Wednesday, January 22, 2025
Novel

എന്നും രാവണനായ് മാത്രം : ഭാഗം 9

എഴുത്തുകാരി: ജീന ജാനകി

സച്ചുവേട്ടനും രാജിയും പൊരിഞ്ഞ ചർച്ചയിലാണ്…. “ഏട്ടാ….. കണ്ണേട്ടനെക്കാണുമ്പോൾ ചക്കിടെ വിറയിൽ കണ്ടോ ?” “അതുമാത്രമല്ല മോളേ… അവളെക്കാണുമ്പോൾ ചേട്ടായിടെ കണ്ണിൽ വല്ലാത്തൊരു തിളക്കം നീ ശ്രദ്ധിച്ചിരുന്നോ? അത് മറയ്കാനാണോ ഈ ദേഷ്യം എന്നെനിക്ക് സംശയമുണ്ട്…..” “രണ്ടിനേയും ഒന്നിച്ചു കൂട്ടിക്കെട്ടാൻ വല്ല മാർഗവും ഉണ്ടോ….?” “നോക്കാം നമുക്ക്……” മീനാക്ഷിയമ്മയുടെ വിളി വന്നപ്പോൾ രണ്ടും അകത്തേക്ക് പോയി….. ************* എല്ലാവരും ഡൈനിങ് ടേബിളിൽ ഇരുന്നു…. ഞാൻ വിളമ്പാം എന്ന് പറഞ്ഞെങ്കിലും അമ്മ സമ്മതിച്ചില്ല…..

നല്ല മൊരിഞ്ഞ ചൂട് ദോശയും ചട്ണിയും പ്ലേറ്റിൽ നിരത്തി…… ഐവാ…… ഞാൻ ആസ്വദിച്ചു കഴിക്കാൻ തുടങ്ങി… എന്നാ ഒരു ടേസ്റ്റാ….. ഞാൻ നോക്കുമ്പോൾ രാജിയും സച്ചുവേട്ടനും എന്നെ നോക്കി ആക്കിച്ചിരിക്കുന്നു…. ഇടയ്ക്ക് കടുവയേം നോക്കുന്നു… കടുവയാണേൽ ഇതൊന്നും അറിയാതെ ദോശ അണ്ണാക്കിലേക്ക് എടുത്ത് കമിഴ്ത്തുവാണ്…. അച്ഛനും അമ്മയും കഴിച്ച ശേഷം എണീറ്റ് പോയി… ഇപ്പോൾ ഞങ്ങൾ നാല് പേരും ഇരുന്നു മത്സരത്തീറ്റി…. രാജിത്തെണ്ടീടെ കിണി കണ്ട് ഞാൻ എന്റെ കാല് നീട്ടി അവളുടെ കാലിൽ ആഞ്ഞൊരു ചവിട്ട് കൊടുത്തു…. “ആഹ്……” കടുവയുടെ അലർച്ച കേട്ടപ്പോൾ എനിക്ക് കാര്യം മനസ്സിലായി…. ചവിട്ടിച്ചതച്ചത് ഈ കാലന്റെ കാലായിരുന്നു എന്ന്…..

കടുവ കുനിഞ്ഞു ടേബിളിനടിയിൽ നോക്കും മുൻപ് ഞാൻ കാല് ഉള്ളിലേക്ക് വലിച്ച് ഒന്നും അറിയാത്ത ഭാവത്തിൽ അങ്ങേരെ നോക്കി ഇരുന്നു…. കടുവ ഞങ്ങൾ മൂന്നുപേരെയും സൂക്ഷിച്ചു നോക്കി… എന്നിട്ട് വേഗം കഴിച്ചു തീർത്തിട്ട് എണീറ്റ് പോയി…. അങ്ങേര് പോയതും ഞാനും രണ്ടിനേയും കൂർപ്പിച്ചു നോക്കിയ ശേഷം അടുക്കളയിൽ പോയി… ഇതുങ്ങള് രണ്ടും ആ കടുവയ്ക് പണിയുണ്ടാക്കും…. ഞാൻ പാത്രവും കഴുകിയ ശേഷം അച്ഛന്റെ അടുത്ത് പോയി… അച്ഛൻ വാഴയ്ക്ക് തടം വെട്ടുകയായിരുന്നു….. “അച്ഛാ….. കടുവ….. ശ്ശ്…. സോറി… അച്ഛന്റെ മൂത്ത മോൻ ഭയങ്കര വൃത്തിരാക്ഷസനാണ് അല്ലേ…..” ഇത് കേട്ട് അച്ഛൻ ചിരിച്ചു….

