അറിയാതെ : ഭാഗം 25
നോവൽ
എഴുത്തുകാരി: അഗ്നി
കാശിയും അവിടെ എത്തിച്ചേർന്നിട്ടുണ്ടായിരുന്നു…
അങ്ങനെ കൃത്യം പത്ത് മുപ്പതിന് കാശി സൈറയുടെ കഴുത്തിൽ താൻ ഊരിയെടുത്ത അതേ താലി ഒരു മഞ്ഞചരടിൽ കോർത്ത് കെട്ടി..
മഹേശ്വരി സൈറയുടെ മുടിയെല്ലാം മാറ്റിക്കൊടുത്തു…ആദിയും ആമിയും രാധാകൃഷ്ണന്റെയും ജാനകിയുടെയും കൈകളിൽ ആയിരുന്നു….അവരുടെ അപ്പയും അമ്മയും എന്താ ചെയ്യുന്നതെന്ന് അവർ സാകൂതം വീക്ഷിച്ചുകൊണ്ടിരുന്നു…
സന്തോഷം കൊണ്ട് നിറഞ്ഞ ജാനകിയുടെ കണ്ണുകളെ അവരുടെ കയ്യിൽ ഇരുന്ന ആമിമോള് തുടച്ചുകൊടുക്കാനും മറന്നില്ല…
അങ്ങനെ ക്ഷേത്ര നടയിൽ വച്ച് സൈറ കാശിരുദ്രയുടെ നല്ല പാതിയായി….വിവാഹത്തിന് അധികം ആരും ഉണ്ടായിരുന്നില്ല…
വിവാഹശേഷം അവർ എല്ലാവരും കാശിയുടെ വീട്ടിലേക്ക് യാത്രയായി…കുഞ്ഞുങ്ങൾ രണ്ടുപേരും കാശിയുടെയും സൈറയുടെയും കൂടെയായിരുന്നു….കുഞ്ഞുങ്ങൾ ഇരുവരും സൈറയുടെ കഴുത്തിൽ കിടക്കുന്ന മഞ്ഞ ചരടിലും പിന്നെ അവരുടെ രണ്ടുപേരുടെയും കഴുത്തിൽ കിടക്കുന്ന തുളസി മാലയിലുമെല്ലാം തൊട്ടു നോക്കിക്കൊണ്ടിരുന്നു…..
സാമും മിയയുമായിരുന്നു വണ്ടിയുടെ സാരഥികൾ…
പുതിയകാവ് ക്ഷേത്രത്തിനു അടുത്തുതന്നെ കുറച്ച് ഉള്ളിലേക്ക് കയറിയായിരുന്നു കാശിയുടെ വീട്…അതിനാൽ തന്നെ അവർ വേഗം തന്നെ വീട്ടിലേക്ക് എത്തിച്ചേർന്നു..
