അഖിലൻ : ഭാഗം 12
നോവൽ
എഴുത്തുകാരി: ഭദ്ര ആലില
ആ കരച്ചിൽ… അത് സാറിന്റെതു ആയിരിക്കോ… സാറിന് എന്തെങ്കിലും ആപത്തു..
എന്റെ മനസിലേക്ക് പല ചിന്തകളും ഓടി കൂടി.
സാറിന് എന്തോ അപകടം പറ്റിയിട്ടുണ്ട് ശാരി.. ഒരു കരച്ചിൽ ഞാൻ കേട്ടതാ…
ശാരിയും ആകെ ഭയത്തിൽ ആയിരുന്നു.
അയാൾ സാറിനെ എന്തെങ്കിലും ചെയ്തു കാണുമോ..?
ഫോൺ എടുത്തു ഒന്ന് കൂടി വിളിച്ചു നോക്കി. ബെൽ അടിച്ചു നിൽക്കുന്നതു അല്ലാതെ മറുതലക്കൽ നിന്ന് പ്രതികരണമൊന്നും ഇല്ലായിരുന്നു.
നമുക്ക് വിപിനെ വിളിച്ചു ഒന്ന് തിരക്കാൻ പറയാം നന്ദൂട്ടാ… എന്നിട്ടും പറ്റുന്നില്ലേൽ നമുക്ക് പോലീസിൽ അറിയിക്കാം.
എനിക്കും അതാണ് ശെരി എന്ന് തോന്നി.
വിപിനെ വിവരമറിയിച്ചു കുറച്ചു നേരം കഴിഞ്ഞപ്പോൾ ആ നമ്പറിൽ നിന്ന് കാൾ വന്നു.
ഹലോ…
പേടിച്ചോ കൃഷ്ണേന്ദു… പേടിക്കണ്ട.. അഖിലനെ ഞാൻ കൊന്നിട്ടില്ല.. പക്ഷേ… കൊല്ലും, ഇപ്പോൾ അല്ല.. പിന്നെ.
വേണ്ട.. സാറിനെ ഒന്നും ചെയ്യരുത്.. പ്ലീസ്… ഞാൻ കാല് പിടിക്കാം.
ആഹാ…അപ്പോൾ നിനക്ക് അപേക്ഷിക്കാൻ ഒക്കെ അറിയാം അല്ലെ..
പരിഹാസത്തോടെയുള്ള ചോദ്യം.
നിനക്ക് നെഞ്ച് പിടയുന്നുണ്ട് അല്ലെ.. ഈ വേദന എനിക്ക് ഇഷ്ടാ.. ഇനിയും വരാം… ഇടക്ക് ഇടക്ക് നിന്റെ കരച്ചിൽ കേൾക്കാൻ നല്ല രസമുണ്ട്. ഒരു ചിരിയോടെ ഫോൺ കട്ട് ആയി.
അയാൾക് ഭ്രാന്ത് ആണ് ശാരിമോളെ.. അയാൾ എന്തെങ്കിലും ചെയ്യും മുൻപ് നമുക്ക് പോലീസിൽ അറിയിക്കാം.
വിപിനെ വിളിച്ചു സ്റ്റേഷനിലേക്ക് വരാൻ പറഞ്ഞു. ഞങളുടെ നീക്കം അറിഞ്ഞ വിപിൻ തടസ്സം പറഞ്ഞു.
കംപ്ലയിന്റ് ചെയ്യണോ… സാർ അയാൾക് ഒപ്പം ആണെന്ന് ഉറപ്പ് ഇല്ലല്ലോ… ഒരു ഉറപ്പും ഇല്ലാതെ… ഒന്നു കൂടി ആലോചിച്ചു പോരേ..
വേണ്ട വിപിൻ. താനൊന്നും പറയണ്ട.. എനിക്ക് അറിയാം എന്ത് ചെയ്യണം എന്ന്. ഞാൻ തനിയെ പൊക്കോളാം.
എനിക്കൊപ്പം ശാരിയും സ്റ്റേഷനിലേക്ക് വന്നു.
അറിയാവുന്ന ഡീറ്റെയിൽസ് വച്ചു ഒരു പരാതി തയ്യാറാക്കി കൊടുത്തു.തിരിച്ചു വന്നിട്ടും മനസിന് ഒരു സുഖവും ഇല്ലായിരുന്നു. ഫോൺ കയ്യിൽ തന്നെ പിടിച്ചു ഉറങ്ങാതെ കാത്തിരുന്നു.
