Wednesday, January 22, 2025
Novel

ആഇശ: ഭാഗം 11

നോവൽ
******
എഴുത്തുകാരൻ: Anush. A. Azeez

ആമി അന്ന് പോയതിന് ശേഷം പിന്നെ ഇടക്കിടക്ക് വ്യാഴാഴ്ച വൈകുന്നേരങ്ങളിൽ മകൾക്ക് മിഠായികളുമായി വരാൻ തുടങ്ങി .മോളെ ഒരു പ്ലേ സ്കൂളിൽ ചേർത്തു ഞാൻ .രാവിലെ പോയാൽ അവൾ വൈകുന്നേരം മൂന്നു മണിയാകും വരാൻ .അതു കൊണ്ട് ഞാനും ഭക്ഷണം ടിഫിൻ ബോക്സിലാക്കി കൊണ്ട് വരും പിന്നെ രാത്രി നേരത്തെ ഇറങ്ങും അവൾ ഉറങ്ങും മുമ്പ് .ഇതെല്ലാം പറഞ്ഞിട്ടും മകളുടെ പേര് പറഞ്ഞില്ലല്ലോ ഷാഹിനാ യൂസുഫ് …. വീട്ടിൽ ഷഹി എന്ന് വിളിക്കും .

അവൾക്ക് ആമിയെ ജീവനാ .ആമിക്കാണേൽ ഇപ്പോൾ ആഴ്ചയിൽ അവളെ കാണാതിരിക്കാനും കഴിയില്ല .അതു കൊണ്ട് ഷാഹിന എന്ത് സ്പെഷൽ ആവശ്യമുണ്ടേലും അവളോടാ ഇപ്പോൾ ലിസ്റ്റ് കൊടുക്കൽ .ഷാഹിന വഴി ഇപ്പോൾ അവളുടെ എന്നോടുള്ള മിണ്ടാട്ടവും സംസാരിക്കാനുള്ള ചമ്മലും ഒക്കെ മാറി .

വീണ്ടും ഞങ്ങൾ ഒരുമിച്ച് പഴയ പോലെ വ്യാഴാഴ്ചകൾ സ്വർഗ്ഗമാക്കി .എങ്കിലും അവളോട് ഇവിടെ വന്ന് വീട്ടിൽ താമസിക്കാൻ ഞാൻ പറഞ്ഞില്ല .അവൾ എന്നോടും ചോദിച്ചില്ല .
അങ്ങിനെ വലിയ കഥകളൊന്നും പറയാനില്ലാതെ ഒരു വർഷം കൂടി കടന്നു പോയി .

ആമിക്ക് നാട്ടിൽ പോകാൻ ആഗ്രഹം വന്നു തുടങ്ങിയ സമയം .മുമ്പ് ഒന്ന് പോയി വന്നാലോ എന്ന് എന്നോട് സൂചിപ്പിച്ചതായിരുന്നു .ആദ്യത്തെ വരവല്ലേ കുറച്ച് നിന്നിട്ട് പോയി വന്നാൽ മതീന്ന് ഞാൻ പറഞ്ഞു അതു കൊണ്ടവൾ ഇതു വരെ പിടിച്ചു നിന്നത് .

ഉപ്പയുടെ ആവശ്യങ്ങൾ ഇപ്പോൾ ഞാനറിയുന്നതും അവളിലൂടെയാണ് .അമി നാട്ടിൽ പോകാറായപ്പോൾ പോലും എന്നെ നാട്ടിലോട്ടും വീട്ടിലോട്ടും ക്ഷണിക്കാൻ അവളും മറന്നിരിക്കുന്നു .എന്നാൽ ഉപ്പയോ ഉമ്മയോ എന്നെ ഒരിക്കൽ പോലും വിളിക്കാറില്ല അതു കൊണ്ട് നാട്ടിൽ വരുന്നില്ലേ എന്ന ചോദ്യം പോയിട്ട് സുഖമാണോന്ന് പോലും തിരക്കാൻ വഴിയില്ലല്ലോ .

