അനു : ഭാഗം 12
നോവൽ
എഴുത്തുകാരി: അപർണ രാജൻ
“നമ്മക്ക് ഒരു ഐസ് ക്രീം കഴിച്ചാലോ ???? ”
അനുവിന്റെ തോളിൽ തട്ടി കൊണ്ട് മഹി ചോദിച്ചതും അനു കസേരയിൽ നിന്നും ചാടി എഴുന്നേറ്റു .
“അഹ് പോവാം ……. ”
“എങ്കിൽ ബാ പോവാം …….. ”
അനുവിന്റെ സമ്മതം കൂടി കിട്ടിയതും മഹി അവളുടെ കൈയും പിടിച്ചു കൊണ്ട് പുറത്തേക്ക് നടന്നു .
“നിങ്ങളിതിങ്ങോട്ടാ പോകുന്നെ ???? ”
പുറത്തേക്കിറങ്ങി പോകുന്ന അനുവിനെയും മഹിയെയും കണ്ട് ഷാന ചോദിച്ചു .
“ഞങ്ങൾ ആങ്ങളയും പെങ്ങളും ഒന്ന് കറങ്ങിയിട്ടൊക്കെ വരാം …….. ”
അനുവിന്റെ തോളിൽ കൂടി കൈയിട്ട് കൊണ്ട് മഹി കണ്ണ് രണ്ടും ചിമ്മി കൊണ്ട് പറഞ്ഞതും ഷാന ഒന്നമർത്തി തലയാട്ടി .
“അല്ല , പോയിട്ട് വരുമ്പോൾ നിങ്ങൾക്ക് എന്തെങ്കിലും വാങ്ങണോ ??? ”
വാതിൽക്കൽ എത്തിയതും എന്തോ ഓർത്തെന്നപ്പോലെ തിരിഞ്ഞു നോക്കി കൊണ്ട് മഹി ചോദിച്ചതും അങ്ങനെ ഒന്ന് കേൾക്കാൻ കാത്തിരുന്നപ്പോലെ കരൺ സോഫയിൽ നിന്ന് എഴുന്നേറ്റു .
“ചപ്പാത്തി ചിക്കൻ ……. ”
“എനിക്കും …….. ”
കരൺ പറഞ്ഞതും ശബരിയും ഒപ്പം കൈ പൊക്കി കൊണ്ട് പറഞ്ഞു .
“എനിക്കൊരു ബിരിയാണി ……. ”
വിശ്വ മഹിയെ നോക്കി ഇളിച്ചു കൊണ്ട് പറഞ്ഞു .
“എനിക്ക് ഒരു ഐസ് ക്രീം മതി ……. ”
“എനിക്കും …… ”
സരൂവും ഷാനയും പറഞ്ഞതും ചോദിക്കണ്ടായിരുന്നുവെന്ന ഭാവത്തിൽ മഹി തലയാട്ടി കൊണ്ട് തിരിഞ്ഞു .
എനിക്ക് എന്തിന്റെ കേടായിരുന്നു ????
ഒരാവിശ്യവും ഉണ്ടായില്ല .
മര്യാദക്ക് അങ്ങ് ഇറങ്ങി വന്നാൽ മാത്രം മതിയായിരുന്നു .
എന്നിട്ട് പോയി …….
സ്വയം തലയ്ക്കിട്ടടിച്ചു കൊണ്ട് വരുന്ന മഹിയെ കണ്ടതും അനുവിന് ചിരി വന്നു .
പാവം , ബഹുമാനം കൊണ്ട് അധികം ഒന്നും പറയില്ലന്ന് വിചാരിച്ചു കാണും ……
അങ്ങോട്ട് പോകുന്നവന്റെ പോലും പോക്കറ്റ് കാലിയാക്കിയിട്ടെ അതുങ്ങൾ വീടോള് ..
അപ്പോൾ പിന്നെ ഇങ്ങോട്ട് വന്നു ചോദിക്കുന്നവരുടെ കാര്യം പറയാൻ ഉണ്ടോ ????
പോക്കറ്റ് വരെ കീറി പറിച്ചിട്ടെ വീടോള് ……
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
“പിന്നെ , എന്ന് തൊട്ടാ ഹോസ്പിറ്റലിൽ കയറേണ്ടത് ???? ”
പാർക്കിലെ കൽ ബെഞ്ചിൽ ഇരിക്കുന്നതിനിടയിൽ മഹി അനുവിനോട് ചോദിച്ചു .
