അഷ്ടപദി: ഭാഗം 47
രചന: രഞ്ജു രാജു
രാവിലെ ഉണർന്നതും കാർത്തു ന് ഭയങ്കര സന്തോഷം ആയിരുന്നു.. ഒരാഴ്ചത്തേ ട്രിപ്പ് കഴിഞ്ഞു ദേവേട്ടൻ ഇന്ന് ഉച്ചയോട് കൂടി എത്തും… 7ദിവസങ്ങൾ.. അത് എങ്ങനെ ആണ് കഴിഞ്ഞു പോയത് എന്ന് തനിക്ക് മാത്രം അറിയൂ…. അത്രമേൽ തീവ്രം ആയിരുന്നു ഈ വിരഹം. പരസ്പരം ഇരുവരും അറിയുക ആയിരുന്നു, തങ്ങളുടെ ഉള്ളിൽ എത്രത്തോളം ഉണ്ട് സ്നേഹത്തിന്റെ ആഴം എന്നുള്ളത്… അവൾ അടുക്കളയിൽ എത്തിയപ്പോൾ കണ്ടു, ചായ എടുക്കുന്ന ദേവമ്മ യേ. “ആഹാ ഇന്ന് എന്റെ കുട്ടി ആകെ സന്തോഷത്തിൽ ആണല്ലോ,, എന്താണാവോ കാരണം ”
പുഞ്ചിരി യോട് കൂടി തന്റെ നേർക്ക് വരുന്നവളെ കണ്ടതും അവർ ആരോടെന്നല്ലാതെ പറഞ്ഞു മറുപടിയായി അവരുടെ കവിളത്ത് ഒന്നും അമർത്തി ചുംബിച്ചു കാർത്തുമ്പി.. ആദ്യത്തെ രണ്ട് മൂന്നു ദിവസങ്ങൾ ലക്ഷ്മി ആന്റിയും മേനോൻ അങ്കിളും വന്നവർക്ക് കൂട്ടു കിടക്കുമായിരുന്നു… ധരൻ പറഞ്ഞതിന് പ്രകാരം ആയിരുന്നു അത്. പിന്നീട് കാർത്തുവും അമ്മയും കൂടി അവരോട്, ഇങ്ങനെ കഷ്ടപ്പെട്ട് വരേണ്ട എന്നും, തങ്ങൾ ഒറ്റയ്ക്ക് കിടന്നോളാം, അടുത്ത് ഒക്കെ ആളുകൾ ഉണ്ടല്ലോന്നും ഒക്കെ പറഞ്ഞു അവരെ സ്നേഹപൂർവ്വം വിലക്കി..
“ദേവൻ എപ്പോളാണ് മോളെ എത്തുന്നത്.. സമയം പറഞ്ഞൊ ” “മ്മ്… വൈകിട്ട് ആവും എന്നാണ് ഇന്നലെ രാത്രിയിൽ വിളിച്ചപ്പോള് പറഞ്ഞെ…. ” “ആഹ്…… രാത്രി ആകും മുന്നേ എത്തിയാൽ മതി ആയിരുന്നു ” അവൾക്ക് ഉള്ള ചായ എടുത്തു കപ്പിലേക്ക് ഒഴിക്കുക ആയിരുന്നു ദേവമ്മ.. “മ്മ്…. അതെ അമ്മേ…. ഞാൻ വിളിക്കുമ്പോൾ ഒന്നൂടെ ചോദിക്കാം ഏട്ടനോട് ” ചായ മൊത്തി കുടിച്ചു കൊണ്ട് കാലുകൾ രണ്ടും ചമ്രം പടിഞ്ഞു ഇട്ടു കൊണ്ട് കസേരയിൽ കയറി ഇരിക്കുക ആണ് അവൾ. “ദേവേട്ടൻ ചെറുപ്പത്തിലേ പാവം ആയിരുന്നോ അമ്മേ… അതോ വാശിയും കുറുമ്പുമൊക്ക ഉണ്ടായിരുന്നോ ” “ഹേയ്… ഒന്നുല്ല കുട്ടി…. എന്റെ മോൻ വളരെ പാവം ആയിരുന്നു..