ആമി വഴി എന്റെ വിശേഷങ്ങൾ അറിയുന്നുണ്ടാകും .കൂടാതെ ഇളയ അനിയത്തിക്കുട്ടി ആസിയയെ വിളിക്കാറുണ്ട് .അവൾക്കാണേൽ നൂറു ആവശ്യങ്ങളാ ഇപ്പോൾ .അവളൊരിക്കൽ ചോദിച്ചു ഇത്താത്ത നാട്ടിൽ വരുന്നില്ലേന്ന് .

പറഞ്ഞ ലിസ്റ്റ് എല്ലാം സാധിച്ചു കൊടുക്കാറുണ്ട് പിന്നെ അടുത്ത ആവശ്യങ്ങൾ വരുമ്പോൾ ഒരു മിസ്സ് കോൾ വരും .ആമിക്ക് സാധനങ്ങൾ കുറേ ഞാനും വാങ്ങി കൊടുത്തു .
അങ്ങനെ ഇരിക്കെയാണ് അവൾ രാത്രിയിൽ വിളിച്ചു പറയുന്നത് മുട്ട് വേദനക്കുള്ള ഗ്ലൂകോസാമയിൻ ക്രീം വാങ്ങണേന്ന് ഉപ്പ പറഞ്ഞന്ന് .

രാത്രി വീട്ടിലേക്ക് പോകും വഴി മെഡിക്കൽ സ്റ്റോറിൽ നിന്ന് ഒറിജിനൽ മൂന്നാലെണ്ണം വാങ്ങി ഉപ്പാക്ക് കുറേ നാൾ ഉപയോഗിക്കാമല്ലോ എന്ന് കരുതി . ഇത് കൊണ്ട് കൊടുത്ത ശേഷം നാളെ രാത്രി പെട്ടി കെട്ടാമന്ന് ഞാൻ ആമിയോട് വിളിച്ചു പറഞ്ഞു .

അന്ന് രാത്രി ഞാനത് മറക്കാതെ വീട്ടിൽ കൊണ്ട് വച്ചതാണ് .പക്ഷെ ഞാനിങ്ങ് സൂപ്പർമാർക്കറ്റിൽ അത് ഓർക്കാതെ വന്നു പോയി .അതോർത്തത് ഉച്ചക്കാണ് ,സുധീർ മോളെ പിക്ക് ചെയ്യാൻ പോകണ്ട സമയമായത് കൊണ്ട് ഉച്ചക്ക് രണ്ട് മണിക്കേ ഞാൻ ടാക്സി വിളിച്ചു പോയി .അതെടുത്ത് പുറത്തേക്കിറങ്ങാൻ നേരം റംല ചായയിടാം എന്ന് പറഞ്ഞത് .തിരക്കുണ്ടായിരുന്നെങ്കിലും ഞാൻ ഒന്നു ബാത്ത്റൂമിൽ കയറി .

ഒന്ന് പാഡ് നോക്കി ഇത്തവണ ബ്ലീഡിങ്ങ് കൂടുതലാണ് അതും മാറ്റി ഒന്നു ഫ്രഷായി പുറത്തിറങ്ങി .മുഖം ടവ്വൽ കൊണ്ട് തുടക്കുമ്പോഴേക്കും പുറത്ത് വണ്ടി വന്ന ശബ്ദം .ഞാൻ മെല്ലെ മുഖം തുടച്ചു കൊണ്ട് തന്നെ വെളിയിലേക്ക് നോക്കി അവൾ വരുമ്പോൾ എന്നെ കണ്ടൊന്ന് ഞെട്ടട്ടെ .