“അടുത്ത മാസം …….. ”
അനു പറഞ്ഞത് കേട്ട് അത്രയും നേരം അങ്ങോട്ടും ഇങ്ങോട്ടും നോക്കി കൊണ്ടിരുന്ന മഹി അവളെ നോക്കി .
അടുത്ത മാസമാണെങ്കിൽ പിന്നെ നീ എന്തിനാടി ഇപ്പോഴേ ഇങ്ങോട്ട് കെട്ടിയെടുത്തതെന്ന രീതിയിലുള്ള മഹിയുടെ നോട്ടം കണ്ടതും അനു അവനെ നോക്കി പല്ല് മുഴുവനും കാണാൻ പാകത്തിന് ഒരു ചിരി ചിരിച്ചു .
“ഇങ്ങനെ കണ്ണുരുട്ടി നോക്കൊന്നും വേണ്ട ……. ജോലിക്ക് കയറിയാൽ പിന്നെ കരണുമായി അങ്ങനെ കോൺടാക്ട് ഒന്നും ഇണ്ടാവില്ല …… അതോണ്ട് ഇപ്പോൾ കിട്ടുന്ന ടൈം ഒപ്പം അങ്ങ് സ്പെൻഡ് ചെയ്യാന്ന് വിചാരിച്ചു ……. ”
കൈയിലിരിക്കുന്ന മാങ്കോ ബാർ നക്കി കൊണ്ട് അനു പറഞ്ഞതും മഹി ചിരിച്ചു കൊണ്ട് തലയാട്ടി .
അല്ലെങ്കിലും നിന്റെ കാര്യം ഓർത്തു ഞാൻ എന്തിനാ ടെൻഷനാവുന്നെ ????
നിന്റെ കാര്യം നോക്കാൻ വല്യച്ഛനെക്കാളും , എന്നെക്കാളും നന്നായി നിനക്കറിയാം ..
അത് ശരിയാന്ന് തെളിയിക്കാൻ പറ്റുന്നതാണല്ലോ , ഈ ഇടയായി വിശ്വയുടെ വായിൽ നിന്ന് കേൾക്കുന്നത് …..
“അല്ല ഏട്ടാ …… ശ്രിയയുടെ കാര്യം എന്തായി ???? ”
അനുവിന്റെ ചോദ്യം കേട്ടതും അത്രയും നേരം ചിരിച്ചോണ്ട് നിന്ന മഹിയുടെ മുഖം മങ്ങി .
“മ്മ് എന്നാ പറ്റി മുഖം ഒക്കെ ഡള്ളായല്ലോ ??? അവളെന്നാ ഏട്ടനെ റീജെക്റ്റ് ചെയ്തോ ???? ”
മഹിയുടെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കി കൊണ്ട് അനു ചോദിച്ചതും മഹി ദീർഘമായി ഒന്ന് നിശ്വസിച്ചു കൊണ്ട് അവളെ നോക്കി .
“ഇല്ലടി , അവളെ ഞാൻ പിന്നെ കണ്ടില്ല …….. അന്ന് മാളിൽ വച്ചാ ഞാൻ അവസാനമായി കണ്ടത് ….. ഞാൻ ഒന്ന് രണ്ടു തവണ അവളെ കാണാൻ പോയായിരുന്നു , പക്ഷേ കണ്ടില്ല …… ”
“മ്മ് , എന്ത് പറ്റി ??? ”
“അവൾക്ക് മോഡൽ എക്സാം ഒക്കെയായിരുന്നു ……. മാത്രമല്ല അവൾ എന്നെ വല്ലാതെ തെറ്റിദ്ധരിച്ചുന്ന് തോന്നണു …… ”
മഹി പറയുന്നത് കേട്ടതും അനു മഹിയുടെ നേരെ തിരിഞ്ഞിരുന്നു .
“എന്ത് തെറ്റിദ്ധാരണ ???? ”
അനുവിന്റെ ചോദ്യം കേട്ടതും നിനക്കറിയില്ലല്ലേടി എന്ന രീതിയിൽ മഹി അവളെ കത്തുന്ന ഒരു നോട്ടം നോക്കി .
“ഇങ്ങനെ എന്നെ നോക്കി പേടിപ്പിക്കൊന്നും വേണ്ട ……. ഏട്ടൻ തന്നെയാ അവളെ കാണിക്കാൻ വേണ്ടി തിരിഞ്ഞു നടന്ന എന്നെ വിളിച്ചു അങ്ങനെ ഒക്കെ പറഞ്ഞത് ……. സോ എന്നെ നോക്കണ്ട …… ”
മുഖം വെട്ടിച്ചു കൊണ്ട് അനു പറഞ്ഞതും മഹി അവളെ നോക്കി .
