അനാഥ : ഭാഗം 20
എഴുത്തുകാരി: നീലിമ
പൊട്ടിക്കരഞ്ഞു കൊണ്ട് ചെയറിലേയ്ക്ക് ഇരുന്നു. കുറച്ചു സമയം ഒറ്റയ്ക്കിരുന്നപ്പോൾ ചെറിയ ആശ്വാസം തോന്നി. റൂമിൽ എത്തിയപ്പോൾ നിമ്മി ഉറങ്ങിക്കഴിഞ്ഞിരുന്നു. നിഷ്കളങ്കന്മായ അവളുടെ മുഖം മനസ്സിൽ വീണ്ടും വിങ്ങലുണ്ടാക്കി… ശാന്തയായി ഉറങ്ങുന്ന അവളുടെ നെറുകയിൽ ഒന്ന് ചുംബിച്ചു ഞാനും കിടന്നു. പക്ഷെ നിദ്രാദേവി എന്നെ കടാക്ഷിച്ചില്ല… പലതും ചിന്തിച്ചു കിടന്നു ഉറക്കം നഷ്ടമായി.
പതിവ് പോലെ നിമ്മിയാണ് കോഫിയുമായി വന്ന് ഉണർത്തിയത്. 7 മണിയായി മഹിയേട്ടാ. ഇന്നും ഓഫീസിൽ പോകുന്നില്ലേ? ഇല്ലെടോ രണ്ട് ദിവസം ലീവ് പറഞ്ഞു. എന്ത് പറ്റി? ഇപ്പൊ എന്തിനാ ലീവ് എടുക്കുന്നെ? രണ്ട് ദിവസം എന്റെ ഭാര്യയോടൊപ്പം ഇരിക്കണമെന്ന് തോന്നി… നിമ്മി എന്റെ അരികിൽ വന്നിരുന്നു. അവളുടെ മുഖത്തേയ്ക്ക് നോക്കുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു.
അവൾ കാണാതെ കണ്ണുകൾ ഒപ്പി ഞാൻ ചോദിച്ചു. താൻ എന്തിനാ ഇത്ര നേരത്തെ എഴുന്നേറ്റത്? ഇപ്പൊ ആശ്വാസം തോന്നുന്നുണ്ടോ? എനിക്കിപ്പോ കുഴപ്പമൊന്നുമില്ല മഹിയേട്ടാ. ചെറിയ ക്ഷീണം ഉണ്ടെന്നേ ഉള്ളു. എന്നാലും അധികം സ്‌ട്രെയിൻ എടുക്കണ്ട. റെസ്റ് എടുക്കണം… നിങ്ങൾ എല്ലാരും കൂടി എന്നെ ഒരു രോഗിയാക്കും… ചിരിച്ചു കൊണ്ടാണ് അവളത് പറഞ്ഞതെങ്കിലും എന്റെ ഉള്ളിൽ ഒരു നീറ്റൽ അനുഭവപ്പെട്ടു. (നീ ഇപ്പോൾ ഒരു രോഗിയാണ് മോളേ…. നീ അറിയുന്നില്ലന്നേയുള്ളൂ…..)
എനിക്കൊന്നു പുറത്തു പോകണം. ഒരാളിനെ കാണാനുണ്ട്. ഫുഡ് കഴിഞ്ഞല്ലേ പോകുള്ളൂ? മ്മ് അപ്പോഴാണ് നിമ്മിയ്ക്ക് ഒരു കാൾ വന്നത്. ഫാദർ ആണ്.. അവളുടെ മുഖത്ത് സന്തോഷം നിറഞ്ഞു. കാൾ അറ്റൻഡ് ചെയ്ത് സംസാരിച്ചു തുടങ്ങിയപ്പോൾ അതു വരെ ഇല്ലാതിരുന്ന ഒരു സന്തോഷം ആ മുഖത്ത് ഞാനും കണ്ടു. പത്തു മിനിറ്റോളം നിമ്മി ഫോണിൽ സംസാരിച്ചു. കാൾ അവസാനിപ്പിച്ചു തിരികെ വരുമ്പോൾ പുതിയ കളിപ്പാട്ടം കിട്ടിയ കൊച്ചു കുഞ്ഞിന്റെ മുഖമായിരുന്നു അവൾക്ക്.
