Wednesday, December 18, 2024
Novel

താദാത്മ്യം : ഭാഗം 8

നോവൽ
എഴുത്തുകാരി: മാലിനി വാരിയർ

MV


മിഴികളിൽ കണ്ണീർ തുള്ളികളോടെ മീനാക്ഷി നിന്നു..

“അടുത്ത് തന്നെ നമ്മുടെ സിദ്ധുവിന്റെ കല്യാണമല്ലേ… അപ്പൊ ഞങ്ങൾ എല്ലാവരും ഇതുപോലെ ഒന്നിച്ച് ഇവിടെ ഉണ്ടാവില്ലേ.. നീ ഇങ്ങനെ കരഞ്ഞോണ്ടിരുന്നാൽ ഞങ്ങളെങ്ങനെ സന്തോഷത്തോടെ മടങ്ങും.. ”

മഹേന്ദ്രൻ മീനാക്ഷിയെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു..

“കുട്ടികളെയും കൂട്ടി ഇടയ്ക്ക് വാ ഏട്ടാ.. നിങ്ങൾ പോയി കഴിഞ്ഞാൽ ഈ വീട് ഉറങ്ങി കിടക്കുന്ന പോലെ തോന്നും.. ”

മീനാക്ഷി വിതുമ്പിയതും മഹേന്ദ്രൻ അവരെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു.

“അമ്മായി.. ഞങ്ങൾ ഇറങ്ങട്ടെ…”

മൃദുല ചെറു വിഷമത്തോടെ പറഞ്ഞു..

“പോയിട്ട് വരാമെന്ന് പറ മോളെ.. ഇടയ്ക്കിടക്ക് വരണം.. കോളേജ് പൂട്ടിയാൽ ഓടി അമ്മായിയുടെ അടുത്ത് വരണം കേട്ടോ..”

മീനാക്ഷി അവളെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു.. മൃദുലയുടെ കണ്ണുകളും ആ വാത്സല്യത്തിൽ നിറഞ്ഞു..

മിഥുനയും യാത്ര പറഞ്ഞ് വണ്ടിയിൽ കയറിയിരുന്നു..സിദ്ധു ചിരിച്ചുകൊണ്ട് എല്ലാവരെയും യാത്രയാക്കി.

രാത്രി ഒൻപതോടടുത്തു കാണും അവർ വീട്ടിലെത്തിയപ്പോൾ.. നല്ല യാത്ര ക്ഷീണം ഉള്ളത്കൊണ്ട് തന്നെ എല്ലാരവരും പെട്ടെന്ന് ഉറങ്ങിപ്പോയി..

**********
നാളുകൾ പതിവുപോലെ കൊഴിഞ്ഞുവീണു.

സുന്ദരമായ കാലാവസ്ഥയോട് കൂടിയുള്ള ആ പ്രഭാതം കൂടുതൽ ഉണർവ്വുള്ളതായി മൃദുലയ്ക്ക് തോന്നി.. മൃദുല എന്നും അതി രാവിലേ തന്നെ എഴുന്നേൽക്കും, മുടങ്ങാതെ ക്ഷേത്രത്തിലേക്ക് പോകും.. സ്കൂൾ കാലം മുതൽ തന്നെ പാലിച്ചു വരുന്ന ശീലമാണത്…

വിനായകനാണ് മൃദുലയുടെ ഇഷ്ടദേവൻ. വീടിന് തൊട്ടടുത്ത് തന്നെ ഗണപതി കോവിൽ ഉള്ളത് കൊണ്ട് അവൾ കൂടുതൽ ഹാപ്പിയാണ്.. എന്നും ഇഷ്ടദേവന് ചെയ്യുന്ന വഴിപാടുകൾ അവളുടെ മനസ്സ് നിറയ്ക്കും..

അന്നും പതിവുപോലെ കുളിച്ചൊരുങ്ങി അവൾ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു.. ഇളം ചുവപ്പ് നിറത്തിലുള്ള ചുരിദാരും, ഈറൻ മുടി കുളി പിന്നലിട്ട് അവളൊരു ദേവതയെ പോലെ തോന്നിച്ചു…

ക്ഷേത്രത്തിലെത്തിയതും പതിവ് പൂജകൾ തുടങ്ങുന്നതേയുള്ളൂ… ക്ഷേത്രത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞാൽ മനസ്സ് തണുക്കും.. മനസ്സിനും ശരീരത്തിനും ഒരുതരം കുളിര് അനുഭവപ്പെടും..