നീ ശരിക്കും ഒരു പെങ്ങള് തന്നെ ……
എത്ര പെട്ടെന്നാ മറു കണ്ടം ചാടിയത് ????
തന്നെ നേരെ മനഃപൂർവം നോക്കാതെ വേറെ എങ്ങോട്ടോ നോക്കി കൊണ്ടിരിക്കുന്ന അനുവിനെ മൊത്തത്തിലൊന്ന് നോക്കി കൊണ്ടവൻ തിരിഞ്ഞപ്പോഴാണ് എതിരെ വരുന്ന വയ്യാ വേലിയവൻ കണ്ടത് .
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
“എടി , ശ്രി ……. ”
റിയയുടെ വിളി കേട്ടതും ശ്രിയ താമര കുളത്തിൽ നിന്നും നോട്ടം മാറ്റി റിയയെ നോക്കി .
“എന്താടി ???? ”
“ഇന്നെന്തായാലും ഇങ്ങോട്ട് വന്നത് നന്നായി മോളെ ……. ദേ നോക്ക് നിന്റെ മറ്റവനും അവന്റെ മറ്റവളും കൂടി ചേർന്നിരിക്കുന്ന് ഐസ് ക്രീം തിന്നുന്നത് കണ്ടോ ???? ”
പരിഹാസം നിറഞ്ഞ റിയയുടെ റിയയുടെ ചോദ്യം കേട്ടതും ശ്രിയ വേഗം റിയ കൈ ചൂണ്ടിയിടത്തേക്ക് നോക്കി .
ശരിയാണ് , അവിടെ ഏതോ ഒരു പെണ്ണിന്റെ ഒപ്പം കളിച്ചു ചിരിച്ചു മഹിയേട്ടൻ ഇരിക്കുന്നു .
അവൾക്ക് നെഞ്ച് വിങ്ങുന്നപ്പോലെ തോന്നി .
“അഹമ്മ് …… ആ പെണ്ണ് ഉള്ളത് കൊണ്ടാവുല്ലേ പുള്ളി നിന്നെ മൈൻഡ് പോലും ചെയ്യാത്തത് ???? ”
റിയയുടെ വക കുത്തി കുത്തിയുള്ള ചോദ്യം കേട്ടതും ശ്രിയ ഒന്നും മിണ്ടാതെ തല കുനിച്ചു .
ഇതെല്ലാം കണ്ടു കൊണ്ടാണ് മാളവിക അങ്ങോട്ടേക്ക് വന്നത് .
“മ്മ് എന്ത് പറ്റിയെടാ ???? ”
മാളവികയുടെ ചോദ്യം കേട്ടതും ശ്രിയ ഒന്നും മിണ്ടാതെ മഹി ഇരിക്കുന്നിടത്തേക്ക് നോക്കി .
“നീ കണ്ടില്ലേ , ഇവള് അഹങ്കാരത്തോടെ എന്റെയാണ് എന്റെയാണ് ന്ന് പറഞ്ഞോണ്ട് നടന്ന ചെക്കനിപ്പോ ദേ വേറെ ഒരു പെണ്ണിനോട് കൊഞ്ചി കുഴയുന്നു ………. ”
പുച്ഛം നിറഞ്ഞ റിയയുടെ വർത്തമാനം കേട്ടതും മാളവിക ശ്രിയയെ നോക്കി .
“നീ കണ്ടോ ??? ”
റിയയെ ഒന്ന് പാളി നോക്കി കൊണ്ട് മാളവിക ചോദിച്ചതും ശ്രിയ അതെയെന്ന് തലയാട്ടി .
“എവിടെ ???? ഇവിടെ ഉണ്ടോ ???? ”
ചുറ്റും നോക്കി കൊണ്ട് മാളവിക ചോദിച്ചതും റിയ അവളുടെ മുഖം പിടിച്ചു മഹിയും അനുവും ഇരിക്കുന്നിടത്തേക്ക് തിരിച്ചു .
“ദേ നോക്ക് , അവിടെ ഇരിക്കുന്നു ……. അവര് ഇരിക്കുന്നത് കണ്ടിട്ട് നീ തന്നെ പറ ……. അവര് കാമുകി കാമുകന്മാര് അല്ലെയെന്ന് …….. ”
ഇതങ്ങനെ ഇങ്ങനെ ഒന്നും വിടാൻ ഭാവമില്ലാത്ത പോലെ റിയ പറഞ്ഞതും മാളവിക ഒന്നാക്കി ചിരിച്ചു കൊണ്ട് തലയാട്ടി .
