കവചം 🔥: ഭാഗം 28
രചന: നിഹ
ഇനിയും മിണ്ടികൊണ്ട് നിന്നാൽ ആതിര മറ്റെന്തെങ്കിലും ചോദിക്കുമോയെന്ന് ഓർത്ത് ദേവകി പെട്ടെന്ന് അകത്തേയ്ക്ക് മാറി . അവർ പോയതും അവളുടെ ശ്രദ്ധ വീണ്ടും ആ മുറിയിലായി മനപ്പൂർവം അല്ലെങ്കിലും അവൾ അതിലേക്ക് ആകർഷിക്കപ്പെട്ടു കൊണ്ടിരുന്നു. കണ്ണുകളെ തടഞ്ഞിട്ടും അവൾ പോലും അറിയാതെ നോട്ടം അവിടേയ്ക്ക് പൊയ്ക്കൊണ്ടിരുന്നു. ആകർഷണം മൂലം ആതിര മുറിയുടെ അടുത്തേക്ക് പോയി. അവൾ അവിടേയ്ക്ക് ആനയിക്കപ്പെട്ടു. അത്യധികം കൗതുകത്തോടെ അവൾ വാതിലിൽ തൊട്ടതും ദേവകി വിളിച്ചതും ഒപ്പമായിരുന്നു .
” ആതിരേ…. ” വീണ്ടും ഒരിക്കൽ കൂടി അവളെ ദേവകി വിളിച്ചപ്പോൾ ഞെട്ടലോടെ ആതിര തിരിഞ്ഞു നോക്കി . അപ്പോഴാണ് അവൾക്ക് സ്വബോധം വന്നത് . ” ആതിരേ… ” ദേവകി ആതിരയുടെ അടുത്തേയ്ക്ക് വന്നു. ” ഈ മുറിയിൽ എന്താ ചേച്ചി ? ഇത് തുറക്കാറില്ലേ? ” ആതിര ചോദിച്ചപ്പോൾ എന്ത് മറുപടി പറയണമെന്ന് അറിയാതെ ദേവകി പരുങ്ങി . ” കുഞ്ഞേ … എന്നും നിന്നോട് പറയാറുള്ളത് തന്നെയാ എനിക്ക് ഇപ്പോഴും പറയാനുള്ളത് … ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപ്പെടാതെ എത്രയും പെട്ടെന്ന് പരിഹാരം ചെയ്ത ഇവിടെ നിന്നും പോകാൻ നോക്ക് … ”
ദേവകിയുടെ മുഖത്ത് അതിൻ്റേതായ ഗൗരവം ഉണ്ടായിരുന്നു . തൻ്റെ ചോദ്യത്തിന് മറുപടി കിട്ടാത്തതിന്റെ നിരാശ അവൾക്കുണ്ടായിരുന്നു. ദേവകി അവളുടെ കൈയിലിരുന്ന ചാർത്ത് ആതിരയെ ഏൽപ്പിച്ചു. ” ഇതെന്താ ചേച്ചി ..?” അത് വിടർത്തി നോക്കി കൊണ്ട് ആതിര ചോദിച്ചു. ” കുറച്ച് മുന്നേ അമ്പലത്തിൽ പോയപ്പോൾ തിരുമേനി തന്നതാ .. ഇതിൽ പറയുന്ന സാധനങ്ങളൊക്കെ പൂജയ്ക്ക് വേണ്ടി മേടിച്ചു വയ്ക്കണം. ഇതിൽ കൊടുത്തിരിക്കുന്ന ദിവസം ഗുരു സ്വാമി വരുമെന്നാ തിരുമേനി പറഞ്ഞിരിക്കുന്നത്..” വാങ്ങിക്കേണ്ട സാധനങ്ങളുടെ പേരുകൾ ആതിര ഒന്ന് കണ്ണോടിച്ചു നോക്കി.