ഫാദർ ആണ് മഹിയേട്ടാ വിളിച്ചത്. അദ്ദേഹം തിരികെ വരാൻ പോകുവാണെന്നു. മഹിയെട്ടനെയും അമ്മയെയും അച്ഛനെയും ഒക്കെ തിരക്കി. നാട്ടിൽ എത്തിയാൽ ഉടനെ ഇങ്ങോട്ട് വരാമെന്നു പറഞ്ഞു. അവളുടെ സന്തോഷം എന്റെ മനസ്സിനും ഒരല്പം അയവു വരുത്തി. ഈ അവസരത്തിൽ ഫാദർ വരുന്നത് എന്ത് കൊണ്ടും നല്ലതാണെന്നു എനിക്കും തോന്നി….
ഞാൻ ഹോസ്പിറ്റലിൽ എത്തിയപ്പോൾ ഡോക്ടർ എത്തിയിരുന്നില്ല. ഡോക്ടർ വന്ന ഉടൻ തന്നെ എന്നെ അകത്തേയ്ക്ക് വിളിച്ചു. മഹേഷ് ഇരിക്കൂ… മനസ്സ് ആകെ കലുഷിതമായിരുന്നു. പിടയ്ക്കുന്ന ഉള്ളുമായി ഞാൻ ഡോക്ടറിന് മുന്നിൽ ഇരുന്നു. സീ Mr.മഹേഷ്… നമുക്ക് കൂടുതൽ വെയിറ്റ് ചെയ്യാനാകില്ല. എത്രയും പെട്ടെന്ന് നമുക്കത് cancer ആണോ എന്ന് കൺഫേം ചെയ്യണം. ആണെങ്കിൽ അതിന്റെ ട്രീറ്റ്മെന്റ് ഉടൻ തന്നെ സ്റ്റാർട്ട് ചെയ്യേണ്ടതുണ്ട്. നിങ്ങൾ നിമിഷയേയും കൂട്ടി ഡേവിഡ് സാറിനെ പോയി കാണണം.
ബയോപ്സിക്ക് വേണ്ട കാര്യങ്ങളൊക്കെ അദ്ദേഹം ചെയ്തു തരും. വൈകിപ്പിക്കരുത്. കഴിയുന്നതും നാളെ തന്നെ പോകണം. നിമിഷയുടെ പ്രെഗ്നൻസി ആണ് നമുക്ക് മുന്നിലെ പ്രശ്നം… ഡോക്ടർ….അങ്ങനെ ആണെങ്കിൽ തന്നെ എഫക്റ്റീവ് ട്രീറ്റ്മെന്റ്സ് ഉണ്ടാകുമല്ലോ അല്ലെ? ഏറ്റവും എഫക്റ്റീവ് hysterectomy തന്നെയാണ്… അതായത്.. removal of യൂട്രസ്… ഈ അവസരത്തിൽ… കുഞ്ഞ്… നമുക്ക് ആലോചിക്കണം… ഹൃദയം തകർന്നാണ് അവിടെ നിന്നും വീട്ടിലേയ്ക്ക് തിരിച്ചത്.
ഉള്ളു മുഴുവൻ നിമ്മി ആയിരുന്നു. കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ അവൾ എന്റെ ഹൃദയം കീഴടക്കിയിരുന്നു. ഇപ്പോൾ എന്റെ ഓരോ അണുവിലും നിറഞ്ഞു നിൽക്കുന്നത് അവളാണ്. അവളില്ലെങ്കിൽ ഞാൻ ഇല്ല എന്ന സത്യം തിരിച്ചറിയുകയായിരുന്നു ഞാൻ. അവളുടെ ഓരോ വേദനയും എന്റെ നെഞ്ചിൽ ആഴത്തിൽ ഏൽക്കുന്ന മുറിവുകളായി എനിക്ക് തോന്നി… ഡ്രൈവിങ്ങിൽ പോലും ശ്രദ്ധിക്കാനായില്ല.