ഞാൻ വാതിലിനരികിൽ നിന്നു ഒരു മിനിറ്റായിട്ടും അവൾ വന്നില്ല .ഇനി എന്റെ ഷൂ കണ്ട് കാണും കള്ളി .അവൾ എന്നെ പറ്റിക്കാൻ നോക്കുകയായിരിക്കും .ഞാൻ ജനലിൽ കൂടി പുറത്തേക്ക് വണ്ടിയിലേക്ക് നോക്കി .

അവൾ സുധീറിന്റെ മടിയിൽ ഇരുന്നു സ്റ്റിയറിങ്ങിൽ പിടിച്ച് വണ്ടി ഓടിച്ചു കളിക്കുന്നു .സുധീറിന്റെ മുഖം വണ്ടിയുടെ ഗ്ലാസ്സിൽ പതിയുന്ന പകൽ വെയിലിൽ കാണുന്നില്ല .

പക്ഷെ എന്റെ മകൾ ഇരിക്കുന്ന ഭാഗം മുതൽ അവൾ പിടിച്ചിരിക്കുന്ന സ്റ്റിയറിങ്ങ് എല്ലാം വ്യക്തമായി കാണാം .അത് നോക്കവേ എന്റെ ദേഹം ഐസ് പോലെ തണുത്തു മരവിച്ചു .

സുധീർ മോളെ ഒരു കൊച്ചു കുട്ടിയെ ലാളനപോലെ കളിപ്പിക്കുകയാകും ചിലപ്പോൾ എന്റെ തെറ്റിധാരണയാകാം .അയാളുടെ ഭാഗത്ത് നിന്ന് എനിക്ക് ഇത് വരെഒരു ദുരനുഭവവും ഉണ്ടായിട്ടുമില്ല .എങ്കിലും എന്റെ തോന്നൽ എന്നെ ഭയപ്പെടുത്തുന്നു .

അവൾക്ക് നാലര വയസ്സായി.. എന്തായാലും ഞാനൊരമ്മയാണ് ഈ കാഴ്ച എനിക്കത് സഹിക്കാൻ കഴിയില്ല .

ഞാൻ ഡോർ തുറന്നു .പെട്ടെന്ന് സുധീർ ഡോർ തുറന്നു മോളെ താഴെ ഇറക്കി .അവൾ എന്നെ കണ്ടതും
ആയിശൂ ടീ നീ നേരത്തേ വന്നോ എന്നും പറഞ്ഞ് ഓടി വന്നു .മോളെ കോരിയെടുത്ത് ഉമ്മ കൊടുത്തു .മനസ്സ് പിടഞ്ഞു തന്നെയായിരുന്നു .

അയാൾ എന്നെ കണ്ടയുടൻ ഒന്നു ഞെട്ടിയോ …. ചൊവ്വിന് ഞാൻ ശ്രദ്ധിച്ചില്ല …. അകത്ത് കയറി എന്റെ മോളുടെ ഡ്രസ്സ് ഊരി എടുത്ത് പിറകും മുന്നും തിരിച്ചൊക്കെ ഒക്കെ ഒന്നു പരിശോധിച്ചു … അന്ന് ഞാൻ കാത്ത് നിന്ന ചായ കുടിച്ചോ എന്ന് പോലും ഓർമ്മയില്ല ഞാൻ അയാളെയും കൂട്ടി തന്നെ സൂപ്പർ മാർക്കറ്റിലേക്ക് പോയി .

പോകും വഴി അയാളോടത് ചോദിക്കണോ വേണ്ടയോ എന്ന് ഞാൻ ആലോചിച്ചു .വേണ്ട ചോദിക്കണ്ട …… തൽക്കാലം.

