Tuesday, January 7, 2025
Novel

അറിയാതെ : ഭാഗം 33

നോവൽ
എഴുത്തുകാരി: അഗ്നി


സംസാരിച്ചതിന് ശേഷം ആ സ്ത്രീ ഒരു ഓട്ടോ വിളിച്ച് എങ്ങോട്ടേക്കോ പോയി…കാശി ആശുപത്രിയിലേക്കും തിരിച്ചു… അവൻ ആശുപത്രിയിൽ ചെല്ലുമ്പോൾ കാണുന്നത് രണ്ടുകുഞ്ഞുങ്ങളെയും തന്റെ വലതു കൈക്കുള്ളിൽ ചേർത്ത് വച്ച് ഉറക്കുന്ന സൈറയെയാണ്… ബാക്കിയുള്ളവരെ ചുറ്റും നോക്കിയെങ്കിലും അവൻ ആരെയും കണ്ടില്ല….സൈറയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു….

എന്നാൽ അത് തന്റെ സ്വന്തം മക്കളെ ചേർത്ത് പിടിക്കുമ്പോൾ അവളിൽ ഉണ്ടാകുന്ന മാതൃസഹജമായ വികാരത്തിൽ നിന്നും ഉടലെടുത്ത സന്തോഷത്തിന്റെ നീർമുത്തുകളാണെന്ന് അവന് മനസ്സിലായിരുന്നു….. കാശി വന്നത് മനസ്സിലായെന്നോണം അവൾ പതിയെ അവളുടെ തല ചലിപ്പിക്കുവാൻ ശ്രമിച്ചു…എന്നാൽ അതിന് മുന്നേ തന്നെ അവൻ അവളുടെ അടുക്കലേക്ക് എത്തിയിരുന്നു….

അവൾ അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കിയിരുന്നു…അവളുടെ കണ്ണുകളിൽ തിങ്ങി നിന്നിരുന്ന പരിഭവത്തെ അവൻ അവളുടെ നെറ്റിയിൽ തന്റെ ചുണ്ടുകളാൽ അർപ്പിച്ച മുദ്രണത്താൽ മാറ്റിയിരുന്നു… ഉറങ്ങി കിടന്ന കുഞ്ഞുങ്ങളെ അവൻ ശ്രദ്ധയോടെ എടുത്ത് അപ്പുറത്തുള്ള ബെഡിൽ കിടത്തി…വശങ്ങളിലായി തലയിണയും വച്ചു..സൈറ ഇതെല്ലാം നോക്കിക്കൊണ്ടിരുന്നു…. കാശി അവളുടെ അടുക്കലേക്ക് ചെന്നു…കുഞ്ഞുങ്ങൾ കിടന്ന ഭാഗത്ത് അവൻ ചാരി ഇരുന്നു…എന്നിട്ട് അവൻ അവളുടെ തല പതിയെ എടുത്ത് തന്റെ നെഞ്ചിലേക്ക് ചായ്ച്ചു…. “മറിയാമ്മേ….”

അവൻ പതിയെ വിളിച്ചു… “മ്മ്…..”…അവൾ പതിയെ മൂളി….. “എന്നോട് പിണക്കമുണ്ടോ……” ഇല്ലാ എന്നുള്ള രീതിയിൽ അവൾ തന്റെ തലയെ ചലിപ്പിച്ചു….. “സോറീടാ… നിന്നോട് എല്ലാം തുറന്ന് പറയാനുള്ള സാഹചര്യം ഉണ്ടായില്ല…പിന്നെ അതെല്ലാം എന്റെ ജീവിതത്തെ സംബന്ധിച്ചിടത്തോളം അടഞ്ഞ അധ്യായങ്ങളായിരുന്നു….അതുകൊണ്ടാണ് സത്യം ഞാൻ അറിഞ്ഞപ്പോൾ തന്നെ പാത്തുവിന്റെ ഡയറിയിൽ ഉണ്ടായിരുന്ന ആ പേജുകൾ ഞാൻ നശിപ്പിച്ചത്.. പക്ഷെ സത്യങ്ങളെ എല്ലാക്കാലത്തും മൂടിവയ്ക്കാൻ കഴിയില്ലല്ലോ….” “രൂദ്രേട്ടൻ അതൊന്നും ഓർത്ത് ഇനി വിഷമിക്കേണ്ട….”