എല്ലാവർക്കും അവനെ ഒരുപാട് ഇഷ്ടം ആയിരുന്നു… അവന്റെ അച്ഛനോട് ആയിരുന്നു ട്ടോ അവൻ കൂടുതൽ അടുപ്പം..ജോലി ഒക്കെ കഴിഞ്ഞു ഏട്ടൻ വരുമ്പോൾ കൈയിൽ ഒരു പൊതി കാണും…. അതൊന്നും മേടിക്കാൻ അല്ല അവനു തിടുക്കം, വന്നു കഴിഞ്ഞാൽ പിന്നെ ഏട്ടനെയും കൂട്ടി ഒരു സവാരിക്ക് ഇറങ്ങണം. അമ്പലത്തിലേക്ക്, വായനശാലയിലേക്കോ, അതുമല്ലെങ്കിൽ കുട്ടികൾ കളിക്കുന്ന മൈധാനമോ… അങ്ങനെ എവിടേക്ക് എങ്കിലും….. കാഴ്ചകൾ ഒക്കെ കണ്ടു നടക്കാൻ ഭയങ്കര ഇഷ്ടം ആയിരുന്നു….ഇളം റോസ് നിറം ഉള്ള ഒരു ബനിയൻ ഉണ്ടായിരുന്നു ദേവന്….
ഏറെ പ്രിയപ്പെട്ടതാണ് കേട്ടോ… അവന്റെ പിറന്നാളിന് ഞങ്ങൾ വാങ്ങിയത് ആയിരുന്നു.. അതും ഇട്ട് കൊണ്ട് ആണ് മോളെ എന്നും അവന്റെ സവാരി……എല്ലാത്തിനും ദേവന് അവന്റെ അച്ഛൻ മതി ആയിരുന്നു .” അവർ പഴയ കാര്യങ്ങൾ ഒന്നൊന്നായി ഓർത്തെടുക്കുക ആണ്.. “അവന്റ അച്ഛനെ ഞങ്ങൾക്ക് നഷ്ടം ആയ ആ ദിവസം… ഓർക്കാൻ പോലും വയ്യാ….. ഞാനും എന്റെ ദേവനും ഈ ലോകത്തിൽ തനിച്ചായി പോയില്ലേ…. പറക്കമുറ്റാത്ത എന്റെ കുഞ്ഞിനേയും കൊണ്ട് ഞാൻ എന്ത് ചെയ്യും…
എന്റെ പൊന്നു മോനെയും നെഞ്ചോട് ചേർത്തു കൊണ്ട് ഞാൻ ഇരുന്നു പൊട്ടിക്കരയും..അപ്പോളൊക്കെ ദേവൻ വന്നു എന്റെ കണ്ണീരു തുടച്ചു മാറ്റും,,, അമ്മേ കരയണ്ട ന്നേ, അച്ഛൻ എന്നോട് വന്നു പറഞ്ഞു, ഉടനെ തന്നെ തിരിച്ചു വരും എന്നും നമ്മളെയും കൂട്ടി ദൂരെ ഒരു സ്ഥലത്തേക്ക് പോകുമെന്നും ഒക്കെ… എന്നെ സമാധാനിപ്പിക്കാൻ വേണ്ടി ആണ് അവൻ അങ്ങനെ ഒക്കെ പറയുന്നേ…. അതു പറയുമ്പോൾ അവരെ വാക്കുകൾ ഇടറി.. കാർത്തു എഴുന്നേറ്റു ചെന്ന് ദേവമ്മ യുടെ തോളിൽ പിടിച്ചു. “സാരമില്ലമ്മേ… പോട്ടെ….” “ആഹ്…….” അവർ ഒന്ന് നെടുവീർപ്പെട്ടു. “തിരികെ നമ്മുടെ തറവാട്ടിൽ വന്ന ശേഷം ആയിരുന്നു എന്റെ കുഞ്ഞിനെ എല്ലാവരും കൂടി ദ്രോഹിച്ചത്…..
എന്റെ സ്വത്തും മുതലും എല്ലാം ആൺകുട്ടി ആയ അവനു അല്ലേ അവകാശം ഉള്ളത്… അതിന് വേണ്ടി ആയിരുന്നു പിന്നീട് ഉള്ള കളികൾ… ഇത്തിരി പോന്ന എന്റെ കുഞ്ഞിനെ തല്ലി ചതച്ചപ്പോൾ ഞാൻ ഓടി ചെന്നു പിടിച്ചു മാറ്റി.. അപ്പോളേക്കും നിന്റെ അച്ഛൻ എന്നെ പിടിച്ചു കൊണ്ട് പോയി കുളത്തിൽ തള്ളിയിട്ടു കൊല്ലാൻ വേണ്ടി….. അവർ അതു പറഞ്ഞത് കേട്ടപ്പോൾ കാർത്തു ഞെട്ടി പോയി.. അച്ഛനോ… അവൾ ചുണ്ടനക്കി.. “മ്മ്…….വാല്യക്കാരി ജാനു കണ്ടതും കൊണ്ട് ഞാൻ ഇന്ന് ജീവനോടെ നിൽക്കുന്നു മോളെ….” ..
