന്തിനാ ആയിശാ നജീബിന്റെ നമ്പർ .അതൊക്കെയുണ്ട് .

ഞാൻ നമ്പർ വാങ്ങി വിളിച്ചു .ഉടനെ ഇങ്ങോട്ട് ആയിശാ പറയൂ… ടാ എന്നെ എങ്ങനെ തിരിച്ചറിഞ്ഞു .

നിന്റെ ശബ്ദം കേട്ടാൽ എനിക്കറിഞ്ഞൂടെ … അയ്യടാ ശബ്ദം കേട്ട് നീ പറയൂല …നിന്റെ നമ്പർ ഞാനൊപ്പിച്ച് വച്ചിട്ട് കുറേ കാലായി ആയിശാ ,മനപ്പൂർവ്വം വിളിക്കാഞ്ഞതാ … അതെന്താടാ ?….നീ വലിയ ബിസിനസ്സ് കാരിയല്ലേ ശല്യം ചെയ്യണ്ടാന്ന് കരുതി ….പിന്നെ… നീ ഞാൻ വരച്ച ചിത്രം കണ്ടു അല്ലേ ? … ഉം ..നിനക്കെങ്ങിനെ മനസ്സിലായി .

മാലയും കമ്മലും വളയും നോക്കാത്ത സ്ത്രീകളുണ്ടോ … വളയിൽ എന്റെ മൊബൈൽ നമ്പർ ഉണ്ട് സൂക്ഷിച്ച് നോക്കിയാൽ … അത് നോക്കിയല്ലേ വിളിച്ചത് …. ടാ അത് ഞാൻ കണ്ടില്ല ഞാൻ സലീമിനേറെന്ന് വാങ്ങിയതാ .
ആയിക്കോട്ടെ …….
നീ എന്റെ ആരാധകനാണന്ന് കേട്ടു .
പിന്നല്ലാതെ …… അല്ല ആയിശാ നീയെന്താ ഇപ്പോൾ എന്നെ വിളിക്കാൻ കാരണം .

അതോ നീയല്ലേ കോഡ് ഇട്ട് എഴുതിയത് എന്നെ വിളിക്കുക ഞാൻ നിനക്കുത്തരം നൽകാന്ന് .

കോഡിൽ എഴുതി ഇട്ടത് ഞാൻ കണ്ടു പിടിച്ചു അപ്പോൾ വിളിക്കാന്ന് കരുതി.
ഹ ഹ അത് എന്റെ ചെറിയ കുസൃതി എന്റെ എല്ലാ കലാ സൃഷ്ടികളിലും ഉണ്ടാകും ചില ഒളിപ്പിച്ചു വെച്ച കുസൃതികൾ നീയത് കണ്ട് പിടിച്ചു കളഞ്ഞല്ലോ ആയിശാ …..
ഹു ഹു ഹു ഒന്നു പോട ചെക്ക …..
നിന്റെ വിശേഷങ്ങൾ പറ ആയിശാ …

എന്ത് വിശേഷം .അനിയത്തിമാരുടെ കല്യാണം .മോൾ നാട്ടിൽ …. അങ്ങനെ ഇവിടെ ജോലിയും നോക്കി ഇങ്ങനെ പോകുന്നു .
അപ്പോൾ ഹസ്ബന്റ് ? ….

ഇല്ല ……. ആറ് വർഷത്തോളമായി മരണപ്പെട്ടു പോയിട്ട് .അപ്പോൾ നീ ? ഞാനെന്താടാ ഇങ്ങനെ ഒറ്റക്ക് തട്ടിയും മുട്ടിയും പോകുന്നു ….. ആയിശാ ‘കേട്ട് സങ്കടായി …. നിന്റെ ആരാധകനാർന്നെങ്കിലും നീ അടിപൊളി ആയി ജീവിക്കുകയാണന്നാ ഞാൻ കരുതിയത് എന്നിട്ടിപ്പോൾ ഇത് കേട്ടപ്പോ ….എന്നിട്ട് നീ വേറെ കല്യാണമൊന്നും കഴിച്ചില്ലേ … ഇല്ല …. ഇല്ലേ … ഇല്ല …. അങ്ങനെ നജീബുമായി സംസാരിച്ചു കുറേ നേരം .