അവിടെ എത്തിയപ്പോൾ തന്നെ ജാനകി സൈറയ്ക്ക് നിലവിളക്ക് കയ്യിലേക്ക് കൊടുത്തു..അവൾ അത് വാങ്ങി അവിടുത്തെ പൂജാമുറിയിൽ കൊണ്ടുചെന്ന് വച്ചു…ആദിയും ആമിയുമെല്ലാം ഇത് കണ്ടിട്ട് എന്താണ് സംഭവം എന്നറിയാതെ ഓരോന്നും ശ്രദ്ധിച്ചുകൊണ്ടിരുന്നു…
സൈറ ആ പൂജാമുറിയൊന്ന് ചുറ്റും നോക്കി…അത്യാവശ്യം വലിയ ഒരു മുറി…അതിന് ഇടതു വശത്തായിട്ട് കൃഷ്ണന്റെ വിഗ്രഹം ഉണ്ടായിരുന്നു..പിന്നെ കുറച്ചു പടങ്ങളും അതിൽ പൂമാലയും ചാർത്തിയിരുന്നു..വലത്തുവശത്തായി ക്രിസ്തുവിന്റെ ക്രൂശിത രൂപവും മെഴുകുതിരി സ്റ്റാന്റും ഒരു ബൈബിളും…അവളുടെ ഉള്ളം സന്തോഷത്താൽ നിറഞ്ഞു…
അവർ പൂജാമുറിയിൽ നിന്നും ഇറങ്ങിയപ്പോഴേയ്ക്കും ആദിയും ആമിയും അവരുടെ മേലേക്ക് ചാടിയിരുന്നു…പെട്ടന്ന് തന്നെ മഹിയും മിയയും വന്ന് കുഞ്ഞുങ്ങളെ എടുത്തു…
“അതേ..ഇപ്പോൾ സമയം പത്തെ മുക്കാൽ ആയി…ഏട്ടനും ഏടത്തിക്കും ഇഡ്ഡലി എടുത്ത് വച്ചിട്ടുണ്ട്..അത് വേഗം കഴിക്കൂട്ടൊ…എന്നിട്ട് വേണം റീസെപ്‌ഷന് പോകാൻ…ആരുടെയൊക്കെയോ അസൗകര്യം മൂലം രാവിലത്തേയ്ക്ക് മാറ്റിവച്ചതല്ലേ..
കുഞ്ഞുങ്ങളെ ഞങ്ങൾ നോക്കിക്കൊള്ളാം….അവർക്ക് ഭക്ഷണം കൊടുത്ത് ഒരുക്കി ഞങ്ങൾ എത്തിച്ചേക്കാം…നിങ്ങൾ പോയി കഴിക്കുട്ടോ…”
മഹി അതും പറഞ്ഞുകൊണ്ട് മിയയെയും കുഞ്ഞുങ്ങളെയും വിളിച്ചുകൊണ്ട് പോയി..
സൈറ കാശിയുടെ കൈകളോട് തന്റെ കൈകളെ ചേർത്ത് വച്ച് ഭക്ഷണം കഴിയ്ക്കാനായി പോയി…
******************************
റീസെപ്‌ഷന് വന്ന എല്ലാവരുടെയും കണ്ണുകൾ സൈറയിലും കാശിയിലുമായിരുന്നു…ആ പർപ്പിൾ നിറത്തിലുള്ള വേഷം ഇരുവർക്കും ചേരുന്നുണ്ടായിരുന്നു…
സ്റ്റേജിൽ നിൽക്കുന്ന അവരുടെ അടുത്ത് തന്നെയായി ആദിയും ആമിയും ഓടി നടക്കുന്നുണ്ടായിരുന്നു…അടങ്ങിയിരിക്കാൻ പറഞ്ഞിട്ടൊന്നും അവർക്ക് അനുസരിക്കുവാൻ കഴിയുന്നില്ലയിരുന്നു..അവസാനം അവരെ അവരുടെ വഴിയ്ക്ക് വിടുവാൻ തീരുമാനിച്ചു…
റീസെപ്‌ഷനും അധികം ആളുകൾ ഒന്നും വന്നിരുന്നില്ല…വന്നവരിൽ പലരും അവരെക്കുറിച് ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു…അതിൽ എല്ലാവരുടെയും കേന്ദ്ര കഥാപാത്രങ്ങളായത് ആദിയും ആമിയുമായിരുന്നു…
റീസെപ്‌ഷൻ ഒരു ഒന്നരയായപ്പോൾ കഴിഞ്ഞു….വീടിന് അടുത്തുള്ള പുഷ്പ്പാഞ്ചലി ഓഡിറ്റോറിയത്തിലായിരുന്നു പരിപാടികൾ നടന്നത്…
അങ്ങനെ ഭക്ഷണത്തിന് ശേഷം അവർ വീട്ടിലേക്ക് വന്നു…സൈറയ്ക്ക് രാവിലെ മുതൽ ഉള്ള ക്ഷീണം കൊണ്ടാകാം ഒന്നും കഴിക്കാൻ കഴിഞ്ഞില്ല….
