Monday, November 18, 2024
Novel

ആദ്രിക : ഭാഗം 3

നോവൽ
എഴുത്തുകാരികൾ: ശ്രീലക്ഷ്മി ഇന്ദുചൂഢൻ, ശ്രുതി വേണുഗോപാൽ

ചേച്ചി പറഞ്ഞപ്പോൾ ആണ് ബാങ്കിന്റെ ഡോർ സൈഡിൽ ഞങ്ങളെ നോക്കി നിൽക്കുന്ന ആളെ കാണുന്നത്……. സുദേവ്…….. ഒരു പാവം നാട്ടിൻ പുറത്തുക്കാരൻ,ഞങ്ങളുടെ കൂടെ വർക്ക്‌ ചെയ്യുന്നത് ആണ്.

ആള് ഈ നാട്ടുകാരൻ അല്ല ഇവിടെ എവിടെയോ ഒരു വീട്ടിൽ വാടകക്ക് താമസിക്കുന്നു എന്ന് മാത്രം അറിയാം .

ഇതിൽ കൂടുതൽ ഡീറ്റെയിൽസ് ആളെ പറ്റി അറിയില്ല കാരണം ആള് എന്നോട് ഒഴിച്ചു ബാക്കി എല്ലാരോടും നല്ല കൂട്ട് ആണ്.

എന്നെ കാണുമ്പോ ഓടി പോവുന്നത് കാണാം. പക്ഷേ നോട്ടത്തിനു മാത്രം ഒരു കുറവും ഇല്ല….

അങ്ങനെ ഞാനും ചേച്ചിയും ഓഫീസിലേക്ക് കയറി. എന്റെ അടുത്തുള്ള സീറ്റ്‌ തന്നെ ആണ് ചേച്ചിക്കും.ചേച്ചിയുടെ തൊട്ടടുത്തായി മരിയ എന്ന ചേച്ചിയും ഉണ്ട്.

ഞങ്ങൾ ഇരിക്കുന്നത്തിന്റെ തൊട്ടടുത്തുള്ള സൈഡിൽ ആയിട്ടാണ് സുദേവിന്റെ സീറ്റ്‌.സുദേവിന്റെ അടുത്തായി സുരേഷ് ചേട്ടനും സ്മിത ചേച്ചിയും.

കാഷ്യർ ആയി പ്രസാദ് ചേട്ടനും പിന്നെ ഞങ്ങളുടെ സെക്രട്ടറി രാധമണിയും . ഉള്ള സ്റ്റാഫുകളിൽ ഏറ്റവും പ്രായം കുറവ് എനിക്കായിരുന്നു.

എല്ലാവരേയും നോക്കി ഒരു ചിരി പാസ്സാക്കി സീറ്റിൽ ചെന്ന് ഇരുന്നു ബാഗ് ഷെൽഫിന്റെ അടിയിൽ ആയി വെച്ചു സിസ്റ്റം ഓൺ ചെയ്തു എന്റെ പണി തുടങ്ങി.

ഇടക്ക് ഇടക്ക് സുദേവിന്റെ നോട്ടം എന്നിലേക്ക് നീളുന്നത് ഞാൻ അറിഞ്ഞിരുന്നു. ഞാൻ നോക്കുമ്പോ ആള് കാര്യമായി സിസ്റ്റത്തിലേക്ക് നോക്കി ഇരിക്കും.

വന്ന കാലം തൊട്ട് ഉള്ള പണി ആയതുകൊണ്ട് എനിക്ക് ഇതു ശീലം ആയി. അതുകൊണ്ട് ഞാൻ എന്റെ പണിയിൽ തന്നെ ശ്രദ്ധിച്ചു.

ഇതേ സമയം സുദേവ് അവളെ നോക്കി കാണുകയായിരുന്നു. അവളുടെ വിടർന്ന കണ്ണുകളിൽ കരിമഷി കൊണ്ട് കറുപ്പിച്ചിരിക്കുന്നു.