വെള്ളിയാഴ്ച ഗുരു സ്വാമി വരുമെന്നാണ് അതിൽ കാണുന്നത്. ആതിരയും വേദയും അതിനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് രാമേട്ടൻ വന്നത്. അകത്തേക്ക് കയറി വന്ന രാമൻ ആതിരയെ കണ്ടു പുഞ്ചിരിച്ചു. ” ആതിര മോള് തനിച്ചാണോ വന്നത്? ” അനന്തനെ കാണാത്തതുകൊണ്ട് രാമൻ ചോദിച്ചു. ” വീട്ടിൽ തനിച്ചായപ്പോൾ ഞാൻ ഇങ്ങോട്ട് പോന്നു. അനന്തേട്ടൻ പുറത്തു പോയതാ… ” ” ഒറ്റയ്ക്ക് പുറത്തിറങ്ങി നടക്കരുത്.. വളരെ സൂക്ഷിക്കണം മോളെ… ” അവരോട്സംസാരിച്ചുകൊണ്ടിരിക്കുമ്പോഴും ആതിരയുടെ കണ്ണുകൾ ഇടയ്ക്കിടെ പൂട്ടിയിട്ടിരിക്കുന്ന വാതിലിൽ ചെന്ന് പതിക്കുന്നുണ്ടായിരുന്നു. ”
അനന്തേട്ടൻ വന്നു കാണും ഞാൻ വീട്ടിലേക്ക് പോകുവാ… ” തനിച്ച് തിരികെ പോകുന്ന കാര്യം ഓർത്തപ്പോൾ അവൾക്ക് പേടി തോന്നി. ഇങ്ങോട്ട് വന്നപ്പോൾ ഉണ്ടായ അനുഭവം അവളെ ശരിക്കും ഭയപ്പെടുത്തിയിരുന്നു. ” മോള് തനിച്ചു പോകണ്ട ഞാൻ കൊണ്ടാക്കാം.. അങ്ങനെ ഒറ്റയ്ക്ക് പോയാൽ ശരിയാവില്ല… ” ആതിരോടൊപ്പം രാമനും പുറത്തേക്കിറങ്ങി നടന്നു. അവൾക്ക് അത് വലിയ ആശ്വാസമായിരുന്നു. റോഡ് പിന്നിട്ടവർ ഇടവഴിയിലേക്ക് കയറി. ആതിര ചെറിയൊരു പേടിയോടു കൂടെയാണ് നടന്നത്. ” ഞാൻ ചെന്നപ്പോൾ ദേവേച്ചി തലകറങ്ങി വീണു കിടക്കുകയായിരുന്നു…”
” ദേവകിക്ക് എന്തുപറ്റി ? ” രാമൻ വെപ്രാളത്തോടെ ചോദിച്ചു. ” അറിയില്ല രാമേട്ടാ ഞാൻ ചെന്നപ്പോൾ ചേച്ചി ബോധമില്ലാതെ കിടക്കുകയായിരുന്നു. ഞാൻ ശരിക്കും പേടിച്ചുപോയി.. ഇപ്പോൾ ചേച്ചിക്ക് കുഴപ്പമൊന്നുമില്ല… ” ദേവകിയുടെ ഓരോ കാര്യങ്ങൾ സംസാരിച്ച് അവർ മനയിലെത്തി. ചാരിയിട്ട വാതിൽ തുറന്നു കിടക്കുന്നത് കണ്ടപ്പോൾ അവർക്ക് മനസ്സിലായി അനന്തൻ വന്നിട്ടുണ്ടെന്ന്.. മുറ്റത്ത് അവൻ്റെ കാർ കിടക്കുന്നതും അവർ ശ്രദ്ധിച്ചു. ” ഞാൻ അകത്തേക്ക് വരുന്നില്ല.. ദേവകിക്ക് എന്താ പറ്റിയെന്ന് നോക്കട്ടെ… പിന്നെ ഒന്നുകൂടി പറയാം മോള് തനിച്ച് എങ്ങോട്ടേക്ക് ഇറങ്ങി പോകരുത്.. ഞാൻ വൈകുന്നേരം വന്നേക്കാം..”