“ഈശ്വരാ…..” “ഇവരൊക്കെ എന്നോടും എന്റെ പൊന്നു മോനോടും ചെയ്തു കൂട്ടിയ ദ്രോഹങ്ങൾ ഒന്നും തന്നെ നിന്നോട് പോലും എനിക്ക് പറയാൻ പറ്റില്ലാത്തത് ആണ് കുട്ടി….. അത്രയ്ക്ക് നീച്ചന്മാർ ആയിരുന്നു നിന്റെ അച്ഛനും ചെറിയച്ഛനും ഒക്കെ…” അവർ ശ്വാസം ഒന്നെടുത്തു വലിച്ചു. എന്റെ ദേവനിട്ടു എന്ത് മാത്രം ഉപദ്രവങ്ങൾ ഏൽപ്പിച്ചിട്ടുണ്ട് എന്ന് ഒരു കണക്ക് ഇല്ല. ആ ചെറിയ പ്രായത്തിൽ, അതും കളിച്ചു നടക്കേണ്ട സമയത്തു എന്റെ കുഞ്ഞു ഇവരെ പേടിച്ചു എവിടെ എങ്കിലും ഒലിച്ചു ഇരിക്കും.. ഞാൻ വിളിച്ചാൽ പോലും ഇറങ്ങി വരില്ലാ.. ഒരു ദിവസം ഞാൻ നോക്കുമ്പോൾ ഉണ്ട്, കിഴക്കേ പറമ്പിൽ, ഒരു കച്ചി കൂന ഉണ്ട്. അവിടെ ഒലിച്ചു ഇരുന്നു ഉറങ്ങി പോയിരിക്കുന്നു എന്റെ കുട്ടി…
ഞാൻ ഓടി ചെന്നു വിളിച്ചു പൊക്കി എടുത്തു കൊണ്ട് വന്നു. അവന്റെ അച്ഛൻ ഉണ്ടായിരുന്നു എങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കുക ഇല്ലായിരുന്നു മോളെ…. രാജകുമാരൻ ആയിരുന്നു അവൻ ഞങ്ങളുടെ ഇരുവരുടെയും… എന്റെ ദേവനെ കൂടി നഷ്ടം ആയപ്പോൾ ഞാൻ അനുഭവിച്ച പ്രാണ സങ്കടം…. എന്റെ മോളെ ഓർക്കാൻ വയ്യാ…..എന്റെ കുഞ്ഞിനെ ഒന്ന് കാണാതെ, അവൻ എവിടെ ആണെന്ന് ഒന്ന് അറിയാതെ, അവൻ എന്തെങ്കിലും കഴിച്ചോ, കുടിച്ചോ… എനിക്ക് എന്റെ നെഞ്ചു പൊട്ടുവായിരുന്നു. എവിടെ എങ്കിലും എന്റെ പൊന്നു മോൻ ജീവനോടെ ഉണ്ടാവണം എന്ന് മാത്രം ഞാൻ പ്രാർത്ഥിച്ചിട്ടുള്ളു…..
എന്റെ ഗുരുവായൂരപ്പൻ ആണ് ഒടുവിൽ എന്റെ ദേവനെയും എന്നെയും കൂട്ടി യോജിപ്പിച്ചത്……. ദേവമ്മ കരയാൻ തുടങ്ങിയതും അവൾ വല്ലാതെ ആയി. അമ്മേ.. ഇങ്ങനെ കരയല്ലേ…..ഏട്ടനെ അമ്മയ്ക്ക് തന്നെ ഭഗവാൻ കൊണ്ട് വന്നു എത്തിച്ചു തന്നില്ലേ…… അവൾ ഒരുപാട് അശ്വസിപ്പിക്കുവാൻ നോക്കി എങ്കിലും അവരൂടെ മിഴികൾ പെയ്തു കൊണ്ടേ ഇരുന്നു… ഓർമ്മകൾ ഒരു കൂമ്പാരം അവരുടെ പോലെ മനസിനെ മൂടുക ആയിരുന്നു.. കുറേ ഏറെ നേരം എടുത്തു ദേവമ്മ യ്ക്ക് അതിൽ നിന്നും ഒക്കെ ഒന്ന് പുറത്തേക്ക് വരുവാൻ.. അടുത്ത വീട്ടിലേ ഗീത ചേച്ചി യും മോനും എത്തിയപ്പോൾ ആയിരുന്നു ഇത്തിരി ആശ്വാസം അവർക്ക് തോന്നിയത്..