ചിരിക്കുമ്പോൾ കാണുന്ന ആ ഇടംപല്ലും അവളുടെ ഭംഗി കൂട്ടുന്ന പോലെ. കാതിലെ കുഞ്ഞി ജിമിക്കി ഇടയ്ക്കിടെ ആടി കൊണ്ട് ഇരിക്കുന്നു.മൂക്കിൽ ഒരു കുഞ്ഞു വെള്ളകല്ല് മൂക്കുത്തി.

എല്ലാർക്കും ആയി അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടാവും.
അവളെ ആദ്യമായി കണ്ടപ്പോൾ തൊട്ട് അവൾ എന്റെ ആരൊക്കെയോ ആണ് എന്നുള്ള തോന്നൽ ആയിരുന്നു.

ബാക്കി എല്ലാരോടും കൂൾ ആയി സംസാരിക്കുമ്പോൾ അവളോട്‌ മാത്രം ഞാൻ മൗനം പാലിച്ചു. എന്തോ അവളോട് മിണ്ടാൻ ചെല്ലുമ്പോ കൈയും കാലും വിറയ്ക്കുന്ന പോലെ……

അവൻ പിന്നെയും അവന്റെ നോട്ടം തുടർന്നു. ഇതെല്ലാം നോക്കി നീരിക്ഷിച്ചുകൊണ്ട് ബിന്ദുവും ഇരുന്നു.

ഇന്നത്തെ പണി എല്ലാം തീർന്നു ഏകദേശം അഞ്ചു മണിയോടെ ഞാനും ബിന്ദു ചേച്ചിയും കൂടെ സ്റ്റോപ്പിലേക്ക് നടന്നു……

“മോളെ…… നമ്മുടെ സുദേവിന് നിന്നോട് എന്തോ ഒരു താല്പര്യം ഉള്ളപോലെ. കുറച്ചു നാൾ ആയി അവൻ നിന്നെ നോക്കാൻ തുടങ്ങിയിട്ട് ”

“ചേച്ചിക്ക് എന്താ അതൊക്കെ വെറുതെ തോന്നുന്നതാ ”

“അല്ല കുട്ടി എന്റെ തോന്നൽ അല്ല. അവനു എന്തോ നിന്നോട് ഉണ്ട്. ഉണ്ടെകിൽ തന്നെ എന്താ നല്ല പയ്യൻ അല്ലേ…… നമ്മുക്ക് ആലോചിച്ചാല്ലോ??? ”

(നടത്തം നിർത്തി ഞാൻ ചേച്ചിയെ തന്നെ നോക്കി. )

“ചേച്ചിക്ക് എല്ലാം അറിയാവുന്നത് അല്ലേ….. ആരും എന്നെ ഒന്ന് മനസിലാക്കാൻ ശ്രമിക്കുന്നില്ലല്ലോ ”

“മോളെ നിന്നെ വിഷമിപ്പിക്കാൻ വേണ്ടി ചേച്ചി പറഞ്ഞതല്ല. ഇഷ്ടമല്ല എന്ന് പറഞ്ഞു പോയ ആൾക്ക് വേണ്ടി അല്ലേ നീ ഇപ്പോഴും കാത്തിരിക്കുന്നത്.

ഇനി അവനു നിന്നോട് ഇഷ്ടം ഉണ്ടെകിൽ ഈ നാല് വർഷത്തിന് ഇടക്ക് നിന്നെ വന്നു ഒന്ന് കാണാൻ ശ്രമിച്ചോ പോട്ടെ ഒരു തവണ എങ്കിലും ഒന്ന് വിളിച്ചോ??? ”

ചേച്ചിടെ ചോദ്യത്തിന് ഒന്നും ഉത്തരം നൽകാൻ എനിക്ക് കഴിഞ്ഞില്ല. ഒരുപാട് നാൾ ആയി ഞാൻ എന്നോട് തന്നെ ചോദിക്കാറുണ്ട് ഈ ചോദ്യങ്ങൾ എല്ലാം.

കൃത്യമായ ഒരു ഉത്തരം എനിക്ക് കിട്ടിയിട്ടില്ല. എന്നാലും മനസ് ഇപ്പോഴും പറയുന്നു അഭിയേട്ടൻ വരും എന്നു.