ഞാൻ ആമിയുടെ കൈയ്യിൽ വേദനക്കുള്ള മരുന്നുകൾ കൊടുത്തു .ആമി എന്നാ ഫ്ളൈറ്റ് ടിക്കറ്റ് എടുത്തിരിക്കുന്നത് .നാളെയാണ് ഇത്താത്താ ….. എങ്കിൽ രണ്ട് ദിവസം കൂടി നീട്ടൂ .
എന്തിനാ ഇത്താത്താ ….. ഞാനും വരുന്നു നിന്റെയൊപ്പം. സത്യമാണോ ഇത്താത്താ … അതെ ഞാനും വരികയാ …. നീ നിന്റെ ഫോണിൽ നിന്ന് നമ്മുടെ ഉപ്പയെ ഒന്ന് വിളിച്ച് പറ ഇപ്പോൾ തന്നെ …. ഇത്താത്ത നിങ്ങൾക്കിത് എന്ത് പറ്റി ?

ഇത്രയും നാൾ അങ്ങോട്ടുമിങ്ങോട്ടും മിണ്ടാണ്ടിരുന്ന ഉപ്പായെ വിളിക്കാൻ തന്നെയാണോ? എന്ത് പറ്റി എന്റെ ആയിശൂന് ?

“ജീവിതത്തിൽ നമുക്ക് വാശി വരാം .

ആൺ പെൺ സമത്വത്തിന് നമുക്ക് വാദിക്കാം .സ്ത്രീ മുന്നേറ്റത്തിനായി പോരാടാം … പക്ഷെ സ്ത്രീ ഒറ്റപ്പെടുമ്പോൾ പഠിക്കുന്ന പാഠങ്ങളും തിരിച്ചറിവുകളുമുണ്ട് …. ദൈവം ആണിന് പെണ്ണും പെണ്ണിന് ആണുമായാണ് സൃഷ്ടികൾ നിർമ്മിച്ചിട്ടുള്ളത് ,പെണ്ണിന് മുന്നേറ്റമുണ്ടാകാൻ ഒരാൺ ഉണ്ടായേ തീരൂ … അത് ഉപ്പയുടെ രൂപത്തിലും … ആങ്ങളയുടെ രൂപത്തിലും … ഭർത്താവിന്റെ രൂപത്തിലും … ചിലപ്പോൾ സുഹൃത്തോ കാമുകനോ ആയ രൂപത്തിൽ …
അത് തിരിച്ചറിയാതെ സ്ത്രീക്ക് മാത്രമായ മുന്നേറ്റമില്ല ഈ ദുനിയാവിൽ ”

എന്തക്കയാ ഇത്താത്താ ഈ പറയുന്നത് ?വട്ടായോ … ഞാൻ ഉപ്പായെ വിളിക്കട്ടെ.
ഉപ്പാ … ഉപ്പാ… ഉപ്പാനോട് ആയിശു താത്താക്ക് സംസാരിക്കണമെന്ന് .

മോളേ … മോളേ ആയിശു എന്താടീ ? എന്റെ കുട്ടിക്ക് എന്താ പറ്റിയെ …..
ഒന്നുമില്ലുപ്പാ …..വെറുതെ …
അല്ല എന്തോ ഉണ്ട് .

പണ്ടും ആയിശുമോളിങ്ങനാർന്നു .വാശിയായിരുന്നു നിനക്ക് എന്തിനും .പക്ഷെ എന്തേലും വിഷമം ഉണ്ടാകുമ്പോഴാ നീ ഈ ഉപ്പാടെ മുന്നിൽ തോറ്റ് തരാറുള്ളത് ….
ഒന്നുമില്ലുപ്പാ ….

പറ മോളെ എന്താ കാര്യം ….
ആമി ഫോൺ തട്ടിപ്പറിച്ചു .ഒന്നുമില്ലുപ്പാ ആയിശാത്ത ഫുൾ ഹാപ്പിയാ .