“എടീ കാന്താരി അവൻ കേൾക്കണ്ട…. അവന് ഈ വൃത്തിപ്രാന്ത് എന്റേന്ന് കിട്ടിയതാ…. പട്ടാളക്കാരൻ ആയോണ്ട് എനിക്കെല്ലാം അടുക്കും ചിട്ടയും വേണം…..” “അച്ഛൻ പട്ടാളത്തിലാർന്നോ…. എന്നിട്ടും എന്ത് സ്നേഹത്തിലാ സംസാരിക്കണേ…. ശരിക്കും അച്ഛന്റെ മോനാ പോകേണ്ടത്…. വെടി പൊട്ടും പോലെയല്ലേ അലർച്ച…. ഹും….” അച്ഛൻ പൊട്ടിച്ചിരിച്ചു….. ഞാനും… എന്തോ എനിക്ക് അച്ഛനെ വല്യ ഇഷ്ടായി… എന്റെ അച്ഛയെപ്പോലെ തന്നെ….. “അച്ഛാ….. ആ സാധനം എന്താ ഇങ്ങനെ കാട്ടുപോത്ത് ആയിപ്പോയത് ?” അച്ഛന്റെ ചിരിയിൽ ഒരു വിഷാദം കലർന്നത് ഞാൻ അറിഞ്ഞു… അദ്ദേഹം എന്റെ അടുത്ത് വന്നിരുന്നു…..

“മോൾക്ക് അറിയോ ഒരു പട്ടാളക്കാരൻ അവന്റെ ജീവിതത്തിന്റെ നല്ല സമയം മുഴുവൻ ചിലവഴിക്കുന്നത് സ്വന്തം രാജ്യത്തിന് വേണ്ടി ആണ്….. എന്റെ കുഞ്ഞിന്റെ വളർച്ച കാണുവാനോ അവന്റെ അടുത്തിരുന്ന് സ്നേഹത്തോടെ ചേർത്ത് പിടിച്ചു ഇഷ്ടങ്ങൾ ചോദിച്ചറിയുവാനോ എനിക്ക് കഴിഞ്ഞിരുന്നില്ല…… ഭാഗ്യത്തിന് കിട്ടുന്ന ലീവിന് വീട്ടിലേക്ക് വരുമ്പോൾ മനസ്സിൽ മഞ്ഞുമഴ പെയ്യുന്നൊരു സുഖമാ….. വർഷങ്ങളായുള്ള അപരിചിതത്വം എന്റെ കണ്ണന് മാറി വരും മുൻപേ എനിക്ക് തിരിച്ചു പോകാറാകും….. നിറകണ്ണുകളോടെ നിൽക്കുന്ന എന്റെ മീനുവിനോടും എന്റെ കുഞ്ഞിനോടും യാത്ര പറഞ്ഞു പോകുമ്പോൾ തിരിഞ്ഞ് നോക്കാറില്ല ഞാൻ….

എന്റെ കണ്ണുകൾ നിറയുന്നത് അവർക്ക് സഹിക്കില്ലെന്ന് അറിയുന്നത് കൊണ്ട് തന്നെ… തിരികെ വന്നാൽ ഉടനെ ജോലിയിൽ കയറണം…. മഞ്ഞിലും മണ്ണിലും കിടന്നു കണ്ണൊന്ന് അടയ്ക്കുന്ന സമയം ഓടിവരുന്ന ഓർമ്മകൾക്ക് എല്ലാം എന്റെ കണ്ണന്റെ മുഖമായിരുന്നു…. എന്റെ കുഞ്ഞിന് ഒരച്ഛന്റെ വാത്സല്യം കൊടുക്കേണ്ട സമയത്ത് ഞാൻ രാജ്യത്തെ സേവിച്ചു….. ഒരായുസ്സ് മുഴുവൻ രാജ്യത്തിനായി നൽകി മടങ്ങിയെത്തിയപ്പോഴേക്കും അവൻ ഒത്തിരി വളർന്നിരുന്നു….. എന്റെ സച്ചുവിനേക്കാൾ പ്രാണനായിരുന്നു എനിക്കവൻ…. അവനായിരുന്നു എന്റെ സ്വപ്നം… അവൻ ഒത്തിരി ഉയരത്തിൽ എത്തുമെന്ന് ഞാൻ മോഹിച്ചിരുന്നു…. പക്ഷേ എന്റെ ആ സ്വപ്നം തകർന്നു വീണു….