പല തവണ ആരെയൊക്കെയോ ഇടിക്കാൻ നോക്കി… അശ്രദ്ധമായ ഡ്രൈവിംഗ് കാരണം പലരുടെയും ചീത്ത വിളി കെട്ടു. എങ്ങനെയൊക്കെയോ വീട്ടിൽ എത്തി. എങ്ങനെ നിമ്മിയെ അഭിമുഖീകരിക്കും എന്ന ചിന്തയിലായിരുന്നു ഞാൻ. എന്റെ മുഖം ഒന്ന് വാടിയാൽ അവൾക്ക് മനസ്സിലാകും. ഉള്ളിലെ വിഷമം മറച്ചു വച്ചു ചിരിച്ചു കൊണ്ട് അവളോട് സംസാരിക്കണം. എനിക്കതിന് കഴിയുമോ ആവോ? ഹാളിൽ അമ്മ ഉണ്ടായിരുന്നു.
മുത്തശ്ശി കുറച്ചു ദിവസങ്ങൾക്കു മുൻപ് മാമന്റെ അടുത്തേയ്ക്ക് തിരികെ പോയിരുന്നു. എന്നെ കണ്ട ഉടനെ അമ്മ അടുത്തേയ്ക്ക് വന്നു. മോനെ ഡോക്ടർ എന്ത് പറഞ്ഞു? നിമ്മി? നല്ല ക്ഷീണം ഉണ്ട് മോൾക്ക്. ഞാൻ പോയി കിടക്കാൻ പറഞ്ഞു. നിങ്ങളുടെ റൂമിൽ ആണ്. മുകളിലോ? മ്മ് ഞാൻ ഡോക്ടർ പറഞ്ഞ കാര്യങ്ങൾ മുഴുവൻ അമ്മയോട് പറഞ്ഞു. വിശദമായി…. മുഴുവൻ കേട്ടു കഴിഞ്ഞ് വിഷമത്തോടെ അമ്മ സെറ്റിയിലേക്ക് ഇരുന്നു.
നാളെ നിമ്മിയെയും കൂട്ടി ഡേവിഡ് ഡോക്ടറിനെ കാണാൻ പോകണം. പുള്ളി ഓങ്കോളജിസ്റ്റ് ആണ്. എന്ത് പറഞ്ഞു കൂട്ടിക്കൊണ്ട് പോകുമെന്നാണ് ആലോചിക്കുന്നത്. എന്നായാലും മോള് അറിയേണ്ടതല്ലേ മോനേ? മ്മ്.. എങ്ങനെയാ ഞാൻ ഇതവളോട് പറയുക??? എനിക്കറിയില്ല അമ്മേ… അമ്മയ്ക്കരികിലായി സിറ്റിയിലേക്ക് തളർന്നിരുന്നു കൊണ്ട് ഞാൻ പറഞ്ഞു. മോൻ വിഷമിക്കണ്ട. ഞാൻ സംസാരിക്കാം മോളോട്…. എല്ലാം പറയാം… വിഷമം ഉണ്ടാകും.
പക്ഷെ സഹിച്ചല്ലേ പറ്റു? എന്തിനാണാവോ ദൈവം ആ കുഞ്ഞിനെ എപ്പോഴും ഇങ്ങനെ തീ തീറ്റിക്കുന്നത്??? ഞാനും ഒരുപാട് മോഹിച്ചതാണ് നിന്റെ കുഞ്ഞിനെ… ഇപ്പൊ… അമ്മ പൊട്ടിക്കരഞ്ഞു.. ഞാൻ അമ്മയുടെ മടിയിൽ കിടന്നു. അമ്മ എന്റെ മുടിയിൽ തഴുകിക്കൊണ്ടിരുന്നു. കുറച്ചു നേരം അങ്ങനെ കിടന്നപ്പോൾ മനസിന്റെ ഭാരം ഒരല്പം കുറഞ്ഞു. അമ്മയാണ് അവളോട് സംസാരിച്ചത്. കുഞ്ഞിനെ നഷ്ടമാകുമെന്ന് പറഞ്ഞില്ല… അത് അവൾക്ക് സഹിക്കാനാകില്ല എന്നറിയാമായിരുന്നു.