“എന്താ നിനക്കൊരു പുച്ഛം ??? ”
കെറുവിച്ചു കൊണ്ട് റിയ ചോദിച്ചതും മാളവിക മഹിയെയും അനുവിനെയും നോക്കി കൊണ്ട് റിയയെ നോക്കി .
“എനിക്കെങ്ങും തോന്നണില്ല അവര് നീ പറഞ്ഞപ്പോലെ കാമുകനും കാമുകിയുമാണെന്ന് ……. ”
“ഇല്ലടാ , അവര് തമ്മില് ഇഷ്ടത്തിലാ ……. ”
ശ്രിയ പറഞ്ഞത് കേട്ട് ഒന്നും മാളവികയും റിയയും പരസ്പരം നോക്കി .
“മനസ്സിലായില്ല ….. ”
“അന്ന് മാളിൽ വച്ചു ഞാൻ കണ്ട ചേച്ചിയാ മഹിയേട്ടന്റെ ഒപ്പം ഇരിക്കുന്നത് …….. ”
ശ്രിയ പറഞ്ഞത് കേട്ടതും മാളവിക എന്ത് പറയണമെന്നറിയാതെ റിയയെ നോക്കി .
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
“മ്മ് എന്നാ പറ്റി , ഒരു വക കാറ്റ് പോയ ബലൂണിനെപ്പോലെ ഇരിക്കാൻ ????? ”
മഹിയുടെ കണ്ണും തളളിയുള്ള ഇരുപ്പ് കണ്ടതും അനു ചോദിച്ചു .
“ശ്രി……. …. ശ്രിയ !!!!!!! ”
കുറച്ചപ്പുറത്തായുള്ള വാക മരത്തിന്റെ ചോട്ടിലേക്ക് കൈ ചൂണ്ടി കൊണ്ട് മഹി പറഞ്ഞതും അനു അങ്ങോട്ടേക്ക് നോക്കി .
ഒരു പച്ച നിറത്തിലുള്ള മുട്ടറ്റം വരെയുള്ള ടോപ്പും ഓറഞ്ച് നിറത്തിലുള്ള പാന്റും ഇട്ടുക്കൊണ്ട് തങ്ങളെ തന്നെ നോക്കി കൊണ്ട് നിൽക്കുന്ന ശ്രിയയെ കണ്ട് അനു മഹിയെ തോണ്ടി .
“ദേ ആ കൊച്ച് ഇങ്ങോട്ട് തന്നെയാ നോക്കി കൊണ്ട് നിൽക്കുന്നത് ….. ”
“അയിന് ???? ”
” കൊച്ചിനോട് പോയി സംസാരിക്ക് …… ചെല്ല് ……. ”
മഹിയെ ബെഞ്ചിൽ നിന്ന് തള്ളാൻ ശ്രമിച്ചു കൊണ്ട് അനു പറഞ്ഞു .
നീ എത്ര പറഞ്ഞിട്ടും കാര്യമില്ല ഞാൻ പോയി മിണ്ടില്ല .
എത്ര തളളിയിട്ടും കാര്യമില്ല , ഞാൻ എഴുന്നേൽക്കില്ല എന്ന ഭാവത്തിൽ തന്നെ മൂട്ടിന് വേര് പിടിച്ചപ്പോലെ ഇരിക്കുന്ന മഹിയെ കണ്ട് അനുവിന് ദേഷ്യം വന്നു .
“ദേ ആ കൊച്ച് ഒന്നാമതെ നമ്മളെ തെറ്റിദ്ധരിച്ചതാ ……. ഇതും കൂടി ആയാൽ പിന്നെ മോൻ മാനത്തേക്കും നോക്കി ഇരുന്നാൽ മതി ……. കൊച്ച് കൊച്ചിന്റെ പാട്ടിന് പോകുവേ…….. ”
അനു പറഞ്ഞത് കേട്ടിട്ടും മഹി അവളെ ഗൗനിക്കാതെ പുല്ലിനെയും പൂമ്പാറ്റയെയും നോക്കിയിരുന്നു .