അന്ന് തന്റെ ഇഷ്ടദേവന് പതിവിലും സൗന്ദര്യമുള്ളതായി അവൾക്ക് തോന്നി.ഭക്തിപൂർവ്വം എത്ര നേരം ആ വിഗ്രഹത്തിൽ നോക്കി നിന്നെന്ന് അവൾക്ക് പോലും അറിയില്ല.. പ്രാത്ഥന കഴിഞ്ഞ് പതിവ് വഴിപാടുകളും കഴിച്ച്.. വീട്ടിലേക്ക് മടങ്ങുമ്പോൾ വെട്ടം വീണു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു..

അവളാ പുലർകാലത്തെ ആസ്വദിച്ചുകൊണ്ട് വീട്ടിലേക്ക് നടന്നു… വഴിയോരങ്ങൾ പൂക്കച്ചവടക്കാർ കയ്യടക്കിയിരുന്നു… പ്രഭാത സവാരിക്കെന്നുവർക്കായി നല്ല ചൂട് ചായ കൊടുത്തുകൊണ്ട് ചായക്കടക്കാരും ഇടയിൽ സ്ഥാനം പിടിച്ചു..

പെട്ടെന്നാണ് അവളുടെ കണ്ണുകൾ ആ പാർക്കിനുള്ളിലേക്ക് നോട്ടമെറിഞ്ഞത്.. മുട്ടിന് മുകളിൽ വരെയുള്ള ഒരു ഷോർട്സും ടീ ഷർട്ടും ഇട്ടുകൊണ്ട് ഒരു ചെറുപ്പക്കാരൻ ജോഗിങ് ചെയ്യുവകയാണ്.. അവനെ കണ്ടതും അവൾ ഒരു മറയുള്ള സ്ഥലത്ത് ഒളിച്ചു നിന്നു..ശേഷം അവൾ അവനെ ഒളിഞ്ഞു നോക്കി… ഇതാദ്യമായാണ് മൃദുല ഒരാളെ ഇങ്ങനെ നോക്കുന്നത്..

അവളുടെ കൂട്ടുകാരിയാണ് അവനെ അവൾക്ക് ആദ്യമായി പരിചയപ്പെടുത്തി കൊടുത്തത്.. എന്താണെന്നറിയില്ല.. അവനോട് സംസാരിക്കുമ്പോൾ മനസ്സിന് ഒരു പ്രത്യേക സുഖം തോന്നിക്കുന്നു.. അവനെ കാണുമ്പോഴും അതെ വികാരം തന്നെ…

എപ്പോഴും അവനാ പാർക്കിലാണ് ജോഗിങ്ങിന് വരുന്നത്.. പക്ഷെ കുറച്ചു നാളുകൾ അവനെ കണ്ടില്ല.. അവനെ കാണാതെ കണ്ടപ്പോൾ അവളുടെ ഹൃദയം സന്തോഷത്താൽ തുള്ളിച്ചാടി..അവളുടെ ചുണ്ടുകൾ വെറുതെ ചിരിച്ചുകൊണ്ടിരുന്നു..കവിളുകൾ ചുവന്ന് തുടുത്തു… അവൾ സ്വയം മറന്ന് അവനെ തന്നെ നോക്കി നിന്നു.

ഈ പത്തൊൻപത് വർഷത്തിനിടയിൽ അവൾ ഇതുപോലൊരു വികാരം അനുഭവിച്ചിരുന്നില്ല.. തെറ്റാണ് ചെയ്യുന്നതെന്ന് മസ്തിഷ്‌കം സൂചന നൽകിയിട്ടും അവളുടെ മനസ്സ് അതൊന്നും കാര്യമാക്കാതെ അവനെ നോക്കിക്കൊണ്ടിരുന്നു..പെട്ടെന്നാണ് സമയം പോകുന്ന കാര്യം ഓർത്ത് കൊണ്ട് മൃദുല തിരിഞ്ഞത്..