“ഞാൻ പറഞ്ഞത് ഒക്കെ മോള് നല്ലപോലെ ആലോചിക്ക് ഇനിയും നിന്റെ വീട്ടുകാരെ വിഷമിപ്പിക്കല്ലേ ”

അതും പറഞ്ഞു ചേച്ചി പോയി. കുറെ നേരം ഞാൻ ആ നിൽപ്പ് തുടർന്നു. ശേഷം കിട്ടിയ ബസിൽ കയറി വീട്ടിലേക്ക് തിരിച്ചു. അപ്പോഴും മനസ് നിറയെ ചേച്ചി പറഞ്ഞ കാര്യങ്ങൾ ആയിരുന്നു.

വീട്ടിൽ ചെന്നതും ടീവി കണ്ടോണ്ട് ഇരിക്കുന്ന അപ്പുണ്ണിയെ ആണ് കണ്ടത്. കൈയിൽ എന്തോ ഒരു ടോർച് ഒക്കെ പിടിച്ചിട്ടുണ്ട്. ഞാൻ വന്നതോന്നും ആള് അറിഞ്ഞിട്ടില്ല.

അവനെ നോക്കി ഞാൻ വാതിൽക്കൽ തന്നെ നിന്നു.

അവന്റെ പ്രവർത്തി നോക്കി കൊണ്ട് നിൽക്കുന്ന സമയത്തു അത്രയും നേരം ആലോചിച്ച കാര്യങ്ങൾ എല്ലാം ഞാൻ മറന്നു പോയി.

കൈയിലെ ടോർച് ഇടക്ക് ഒക്കെ തെളിയിച്ചു ടീവിയിൽ ബാലവീർ കാണിക്കുന്ന പോലെ എന്തൊക്കെയോ ചെയ്യുന്നുണ്ട്.

ഇടക്ക് ഒക്കെ റാണി ദേവതെ എന്നും വിളിക്കുന്നതും കേൾക്കാം. അവന്റെ പ്രവർത്തി കണ്ടതും എനിക്ക് ചിരിയാണ് വന്നത് .

ഞാൻ ചിരിക്കുന്നത് കണ്ടപ്പോൾ ആണ് അവൻ എന്നെ നോക്കിയത്. അപ്പോഴേക്കും ആള് സാധനങ്ങൾ എല്ലാം എടുത്തു വെച്ചു നല്ല കുട്ടിയെപോലെ അടങ്ങി ഒതുങ്ങി ഇരുന്നു.

അവനെ ഒന്ന് നോക്കിയതിനു ശേഷം കൈയും കാലും കഴുകി അമ്മ എടുത്തു വെച്ച ചായ കുടിച്ചു പിന്നെ മുറിയിൽ കയറി ഫ്രഷ്‌ ആയി സന്ധ്യക്ക്‌ വിളക്ക് വെച്ചു നാമം ചൊല്ലി.

എല്ലാം കഴിഞ്ഞു മുറിയിൽ വന്നു ഡാൻസ് പ്രാക്ടീസ് തുടങ്ങി. അല്ലെങ്കിലും മനസിന്‌ കുറച്ചു എങ്കിലും സമാധാനം കിട്ടാൻ സംഗീതവും ഡാൻസും ആണ് ഏറ്റവും നല്ല മാർഗം. അതിൽ ലയിക്കുമ്പോൾ എല്ലാം മറന്നു പോവുന്നു……..

മൊബൈലിൽ പാട്ട് വെച്ച് അതിനു അനുസരിച്ചു ഞാൻ ചുവടുകൾ വെച്ചു.

“നീല നീരദ വർണ്ണ…..
നീല നീരദ വർണ്ണ……

നീല നീരദ വർണ്ണ മൃദുല
കമല രുചിര നയന നൃഹരേ….
നീല നീരദ വർണ്ണ മൃദുല
കമല രുചിര നയന നൃഹരേ….
നീല നീരദ വർണ്ണ മൃദുല
കമല രുചിര നയന നൃഹരേ….