പ്ലസ് വണ്ണിന് അഡ്മിഷൻ എടുക്കാൻ പോയ സമയത്ത് അടിപിടി കേസിന്റെ പേരിൽ പോലീസ് അവനെ എന്റെ മുന്നിലൂടെ കൊണ്ട് പോയപ്പോൾ ഒരു അച്ഛൻ എന്ന രീതിയിൽ ഞാൻ പരാജയപ്പെട്ടുപോയെടാ….. അതോടെ ഞാൻ അവനിൽ നിന്നും അകന്നു… പക്ഷെ അവൻ എന്റെ അടുത്ത് വരും എന്നൊരു വിശ്വാസമുണ്ടായിരുന്നു… അവന് അവന്റെ വാശിയായിരുന്നു വലുത്…. അവൻ ഓരോ തവണ തെറ്റ് ചെയ്യുമ്പോഴും ഒരു അച്ഛൻ എന്ന നിലയിൽ ഞാൻ തോറ്റു പോവുകയാണ് മോളേ….” അച്ഛൻ തോർത്തെടുത്ത് കണ്ണുകൾ ഒപ്പി… “പക്ഷേ എന്റെ കണ്ണന്റെ ഉള്ളിൽ നിറയെ സ്നേഹമുണ്ട്… പുറത്ത് കാട്ടില്ല… ഞങ്ങൾക്ക് സുഖമായി ജീവിക്കാനുള്ള വക അവൻ ഉണ്ടാക്കിയിട്ടുണ്ട്…

പിന്നേം ഈ വെയിലത്ത് ജോലി ചെയ്യുന്നത് അവനിഷ്ടല്ല…. അവന്റെ ജീവൻ അവന്റെ അമ്മയാണ്…. അവൾക്കും അങ്ങനെതന്നെ… കണ്ണനാണ് അവളുടെ പ്രാണൻ… അവൻ ദേഷ്യപ്പെടും അവന്റെ മീനൂട്ടിയോട്. പക്ഷേ വേറൊരാൾ അവളെ വേദനിപ്പിച്ചാൽ അവരെ അവൻ കൊല്ലും…. അതിനി ഞാൻ ആണെങ്കിലും… അത്രയ്ക്കിഷ്ടാ അവളെ…. പക്ഷേ എനിക്കെന്റെ കുഞ്ഞിനോട് ഇഷ്ടക്കുറവൊന്നൂലാട്ടോ…. അത് പ്രകടിപ്പിക്കണം എന്നുണ്ട്. അവൻ എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ല… മക്കളോടും ഭാര്യയോടും ഒരുമിച്ചിരുന്ന് തമാശയൊക്കെ പറഞ്ഞു ഒരു നേരത്തെ ആഹാരം കഴിക്കണമെന്നും അവരെ ഊട്ടണമെന്നും ഈ അച്ഛന്റെ നെഞ്ചിലെ ഏറ്റവും വലിയ മോഹമാണ്…