ആതിര അകത്തേക്ക് കയറുന്നത് കണ്ടിട്ടാണ് രാമൻ തിരിച്ചു നടന്നു പോയത്. ” ആതിരേ…. ആതീ…. ” മുകളിലത്തെ മുറിയിൽ നിന്നും അനന്തൻ വിളിക്കുന്നത് അവൾക്ക് കേൾക്കാമായിരുന്നു. തന്നെ കാണാത്തതുകൊണ്ട് അനന്തൻ ശരിക്കും പേടിച്ചു പോയിട്ടുണ്ടെന്ന് അവൾക്ക് മനസ്സിലായി. താൻ അവനോട് പറയാതെയാണ് പോയതെന്ന് അപ്പോഴാണ് അവൾക്ക് ഓർമ്മ വന്നത്. അനന്തനോട് ഇനിയെന്ത് പറയും എന്നോർത്ത് അവൾക്ക് ടെൻഷനായി. ” ആതീ…. ആതീ…. ” ” ഞാൻ ഇവിടെ ഉണ്ട് അനന്തേട്ടാ…” താഴെ നിന്ന് ആതിരയുടെ ശബ്ദം കേട്ടപ്പോഴാണ് അവന് സമാധാനമായത്. അവൻ താഴേക്ക് ഓടി.താഴെ നിൽക്കുന്ന ആതിര കണ്ടപ്പോൾ അവൻറെ കണ്ണുകൾ നിറഞ്ഞു.
” ടീ… നീ എവിടെയായിരുന്നു? മനുഷ്യനെ പേടിപ്പിക്കാൻ തന്നെ നടക്കുകയാണോ? എവിടെയായിരുന്നു നീ…? ” അനന്തൻ അവളോട് ദേഷ്യപ്പെട്ടു. ” അത് അനന്തേട്ടാ ഞാൻ… ഞാൻ ദേവകി ചേച്ചിയുടെ വീട്ടിൽ പോയതാ.. ” ” പറഞ്ഞിട്ട് പോകണ്ടേ ആതീ ? ഞാനിവിടെ വന്നപ്പോൾ നിന്നെ കാണാത്തതുകൊണ്ട് എത്രമാത്രം പേടിച്ച് പോയത് നിനക്കറിയുമോ? നമ്മളിവിടെ എങ്ങനെയാ ജീവിക്കുന്നതെന്ന് നിനക്കറിയില്ലേ ?ഇനി എന്നോട് പറയാതെ നീ ഈ വീടിന്റെ പുറത്തേക്കിറങ്ങി പോകരുത്…” അനന്തൻ ഉറക്കെ അവളോട് ദേഷ്യപ്പെട്ടു കൊണ്ടിരുന്നു. അനന്തൻ പറഞ്ഞത് ശരിയാണെന്ന് അറിയാവുന്നതുകൊണ്ട് ആതിര കൂടുതൽ ഒന്നും പറയാൻ പോയില്ല.