ആദിയും ആമിയും കളിച്ചിരിയുമായി നടന്നതുകൊണ്ട് കൊടുത്ത ഭക്ഷണം മുഴുവനും കഴിച്ചിരുന്നു…വീട്ടിലെത്തിയപ്പോഴേക്കും അവർ തളർന്നുറങ്ങിയിരുന്നു……..
അവരെ താഴെ മഹിയുടെ മുറിയിൽ കിടത്തി….കാശിയും സൈറയും ഫ്രെഷാവൻ പോയി…അവർ തിരികെയെത്തിയപ്പോഴേക്കും ഓഡിറ്റോറിയത്തിൽ നിന്നും എല്ലാം കഴിഞ്ഞു ബാക്കിയെല്ലാവരും മടങ്ങിയെത്തിയിരുന്നു…
അപ്പോഴേക്കും അജുവും സനയും തിരികെ പോകുവാനായി തുടങ്ങുകയായിരുന്നു..രണ്ട് ദിവസത്തെ അവധിയ്ക്കാണ് അവർ വന്നത്..വീണ ഒരാഴ്ചത്തേയ്ക്കുള്ള അവധി വാങ്ങിയിരുന്നു…അവൾ റീസെപ്‌ഷന് ശേഷം വീട്ടിലേക്ക് പോയി…
സനയും അജുവും പോയതിന് ശേഷം കാശിയെയും സൈറയേയും ജാനകി വിശ്രമിക്കാനായി പറഞ്ഞയച്ചു….
അപ്പോഴാണ് അവൾ കാശിയുടെ മുറി ശ്രദ്ധിക്കുന്നത്…അത്യാവശ്യം വലിയ ഒരു മുറി..ഒരു സൈഡിൽ ഷെൽഫ് നിറയെ പുസ്തകങ്ങൾ…ഒരു മേശ കസേര ഒരു കട്ടിൽ പിന്നെ ഡ്രസിങ് ടേബിളിനോട് ചേർന്ന് രണ്ട് കബോർഡ്…ഒരു അറ്റാച്ഡ് ബാത്രൂം…പിന്നെ ഒരു ബാൽക്കണി…അവിടെ മുല്ല നട്ടുവളർത്തിയിരുന്നു..
ആ മുറി ചുറ്റും ഒന്ന് നോക്കിയ ശേഷം അവൾ ഏ. സി. ചെറുതായി ഇട്ടിട്ട് ആ കിംഗ് സൈസ് ബെഡിൽ ചെന്ന് കിടന്നു..കിടന്നതും ഉറങ്ങിയതും ഒന്നിച്ചായിരുന്നു…
ഉറക്കത്തിനടയിലും കാശിയുടെ കൈകൾ തന്നെ പൊതിയുന്നതും അവൾ അറിഞ്ഞിരുന്നു….
സൈറ ഉണർന്നെഴുന്നേൽക്കുമ്പോൾ കാണുന്നത് തന്നെ നെഞ്ചോട് ചേർത്ത് കിടന്നുറങ്ങുന്ന കാശിയെയാണ്…അവൾ പതിയെ അവന്റെ മുടിയുടെ വിരലോടിച്ചു..തലയൊന്ന് പൊക്കി അവന്റെ നെറ്റിയിൽ നറു ചുംബനമേകി..