അജിതാ…… ഹരേ… ജയ മാധവ വിഷ്ണോ
അജമുഖ…… ദേവാ ……….നാഥാ…… ”

കളിച്ചു കഴിഞ്ഞു നമസ്കാരം ചെയ്തു തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് എന്നെ നോക്കി കൊണ്ട് ഇരിക്കുന്ന അമ്മയെ ആണ്…….

“മോളെ അമ്മ മോളോട് ഒരു കാര്യം….. ”

(പറഞ്ഞത് പൂർത്തിയാക്കാതെ അമ്മ നിർത്തി )

“അമ്മ എന്താ പറയാൻ പോവുന്നത് എന്ന് എനിക്ക് നല്ലപോലെ അറിയാം അച്ഛൻ രാവിലെ ഇതേ പറ്റി എന്നോട് പറഞ്ഞിരുന്നു. അമ്മയും അച്ഛനും പറയുന്ന ആരെ വേണമെങ്കിലും ഞാൻ കല്യാണം കഴിക്കാൻ തയ്യാറാണ്.”

നെഞ്ചിൽ ഒരു കല്ല് കയറ്റി വെച്ച വേദനയോടെ ആണ് ഞാൻ അത് പറഞ്ഞത്.എന്റെ മറുപടി കേട്ടതിന്റെ സന്തോഷത്തിൽ അമ്മ എന്നെ കെട്ടിപിടിച്ചു മൂർദാവിൽ ചുംബിച്ചു.

സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ അമ്മയുടെ കണ്ണ് നിറഞ്ഞു ഇരിക്കുന്നുണ്ടായിരുന്നു. രംഗം പന്തി അല്ല എന്ന് കണ്ടതും ഞാൻ തന്നെ വിഷയം മാറ്റി അല്ലെങ്കിൽ ഇന്ന് മുഴവനും കരച്ചിൽ ആയിരിക്കും

“അമ്മേ അച്ഛൻ വന്നില്ലേ??? ”

“ഇന്ന് അമ്പലത്തിൽ മീറ്റിംഗ് വെച്ചിട്ടുണ്ട്. നിന്റെ അച്ഛൻ അല്ലേ ഉത്സവകമ്മിറ്റി പ്രസിഡന്റ്‌. മീറ്റിംഗ് ഒക്കെ കഴിഞ്ഞേ വരൂ ”

അതും പറഞ്ഞു അമ്മ പോയി.. അമ്മ പോകുന്നതും നോക്കി നിൽക്കുമ്പോ ആയിരുന്നു ഫോൺ റിംഗ് ചെയ്യുന്നത് കേട്ടത്. നോക്കിയപ്പോൾ രാഖി ആയിരുന്നു.

എന്നത്തേയും പോലെ എന്റെ വിശേഷം കേൾക്കാൻ ആയിരുന്നു അവൾക്ക് തിരക്ക്. രാവിലെ തൊട്ട് ഈ നിമിഷം വരെ ഉള്ള വിശേഷം അവളെ പറഞ്ഞു കേൾപ്പിച്ചു.

അച്ഛനും അമ്മയും പറയുന്നത് കേൾക്കാൻ എന്ന് തന്നെ ആയിരുന്നു അവൾക്കും പറയാൻ ഉണ്ടായിരുന്നത്.

ശരിക്കും അത്ഭുതം തോന്നി അഭിയേട്ടനെ കൂടുതൽ അറിഞ്ഞതിൽ പിന്നെ ഞങ്ങൾ ഒന്നാവണം എന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് അവൾ ആയിരുന്നു. ആ അവൾ പോലും വല്ലാതെ മാറി പോയി.

അഭിയേട്ടനെ പറ്റിയുള്ള സംസാരം പോലും ഞങ്ങൾക്ക് ഇടയിൽ ഇപ്പൊ കുറവാണ്. കുറവാണ് എന്നല്ല ഇല്ല എന്ന് തന്നെ പറയാം…

സുദേവിന്റെ കാര്യം പറഞ്ഞപ്പോൾ വലിയ താല്പര്യം ഇല്ലാത്ത രീതിയിൽ ആയിരുന്നു അവളുടെ മറുപടി…

ഫോൺ വെച്ചിട്ടും ഓരോന്ന് ആലോചിച്ചു മുറിയിൽ തന്നെ ഞാൻ ഇരുന്നു. അപ്പോഴാണ് മുറിയുടെ വാതിലിൽ നിന്നും ആരോ നോക്കുന്നത് ആയി തോന്നിയത്.

