Wednesday, January 22, 2025
Novel

അഖിലൻ : ഭാഗം 9

നോവൽ
എഴുത്തുകാരി: ഭദ്ര ആലില


ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു സാറിന്റെ പേര്.

സാർ ഒരാളെ കൊന്നുവെന്ന് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.

ഇല്ലാ… നിങ്ങൾ നുണ പറയാ..സാർ ഒരിക്കലും ആരെയും കൊല്ലില്ല.. കുറച്ചു ദേഷ്യം ഉണ്ടെന്നേ ഉള്ളു.. സാർ ഒരിക്കലും അങ്ങനെ ചെയ്യില്ല.

ഞാൻ പറഞ്ഞത് സത്യം ആണ് നന്ദു… എനിക്ക് നീയും അവളും ഒരുപോലെ ആണ്. എന്റെ കല്ലു ആ നീ.. നിന്നെ ഞാൻ അവനു വിട്ടു കൊടുക്കില്ല.

ഇല്ല… ഞാൻ വിശ്വസിക്കില്ല… എനിക്കൊന്നും കേൾക്കണ്ട.

വിശ്വസിക്കണം…. അവനാ… അവനാ ഞങ്ങളുടെ കല്യാണിയെ… നിനക്ക് അവനെ വേണ്ട.. വേണ്ട.. അവൻ വേണ്ട.

അയാളുടെ മുഖമൊക്കെ മാറാൻ തുടങ്ങി.. വല്ലാത്തൊരു പേടി തോന്നുമായിരുന്നു അപ്പോൾ അയാളെ കണ്ടാൽ. അയാൾ എന്നെ തൊടാനായി മുന്നോട്ടാഞ്ഞതും ശക്തിയിൽ അയാളെ പുറകോട്ടു തള്ളിയിട്ട് ഞാൻ ഓടി.

ഞാൻ ഓടി വരുന്നത് ശാരി അകലെ നിന്നേ കണ്ടിരിക്കണം.. അവൾ ദൃതിയിൽ അടുത്തേക് വന്നു.

എന്താടാ എന്ത് പറ്റി … അയാൾ എവിടെ?

ഞാൻ പുറകിലേക്ക് കൈ ചൂണ്ടി. ഭയം കൊണ്ട് ശബ്ദം പുറത്തേക്കു വരുന്നുണ്ടായിരുന്നില്ല.

എന്താ പറ്റിയെ…? വെള്ളം വേണോ.

കുപ്പിയിലെ വെള്ളം മുഴുവൻ കുടിച്ചിട്ടും എനിക്ക് ദാഹം മാറിയില്ല.തിരിഞ്ഞു നോക്കിയപ്പോൾ അയാൾ കോടതിക്ക് മുന്നിൽ എത്തിയിരുന്നു. ശാരിയുടെ കൈ പിടിച്ചു പിന്നെയും ഓടി… പക്ഷേ എത്ര ഓടിയിട്ടും ദൂരം കുറയാത്തതു പോലെ. കോളേജ് ഗേറ്റ് കടന്നപ്പോൾ ആണ് കുറച്ചു ആശ്വാസം തോന്നിയത്.

എന്തിനാ ഇങ്ങനെ ഓടുന്നത് നന്ദൂട്ടാ… എന്താ പ്രശ്നം..?

ഞാൻ ശരിയോട് എല്ലാം പറഞ്ഞു.

സത്യമാണോ നീ ഈ പറയുന്നേ..?

അതേ… പക്ഷേ…വിശ്വസിക്കണോ വേണ്ടയോ എന്ന് എനിക്ക് അറിയില്ല. എനിക്ക് പേടിയാകുന്നു ശാരിമോളെ.

സാരമില്ല… എന്തായാലും നമുക്ക് ഈ കാര്യം അഖിലൻ സാറിനെ കണ്ട് സംസാരിക്കാം. അതുവരെ നീ ഒന്ന് സമാധാനപ്പെട്.

സാറിന്റെ വരവും കാത്തു ഇംഗ്ലീഷ് ഡിപ്പാർട്മെന്റന് മുൻപിൽ തന്നെ ഇരുന്നു. സാർ സ്ഥിരമായി കാർ പാർക്ക്‌ ചെയ്യുന്നത് അവിടെ ആണ്. അധികം വൈകാതെ സാർ എത്തി.

മലയാളം ഡിപ്പാർട്മെന്റ് ഇങ്ങോട്ട് മാറ്റിയോ?
ശാരിയുടെ മുഖത്തു ആണ് കണ്ണെങ്കിലും ചോദ്യം എന്നോട് ആണെന്ന് എനിക്ക് മനസിലായി.

എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു..

എനിക്ക് തന്നോട് സംസാരിക്കണ്ട എങ്കിലോ..
മുന്നിൽ വന്നു നിന്ന് ഇങ്ങനെ വെറുപ്പിക്കാതെ കടന്നു പോടോ.