“അറിയാതെ””യാണെങ്കിലും നമ്മൾ ഒന്നിച്ചില്ലേ…ഇവരുടെ യഥാർത്ഥ മാതാപിതാക്കൾ തന്നെ കൂടിച്ചേർന്നില്ലേ…” കാശി ഒന്ന് മൂളിക്കൊണ്ട് അവളുടെ മുറിഞ്ഞ കവിളിൽ ഒന്ന് ചുംബിച്ചു….അവൾ അവന്റെ ഷർട്ടിൽ മുറുകെ പിടിച്ചു…പിന്നെ പതിയെ പതിയെ ആ നെഞ്ചിന്റെ ചൂട് പറ്റി അവളുറങ്ങിപ്പോയി… ആശുപത്രിയിൽ പകൽ സമയം കൂട്ടായ് ജാനകിയും മിയയും നിന്നു…ആദിയും ആമിയും ആശുപത്രിയിൽ നിന്ന് പോരാൻ കൂട്ടാക്കുന്നതെയില്ലായിരുന്നു….

കാശി അവധിയെടുക്കാം എന്ന് പറഞ്ഞെങ്കിലും ജാനകി സമ്മതിച്ചില്ല…അതിനാൽ പകൽ സമയം ജാനകിയും മിയയും കുഞ്ഞുങ്ങളും ആശുപത്രിയിൽ നിന്നു…വൈകുന്നേരം കാശിയും… കാശി വരുമ്പോഴേക്കും കുഞ്ഞുങ്ങളുമായി അവർ ഫ്‌ളാറ്റിലേക്ക് പോകും..കുഞ്ഞുങ്ങൾ പോകാൻ വിസ്സമ്മതിക്കുമെങ്കിൽ പോലും എന്തെങ്കിലും പറഞ്ഞ്‌ അവരുടെ ശ്രദ്ധയെ തിരിച്ച് അവർ കുഞ്ഞുങ്ങളുമായി മടങ്ങും.. ****************************** ഒരാഴ്ചയ്ക്ക് ശേഷം സൈറയെ ഡിസ്ചാർജ് ചെയ്തു…..

അവളെ നേരെ അവരുടെ ഫ്ലാറ്റിലേക്കാണ് കൊണ്ടുപോയത്….. കുഞ്ഞുങ്ങളെ നോക്കുവാൻ രാധമ്മയും ജാനമ്മയും ഉണ്ടായിരുന്നത് കൊണ്ട് കാശിയ്ക്കും സൈറയ്ക്കും ബുദ്ധിമുട്ടുണ്ടായില്ല…. ആശുപത്രിയിൽ വച്ച് സൈറയുടെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത് നേഴ്സുമാരായിരുന്നു… വസ്ത്രം മാറിക്കുന്നതും ബാത്റൂമിൽ കൊണ്ടുപോകുന്നതും മേല് തുടപ്പിക്കുന്നതും അങ്ങനെയെല്ലാം..ഇനി അതെല്ലാം എങ്ങനെയാകുമെന്നോർത്ത് സൈറ ആശങ്കപ്പെട്ടു…

