Sunday, January 5, 2025
Novel

അനു : ഭാഗം 4

നോവൽ
എഴുത്തുകാരി: അപർണ രാജൻ


“ചേച്ചി !!! ”

രാവിലെ തന്നെ നല്ല ഒരു യുവ കോമളനെ കണി കണ്ടതിന്റെ ആലസ്യo മാറാൻ ഷാനയ്ക്ക് അവന്റെ ചേച്ചി വിളി മാത്രം മതിയായിരുന്നു .

ചേച്ചിയാ ഞാനാ !!!!???

ഇങ്ങനെ ഒന്നും വിളിക്കല്ലേ ചേട്ടാ ……

അവൾ മനസ്സിൽ പറഞ്ഞു കൊണ്ട് മുന്നിൽ നിൽക്കുന്ന ചെറുപ്പക്കാരനെ നോക്കി ചിരിച്ചു .

” ഡോക്ടർ അല്ലെ ?? ”

ധൃതിയിലുള്ള അയാളുടെ ചോദ്യം കേട്ടതും ഷാന അതെയെന്ന് തലയാട്ടി .

അവളുടെ മറുപടി കേട്ടതും അയാളുടെ മുഖമൊന്ന് തെളിഞ്ഞു .

“എന്റെ ഇത്ത അവിടെ , ബോധം കെട്ട് കിടക്കുവാ …… വിളിച്ചിട്ട് എഴുന്നേൽക്കുന്നില്ല ….. ഒന്ന് വരോ ?? ”

ആധി പിടിച്ച അയാളുടെ ശബ്ദം കേട്ടതും ഷാന വേഗം തന്നെ മുറിയിലേക്ക് ഓടി .

സ്‌തെസ്കോപ്പും കൈയിലെടുത്ത് ഓടുന്ന ഷാനയെ കണ്ടുകൊണ്ടാണ് കരൺ എഴുന്നേറ്റത് .

“Where are you going ??? ”

കാലത്ത് എഴുന്നേറ്റിട്ട് മുഖം പോലും കഴുകാതെ , എന്തിനേറെ പറയുന്നു ഇട്ടിരിക്കുന്ന ത്രീ ഫോർത്ത് പോലും മാറ്റാതെ പുറത്തേക്ക് ഓടുന്ന ഷാനയെ കണ്ട് കരൺ പകച്ചുക്കൊണ്ട് ചോദിച്ചു .

“എമർജൻസി , എമർജൻസി !!!! ”

അത്ര മാത്രം പറഞ്ഞു കൊണ്ട് അവൾ പുറത്തേക്കിറങ്ങി ഓടി .

. . . . .

അവരുടെ തന്നെ നിലയിൽ കുറച്ചങ്ങ് നീങ്ങി അറ്റത്തായിട്ടുള്ള ഒരു ഫ്ലാറ്റിലേക്കാണ് അയാൾ അവളെ കൊണ്ട് പോയത് .

കയറി ചെന്നപ്പോൾ തന്നെ അവൾ കണ്ടത് മുറിയിൽ കൂട്ടം കൂടി നിൽക്കുന്ന അയൽവാസികളെന്നു തോന്നിക്കുന്ന കുറച്ചാൾക്കാരെയാണ് .

“അതെ എല്ലാവരും ഒന്ന് മാറി നിന്നെ …… ”

അവരെ ഒക്കെ പിടിച്ചു മാറ്റി കൊണ്ട് ഷാന റൂമിനകത്തേക്ക് കയറി .

കട്ടിലിൽ കിടക്കുന്ന ഒരു ഇരുപത് മുപ്പത് വയസ്സ് തോന്നിക്കുന്ന സ്ത്രീയെ കണ്ടതും ഷാന തന്നെ വിളിച്ചു കൊണ്ട് വന്ന ചെറുപ്പക്കാരനെ നോക്കി .

“എന്റെ ഇത്തയാ ….. ”

അവളുടെ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കിയപ്പോലെ അവൻ പറഞ്ഞു .

“ഒന്ന് പുറത്തേക്ക് ഇറങ്ങി നിൽക്കൂ ….. ”

എല്ലാവരും പുറത്തേക്കിറങ്ങിയതും ഷാന ചെന്ന് റൂമിന്റെ വാതിലടച്ചു .

അടഞ്ഞു കിടക്കുന്ന വാതിലിലേക്ക് നോക്കി അഷ്‌കർ ഇരുന്നു .

നെഞ്ച് കിടന്നു പടാ പടാ മിടിക്കുന്നപ്പോലെ ….

പടച്ചോനെ ഇത്തയ്ക്ക് ഒന്നും വരല്ലേ …….

അവൻ മുകളിലേക്ക് നോക്കി പറഞ്ഞു കൊണ്ടിരുന്നു .

. . . . .

“ഷാന എന്ത്യേ ?? ”

എഴുന്നേറ്റു വന്നതും ഹാളിൽ ഒരു കൈയിൽ ടി വിയുടെ റിമോട്ടും മറ്റേ കൈയിൽ ചപ്പാത്തിയും പിടിച്ചു ചോട്ടാ ഭീമും കണ്ടോണ്ട് ഇരിക്കുന്ന കരണിനെ കണ്ട് അനു തിരക്കി .