അത് ഈ ജന്മം സാധിക്കുമോ എന്നറിയില്ല…. ഒത്തിരി ഇഷ്ടാ മോളേ ഈ അച്ഛന് എന്റെ കണ്ണനെ…..” ഞാൻ അച്ഛന്റെ രണ്ടു കൈകളും കൂട്ടിപ്പിടിച്ചു… “അച്ഛന്റെ ആഗ്രഹം പോലെ എല്ലാം നടക്കും… കടുവയെ മ്മക്ക് പൂച്ചക്കുട്ടിയാക്കാം… എന്നിട്ട് അച്ഛനേം കൊണ്ട് തൃശ്ശൂർ ഫുൾ ബുള്ളറ്റിൽ റൗണ്ട് അടിപ്പിക്കാം… എപ്പടി……” അച്ഛൻ ഒന്ന് ചിരിച്ചു…. “നീ ആള് കൊള്ളാലോടീ കുറുമ്പി… ” “അതേല്ലേ…. എനിക്കും തോന്നി… പട്ടാളം വന്നാട്ടേ… മ്മക്ക് വീട്ടിലോട്ടു മാർച്ച് ചെയ്യാം…” ഞാനും അച്ഛനും വീട്ടിലോട്ടു പോയി… കടുവ എവിടെയോ പോയിരുന്നു… ഊണൊക്കെ അവിടുന്നായിരുന്നു….. ************ വൈകുന്നേരം ആയപ്പോൾ മീനൂട്ടി എന്നെ പിടിച്ചു പടിയിൽ ഇരുത്തി… തൊട്ട് മുകളിലെ പടിയിൽ മീനൂട്ടിയും….

അടുത്ത് ഒരു കുപ്പിയിൽ നിറയെ എണ്ണ… രാജിത്തെണ്ടി നിന്ന് കിണിക്കുവാണ്… എനിക്കാണേൽ ഒന്നും മനസിലായില്ല… “എന്തിനാ അമ്മേ ഇത്….” “എണ്ണ എന്തിനാടീ കാന്താരി… തലയിൽ തേയ്കാനല്ലാതെ… ” ഓഹ്…ഗോഡ്…. തലയിൽ എണ്ണ തേയ്കാൻ മടിച്ചിയായ എന്റെ തലയിലോ… ചുമ്മാതല്ല പന്നി നിന്ന് കിണിച്ചത്…. “അമ്മേ…. അത്…ഞാൻ.. എണ്ണയൊന്നും തേയ്കാറില്ല….” “അതാണ് ഇങ്ങനെ മുടിയ്ക് ഉള്ളില്ലാത്തത്…. അടങ്ങിയിരിക്ക് ചക്കീ…..” “അമ്മേ … പ്ലീസ് അമ്മേ… എണ്ണ വേണ്ട… എന്റെ പൊന്നു മീനൂട്ടി അല്ലേ…..” “രാജീ….. മോളേ ആ ചെമ്പരത്തിന്ന് ഒരു കമ്പൊടിച്ച് എടുക്ക്….” “അയ്യോ… എന്നെ തല്ലല്ലേ അമ്മേ…. ഞാൻ നല്ല കുട്ടി ആയിക്കോളാം…. ഞാൻ അമ്മേട മോനെ കടുവേന്ന് വിളിക്കൂലമ്മേ… ഞാൻ മാവിൽ വലിഞ്ഞ് കേറൂലമ്മേ…. പ്ലീസ്….” അമ്മയും രാജിയും പൊട്ടിച്ചിരിച്ചു…

“അമ്മേടെ ചക്കി മോളല്ലേ…. അമ്മ പറഞ്ഞാൽ കേൾക്കൂലേ…..” ഞാൻ അമ്മേടെ മുഖത്ത് നോക്കി തലയാട്ടി.. മീനൂട്ടി പുഞ്ചിരിച്ചോണ്ട് എന്റെ നെറുകയിൽ ചുംബിച്ചു… ഞാൻ അമ്മയെ കെട്ടിപ്പിടിച്ചു… “ഓഹ്… ഇപ്പോ ഞാൻ ഔട്ടായോ….” രാജി ചിറി കോട്ടി പറഞ്ഞു… “ഇങ്ങ് വാടീ കുശുമ്പിപ്പാറൂ…. ” അമ്മ കൈനീട്ടിയതും അവൾ ഓടിവന്ന് ഞങ്ങളെ കെട്ടിപ്പിടിച്ചു… സന്തോഷം കൊണ്ട് എന്റെ കണ്ണൊക്കെ നിറഞ്ഞു… പക്ഷേ അത് ഒരുപാട് നീണ്ടുനിന്നില്ല… അമ്മ എണ്ണ കൈയിലേക്ക് ഒഴിച്ചു… എന്നിട്ട് അഴിച്ചിട്ട എന്റെ മുടിയിലേക്ക് തേച്ച് മസാജ് ചെയ്യുവാൻ തുടങ്ങി… തേച്ചപ്പോൾ നല്ല തണുപ്പായിരുന്നു… എനിക്കിഷ്ടായി… “ഇതെന്ത് എണ്ണയാ അമ്മേ…” “കാച്ചിയതാ …. തേങ്ങ ആട്ടിയെടുത്ത എണ്ണയിൽ കുറച്ച് ചെടികൾ ചേർത്ത് കാച്ചി എടുത്തതാ….” “എന്തൊക്കെ ചേർക്കും ?”