അവൾ പതിയെ അവന്റെ മുഖം നോക്കിക്കൊണ്ട് അവളുടെ പഴയ കാലം ഓർത്തു…
ചെറുപ്പത്തിൽ സാംസൺ ചേട്ടായി ഓരോ കാര്യങ്ങൾ വന്ന് പറയുമ്പോൾ മുതലേ മനസ്സിൽ കൂടുകൂട്ടിയ കഥാപാത്രമായിരുന്നു കിച്ചുവേട്ടൻ..ഏട്ടായിയുടെ കിച്ചൂസ്… പക്ഷെ അദ്ദേഹത്തെ നേരിൽ കാണുവാണോ സംസാരിക്കുവാനോ കഴിഞ്ഞിട്ടില്ലായിരുന്നു..ഫോട്ടോ ചോദിച്ചാലും ഏട്ടായി നേരിട്ട് കാണിച്ചു തരാം എന്ന് പറഞ്ഞൊഴിയും…ഇടയ്ക്ക് ഞങ്ങളെ തമ്മിൽ കെട്ടിക്കണം എന്നും പറയുമായിരുന്നു..
അതൊക്കെയാകാം എന്റെ മനസ്സിൽ അന്ന് എന്തൊക്കെയോ വികാരങ്ങൾ കോറിയിട്ട പേരായിരുന്നു കിച്ചുവേട്ടൻ എന്നുള്ളത്……വർഷങ്ങൾക്ക് ശേഷം ഇങ്ങനെയൊരു കണ്ടുമുട്ടൽ ഒരിക്കൽ പോലും പ്രതീക്ഷിച്ചില്ല….ഇന്ന് സാംസൻ ഏട്ടായിക്ക് വരാൻ കഴിയാഞ്ഞത് മാത്രമാണ് തനിക്ക് ആകെയുള്ള വിഷമം…അന്ന് ഏട്ടായി പറഞ്ഞ ഓരോ കാര്യങ്ങളും വളരെ സത്യമാണെന്ന് ഓരോ ദിവസവും രൂദ്രേട്ടൻ തെളിയിക്കുകയാണെന്നും അവൾ ഓർത്തു….
******************************
കാശിയെ നോക്കി അവൾ കുറച്ചധികം നേരം കിടന്നു…താഴെ നിന്നും കുഞ്ഞുങ്ങളുടെ ചിരി കേട്ടതുപോലെ തോന്നിയിട്ടാണ് അവൾ സമയം നോക്കിയത്…നാലര കഴിഞ്ഞിരുന്നു..
അവൾ കാശിയെ ഉണർത്താതെ മുഖം കഴുകി താഴേക്ക് ചെന്നു..ചെല്ലുമ്പോൾ കാണുന്നത് മേല് മുഴുവനും എണ്ണ തേച്ചിട്ട് ഓടിക്കളിക്കുന്ന ആദിയെയും ആമിയേയുമാണ്…അവരുടെ പിന്നാലെ ഓടുന്ന മഹിയും…
ജാനമ്മ ഓടിത്തളർന്ന് അവിടെ മാറിയിരിപ്പുണ്ടായിരുന്നു…അവൾ താഴേക്ക് ഇറങ്ങി ചെന്നു…
സൈറയെ കണ്ടതും കുഞ്ഞുങ്ങൾ അമ്മേ എന്നും വിളിച്ചുകൊണ്ട് അവളുടെ അടുക്കലേക്ക് ഓടി അവളുടെ കാലുകളിൽ കെട്ടിപ്പിടിച്ചു നിന്നു…
“അമ്മേടെ കുഞ്ഞന്മാർ എന്തിനാ ഓടണേ…”
സൈറ അവരുടെ കയ്യിൽ നിന്നും തന്റെ കാലുകളെ മോചിപ്പിച്ചുകൊണ്ട് ചോദിച്ചു..
“ത് മയി ഓച്ചു…” ആദി പറഞ്ഞു
(അത് മഹി ഓടിച്ചു….)
ബാക്കിയുള്ള എല്ലാവരും മഹേശ്വരിയെ മഹി എന്ന് വിളിക്കുന്നത് കേട്ട് കുഞ്ഞുങ്ങൾ മയി എന്നാണ് അവളെ വിളിക്കുന്നത് ..
