Tuesday, December 17, 2024
Novel

അറിയാതെ : ഭാഗം 11

നോവൽ
എഴുത്തുകാരി: അഗ്നി


അവൻ വേഗം തന്നെ ഒരു ലുങ്കി എടുത്തണിഞ്ഞു…ടിഷർട്ടിനായി തന്റെ കൈകൾ തന്റെ പെട്ടിയിൽ പരതിയപ്പോഴാണ് ഒരു ഡയറി തന്റെ കൈകളിൽ ഉണ്ടാക്കിയത്….. അവൻ വേഗം അത് കയ്യിലെടുത്തു…കൂടെ ഒരു ടി ഷർട്ടും…..അവൻ ടി ഷർട്ട് അണിഞ്ഞ് ആ ഡയറി തുറന്ന് നോക്കി… ആദ്യത്തെ പേജിൽ ഇങ്ങനെ എഴുതിയിരുന്നു…ഫാത്തിമാ കാശിരുദ്രമേനോൻ….കാശിയുടെ സ്വന്തം പാത്തു….

അതിൽ ആകെ രണ്ട് പേജുകൾ മാത്രമേ എഴുതിയിട്ടുണ്ടായിരുന്നുള്ളൂ…..തന്റെ പാത്തുവിന്റെ അവസാന നിമിഷങ്ങളിൽ അവൾ പറഞ്ഞതാണ് ഈ ഡയറിയെക്കുറിച്ച്…. ആമിയ്ക്ക് രണ്ട് മാസം പ്രായം ഉള്ളപ്പോഴായിരുന്നു അവൾ മരണപ്പെട്ടത്…അന്നെല്ലാം ആമിയ്ക്ക് തണലായി താൻ ഇനിയെന്നും ഉണ്ടാവണമെന്ന ചിന്തയും ആമിയുടെ കളിച്ചിരികളുമാണ് തന്നെ ആ വിഷമത്തിൽ നിന്നും കരകയറുവാൻ സഹായിച്ചതെന്നവൻ ഓർത്തു..

അവൻ ആ അക്ഷരങ്ങളിൽ തലോടിക്കൊണ്ട് അവൾ എഴുതിയിരുന്ന ആ രണ്ട് പേജുകൾ മുഴുവൻ വായിച്ചു തീർത്തു… ഒട്ടും പ്രതീക്ഷിക്കാത്ത എന്തോ കണ്ടതുപോലെ അവന്റെ കണ്ണുകൾ നിറഞ്ഞു..അവന്റെ ഹൃദയം അതിശതമായി മിടിച്ചു… അവന് എന്ത് ചെയ്യണമെന്ന് ഒരു അറിവും ഇല്ലായിരുന്നു…ആ ഡയറി തുറക്കണമായിരുന്നോ എന്ന് വരെ അവൻ സംശയിച്ചു… “ഇതുകൊണ്ടാണോ മോളെ പാത്തു നീ എന്നോട് സ്വപ്നത്തിൽ വന്ന് ക്ഷമിക്കണം എന്ന് നീ പറഞ്ഞുകൊണ്ടിരുന്നത്…..

ഞാൻ ഇത് എങ്ങനെ…എനിക്കറിയില്ല മോളെ…..” അവൻ പതിയെ ആമിയെ എടുത്ത് കട്ടിലിലേക്ക് കിടത്തി…അവളെ തന്റെ നെഞ്ചോട് ചേർത്ത് കിടത്തി…അവന്റെ ചൂടേറ്റ് അവളൊന്ന് കുറുകി..എന്നിട്ട് വീണ്ടും അവന്റെ മാറോട് ചേർന്ന് കിടന്നു….അവർ രണ്ടുപേരും പതിയെ സുഖസുഷുപ്തിയിലേക്കാണ്ടു….

സമയം രാത്രി ഒന്നര കഴിഞ്ഞു…അപ്പോഴാണ് സാമും മിയയും കറക്കവും സിനിമയും ഒക്കെ കഴിഞ്ഞ് അവരുടെ അപ്പാർട്ട്‌മെന്റിലേക്ക് എത്തുന്നത്…. ഓരോ കാര്യങ്ങൾ അവർ സംസാരിച്ചുകൊണ്ടിരുന്നു..പ്രധാനമായും സൈറയും കാശിയും കുഞ്ഞാദിയും കുഞ്ഞാമിയുമായിരുന്നു അവരുടെ വിഷയം… “അതേ സാമിച്ചായാ…എനിക്കൊരു സംശയം…”മിയാ കാറിൽ നിന്നും ഇറങ്ങിക്കൊണ്ട് ചോദിച്ചു…