“എമർജൻസി …… ”

അവളെ നോക്കാതെ ടി വിയിലേക്ക് തന്നെ ഉറ്റു നോക്കി കൊണ്ട് കരൺ പറഞ്ഞതും അനു തലയാട്ടിക്കൊണ്ട് ബാത്‌റൂമിലേക്ക് കയറി .

വിശക്കുന്നു …..
കരണിന്റെ കൈയിലെ ചപ്പാത്തി കണ്ടതും അത് കൂടി .

വേഗം പോയി പല്ല് തേച്ചു വല്ലോം കഴിക്കണം …..

ഇല്ലെങ്കിൽ ഞാൻ ചത്തു പോകും ….

സ്വയം പറഞ്ഞു കൊണ്ട് അവൾ ബാത്‌റൂമിലേക്ക് കയറി .

. . . . .

“പേടിക്കാൻ ഒന്നുല്ല , ബി പി ലോ ആയതാ …… ”

കിടക്കയിൽ തളർച്ചയോടെ ഇരിക്കുന്ന റഷീദയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ഷാന പറഞ്ഞു .

അവളുടെ മുഖത്തെ ചിരി കണ്ടപ്പോഴാണ് ചുറ്റും കൂടി നിന്നവരുടെ മുഖം തെളിഞ്ഞത് .

“പിന്നെ , husband ഇവിടെ ഉണ്ടോ ?? ”

“ഉണ്ട് , ജോലിക്ക് പോയേക്കുവാ ….. എന്തെങ്കിലും കുഴപ്പം ??? ”

മേശ പുറത്തിരിക്കുന്ന അവരുടെ കല്യാണ ഫോട്ടോയിലേക്ക് നോക്കി കൊണ്ട് ഷാന ചോദിച്ചതും അവരുടെ ഉമ്മയെന്ന് തോന്നിക്കുന്ന ഒരു സ്ത്രീ ആധിയോടെ ചോദിച്ചു .

“കുഴപ്പം ഒന്നുമില്ല ….. രണ്ടാളും സുഖമായി ഇരിക്കുന്നു …. ”

ചെറു ചിരിയോടെ ഷാന പറഞ്ഞതും എല്ലാവരുടെയും മുഖം സന്തോഷം കൊണ്ട് നിറഞ്ഞു .

മോളെന്നും വിളിച്ചു അവരുടെ ഉമ്മ അവരെ കെട്ടി പിടിക്കുന്നത് കണ്ട് ഷാന പുഞ്ചിരിച്ചു .

“ടു മന്തിനുള്ള വളർച്ച ഉണ്ടെങ്കിലും മദറിന് ആരോഗ്യം ഇത്തിരി കുറവാണ് ….. നല്ല വിളർച്ചയും ഉണ്ട് ….. വയറ്റിൽ ഒരാളും കൂടി ഉള്ളതല്ലേ ?? ഇനി ആരോഗ്യം ഒക്കെ ഒന്ന് ശ്രദ്ധിക്കണം , സമയത്തു ഫുഡ് കഴിക്കണം , ചെക്കപ്പും നടത്തണം ….. ”

അഷ്‌കറിനോട്‌ പറഞ്ഞു കൊണ്ട് ഷാന തിരിഞ്ഞു റഷീദയെ നോക്കി .

അവൾ പറയുന്ന എല്ലാത്തിനും അവർ തല കുലുക്കി സമ്മതിക്കുന്നുണ്ടായിരുന്നു .

“അപ്പോൾ ശരി , പിന്നെ എപ്പോഴെങ്കിലും കാണാം …. ”

അവരെ നോക്കി ചിരിച്ചു കൊണ്ട് ഷാന റൂമിന് വെളിയിലേക്ക് ഇറങ്ങി .

“അയ്യോ മോളെ , എന്തെങ്കിലും കഴിച്ചിട്ട് പോകാം ….. ”

നബിസ , അവരുടെ ഉമ്മയെന്ന് തോന്നിക്കുന്ന സ്ത്രീ നന്ദി സൂചകമായി അവളുടെ മുന്നിലേക്ക് കയറി നിന്നു കൊണ്ട് പറഞ്ഞു .

“അയ്യോ , അതൊന്നും വേണ്ട ഉമ്മ ….. പോയിട്ട് തിരക്കുണ്ട്
…. ”

ചിരിയോടെ അവൾ നിരസിച്ചതും അവരുടെ മുഖം അത്ഭുതം കൊണ്ട് വിടർന്നു .

“അയ്യോ മോള് മുസ്ലിമാണോ ?? ”

അവരുടെ ചോദ്യം കേട്ട് അവൾക്ക് ചിരി വന്നെങ്കിലും അവൾ അത് പുറത്ത് കാണിക്കാതെ അതെയെന്ന് തലയാട്ടി .