ആഹാ , പ്രകൃതി എത്ര സുന്ദരിയാണ് ……
നല്ല പച്ച നിറത്തിലുള്ള പുല്ലും ചെറിയ ചെറിയ മഞ്ഞ പൂക്കളും ……
സോ ബ്യൂട്ടിഫുൾ !!!!!!!
മഹിയുടെ ഇരുപ്പ് കണ്ടതും അനുവിന് ചൊറിഞ്ഞു കയറാൻ തുടങ്ങി .
ഇങ്ങേരോട് മര്യാദയുടെ ഭാഷയിൽ ഒന്നും പറഞ്ഞിട്ട് കാര്യമില്ല .
പ്രകോപനം തന്നെ ശരണം ……
“അതെ , ഏട്ടൻ പോയി മിണ്ടോ മിണ്ടാതെയിരിക്കോ എന്താന്ന് വച്ചാൽ ചെയ്തോ ……. എനിക്കെ ഒന്നേ പറയാനുള്ളു ……. ”
ബെഞ്ചിൽ നിന്ന് എഴുന്നേറ്റു കൊണ്ട് അനു പറഞ്ഞതും എന്തായെന്ന ഭാവത്തിൽ മഹി നോക്കി .
“ഈ പെണ്ണും പ്രേമവും ഒക്കെ ആമ്പിള്ളേർക്ക് പറഞ്ഞിട്ടുള്ളതാ ……. ”
മഹിയുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചു കൊണ്ട് അനു പറഞ്ഞതും മഹി ചാടി എഴുന്നേറ്റു .
“ഞാൻ ആണല്ലന്നല്ലേടി കഴുതേ നീ പറയാതെ പറഞ്ഞത് ???? ”
ചീറി കൊണ്ടുള്ള മഹിയുടെ ചോദ്യം കേട്ടതും അനു അത്ഭുതത്തോടെ മഹിയെ നോക്കി .
“ആണോ ???? അങ്ങനെ തോന്നിയോ ???? ഫയങ്കര ഫുദ്ധിയാണല്ലോ ????? ”
അവനെ ഒന്ന് പുച്ഛത്തിൽ നോക്കി കൊണ്ട് അനു തിരിഞ്ഞു നടന്നതും മഹിക്ക് ദേഷ്യം ഇരച്ചു കയറി .
“എടി , മരത്തലച്ചി മാങ്ങ മോറി ……. ”
ആടി പാടി കൊണ്ട് നടന്നു കൊണ്ടിരുന്ന അനു മഹിയുടെ വിളി കേട്ടതും ഒന്നവിടെ നിന്നു .
“ദേ പുറകെ നോക്കി വിളിച്ചോ , അവിടെ നിൽക്കുന്നുണ്ട് തന്റെ മരത്തലച്ചി മാങ്ങ മോറി ……. ”
തിരിഞ്ഞു നോക്കാതെയുള്ള അനുവിന്റെ മറുപടി കേട്ടതും മഹിക്ക് ദേഷ്യം കൊണ്ട് കണ്ണ് കാണാൻ വയ്യാത്ത പോലെ തോന്നി .
“ഞാൻ ദേ അവളോട് ഇഷ്ടമാണെന്ന് പറയാൻ പോവാ …… നീ കണ്ടോ , ഞാൻ പറയുന്നത് ……… എന്നിട്ട് ഞങ്ങൾക്ക് ഇണ്ടാവുന്ന പിള്ളേരെ കൊണ്ട് ഞാൻ നിന്നെ വല്യമ്മന്ന് വിളിപ്പിക്കുമടി കുരുപ്പേ ……. !!!!!! ”
തറയിലേക്ക് ആഞ്ഞു ചവിട്ടി കൊണ്ട് മഹി പറഞ്ഞതും അനു തിരിഞ്ഞു മഹിയെ നോക്കി .
ആണോ കാണട്ടെയെന്ന രീതിയിലുള്ള അവളുടെ നിൽപ്പ് കണ്ടതും കാലേൽ വാരി നിലത്തടിക്കാനാണു മഹിക്ക് തോന്നിയത് …
ആടി നീ നോക്കി നിന്നോ ഞാൻ ഇപ്പോൾ തന്നെ പോയി പറയും …
അനുവിനെ ഒന്ന് തറപ്പിച്ചു നോക്കി കൊണ്ട് മഹി തിരിഞ്ഞു ശ്രിയയുടെ അടുത്തേക്ക് നടന്നു .
പഴനി ആണ്ടവാ …….