പ്രതീക്ഷിച്ചത്ര വിഷമമൊന്നും അവൾക്ക് ഉണ്ടായില്ല. കുഞ്ഞിന് ആപത്തൊന്നും ഉണ്ടാകില്ല എന്ന് അമ്മ അവളോട് പറഞ്ഞിരുന്നു. അല്ലെങ്കിലും അവൾക്ക് അസുഖമാണെന്ന് പറയുമ്പോഴല്ല, ഞങ്ങൾക്ക് സുഖമില്ലാതാകുമ്പോഴാണ് അവൾ കൂടുതൽ വിഷമിക്കുന്നത്. ‘എനിക്ക് ആപത്തുണ്ടാകുമ്പോഴല്ല എന്നെ സ്നേഹിക്കുന്നവർക്കും ഞാൻ സ്നേഹിക്കുന്നവർക്കും വിഷമമുണ്ടാകുമ്പോഴാണ് എനിക്ക് വേദനിക്കുന്നത്’ എന്ന് അവൾ ഇടയ്ക്ക് പറയാറുമുണ്ട്.
പിറ്റേന്ന് രാവിലെ തന്നെ ഡേവിഡ് ഡോക്ടറിനെ കാണാൻ പോയി. ഗീത ഡോക്ടർ വിളിച്ചു പറഞ്ഞിരുന്നത് കൊണ്ട് ഡോക്ടറിനെ കാണാൻ ബുദ്ധിമുട്ടുണ്ടായില്ല. അദ്ദേഹം തന്നെ കാര്യങ്ങളൊക്കെ നിമ്മിയെ ബോധ്യപ്പെടുത്തി. hysterectomy യുടെ കാര്യം ഒഴികെ. 5 1/2 മാസം പ്രെഗ്നന്റ് ആയ ഒരു സ്ത്രീയോട് യൂട്രസ് നീക്കം ചെയ്യന്നതിനെക്കുറിച്ച് പറഞ്ഞാൽ ഉണ്ടാകുന്ന ഹൃദയ വേദന അദ്ദേഹത്തിന് മനസിലാകുമല്ലോ?
നമുക്ക് ഒരു ബയോപ്സി എടുക്കണം…..as soon as possible. ഇന്ന് തന്നെ സാമ്പിൾ കളക്ട് ചെയ്യാൻ കഴിയുമെങ്കിൽ അത്രയും നല്ലത്. സാമ്പിൾ കളക്ഷന്റെ പ്രൊസീജിയർ സിമ്പിൾ ആണ്. ഇന്ന് തന്നെ ചെയ്യാം ഡോക്ടർ. ഞാൻ റെഡി ആണ്. അവളുടെ മുഖത്തെ ദൃഢനിശ്ചയവും ഭയമില്ലായ്മയും എന്നെ അദ്‌ഭുതപ്പെടുത്തി. എങ്ങനെ കിട്ടി ഈ പെണ്ണിന് ഇത്ര ധൈര്യം. എനിക്ക് ഒരു കുഞ്ഞു തലവേദന വരുമ്പോൾ കണ്ണ് നിറയുന്നവളാണ്. കാൻസർ ആണെന്ന് സംശയം പറഞ്ഞിട്ടും ധൈര്യത്തോടെ ഇരിക്കുന്നത് കണ്ടില്ലേ?
അതിന്റെ സീരിയസ്നെസും കുഞ്ഞിനെ നഷ്ടമാകുമെന്നും അവൾക്ക് അറിയില്ല എന്ന് തോന്നി. ഡോക്ടർ നഴ്സിനെ വിളിച്ചു സാമ്പിൾ കളക്ഷന് വേണ്ട ഏർപ്പാടുകളൊക്കെ ചെയ്തു. നിങ്ങൾ സിസ്റ്ററിനൊപ്പം പൊയ്ക്കോളൂ. op time കഴിഞ്ഞ് ഞാൻ എത്തിക്കോളാം. ചെറിയ സെഡേഷന്റെ ആവശ്യമേ ഉള്ളു. അതിന്റെ എഫക്ട് മാറുമ്പോൾ പോകാം… അമ്മ ഞങ്ങളോടൊപ്പം വരാത്തതിനാൽ ഞാൻ വീട്ടിൽ വിളിച്ചു അമ്മയോട് വിവരങ്ങളൊക്കെ പറഞ്ഞു.