നീ കിടന്നു ഉറങ്ങു നന്ദു .. എന്തെങ്കിലും ഡീറ്റെയിൽസ് കിട്ടിയാൽ അവർ വിളിക്കാംന്ന് അല്ലെ പറഞ്ഞെ.
എങ്ങനാ ശാരിമോളെ .. കണ്ണടച്ചാൽ ആ കരച്ചിലാ മുഴങ്ങി കേള്ക്കുന്നെ.. ഒക്കെ ഞാൻ കാരണാ..
കാത്തിരുന്നു എപ്പോഴാണ് ഉറങ്ങിയത് എന്നറിയില്ല. രാവിലെ ശാരിയാണ് വിളിച്ചു ഉണർത്തിയത്.
ഡാ… താഴെ സാർ വന്നിരിക്കുന്നു.
വല്ലാത്ത സന്തോഷം തോന്നി. ഓടി താഴെ ചെല്ലുമ്പോൾ വിസിറ്റേഴ്സ് റൂമിൽ എന്നെയും കാത്തു സാർ ഉണ്ടായിരുന്നു.
ഞാൻ ആകെ പേടിച്ചു പോയി… അയാള്… അയാള് സാറിനെ ഒന്നും ചെയ്തില്ലല്ലോ.. ഞാൻ എത്ര പേടിച്ചുന്ന് അറിയോ.
സന്തോഷം കൊണ്ട് ഞാൻ എന്തൊക്കെയോ പറഞ്ഞു. ആ മുഖത്തു പക്ഷേ ദേഷ്യമായിരുന്നു.
നീ ആണോ പരാതി കൊടുത്തത്.
ഹ്മ്മ്.
ആരോട് ചോദിച്ചിട്ട്…. എന്നെ കണ്ടില്ലെങ്കിൽ പരാതി കൊടുക്കാൻ നീ എന്റെ ആരാടി. അവൻ എന്നെ കൊല്ലും പോലും… എന്റെ കൂടെ പിറപ്പാ അവൻ.ഞങ്ങൾക്കിടയിലേക്ക് കടന്നു വരാൻ നീ ആരാ..
അത്.. സാറിനെ കാണാതെ വന്നപ്പോൾ… പേടിച്ചിട്ടാ ഞാൻ. എനിക്ക് അറിയാം.. ഭ്രാന്താ…ഭ്രാന്താ അയാൾക് .
അയാൾ സാറിനെ കൊല്ലും..സാർ ഇനി എങ്ങോട്ടും പോകണ്ട.
നിനക്ക് ആണ് ഭ്രാന്ത്.. നീ ഈ വിളിച്ചു പറയുന്നത് ആണ് ഭ്രാന്ത്.
സാറിനോട് ചേർന്നു നിന്ന എന്നെ ദേഷ്യത്തോടെ തള്ളി മാറ്റി കൊണ്ട് പറഞ്ഞു
അല്ല .. അയാൾ എന്നോട് പറഞ്ഞതാ… അയാൾ സാറിനെ കൊല്ലുമെന്നു.. ശാരി കേട്ടതാ… ചോദിച്ചു നോക്ക്.
ഒരാളുടെയും സർട്ടിഫിക്കേറ്റ് വേണ്ട എനിക്ക്… എനിക്കറിയാം എന്താ ചെയ്യണ്ടതു എന്ന്. നീ വാ.. നിനക്ക് എല്ലാം മനസിലാക്കി തരാം ഞാൻ.
എവിടേക്ക്… ഭയത്തോടെ ഞാൻ ചോദിച്ചു.
രൂക്ഷമായോരു നോട്ടം.. ആ നോട്ടത്തിൽ ഉണ്ടായിരുന്നു എല്ലാം. ഒന്നും മിണ്ടാതെ ഞാൻ ചെന്നു വണ്ടിയിൽ കയറി.
ആദ്യം ചെന്നത് പോലീസ് സ്റ്റേഷനിലേക്ക് ആണ്. പരാതി പിൻവലിക്കാൻ.അവിടുന്നു പിന്നെ വേറെ എവിടെക്കോ..