“കൃഷ്ണതുളസി , കീഴാർനെല്ലി , കുറുന്തോട്ടി, കറ്റാർവാഴ ചെത്തിയത്, എല്ലാം കൂടി നന്നായി ഉണക്കും…. ആ ഉണങ്ങിയത് എണ്ണയിലിട്ട് കാച്ചും…. നല്ലതാ…. തലയ്ക്കു നല്ല തണുപ്പ് കിട്ടും , തലമുടിയ്ക് നല്ല കറുപ്പ് നിറം കിട്ടും… മുടിയ്ക്ക് ഉള്ളുണ്ടാകും… നല്ല പോലെ വളരും..” “എങ്കിൽ തേച്ചോ…..” “ആം…. തേച്ചു കഴിഞ്ഞു… ഇനി കുറച്ചു നേരം കഴിഞ്ഞ് കുളിക്കാം…. എണ്ണയൊന്ന് പിടിക്കട്ടെ….” രാജീടെ മുടിയിലും അമ്മ എണ്ണ തേച്ചു… ഞാനും രാജിയും ഒരമ്മ പെറ്റ അളിയന്മാരെ പോലെ മുടിയും കെട്ടി നിൽപ്പാണ്…. “ടീ ചക്കീ…. നീ ഇവിടത്തെ കുളം കണ്ടിട്ടുണ്ടോ?” “ഏയ്…. ഇല്ലെടാ….” “വാ…. കാണിച്ചു തരാം… അപ്പോഴേക്കും മുടിയിൽ എണ്ണ പിടിക്കും….” ഞാനും അവളും അവിടേക്ക് പോയി…. നല്ല അടിപൊളി കുളം…

കണ്ടാൽ എടുത്തു ചാടി നീന്താൻ തോന്നും… പക്ഷേ ഞാൻ എന്റെ ആഗ്രഹം അടക്കി….. വേറൊന്നും കൊണ്ടല്ല… എനിക്ക് നീന്താൻ അറിയില്ല…. അത്ര തന്നെ…. പടിക്കെട്ടിലിരുന്ന് പാവാട കുറച്ചു ഉയർത്തി കാലും വെള്ളത്തിലിട്ട് ഇരുന്നു…. കാല് അനക്കാതെ വയ്ക്കുമ്പോൾ മീനുകൾ അടുത്ത് വരും… അപ്പോൾ കാലിട്ട് ഇളക്കും… മീനൊക്കെ വന്നതിന്റെ ഇരട്ടി വേഗത്തിൽ അണ്ടർഗ്രൗണ്ടിലേക്ക് ഊളിയിടും….. കൊള്ളാലോ കളി…. ഒരു മനസ്സുഖം….. “ചക്കീ…. കുളം ഇഷ്ടായോ ” “അതെന്ത് ചോദ്യാടീ…. എന്ത് രസാ ഇവിടെ.. കുളിക്കാൻ തോന്നുന്നു… പക്ഷേ നീന്തൽ അറിയില്ലല്ലോ.” “നീ പടിയിൽ നിന്ന് കുളിക്ക്……” “അയ്യേ…. ഇവിടെ നിന്ന് എങ്ങനെയാ കുളിക്കുന്നേ….” “ഇവിടുള്ള മിക്കവരും ഇതിലാണ് കുളിക്കുന്നേ….. അതോണ്ട് നീ അങ്ങനെ പേടിക്കേണ്ട….” “പക്ഷേ ഡ്രെസ്സൊന്നൂല്ലല്ലോ….”