“എന്നിട്ടാണോ മോളെ , മോള് ഇങ്ങനത്തെ വേഷം ഒക്കെ ഇട്ടോണ്ട് നടക്കുന്നെ ?? ”

മുട്ട് വരെ കിടക്കുന്ന അവളുടെ പാന്റിലേക്കും , കൈ ഇല്ലാത്ത ബനിയനിലേക്കും അവജ്ഞയോടെ നോക്കി കൊണ്ട് അവർ പറഞ്ഞതും അത്രയും നേരം അവളുടെ മുഖത്ത് തങ്ങി നിന്ന ചിരി ഒന്ന് മങ്ങി .

റഷീദയും അഷ്‌കറും ആകെ വിളറി നിൽക്കുകയാണ് .

ആഹാ തള്ള ആള് കൊള്ളാല്ലോ ???

പെട്ടെന്ന് തന്നെ ഒരു ചിരി വരുത്തി കൊണ്ട് അവൾ അവരുടെ അടുത്തായി നിൽക്കുന്ന അഷ്‌കറിനെ നോക്കി .

ഈ ഉമ്മ , എന്ന ഭാവത്തിൽ നിൽക്കുന്ന അവനെ ആകമാനം ഒന്ന് നോക്കി കൊണ്ട് അവൾ അവരുടെ നേരെ തിരിഞ്ഞു .

ഉമ്മാടെ മോന് മാത്രം നിക്കരൊക്കെ ഇട്ടാൽ മതിയോ , ഇടയ്ക്ക് ഞങ്ങളും ഒക്കെ ഒന്ന് ഇടട്ടെന്നെ ….”

അവരെ നോക്കി നന്നായി ഒന്നിളിച്ച് കാണിച്ചു കൊണ്ട് ഷാന പറഞ്ഞതും അഷ്‌കറും റഷീദയും പൊട്ടി വന്ന ചിരി കടിച്ചമർത്തി .

“അപ്പോൾ ശരി …… പിന്നീട് എപ്പോഴേലും കാണാം …… ”

അവരെ നോക്കി ചിരിച്ചു കൊണ്ട് ഷാന പുറത്തേക്ക് ഇറങ്ങി .

“എന്റെ ഉമ്മാ ….. ഉമ്മാക്ക് വല്ല കേടും ഉണ്ടായിരുന്നോ ??? ”

ഷാന ഇറങ്ങി പോയതും അത്രയും നേരം ഒന്നും മിണ്ടാതെ നിന്ന അഷ്‌കർ ആകെ മൊത്തം ബ്ലിങ്കസ്യയായി നിൽക്കുന്ന തന്റെ ഉമ്മയെ നോക്കി കൊണ്ട് ചോദിച്ചു .

അവന്റെ ചോദ്യം കേട്ടതും ഞാൻ ചോദിച്ചതിന് എന്നാ ടാ കുഴപ്പം എന്ന രീതിയിൽ ഒരു നോട്ടം നോക്കി .

“അല്ലേലും ഇപ്പോഴത്തെ പിള്ളേരൊക്കെ ഇങ്ങനെയാ ….. തുണിo ഇല്ല ഒന്നും ഇല്ല …… അഹങ്കാരത്തിന്റെ കൂടും …… ആർക്കറിയാം ഇതുങ്ങളൊക്കെ എങ്ങനെ നടക്കുന്നതാന്ന് …… ”

“ആ കൊച്ചാ എന്നെ വന്ന് നോക്കിയതെന്ന് അമ്മ മറക്കരുത് ട്ടാ …… ”

പിറുപിറുത്തു കൊണ്ട് അടുക്കളയിലേക്ക് പോകുന്ന തന്റെ ഉമ്മയെ നോക്കി കൊണ്ട് റഷീദ പറഞ്ഞു .

“ഓ പിന്നെ …..
ബോധം കെട്ട് വീണാൽ വയറ്റിൽ ഒണ്ടായിട്ടാന്ന് മനസ്സിലാക്കാൻ അത്ര പഠിപ്പൊന്നും വേണ്ട …… ”

ഉമ്മയുടെ പുച്ഛത്തിലുള്ള മറുപടി കേട്ടതും അഷ്‌കറിന് ദേഷ്യം വന്നു .

“എങ്കിൽ പിന്നെ ഉമ്മക്ക് ഇത്തയെ നോക്കാൻ പാടില്ലായിരുന്നോ ?? ”

അവന്റെ ദേഷ്യത്തിലുള്ള ചോദ്യം കേട്ടതും നബിസ ഒന്നും മിണ്ടാതെ കറിക്കരിയാൻ തുടങ്ങി .

ഇനി എന്തെങ്കിലും പറഞ്ഞാൽ അഷ്‌കറിന്റെ വായിൽ നിന്ന് വല്ലതും കേൾക്കേണ്ടി വരുമെന്ന് അവർക്ക് നന്നായി അറിയാം .

എന്നാലും ആ കൊച്ചിന് എന്തഹങ്കാരാ ????

അടുക്കളയിൽ പണിയുന്ന കൂട്ടത്തിലും അവർ സ്വയം പറഞ്ഞു കൊണ്ടിരുന്നു .

. . . .