എവിടേക്ക് ആണെന്ന് ചോദിക്കാൻ ധൈര്യമില്ലായിരുന്നു. കുറേ ഓടി കഴിഞ്ഞപ്പോൾ വണ്ടി ഏതോ കെട്ടിടത്തിനു മുന്നിൽ ചെന്നു നിന്നു. ഒരു ആയുർവേദ ആശുപത്രിയാണ്ന്ന് മനസിലായി. . എന്റെ കൈ പിടിച്ചു വലിച്ചു കൊണ്ടായിരുന്നു സാർ നടന്നിരുന്നത്.
ഇവിടെ.. ഇവിടെ എന്താ..
നിന്റെ ഈ ഭ്രാന്ത് മാറ്റാൻ പറ്റുമോ എന്ന് ഞാൻ നോക്കട്ടെ.
വിട്… ഞാൻ വരുന്നില്ല. കൈയിലെ പിടി വിടുവിക്കാൻ നോക്കിയെങ്കിലും പരാജയമായിരുന്നു ഫലം.
അങ്ങനെ പോയാൽ എങ്ങനെയാ…അവനെ കാണണ്ടേ നിനക്ക്.. അവൻ എന്നെ കൊല്ലുമോന്ന് നോക്കണ്ടേ.. വാ.
അയാൾ.. അയാളുടെ അടുത്തേക് ആണോ നമ്മൾ പോകുന്നത് ..
എനിക്ക് ആകെ പേടി തോന്നി..
വേണ്ട.. പോകണ്ട.. അയാൾ കൊല്ലും..പ്ലീസ് സാർ.. പോകരുത്.
നീ വാ… അവൻ എന്നെ കൊല്ലുമോന്ന് അറിയാലോ.
സാർ മുന്നോട്ടു തന്നെ നടന്നു. അയാളുടെ ചിരിയും ഭീഷണിയും എനിക്ക് ഓർമ്മ വന്നു. അതെന്നെ എന്നെ ഭയപ്പെടുതാൻ തുടങ്ങിയിരുന്നു.
സാറിന് അയാളെ കുറിച്ച് എന്തറിയാം.ഒരു പക്ഷേ എന്നെ സാറിന്റെ കൂടെ കണ്ടാൽ അയാളുടെ ദേഷ്യം കൂടുകയെ ഉള്ളു… പക്ഷേ എന്ത് പറഞ്ഞിട്ടും സാർ മുന്നോട്ട് തന്നെ ആണല്ലോ. കെ വിടുവിക്കാൻ ഒരവസാന ശ്രമം കൂടി നടത്തി നോക്കി. ഇല്ലാ.. പറ്റുന്നില്ല.
ഞങ്ങൾ വരാന്തയുടെ അവസാനതെ മുറിക്കു മുൻപിൽ എത്തിയിരുന്നു.ഇവിടെ… ഈ കതകിന് അപ്പുറം അയാൾ ഉണ്ട്…ഒന്നുകിൽ അയാൾ എന്നെ കൊല്ലും.. അല്ലെങ്കിൽ സാറിനെ . ഭയം കൊണ്ട് എന്നെ വിറക്കുന്നുണ്ടായിരുന്നു.
സാർ ഡോർ തുറന്നു ഉള്ളിലെക്ക് കയറി. അവിടെ മേശക്ക് സമീപം എന്തോ കുത്തി കുറിച്ച് കൊണ്ട് ഒരാൾ… തിരിഞ്ഞു ഇരിക്കുന്നതു കൊണ്ട് മുഖം കണ്ടില്ല.
പ്രവീൺ… ഇതാണ് നിനക്ക് എതിരെ കേസ് കൊടുത്ത ആള്.. നോക്ക്.. നീ കാണാൻ കൊതിച്ചു നടന്നത് അല്ലെ.
വേണ്ട… എനിക്ക് കാണണ്ട.. ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു. പക്ഷേ അപ്പോഴും അയാളുടെ ക്രൂരമായ ചിരിയും ആ കണ്ണുകളുമായിരുന്നു ഉള്ളിൽ.
കൃഷ്ണേന്ദു അല്ലെ… താൻ എന്തിനാഡോ കണ്ണ് അടച്ചു പിടിച്ചിരിക്കുന്നെ..
അല്ല .. ഇത് അയാൾ അല്ല… ഈ ശബ്ദം അയാളുടെ അല്ല ..