സത്യം പറയാലോ ആരിലും നിന്ന് കിട്ടാത്ത ഒരു പോസിറ്റീവ് എനർജി അവനിൽ നിന്ന് കിട്ടും പോലെ .എത്ര ടെൻഷൻ ഉണ്ടെങ്കിലും അവനെ വിളിച്ചാൽ മാറി കിട്ടും .എന്തിനേയും പോസിറ്റീവായി മാത്രം കാണുന്നവൻ .

നമ്മൾ ഒന്ന് വീണാൽ അത് നമ്മുടെ ഉയർച്ചക്കുള്ളതാണെന്ന് പറഞ്ഞ് ആ ഉയർച്ചയെ ഓർത്ത് വീഴുമ്പോഴേ ചിരിക്കുന്നവൻ .ആളൊരു സംഭവം തന്നെ .പാട്ടുകളെ സ്നേഹിക്കുനവൻ .ഈണത്തേക്കാൾ വരികളാണവനിഷ്ടം .അവന്റെ എഴുത്തുകൾ ,വരകൾ ,എല്ലാറ്റിലും അവന്റെതായ ഒരു പുഞ്ചിരിയുണ്ട് .

ഇതല്ല രസം സ്വന്തം ഭാര്യയെയും മക്കളെ ഇത്രക്കും സ്നേഹിക്കുന്നവനെ ഞാൻ അടുത്തൊന്നും കണ്ടിട്ടില്ല അത്രക്ക് കരുതലാ അവന് .എന്തായാലും ഞാനും നജീബും സൗഹൃദം നന്നെ വളർന്നു .ഇടക്കിടക്ക് ഓരോ ഐ ല വ്യു പറയുന്നുണ്ട് അവൻ പഴയ കടം വീട്ടാൻ പറയുന്നതാണത്രെ. എന്തും സംസാരിക്കാൻ കഴിയുന്ന ഒരാളായി മാറി നജീബ് .

ആസിയയുടെ അറിവില്ലാഴ്മ യെ കുറ്റം പറഞ്ഞ ഞാൻ അവന് സെൽഫികൾ എടുത്തയക്കും .അവനോ മേക്കപ്പും ജാഡയും ഒന്നുമില്ലാത ഉറക്കത്തീന്ന് എണീറ്റാൽ ആ കോലത്തിലെ തിരു മോന്ത വരെ തിരികെ അയക്കുക .

അവൻ ഇടക്കിടക്ക് ഐലവ്യു എന്നൊക്കെ പറയുമെങ്കിലും ഞങ്ങൾ പരസ്പരം പ്രണയമായിരുന്നില്ല .ഞങ്ങളുടെ ദിവസങ്ങളും സന്തോഷങ്ങളും ഒക്കെ പങ്ക് വെച്ച് അങ്ങിനങ്ങിനങ്ങിനെ ….. സൗഹൃദങ്ങൾക്കപ്പുറം .
രണ്ട് മാസം കഴിഞ്ഞ് നാട്ടിൽ എത്തി മകളെ സ്കൂളിൽ ചേർത്തു .അവൾക്ക് അന്ന് ഞാൻ വന്നതിൽ ഒത്തിരി സന്തോഷമായി .

പിന്നെ കുറച്ച് പണയം ബാങ്കിൽ വെച്ചിട്ടുണ്ടായിരുന്നു .അതെല്ലാം എടുത്തു ഞാൻ വണ്ടിയിൽ കയറാൻ നീങ്ങവേ അരിയുടെ
ഹോൾസെയിൽ കടയുടെ കൗണ്ടറിൽ ഇരുന്നു കൊണ്ട് ഒരാൾ എന്നെ തന്നെ നോക്കുന്നു .അത് അഫ്സലായിരുന്നു .

എന്റെ ആദ്യ പ്രണയം .ഞാൻ മുഖം കൊടുത്തില്ല വണ്ടിയിൽ കയറി വീട്ടിലെത്തി .വൈകിട്ട് നാലോടെ വീടിന് മുന്നിൽ ഒരു കാർ വന്നു നിന്നു .അത് അഫ്സലായിരുന്നു .
ഉപ്പ ഒരു പരിചയക്കാരനെ സ്വീകരിക്കും പോലെ .

അഫ്സലോ എന്താ മോനേ …. എന്ന് പറഞ്ഞ് കയറ്റി ഇരുത്തലും ഉമ്മാനോട് ചായക്ക് ഓഡർ ചെയ്യലും .എന്നെ ഉപ്പ അങ്ങോട്ടേക്ക് വിളിച്ചിട്ടാണ് ഓടി ചെന്നത് .നിനക്ക് അഫ്സലിനെ ഓർമയുണ്ടോ ? …. ഉം … ഉണ്ട് …. അവൻ മറന്നിട്ടില്ല നിന്നെ .അവൻ എപ്പോഴും നിന്റെ കാര്യങ്ങൾ തിരക്കാറുണ്ട് .