നോക്കുമ്പോ അനിയൻ കുട്ടൻ ആയിരുന്നു. സാധാരണ അങ്ങനെ പതുങ്ങി നിൽപ്പ് പതിവില്ലാത്തത് ആണ് എന്തെങ്കിലും കുരുത്തക്കേട് ഒപ്പിച്ചിട്ടുണ്ടാവും.

“ചേച്ചി…….. നാളെ ടീച്ചർക്ക് ചേച്ചിയെ കാണണം എന്നു പറഞ്ഞു നാളെ വരോ സ്കൂളിൽ ”

“ഹ്മ്മ് ഇന്ന് എന്ത് കുരുത്തക്കേടാ എന്റെ കുട്ടി ഒപ്പിച്ചെ ”

(ആള് തല താഴ്ത്തി നിൽപ്പാണ്.പതിയെ ആ താടിയിൽ പിടിച്ചു ഉയർത്തി. )

“മ്മ് പറ…. എന്താ ഒപ്പിച്ചെ?? ”

“തല്ലി “(വളരെ സൗമ്യമായി ആണ് പറച്ചിൽ )

“ആരെ??? ആരെയാ ഇന്ന് എന്റെ കുട്ടി തല്ലിയത്? ”

“വിഷ്ണു കെ.ബി നെ. പരീക്ഷ കഴിഞ്ഞു പേപ്പർ കിട്ടിയപ്പോ അവൻ എന്നെ കളിയാക്കി. എനിക്ക് ദേഷ്യം വന്നപ്പോ ഞാൻ അവനെ പിടിച്ചു തല്ലി. ഞാൻ മാത്രം അല്ല അവനും തിരിച്ചു തല്ലി ”

“മ്മ് എന്നിട്ട് അമ്മ അറിഞ്ഞോ?? ”

“ഏയ്‌ ഇല്ല പറയല്ലേ…… പ്ലീസ്… പ്ലീസ്….. ”

(അതും പറഞ്ഞു കഴിഞ്ഞതും ചെക്കൻ കരച്ചിലിന്റെ വക്കത്ത്‌ എത്തി )

“ഓഹോ കരയണ്ട ഞാൻ വരാം. ഇനിയും ഇങ്ങനെ അടിപിടി ഉണ്ടാക്കിയാൽ വേറെ ആളെ വിളിച്ചു കൊണ്ടു പോയാൽ മതി. ഇതു ലാസ്റ്റ് ആണുട്ടോ…… ”

“മ്മ് ”

അതും പറഞ്ഞു അവൻ പോയി. എവിടെ അവൻ ഈ തല്ലുപിടി ഒന്നും നിർത്താൻ പോണില്ല. അച്ഛൻ പഠിപ്പിച്ചിരുന്ന സ്കൂളിൽ ആയിരുന്നു അവൻ ആദ്യം അവിടെ ആയിരുന്നപ്പോൾ തല്ലു കൂടാൻ പറ്റാത്തത് കൊണ്ട് വാശി പിടിച്ചു വേറെ സ്കൂളിലേക്ക് മാറിയ മുതൽ ആണ് ആ പോയത്….

കുറച്ചു നേരം ഞാനും അവനും അമ്മയും കൂടെ ടീവി കണ്ടു ഇരുന്നു. അപ്പോഴേക്കും അച്ഛൻ വന്നിരുന്നു. അച്ഛന്റെ മുഖത്തു പതിവില്ലാത്ത സന്തോഷം കണ്ടു. പക്ഷേ കാര്യം എന്താണ് എന്ന് മാത്രം പറഞ്ഞില്ല.

അന്നത്തെ രാത്രിയിലും എന്റെ ചിന്ത പണ്ടത്തെ ഓരോ കാര്യങ്ങൾ ആയിരുന്നു…..