എന്റെ ഉള്ളിൽ മുഴുവൻ ഭയവും ടെൻഷനും ആയിരുന്നു. ബയോപ്സി റിസൾട്ടിനു കുറച്ചു ദിവസങ്ങൾ വേണമെന്ന് ഡോക്ടർ പറഞ്ഞു. എല്ലാം കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ വൈകുന്നേരം ആയിരുന്നു. നിമ്മിയെ റൂമിൽ കിടത്തിയ ശേഷം ഞാൻ ഫോണുമായി പുറത്തേയ്ക്കിറങ്ങി. കിരണിനെ വിളിക്കാൻ… ഞാൻ വിവരങ്ങളൊക്കെ അവനോട് ചുരുക്കി പറഞ്ഞു. വിഷമിക്കണ്ടടാ. ഡോക്ടറിന്റെ സംശയം സത്യമാകില്ല. റിസൾട്ട് നെഗറ്റീവ് ആയിരിക്കും.
അങ്ങനെയാണെടാ ഞാനും ആഗ്രഹിക്കുന്നത്. അവനോട് കുറച്ചു സമയം സംസാരിച്ചു. അത്ര നേരമെങ്കിലും എല്ലാം മറക്കാമല്ലോ? റൂമിൽ എത്തിയപ്പോൾ നിമ്മീ കിടക്കുകയായിരുന്നു. എന്നെ കണ്ടു എഴുന്നേറ്റു. നല്ല ക്ഷീണം ഉണ്ടലെ? തനിക്ക് പേടിയുണ്ടോ?. റിസൾട്ടിനെക്കുറിച്ച ഓർത്ത്? പേടിക്കണ്ട.. നല്ലത് മാത്രം നമുക്ക് പ്രതീക്ഷിക്കാം… നല്ലത് മാത്രം ചിന്തിക്കാം…. നല്ലതോ? എനിക്കോ മഹിയേട്ടാ??? അവളുടെ മുഖത്ത് ഒരു വിളറിയ ചിരി ഉണ്ടായി. ഇല്ല മഹിയേട്ടാ… എന്റെ ജീവിതത്തിൽ നല്ലതൊന്നും ഉണ്ടാകാൻ പോകുന്നില്ല.
മോഹങ്ങളൊക്കെ എന്നോ അസ്തമിച്ചതാണ് മഹിയേട്ടാ.. എന്നാലും മനുഷ്യനല്ലേ??? നമ്മള് പോലും അറിയാതെ പലതും പ്രതീക്ഷിച്ചു പോകും…. മോഹിച്ചു പോകും…. നിർവികാരയായി അവളത് പറഞ്ഞപ്പോൾ വേദനിച്ചത് എന്റെ ഹൃദയമാണ്. നീ ഇപ്പൊ കാണിക്കുന്ന ഈ ധൈര്യം എനിക്ക് ഇല്ലാതെ പോകുന്നു നിമ്മീ …. അവളുടെ വലതു കരം കവർന്നു ഞാൻ അത് പറഞ്ഞപ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ അവളെന്റെ നെഞ്ചിൽ വീണ് പൊട്ടിക്കരഞ്ഞു.
അതുവരെ അവൾ അണിഞ്ഞിരുന്നത് ധൈര്യത്തിന്റെ വെറും മൂടുപടമായിരുന്നു. എന്റെ നെഞ്ചിൽ കിടന്ന് കൊച്ചു കുഞ്ഞിനെപ്പോലെ ഏങ്ങലടിച്ചു കരയുന്ന അവളെ ഞാൻ ഒന്നു കൂടി എന്നിലേയ്ക്ക് ചേർത്ത് പിടിച്ചു. കരയ് മോളേ.. നിന്റെ വിഷമങ്ങളൊക്കെ കരഞ്ഞു തീർക്കു… വിഷമങ്ങളെല്ലാം ഉള്ളിൽ അടക്കിപ്പിടിച്ചു ധൈര്യശാലിയായി നടിച്ചു വീർപ്പുമുട്ടി നീ നടക്കുന്നത് കാണാനാണ് നിമ്മീ എനിക്ക് കഴിയാത്തതു….