ഉപ്പാനെയും
ഉമ്മാനയും കാണാൻ എന്റൊപ്പം വരണുണ്ട് അതിന് നിങ്ങൾ സന്തോഷിക്കുന്നതിന് പകരം സെന്ററിമെന്റ്സ് അടിച്ചു കൊളമാക്കല്ലേ .നിങ്ങടെ മരുന്ന് വാങ്ങീട്ടുണ്ട് ആയിശുതാത്ത .ആസിയാക്ക് ഫോൺ കൊടുക്കല്ലേ ഓൾ പറഞ്ഞ ലിസ്റ്റിലുള്ളതെല്ലാം വാങ്ങിക്ക്ണ് .ഇനി ലിസ്റ്റ് പറഞ്ഞാൽ പെട്ടീൽ സ്ഥലമില്ല ….. ഉപ്പാ നമുക്ക് അടിച്ചു പൊളിക്കാം ഇത്തവണ ….

അങ്ങിനെ ഞാനും ആമിയും ഒരുമിച്ച് നാട്ടിൽ പോകാൻ അങ്ങിനെയാണ് തീരുമാനമായത് .

ഇതിനിടയിൽ എന്റെ കൂടെ സ്കൂളിൽ പഠിച്ച അരുണും ഷാനവാസും ഒക്കെ ഫോണിൽ വിളിച്ചു .അവർ ഇവിടെ ദുബായിലുണ്ട് .അവർ എന്നെ നേരിൽ കാണാനെത്തി .സലീമാണ് പണി പറ്റിച്ചത് അവനാണ് നമ്പർ ഇവർക്ക് കൊടുത്തത് .

അരുൺ ഡോക്ടറാണ് ഇവിടെ ഷാനവാസ് ഒരു കമ്പനിയിൽ ഇഞ്ചിനീറും .പഴയ കാല തമാശകൾ ചായക്കൊപ്പം കേട്ടിരുന്നു .വരുൺ മൊബൈലെടുത്ത് കൊണ്ട് … ദാ ആയിശാ നിന്നെ വരച്ചിരിക്കുന്ന ചിത്രം….. കാണും മുമ്പേ ഞാൻ ചോദിച്ചു നജീബ് വരച്ചതല്ലേ ….അതേ നീയെപ്പോൾ കണ്ടു …. അവൻ വട്ടനല്ലേ അവന്റെ വട്ട് കഥയും ഇപ്പോഴും ഉള്ള നിലക്കാത്ത ആരാധനയും പൊട്ടത്തരങ്ങളും .. എല്ലാം സലീം സൗദിയിൽ വെച്ച് കാണിച്ചു തന്നായിരുന്നു .ആയിശാ …. അത് മുമ്പല്ലേ ഇതിന്ന് വരച്ച് അവൻ ഗ്രൂപ്പിലിട്ടതാ നിന്റെ ഇപ്പോഴത്തെ മുഖം വരച്ച ഈ ഫോട്ടോ … നോക്കട്ട് അരുൺ ….ഇതെങ്ങിനെ….. സലീമും കുടുംബവും ഒപ്പമുള്ള നിന്റെ ഫോട്ടോ സലീം ഇട്ടിരുന്നു ഗ്രൂപ്പിൽ ആയിശായെ കണ്ടെത്തി എന്നും പറഞ്ഞ് .

അതിൽ നിന്നാകും നജീബ് നിന്നെ വരച്ചത് .ഗ്രൂപ്പിൽ വെറുപ്പിക്കലാ അവന്റെ പണി .അരുൺ ആ ഫോട്ടോ എന്റെ മൊബൈലിലോട്ട് അയച്ചു താ …..

അവൻ അയച്ചു തന്നു …. പഴയ മറ്റു തമാശകളും പറഞ്ഞ് ഇരുന്ന് അവർ പോയി .സത്യത്തിൽ പഴയ കുടിക്കാല സുഹൃത്തുക്കളെ കാണുന്നത് തന്നെ വലിയ ആശ്വാസമാ …. നമ്മുടെ എല്ലാ സങ്കടങ്ങളും മറക്കും …. കോളജിൽ പഠിച്ചവരോട് അത്ര തോന്നാറില്ല .. പക്ഷെ സ്കൂളിൽ കൂടെ പഠിച്ച പഴയ കൂട്ടുകാരെ കാണുമ്പോൾ കൂടെ പിറപ്പുകളെ കിട്ടിയ പോലൊരു സന്തോഷമാ .