********************************************അമ്പലത്തിൽ വെച്ചു അഭിയേട്ടന് ചരട് കേട്ടി കൊടുത്തത് ക്ലാസ്സിൽ പോയപ്പോൾ രാഖിയെ ഞാൻ അറിയിച്ചു.ആദ്യമായി അഭിയേട്ടനെ കണ്ടത് ഉൾപ്പടെ. പിന്നീട് അവളും എന്റെ കൂടെ കൂടി.

അവളും അഭിയേട്ടനായി കൂടുതൽ അടുത്തു. ഞങ്ങൾക്ക് ഇടയിലെ പ്രധാന വർത്തമാന വിഷയം മിക്കപ്പോഴും പാർട്ടി കാര്യങ്ങളും കവിതയും കഥയും ഒക്കെ ആവും . ഇഷ്ടം അല്ലാത്ത വിഷയം ആയിട്ടു കൂടി അഭിയേട്ടൻ പറയുമ്പോ കേട്ടിരിക്കും.

ഓരോന്ന് പറയുമ്പോ അഭിയേട്ടന്റെ കണ്ണുകൾ എന്നെ തേടി വരുന്നത് ഞാൻ അറിയാറുണ്ടായിരുന്നു . ആ കണ്ണുകളിൽ എന്നോട് എന്തൊക്കെയോ പറയാൻ ഉള്ളത് പോലെ…….

അങ്ങനെ ദിവസങ്ങൾ പലതും കടന്നു പോയി.പലപ്പോഴും ഓരോ നോട്ടങ്ങൾ കൊണ്ട് ഞങ്ങൾ ഒരായിരം കഥകൾ പറഞ്ഞു.

അപ്പോഴും എന്റെ മനസ്സിലെ പ്രണയം മാത്രം ഞാൻ തുറന്നു പറഞ്ഞില്ല……അങ്ങനെ ദിവസങ്ങൾ ഓരോന്നായി വീണ്ടും ഓടി മറഞ്ഞു…..

ഒരു ദിവസം കാലം തെറ്റി പെയ്യ്ത മഴയെ ശപിച്ചു കോളേജിൽ വരാന്തയിൽ ഞാൻ നിന്നു.കൈയിൽ ആണെങ്കിൽ കുട ഇല്ല.

അവൾ ആണെങ്കിൽ അകന്ന ഒരു ബന്ധുവിന്റെ കല്യാണം ഉണ്ട് എന്ന് പറഞ്ഞു ക്ലാസ്സിൽ വന്നില്ല. കുട്ടികൾ എല്ലാം മഴയത്തു പോകുന്നത് നോക്കി ഞാൻ നിന്നു.

ഒരു കുടയിൽ തന്നെ മൂന്നു നാല് പേര് ആയിട്ടാണ് പോകുന്നത് മിക്കവരും. അതെല്ലാം നോക്കി നിൽക്കുമ്പോൾ ആണ് മഴയത്തു കൂടി ഓടി വരുന്ന അഭിയേട്ടനെ കണ്ടത്. തലക്ക് മുകളിൽ കൈ വെച്ചു കൊണ്ടാണ് വരുന്നത്.

എന്നെ കണ്ടതും ഞാൻ നിൽക്കുന്ന ഭാഗത്തേക്ക്‌ വന്നു ………..

ഷർട്ട്‌ പാതിയും നനഞ്ഞിട്ടുണ്ടായിരുന്നു. തല മുടിയിലും മുഖത്തും വെള്ളതുള്ളികൾ പറ്റിപിടിച്ചിരിക്കുന്നു.

“എന്താ അഭിയെട്ടാ ഇതു ആകെ നനഞ്ഞല്ലോ.”

പറയുന്നതിനോട്‌ ഒപ്പം തന്നെ എന്റെ ഷാളിന്റെ അറ്റം കൊണ്ട് അഭിയേട്ടന്റെ തലയിലെ വെള്ളം തുടച്ചു കൊടുത്തു.

ആളുടെ നോട്ടം കണ്ടപ്പോൾ ആണ് ഞാൻ എന്താ ചെയിതെ എന്നുള്ള ബോധം എനിക്ക് വന്നത്.