കുഞ്ഞിയുടെ ചിന്തകളിൽ അവൾ അനന്തനോട് പറയാൻ വിട്ടു വിട്ടുപോയതാണ്. അനന്തൻ മുറിയിലേക്ക് പോയിട്ട് വന്നപ്പോഴും ആതിര സങ്കടപ്പെട്ടിരിക്കുകയായിരുന്നു. അത് കണ്ടപ്പോൾ അവന്റെ മനസ്സലിഞ്ഞു. ” ആതീ.. സോറി…” അനന്തൻ അവളുടെ അടുത്തേക്ക് ചെന്നു. അനന്തന്റെ ദേഷ്യം മാറിയെന്ന് അറിഞ്ഞപ്പോൾ അവൾക്കും സമാധാനമായി. ” അനന്തേട്ടാ ഞാൻ പറയാൻ വിട്ടു പോയതാണ്.. മോള് പോയിട്ടും എൻറെ മനസ്സിൽ നിന്ന് അവളുടെ ഓർമ്മകൾ പോകുന്നില്ലായിരുന്നു… ശ്വാസംമുട്ടി തുടങ്ങിയപ്പോഴാണ് ഞാൻ ഇവിടെ നിന്നും പുറത്തേക്കിറങ്ങിയത്…
ദേവേച്ചി വന്നില്ലായിരുന്നു ഞാനിവിടെ ഒറ്റയ്ക്കല്ലേ? ” ആതിര പറയുന്നത് അവൻ ശ്രദ്ധിച്ചു കേട്ടു. ” പോയത് നന്നായി ഞാൻ അവിടെ ചെന്നപ്പോൾ ചേച്ചി ബോധമില്ലാതെ കിടക്കുകയായിരുന്നു… ” ” ചേച്ചിക്ക് എന്തുപറ്റി? ” അനന്തൻ ആകാംക്ഷയോടെ ചോദിച്ചു. ” അറിയില്ല .. ഞാൻ ചെന്നപ്പോൾ ചേച്ചിക്ക് ബോധമില്ലായിരുന്നു .ഞാൻ വെള്ളം തളിച്ചപ്പോഴാ ചേച്ചി ഉണർന്നത്.. എന്തൊക്കെയോ പരസ്പര ബന്ധമില്ലാത്ത കാര്യങ്ങൾ സംസാരിക്കുന്നുണ്ടായിരുന്നു .എനിക്ക് തോന്നുന്നത് അവളുടെ മരിച്ചുപോയ മകളെക്കുറിച്ചാണെന്ന്…” അതു കേട്ടപ്പോൾ അനന്തനും സങ്കടം തോന്നി. കുറച്ചുനേരത്തേയ്ക്ക് പോലും അവളുടെ മകളെ പിരിഞ്ഞിരിക്കാൻ അവർക്ക് സാധിക്കുന്നില്ല .
അപ്പോൾ മരിച്ചുപോയ അവരുടെ കുഞ്ഞിന്റെ കാര്യം ഓർത്ത് അവർ എത്രമാത്രം സങ്കടപ്പെടുന്നുണ്ടെന്ന് രണ്ടാൾക്കും ഊഹിക്കാൻ കഴിയുമായിരുന്നു. ” നീ എന്തായാലും കൃത്യസമയത്ത് ചെന്നത് നന്നായി ആതീ.. പക്ഷേ നീ എവിടെ പോയാലും എന്നോട് പറഞ്ഞിട്ട് വേണം പോകാൻ ,നിന്നെ കാണാതെ ഞാൻ എത്രമാത്രം പേടിച്ചുവെന്ന് നിനക്കറിയാമോ? ” ” ഇനി ശ്രദ്ധിച്ചോളാം അനന്തേട്ടാ..” ആതിര അവന്റെ തോളത്തേയ്ക്ക് ചാരി കൊണ്ട് പറഞ്ഞു. നേരം ഇരട്ടി തുടങ്ങിയപ്പോഴേക്കും ഗൗരിയും അനിരുദ്ധും ദേവമംഗലത്ത് എത്തിയിരുന്നു. അവരെ പ്രതീക്ഷിച്ച് നാരായണി ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു. കാർ വന്നുനിന്നതും സന്തോഷത്തോടെ നാരായണി എഴുന്നേറ്റു.