കാർത്തു ആണ് അന്ന് വീട്ടു ജോലികൾ മുഴുവൻ ചെയ്ത് തീർത്തത്.. ദേവന് ഇഷ്ടം ഉള്ളത് ഒക്കെ ആയിരുന്നു അന്നത്തെ വിഭവങ്ങൾ.. ലക്ഷ്മി ആന്റി യോട് ചോദിച്ചു കൊണ്ട് ആയിരുന്നു അവൾ എല്ലാം മനസിലാക്കി എടുത്തത്.. ഉള്ളി തീയലും, വൻപയർ ഉലർത്തിയതും, കൂർക്ക മസാലയും, പുളിശ്ശേരിയും ഒക്കെ ഉണ്ടാക്കി വെച്ച് കഴിഞ്ഞിരുന്നു അവൾ അപ്പോളേക്കും… *** ഉച്ചക്ക് ശേഷം ലക്ഷ്മി ആന്റിയും മേനോൻ അങ്കിളും കൂടി എത്തിച്ചേർന്നിരുന്നു. ധരൻ പറഞ്ഞതിൽ പ്രകാരമായിരുന്നു അവർ ഇരുവരും എത്തിയത്.. എല്ലാവരും കൂടി കുറച്ച് സമയം സംസാരിച്ചു ഒക്കെ ഇരുന്നു.. എങ്കിലും കാർത്തു വിന്റെ കണ്ണുകൾ ഇടയ്ക്ക് എല്ലാം വാതിക്കലേക്ക് പാറി വീഴും..
ന്റെ കുട്ടിയേ,,, ഏഴു മണി കഴിയും അവൻ എത്തുമ്പോൾ എന്നല്ലേ പറഞ്ഞെ.. പിന്നെ എന്തിനാ ഇങ്ങനെ കണ്ണ് നട്ടു ഇരിക്കുന്നെ.. ദേവമ്മ പറയുന്നത് കേട്ട് കൊണ്ട് അവൾ ചുണ്ട് കൂർപ്പിച്ചു…. വൈകുന്നേരം കുളി ഒക്കെ കഴിഞ്ഞു അവൾ നീലക്കണ്ണടിക്ക് മുന്നിൽ വന്നു നിൽക്കുക ആണ്. ഒരുപാട് ദിവസങ്ങൾക്ക് ശേഷം ഇത്തിരി കണ്മഷി ഒക്കെ എടുത്തു അവൾ കണ്ണൊന്നു എഴുതി. ഒരു ചെറിയ പൊട്ടും എടുത്തു ഒട്ടിച്ചു.. നെറുകയിൽ സിന്ദൂരം അണിഞ്ഞപ്പോൾ ഇത്തിരി കൂടി പോയോ എന്നൊരു സംശയം പോലെ…. മുടി ഒന്ന് അഴിച്ചു തോർത്തി കൊണ്ട് അവൾ കുളിപിന്നൽ പിന്നി ഇട്ടു.
കണ്ണാടിയിലെ പ്രതിബിംബത്തിലേക്ക് നോക്കിയപ്പോൾ, തന്റെ കവിളുകൾക്ക് ഒരു അരുണ ശോഭ വന്നതുപോലെ…. ഒപ്പം ദേവമ്മ പറഞ്ഞ ഒരു വാചകം മനസിലേക്ക് വന്നു. “വൈകാതെ എനിക്കു ഒരു ഉണ്ണിയെ തരണേ മോളെ….. ന്റെ ദേവന്റെ കുഞ്ഞിനെ കാണാൻ എനിക്ക് തിടുക്കം ആയി ട്ടോ ” ഓർത്തപ്പോൾ ചുണ്ടിൽ മൊട്ടിട്ട പുഞ്ചിരി,,,,,,, അതു മറ്റാർക്കും വേണ്ടി ഉള്ളത് ആയിരുന്നില്ല.. തന്റെ ദേവേട്ടന് വേണ്ടി മാത്രം ആയിരുന്നു..….തുടരും……