ഈ അടുത്താ നമ്മുടെ കവലയിൽ അരിയുടെ ഹോൾസെയിൽ കട തുടങ്ങിയത് …. ഞാൻ അഫ്സലിനെ നോക്കി അഫ്സൽ എന്നെയും …അഫ്സൽ ചായയും കുടിച്ച് ഉപ്പായുമായി വർത്താനം പറഞ്ഞിരുന്ന് തിരികെ പോയി .

ഉപ്പ അകത്തേക്ക് കയറി വന്ന് തുടർന്നു .മിടുക്കനാ ഓൻ …ഉപ്പയെന്തിനാ പഴയ ബന്ധങ്ങൾ ഇപ്പോ കൂട്ടു പിടിച്ചേക്കുന്നേ … ടീ അവന്റെ കാര്യങ്ങൾ അറിഞ്ഞിട്ടാ …അവൻ കല്യാണം കഴിച്ച് രണ്ട് മൂന്ന് മാസം കൊണ്ട് ബന്ധം മുറിഞ്ഞു .കാരണമറിയോ ഓൻ മനസ്സു കൊണ്ട് നിന്നേ സ്നേഹിച്ചിട്ടുള്ളുവത്രെ.

ഉപ്പാക്ക് പ്രാന്തായാ ഓരോരുത്തരുടെ കഥകൾ കേൾക്കാൻ .മൂന്നു പെൺപിള്ളേരുടെ ഉപ്പയാ ഞാൻ …എനിക്ക് ചിലപ്പോൾ ചില പ്രാന്തുകൾ കയറി കൂടും .
വീട്ടിൽ ഇരുന്ന് പ്രാന്ത് കൂടാതിരിക്കാൻ കവലയിൽ ഒരു പീടിക ഉപ്പ നോക്കി വച്ചിട്ടുണ്ട് .

എന്റുപ്പാ ഈ അടുത്തൊന്നും എന്നെ കണ്ടോണ്ട് ഇറങ്ങി തിരിക്കല്ലേ .ദുബായിലെ ബാങ്കിൽ ഒരു വർഷം കൂടി വേണം ലോണടച്ചു തീർക്കാൻ .പിന്നെ എമിറേറ്റ്സ് ഒട്ടാകെ വീണ്ടും സാമ്പത്തിക മാന്ദ്യം ഉണ്ട് .അത് കൊണ്ട് ആയിശായെ കണ്ട് തുള്ളാൻ നിൽക്കണ്ട .

അതിന് നീ സഹായിക്കണ്ട അഫ്സൽ സഹായിക്കാന്ന് ഏറ്റിട്ടുണ്ട് .ഓഹോ ഇനി അത് വയ്യാവേലി ആയി മാറരുത് .ഓനുമായി ഉപ്പയുമായി .പിന്നെ നഷ്ടക്കണക്ക് പറഞ്ഞ് വരരുത് .വയസ്സാം കാലത്ത് ഉപ്പാക്കും ഉമ്മാക്കും ഈ വീട് മാത്രമേ ഉള്ളൂ അത് വല്ലോർക്കും തിന്നാൻ കൊടുത്ത് പെരുവഴിയിൽ ആകാൻ ഇട വരരുത് അത്രേ എനിക്ക് പറയാനുള്ളൂ .കച്ചോടം ചെയ്യുകയോ ചെയ്യാതിരിക്കുകയോ എന്താന്ന് വെച്ചാൽ ചെയ്യ് .
ഉപ്പ മിണ്ടാതെ കേട്ടോണ്ട് പോയി .

മിസ്റ്റർ പോസിറ്റീവ് എന്താ വിളിക്കാത്തത് .
ഒരു മെസ്സേജ് അയച്ചു … എവിടാ …

” ഞാൻ മരിച്ചട്ടില്ല ഉണ്ടക്കണ്ണീ ” മറുപടി ഉടൻ വന്നു .

അവനോട് അഫ്സൽ വന്നതും ശോകവും ഒക്കെ പങ്കിട്ടു .എല്ലാം പോസിറ്റീവ് …… അതെല്ലാം പറഞ്ഞ് ഞങ്ങൾ ചിരിച്ചു …
ഇന്ന് രാത്രിയാണ് തിരികെ പോകാനുള്ള ഫ്ലൈറ്റ് .