“നീയിവിടെ ഇരിക്ക്… ഞാൻ സച്ചുവേട്ടനേം കൂട്ടി വീട്ടിൽ പോയി ഡ്രെസ്സും എടുത്തോണ്ട് വരാം…..” “ശരി…. വേഗം വരണേ…..” “ആഹ്…. ഏട്ടന്റെ ബൈക്കിൽ പോകാം….” അവൾ ഓടി ഡ്രെസ്സെടുക്കാൻ പോയി… ഞാൻ വീണ്ടും കുളത്തിൽ കാലിട്ട് മീനിനെ ഓടിക്കാൻ തുടങ്ങി…. കുറച്ചു കഴിഞ്ഞപ്പോൾ മ്മടെ ഖൽബ് ചെണ്ട കൊട്ടാൻ തുടങ്ങി… ഇതെന്താ കഥ…. പെട്ടെന്ന് എന്താ ഒരു ഉൾപ്പുളകം…. തല വെട്ടിച്ച് ഒന്ന് എണീറ്റ് നോക്കിയതേ ഉള്ളൂ….. തലയിലെ കിളികൾ കൂടും തല്ലിപ്പൊളിച്ച് ഇറങ്ങി ഓടി… കടുവ ഒരു തോർത്തും തോളിലിട്ട് സോപ്പ് പെട്ടിയും കൊണ്ട് വരുവാ…. മുണ്ടൊക്കെ മടക്കി കുത്തിയിട്ടുണ്ട്…. നഗ്നമായ നെഞ്ചിൽ രോമങ്ങൾ പറ്റിച്ചേർന്നു കിടക്കുന്നു…. ശ്ശോ എന്റെ കണ്ണാ…. ഇങ്ങേരെന്റെ കണ്ട്രോൾ കളയും… കടുവ ചുന്ദരനാല്ലേ…. ഛേ…. കാര്യത്തിന് പുറത്ത് പോയി….

അതല്ലല്ലോ ഇവിടുത്തെ പ്രശ്നം… ഇയാളിപ്പോ എന്നെ കാണൂല്ലേ…. ഇയാൾക്ക് വീട്ടിൽ കുളിച്ചൂടേ….. ഏത് വഴി ഓടും…. മുങ്ങി നിൽക്കാൻ നീന്തലും വശമില്ല…. അറിയാരുന്നേൽ പടച്ചോനെ ഇങ്ങള് കാത്തോളീൻ എന്ന് വിളിച്ചോണ്ട് ചാടാർന്നു…. എങ്ങോട്ട് നോക്കിയാലും വെള്ളം… അയാം ട്രാപ്പ്ട്…. കടുവ മുന്നോട്ട് വരുന്നതിനനുസരിച്ച് ഞാൻ തലതാഴ്ത്തി ഓരോ പടിയും താഴോട്ട് ഇറങ്ങി….. അധികം താമസിച്ചില്ല…. പാവാടയിൽ തട്ടി നേരേ കുളത്തിൽ…. ‘ബ്ളും……’ വായിലും മൂക്കിലും വെള്ളം കയറി…. താണു പോകാതിരിക്കാൻ കയ്യും കാലും ഇട്ടടിക്കാൻ തുടങ്ങി… കണ്ണിൽ പതിയെ ഇരുട്ട് കയറാൻ തുടങ്ങി…. ബോധം മറയും മുൻപ് കടുവ പാഞ്ഞുവന്നു വെള്ളത്തിലേക്ക് ചാടുന്നത് കണ്ടു…..

എന്തോ കുളത്തിൽ കുളിക്കാൻ തോന്നിയത് കൊണ്ടാണ് നേരേ തോർത്തും സോപ്പും എടുത്തോണ്ട് അങ്ങോട്ട് വെച്ച് പിടിച്ചത്…. കുളത്തിന്റെ അടുത്ത് എത്തിയപ്പോൾ ചക്ക വെട്ടിയിട്ട പോലെ എന്തോ കുളത്തിൽ വീഴുന്ന ശബ്ദം കേട്ടു…. ഞാൻ നോക്കുമ്പോൾ ജാനകി വെള്ളത്തിൽ കയ്യും കാലും ഇട്ടടിക്കുന്നതാണ് കണ്ടത്…. വേറൊന്നും ആലോചിച്ചില്ല… മരണവെപ്രാളത്തിൽ പിടയുന്ന അവളുടെ രൂപം മാത്രമേ കണ്ടുള്ളൂ… ബോധം മറയും മുൻപേ അവൾ നോക്കിയ നോട്ടം….. നെഞ്ചിൽ കൊളുത്തി വലിക്കും പോലെ തോന്നി…. വെള്ളത്തിൽ നിന്നും കോരിയെടുത്തപ്പോൾ വാടിയ താമരത്തണ്ട് പോലെ കുഴഞ്ഞ് അവളെന്റെ കൈകളിൽ കിടന്നു…. പടിക്കെട്ടിൽ കൊണ്ട് കിടത്തി കവിളിൽ പതിയെത്തട്ടി….