“എന്നതാന്ന് വച്ചാൽ ചോദിക്കേടി…എനിക്ക് അറിയാവുന്നതാണേൽ എന്തായാലും ഞാൻ പറഞ്ഞിരിക്കും …” അവൻ കാറ് പൂട്ടിക്കൊണ്ട് ഉത്തരം പറഞ്ഞു.. “അതില്ലേ ഇഛായാ…അന്ന് ജാനമ്മയുടെ അടുക്കൽ പോയപ്പോൾ കാശിച്ചായന്റെ വിവാഹം കഴിഞ്ഞിരുന്നല്ലോ…എന്നിട്ടെന്തിനാണ് ജാനമ്മ ഇങ്ങനെ പറഞ്ഞത്.. “**ഏയ്..നീ എന്റെ മകളെപ്പോലെയാ…

ശെരിക്കും എന്റെ മകന് മറ്റൊരിഷ്ടമില്ലായിരുന്നെങ്കിൽ ഞാൻ മോളെ കൊണ്ടുപോയേനെ അവന്റെ ഭാര്യയായി..എന്റെ മകളായി..പക്ഷെ അവന് വേറൊരു കുട്ടിയെ ഇഷ്ട്ടമാണ്…***” എന്തുകൊണ്ടാ വിവാഹം കഴിഞ്ഞ കാര്യം പറയാഞ്ഞത്?….” “അത്രേ ഉണ്ടായിരുന്നോള്ളോ എന്റെ മിയാമ്മയുടെ സംശയം… അത് എന്താണെന്നറിയുവോ…ബാക്കി പറയാനായി ജാനമ്മ വായ തുറന്നപ്പോഴേക്കും ആദിയെ കാണാനുള്ള തിടുക്കത്തിൽ അവൾ റ്റാറ്റ പറഞ്ഞുകൊണ്ട് എഴുന്നേറ്റു..പിന്നെങ്ങാനാ..

ആ സമയത്ത് ആമിമോള് ജനിച്ചതെ ഉണ്ടായിരുന്നുള്ളു…പിന്നെ ഇവരുടെ വിവാഹത്തിന് നമ്മളാരും ഉണ്ടായിരുന്നില്ല..നീ ചെന്നൈയിലും ഞങ്ങൾ പരീക്ഷ കാരണം ഹോസ്റ്റലിലുമായിരുന്നു… കാശിയേട്ടൻ നാട്ടിൽ അധികം നിന്നിട്ടുമില്ല.. ഡൽഹി സ്‌കൂൾ ഓഫ് ഇകോണോമിക്‌സിൽ നിന്നും.ബിരുദം നേടിയ ശേഷം അവിടെത്തന്നെ സിവിൽ സർവീസ് ട്രെയിനിങ്..പിന്നെ എല്ലാം കഴിഞ്ഞ് പോസ്റ്റിംഗ് ഒക്കെ പുറത്തെവിടെയോ ആയിരുന്നു…

അതുകൊണ്ട് നിങ്ങൾ ആരും ഏട്ടനെ കണ്ടിട്ടില്ല…ഞാൻ ഫോട്ടോയിലെങ്കിലും കണ്ടിട്ടുണ്ടായിരുന്നു…നിങ്ങൾ അതിലും ഇല്ല… പിന്നെ നിങ്ങൾക്കെല്ലാം ജാനമ്മയുടെ മകന്റെ പേര് കിച്ചു എന്നല്ലേ അറിയൂ…അതാണ് ഇന്നത്തെ കാശിച്ചായൻ…. അതായത് വിവാഹം കഴിഞ്ഞ കാര്യവും കുഞ്ഞു ജനിച്ചതുമെല്ലാം പറയുവാൻ തുനിഞ്ഞപ്പോഴേക്കും അവൾ പുറത്തിറങ്ങിയിരുന്നു…

മിയമ്മയ്ക്ക് കുറെ എന്തൊക്കെയോ പിടി കിട്ടിയല്ലോലെ…അപ്പൊ ദേ ഫ്‌ളാറ്റ് എത്തി…ഞാൻ പോട്ടെ…നീ ആദ്യം കയറ്റി വാതിൽ അടയ്ക്ക് ട്ടോ…” അവൾ ഫ്‌ളാറ്റിൽ കയറിയതിന് പിന്നാലെ സാമും സ്പെയർ കീ ഉപയോഗിച്ച് കയറി… വാതിൽ കുറ്റിയിട്ട് തന്റെ മുറിയിലേക്ക് നടക്കുമ്പോഴാണ് കാശിയുടെ മുറിയിൽ ചെറിയ വെളിച്ചം അവൻ കണ്ടത്… സാം വേഗം തന്നെ കയറി നോക്കി..