“ചേച്ചി..”

മുന്നിൽ മിഥുനയെ കണ്ടതും അവൾ പരിഭ്രമത്തോടെ ചോദിച്ചു..

“ഈ തണുപ്പത്ത് നീ ഇവിടെ നിൽക്കാവണോ…? നോക്കിയേ കുളിച്ചിട്ട് മുടിയിലെ വെള്ളം പോലും തുവർന്നിട്ടില്ല… ഈ മഞ്ഞും കൂടി കൊണ്ടാൽ പനി വരും പെണ്ണെ… വാ വീട്ടിലേക്ക് പോകാം..”

മിഥുന സാധാരണ പോലെയാണ് അവളോട്‌ പെരുമാറിയത്..

“ഭാഗ്യം… അപ്പൊ ചേച്ചി ഒന്നും കണ്ടില്ല..”

മൃദുല ദൈവത്തോട് നന്ദിപറഞ്ഞുകൊണ്ട് മിഥുനയുടെ പിന്നാലെ നടന്നു.. എന്നാൽ ഇതെല്ലാം മിഥുന ശ്രദ്ധിക്കുന്നുണ്ടായിരുന്നു..

“അമ്മേ… എനിക്ക് ഇന്ന് നേരത്തെ പോണം… ഞാൻ കോളേജ് ക്യാന്റീനിൽ നിന്ന് കഴിച്ചോളാം..”

മൃദുലയെ വീട്ടിലാക്കി ഉടൻ തന്നെ മിഥുന കോളജിലേക്ക് പുറപ്പെട്ടു..

മൃദുല അവളുടെ മുറിയിലേക്കും.. അവളുടെ മനസ്സിൽ അവൻ മാത്രമായിയുന്നു.. അവന്റെ കണ്ണുകൾ, മുഖം.. ഇന്ന് അവൻ കൂടുതൽ സുന്ദരനായി അവൾക്ക് തോന്നി.. ഇതെല്ലാം അവളുടെ സമാധാനം കെടുത്തി..

കോളേജിൽ എത്തിയിട്ടും മിഥുനയുടെ ചിന്ത മൃദലയെ കുറിച്ചോർത്തായിരുന്നു..

“കുറച്ചു നാളായി ഞാൻ ശ്രദ്ധിക്കുന്നു.. മിലുവിന് കാര്യമായി എന്തോ പറ്റിയിട്ടുണ്ട്, ഇന്ന് അത് എന്താണെന്ന് മനസ്സിലായി. പക്ഷെ ഇത് ഈ പ്രായത്തിൽ എല്ലാവർക്കും വരുന്ന പ്രശ്നമാണ്.. എങ്കിലും അവൾ ഈ പ്രതിസന്ധി എങ്ങനെ മറികടക്കും.. ദൈവമേ.. അവളൊരു പാവമാണ്.. അവൾക്ക് ഒരാപത്തും വരുത്തരുതേ..”

അവൾ മനമുരുകി പ്രാത്ഥിച്ചു..

അന്നത്തെ ദിവസം മുഴുവൻ അവളുടെ ചിന്തകൾ മൃദുല കയ്യേറി..മറ്റെല്ലാം മറന്ന് അവൾ തന്റെ സഹോദരിയെ കുറിച്ച് ആലോചിച്ചു കൊണ്ടിരുന്നു.

വൈകുന്നേരം,

“ചേച്ചി… ദാ..ചേച്ചിക്ക് ഇഷ്ടപ്പെട്ട പായസം.. ഞാൻ ഉണ്ടാക്കിയതാ..കഴിച്ച് നോക്കി അഭിപ്രായം പറ…”

മിഥുന വീടിനകത്തേക്ക് കയറിയതും ഒരു കപ്പ്‌ പായസവുമായി മൃദുല മുന്നിൽ വന്നു..

“സൂപ്പർ..”