വെള്ളം കുറച്ച് കുടിച്ചെന്ന് തോന്നുന്നു… വെള്ളം എങ്ങനെ കളയും… രാജിയും ഇല്ല…. ആലോചിച്ച് നിൽക്കാൻ സമയമില്ല…. ദാവണിയായിരുന്നു അവളുടുത്തിരുന്നത്…. ഷാളൊക്കെ വല്ലാണ്ട് കുതിർന്ന് ദേഹത്തോട് ഒട്ടിക്കിടക്കുന്നു….. ഞാൻ പതിയെ അവളുടെ കൈകൾ രണ്ടും അവളുടെ തന്നെ വയറിന് മുകളിൽ വച്ചു… എന്നിട്ട് ആ കൈകളിൽ അമർത്താൻ തുടങ്ങി….. വായിൽ കൂടി കുടിച്ച വെള്ളം മുഴുവൻ പുറത്തേക്ക് പോയതും അവളൊന്നു ചുമച്ചു… ഞാൻ പെണ്ണിന്റെ കവിളിൽ തട്ടി വിളിച്ചു… “ജാനകീ…… ” ഹോ ഭാഗ്യം കുരുപ്പ് കണ്ണുമിഴിക്കണുണ്ട്…. പതിയെ ഞാൻ അവളെ പിടിച്ചിരുത്തി… പെട്ടെന്ന് അവളെന്നെ കെട്ടിപ്പിടിച്ചു… എന്റെ നെഞ്ചിൽ മുഖമമർത്തി കരയാൻ തുടങ്ങി… നല്ല പോലെ പേടിച്ചിട്ടുണ്ട്…. ഞാൻ പതിയെ അവളുടെ പുറത്ത് തട്ടി ആശ്വസിപ്പിച്ചു…. പെട്ടെന്ന് തന്നെ അവൾ അകന്നു മാറി…. എനിക്കും എന്തോ ജാള്യത തോന്നി….

സ്വർഗ്ഗത്തിലെത്തിയെന്ന് വിചാരിച്ചു കിടന്നപ്പോളാ ആരോ തട്ടിവിളിക്കുന്നത് അറിഞ്ഞത്…. കണ്ണും മിഴിച്ചു നോക്കിയപ്പോൾ മുന്പിൽ കടുവ… തലയ്ക്കു ചുറ്റും വെളിച്ചം കറങ്ങുന്ന പോലൊക്കെ തോന്നി… കണ്ണാ…. കടുവ മാലാഖയായോ…. ഒന്നൂടെ ശരിക്കും നോക്കിയപ്പോൾ മനസ്സിലായി… തട്ടിപ്പോയില്ല… കടുവ രക്ഷിച്ചു…. പേടിച്ചു പോയിരുന്നു ഞാൻ… എന്ത് വികാരത്തിലാണ് അങ്ങേരെ കെട്ടിപ്പിടിച്ചതെന്ന് അറിയില്ല… ആ നെഞ്ചിലെ ചൂട് പറ്റി നിന്നപ്പോൾ വല്ലാത്തൊരു സുരക്ഷിതത്വം എനിക്ക് അനുഭവപ്പെട്ടു…. എന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ചപ്പോഴാണ് എനിക്ക് ശരിക്കും ചെയ്ത പ്രവൃത്തിയെക്കുറിച്ച് ബോധ്യമായത്… പെട്ടെന്ന് തന്നെ ഞാൻ അകന്നു മാറി… ശ്ശോ എന്ത് ചെയ്യും…