അവർ അപ്പോഴേക്കും അപാർട്മെന്റിൽ എത്തിയിരുന്നു…കാശി അവളെ തന്റെ കൈകളാൽ കോരിയെടുത്ത് വീൽചെയറിൽ ഇരുത്തി…പുറകിൽ സാമും മിയയും ആശുപത്രിയിൽ ഉപയോഗിച്ച സാധനങ്ങളുമായി വന്നു… ലിഫ്റ്റ് വഴി അവർ ഫ്‌ളാറ്റിലേക്കെത്തി….ഫ്ലാറ്റ് തുറന്നതും നിറങ്ങളിൽ മുങ്ങി കുളിച്ചിരിക്കുന്ന കുഞ്ഞുങ്ങളെയാണ് അവർ കണ്ടത്… “അച്ചി… പ്പാ…മ്മാ…വഞ്ഞു…”…. ആദിയും ആമിയും ജാനാകിയോട് വിളിച്ചു പറഞ്ഞു… കാശി സൈറയുടെ വീൽചെയർ അകത്തേയ്ക്ക് കയറ്റി…ഒരു കസേര അവൾക്ക് മുന്നിൽ വച്ചുകൊടുത്തിട്ട് അവൻ അവളുടെ കാൽ അതിലേക്ക് കയറ്റിവച്ചു… അപ്പോഴേക്കും കുഞ്ഞുങ്ങൾ അവരുടെ അടുക്കൽ എത്തിയിരുന്നു… “പ്പാ…മ്മേടെ വാവു വേം മാരുവോ…” കുഞ്ഞാദി കാശിയോട് ചോദിച്ചു…. കാശി മാറും എന്ന രീതിയിൽ തലയാട്ടി… അതറിഞ്ഞതും ആദി ഇക്കാര്യം പറയാനായി കുഞ്ഞാമിയെ ചുറ്റും നോക്കി…

ആമിയാണെങ്കിൽ തങ്ങൾ സ്കെച് വച്ചു കുത്തിവരച്ച പേപ്പറുകൾ സൈറയെ കാണിച്ചുകൊടുക്കുന്ന തിരക്കിലായിരുന്നു… ഓരോ പേപ്പറുകൾ കണ്ട് സൈറ പുഞ്ചിരിക്കുന്തോറും ആമിയ്ക്ക് എല്ലാം അവളെ കാണിച്ചു കൊടുക്കുവാനുള്ള ആവേശം കൂടിക്കൊണ്ടിരുന്നു… “ആമി..മ്മേടെ വാവു വേം മാരും.. പ്പാ പഞ്ഞല്ലോ…” ആദി ആമിയോട് വളരെ ആകാംഷയോടെ പറഞ്ഞു… ആമി ആദിയെ അത്ഭുതത്തോടെ നോക്കി… “ചെയിക്കും…” (ശെരിക്കും..) “ആ…ചെയിക്കും…”…

ആദി കൈകൾ കൊട്ടി അവിടെക്കിടന്ന് ചാടി മറിഞ്ഞു…അവർ ഇരുവരും കൂടെ ആമിയുടെ വലത്തുകയ്യിൽ കെട്ടിപ്പിടിച്ചു നിന്നു…… “ആദിക്കുട്ടാ…ആമിമോളെ… നിങ്ങൾ വാ..നമുക്ക് കുളിച്ച് വൃത്തിയാകാം.. നിങ്ങളുടെ ദേഹത്തുള്ള ചെളി അമ്മയുടെ ദേഹത്ത് ആയാൽ.അമ്മയുടെ വാവു മാറില്ല… വാ..നമുക്ക് കുളിച്ചിട്ട് അമ്മയുടെ കൂടെയിരിക്കാം കേട്ടോ….” അത് കേട്ടതും കുഞ്ഞുങ്ങൾ രണ്ടുപേരും സ്വയമേ അവരുടെ വസ്ത്രം ഊരിക്കളഞ്ഞു കുളിക്കുവാനുള്ള തയാറെടുപ്പ് നടത്തുവാനായി ശ്രമിച്ചു…

അവസാനം കാശി തന്നെ എല്ലാം മാറ്റിക്കൊടുത്തു…അപ്പോഴേക്കും ജാനകി അവർക്കായി ഹീറ്റർ ഓൺ ചെയ്ത് വച്ചിരുന്നു… “പ്പാ…എന്ന തേച്ചന്റെ…..” ആദി ചോദിച്ചു… നാട്ടിൽ നിന്ന് വന്നതിൽ പിന്നെ എന്നതേച്ചുകുളി അവരുടെ ശീലമായി മാറിയിരുന്നു… “വേണ്ട…ഇന്ന് എണ്ണ തേക്കണ്ട….അപ്പാ വേഗം മക്കളെ കുളിപ്പിക്കാം…അപ്പാ തിരിച്ചു വന്നിട്ട് വേണം അമ്മയുടെ ഡ്രസ് ഒക്കെ മാറ്റാൻ…. അല്ലെ മറിയാമോ…” കാശി ഒരു കള്ള ചിരിയോടെ സൈറയോട് ചോദിച്ചു… “ഛീ…ഈ മനുഷ്യൻ….”…