ഒരു പ്രത്യേക സാഹചര്യത്തിന്റെ പുറത്ത് ഇറങ്ങി പുറപ്പെട്ടതാ ……
അവിടെ ചെന്ന് അവളുടെ മുന്നിൽ നിൽക്കുമ്പോൾ മുട്ട് കാല് കൂട്ടി മുട്ടരുതെ …..
ഞാൻ ഒരു പുഷ്പാഞ്ജലി , വേണ്ട ഫലം കുറഞ്ഞു പോയല്ലോ ???
നൂറ്റൊന്ന് ധാര കഴിപ്പിച്ചേക്കാവേ ……..
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
“എടി മഹിയേട്ടൻ ഇങ്ങോട്ടേക്കാണല്ലോ വരുന്നത് ??? നിന്നെ കണ്ടിട്ടാണോ ???? ”
മാളവികയുടെ ചോദ്യം കേട്ട് തലയുയർത്തി നോക്കിയതും ശ്രിയ കണ്ടത് തന്റെ നേരെ പുഞ്ചിരിച്ചു കൊണ്ട് നടന്നടുക്കുന്ന മഹിയെയാണ് .
“മ്മ് കാമുകിയെ പരിചയപ്പെടുത്താനാവും …… ”
പുച്ഛത്തിൽ മുഖം വെട്ടിച്ചു കൊണ്ട് റിയ പറഞ്ഞതും മാളവിക അവളെ കത്തുന്ന ഒരു നോട്ടം നോക്കി .
“ഹലോ ശ്രിയ എന്താ ഇവിടെ ???? ”
ഉള്ളിൽ നുരഞ്ഞു പൊന്തുന്ന വിറയൽ വക വയ്ക്കാതെ മഹി ചോദിച്ചതും , ശ്രിയ ചിരിച്ചു കൊണ്ട് ഇരുന്നിടത് നിന്നും എഴുന്നേറ്റു .
“ഞാൻ ദേ ഫ്രണ്ട്സിന്റെ ഒപ്പം വന്നതാ , അല്ല ഏട്ടൻ എന്താ ഇവിടെ ???? ”
ശ്രിയ ചോദിച്ചതും മഹി അനുവിനെ നോക്കി കൈ കൊണ്ട് വരാൻ ആംഗ്യം കാണിച്ചു .
“ദേ , ഞാൻ ഇവളുടെ ഒപ്പം വന്നതാ ……. ”
അവരുടെ അടുത്തേക്ക് വന്ന അനുവിനെ ചേർത്ത് പിടിച്ചു കൊണ്ട് മഹി പറഞ്ഞതും ശ്രിയയുടെ കണ്ണ് നനഞ്ഞു .
ഇപ്പോൾ എന്തായി ഞാൻ പറഞ്ഞില്ലേ , അങ്ങേര് അങ്ങേരുടെ കാമുകിയെ പരിചയപ്പെടുത്താൻ വന്നതായെന്ന രീതിയിലുള്ള റിയയുടെ ഭാവം കണ്ടതും മാളവിക ഒന്നും മിണ്ടാതെ ശ്രിയയെ നോക്കി .
“താൻ ആണല്ലേ ശ്രിയ ……. ”
അനുവിന്റെ ചോദ്യം കേട്ടതും ശ്രിയ വരണ്ട ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് അതെയെന്ന് തലയാട്ടി .
“ഹായ് , ഞാൻ അനസ്വല ശങ്കർ ….. അനുന്ന് വിളിക്കും …… ”
ശ്രിയയുടെ നേരെ കൈ നീട്ടി കൊണ്ട് അനു പറഞ്ഞതും ശ്രിയ കണ്ണും മിഴിച്ചു കൊണ്ട് അനുവിനെ നോക്കി .
അനസ്വലയോ ???
അപ്പോൾ അന്ന് അനുസിത്താര എന്നോ മറ്റോ അല്ലെ പറഞ്ഞത് ???
ശ്രിയയുടെ കണ്ണും മിഴിച്ചുള്ള നോട്ടം കണ്ടതും അനു ചിരിച്ചു .
“നോട്ടത്തിന്റെ അർത്ഥം ഒക്കെ മനസ്സിലായി …… എല്ലാത്തിന്റെയും ഉത്തരം എന്റെ ആങ്ങള നിനക്ക് പറഞ്ഞു തരും ….. ല്ലെ ആങ്ങളേ ….. ”
ശ്രിയയെ തന്നെ നോക്കി കൊണ്ട് നിൽക്കുന്ന മഹിയുടെ പള്ളയ്ക്കിട്ടൊന്ന് കുത്തി കൊണ്ട് അനു ചോദിച്ചതും മഹി ഞെട്ടി അനുവിനെ നോക്കി .