അവിടെ ചെന്നപ്പോൾ ആമിയെ തന്റെ നെഞ്ചോട് ചേർത്ത് കിടന്നുറങ്ങുന്ന കാശിയെയാണ് അവൻ കണ്ടത്…അവൻ വേഗം തന്നെ ഒരു പുത്തപ്പെടുത്ത് അവരെ പുതപ്പിച്ച് മുറി വിട്ടിറങ്ങാൻ തുടങ്ങിയപ്പോഴാണ് ഒരു ഡയറി അവന്റെ ശ്രദ്ധയിൽ പെട്ടത്… മറ്റൊരാളുടെ ഡയറിയെടുത്ത് വായിക്കുന്നത് തെറ്റാണെങ്കിലും എന്തോ അവൻ അതെടുത്ത് വായിച്ചു… പെട്ടന്ന് തന്നെ തേടിയതെന്തോ കണ്ടെത്തിയതുപോലെ അവന്റെ കണ്ണുകൾ തിളങ്ങി…അവൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി…

പിറ്റേന്ന് വെളുപ്പിനെ തന്നെ കാശി എഴുന്നേറ്റു….സമയം നോക്കിയപ്പോൾ നാല് മണി കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളൂ.. അവൻ എഴുന്നേൽക്കുമ്പോഴും ആ ഡയറി അതുപോലെ തന്നെ അവിടെയുണ്ടായിരുന്നു….അത് കാണുന്തോറും അവന് മനസ്സിൽ എന്തോ പോലെയായി… അവൻ വേഗം തന്നെ ആ ഡയറിയിലെ ആ പേജുകൾ എടുത്ത് നശിപ്പിച്ച് കളഞ്ഞു..അങ്ങനെയൊരു കാര്യം തന്റെ ജീവിതത്തിൽ നടന്നിട്ടേയില്ലാ എന്നവൻ ഹൃദയത്തിൽ ഉറപ്പിച്ചു…

വീണ്ടും അവൻ ആമിയോട് ചേർന്ന് കിടന്നെങ്കിലും അവന് ഉറക്കം വന്നില്ല…അതിനാൽ താൻ വേഗം തന്നെ കുളിച്ച് തനിക്ക് ഡിപാർട്മെന്റ് ഏല്പിച്ചിരിക്കുന്ന ചുമതലകളിലേക്ക് കടന്നു.. താൻ ബാംഗ്ലൂർ കമ്മീഷണർ ആയിട്ടാണ് ഇവിടെ നിയമിക്കപ്പെട്ടിരിക്കുന്നതെങ്കിലും ബാംഗ്ലൂർ -കേരളം തമ്മിലുള്ള മനുഷ്യക്കടത്ത് കണ്ട്പിടിക്കാനുള്ള അണ്ടർ കവർ ഓപ്പറേഷനിലാണ് അദ്ദേഹം.. ജയകൃഷ്ണൻ ആണ് കാശിയുടെ കീഴുദ്യോഗസ്ഥൻ…കൂടാതെ മറ്റ് ചിലരുമുണ്ട്..അവരെല്ലാം ഈ നഗരത്തിൽ തന്നെ വിവിധ ജോലികൾ ചെയ്ത് അന്വേഷണം നടത്തുന്നു…

തനിക്കെന്തോ ഇങ്ങനെയുള്ള ജോലികൾ വേണ്ടാ എന്ന് വച്ചിരുന്നതാണ്…താൻ ഫോഴ്സിൽ കയറിയ സമയത്ത് ഇതുപോലുള്ള ബാലികേറാമലകളായ കേസുകൾ ഒക്കെ തന്റെ ചുറുചുറുക്ക് കൊണ്ട് തെളിയിച്ചിട്ടുണ്ട്… എന്നാൽ അങ്ങനെ തെളിയിച്ച ഒരു മയക്കുമരുന്ന് ലോബിയുടെ പ്രതികാരത്തിന് ഇരയായി തീർന്നവളാണ് പാത്തു…അതിനാൽ തന്നെ തന്റെ പ്രിയപ്പെട്ടവരെ സംരക്ഷിക്കാനായി ഇനിയും ഇതുപോലുള്ള കേസുകൾ അന്വേഷിക്കില്ല എന്ന് തീരുമാനിച്ചെങ്കിലും തന്റെ അച്ഛന്റെ ആഗ്രഹം തള്ളിക്കളയാനാകില്ല…