അതും പറഞ്ഞുകൊണ്ട് അവൾ ബാൽക്കണിയിലേക്ക് നോക്കിയിരുന്നു… അപ്പോഴേക്കും ജാനകി ചൂട് ചായയും ഇലയടയും കൂടെ സൈറയ്ക്ക് കൊണ്ടുചെന്ന് കൊടുത്തിരുന്നു… കാശി കുഞ്ഞുങ്ങളുമായി അകത്തേയ്ക്ക് കയറിപ്പോയി… ****************************** കുഞ്ഞുങ്ങളെ കുളിപ്പിച്ചിറങ്ങിയ കാശി കാണുന്നത് ഭക്ഷണം കഴിഞ്ഞിട്ട് കൈ കഴുകാനാവാതെ ഇരിക്കുന്ന സൈറയെയാണ്… “അമ്മയെന്തിയെ മറിയാമോ…”..കാശി കുഞ്ഞുങ്ങളെ താഴെ നിർത്തിക്കൊണ്ട് ചോദിച്ചു…

താഴെ നിർത്തിയതും രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും ഓടാൻ തുടങ്ങി…. “‘അമ്മ താഴെ കടയിൽ പോയി..പാലും പിന്നെ എന്തൊക്കെയോ അല്ലറ ചില്ലറ സാധാനങ്ങളും വാങ്ങുവാനുണ്ടെന്ന് പറഞ്ഞു…” അവൻ തന്റെ തല ഒന്ന് കുലുക്കിയിട്ട് അവളുടെ വീൽ ചെയറിനെ വാഷ് ബേസിനിന്റെ അങ്ങോട്ടേക്ക് എത്തിച്ചു… അവൻ തന്നെ അവളുടെ കൈ കഴുകി കൊടുത്തു…വായ കഴുകിച്ചിട്ട് തുപ്പുവാൻ കഴിയാതെ വന്നപ്പോൾ കാശി അത് തന്റെ കൈകളിൽ ഏറ്റ് വാങ്ങി….

അവൾക്ക് കാശിയെ ഓർത്ത് അഭിമാനം തോന്നി…ഇങ്ങനെയൊരു പാതിയെ തന്നതിൽ അവൾ കർത്താവിന് നന്ദി പറഞ്ഞു… കാശി അപ്പോഴേക്കും തന്റെ കൈകൾ.കഴുകി വീൽ ചെയറിനെ മുന്നിലത്തെ മുറിയിൽ തന്നെ കൊണ്ടുവന്ന് വച്ചു… എന്നിട്ട് ആമിയെയും ആദിയെയും പൗഡർ ഒക്കെ ഇടുവിച്ചു സുന്ദരനും സുന്ദരിയുമാക്കി വസ്ത്രം എല്ലാം മാറിച്ചു… എല്ലാം കഴിഞ്ഞപ്പോഴേക്കും കുഞ്ഞുങ്ങൾ പതിയെ ഉറക്കം തൂങ്ങുവാൻ തുടങ്ങി..കാശി അവരെ തട്ടിയുറക്കി ജാനകിയുടെ മുറിയിൽ കിടത്തി….

കുഞ്ഞുങ്ങളെ ഉറക്കി കിടത്തിയപ്പോഴേക്കും ജാനകി വന്നിരുന്നു…അതിനാൽ തന്നെ കാശി സൈറയേയും കൊണ്ട് താങ്ങാകുടെ മുറിയിലേക്ക് ചെന്നു…. ****************************** കാശി സൈറയെ കൈകളിൽ കോരിയെടുത്ത് കട്ടിലിലേക്ക് കിടത്തി….അവൾക്ക് ആ വസ്ത്രം ഒന്ന് മാറ്റി സാധാരണ ഒരു വസ്ത്രം ഇട്ടാൽ കൊള്ളാമെന്നുണ്ടായിരുന്നു…. അവൾ കയ്യില്ലാത്ത ഒരു ചെറിയ ഷർട്ടും മുട്ടിനു കീഴെ വരെ ഇറക്കമുള്ള റാപ് അറൗണ്ട് പാവാടയുമായിരുന്നു ധരിച്ചിരുന്നത്….