പിന്നെയും പലരും വിളിച്ചു ആ കൂടത്തിൽ നിന്ന് .
പിറ്റേ ദിവസം
ഞാനും ഷാഹിനായും ആമിയും നാട്ടിലേക്ക് …

നാട്ടിൽ ചെന്നിറങ്ങിയത് കൊച്ചിയിലായിരുന്നു..

അവിടെ ഉപ്പയും ഉമ്മയും ഉണ്ടായിരുന്നു .ആസിയ കോളജിൽ പോയിരിക്കുകയാണ് .അവൾ ഫൈനലിയറാണ് ക്ലാസ്സ് മുടക്കാൻ ഒക്കുകയില്ല .
എന്റെ നാട്ടിൽ വണ്ടി ഠൗണിലെത്തിയതും .ഞാൻ ഉപ്പയോട് പറഞ്ഞത് വണ്ടി നേരെ വിടാനാണ്.

എങ്ങോട്ടാ മോളേ പോകേണ്ടത് ,വീട്ടിൽ ചെന്നിട്ട് കറങ്ങാൻ സമയമുണ്ടല്ലോ ….
കറങ്ങാൻ അല്ല ഉപ്പാ ……

ആദ്യം യൂസുഫിന്റെ വീട്ടിലേക്ക് …
മോളേ … അത് ….

ഇല്ലേൽ ഞാനും മോളും വേറെ വണ്ടിയിൽ പോകാം .നിങ്ങൾ എല്ലാവരും വീട്ടിലേക്ക് പോകൂ.
മോളേ എന്തിനാ അങ്ങോട്ടേക്ക് .അവർ ഒരിക്കൽ കൂടി ആട്ടി ഇറക്കുന്നത് കാണാനോ ?

അതൊന്നുമെനിക്ക് വിഷയമല്ല .എല്ലാവരും ആട്ടി ആട്ടി ആയിശാക്കിനി എന്ത് ആട്ടിയിറക്കൽ .
ആയിശാക്ക് മനസ്സാക്ഷിയോടേ അനുവാദം ചോദിക്കാനുള്ളൂ .

ആമി കയറി ഇടപെട്ടു .ഉപ്പാ ആയിശാത്ത പറയും പോലെ ചെയ്യൂ … ഇത്താക്കറിയാം മറുപടി പറയാൻ .പഴയ ആയിശാത്ത അല്ല എന്ന് അവരും അറിയട്ട് .
നിറുത്തിയ വണ്ടി മുന്നോട്ടേക്കെടുത്തു ഉപ്പ .
വണ്ടി യൂസുഫിന്റെ വീടിനു മുന്നിൽ .

വലിയ മതിലുകൾക്ക് നടുവിലെ വലിയ തുരുമ്പിച്ച ഗേറ്റുകൾ തുറന്നു കിടപ്പുണ്ട് .

പെയിന്റിളകിയ നീലംചേർത്ത വെള്ള നിറമുള്ള മതിലിനു താഴെയെല്ലാം കാടും കമ്മ്യൂണിസ്റ്റ് പച്ചകളും പിടിച്ചിരിക്കുന്നു .മുറ്റത്തെ ചട്ടികളിൽ പോലും പുല്ലു വളർന്നിരിക്കുന്നു .ചില നാലു മണിപ്പുക്കൾ പുല്ലുകൾക്കിടയിൽ വിടർന്നാടി നിൽക്കുന്നു .