അതുകൊണ്ട് മാത്രമാണ് താൻ ഇന്നിവിടെ ഇങ്ങനെയിരിക്കുന്നത് എന്നവൻ ഓർത്തു… കുറച്ചധികം മിസ്സിങ് കേസുകൾ ഉണ്ടായിരുന്നു അതിൽ…കൂടുതലും പെണ്കുട്ടികൾ…എന്നാൽ ഇതുവരെയുള്ള അന്വേഷണത്തിൽ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത് മലയാളികൾ ആണെന്നുള്ള സൂചനകളാണ് ലഭിച്ചിരിക്കുന്നത്…. ഒന്നും ഉറപ്പാക്കാതെ ആരെയും പിടിക്കാൻ കഴിയുകയില്ലായിരുന്നു കാരണം തങ്ങളുടെ ജോലിയുടെ രഹസ്യ സ്വഭാവം തന്നെയായിരുന്നു…എന്നാലും.

ചില സംശയങ്ങൾ കാശി നോട്ട് ചെയ്ത് വച്ചു..ചില ആൾക്കാരുടെ മേൽ ചുവന്ന കളറുള്ള മാർക്കർ വച്ചിട്ട് വട്ടം വരയ്ക്കുകയും മറ്റും.ചെയ്തു… എല്ലാം കഴിഞ്ഞ ശേഷം കാശി ആ ഫയലുകൾ എല്ലാം തന്നെ തന്റെ ബാഗിന്റെ അടിത്തട്ടിൽ സൂക്ഷിച്ചു…കാരണം അതെന്റെ ജോലിയുടെ രഹസ്യസ്വഭാവം തന്നെയായിരുന്നു… സാമിനോ മിയയ്ക്കോ സൈറയ്ക്കോ ഇതിനെപ്പറ്റി ഒരാറിവും ഉണ്ടാകാതിരിക്കുവാൻ അവൻ ശ്രമിച്ചിരുന്നു… വീണ്ടും സമയം നോക്കിയപ്പോൾ അഞ്ചര.. അവൻ ആമിയുടെ അടുക്കൽ പോയി കിടന്നു…ഓരോന്നാലോചിച്ചു അവനുറങ്ങിപ്പോയി..

ആദിയുടെ കരച്ചിൽ കെട്ടിട്ടാണ് സൈറ ഉണർന്നത്….അവൾ വേഗം അവന് പാല് കൊടുത്ത് തട്ടിയുറക്കാൻ ശ്രമിച്ചെങ്കിലും അവൻ ആമി എന്ന് പറഞ്ഞ് കരഞ്ഞുകൊണ്ടിരുന്നു… അവൾ അവനെ എങ്ങനെയൊക്കെയോ സമാധാനിപ്പിച്ചു പതിയെ അവനെ ബാത്‌റൂമിൽ കൊണ്ടുപോയി അവന്റെ മുഖമെല്ലാം കഴുകി അവന്റെ കുഞ്ഞു ബ്രഷ് വച്ചു അവന്റെ പല്ല് തേപ്പിച്ചു എന്നിട്ട് അവനുമായി കാശിയുടെ ഫ്‌ളാറ്റിലേക്ക് ചെന്നു… കാളിങ്‌ ബെൽ അടിക്കാനുള്ള മടികൊണ്ട് അവൾ സാമിനെ വിളിച്ചു…

അവന് ഇന്ന് ഉച്ച കഴിഞ്ഞേ ഒ.പി ഉള്ളു…അതുകൊണ്ട് അവൻ വാതിൽ തുറന്ന് കൊടുത്തിട്ട് ആരാണെന്ന് പോലും നോക്കാതെ അവന്റെ മുറിയിലേക്ക് കയറിച്ചെന്നു വീണ്ടും കിടന്നുറങ്ങി.. സൈറ പതിയെ ഫ്‌ളാറ്റിൽ അകത്തേക്ക് കയറി…ഇന്ന് തനിക്ക് ഓഫ് ആണല്ലോ എന്നോർത്ത് അവൾ ഒന്ന് ദീർഘനിശ്വാസം ചെയ്തു.. അവൾ ആദിയുമായി നേരെ കാശിയുടെ മുറിയിലേക്ക് ചെന്നു…അവിടെ കാശിയുടെ ഇടത്തുകയ്യാൽ ചുറ്റിപ്പിടിച്ച നിലയിലായിരുന്നു ആമി… സൈറ ആദിയെ ഒന്ന് നോക്കി…