അവൾക്കത് മാറ്റി ഒരു സാദാ നൈറ്റ് ഗൗൺ ധരിക്കുവാൻ തോന്നി.. പക്ഷെ കാശിയുള്ളതുകൊണ്ട് അവൾക്ക് ചോദിക്കാനും മടിയായിരുന്നു…രണ്ട് ദിവസം കൂടുമ്പോൾ വൈകുന്നേരങ്ങളിൽ ചൂടുവെള്ളത്തിൽ അൽപ്പം നാരങ്ങാനീരും ഉപ്പും ഇട്ട് ദേഹം തുടക്കുകയായിരുന്നു പതിവ്… ഇന്നാണെങ്കിൽ ദേഹം തുടയ്ക്കുകയും ചെയ്യണം….അവൾക്ക് എന്ത് പറയണമെന്ന് ഒരു പിടിയും കിട്ടിയില്ല…..

അവളുടെ ഇരിപ്പ് കണ്ട കാശിയുടെ ചുണ്ടിൽ ഒരു കള്ളച്ചിരി വിടർന്നു…അവൻ അവളുടെ അടുക്കലേക്ക് നടന്നടുക്കുമ്പോഴാണ് വാതിലിൽ ആരോ മുട്ടിയത്….കാശി നേരെ വാതിൽക്കൽ ചെന്നു… സൈറയും അത് ആരാണെന്നറിയനായി ആകാംക്ഷയോടെ നോക്കി… രാധാ ദീദി ചൂടുവെള്ളവും തുണിയുമായി വന്നതാണ്… “ദീദി…’അമ്മ എവിടെ?….” സൈറ ചാടിക്കയറി ചോദിച്ചു… “മോളെ..’അമ്മ ഇന്ന് കുഞ്ഞുങ്ങളുടെ പിറകെ ഓടി ആകെ ക്ഷീണിച്ചു…അതുകൊണ്ട് ‘അമ്മ കിടക്കുകയാ….

കാശിമോൻ പറഞ്ഞതുപോലെ ദേ നാരങ്ങാനീരും ഉപ്പും ഇട്ട വെള്ളം ചൂടാക്കിയിട്ടുണ്ട് കേട്ടോ… മോളെ നന്നായി വിശ്രമിക്കണം…ദീദി പോകുവാ…ഇന്ന് ഇളയ മോൻ അവിടെ തനിയെയാ…മൂത്തവൻ എവിടെയോ പോയി… അപ്പോൾ ശെരി…നാളെ കാണാം കേട്ടോ…” സൈറയ്ക്ക് മറുത്തൊന്നും പറയാൻ അവസരം നൽകാതെ രാധാ ദീദി പോയി…കാശിയും അവരുടെ പുറകെ ചെന്ന് ഫ്‌ളാറ്റിന്റെ വാതിൽ അകത്ത് നിന്ന് പൂട്ടി…കൂടെ തങ്ങളുടെ മുറിയുടെയും… കാശി തന്നിലേക്ക് അടുക്കുമ്പോഴേക്കും അവളുടെ ചെന്നിയിൽ നിന്നും വിയർപ്പ് ചാലിട്ടൊഴുകി…

”രു…രൂദ്രേട്ട…വേ…വേണ്ട….ഞാൻ…അല്ല..’അമ്മ…” ”നീ എന്താ മറിയാമ്മേ ഈ പറയുന്നത്?…..” കാശി അവളെ കളിയാക്കിക്കൊണ്ട് ചോദിച്ചു…. ”അത്…അത്…’അമ്മ എന്നെ തുടപ്പിച്ചോളും…” “ശെരിക്കും……” അങ്ങനെ പറഞ്ഞുകൊണ്ട് കാശി അവളുടെ അടുക്കലേക്ക് ഇരുന്നു… അവൾ അടുത്തതായി എന്തോ പറയാൻ ആഞ്ഞതും കാശി അവളുടെ പാവാടയുടെ വള്ളി പിടിച്ചു വലിച്ചിരുന്നു… “നീ എന്തിനാ മറിയാമോ ഇങ്ങനെ നാണിക്കുന്നെ…ഞാൻ കാണാത്തതോന്നുമല്ലല്ലോ…