വലിയ പഴയ പ്രതാപം പറയുന്ന പായൽ വരകൾ വീണ മഞ്ഞ നിറം മങ്ങിയ രണ്ട് നിലയുള്ള വാർത്ത വീട് .എന്റെ വിവാഹ ശേഷം ഞങ്ങൾ ദുബായിക്ക് പോയ ശേഷം ഇന്നാണ് ഞാൻ കൺ തുറന്നു ഈ വീട് കാണുന്നത് .വലിയ മുറ്റം .വലിയ വാതിലുകൾ മുൻവശത്തുണ്ട്. വലിയ കോലായി… വലിയ വരാന്ത…ഇറയം വിശാലം തന്നെ. അവിടെ നീണ്ട പഴയ കാലൻ പടിയുള്ള കസേര .

ഇത്താത്ത ഇറങ്ങുന്നില്ലേ ?
ഞാൻ ഒന്നു ഞെട്ടിയ പോലെ .

വണ്ടിയുടെ ശബ്ദം കേട്ടിട്ടാകണം യൂസുഫിന്റെ ഉമ്മയും പിറകെ ഉപ്പയും പുറത്തേക്ക് ഇറങ്ങി വന്നത് .
ഞാൻ വണ്ടിയിൽ നിന്നിറങ്ങി .
പിന്നെ മകൾ ഷാഹിനയും .

യൂസുഫിന്റെ ഉപ്പാക്ക് ചൊവ്വിന് കാഴ്ച കിട്ടാത്തത് കൊണ്ടാകണം വലത്തെ കൈ മടക്കി നെറ്റിയിൽ കണ്ണുകളുടെ പിരികത്തിന് മുകളിൽ വെച്ച് കണ്ണുകൾ കൂർപ്പിച്ച് ഇങ്ങോട്ടേക്ക് നോക്കി .

ഞങ്ങളെ തിരിച്ചറിയുവാൻ .യൂസുഫിന്റെ ഉമ്മ തൂണിൽ മുഖം ചേർത്ത് തൂണിനെ ചുറ്റിപ്പിടിച്ചു കൊണ്ടും .

ഞാൻ ഷാഹിനയുടെ വലത്തേ തോളിന് പിന്നിൽ കൈ കൊണ്ട് മുന്നോട്ട് നടന്നു ചെല്ലുവാൻ വേണ്ടി മെല്ലെ തള്ളി .
യൂസുഫിന്റെ ഉപ്പയും ഉമ്മയും ശ്രദ്ധയോടെ ഞങ്ങളെ നോക്കി നിൽക്കുന്നു.

ഷാഹിന എന്റെ തള്ളലിൽ കൊലുസിട്ട കാൽ മുന്നോട്ട് വെച്ച് മെല്ലെ നടന്നു .തുറന്നിട്ട ഗേറ്റിനു മുന്നിൽ നിന്ന് കൊണ്ട് അവൾ എന്നെ ഒന്നു തിരിഞ്ഞു നോക്കി .അകത്തേക്ക് കയറാൻ ഞാൻ തല കൊണ്ട് ആഗ്യം കാട്ടി .

അവൾ യൂസുഫിന്റെ ഉപ്പയെയും ഉമ്മയെയും നോക്കി നിന്നു പിന്നെ മുമ്പോട്ടേക്ക് കാലെടുത്ത് വെച്ചു.

എന്റെ കണ്ണുകൾക്കൊപ്പം കാറിൽ ഇരുന്നു കൊണ്ട് എന്റെ ഉപ്പയുടെയും ഉമ്മയുടെയും ആമിയുടെയും കണ്ണുകൾ ………
യൂസുഫിന്റെ ഉപ്പ പുറത്തേക്ക് ഇറങ്ങി ….
ഷാഹിന അകത്തോട്ടേക്കും നടന്നു …

തുടരും

ആഇശ: ഭാഗം 1

ആഇശ: ഭാഗം 2

ആഇശ: ഭാഗം 3

ആഇശ: ഭാഗം 4

ആഇശ: ഭാഗം 5

ആഇശ: ഭാഗം 6

ആഇശ: ഭാഗം 7

ആഇശ: ഭാഗം 8

ആഇശ: ഭാഗം 9

ആഇശ: ഭാഗം 10