ഫോൺ റിങ്ങ് ചെയ്യുന്ന കേട്ടാണ് മഹി ഓഫീസിലേക്ക് കയറിയത് .

സ്‌ക്രീനിൽ അമ്മയെന്ന് കണ്ടതും അവൻ ചിരിയോടെ ഫോണെടുത്തു കാതോരം ചേർത്തു .

“എന്റെ അമ്മേ , ഞാൻ പറഞ്ഞിട്ടില്ലേ ഇങ്ങനെ ഓഫീസ് ടൈമിൽ വിളിക്കരുതെന്ന് …… ”

ഇല്ലാത്ത ഗൗരവം വരുത്തി കൊണ്ട് മഹി ചോദിച്ചതും മറു വശത്ത് നിന്നും ശുഭയുടെ മറുപടിയും പെട്ടെന്ന് തന്നെ എത്തി .

“അതിന് ഞാൻ നിന്റെ പട്ടി കൊരയ്ക്കുന്നപ്പോലത്തെ ശബ്ദം കേൾക്കാൻ വിളിച്ചതല്ല …… ”

ഓ പുച്ഛം !!!!

സ്വന്തം മകൻ ഒരു എസ് ഐ ആണെന്ന വിചാരവുമില്ലാതെയാണ് അമ്മയുടെ വർത്താനം …..

“പിന്നെ എന്നാത്തിനാണാവോ മാതാശ്രീ ഈ ഓഫീസ് ടൈമിൽ എന്നെ വിളിച്ചത് ??? ”

അതിലും കൂടുതൽ പുച്ഛം കലർത്തി കൊണ്ട് മഹി തിരിച്ചു ചോദിച്ചു .

“ഒരു പാഴ്സൽ അങ്ങോട്ടേക്ക് കൊടുത്തു വിട്ടിട്ടുണ്ട് ….. വാട്സാപ്പിലേക്ക് ഞാൻ ഒരു അഡ്രസ്സും അയച്ചിട്ടുണ്ട് …… മോൻ വൈകുന്നേരം അത് പോയി കൊടുത്തിട്ട് വീട്ടിൽ കയറിയാൽ മതി …… ”

അത്രയും മാത്രം പറഞ്ഞു കൊണ്ട് ശുഭ അപ്പോൾ തന്നെ കാൾ കട്ട് ചെയ്തു പോയി .

“ഹലോ …… ”

ങേ !!!!

വച്ചിട്ട് പോയോ ???

കൊള്ളാം , നല്ല അമ്മ ……

സ്വന്തം മോൻ ചോറുണ്ടോ , ചായ കുടിച്ചോ എന്നൊന്നും ചോദിച്ചില്ല .

പകരം വേറെ ഏതോ ഒരു കൊച്ചിന് എന്തോ കൊണ്ടോയി കൊടുക്കണമെന്ന് പറയാൻ വിളിച്ചേക്കുന്നു , അതും ഭീഷണി …..

മഹി തന്റെ മൊബൈൽ സ്‌ക്രീനിലേക്ക് നോക്കി നെടു വീർപ്പിട്ടു .

. . . . .

അമ്മ വിളിച്ചു പറഞ്ഞത് വച്ച് വൈകുന്നേരം നേരത്തെ തന്നെ മഹി സ്റ്റേഷനിൽ നിന്നിറങ്ങി വീട്ടിലേക്ക് ചെന്നപ്പോൾ കണ്ടത് പാർക്കിങ് ഏരിയയിൽ ഇരിക്കുന്ന ഒരു ഫാസിനോ ആണ് .

ഓ അമ്മ പറഞ്ഞ പാഴ്സൽ ……

അവൻ ആ വണ്ടിയിൽ ഒന്ന് തലോടി കൊണ്ട് അകത്തേക്ക് കയറി .

“ടാ ശബരി …… ”

മഹിയുടെ വിളി കേട്ടാണ് ശബരി അടുക്കളയിൽ നിന്നും വന്നത് .

“എന്താടാ ??? ”

പുറകിൽ നിന്നും ശബരിയുടെ ശബ്ദം കേട്ടതും തിരിഞ്ഞു നോക്കിയ മഹി കണ്ടത് ഷർട്ട് ഇടാതെ ഒരു നിക്കറും ഇട്ട് കൊണ്ട് തലയിൽ ഒരു കെട്ടും കെട്ടി കൈയിൽ തവിയും പിടിച്ചു നിൽക്കുന്ന ശബരിയെയാണ് .

“വിശ്വ വന്നില്ലേ ??? ”

“ഇന്ന് നൈറ്റ്‌ ഡ്യൂട്ടി അല്ലെ ??? ”

തലയിലെ തോർത്തഴിച്ചു കൊണ്ട് ശബരി പറഞ്ഞു .

അത് കേട്ടതും മഹി ഞെട്ടി അവനെ നോക്കി .

എന്ത്യേ …..
അവന്റെ ഞെട്ടൽ കണ്ടതും ശബരി മുഖം ചുളിച്ചു കൊണ്ട് നോക്കി .