ഇറങ്ങും മുമ്പേ ദേ അഫ്സൽ …
ആയിശാ എനിക്ക് നിന്നോട് സംസാരിക്കാമോ ?

ഇനി എന്ത് സംസാരിക്കാനാ അഫ്സലേ … പഴയ പ്രേമമോ? …. അതിന് ഞാൻ പഴയ ആയിശ അല്ല . പഴയ ആയിശ ആയാൽ തന്നെ …നീ എന്നെ മനസ്സിൽ കൊണ്ട് നടന്നതു കൊണ്ടാണ് നിന്റെ ഭാര്യയൊത്ത് ജീവിക്കാൻ പറ്റഞ്ഞത് എന്ന് ഞാൻ വിശ്വസിക്കണോ ….
ആയിശാ ഞാൻ പറയട്ട് …..

ഒന്നും പറയണ്ട അവളും നിന്റെ സംശയ രോഗം കൊണ്ട് അവളിട്ടേച്ച് പോയതല്ലന്ന് ആര് കണ്ട് …. അതു കൊണ്ട് പഴയതും കൊണ്ട് ഇങ്ങോട്ട് വരരുത് .
അഫ്സൽ പോക്കറ്റിൽ വെച്ചു കൊണ്ട് വന്ന പഴയ ഒരു കത്തെടുത്ത് എന്റെ നേർക്ക് നീട്ടി .അതിന്റെ അവസാന വരികൾ ഇങ്ങിനെയായിരുന്നു .

”നിങ്ങൾക്ക് ഇപ്പഴും ഞാൻ ഭാര്യ ആയിട്ടില്ല ,നിങ്ങൾ ആയിശാക്ക് മാത്രമേ നിങ്ങളുടെ മനസ്സിൽ ഇടം നൽകിയുള്ളൂ .എന്നിട്ടും പ്രതീക്ഷയോടെ നിങ്ങൾക്കൊപ്പം തുടർന്ന് നോക്കി ഞാൻ.പക്ഷെ നിങ്ങളുടെ മനസ്സിൽ ഞാൻ ഒരു ഭാര്യ പോലും ആയില്ല .. എന്തിന് ഒരിടം എനിക്കായി ‘ നിങ്ങൾ തുറന്നിട്ടില്ല .ഞാൻ ഇതെഴുതി വെച്ച് എന്റെ വീട്ടിലേക്ക് മടങ്ങുകയാണ് …. എന്ന് സജ്ന”

ഇത് ഞാൻ ആയിശയോട് പറയാൻ വന്നതല്ല ഇത് നിനക്ക് കാണിച്ചു തരാൻ വന്നതാ .അല്ലേൽ നീ എന്നെ വിശ്വസിക്കില്ലെന്നും ഇതൊക്കെ തന്നെ പറയുമെന്നെനിക്കറിയാമായിരുന്നു .ഞാൻ പോട്ടെ ആയിശ .നിനക്ക് ഇറങ്ങാൻ സമയമായല്ലോ .
ഞാൻ ഒന്നും പറഞ്ഞില്ല .

ഞാൻ ദുബൈയിലെത്തി .എനിക്ക് എന്നെ കുറിച്ച് തന്നെ ചിന്തിക്കാനുള്ള നേരമല്ലിത് .ബാങ്കുകളിലെ ലോൺ ..ഷാഹിന ഇതൊക്കെയാണ് ചിന്തകൾ . അത് മാത്രമാണ് .മറ്റൊന്നും ഇപ്പോൾ ഞാൻ ചിന്തിക്കാൻ പാടില്ല .
…::……………..:………
എങ്കിലും എനിക്ക് വേണ്ടി അയാൾ ……….?
അപ്പോളേക്കും ഫോൺ ബെല്ലടിക്കുന്നു …….നജീബാണ് …

തുടരും

ആഇശ: ഭാഗം 1

ആഇശ: ഭാഗം 2

ആഇശ: ഭാഗം 3

ആഇശ: ഭാഗം 4

ആഇശ: ഭാഗം 5

ആഇശ: ഭാഗം 6

ആഇശ: ഭാഗം 7

ആഇശ: ഭാഗം 8

ആഇശ: ഭാഗം 9

ആഇശ: ഭാഗം 10

ആഇശ: ഭാഗം 11

ആഇശ: ഭാഗം 12