മുഖത്തു നോക്കി തന്നെ ആയിരുന്നു പറഞ്ഞത്.

ഇല്ലെങ്കിൽ കൊന്നു കളയുമായിരിക്കും അല്ലെ.. കല്യാണിയെ കൊന്നത് പോലെ.

സാറിന്റെ മുഖത്തു അത്ഭുതവും ദേഷ്യവും നിറയുന്നത് ഞാൻ കണ്ടു.

ഞാൻ എങ്ങനെ അറിഞ്ഞു എന്നാവും അല്ലെ.. എല്ലാം എനിക്ക് അറിയാം. നിങ്ങൾ ഒരു കൊലപാതകി ആണ്.. ഒരുപക്ഷെ നിങ്ങൾ എന്നെയും കൊല്ലും..

ഞാൻ പറഞ്ഞു തീരും മുൻപേ സാർ എന്നെ പിടിച്ചു കാറിലെക്ക് കയറ്റി.

അനങ്ങി പോകരുത്… അവിടെ ഇരുന്നോണം.

കാറിൽ നിന്ന് ഇറങ്ങാൻ തുടങ്ങിയ എന്നെ നോക്കി ഒരലർച്ച ആയിരുന്നു. എന്റെ അടുത്തേക് വരാൻ ആഞ്ഞ ശാരിയെ സാർ ഒന്ന് നോക്കിയതേ ഉള്ളു.. അവൾ ഒന്നും പറയാതെ പുറകോട്ടു മാറി നിന്നു.

ശാരി മോളെ….

മിണ്ടരുത് നീ.. ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു കൊണ്ട് സാർ മുരണ്ടു.എന്നെയും കൊണ്ട് കാർ അതിവേഗം പുറത്തേക് പാഞ്ഞു. എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് ശാരി. ഭയം കൊണ്ട് എന്നെ വിറക്കാൻ തുടങ്ങി. ഓരോ വളവു തിരിയുമ്പോഴും ഞാൻ കാറിന്റെ ഇരുവശത്തേക്കും ചെന്നു വീണു കൊണ്ടിരുന്നു.

സാർ… പതുക്കെ. എനിക്ക് പേടിയാകുന്നു.

എന്റെ ശബ്ദം കേൾക്കും തോറും സ്‌പീഡ്‌ കൂടിയാതെ ഉള്ളു. കാർ എവിടെയോ നിന്നുവെന്നു മനസിലായപ്പോൾ ആണ് കണ്ണ് തുറന്നത്. തലയും കൈയുമെല്ലാം എവിടെയൊക്കെയോ ഇടിച്ചു വേദനിക്കുന്നുണ്ടായിരുന്നു. സാർ വന്നു എന്റെ കൈ പിടിച്ചു പുറത്തേക്കു വലിച്ചു. വിജനമായ സ്ഥലം.. എനിക്കാകെ പേടി തോന്നി.

എന്നെ കൊല്ലാൻ പോവാണോ..? വിക്കി വിക്കി ഒരു വിധം ചോദിച്ചു.

അതേ… കൊല്ലാൻ പോവാ. എന്തെ…എന്തെങ്കിലും പറയാൻ ഉണ്ടോ.

ദേഷ്യം തന്നെ ആയിരുന്നു മുഖത്തു.
പക്ഷേ ശബ്ദം തണുത്തതായിരുന്നു.

എനിക്ക് പേടിയാണ്.

എന്തിന്.?

മരിക്കാൻ..

ഹ്മ്മ്… ഞാൻ ഒരാളെ കൊന്നുവെന്ന് നിന്നോട് ആരാ പറഞ്ഞത്?

അത് പിന്നെ… അയാൾ… പിന്നെ സാറും എന്നോട് പറഞ്ഞിട്ടില്ലേ… പിന്നാലെ വന്നാൽ കൊന്നു കളയും എന്ന്. ശെരിക്കും നിങ്ങൾ കല്യാണിയെ കൊന്നോ. സൗമ്യതയോടെ ഉള്ള ശബ്ദം കേട്ട ധൈര്യത്തിൽ ആയിരുന്നു ചോദ്യം.

നീ ഈ പറയുന്ന കല്യാണി ആരാന്ന് എനിക്ക് അറിയുക പോലും ഇല്ല. പിന്നെ എങ്ങനെയാ.

അപ്പൊ അയാൾ പറഞ്ഞതോ..? ആരാ അയാൾ. സാറിന്റെ പിന്നാലെ നടക്കരുത് എന്നൊക്കെ പറഞ്ഞു അയാൾ എന്നെ ഭീഷണിപെടുത്തി.

നീ കണ്ടോ പ്രവീണിനെ.?