“അപ്പോൾ ഇന്ന് ഞാൻ പട്ടിണി …… ”

ഒരു ദീർഘ ശ്വാസമെടുത്തു കൊണ്ട് മഹി പറഞ്ഞതും ശബരി ഇരുന്നിടത്ത് നിന്നും ചാടി എഴുന്നേറ്റു .

” വേണേ വന്ന് ഞണീട്ട് പൊക്കോ …… നീ കഴിച്ചില്ലന്ന് വച്ച് എനിക്ക് ഒരു കുഴപ്പോം ഇല്ല …… ”

അവന് വേണ്ടേൽ വേണ്ട …..

എനിക്ക് ഉണ്ടല്ലോ വിശപ്പ്
….

പിറുപിറുത്തു കൊണ്ട് അവൻ തിരികെ അടുക്കളയിലേക്ക് കയറി .

ചവിട്ടി കുലുക്കി കൊണ്ട് കയറി പോകുന്ന ശബരിയെ കണ്ട് മഹിക്ക് ചിരി വന്നു .

“ടാ …… കുറച്ചു കഴിഞ്ഞു ഒരിടം വരെ പോകണം …… ”

അടുക്കളയിലേക്ക് എത്തി നോക്കി കൊണ്ട് മഹി വിളിച്ചു കൂവി .

“നീ തന്നെ പോയാൽ മതി
……. ഞാൻ ഇല്ല …… ”

പറഞ്ഞതിന്റെ ഒപ്പം തന്നെ മറുപടിയും കിട്ടി .

“അഹ് വേണ്ടേൽ വേണ്ട …… എന്റെ വല്യമ്മയുടെ മോളെ കാണാനായിരുന്നു , അവളിവിടെ ഫ്രണ്ട്സിന്റെ ഒപ്പം താമസിക്കുന്നുണ്ടെന്ന് ….. അതും പെണ്ണുങ്ങൾ പോരാത്തതിന് ഡോക്ടർമാരും ……. ”

ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ട് അവൻ റൂമിലേക്ക് പോകാൻ തുനിഞ്ഞതും പുറകിൽ നിന്ന് ശബരിയുടെ വിളി വന്നു .

“അല്ലേൽ വേണ്ട …… ഞാനും വരാം ……. ”

ആമ തോടിൽ നിന്ന് തല പുറത്തേക്ക് ഇട്ട് നോക്കുന്നപ്പോലെ അടുക്കള വാതിൽ നിന്നു എത്തി നോക്കി കൊണ്ട് ശബരി പറഞ്ഞതും മഹി ഒന്നനക്കി തലയാട്ടി .

“നീ വിചാരിക്കും പോലെ ആ പെണ്ണുങ്ങളെ കാണാൻ അല്ലാട്ടോ ….. ഞാൻ ഒപ്പം വന്നില്ലെങ്കിൽ പിന്നെ നീ ഒറ്റയ്ക്ക് ആ വലിയ പെട്ടി ചുമക്കേണ്ടി വരും ……. ”

മേശ പുറത്തു വച്ചിരിക്കുന്ന വലിയ ഒരു പെട്ടിയിലേക്ക് വിരൽ ചൂണ്ടി ശബരി പറഞ്ഞപ്പോഴാണ് മഹിയും അത് കണ്ടത് .

എന്റെ അമ്മോ ……

എന്നാ വലിയ പെട്ടിയാ …..

“എന്താടാ അതില് ??? ”

പടികൾ കയറിയ മഹി പെട്ടി കണ്ടതും തിരികെ ഇറങ്ങി വന്നു കൊണ്ട് ചോദിച്ചു .

” ഞാൻ നോക്കിയില്ല മോനെ ….. നിന്റെ അമ്മയുടെ ഒരു കുറിപ്പ് കണ്ടു ….. റിസ്ക് എടുക്കാൻ വയ്യാത്തത് കൊണ്ട് വിട്ടു ……. ”

പെട്ടിയിലേക്ക് നോക്കി ശ്വാസം ഒന്ന് വലിച്ചു വിട്ടു കൊണ്ട് ശബരി പറഞ്ഞു .

ശബരി പറഞ്ഞതും മഹി വേഗം തന്നെ പെട്ടിയിൽ ഒട്ടിച്ചു വച്ചിരുന്ന കുറിപ്പ് നോക്കി .

ഇതിൽ ഉള്ളതൊക്കെ ആ കൊച്ചിന് ഉള്ളതാ , മൂന്നെണ്ണവും കൂടി ഇതിൽ നിന്ന് കൈയിട്ട് വാരാൻ നോക്കിയാൽ …….

അടിപൊളി !!!!!

“ശുഭാമ്മയ്ക്ക് ഇപ്പോൾ നമ്മളെ ഒന്നും വേണ്ട ….. ”

മുഖം കോട്ടി കൊണ്ട് ശബരി പറഞ്ഞതും മഹിയുടെ മുഖത്ത് ഒരു കള്ള ചിരി വിരിഞ്ഞു .

അവൻ ശബരിയെ ഒന്ന് നോക്കി കൊണ്ട് അടുക്കളയിലേക്ക് പോയി .