ഞാൻ കണ്ണ് തുറന്നു നോക്കി. സൗമ്യഭാവത്തോടെ എന്നെ നോക്കി പുഞ്ചിരിയോടെ ഒരാൾ .
താൻ എന്താടോ ഇങ്ങനെ നോക്കുന്നത്..ഞാൻ കൊല്ലുമെന്ന് പേടിച്ചിട് ആണോ.
ഞാൻ സാറിനെ നോക്കി..
കൃഷ്ണേന്ദു പേടിക്കണ്ട… ഞാൻ ആരെയും ഒന്നും ചെയ്യില്ല.. സ്വബോധം നഷ്ടപെട്ട സമയത്തു മനസ് അറിയാതെ എന്തോക്കെയോ ചെയ്തിട്ടുണ്ട് ഞാൻ.. പക്ഷേ ഇപ്പോൾ എനിക്ക് എല്ലാം അറിയാം.. എല്ലാം.
പ്രവീൺ ഒരു ചിരിയോടെ പറഞ്ഞു.
ഇത്… ഇയാൾ..
ഇത് പ്രവീൺ. ഇവനല്ലേ അന്ന് തന്നെ വന്നു കണ്ടു, ഭീഷണിപെടുത്തി എന്നൊക്കെ താൻ പറഞ്ഞതു.
എടോ .. ഞാൻ എപ്പോഴാ തന്നോട് ഇവനെ കൊല്ലുമെന്ന് പറഞ്ഞത്.. ഇവൻ ഒരാളെ കൊന്നുവെന്ന് ഞാൻ പറഞ്ഞോ… ന്താടോ… ഇങ്ങനെ നുണ പറയാമോ..
അയാൾ ചിരിച്ചു കൊണ്ടാണ് ഒക്കെയും ചോദിക്കുന്നതു എങ്കിലും അയാളെ കണ്ട മരവിപ്പിൽ ആയിരുന്നു ഞാൻ.
സാർ… പക്ഷേ… പക്ഷേ… ഇത്.. ഇത് അയാൾ അല്ല.. ഞാൻ ഞാനിയാളെ ആദ്യമായിട്ടാ കാണുന്നെ. എന്നെ വന്നു കണ്ടതും ഭീഷണിപെടുത്തിയതും ഒന്നും ഇയാൾ അല്ല.
തനിക്കു എന്താടോ ബോധം ഇല്ലേ… താൻ അല്ലേ പ്രവീൺനെ കണ്ടു എന്നൊക്കെ എന്നോട് പറഞ്ഞത്.
കണ്ടു… പക്ഷേ… അത് ഇയാൾ അല്ല. ഇയാളെ ഞാൻ ആദ്യമായിട്ടാ കാണുന്നെ.
അതേ.. അഖി…ഞാനും കൃഷ്ണേന്ദുവിനെ ആദ്യമായിട്ടാ കാണുന്നത്.പിന്നെ എങ്ങനെ…
അപ്പോൾ അന്ന് നീ അവിടെ കോളേജിൽ വന്നു എന്ന് പറഞ്ഞതോ.. സാർ സംശയത്തോടെ ചോദിച്ചു.
അന്ന് വന്നു എന്നുള്ളത് സത്യം ആണ്. പക്ഷേ എനിക്ക് ഈ കുട്ടിയെ കാണാൻ പറ്റിയില്ല എന്ന് മാത്രമല്ല അന്ന് തന്നെ ഞാൻ തിരിച്ചു പോരുകയും ചെയ്തു. അസുഖം മാറി എങ്കിലും ഒരു ദിവസതെ ഇളവേ ഇവിടുന്നു കിട്ടിയിരുന്നള്ളൂ.
പിറ്റേന്ന് ധാര തുടങ്ങാൻ ഉള്ളത് ആയിരുന്നു അതാ നിന്നെ പോലും കാണാതെ തിരിച്ചു പോന്നത്. പിന്നെ ഞാൻ ഇവിടുന്നു അവിടെ വരെ വന്നെന്ന് നീ അറിഞ്ഞാൽ ശെരിയാകില്ല എന്ന് തോന്നി.
അപ്പോൾ പിന്നെ എന്റെ അടുത്ത് വന്നത് ആരായിരിക്കും.?