അയാളുടെ പേര് പ്രവീൺ എന്നാണോ.. അയാൾ പേരൊന്നും പറഞ്ഞില്ല.

പക്ഷേ ഞാൻ കൊന്നുവെന്ന് പറഞ്ഞു അല്ലേ..?

ഹ്മ്മ്. പറഞ്ഞു.. പക്ഷേ ഞാൻ സമ്മതിച്ചില്ല. അപ്പോൾ അയാൾ എന്നെ പിടിക്കാൻ വന്നു. ഞാൻ തള്ളിയിട്ടിട്ട് ഓടി.

ഒരു കഥ കേൾക്കുന്ന ഭാവമായിരുന്നു സാറിന്റെ മുഖത്തു. എനിക്ക് ദേഷ്യം തോന്നി.

സാറെന്താ ഒന്നും പറയാതെ… സാറിന് അയാളെ അറിയാം അല്ലേ… ആരാ അയാൾ.?

അറിയാം. പ്രവീൺ എന്റെ ഏറ്റവും അടുത്ത സുഹൃത്തു ആണ്. ഒരു മനസായി കഴിഞ്ഞവർ.
എനിക്ക് അവനും അവനു ഞാനും മാത്രമേ ഉള്ളു ഇപ്പോൾ. പിന്നെ കല്യാണി… സത്യത്തിൽ അങ്ങനെ ഒരാൾ ഇല്ല.

അപ്പോൾ അയാൾ പറഞ്ഞത് ഒക്കെയും നുണ ആണെന്ന് ആണോ?

കല്യാണിയുടെ കാര്യം ഒഴിച്ച്. ബാക്കി എല്ലാം സത്യം ആണ്.

ബാക്കി എല്ലാം സത്യം ആണെന്ന് പറയുമ്പോൾ സാറിനെ സ്നേഹിച്ച ഒരു പെൺകുട്ടി ഉണ്ടെന്നത് സത്യം ആയിരിക്കോ.. ഇനി അയാൾക് പേര് മാറി പോയത് ആയിരിക്കുമോ..? ചിന്തകൾ കാടു കയറാൻ തുടങ്ങിയതോടെ ഞാൻ പരിസരം മറന്നു.

എന്താടി പിറു പിറുക്കുന്നത്..?

ഒന്നുല്ല.
ചോദിക്കണമെന്ന് ഉണ്ടായിരുന്നുവെങ്കിലും എല്ലാം ഞാൻ ഉള്ളിൽ ഒതുക്കി.

താൻ ഇനി കുറച്ചു സൂക്ഷിക്കണം… പ്രവീണുമായി ഇനി യാതൊരു വിധ കോൺടാക്ടും പാടില്ല. പിന്നെ പ്രധാനമായും എന്റെ പിന്നാലെയുള്ള നടപ്പ് നിർത്തിക്കോണം. അല്ലെങ്കിൽ അത് ഒരു പക്ഷേ തനിക്കു തന്നെ ആപത്തു ആയി തീരും.

എനിക്ക് എന്ത് ആപത്തു..?

അതൊന്നും തനിക്കു പറഞ്ഞാൽ മനസിലാകില്ല.

പറഞ്ഞാൽ അല്ലെ മനസിലാവോ ഇല്ലയോ എന്നറിയു..?

എന്നോട് അടുക്കാൻ ശ്രെമിക്കുന്നത് തനിക്കു ആപത്തു ആണ്. പ്രവീൺ…. അവൻ നിന്നെ അതിനു സമ്മതിക്കില്ല. അവൻ എന്തു ചെയ്യാനും മടിക്കില്ല.. തന്റെ നല്ലതിന് വേണ്ടിയാണ് ഞാൻ പറയുന്നത്. തത്കാലം താൻ ഇത്രയൊക്കെ മനസിലാക്കിയാൽ മതി.

പറ്റില്ല…എനിക്ക് അറിയണം. ആരാ അയാൾ.. അയാൾക് എന്താ നമ്മൾ അടുത്താൽ പ്രശ്നം.?