അവന്റെ മുഖത്തെ ചിരി കണ്ടപ്പോൾ തന്നെ ശബരിയുടെ ചുണ്ടിലും ഒരു ചിരി വന്നു .

തിരികെ വന്നപ്പോൾ മഹിയുടെ കൈയിൽ ഒരു കത്തി ഉണ്ടായിരുന്നു .

ഹും അമ്മയുടെ ഒരു ഭീഷണി !!!!

അമ്മ അങ്ങനെ പലതും പറയും ……

അതൊന്നും കേൾക്കാൻ ഇപ്പോൾ വയ്യെന്റെ അമ്മേ ……

സോറി ……

അവൻ മനസ്സിൽ പറഞ്ഞു കൊണ്ട് ബോക്സിൽ ഒട്ടിച്ചു വച്ച കുറിപ്പ് കീറി എറിഞ്ഞു .

കത്തി കൊണ്ട് ബോക്സിൽ ഒട്ടിച്ചു വച്ച സെല്ലോ ടേപ്പ് കീറി .

ഉള്ളിലുള്ള സാധനങ്ങൾ കണ്ടതും മഹി തലയുയർത്തി ശബരിയെ നോക്കി .

അവന്റെ മുഖം ആണെങ്കിൽ പട്ടിണി കിടന്ന പട്ടിയുടെ മുന്നിൽ ഒരു ഫുൾ ചിക്കൻ കണ്ടപ്പോളുള്ള അതെ ചിരി .

ആഹാ , ഇത് കുറെ വെറൈറ്റി ഉണ്ടല്ലോ …..

അച്ചപ്പം , കുഴലപ്പം , ഉണ്ണിയപ്പം , നെയ്യപ്പം , മുറുക്ക് , അരിയുണ്ട , എള്ളൂണ്ട , പക്കാവട , മഞ്ഞ മിച്ചറ് ചോന്ന മിച്ചറ് , വെള്ള മിച്ചറ് …..

ഉള്ളിൽ ഉള്ള സാധനങ്ങൾ ഒക്കെ കണ്ടതും മഹിയുടെ കണ്ണ് തള്ളി .

എന്റെ ദൈവമേ …..

ആ ഒരു പെണ്ണിനാണോ ഇത്രയും സാധനങ്ങൾ കൊടുത്ത് വിട്ടേക്കുന്നത് ???

“സാരോല്ല ടാ നമ്മൾക്ക് സഹായിക്കാന്നെ ….. ”

മഹിയുടെ മുഖത്തെ അന്ധാളിപ്പ് കണ്ടതും അവന്റെ തോളത്ത് തട്ടി കൊണ്ട് ശബരി പറഞ്ഞു കൊണ്ട് അടുക്കളയിൽ നിന്നും ഒരു പാത്രം എടുത്തു കൊണ്ട് വന്നു .

“എനിക്ക് രണ്ട് പാക്കറ്റ് നെയ്യപ്പം മതി , പിന്നെ വിശ്വക്ക് മിച്ചറ് അല്ലെ ഇഷ്ടം ???? അപ്പോൾ അത് ഒന്ന് രണ്ടെണ്ണം എടുക്കാം ….. പിന്നെ നിനക്കോ ??? ”

മഹിയെ നോക്കി കൊണ്ട് അവൻ ചോദിച്ചു .

“ഞാൻ ഇതിൽ നിന്നൊക്കെ ഓരോ ഐറ്റം വച്ചു എടുത്തോളാം …… ”

അവനെ നോക്കി കണ്ണിറുക്കി കൊണ്ട് മഹി പറഞ്ഞതിനൊപ്പം തന്നെ അവൻ ഓരോന്നും എടുക്കാൻ തുടങ്ങി .

“അഹ് …… ഇപ്പോൾ ഫിഫ്റ്റി ഫിഫ്റ്റി …… ”

ആവിശ്യത്തിന് സാധനങ്ങൾ അതിൽ നിന്ന് അടിച്ചു മാറ്റി കൊണ്ട് അവർ ആ പെട്ടി പഴയ പോലെ തന്നെ കെട്ടി പൂട്ടി വച്ചു .

“അല്ലടാ എപ്പോഴാ പോകുന്നത് ??? ”

റൂമിലേക്ക് പോകാൻ തിരിഞ്ഞ മഹിയെ നോക്കി ശബരി ചോദിച്ചു .

“ഒരു ഏഴ് മണി ആകുമ്പോൾ അവിടെ എത്താൻ പാകത്തിന് പോകാം …… അതിൽ കൂടുതൽ വൈകണ്ട ….. പെണ്ണുങ്ങൾ മാത്രം താമസിക്കുന്നതല്ലേ ??? ”

അവനെ നോക്കി പറഞ്ഞു കൊണ്ട് മഹി തിരികെ മുറിയിലേക്ക് പോയി .

അവനെ നോക്കി ഒന്ന് തലയാട്ടി കൊണ്ട് ശബരി അടുക്കളയിലേക്കും

. . . . .

“സരൂ നാളെ ഉച്ചക്ക് വരും ന്ന് ….. ”

അടുക്കളയിൽ ന പാത്രം കഴുകുകയായിരുന്ന കരണിനെ നോക്കി കൊണ്ട് ഷാന പറഞ്ഞു .