ഒരെത്തും പിടിയും കിട്ടുന്നില്ല. അന്ന് ഞാൻ കണ്ടത് പ്രവീൺ അല്ലെങ്കിൽ പിന്നെ ആരായിരിക്കും. അയാൾ പേര് പറഞ്ഞില്ലന്ന് അപ്പോഴാണ് ഞാൻ ഓർത്തതു.
സാർ…ആ.. ബൈക്ക്. അയാൾ വന്നത് ഒരു പാലക്കാട് രെജിസ്ട്രേഷൻ വണ്ടിയിൽ ആണ്.
ആ നമ്പർ ഓർമ്മയുണ്ടോ തനിക്കു.
ഉണ്ട്.. KL09AK3439
ഇരുവരും മുഖതോട് മുഖം നോക്കി.
ആ നമ്പർ തന്നെ ആണെന്ന് തനിക്കു ഉറപ്പ് ആണോ? സാർ സംശയത്തോടെ ചോദിച്ചു.
അതേ സാർ…എനിക്ക് ഉറപ്പാ. എന്താ സാർ.
അത്.. പ്രവീൺന്റെ ബൈക്ക് നമ്പർ ആണ്.
പക്ഷേ.. ആ ബൈക്ക് ഒരു വർക്ക് ഷോപ്പിൽ ആണ്. അതെങ്ങനെ അവിടെ..?
കൃഷ്ണേന്ദു.. അയാളെ കുറിച്ച് തനിക്കു എന്തെങ്കിലും അറിയാമോ?
ഇല്ല സാർ… അയാൾ പറഞ്ഞത് ഒക്കെയെ എനിക്ക് അറിയൂ. പിന്നെ ഇന്നലെ അയാൾ എന്നെ വിളിക്കുമ്പോൾ ആരുടെയോ കരച്ചിൽ ഞാൻ കേട്ടതാ.. സാർ ആണെന്നാ അയാൾ എന്നോട് പറഞ്ഞത് .. സാറിനെ കൊല്ലുമെന്ന്… എനിക്ക് പേടിയാകുന്നു..
ഇതിൽ എന്തോ കുഴപ്പമുണ്ട് അഖി.. എന്റെ പേര് പറഞ്ഞു നിങ്ങൾക് പുറകെ ആരോ ഉണ്ട്… അയാളുടെ ലക്ഷ്യം കൃഷ്ണേന്ദു ആകാൻ ആണ് സാധ്യത.
എന്നെ ലക്ഷ്യം വച്ച് ഒരാൾ.. അതും എന്റെ ശത്രു എന്റെ ഉള്ളിലൂടെ ഒരു വിറയൽ കടന്നു പോയി. പക്ഷേ എന്റെ അറിവിൽ എനിക്കൊരു ശത്രു ഇല്ലായിരുന്നു.
ജീവിത്തിൽ ഇന്ന് വരെ കണ്ടിട്ടില്ലാത ഒരാൾ എന്റെ ശത്രു ആകുന്നത് എങ്ങനെ..? എത്ര ഓർത്തിട്ടും അയാളെ മുൻപ് എങ്ങും കണ്ടതായി പോലും തോന്നുന്നില്ല.
എന്തായാലും തന്റെ തെറ്റിധാരണ ഒക്കെ മാറിയല്ലോ.. അയാൾ ആരാണെന്നു നമുക്ക് കണ്ടു പിടിക്കാമേഡോ… അഖി അല്ലേ ഉള്ളത്. അവനുള്ളപ്പോൾ താൻ ആരെയും പേടിക്കണ്ട.
പ്രവീൺ എന്നെ ആശ്വാസിപ്പിക്കാൻ ആയി പറഞ്ഞു.
പിന്നേ… എനിക്ക് അതല്ലേ പണി. ഇവൾ നിന്നെ പറഞ്ഞപ്പോൾ എനിക്ക് സഹിച്ചില്ല… എല്ലാം ഇവളെ ബോധ്യപെടുത്തണം എന്ന് തോന്നി. അതുകൊണ്ട് വിളിച്ചു കൊണ്ടു വന്നതാ… അല്ലാതെ ഇവളോട് ഉള്ള പ്രേമം കാരണം ഒന്നും അല്ല. ഇറങ്ങട്ടെ… ഇവളെ കൊണ്ടാക്കിയിട്ട് വരാം.