ആള് ആണെങ്കിൽ കിളി പോയപോലെ ഇപ്പോഴും നോക്കി നിൽപ്പാണ്. പെട്ടന്നു തന്നെ ഞാൻ കൈ പിൻവലിച്ചു. രണ്ടുപേർക്കും മുഖത്തേക്ക് നോക്കാൻ എന്തോ ചമ്മൽ ആയിരുന്നു. കുറച്ചു നേരം ഞങ്ങൾ രണ്ടുപേരും മഴയെ നോക്കി നിന്നു…………

“ഡോ ഇന്നത്തോടെ ഞങ്ങളുടെ ക്ലാസ്സ്‌ കഴിഞ്ഞു. നാളെ മുതൽ സ്റ്റഡി ലീവ് ആണ്.”

ഒരു ഞെട്ടലോടെ ആണ് ഞാൻ ആ വാക്കുകൾ കേട്ടത്. ഇനി എങ്ങനെ അഭിയേട്ടനെ കാണും……

“ഇനി അപ്പൊ ഇവിടേക്ക് വരില്ലേ അഭിയേട്ടൻ ”

“വരാതെ പറ്റില്ലാലോ ചെയർമാൻ ആയി പോയില്ലേ. “(ഒരു ചിരിയോടെ ആണ് അഭിയേട്ടൻ അത് പറഞ്ഞത് )

ഞങ്ങൾക്ക് ഇടയിൽ മൗനം നിറഞ്ഞു. ഇവിടെ നിന്നു പോയി കഴിഞ്ഞാൽ പിന്നെ അഭിയേട്ടനെ കാണാൻ കൂടെ കിട്ടില്ല. എന്റെ ഉള്ളിലെ ഇഷ്ടം ഇന്ന് തന്നെ പറയുന്നത് ആണ് നല്ലത് എന്ന് തോന്നി…

“അഭിയെട്ടാ…… എനിക്ക്….. ഒരു കാര്യം പറയാൻ ഉണ്ട് “(വിക്കി വിക്കി ആണ് ഞാൻ അത്രയും പറഞ്ഞത് എന്തോ ഒരു ധൈര്യകുറവ് പോലെ. ആൾക്കും എന്നോട് ഒരു ഇഷ്ടം ഉള്ളത് പോലെ തോന്നിട്ടുണ്ടെങ്കിലും എന്തോ ഒരു പേടി അഭിയേട്ടൻ എങ്ങനെ എടുക്കും എന്ന് ഓർത്തു )

“എന്താടോ എന്താ കാര്യം പറ……. ”

എനിക്ക്….. അഭിയേട്ടനെ ഇഷ്ടമാണ്…….. (നിലത്തു നോക്കിയാണ് ഞാൻ അത് പറഞ്ഞത്. ആളിൽ നിന്നും ഒരു മറുപടി ഇല്ലാത്തതിനാൽ ഞാൻ തല ഉയർത്തി നോക്കി. എന്നെ തന്നെ നോക്കി നിൽപ്പ് ആണ്. ഞാൻ നോക്കുന്നത് കണ്ടപ്പോൾ നോട്ടം മാറ്റി. )

“ഇത് നടക്കില്ല ആദു….. ഞാൻ……. തന്നെ…… അങ്ങനെ ഒന്നും കണ്ടിട്ടില്ല……. ”

( അഭിയേട്ടന്റെ വാക്കുകൾ പലതും ഇടക്കൊക്കെ മുറിഞ്ഞു പോയിരുന്നു. ഞാൻ അഭിയേട്ടനെ തന്നെ നോക്കി നിന്നു. മറ്റേങ്ങോ ദൃഷ്ടി പായിച്ചാണ് അഭിയേട്ടൻ നിൽക്കുന്നത്. ആ കണ്ണുകൾ എന്തിനോ വേണ്ടി നിറഞ്ഞു ഇരിക്കുന്നുണ്ട്.