രാത്രിയിലേക്ക് ഉണ്ടാക്കി വച്ച ഉണക്ക ചപ്പാത്തിയും കിഴങ്ങു കറിയും കഴിച്ചു കഴിഞ്ഞു അടുക്കള വൃത്തിയാക്കുകയായിരുന്നു കരൺ .

“പിക്ക് ചെയ്യാൻ പോണോ ?? ”

ഷാന പറഞ്ഞതും പാത്രം കഴുവൽ നിർത്തി കൊണ്ട് കരൺ ചോദിച്ചു .

“അവള് അവളുടെ സ്കൂട്ടറിൽ വരുമെന്നാ പറഞ്ഞത് ….. ”

സ്ലാബിലേക്ക് കയറി ഇരുന്നു കൊണ്ട് അവൾ പറഞ്ഞു .

“എങ്കിൽ തന്നെ വന്നോളും …… ”

കരൺ പറഞ്ഞതും അനു അങ്ങോട്ടേക്ക് കയറി വന്നു .

“ടി ഞാൻ ഒന്ന് പുറത്തേക്ക് പോവാ ….. ”

ഷർട്ടിന്റെ ബട്ടണുകൾ ഇട്ടു കൊണ്ട് അനു പറഞ്ഞതും ഷാന ക്ലോക്കിലേക്കും കരൺ അവളുടെ ഡ്രസ്സിലേക്കും നോക്കി .

ബ്ലാക്ക് ഷർട്ടും ബ്ലാക്ക് ജീൻസും ഇട്ടു കൊണ്ട് മുടി മുഴുവനും എടുത്തു ഉച്ചിയിൽ കെട്ടി വച്ചു കൊണ്ട് നിൽക്കുന്ന അനുവിനെ കണ്ടതും കരണിന് ചിരി വന്നു .

“മണി ആറരയായി ….. ഇപ്പോൾ എങ്ങോട്ടാ പോകുന്നത് ??? ”

ക്ലോക്കിലേക്ക് നോക്കി കൊണ്ട് ഷാന ചോദിച്ചതും അനു അവളെ നോക്കി ഒരു തേഞ്ഞ ചിരി ചിരിച്ചു .

“ബാർ !!!!! ”

ഇളിച്ചു കൊണ്ട് അനു പറഞ്ഞതും കരണും ഷാനയും ഞെട്ടി അവളെ നോക്കി .

“ബാറിലോ ??? ”

ഷാനയുടെ അലർച്ച കേട്ടതും അനു ചെവി പൊത്തി കൊണ്ട് തലയാട്ടി .

“You promised ….. ”

കഴുകി കൊണ്ടിരുന്ന പാത്രം സിങ്കിലേക്ക് തിരികെ ഇട്ടു കൊണ്ട് കരൺ പറഞ്ഞതും അനു ചിന്തിക്കുന്ന പോലെ താടിയിൽ കൈ വച്ചു .

“എന്റെ ഓർമ ശരിയാണെങ്കിൽ ഞാൻ പറഞ്ഞത് , ഹോസ്പിറ്റലിൽ കയറിയതിന് ശേഷം ഞാൻ ഇനി കുടിക്കില്ലന്ന് ആണ് ….. ”

അവരെ നോക്കി പുരികം പൊക്കി ഒന്നാക്കി ചിരിച്ചു കൊണ്ട് അനു പറഞ്ഞതും കരൺ ഇവൾ നന്നാവില്ലന്ന രീതിയിൽ തലയാട്ടി കൊണ്ട് തിരിഞ്ഞു തന്റെ പണി തുടർന്നു .

കരൺ തിരിഞ്ഞു നിന്നതും ഇനി വല്ലതും ഉണ്ടോയെന്ന രീതിയിൽ അനു ഷാനയെ നോക്കി .

ഓ ഞാൻ ഇനി ഒന്നും പറയണില്ലേ എന്ന ഭാവം ഷാനയുടെ മുഖത്ത് കണ്ടതും അവൾ ചിരിച്ചു കൊണ്ട് പുറത്തേക്ക് നടന്നു .

“അല്ല ഭവതി നടന്നാണോ പോകുന്നത് ?? ”

പുറകിൽ നിന്നും ഷാനയുടെ പുച്ഛത്തിലുള്ള ചോദ്യം കേട്ടതും അനു അവളെ തിരിഞ്ഞു നോക്കി .

“അല്ലേ അല്ല , അടിയന്റെ ശിഷ്യനായ പാർത്ഥന്റെ ശകടം നമ്മെ കാത്ത് അവിടെ അക്ഷമനായി നിൽക്കുന്നുണ്ട് …. അവയുടെ ഒപ്പമാണ് ഇന്ന് നമ്മുടെ യാത്ര …… ”

കണ്ണുകൾ അടച്ചു ധ്യാനിക്കുന്നപ്പോലെ പറയുന്ന അനുവിനെ കണ്ട് ഷാനയ്ക്ക് ചിരി വന്നു .