അവന് അങ്ങോട്ടേക്ക് പോകുവാനാണ് ആഗ്രഹം എന്ന് മനസ്സിലാക്കിയ സൈറ അവനെ പതിയെ കട്ടിലിൽ ഇരുത്തി… അവൻ നന്ദിസൂചകമായി അവന്റെ കുഞ്ഞരിപ്പല്ലുകൾ കാണിച്ച്‌ അവളെ നോക്കിയൊന്ന് ചിരിച്ചു…എന്നിട്ട് അവന്റെ കുഞ്ഞിക്കൈകൾ കൊണ്ട് അവൾക്ക് റ്റാറ്റയും കൊടുത്തു… അവൾ പിണങ്ങുന്നതുപോലെ അഭിനയിച്ചപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു…അവൻ ചുണ്ടുപിളർത്തി കാരയുമെന്ന് തോന്നിയപ്പോൾ അവൾ അവനെയെടുത്ത് ഉമ്മകൾ കൊണ്ട് മൂടി എന്നിട്ട് പതിയെ ആ ബെഡിലേക്ക് ഇരുത്തി…

അവൻ ഉടനെ ചെന്ന് കാശിയുടെ തലയിലേക്ക് മടക്കിവച്ചിരിക്കുന്ന വലത്തുകയ്യിൽ തന്റെ തല വച്ചു കിടന്നു…ആ കാഴ്ച കണ്ട് സൈറയുടെ കണ്ണുകൾ നിറഞ്ഞു..അത് എന്തുകൊണ്ടാണെന്ന് അവൾക്ക് മനസ്സിലായില്ല.. അവൾ വേഗം തന്നെ ആ മുറി വിട്ട് പുറത്തിറങ്ങി…എന്നിട്ട് അവിടെയിരുന്ന സ്റ്റിക്കി നോട്ടിൽ ഇങ്ങനെയെഴുതി…ഇന്ന് ഭക്ഷണം എന്റെ ഫ്‌ളാറ്റിൽ നിന്ന് കഴിക്കാം … എന്ന് സ്നേഹത്തോടെ, സൈറ…. അവൾ പുറത്തിറങ്ങി തന്റെ ഫ്‌ളാറ്റിലേക്ക് നടന്നു…

എന്തൊക്കെയോ പൊട്ടിച്ചിരികൾ കേട്ടാണ് കാശി ഉണർന്നത്…അവൻ ശബ്ദം കേട്ട് എഴുന്നേൽക്കാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല…. അപ്പോഴാണ് തന്റെ നെഞ്ചിൽ തലവച്ചു മുഖത്തോട് മുഖം നോക്കി എന്തൊക്കെയോ പറഞ്ഞുകൊണ്ട് പൊട്ടിച്ചിരിക്കുന്ന ആദിയെയും ആമിയെയും അവൻ ശ്രദ്ധിച്ചത്… അവരുടെ സംസാരത്തിനിടയിൽ അപ്പാ അമ്മാ പാപ്പാ മമ്മി എന്നൊക്കെ കടന്നു വരുന്നത് അവൻ ശ്രദ്ധിച്ചു..അവൻ ചുമ്മാ അവരെ നോക്കി കിടന്നുകൊണ്ടിരിക്കുമ്പോഴാണ് അവന് ജയകൃഷ്ണന്റെ കാൾ വന്നത്..

അവൻ അതെടുത്ത് സംസാരിച്ചുകൊണ്ടിരുന്നു..കൂടെ കുഞ്ഞുങ്ങളെ ശ്രദ്ധിക്കുകയും ചെയ്തു… പത്ത് മണിയൊക്കെയാകുമ്പോൾ ഓഫിസിൽ എത്തുമോ എന്നറിയാനായിരുന്നു ജയകൃഷ്ണൻ വിളിച്ചത്…അവൻ അപ്പോഴേക്കും എത്താം എന്ന് പറഞ്ഞുകൊണ്ട് ഫോൺ കട്ട് ചെയ്തു… സമയം അപ്പോഴേക്കും എട്ട് മണി കഴിഞ്ഞിരുന്നു…അവൻ ഉണർന്ന വിവരമൊന്നും അറിയാതെ കുഞ്ഞുങ്ങൾ രണ്ടുപേരും നല്ല സംസാരമാണ്…അവൻ അവരെ രണ്ടുപേരെയും തന്റെ കൈകൾകൊണ്ട് ഇക്കിളിയാക്കി…