എനിക്കെന്നെ നഷ്ടപ്പെടും മുൻപ് എന്തെങ്കിലും ചെയ്യണം… ഇനി ഒരേയൊരു മാർഗമേ ഉള്ളൂ…. അങ്ങോട്ട് ആക്രമിക്കാം… കടുവ വേറെങ്ങോട്ടോ നോക്കി ഇരിക്കുകയാണ്….. “ടോ……” കടുവ എന്നെ മിഴിച്ചു നോക്കി…. “എന്താ നോക്കുന്നേ… തന്നോട് തന്നെ… ” കടുവയുടെ മുഖം ചുവന്നു…. “എന്താടീ……” “തനിക്ക് വീട്ടിൽ കുളിച്ചൂടേ….. എന്തിനാ ഇങ്ങോട്ട് കെട്ടിയെടുത്തത് ?” “ഞാൻ കുളിക്കുന്നിടത്ത് നീയെന്തിനാ വലിഞ്ഞ് കയറി വന്നത് ?” “തന്റെ പേരിലെഴുതിത്തന്നതാണോ ?” “ആണെങ്കിൽ …. ഞാൻ ഇവിടെ ഇഷ്ടമുള്ളപ്പോൾ വരും… നീ കൊണ്ടോയി കേസ് കൊടുക്ക്…. ഞാൻ വന്നില്ലാരുന്നേൽ കാണാരുന്നു…..” “തന്നോട് ഞാൻ പറഞ്ഞോ എന്നെ രക്ഷിക്കാൻ ?” “പിന്നെ കയ്യും കാലും അടിച്ചു മേലോട്ട് നോക്കി മേക്കോന്ന് അലറിയത് എന്തിനാണാവോ ?” “അതെനിക്ക് തോന്നിയിട്ട്…..”

“അങ്ങനെ നീ തോന്നിച്ചെയ്തതിനെ ഇവിടെ പറയുന്നത് മരണവെപ്രാളം എന്നാ…..” “ഓഹ്…. ഒരു രക്ഷകൻ… തന്നെ കണ്ട് പേടിച്ച് താഴോട്ട് ഇറങ്ങിയോണ്ടാ ഞാൻ വെള്ളത്തിൽ വീണത്……” “ഞാനെന്താ നിന്നെ പിടിച്ചു തിന്നോ ?” “ചിലപ്പോൾ തിന്നാലോ…..” “നീയെന്തിനാടീ തനിയെ ഇങ്ങോട്ട് വന്നത്….” “കുളിക്കാൻ… തനിയെ അല്ല… രാജി ഡ്രെസ്സെടുക്കാൻ പോയിരിക്കുവാ…..” “നീന്തലും അറിയാതെ വെള്ളത്തിൽ ചാടാൻ വന്നിരിക്കുവാ ജലകന്യക…..’ “അതേ…… ” “ശ് ശ്…. മിണ്ടരുത്… മിണ്ടിയാൽ ഞാൻ നിന്നെ ഈ കുളത്തിൽ എടുത്തു എറിയും… കേറിപ്പോടീ വീട്ടിൽ…..” ഓഹ്….

ബോധമില്ലാത്ത കടുവയാ…. നീന്തലും അറിയില്ല…. പോകുന്നതാ ബുദ്ധി…. ഞാൻ നനഞ്ഞൊട്ടി നടക്കാൻ തുടങ്ങി…. “ടീ…. അവിടെ നിൽക്ക്….” ഞാൻ തിരിഞ്ഞു നോക്കാതെ അവിടെ തന്നെ നിന്നു… കടുവ അടുത്തേക്ക് വന്നു…. എനിക്കാണേൽ ആകപ്പാടെ ഒരു പരവേശം…. പെട്ടെന്ന് തന്നെ പുള്ളി ആ തോർത്ത് എടുത്തു എന്നെ പുതപ്പിച്ചു…. ഞാനാണേൽ ആരാ ഇപ്പോ പടക്കം പൊട്ടിച്ചേ ആ അവസ്ഥയിലും….. “ടീ സ്വപ്നജീവി…. വീട്ടിൽ പോടീ….” കടുവയുടെ അലർച്ച കേട്ടതും ഞാൻ വീട്ടിലേക്കോടി…..

(തുടരും)

എന്നും രാവണനായ് മാത്രം : ഭാഗം 8