അവൾ അത് രുചിച്ചുകൊണ്ട് പറഞ്ഞു.. മനസ്സിൽ അവളെക്കുറിച്ചുള്ള ഭയം ഉണ്ടായിരുന്നെങ്കിലും അതെല്ലാം മറന്ന് അവൾ അവളോടൊപ്പം നർമ്മ സല്ലാപത്തിൽ മുഴുകി..കാരണം പെട്ടെന്ന് എടുത്ത് ചാടി ഒരു തീരുമാനം എടുക്കരുത് എന്ന് അവൾക്ക് തോന്നി..

**********

“അളിയാ നിന്റെ ആള് നാട്ടിൽ ഇല്ലേ.. കാണാനേ ഇല്ലല്ലോ..”

വിജയ് തമാശ രൂപേണ ചോദിച്ചു..

“ഡാ… അവളിവിടെ മുത്തശ്ശിയുടെ വീട്ടിൽ നിന്ന് പഠിക്കുവല്ലേ.. വെക്കേഷന് വല്ലോം പോയതായിരിക്കും..”

സിദ്ധു തന്റെ മുണ്ട് മടക്കി കുത്തി മുന്നോട്ട് നടന്നു..

“അതെനിക്കറിയാം.. പക്ഷെ വെക്കേഷൻ കഴിഞ്ഞ് മൂന്നാല് ദിവസമായി…ഇനി ചിലപ്പോൾ ആരും അറിയാതെ അവളെ കെട്ടിച്ചു വിട്ടുകാണുമോ..? ”

അവൻ സിദ്ധുവിനെ ദേഷ്യം പിടിപ്പിക്കാൻ എന്നോണം ഒന്നെറിഞ്ഞു നോക്കി..സിദ്ധു നടത്തം നിർത്തി അവനെ ദേഷ്യത്തോടെ നോക്കി..

“നീ ഇങ്ങനെ നോക്കിയിട്ട് ഒരു കാര്യവും ഇല്ല.. നീ അവളോട്‌ കാര്യം പോയി പറ..അല്ലേൽ ഞാൻ പറഞ്ഞത് പോലെ അവളെ വേറെ വല്ല ആണുങ്ങളും കെട്ടി കൊണ്ട് പോവും.. പറഞ്ഞില്ലെന്നു വേണ്ട..”

വിജയും അല്പം ഗൗരവത്തോടെ പറഞ്ഞു..

“നീ ഇങ്ങ് വന്നേ.. വീട്ടിൽ അമ്മ കഴിക്കാതെ കാത്തിരിക്കുവായിരിക്കും..”

സിദ്ധു വിഷയം മാറ്റി അവന്റെ തോളത്ത് കയ്യിട്ട് വീട്ടിലേക്ക് നടന്നു..

“എന്താടാ ഇത് കഴിക്കാൻ വരുന്ന നേരമാണോ ഇത്..”

മീനാക്ഷി രണ്ട് പേരെയും നോക്കി..

“അമ്മ കഴിച്ചില്ലേ..”

കൈകഴുകി വന്നിരുന്ന് കൊണ്ട് സിദ്ധു ചോദിച്ചു..

“ഞാൻ കഴിച്ചോളാം… ആദ്യം നിങ്ങള് കഴിക്ക്..”

മീനാക്ഷി രണ്ട് പേർക്കും വിളമ്പി കൊണ്ട് പറഞ്ഞു..

“അമ്മ ഒന്നും പറയണ്ട… ഇരിക്ക് ഒരുമിച്ചു കഴിക്കാം..”

സിദ്ധു മീനാക്ഷിയുടെ കൈ പിടിച്ച് കസേരയിൽ ഇരുത്തി..

“ഇന്നെന്താ വൈകിയേ..? ”

“ഇന്ന് കുറച്ചു പണി കൂടുതൽ ഉണ്ടായിരുന്നു… അമ്മേ.. അതാ..”

മീനാക്ഷിയുടെ ചോദ്യത്തിന് വിജയ് ആണ് മറുപടി പറഞ്ഞത്..

“രണ്ട് പേരുടെയും കല്യാണം കഴിഞ്ഞാലേ.. നിങ്ങൾക്ക് വീടിനെ കുറിച്ചുള്ള ചിന്ത വരൂ..”

മീനാക്ഷി ദീർഘമായി ശ്വസിച്ചുകൊണ്ട് പറഞ്ഞു..