ഈ അലവലാതി !!!

ഷാനയുടെ ചിരി കണ്ടുകൊണ്ടാണ് അനു കണ്ണ് തുറന്നത് .

“അപ്പോൾ ശരി പോവാണേ …… റ്റാറ്റാ ….. പിന്നെ വെയിറ്റ് ചെയ്യണ്ടട്ടോ ….. ”

പുറത്തേക്ക് പോകുന്നതിനിടയിൽ അനു പുറകിലേക്ക് നോക്കാതെ വിളിച്ചു കൂവി .

. . . . .

“ചേച്ചി ചേച്ചി വണ്ടി ഓടിക്കണ്ടാ ….. ഈ സിറ്റുവേഷനിൽ വണ്ടി ഓടിച്ചാൽ നാളത്തെ പത്രത്തിൽ ചേച്ചിയുടെ പടം വരും …… ”

വേച്ചു വേച്ചു നടക്കുന്ന അനുവിനെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് പാർത്ഥൻ പറഞ്ഞത് വക വയ്ക്കാതെ അനു വണ്ടിയിൽ കയറി ഇരുന്നു .

“ചേച്ചി നമ്മക്ക് വല്ല ഓട്ടോയും വിളിക്കാം …… ”

ഈ അവസ്ഥയിൽ പോയാൽ ഒന്നെങ്കിൽ ആംബുലൻസ് അല്ലെങ്കിൽ പോലീസ് ജീപ്പ് രണ്ടിൽ ഏതെങ്കിലും ഒന്നിൽ കയറി പോകേണ്ടി വരുമെന്ന് മനസ്സിലായ പാർത്ഥൻ വണ്ടിയുടെ മുന്നിൽ കയറി നിന്നു കൊണ്ട് പറഞ്ഞു .

“നീ വേണെങ്കിൽ ഓട്ടോക്ക് പൊക്കോ ……. ഞാൻ ഇന്ന് ഇതിലെ വരൂ ….. ”

കുഴയുന്ന ശബ്ദത്തിൽ അനു പറഞ്ഞതും അവൻ തലയിൽ കൈ വച്ചു പോയി .

“എങ്കിൽ വണ്ടി ഞാൻ ഓടിക്കാം …… ”

പറഞ്ഞു തീർന്നില്ല അനു കൈ വീശി അവന്റെ മോന്തയ്ക്കിട്ടൊന്ന് കൊടുത്തു .

“ഇതെന്റെ വണ്ടി ….. ഞ്ഞ ഓടിക്കും …… ”

അടി കൊണ്ട കവിളും പൊത്തി പിടിച്ചു കൊണ്ട് നിൽക്കുന്ന പാർത്ഥന് നേരെ അനു അലറി .

“അല്ല ചേച്ചി ഇതെന്റെ വൻ…… ”

“എന്നാന്ന് ???? ”

അടുത്ത അടി കൂടി കൊള്ളാൻ വയ്യാത്തത് കൊണ്ട് അവൻ പറയാൻ വന്നത് പാതിയിൽ വിഴുങ്ങി .

“മ്ങ് … ഒന്നുല്ല ….. ”

ചുമൽ കൂച്ചി കൊണ്ട് അവൻ അവളുടെ പുറകിൽ കയറി ഇരുന്നു .

എന്റെ പാർത്ഥസാരഥി നീ എന്നെ കാത്തോളണേ ……

അറിയാവുന്നതും അറിയാത്തതുമായ പല ദൈവങ്ങളെയും വിളിച്ചു അവൻ ഇരുന്നപ്പോഴാണ് ദൂരെ വളവിൽ ഒരു ചുവന്ന വെട്ടം കണ്ടത് .

തമ്പുരാനെ പോലീസ് !!!!!

“ചേച്ചി !!!!! വണ്ടി തിരിക്ക് ചേച്ചി …… പോലീസ് ചേച്ചി …… വണ്ടി തിരിക്ക് ….. ”

അനുവിന്റെ തോളത്തു പിടിച്ചു കുലുക്കി കൊണ്ട് അവൻ അലറി .

“വണ്ടി നിർത്ത് ചേച്ചി !!!!! ”

ഒരു കൈ അകലെ പോലീസുക്കാരെ കണ്ടിട്ടും വണ്ടി നിർത്താത്ത അനുവിന്റെ ചെവിയിൽ അവൻ അലറി വിളിച്ചു .

“എടാ ….. ഇതിന്റെ …… ഇയ്യിന്റെ ബ്രേക്ക് എവടാ ???? ”

അനുവിന്റെ ആധി പിടിച്ച ചോദ്യം കേട്ടതും പാർത്ഥൻ പകച്ചു പണ്ടാരമടങ്ങി പോയി .

കാത്തോളാൻ പറഞ്ഞിട്ട് നീ എനിക്കിട്ട് എട്ടിന്റെ പണിയാണല്ലോ എന്റെ ഭഗവാനെ നീ എനിക്ക് തന്നത് .

(തുടരും …….

അനു : ഭാഗം 1

അനു : ഭാഗം 2

അനു : ഭാഗം 3