” ഗൗരി മോളെ… ” നാരായണി അവളുടെ കൈയിൽ പിടിച്ച് അകത്തേക്ക് കൊണ്ടുപോയി. മാസങ്ങൾ കൂടി ഇളയ മകളെ കണ്ട സന്തോഷമായിരുന്നു ആ അമ്മയ്ക്ക്. ഗൗരിയുടെ തോളത്തു നിന്നും വേദയെ മേടിച്ച് നാരായണി തോളത്തിട്ടു. കുഞ്ഞി ചിണുങ്ങി കരഞ്ഞുകൊണ്ട് വീണ്ടും ഉറങ്ങി. ഉച്ച കഴിഞ്ഞപ്പോൾ കുഞ്ഞി കരച്ചിലും ബഹളവുമായിരുന്നു. അവളെ ഓരോന്നും പറഞ്ഞു സമാധാനിപ്പിച്ചാണ് ഗൗരി കരച്ചിൽ മാറ്റിയത്. ഗൗരി കൂടെയുള്ളത് കൊണ്ട് കുഞ്ഞി ഒരുവിധം സമാധാനപ്പെട്ടിരുന്നു. ” ഗൗരി … നിങ്ങൾ കഴിച്ചായിരുന്നോ.. ? യാത്രയൊക്കെ സുഖായിരുന്നില്ലേ?” ” കഴിച്ചായിരുന്നു ഏടത്തി… ” ” അവർക്ക് കുഴപ്പമൊന്നുമില്ലല്ലോ..?”
” ഇല്ല .. അവർക്ക് കുഴപ്പമൊന്നുമില്ല…” ചോദിച്ച ചോദ്യങ്ങൾക്ക് ഒന്നോ രണ്ടോ വാക്കിൽ മാത്രം അവൾ മറുപടി ഒതുക്കി. അവളുടെ മുഖത്ത് സന്തോഷക്കുറവും എല്ലാവർക്കും സംശയത്തിന് കാരണമായി. ” ഞാൻ അച്ഛനെ കണ്ടിട്ട് വരാം … ” ഗൗരി വാസുദേവൻ്റെ അടുത്തേയ്ക്ക് പോയി . അദ്ദേഹം തളർന്ന് കിടപ്പിലാണ്. ” അച്ഛാ…” അദ്ദേഹം കണ്ണടച്ച് കിടക്കുകയായിരുന്നു. അവളുടെ വിളി കേട്ട് അയാൾ കണ്ണ് തുറന്നു. ” ഗൗരി .. മോളെ നീ വന്നോ..?” ” അച്ഛന് കുറവുണ്ടോ..? ” അത് ചോദിക്കുമ്പോൾ ഗൗരിയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. ആരോഗ്യത്തോടെയിരുന്ന അദ്ദേഹം തളർന്നുവീണത് ആർക്കും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. ” അനന്തനും ആതിരയും…” ” ഏട്ടനും ഏട്ടത്തിക്കും ഒരു കുഴപ്പവുമില്ല അച്ഛാ …സങ്കടപ്പെടേണ്ട..”
അത് പറയുമ്പോൾ ഗൗരിയുടെ ഹൃദയം വിങ്ങി. ജീവന് ഒരുറപ്പുമില്ലാത്ത സ്ഥലത്താണ് അവർ നിൽക്കുന്നതെന്ന് പറയാൻ അവൾക്ക് കഴിഞ്ഞില്ല. “മോൾക്ക് എന്താ സങ്കടം? എന്താ മുഖം വല്ലാണ്ടിരിക്കുന്നത്…?” ” ഒന്നുമില്ല അച്ഛാ.. അച്ഛന്റെ ഈ കിടപ്പ് കണ്ടിട്ട് എനിക്ക് സഹിക്കുന്നില്ല…” ആതിരയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവളുടെ നെറുകയിൽ തലോടി അവളെ ആശ്വസിപ്പിക്കണമെന്ന് അയാൾക്ക് ആഗ്രഹമുണ്ടെങ്കിൽ കൂടി ദേഹം അനക്കാൻ കഴിയുമായിരുന്നില്ല. ” മോള് കരയല്ലേ…. എനിക്കിങ്ങനെ കിടക്കാൻ വിധിയുണ്ട്.. മരുന്ന് കഴിക്കുന്നുണ്ടല്ലോ.. എല്ലാം നേരെയാകും മോളെ… എല്ലാരും പൊന്നുപോലെയല്ലേ എന്നെ നോക്കുന്നത് പിന്നെന്താ…?”