“ങേ , എന്താ ???? ”
“അല്ലെയെന്ന് ?? ”
ഉറക്കത്തിൽ നിന്ന് എഴുന്നേറ്റപ്പോലെയുള്ള മഹിയുടെ ചോദ്യം കേട്ട് അനു കണ്ണ് രണ്ടും കൂർപ്പിച്ചു കൊണ്ട് ചോദിച്ചു .
“അഹ് , അതെ …… അതെ …… ”
കാര്യം എന്താന്ന് പോലും അറിയാതെ തലയാട്ടുന്ന മഹിയെ കണ്ട് മാളവികക്ക് ചിരി വന്നു .
“എങ്കിൽ രണ്ടും കൂടി അങ്ങ് മാറി നിന്ന് എന്താന്ന് വച്ചാൽ പറഞ്ഞോ ??? ഞങ്ങൾ മൂന്ന് പേരും ഇവിടെ ഒക്കെ റോന്ത് ചുറ്റിയിട്ട് വരാം ……. ”
മാളവികയുടെയും റിയയുടെയും കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് അനു നടക്കുന്നതിനിടയിൽ പറഞ്ഞു .
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
“ചേച്ചി ശരിക്കും മഹിതേട്ടന്റെ പെങ്ങളാണോ ??? ”
താമര കുളത്തിന്റെ ചുറ്റും നടക്കുന്നതിനിടയിൽ മാളവിക ചോദിച്ചതും അനു ചിരിച്ചുക്കൊണ്ട് അതെയെന്ന് തലയാട്ടി .
“അതെങ്ങനെ ശരിയാവും ??? അങ്ങേര് ഒറ്റ മോനല്ലെ ???? ”
റിയയുടെ ചോദ്യം കേട്ടതും അനു അവളെ അടി മുടിയൊന്ന് നോക്കി .
അപ്പോൾ ഉദേശിച്ചത് തെറ്റിയില്ല .
ആൾക്ക് ലേശം അസൂയയും കുശുമ്പും ഉണ്ട് ….
“ഒരേ വയറ്റിൽ ഇണ്ടായാൽ മാത്രമാണോ ആങ്ങളയും പെങ്ങളും ആവോളൂ ???? ”
കൈകൾ രണ്ടും മാറിൽ പിണച്ചു വച്ചു കൊണ്ട് റിയയുടെ നേരെ മുഖം അടുപ്പിച്ചു കൊണ്ട് അനു ചോദിച്ചതും റിയ ചിരിച്ചു .
“പിന്നെ ഏതു വകയാ ???? ”
“എന്റെ ചെറിയമ്മയുടെ മകനാ മഹിയേട്ടൻ …… ”
“ഓ അങ്ങനെ ……. ”
ചുണ്ട് ഒരു വശത്തേക്ക് കോട്ടി കൊണ്ട് റിയ പറഞ്ഞതും മാളവിക തലയിൽ കൈ വച്ചു .
ഇവളെന്താ ഇങ്ങനെ ????
വരുന്നവരോടും പോകുന്നവരോടും ഒക്കെ ഇങ്ങനെ ???
“സോറി ചേച്ചി , ഇവൾ ….. ”
മാളവിക ഇടയിൽ അവരുടെ ഇടയിൽ കയറി പറഞ്ഞതും അനു ഒന്നും മിണ്ടാതെ അവളുടെ ഫോണെടുത്തു .
“നിന്റെ നമ്പർ പറ …… ”
“എന്തിനാ ??? ”
“അഹ് , നീ താടി കൊച്ചേ …… നിനക്കും കൂടി ആവിശ്യമുള്ളതാ ….. ”
അവളുടെ മുഖത്തേക്ക് നോക്കാതെ ഫോണിലേക്ക് തന്നെ നോക്കി കൊണ്ട് അനു പറഞ്ഞതും റിയ മാളവികയെ നോക്കി .
എന്നെ നോക്കണ്ട , നിന്റെ നമ്പർ നിന്റെ ഫോൺ നിന്റെ ഇഷ്ടം …..
ഞാൻ ഒന്നും പറയില്ലയെന്ന ഭാവത്തിലുള്ള മാളവികയുടെ നിൽപ്പ് കണ്ടതും റിയ അനുവിനെ നോക്കി .