അവർ പൊട്ടി പൊട്ടി ചിരിച്ചുകൊണ്ടിരുന്നു… അവൻ അവന്റെ കൈ തിരിച്ചെടുത്തപ്പോഴേക്കും അവർ അവന്റെ നെഞ്ചിലേക്ക് വീണ് അവനെ കെട്ടിപ്പിടിച്ചും കടിച്ചും ഉമ്മവച്ചും ഒക്കെ സ്നേഹ പ്രകടനങ്ങൾ നടത്തി… അവൻ അവരെയും കൊണ്ട് ബാത്‌റൂമിൽ ചെന്ന് ആദിയുടെ മുഖം കഴുകി കൊടുത്തു…ആമിയുടെ പല്ലും തേപ്പിച്ചു…അവനും ഒന്ന് മുഖം കഴുകി കുഞ്ഞുങ്ങളുമായി അടുക്കളയിലേക്ക് ചെന്നു…

അപ്പോഴാണ് ഫ്രിഡ്ജിൽ ഒട്ടിച്ചുവച്ചിരിക്കുന്ന സൈറയുടെ സന്ദേശം കണ്ടത്…അവൻ ഒന്ന് ചിരിച്ചു…അവളുടെ മുഖം അവന്റെ മനസ്സിലേക്ക് ഓടി വന്നു. അവൻ ഒരു ദീര്ഘനിശ്വാസത്തോടെ ഒരു പുഞ്ചിരി മുഖത്ത് ഒളിപ്പിച്ചുകൊണ്ട് വസ്ത്രം മാറാനായി പോയി… പോകുന്ന വഴിയിൽ കുഞ്ഞാദിയേയും കുഞ്ഞാമിയേയും സാമിന്റെ കട്ടിലിൽ ആക്കിയിട്ട് പോയി…അവൻ വസ്ത്രം മാറുമ്പോഴേക്കും സാമിന്റെ അലർച്ചയാലും ആദിയുടെയും ആമിയുടെയും പൊട്ടിച്ചിരിയുടെ ശബ്ദത്താലും ആ ഫ്‌ളാറ്റ് നിറഞ്ഞിരുന്നു…

ഇതേസമയം സൈറ തന്റെ ഫ്‌ളാറ്റിൽ പുട്ട് ചുട്ടുകൊണ്ടിരിക്കുകയായിരുന്നു… കൂടെ കടലയും പപ്പടവും ഉണ്ടാക്കിയിരുന്നു… ചായ ഉണ്ടാക്കി ഫ്‌ളാസ്ക്കിൽ ഒഴിച്ച് വച്ചു…കൂടെ രണ്ട് കപ്പ് കാപ്പിയും ഉണ്ടാക്കി വേറെയൊരു ചെറിയ ഫ്‌ളാസ്‌കിലേക്ക് പകർത്തി…കൂടാതെ പാല് തിളപ്പിച്ച് ഒരൽപ്പം പഞ്ചസാരയും ചേർത്ത് രണ്ട് ഫീഡിങ് ബോട്ടിലുകളിലും ആക്കി വച്ചു… ഇപ്പൊൾ രണ്ട് ഫ്‌ളാറ്റുകളിലും ആദിക്കും ആമിയ്ക്കുമായി ഫീഡിങ് ബോട്ടിലുകൾ സ്ഥാനം പിടിച്ചിരുന്നു..

കൂടാതെ കുഞ്ഞുങ്ങൾക്കായിത്തന്നെ രണ്ട് നേന്ത്രപ്പഴങ്ങൾ പുഴുങ്ങിയും വച്ചിരുന്നു.. ഇന്ന് രൂദ്രേട്ടനെ എന്തുകൊണ്ടാണ് താൻ താമസിക്കുന്നിടത്തേക്ക് ഭക്ഷണം കഴിക്കാനായി പ്രത്യേകം ക്ഷണിച്ചതെന്നോ അപ്പം ഉണ്ടാക്കുവാനുള്ള മാവ് ഉണ്ടായിട്ടുകൂടെ എപ്പോഴോ സാം പറഞ്ഞത് ഓർമ്മിച്ചുകൊണ്ട് രൂദ്രേട്ടന്റെ ഇഷ്ട്ട വിഭവമായ പുട്ടും കടലയും പപ്പടവും നല്ല ബ്രൂ കോഫിയും ഉണ്ടാക്കിയതെന്നും അവൾക്കും നിശ്ചയമില്ലായിരുന്നു… മിയാ അപ്പോഴേക്കും ഉണർന്നിരുന്നു…