എനിക്ക് സങ്കടം തോന്നിയില്ല. സാർ അങ്ങനെയെ പറയു എന്നെനിക് അറിയാമായിരുന്നു. ഞാൻ പ്രവീൺന്റെ അടുത്ത് ചെന്നു.
ഒന്നും അറിയാതെ എന്തൊക്കെയോ പറഞ്ഞിട്ടുണ്ട് ഞാൻ.. എന്നോട് പൊറുക്കണം.
സാരമില്ല ഡോ.. എനിക്ക് നിങ്ങൾ സന്തോഷത്തോടെ ഇരിക്കുന്നതു കണ്ടാൽ മതി. ഒരാഴ്ച കൂടി കഴിഞ്ഞാൽട്രീറ്റ്മെന്റ് കഴിഞ്ഞു ഞാൻ പുറത്തു വരും. അന്ന് കാണാം നമുക്ക്. ഒക്കെ ശെരിയാവുമെഡോ.
സാർ അക്ഷമനായി നിൽക്കുകയായിരുന്നു. ഞാൻ പ്രവീണിനോട് യാത്ര പറഞ്ഞു ഇറങ്ങി.
താൻ അയാളെ കണ്ടത് മുതൽ ഉള്ള കാര്യങ്ങൾ ഒന്നു കൂടെ പറഞ്ഞെ.?
ഞാൻ ആദ്യം മുതൽ എല്ലാം സാറിനോട് വിശദമായി പറഞ്ഞു.
തിരിച്ചു എന്തെങ്കിലും ചോദിക്കും എന്ന് കരുതി എങ്കിലും ഡ്രൈവിംഗ്ൽ ആയിരുന്നു സാറിന്റെ ശ്രെദ്ധ. ഒരുപാട് ശല്യം ചെയ്തു…
സാറിന് ഇപ്പോൾ എന്നോട് വെറുപ് മാത്രേ ഉണ്ടാകൂ..ഓർത്തപ്പോൾ കണ്ണ് നിറഞ്ഞു വരാൻ തുടങ്ങി. ഹോസ്റ്റലിന് മുന്നിൽ കാർ എത്തും വരെ ആരും പരസ്പരം സംസാരിച്ചില്ല.
ഇറങ്ങാൻ നേരം ഒരു സോറി പറയണം എന്നുണ്ടായിരുന്നു. പക്ഷേ ഞാൻ എന്തെങ്കിലും പറയും മുൻപേ സാർ പറഞ്ഞു തുടങ്ങി.
” കുറച്ചു ഇഷ്ടം ഒക്കെ തോന്നിയിരുന്നു.. കൂടെ കൂട്ടം എന്നൊക്കെ കരുതി.. പക്ഷേ നിന്നെ അടുപ്പിക്കാൻ കൊള്ളില്ലന്ന് നീ തന്നെ തെളിയിച്ചു. ഇന്ന് ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്നത് നിന്നെ ആണ്. ഇനി തന്റെ നിഴലു പോലും ഞങ്ങൾക്ക് പിന്നാലെ വരരുത്. കേട്ടല്ലോ.? ”
മറുപടി ഒന്നും പറഞ്ഞില്ല. അല്ലെങ്കിലും ഞാൻ എന്തു പറയാൻ. ഒക്കെയും എന്റെ മാത്രം തെറ്റ് ആയിരുന്നല്ലോ.. ഒന്നും ആലോചിക്കാതെ എടുത്തു ചാടി ഓരോന്ന് ചെയ്തിട്ടു..
സാറിന്റെ കാർ ഗേറ്റ് കടന്നു പോകുന്നത് നോക്കി നിന്നു. അകന്ന് പോകുന്നത് കാർ അല്ല എന്റെ പ്രാണൻ ആയിരുന്നു.
കണ്ണ് നിറഞ്ഞു കാഴ്ച മങ്ങി തുടങ്ങിയിരുന്നു. ഹോസ്റ്റലിൽ ആള് കുറവായിരുന്നു. മുകളിലെക്ക് കയറി പോകാൻ നേരമാണ് വാർഡൻ ഒരു കത്തുമായി വരുന്നത്
വാങ്ങി പൊട്ടിച്ചു നോക്കി. ഒരേ ഒരു വരി മാത്രം
“ഇനി വേഷങ്ങൾ ഇല്ല… എല്ലാം നേർക്ക് നേർ ”
(തുടരും )