പിന്നെ എന്താ… നിനക്ക് വയ്യാ എന്നുള്ള കാര്യം നിനക്കും എനിക്കും അറിയാം…അതുകൊണ്ട് മോള് നല്ല കുട്ടിയായി ചേട്ടൻ പറയുന്നത് അനുസരിക്ക്.. ട്ടോ….” അതും.പറഞ്ഞുകൊണ്ട് അവൻ അവളുടെ വസ്ത്രം മാറ്റി അവളുടെ ദേഹമെല്ലാം തുടച്ചുകൊടുത്തു….വീണ്ടും അവളെ വസ്ത്രം ധരിപ്പിച്ചു… അങ്ങനെ ഓരോ ദിവസങ്ങൾ കടന്നുപോയി… ****************************** പുറകിൽ നിന്ന് ആരോ തന്റെ തോളിൽ കൈ വച്ചതുപോലെ തോന്നിയപ്പോഴാണ് സൈറ തന്റെ ചിന്തകളിൽ നിന്ന് മുക്തയായത്…

ഇത്രയും നേരം താൻ തന്റെ സുഖസുന്ദരമായ ഓർമ്മകളിൽകൂടെ സഞ്ചരിക്കുകയായിരുന്നെന്ന് അവൾക്കപ്പോഴാണ് മനസ്സിലായത്… “എന്താ മോളെ…”..ജാനകി അവളുടെ മുടിയിൽ തലോടിക്കൊണ്ട് ചോദിച്ചു… “ഒന്നുമില്ല അമ്മേ…മനസ്സിന് ഒരു സ്വസ്ഥതയുമില്ല….മറ്റന്നാൾ അല്ലെ…” ജാനകി അവളെ തന്നോട് ചേർത്ത് നിർത്തി…മുംബയിലെ ബാന്ദ്രയിലെ അവരുടെ ഫ്‌ളാറ്റിലെ ബാൽക്കണിയിലായിരുന്നു അവർ… “മോളെ നീ പഴയതൊക്കെ ആലോചിക്കുകയാണോ…

വേണ്ട….അതൊക്കെ വിട്… നാളത്തെ ഫ്ളൈറ്റിൽ നാട്ടിലേക്ക് പോവണ്ടതല്ലേ…സഞ്ജു വരും നമ്മളെ കൂട്ടുവാനായി…” “ഹാ…അറിയാം അമ്മേ…എന്നാലും കഴിഞ്ഞ കാര്യങ്ങളും…പിന്നെ മറ്റന്നാൾ….” അത് പറഞ്ഞതും സൈറയുടെ കണ്ണിൽ നിന്ന് കണ്ണുനീർ പുറത്തേക്ക് ചാടി… അവളുടെ മനസ്സിൽ ഉള്ള പരിഭ്രമം ആണ് നീർത്തുള്ളികളായി പരിണമിക്കുന്നത് എന്നവൾക്ക് മനസ്സിലായി… ”

മക്കൾ എന്തിയെ അമ്മെ…” അവൾ ജാനാകിയോട് ചോദിച്ചു… “ഒരാൾ ടി. വി യിൽ ഡോറ കാണുന്നു…ആദിയാണെങ്കിൽ അവന്റെ പുതിയ സൈക്കിളിൽ കിടന്ന് കറങ്ങുന്നുണ്ട്….” അവൾ ദീര്ഘമായ് ഒന്ന് നിശ്വസിച്ചു…തന്റെ ജീവിതം എത്ര വേഗമാണ് മാറി മറിഞ്ഞത് എന്നവൾ ഓർത്തു…. അവൾ കയ്യിലിരുന്ന കല്യാണ കുറിയിലേക്ക് നോക്കി… അതിൽ വടിവൊത്ത അക്ഷരങ്ങളിൽ എഴുതിയിരുന്നു….. കാശിരുദ്ര മേനോൻ Weds മീരാ നമ്പ്യാർ

(തുടരും….)