സൈറ അവളെ തള്ളി ബാത്റൂമിലേക്കാക്കി…എന്നിട്ട് സാമും കാശിയും പ്രാതൽ കഴിക്കാൻ വരുമെന്ന കാര്യം അവളോട് പറഞ്ഞു…സാം വരുന്നെന്ന കേട്ട മിയാ വേഗം തന്നെ കുളിച്ചൊരുങ്ങി നിന്നു…. ഒരു എട്ടര ആയപ്പോഴേക്കും കാശിയും സാമും കുഞ്ഞുങ്ങളും എത്തി…സാമിന്റെ മുഖത്തും കഴുത്തിലൂമായി കരിനീലിച്ചു കിടക്കുന്ന പാടുകൾ ഉണ്ടായിരുന്നു… മിയായാണെങ്കിൽ ഇതെന്താ എന്നുള്ള അർത്ഥത്തിൽ അവനെ നോക്കി…സൈറയാണെങ്കിൽ മിയയെയും സാമിനെയും ഒന്നർത്ഥം വച്ച് നോക്കി..

കാശിയാണെങ്കിൽ അവനെ നോക്കി അവന്റെ മുഖഭാവം കണ്ട് ചിരിയടക്കാൻ പാടുപെടുകയാണ്…ആദിയും ആമിയും ഇതൊന്നുമറിയാതെ അവിടെയുള്ള സോഫയിൽ കിടന്ന് കുത്തിമറിയുകയുമാണ്… “ഡാ.. സാമേ…ഇതെന്നതാ നിന്റെ മുഖം മുഴുവൻ??……” സൈറ ചോദിച്ചു… സാം കലിയോടെ കാശിയെ നോക്കി പല്ലിറുമ്മി കാണിച്ചു..കാശിയാണെങ്കിൽ ഒരു കള്ളച്ചിരിയോടെ മുഖം വെട്ടിച്ചു… “അത് നീ ദേ ഇങ്ങേരോട് ചോദിക്ക്…എന്നെ എഴുന്നേല്പിക്കാൻ പുള്ളി കണ്ടുപിടിച്ച പുതിയ ഒരോരോ വഴികളെ….”

സാം അവളോട് പറഞ്ഞു… സൈറയും മിയയും കാശിയെ ഒന്ന് ചുഴിഞ്ഞു നോക്കി…അവൻ ഞാനൊന്നും ചെയ്തില്ല എന്ന ഭാവത്തിൽ നിന്നു… മിയായാണെങ്കിൽ സാമിന്റെ നീലിച്ചു കിടക്കുന്നിടത്തെല്ലാം തൊട്ടും.തലോടിയും കൊടുക്കുന്നുണ്ട്… “ഒന്ന് പാരാ സാമിച്ചായാ..നിങ്ങൾക്കിത് എന്നാ പറ്റിയതാ….”മിയയാണ് ചോദിക്കുന്നത്… “അതൊന്നും ഇല്ലെടി….എന്നെ ഇങ്ങേര് വിളിച്ചെഴുന്നേല്പിക്കാൻ നോക്കിയിട്ട് ഞാൻ എഴുന്നേൽക്കത്തൊണ്ട് ഈ കുരിപ്പുകളെ എന്റെ കട്ടിലിൽ കൊണ്ടുവന്ന് ഇരുത്തിയിട്ട് ഡ്രസ് മാറാൻ പോയി…

ഇവർ ആദ്യം എന്നെ എഴുന്നേല്പിക്കാൻ നോക്കിയെങ്കിലും പിള്ളേരല്ലേ എന്നുള്ള ഭാവത്തിൽ കിടന്നതാ…പിന്നെയാണ് കഴുത്തിലും മുഖത്തുമായി ഇവർ ഇവരുടെ പല്ലുകൊണ്ട് കുസൃതി കാണിച്ചത്…അതും ഒരുമാതിരി ചെയ്ത്തായിപ്പോയി…ഇനി ഇതും വച്ചോണ്ട് ഞാൻ എങ്ങനെ ആശുപത്രിയിലേക്ക് പോകും..” അവന്റെ പറച്ചിൽ കേട്ട് കാശിയും സൈറയും പൊട്ടിച്ചിരിച്ചു…