“99876*****…… ”
“മ്മ് …….. ഞാൻ നിന്റെ വാട്സാപ്പിലേക്ക് ഒരു ലോക്കഷൻ അയച്ചിട്ടുണ്ട് …… നിനക്ക് വേണമെന്ന് തോന്നുന്നുമ്പോൾ , ശ്രദ്ധിച്ചു കേൾക്കണം , നിനക്ക് വേണമെന്ന് തോന്നുമ്പോൾ , ഞാൻ നിർബന്ധിക്കില്ല …… എന്നെ വിളിക്ക് …… അപ്പോയ്ന്റ്മെന്റ് റെഡിയാക്കി തരാം …… ”
അനു പറഞ്ഞത് കേട്ട് മാളവിക ഒന്നും മനസ്സിലാവാതെ അനുവിനെയും റിയയെയും മാറി മാറി നോക്കി .
അപ്പോയ്ന്റ്മെന്റോ ???
എന്തിന് ????
“എനിക്കെന്തിനാ അപ്പോയ്ന്റ്മെന്റ് ???? ”
മാളവിക മനസ്സിൽ വിചാരിച്ചതും റിയ അനുവിനോട് ചോദിച്ചു .
“ഫോർ കൗൺസിലിംഗ് ……… നീ കടന്നു പോകുന്ന സ്റ്റേജ് അത്ര നല്ലതായിട്ട് എനിക്ക് തോന്നുന്നില്ല ….. ”
അവളുടെ കൈയിലെ മുറി പാടിലേക്ക് നോക്കി അനു പറഞ്ഞതും റിയ ഒന്നും മിണ്ടാതെ മാളവികയെ നോക്കി .
അനു പറഞ്ഞപ്പോഴായിരുന്നു മാളവികയും അത് കണ്ടത് .
“അപ്പോൾ ശരി നിങ്ങൾ സംസാരിക്ക് , ഞാൻ അവര് രണ്ടു പേരും സംസാരിച്ചു കഴിഞ്ഞോയെന്ന് നോക്കിയിട്ട് വരാം …… ”
റിയയുടെ തോളിൽ പതിയെ തട്ടി കൊണ്ട് അനു പറഞ്ഞതും റിയ അവളെ നോക്കി ചെറുതായി പുഞ്ചിരിച്ചു .
ഹാ , പത്തു പതിനഞ്ചു മിനിറ്റോളം ഞാൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നിട്ട് ഇപ്പോഴാ അവൾക്ക് ചിരിക്കാൻ തോന്നിയത് …..
മ്മ്ഹ് …..
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
മഹിയെയും ശ്രിയയെയും എത്ര നോക്കിയിട്ടും അവിടെ എങ്ങും കാണാത്തതു കൊണ്ടാണ് അനു ഫോൺ എടുത്തത് .
ഇതുങ്ങൾ രണ്ടും എങ്ങോട്ട് പോയോ എന്തോ ????
അഞ്ചു മിനിറ്റെന്ന് പറഞ്ഞിട്ട് ഇപ്പോൾ അഞ്ചും തീർന്നു പത്തും തീർന്നു പതിനഞ്ചും തീർന്നു .
എന്നിട്ടും ഇതുങ്ങൾക്ക് പറയാൻ ഉള്ളത് കഴിഞ്ഞില്ലേയാവോ ???
അതോ ഇനി രണ്ടും കൂടി എന്നെ കൂട്ടാതെ പോയോ ????
എങ്കിൽ ഇന്ന് ഞാൻ അവനെ സർജിക്കൽ ബ്ലേഡ് എടുത്തു വരയും ……
മനസ്സിൽ മഹിയെ ചീത്ത വിളിച്ചു കൊണ്ട് ഫോൺ എടുത്തതും അനുവിന്റെ ഫോൺ റിങ് ചെയ്തതും ഒന്നിച്ചായിരുന്നു .
ഏട്ടൻ കാളിങ് ….
ആഹാ കൊള്ളാലോ ….
എന്താ മനപ്പൊരുത്തം !!!!
“ഹലോ , ഇതെവിടെയാ ??? ”
കാൾ അറ്റൻഡ് ചെയ്തു കാതോരം ചേർത്തതും മറു വശത്ത് നിന്നും മഹിയുടെ അലർച്ചയാണ് അനു ആദ്യo കേട്ടത് .
“എടി വേഗം പാർക്കിങ് ഏരിയയിലോട്ട് വാ …… ശ്രി ദേ ഇവിടെ ബോധം കെട്ട് കിടക്കുവാ ……. ”
(തുടരും ……. )