ഗൗരിയെ സമാധാനിപ്പിക്കാൻ അദ്ദേഹം പറഞ്ഞു എങ്കിലും മറ്റുള്ളവരെ ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള ആ കിടപ്പ് അദ്ദേഹത്തിനും സഹിക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു. ” ഗൗരി മോൾക്ക് എന്തോ ഒരു മാറ്റമില്ലേ..? ” നാരായണി തൻറെ ആകുലത ആര്യയോടും അനിരുദ്ധിനോടും പങ്കുവച്ചു. “ഏയ് … അമ്മയ്ക്ക് വെറുതെ തോന്നുന്നതാ…” ആര്യക്കും അതുപോലെ തന്നെ തോന്നിയെങ്കിലും അവളത് പുറത്തു പറഞ്ഞില്ല. പിന്നീട് ഗൗരിയോട് തന്നെ നേരിട്ട് ചോദിക്കാമെന്ന് അവൾ കരുതി. ” അല്ല മോളെ.. ഗൗരിയ്ക്ക് എന്തോ ഒരു മാറ്റമുണ്ട്.. പഴയപോലെ സംസാരമില്ല.. പെരുമാറ്റം തന്നെ കണ്ടില്ലേ …? നല്ല സങ്കടമുണ്ട് അവൾക്ക് ..” നാരായണി ഉറപ്പിച്ചു പറഞ്ഞു.
” അവൾക്ക് പനിയല്ലായിരുന്നോ അമ്മേ ? അത് കഴിഞ്ഞതിന്റെ ക്ഷീണം കാണും …യാത്ര കഴിഞ്ഞു വന്നതല്ലേ ? രാവിലെ പുറപ്പെട്ടതല്ലേ ഇപ്പോൾ രാത്രിയായി… എനിക്ക് തന്നെ എവിടെയെങ്കിലും കിടന്നാൽ മതിയെന്നാ അപ്പോൾ പിന്നെ അവളുടെ കാര്യം പറയാനുണ്ടോ…” അനിരുദ്ധ് ഗൗരിയെ സപ്പോർട്ട് ചെയ്താണ് സംസാരിച്ചത്. അവൻ പറഞ്ഞത് ശരിയാണെന്ന് തോന്നിയതുകൊണ്ട് നാരായണി അമ്മയും ആര്യയും പിന്നെ ഒന്നും പറഞ്ഞില്ല. തന്റെ മടിയിൽ കിടന്നുറങ്ങുന്ന കുഞ്ഞിയെ ഉണർത്താതെ നാരായണി തന്റെ മുറിയിൽ കൊണ്ടുപോയി കിടത്തി. അവൾ ഉറങ്ങുന്നതും നോക്കി നാരായണിയമ്മ പുഞ്ചിരിയോടെ കിടന്നു.
ഗൗരിക്ക് ഉറങ്ങാനെ കഴിഞ്ഞിരുന്നില്ല. അവൾ തിരിഞ്ഞും മറിഞ്ഞും കിടന്നു. അനന്തന്റെയും ആതിരയുടെയും കാര്യം ഓർത്ത് അവൾക്ക് ഒരു മനസ്സമാധാനവും ഉണ്ടായിരുന്നില്ല. അതുകൂടാതെ തളർന്നു കിടക്കുന്ന അച്ഛൻറെ കാര്യവും… അവളോട് സംസാരിക്കുന്ന സമയത്ത് ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് അവളും കണ്ടിരുന്നുവല്ലോ.. എല്ലാംകൂടി ഗൗരിയെ വല്ലാതെ തളർത്തി കളഞ്ഞു..… തുടരും….