ഞാൻ പറഞ്ഞല്ലോ കുട്ടി കാലം മുതലുള്ള എന്റെ സുഹൃത്തു ആണ് പ്രവീൺ. ചെറുപ്പത്തിലേ അച്ഛനും അമ്മയും മരിച്ച എന്നെ വളർത്തിയതും പഠിപ്പിച്ചതും എല്ലാം അവന്റെ അമ്മയാണ്.അമ്മ മരിക്കും വരെ ഞങ്ങൾ ഒരുമിച്ചു ആയിരുന്നു… ഞങ്ങൾ മൂന്നു പേർ മാത്രമുള്ള സ്വർഗം.അവന്റെ കല്യാണം തീരുമാനിച്ചതോടെ ആ സ്വർഗത്തിൽ വിള്ളലുകൾ ഉണ്ടാകാൻ തുടങ്ങി. ഒരന്യ പുരുഷൻ താമസിക്കുന്നിടത്തു മകളെ കെട്ടിച്ചയാക്കാൻ പറ്റില്ലന്ന് പെൺ വീട്ടുകാർ പറഞ്ഞതോടെ അവന്റെ കല്യാണം മുടങ്ങി. ഞാൻ വീട് വിട്ടു പോന്നു…അവരെത്ര തിരിച്ചു വിളിച്ചിട്ടും ഞാൻ പിന്നീട് അങ്ങോട്ട്‌ പോയതേ ഇല്ല. പാവം അമ്മ… ഒരുപാട് തവണ എന്നെ വന്നു വിളിച്ചു.. പക്ഷേ പോകാൻ ഞാൻ കൂട്ടാക്കിയില്ല. … പിന്നെ ഞാൻ കാണുന്നത് അമ്മയുടെ ജീവനില്ലാത്ത ശരീരം . പിന്നെ ഒരിക്കലും ഞാൻ അവനെ ഒറ്റക്ക് ആക്കിയിട്ടില്ല.പക്ഷേ അമ്മയുടെ മരണ ശേഷം അവൻ ആകെ മാറി… ആരെയും അടുത്തേക് അടുപ്പിക്കാതെ ആയി.മരിച്ചു പോയ അമ്മയോട് സംസാരിക്കാൻ തുടങ്ങി, എന്റെ അടുത്ത് ആരെങ്കിലും വന്നാൽ ആദ്യമൊക്കെ ഓരോ നുണ പറഞ്ഞു അവരെ ഒഴിവാക്കി വിടുമായിരുന്നു.. പിന്നെ പിന്നെ അവരോടു ദേഷ്യപെടാൻ തുടങ്ങി. ഒടുവിൽ ഉപദ്രവിക്കാൻ തുടങ്ങിയതോടെ…..
ഞങ്ങൾക്കിടയിൽ മറ്റൊരാൾ വന്നാൽ അമ്മയെ പോലെ എന്നെയും നഷ്ടപെടുമെന്ന ഭയം ആയിരുന്നു അവനു.ഞങ്ങൾക്കിടയിലേക്ക് മറ്റൊരാൾ കടന്ന് വന്നത് കൊണ്ടാണ് ‘അമ്മ മരിച്ചത് എന്നാണ് അവന്റെ വിശ്വാസം. ആ ചിന്ത അവനെ ഒരു അസുഖക്കാരനാക്കി.. അവിടെ ഒരു വൈദ്യന്റെ ചികിത്സയിൽ ആണ് അവൻ ഇപ്പോൾ.അവിടുന്ന് ചിലപ്പോൾ ഇറങ്ങി പോന്നത് ആവും അവൻ. എന്തായാലും താൻ ഒന്ന് കരുതി ഇരിക്കുന്നത് നല്ലത് ആണ്.

എന്നെ കുറിച്ച് ഓർത്തു സാറെന്തിനാ വിഷമിക്കുന്നെ..? സാറിന് എന്നെ ഇഷ്ടം അല്ലല്ലോ. അതോ… ഇനി ഇഷ്ടം ഉണ്ടായിട്ട് പറയാത്തത് ആണോ.?

വന്നു വണ്ടിയിൽ കയറെടി..

ഒറ്റ വിറപ്പിക്കൽ ആയിരുന്നു.എന്റെ ഈശ്വരാ… ഡ്രാക്കുള അലറും പോലെ ഉണ്ട്. ഞാൻ ഓടി വണ്ടിയിൽ കയറി.

ഇയാളുടെ ഉള്ള് ഞാൻ എങ്ങനെയാ അറിയാ എന്റെ ഈശ്വര.. ചിലപ്പോൾ തോന്നും സ്നേഹം ഉണ്ടെന്നു.. ചിലപ്പോൾ കടിച്ചു കീറാൻ വരും. പക്ഷേ ഇപ്പോൾ എന്നോട് കുറച്ചു ഇഷ്ടം ഉണ്ടെന്നു ഒക്കെ തോന്നുന്നു.അല്ലേ?

ഞാൻ കണ്ണാടിയിലെ സാറിന്റെ മുഖതേക്ക് നോക്കി. ഗൗരവം നിറഞ്ഞ ആ മുഖത്തു എന്നോടുള്ള ഇഷ്ടം ഒളിച്ചിരിക്കുന്നുണ്ടോ.?

(തുടരും )

അഖിലൻ : ഭാഗം 1

അഖിലൻ : ഭാഗം 2

അഖിലൻ : ഭാഗം 3

അഖിലൻ : ഭാഗം 4

അഖിലൻ : ഭാഗം 5

അഖിലൻ : ഭാഗം 6

അഖിലൻ : ഭാഗം 7

അഖിലൻ : ഭാഗം 8