“ആണോ..മയി എന്തിനാ ഓച്ചേ”…സൈറ അവർ പറഞ്ഞതുപോലെ താനെ തിരികെ ചോദിച്ചു…
“കുച്ചാൻ…”
(കുളിക്കാൻ)
ആമി കൈകൊട്ടിക്കൊണ്ട് ഉത്തരം പറഞ്ഞു…
“എങ്കിൽ നമുക്ക് കുച്ചാൻ പോവാം…”
അവർ അവളുടെ പിന്നാലെ നടക്കാൻ തുടങ്ങി..പെട്ടെന്നെന്തോ ഓർത്തപോലെ ആമി തിരിഞ്ഞു മഹിയെ നോക്കി..
“മയി… ബാ….”..അവൾ കൈകാട്ടി മഹിയെ വിളിച്ചു..മഹി അവളുടെ കൈ പിടിച്ച് കിണറ്റിൻ കരയിലേക്ക് ചെന്നു…
അവിടെ വെള്ളം കോരി വച്ചിട്ടുണ്ടായിരുന്നു…ആ വെള്ളം കൊണ്ട് കുഞ്ഞുങ്ങളെ കുളിപ്പിച്ചു…അവർക്ക് അത് പുതിയൊരു അനുഭവമായിരുന്നു..
സാധാരണ കുളിമുറികളിൽ മാത്രം കുളിക്കാറുള്ള അവർ കിണറ്റിൻ കരയിലെ കുളിയുടെ പുതിയ അനുഭവത്തെ ആസ്വദിച്ചുകൊണ്ടിരുന്നു…ഇടയിൽ കയറിവന്ന അവിടുത്തെ കുറിഞ്ഞിപൂച്ചയെ കണ്ടപ്പോൾ ആദിയ്ക്കും ആമിയ്ക്കും നാണം വന്നിട്ട് അവർ സൈറയുടെ പിന്നിൽ ഒളിച്ചു…
കുളിപ്പിക്കൽ കഴിഞ്ഞപ്പോഴേക്കും എല്ലാ തവണത്തെയും പോലെതന്നെ സൈറ മുഴുവനായും നനഞ്ഞിരുന്നു…അതുപോലെ മഹിയും…
സൈറ കുഞ്ഞുങ്ങളെ മുകളിലേക്ക് കൊണ്ടുപോയി..അപ്പോഴേക്കും കാശി ഉണർന്ന് കിടക്കുകയായിരുന്നു…അവൾ കുഞ്ഞുങ്ങൾക്കുള്ള വസ്ത്രം കാശിയെ ഏല്പിച്ചിട്ട് കുളിക്കാനായി കയറി…
കുളി കഴിഞ്ഞ് ഇറങ്ങിയപ്പോഴേക്കും സൈറ കാണുന്നത് വസ്ത്രമൊക്കെ മാറി സുന്ദരക്കുട്ടപ്പന്മാരായി കാശിയുടെ നെഞ്ചിൽ തല വച്ചുകിടന്ന് എന്തൊക്കെയോ സംസാരിക്കുന്ന ആദിയെയും ആമിയേയുമാണ്…കാശി എല്ലാത്തിനും തലയാട്ടികൊടുക്കുന്നുമുണ്ട്…
സൈറ വേഗം മുടി തോർത്ത് കൊണ്ട് തുടച്ചു കുളിപ്പിന്നൽ കെട്ടി..എന്നിട്ട് അവളുടെ താലിയെടുത്ത് പുറത്തേയ്ക്കിട്ടു..നെറുകയിൽ അൽപ്പം സിന്ദൂരവും ചാർത്തി…അവളുടെ ഒരുക്കം കഴിഞ്ഞപ്പോഴേക്കും അവൾ വേഗം തന്നെ കുഞ്ഞുങ്ങളെ എടുത്തു മാറ്റി കാശിയോട് ഒന്ന് ഫ്രഷായി വരുവാൻ പറഞ്ഞു…
അവൻ ഫ്രഷായി വന്ന ശേഷം അവർ ഒന്നിച്ച് താഴേയ്ക്ക് ചെന്നു….