അവർ ചിരിക്കുന്നത് കണ്ട് കുഞ്ഞുങ്ങളും ചിരിച്ചു.. മിയായാണെങ്കിൽ ഓടിപ്പോയി ഐസ് എടുത്തുകൊണ്ട് വന്ന് പതിയെ അവിടെയെല്ലാം വച്ചുകൊടുത്തു…..അത് കണ്ടപ്പോഴാണ് തങ്ങളുടെ പപ്പയ്ക്ക് ഉവ്വാവ്വു ആണെന്ന് കുഞ്ഞുങ്ങൾക്ക് മനസ്സിലായത്…അവർ വേഗം.തന്നെ സോഫയിലിരുന്ന സാമിന്റെ മേലേക്ക് ചാടിക്കയറി അവന്റെ കവിളിൽ ഉമ്മവച്ചു..അവനും മിയയും അവർക്ക് തിരികെ ഓരോ ഉമ്മ വീതവും കൊടുത്തു…

“എല്ലാരും വായോ..നമുക്ക് ഭക്ഷണം കഴിക്കാം…” സൈറ പറഞ്ഞു… അപ്പോഴാണ് കാശി സമയം നോക്കുന്നത്..ഒൻപത് മണിയായിരിക്കുന്നു…തനിക്ക് പത്തുമണിക്ക് ഓഫിസിൽ എത്തണം എന്നുള്ളത് കൊണ്ട് തന്നെ അവൻ വേഗം തന്നെ ചെന്നിരുന്നു…കൂടെ ആദിയെ എടുത്തുകൊണ്ട് സാമും ആമിയെ എടുത്തുകൊണ്ട് മിയയും വന്നിരുന്നു… അവർക്കായി ഉണ്ടാക്കിയ നേന്ത്രപ്പഴം ഉടച്ച് സാമും മിയയും അവരെ ഊട്ടി…കുഞ്ഞുങ്ങൾ അവരവരുടെ കുപ്പിയിൽ നിന്നും പാലും കൂടെ കുടിച്ചുകൊണ്ടിരുന്നു..

സൈറയാണ് കാശിയ്ക്ക് ഭക്ഷണം വിളമ്പിയത്…അവസാനം അവൾ അവൾക്കായുള്ള ഭക്ഷണം എടുത്ത് കാശിയുടെ എതിർവശത്ത് പോയി ഇരുന്നു.. കഴിക്കുന്നതിനിടയിലും അവരുടെ കണ്ണുകൾ തമ്മിൽ കോർത്തുകൊണ്ടിരുന്നു…തമ്മിൽ തമ്മിൽ നോക്കണ്ടാ എന്ന് വിചാരിച്ചാലും അവരുടെ കണ്ണുകൾ കോർത്തുകൊണ്ടേയിരുന്നു…ഇതെല്ലാം കണ്ടുകൊണ്ടിരുന്ന സാമിന്റെയും മിയയുടെയും ചൊടികളിൽ ഒരു പുഞ്ചിരി തത്തിക്കളിച്ചു…

ഭക്ഷണം കഴിച്ച് കഴിഞ്ഞപ്പോൾത്തന്നെ കാശി ഓഫീസിലേക്ക് പോയി..അവൻ പോകുന്നതിന് മുന്നമേ സൈറയുടെ കൈപ്പുണ്യത്തെ അഭിനന്ദിക്കാനും മറന്നില്ല… സൈറയ്ക്ക് അത് കേട്ടപ്പോൾ തന്നെ ഉള്ളിൽ നിന്നും ഒരു സന്തോഷം ഉണ്ടായി..അവളുടെ മുഖത്തുണ്ടായ സന്തോഷം സാമും മിയയും ശ്രദ്ധിച്ചിരുന്നു.. അവർ അവളെയും കുഞ്ഞുങ്ങളെയും കുറച്ചുനേരം തനിയെ ഇരുത്തുവാനായി പുറത്തേക്ക് ഇറങ്ങാൻ തീരുമാനിച്ചു… അവർ പുറത്തിറങ്ങിയതും ലിഫ്റ്റിൽ നിന്നും ഇറങ്ങിയ ആളുകളെ കണ്ട് അവരുടെ കണ്ണുകൾ തിളങ്ങി…അവർ അവരുടെ അടുക്കലേക്ക് ഓടിച്ചെന്നു…

എന്ന് നിങ്ങളുടെ സ്വന്തം,
അഗ്നി🔥

അറിയാതെ : ഭാഗം 12