“അതല്ലമ്മേ.. നമ്മുടെ സിദ്ധുന് കല്യാണം ഒന്നും നോക്കുന്നില്ലേ..”

പെട്ടെന്നുള്ള വിജയുടെ ചോദ്യം കേട്ട് സിദ്ധു അവനെ നോക്കി കണ്ണുരുട്ടി..

“പെണ്ണിനൊയൊക്കെ ഞാൻ കണ്ട് വെച്ചിട്ടുണ്ട്.. അടുത്ത മാസം അവരുടെ വീട്ടിൽ പോയി ആചാര പൂർവ്വം പെണ്ണ് ചോദിക്കാം എന്ന് കരുതിയിരിക്കുവാ..”

അമ്മയുടെ മറുപടി കേട്ട് അവൻ ഞെട്ടലോടെ അവരെ നോക്കി..

“വെളിച്ചപ്പാട് പറഞ്ഞ അന്ന് തന്നെ പെണ്ണിനെ ഞാൻ തീരുമാനിച്ചു.. നല്ല കുട്ടിയാ മോനെ… കണ്ടാൽ നിനക്കും ഇഷ്ടാവും..”

അവർ സന്തോഷത്തോടെ പറഞ്ഞു..

” അമ്മയുടെ ഇഷ്ടം തന്നെയല്ലേ എന്റെ ഇഷ്ടം… അമ്മ പറയുന്ന ഏത് പെണ്ണിന്റെ കഴുത്തിൽ വേണമെങ്കിലും ഞാൻ താലി കെട്ടിക്കോളാം…”

അവന്റെ വാക്കുകൾ മീനാക്ഷിയുടെ സന്തോഷം ഇരട്ടിപ്പിച്ചു. വിജയ് നെറ്റി ചുളിച്ചുകൊണ്ട് അവനെ നോക്കി.. സിദ്ധു അരുത് എന്ന അർത്ഥത്തിൽ കണ്ണുകൾ കൊണ്ട് ആഗ്യം കാണിച്ചതും വിജയ് ഒന്നും കഴിക്കാതെ മെല്ലെ എഴുന്നേറ്റു..

“എന്താടാ.. നീ കഴിക്കുന്നില്ലേ..”

“ഇന്നെന്തോ വയറ് പെട്ടെന്ന് നിറഞ്ഞമ്മേ…”

അവൻ പുറത്തേക്ക് നടന്നു..

കഴിച്ചെന്നു അമ്മയെ ബോധ്യപ്പെടുത്തി സിദ്ധുവും എഴുന്നേറ്റു..

“നീ എന്താ കഴിക്കാത്തെ..”

സിദ്ധു പുറത്ത്‌ വന്നു അവനോട് ചോദിച്ചു..

“നീ എന്തിനാ അമ്മയോട് അങ്ങനെ പറഞ്ഞേ..”

“എങ്ങനെ..”

“അമ്മ പറയുന്ന പെണ്ണിനെ കെട്ടാമെന്ന്..”

വിജയ് ദേഷ്യത്തോടെ ചോദിച്ചു..

“അമ്മയുടെ മനസ്സിൽ ഇങ്ങനെ ഒരാഗ്രഹം ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നെടാ..”

“ഇതിലും നല്ല സന്ദർഭം ഇനി കിട്ടുമോ.. അത് വേണ്ടവിധത്തിൽ ഉപയോഗിക്കാതെ.. എല്ലാം അമ്മയുടെ ഇഷ്ടം എന്ന് പറഞ്ഞ് വന്നിരിക്കുന്നു മണ്ടൻ..”

“വിജയ്… നിനക്കറിയാല്ലോ.. എന്റെ അമ്മയെ കഴിഞ്ഞേ എനിക്കെന്തും ഉള്ളൂ..
അമ്മ പറയുന്നത് ഇത് വരെ ഞാൻ അനുസരിക്കാതെ ഇരുന്നിട്ടില്ല… കാരണം ആ കാരണം കൊണ്ട് എന്റെ അമ്മയുടെ മനസ്സ് വേദനിക്കാൻ പാടില്ല..”

സിദ്ധു ഉള്ളിലെ വിഷമം മറച്ചുകൊണ്ട് പറഞ്ഞു..