******************************
അവർ താഴെ എത്തിയപ്പോൾത്തന്നെ മുൻവശത്ത് ആരൊക്കെയോ വന്നതിന്റെ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു…
അവർ പതിയെ മുന്നോട്ട് നടന്നു…അവിടെയുള്ളവരെ കണ്ട കാശിയുടെ കണ്ണൊന്ന് കുറുകിയെങ്കിലും അത് വക വയ്ക്കാതെ അവൻ അവരുടെ അടുക്കലേക്ക് ചെന്നു…
അതേ സമയം സൈറയുടെയും ആമിയുടെയും അടുക്കലേക്ക് നടന്നടുക്കുന്ന ആളെ കണ്ടവളുടെ ചുണ്ടുകൾ മൊഴിഞ്ഞു
“മീരേച്ചി….”
******************************
മീര പതിയെ സൈറയുടെ അടുക്കലേക്ക് ചെന്നു..
“സൈറയ്ക്കെന്നെ മനസ്സിലായോ….”
മീര സൈറയുടെ കയ്യിൽ ഇരിക്കുന്ന ആമിയെ കളിപ്പിച്ചുകൊണ്ട് ചോദിച്ചു…ആമിയാണെകിൽ അവളുടെ കൈ തട്ടിമാറ്റി…
സൈറ ആമിയെ ചേർത്തുപിടിച്ചുകൊണ്ട് അവളുടെ തലയാട്ടി..അവൾ മീരയെ നോക്കി ഒന്ന് പുഞ്ചിരിച്ചു…
ആമിയുടെ പെരുമാറ്റം മൂലം മീര ആകെ വല്ലാതായെങ്കിലും അത് വക വയ്ക്കാതെ തുടർന്നു…
“ഞാൻ മീര…നമ്പ്യാർ ഗ്രൂപ്സിലെ ഇളയ നമ്പ്യാരായ സുരേഷ് നമ്പ്യാരുടെ മകൾ..മീര നമ്പ്യാർ…
ഇപ്പോൾ എം.ബി.എ കഴിഞ്ഞ് നമ്മുടെ തന്നെ ഒരു സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്നു…
നമ്മൾ തമ്മിൽ ഒന്ന് രണ്ട് തവണ കണ്ടിട്ടുണ്ട്…അന്ന് ആ “ഡോണേഷൻ” ക്യാമ്പിന് സൈറ വന്നത് ഓർമ്മയില്ലേ..അന്ന് വീണയുടെയും വരുണിന്റെയും കൂടെ ഞാൻ ഉണ്ടായിരുന്നു…”
സൈറ ഒന്ന് ചിരിച്ചു കാണിച്ചു…
മീര വീണ്ടും പറഞ്ഞു തുടങ്ങി…
“കാശി നിന്നെ കണ്ടുമുട്ടിയില്ലായിരുന്നുവെങ്കിൽ ഇന്ന് ആമിയുടെ അമ്മയുടെ സ്ഥാനത്ത് നിൽക്കേണ്ടുന്നത് ഈ ഞാൻ ആയേനെ…എന്തായലും നീ ആ സ്ഥാനം എടുത്തു..ഇനി അത് പോവാതെ സൂക്ഷിച്ചോണം…കേട്ടോ സൈ…റ… മോളെ…”
ഒരു പ്രത്യേക രീതിയിൽ അത് പറഞ്ഞുകൊണ്ട് മീര മുന്നിലേക്ക് നടന്നു…അവളുടെ വർത്തമാനത്തിൽ കാണുന്ന പിശക് എന്തായിരിക്കുമെന്ന് ചിന്തിച്ചുകൊണ്ട് സൈറ അവിടെ തന്നെ തറഞ്ഞു നിന്നു…
******************************
വൈകുന്നേരം ഊണ് കഴിക്കാൻ നേരവും സൈറ ഇത് തന്നെയായിരുന്നു ചിന്തിച്ചുകൊണ്ടിരുന്നെ…എന്നാൽ ആരും അവളുടെ മുഖത്തെ ഭാവം കണ്ട് ഒന്നും ചോദിക്കാൻ നിന്നില്ല…
കാരണം സാമും മിയായും പപ്പമാരും മമ്മിമാരും പോയപ്പോൾ സൈറ കരഞ്ഞിരുന്നു.. കൂടെ കുഞ്ഞുങ്ങളും…അതിന്റെ വിഷമമാകുമെന്നോർത്തുകൊണ്ട് ആരും അവളോട് ഒന്നും ചോദിച്ചിരുന്നില്ല….