ഞാൻ നോക്കുന്നത് കണ്ടിട്ടാവണം അഭിയേട്ടനും എന്നെ നോക്കി. കുറച്ചു നേരം പരസ്പരം നോക്കി ഞങ്ങൾ നിന്നു .ആ കണ്ണുകൾ എന്നോട് എന്തൊക്കെയോ പറയാതെ പറയുന്നപോലെ. പിന്നെ അഭിയേട്ടൻ തന്നെ സംസാരിച്ചു തുടങ്ങി )

“അച്ഛന്റെയും അമ്മയുടെയും ഒറ്റമകൻ ആണ് ഞാൻ. പാർട്ടിക്ക് വേണ്ടി ജീവൻ കൊടുത്ത ഒരു സഖാവിന്റെ മകൻ. പോരാളിക്ക് ലോകം നൽകിയ പേരാണ് സഖാവെന്ന് എന്നെ പഠിപ്പിച്ചത് എന്റെ അച്ഛൻ ആണ്.

പാർട്ടിക്ക് വേണ്ടി ജീവിച്ചപ്പോൾ അച്ഛൻ കുടുംബത്തിന് വേണ്ടി ജീവിക്കാൻ മറന്നു പോയി. എന്നാലും പരാതി ഇല്ല ഒരു മകനെ ഒരു അച്ഛനും ഇത്രയും അധികം സ്നേഹിച്ചിട്ടുണ്ടാവില്ല അത്രയും സ്നേഹം തന്നിട്ട് ആണ് അച്ഛൻ പോയത്…….

പരീക്ഷ എല്ലാം കഴിഞ്ഞാൽ ഞാനും അമ്മയും കൂടെ അമ്മയുടെ നാട്ടിലേക്ക് പോവും കൊല്ലത്തേക്ക് എനിക്ക് പോവാൻ ഇഷ്ടം ഉണ്ടായിട്ടല്ല അമ്മക്ക് പേടിയാ ഇവിടെ നിന്നാൽ എന്റെ ജീവിതവും അച്ഛന്റെ പോലെ ആവുമോ എന്ന് ഓർത്ത് .

ഇനിയും ആ പാവത്തിനെ വിഷമിപ്പിക്കാൻ എന്നെ കൊണ്ട് സാധിക്കില്ല ഇനിയുള്ള എന്റെ ജീവനും ജീവിതവും അമ്മക്ക് വേണ്ടി ആണ്. പിന്നെ ബാധ്യതകളും ഒരുപാട് ഉണ്ടെടോ അതിന്റെ ഇടയിൽ ഈ പ്രണയം ഒന്നും ശരിയാവില്ല ”

അവസാന വാചകം മാത്രം എവിടെയോ നോക്കി ആണ് പറഞ്ഞത്. എല്ലാം കേട്ടു മിണ്ടാതെ നിൽക്കാനേ എന്നെ കൊണ്ട് കഴിഞ്ഞേ ഉള്ളൂ.

മഴ തോർന്നതും അഭിയേട്ടനോട് യാത്ര പോലും പറയാതെ ഞാൻ ഇറങ്ങി നടന്നു. അപ്പോഴും കണ്ണുനീരിനു മാത്രം തോർന്നില്ല……

തുടരും………

(പ്രണയിച്ചവർക്ക് അറിയാം നഷ്ടപ്പെടുമ്പോൾ ഉള്ള വേദന. നമ്മുക്ക് എല്ലാവർക്കും കാണും സ്വന്തം ആക്കണം എന്ന് കരുതി വെച്ചിട്ട് നഷ്ടപ്പെട്ടു പോയ ഒരു പ്രണയം. അടിപിടി മാറ്റി ഒന്ന് എഴുതി നോക്കണം എന്ന് കരുതി എഴുതിയ കഥയാണ് എത്രത്തോളം നന്നാവും എന്ന് അറിയില്ല.Nice, waiting ഇങ്ങനെയുള്ള കമന്റ്‌ മാറ്റി എല്ലാവരും അഭിപ്രായം തുറന്നു പറയണം എന്നാലെ ഞങ്ങൾക്ക് തെറ്റുകൾ തിരുത്താൻ കഴിയൂ 🙂🙏🙏)

തുടരും..

ആദ്രിക : ഭാഗം 1

ആദ്രിക : ഭാഗം 2