ഒരാഴ്ച പ്രത്യേകിച്ച് ഒന്നും സംഭവിക്കാതെ കടന്നു പോയി. അവൾക്ക് ഭയം കുഞ്ഞിന്റെ കാര്യത്തിൽ ആയിരുന്നു. കുഞ്ഞ് safe ആയിരിക്കും എന്ന് പറഞ്ഞു അവളെ ആശ്വസിപ്പിച്ചു. ഫോൺ അവൾക്ക് നൽകിയതേയില്ല. അസുഖത്തെക്കുറിച്ചു അവൾ സെർച്ച് ചെയ്ത് നോക്കിയാലോ എന്നുള്ള ഭയം ആയിരുന്നു മനസ്സിൽ. കുഞ്ഞിന് കുഴപ്പമൊന്നും ഇല്ല എന്ന് പറഞ്ഞത്കൊണ്ട് അവൾക്ക് കുറച്ചു സമാധാനം ഉണ്ടായിരുന്നു.
അവളുടെ അസുഖം അവളെ വേദനിപ്പിച്ചില്ല. അല്ലെങ്കിലും അവളെക്കാളേറെ അവൾ സ്നേഹിച്ചത് ചുറ്റുമുള്ളവരെയാണ്… അവളെ സ്നേഹിക്കുന്നവരെയാണ്… എന്തിന്., അവളെ വെറുക്കുന്നവരെപ്പോലും അവൾ സ്നേഹിച്ചിട്ടേയുള്ളു…. എനിക്കറിയില്ല… ഒരു മനുഷ്യന് ഇത്രയധികം പാവമാകാനാകുമോ? ആരെയും വെറുക്കാതെ ദ്രോഹിക്കുന്നവരെപ്പോലും സ്നേഹിക്കാനാകുമോ? കഴിയും എന്നതിന് ജീവിക്കുന്ന ഉദാഹരണമാണെന്റെ നിമ്മി. എന്നും അവൾ എന്റെ ഒപ്പം ഉണ്ടാകണമെന്ന പ്രാർത്ഥന മാത്രമാണെനിക്കിപ്പോൾ ഉള്ളത്.
ബിയോപ്സി റിപ്പോർട്ട് വരുമെന്ന് പറഞ്ഞിരുന്നതിനേക്കാൾ രണ്ടു ദിവസം മുന്നേ ഡേവിഡ് സാറിന്റെ കാൾ വന്നു. കാൾ അറ്റൻഡ് ചെയ്യുമ്പോൾ ഹൃദയം അത്യുച്ചത്തിൽ മിടിക്കുന്നുണ്ടായിരുന്നു. എന്നെ അത്യാവശ്യമായി നേരിൽ കാണണമെന്ന് മാത്രം പറഞ്ഞു. റിസൾട്ട് കിട്ടിയോ സാർ?? എല്ലാം നേരിൽ പറയാം മഹേഷ്. ഞാൻ ഇപ്പോൾ ഹോസ്പിറ്റലിൽ ഉണ്ട്. ഉച്ചയ്ക്ക് മുൻപ് വന്നാൽ നമുക്ക് സംസാരിക്കാം. ok ഡോക്ടർ.
മനസ്സ് ആകെ അസ്വസ്ഥമായി. റിസൾട്ടിനെക്കുറിച്ചു ഡോക്ടർ ഒന്നും പറയാത്തപ്പോൾ തന്നെ കാര്യങ്ങൾ ഒട്ടും ശുഭകരമല്ല എന്ന് മനസ്സിലായിരുന്നു. ⭐⭐⭐⭐⭐⭐ മഹേഷ് ഇരിക്കൂ… ഞാൻ ഡോക്ടറിന്റെ മുന്നിലുള്ള ചെയറിൽ ഇരുന്നു. അദ്ദേഹം പറയാൻ പോകുന്ന കാര്യങ്ങളുടെ ഏകദേശ രൂപം എന്റെ മനസ്സിൽ ഉണ്ടായിരുന്നു. നിങ്ങൾ കേൾക്കാൻ ഒട്ടും ആഗ്രഹിക്കാത്ത കാര്യമാണ് ഞാൻ പറയാൻ പോകുന്നത്. റിസൾട്ട് പോസിറ്റീവ് ആണ്.