കിടക്കാൻ നേരം കാശി കുഞ്ഞുങ്ങളുമായി മുകളിലേക്ക് പോയി…
ജാനകി സൈറയുടെ കയ്യിലേക്ക് ഒരു ഗ്ലാസ് പാൽ കൊടുത്തു…എന്നിട്ട് അവളോടായി പറഞ്ഞു..
“മോളെ..നിങ്ങൾക്ക് ജീവിച്ചു തുടങ്ങാൻ ഒരൽപ്പം സമയം കൂടെ വേണ്ടി വരുമെന്ന് അമ്മയ്ക്കറിയാം…എന്നാലും ചടങ്ങ് ചടങ്ങായി തന്നെ നടക്കട്ടെ….
ദൈവം മോളെ അനുഗ്രഹിക്കട്ടെ…”
അവർ അവളുടെ നെറുകയിൽ ചുംബിച്ചു…
മഹി അവളെയും കൂട്ടി കാശിയുടെ മുറിയിലേക്ക് ചെന്നു…അവളെ അകത്താക്കിയിട്ട് പുറമെ നിന്നും വാതിൽ അടച്ചു….
******************************
അകത്തേയ്ക്ക് കയറിയ സൈറ കാണുന്നത് തന്റെ നെഞ്ചിൽ കുഞ്ഞുങ്ങളെ കിടത്തി കിന്നാരം പറയുന്ന കാശിയെയാണ്…
അവൾ ആ പാല് അവിടെയുള്ള മേശയിൽ വച്ചിട്ട് അവരുടെ അടുക്കലേക്ക് ചെന്നു…
“ആഹാ..അപ്പനും മക്കളും ഉറങ്ങിയില്ലേ…”
അവൾ ചോദിച്ചു
കുഞ്ഞുങ്ങൾ രണ്ടും അവരുടെ കുഞ്ഞിപ്പല്ലുകൾ കാണിച്ചു അവളെ നോക്കി ചിരിച്ചു…അവൾ പതിയെ കുഞ്ഞുങ്ങളുടെ തലയിൽ തലോടിക്കൊണ്ടിരുന്നു…
പെട്ടന്നാണ് ആമി എന്തോ ചൂണ്ടിക്കാണിച്ചിട്ട് അത് വേണം എന്ന് പറഞ്ഞത്….അത് എന്താണെന്ന് നോക്കിയ സൈറയ്ക്ക് ചിരി വന്നു..
അവൾ വേഗം ചെന്ന് മേശപ്പുറത്ത് വച്ചിരുന്ന പാലെടുത്ത് ആമിയ്ക്ക് കുറച്ച് കൊടുത്തു…അപ്പോഴേക്കും ആദിയ്ക്കും വേണമെന്ന് പറഞ്ഞു..അങ്ങനെ അവനും കുടിച്ചു…..
ബാക്കി വന്ന പാല് എന്ത് ചെയ്യുമെന്ന് ഓർത്തപ്പോഴേക്കും കാശി അത് അവളുടെ കയ്യിൽ നിന്നും വാങ്ങി കുടിച്ചിരുന്നു…അതിൽ ഒരൽപ്പം ബാക്കി വച്ച് അവൻ അത് സൈറയ്ക്ക് കൊടുത്തു….
(തുടരും….)