“അതിന് നീ ഇഷ്ടപെടുന്ന പെണ്ണിനെ മറന്ന് അമ്മ പറയുന്ന പെണ്ണിനെ കെട്ടുന്നത് എന്തിനാ…ഇതിപ്പോ നിന്റെ ഇഷ്ടം അവളും സ്വീകരിച്ചു കഴിഞ്ഞായിരുന്നെങ്കിലോ..അപ്പോഴും അമ്മയുടെ ഇഷ്ടമാണ് വലുത് എന്ന് പറഞ്ഞിരിക്കോ നീ.. ഞാൻ നിന്നോട് അമ്മയെ അനുസരിക്കണ്ട എന്നല്ല പറഞ്ഞത്..ഇത് നിന്റെ ജീവിതമാണ്.. നീയാണ് അതിന് തീരുമാനം എടുക്കേണ്ടത്..അല്ലാതെ അമ്മയല്ല..
നിന്റെ ഇഷ്ടങ്ങളെ കുറിച്ച് അമ്മയ്ക്ക് എന്തറിയാം…”

വിജയുടെ ശബ്ദം ഉയർന്നു..

“വിജയ്… എന്റെ അച്ഛൻ മരിക്കുമ്പോൾ എന്റെ അമ്മയ്ക്ക് ഇരുപത്തിയേഴ് വയസ്സായിരുന്നു പ്രായം..അമ്മയ്ക്ക് വേണമെങ്കിൽ മറ്റൊരു വിവാഹം കഴിക്കാമായിരുന്നു.. പക്ഷെ ആ ചെറുപ്രായത്തിലെ എല്ലാ സുഖങ്ങളും ഉപേക്ഷിച്ച് എനിക്ക് വേണ്ടി ഇന്ന് വരെ കഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ് എന്റെ അമ്മ..

ഒരു വാക്ക് കൊണ്ട് പോലും അമ്മ വേദനിക്കാൻ പാടില്ല…എനിക്ക് ഇഷ്ടമല്ലാത്തത് അമ്മ ചെയ്യുകയുമില്ല…എനിക്ക് നല്ലത് മാത്രമേ എന്റെ അമ്മ തിരഞ്ഞെടുക്കൂ.. അത് കൊണ്ട് ആ ജീവിതം ഞാനും സന്തോഷത്തോടെ തിരഞ്ഞെടുക്കുന്നതിൽ എന്താണ് തെറ്റ്..”

ഒറ്റ ശ്വാസത്തിൽ പറഞ്ഞുകൊണ്ട് സിദ്ധു അവിടെ നിന്നും നടന്നകന്നു.. വിജയ് എന്ത് മറുപടി പറയണം എന്ന് പോലും അറിയാതെ മിഴിച്ചു നിന്നു..

സിദ്ധു കല്യാണത്തിന് സമ്മതം മൂളിയതിലുള്ള സന്തോഷത്തിലായിരുന്നു മീനാക്ഷി..

“അവൾ ഈ വീട്ടിൽ മരുമകളായി വന്നാൽ ഈ വീട്ടിൽ ഐശ്വര്യം വരുമെന്നത് ഉറപ്പാണ്.. എന്റെ മകനെ അവൾ പൊന്ന് പോലെ നോക്കും… വളരെ നല്ല കുട്ടിയാ… ദേവി… മഹാമായേ.. എന്റെ മകന്റെ ജീവിതത്തിൽ യാതൊരു കുറവുകളും വരുത്തരുതേ… അവന് ലഭിക്കാതെ പോയ എല്ലാ സന്തോഷവും ഈ വിവാഹം കൊണ്ട് നടത്തി കൊടുക്കണമേ..”

മീനാക്ഷി മനസ്സിൽ പ്രാർത്ഥിച്ചു..

തുടരും…

താദാത്മ്യം : ഭാഗം 1

താദാത്മ്യം : ഭാഗം 2

താദാത്മ്യം : ഭാഗം 3

താദാത്മ്യം : ഭാഗം 4

താദാത്മ്യം : ഭാഗം 5

താദാത്മ്യം : ഭാഗം 6

താദാത്മ്യം : ഭാഗം 7