ഇതാവും അദ്ദേഹം പറയാൻ പോകുന്നതെന്ന് ഊഹം ഉണ്ടായിരുന്നത് കൊണ്ട് മനസ്സിനെ പാകപ്പെടുത്തിയിരുന്നു. എങ്കിലും കേട്ടപ്പോൾ കണ്ണുകൾ നിറഞ്ഞു വന്നു. Its an endometrial stromal uterine sarcoma. റെയർ ടൈപ്പ് കാൻസർ ആണ്. million ൽ ഒരാൾക്ക് മാത്രം കാണുന്നത്. സാധാരണ 40-50 age ൽ ആണ് ഇത് കാണുന്നത്. നിർഭാഗ്യവശാൽ നിമിഷയ്ക്കും….. അദ്ദേഹം ഒന്ന് നിർത്തി.കരഞ്ഞു പോകാതിരിക്കാൻ ഞാൻ നന്നേ പാട് പെടുന്നുണ്ടായിരുന്നു.
യൂട്രിൻ sarcoma കളെല്ലാം മാലിഗ്നന്റ് ആണ്.. അതായത് കാൻസർ സെല്ലുകൾ വളരെ വേഗം multiply ചെയ്യുന്നവയാണ്. അതു കൊണ്ട് തന്നെ അടുത്തുള്ള ശരീര ഭാഗങ്ങളിലേക്ക് അവ വ്യാപിക്കാനുള്ള സാധ്യതയും കൂടുതലാണ്. പിന്നെ ഒരാശ്വാസം ഇത് പൂർണമായും curable ആണെന്നുള്ളതാണ്. hyasterectomy ആണ് ഇതിനുള്ള ഏറ്റവും effective ട്രീറ്റ്മെന്റ്. സാധാരണ 40നു മുകളിൽ പ്രായമുള്ളവരിലാണ് ഇത് കാണുന്നത്.
അതു കൊണ്ട് തന്നെ യൂട്രസ് remove ചെയ്യാൻ ബുദ്ധിമുട്ടൊന്നും ഉണ്ടാകാറില്ല. പക്ഷെ നിങ്ങളുടെ കാര്യത്തിൽ അങ്ങനെ അല്ലല്ലോ? കുഞ്ഞിന് ഇപ്പോൾ 5 മാസത്തിൽ കൂടുതൽ പ്രായമുണ്ട്.. പക്ഷെ നമുക്ക് വേറെ മാർഗം ഒന്നും ഇല്ലെടോ… ഇതിന്റെ സീരിയസ്നെസ്സ് തനിക്ക് മനസിലായിട്ടുണ്ടാകും എന്ന് വിശ്വസിക്കുന്നു. താൻ കാര്യങ്ങളൊക്കെ വൈഫിനെ പറഞ്ഞു മനസിലാക്കണം. എത്ര വേഗം സർജറിക്ക് തയ്യാറാകുന്നുവോ അത്രയും നല്ലത്.
ഡോക്ടറിന്റെ ഓരോ വാക്കുകളും കൂരമ്പുകൾ പോലെ എന്റെ ഹൃദയത്തിൽ വന്നു തറച്ചു. ഹൃദയം ഒരായിരം കഷ്ണങ്ങളായി പൊട്ടിച്ചിതറുന്നത് ഞാൻ അറിഞ്ഞു. hysterectomy ! അതിലൂടെ ഇല്ലാതാകുന്നത് ഞാനും നിമ്മിയും മനസ്സിൽ നെയ്തു കൂട്ടിയ സ്വപ്നങ്ങളാണ്. ഞങ്ങളുടെ കുഞ്ഞ് മാലാഖയെയാണ്…അവൾക്കുള്ള പേര് പോലും തീരുമാനിച്ചു…. ഒരു മുറി നിറയെ കുഞ്ഞുടുപ്പുകളും പാവകളും കളിപ്പാട്ടങ്ങളുമായി അവളുടെ വരവിനായി കാത്തിരിക്കുകയാണ് ഞങ്ങൾ. എനിക്കറിയാം നിമ്മിയെ…
ജീവൻ പോയാലും അവൾ ഇതിനു ഒരിക്കലും സമ്മതിക്കില്ല. പക്ഷെ എനിക്കവളെ വേണം. എന്റെ സ്വപ്നങ്ങളേക്കാളേറെ ഞാൻ വില കൊടുക്കുന്നത് അവളുടെ ജീവനാണ്. നിമ്മി ഇല്ലാതെ മഹി ഇല്ല. ⭐⭐⭐⭐⭐⭐ വീട്ടിൽ എത്തിയിട്ടും നിമ്മിയോട് ഒന്നും പറഞ്ഞില്ല. എങ്ങനെ അവളോട് ഇതൊക്കെ പറയും എന്നറിയാതെ ഉഴറുകയായിരുന്നു ഞാൻ…. ഒടുവിൽ അവളോട് എല്ലാം പറഞ്ഞു സമ്മതം വാങ്ങാൻ അമ്മയെ തന്നെ ഏല്പിച്ചു.
അമ്മ താഴെ നിമ്മിയോട് സംസാരിക്കുമ്പോൾ നീറുന്ന മനസ്സുമായി ഞാൻ റൂമിൽ ഇരിക്കുകയായിരുന്നു. അവൾക്ക് എല്ലാം ഉൾക്കൊള്ളാൻ കഴിയണേ എന്ന് ആത്മാർഥമായി ഉള്ളുരുകി ഈശ്വരനോട് പ്രാർത്ഥിച്ചു കൊണ്ട്… ⭐⭐⭐⭐⭐ അലറിക്കരഞ്ഞുകൊണ്ട് അവൾ എന്റെ അടുത്തേയ്ക്ക് ഓടി വന്നു…. എന്റെ ഷിർട്ടിൽ പിടിച്ചുലച്ചു കൊണ്ട് അവൾ എന്നോട് ചോദിച്ചു… പറയ് മഹിയേട്ടാ… അമ്മ പറഞ്ഞതൊക്കെ സത്യമാണോ?? അല്ലെന്ന് പറയ് മഹിയേട്ടാ…….
ഈ സമയത്ത് സ്റ്റെപ് ഇത്ര വേഗത്തിൽ കയറുന്നത് നല്ലതല്ല എന്ന് പോലും അവൾ ഓർത്തില്ല. അല്ലെങ്കിൽ തന്നെ ആ കുഞ്ഞിന്റെ രക്ഷയെക്കുറിച്ചു ഇനി എന്ത് ഓർക്കാൻ? വിടരും മുന്നേ കൊഴിഞ്ഞു പോയ ഒരു പനിനീർ പൂവല്ലേ അവൾ ഞങ്ങൾക്ക്?? ഭ്രാന്തമായ ഒരവസ്ഥയിലായിരുന്നു അവൾ…. അവളുടെ ആ അവസ്ഥ എന്ന ഭയപ്പെടുത്തി. അവളോട് എന്ത് മറുപടി പറയണമെന്നറിയാതെ ഞാൻ ഉഴറി….
എന്റെ മൗനം അവൾക്കുള്ള ഉത്തരമായിരുന്നു… അവൾ പതിയെ എന്റെ ഷിർട്ടിലെ പിടി വിട്ടു…. കൈ രണ്ടും തലയിൽ താങ്ങി തറയിലേക്ക് ഊർന്നിരുന്നു… സമ്മതിക്കില്ല ഞാൻ… സമ്മതിക്കില്ല… ഞാൻ മരിച്ചാലും സമ്മതിക്കില്ല…. എന്റെ കുഞ്ഞ്… അവളെ എനിക്ക് വേണം… കൊല്ലാൻ സമ്മതിക്കില്ല ഞാൻ… ഒരു ഭ്രാന്തിയെപ്പോലെ അവൾ പുലമ്പിക്കൊണ്ടിരുന്നു….
തുടരും