Sunday, November 24, 2024
Novel

നീരവം : ഭാഗം 12

എഴുത്തുകാരി: വാസുകി വസു


ചുണ്ടുകൾ നീരവിൽ നിന്ന് വേർപെടുത്തി എഴുന്നേൽക്കുമ്പോൾ മീരയിൽ ലജ്ജ കലർന്നു.അവളെ തന്നെ മിഴിച്ചു നോക്കി കിടന്നിരുന്ന അവന്റെ നോട്ടം എതിരാടാൻ കഴിയാതെ അവൾ തല കുനിച്ചു.

നീരവിനെ ശാന്തനാക്കാൻ ചുംബനത്താൽ കഴിയുമെങ്കിൽ റിസ്ക്ക് എടുക്കാൻ അവൾ സ്വയം തയ്യാറാവുക ആയിരുന്നു. അവന്റെ അസുഖം പൂർണ്ണമായും മാറണമെന്ന് മീരജ ആഗ്രഹിച്ചു.

നീരവിനെ ഒരുമുറിയിലൊതുക്കി തളച്ചിടുന്നത് ശരിയല്ലെന്ന് തോന്നിയതോടെ മീരജ മീനമ്മയെ സമീപിച്ചു.

“അമ്മേ നീരവേട്ടനെ ഒരു മുറിയിൽ മാത്രം അടച്ചിടാതെ വെളിയിലേക്ക് ഒന്ന് ഇറക്കി നടത്തട്ടേ”

മീനമ്മയുടെ മുഖത്തേക്ക് നോക്കി പ്രതീക്ഷയിലാണ് ചോദിച്ചത്.അനുമതിയില്ലാതെ ഒന്നും ചെയ്യുന്നത് ശരിയല്ലെന്ന് അവൾക്ക് അറിയാം.

“എന്റെ മോളേ.ഞാനും ഒരുപാട് ആലോചിച്ചതാണ് .വയലന്റ് ആയോലോന്ന് ഭയന്നാണ് മുറിയിലാക്കിയത്.എന്റെ കുഞ്ഞിനെ രക്ഷപ്പെടുത്താൻ കഴിയുന്ന ഏത് വഴിയും മോൾക്ക് സ്വീകരിക്കാം.അമ്മയുടെ സപ്പോർട്ട് ഉണ്ട്”

അവരിൽ നിന്ന് ഒലിച്ചിറങ്ങിയ കണ്ണീർകണങ്ങൾ കണ്ടപ്പോൾ മീരയുടെ നെഞ്ചിലൊരു നീറ്റൽ അനുഭവപ്പെട്ടു.സ്വന്തം അമ്മ തനിക്ക് മുമ്പിൽ നിന്ന് കരയുന്നതായാണെന്നാണ് തോന്നിയത്. മീനമ്മയുടെ കണ്ണുനീർ തുടച്ചിട്ട് മീര അവരുടെ കയ്യിൽ പിടിച്ചു.

“അമ്മ കരയാതെ..എന്നാൽ കഴിയുന്നതെന്തും ഞാൻ ചെയ്യാം”

സത്യം ചെയ്യുന്നത് പോലെയായിരുന്നു അവളുടെ പ്രവർത്തികൾ.മീനമ്മയുടെ മനസ്സ് നിറഞ്ഞു.

കുറച്ചു മാസങ്ങൾ മെല്ലെ കൊഴിഞ്ഞു വീണു.നീരവിനോടൊപ്പം പൂർണ്ണമായും സമയം ചെലവഴിക്കാൻ മീര തീരുമാനിച്ചു. ഇടക്കിടെയുളള നീരവിന്റെ നോട്ടമൊഴികെ മറ്റൊന്നും അവളെ അസ്വസ്ഥമാക്കിയില്ല.

വെക്കേഷൻ സമയം കഴിഞ്ഞതോടെ നീരജയും നീരജും കോളേജിലേക്ക് പോകും.വൈകുന്നേരമാകും തിരിച്ചെത്താൻ.അവർ പോയി കഴിഞ്ഞാൽ മാധവും മീനമ്മയും നീരവും മീരയും മാത്രമാകും വലിയ ആ വീട്ടിൽ.ഇടക്കിടെ മീനമ്മയെ മീര സഹായിക്കും.അപ്പോൾ അവർ തന്നെ അവളെ വഴക്ക് പറഞ്ഞു ഓടിക്കാറുണ്ട്.മാധവിനും വലിയ ആശ്വാസമായിരുന്നു മീരയുടെ സാന്നിധ്യം. ഇപ്പോൾ അവളാണ് നീരവിന്റെ ചുമതലകൾ മുഴുവനും ഏറ്റെടുത്തിരിക്കുന്നത്.

ആദ്യമൊക്കെ എതിർപ്പുകൾ പ്രകടിപ്പിച്ചിരുന്ന നിരവ് ഇപ്പോൾ അധികം വയലന്റ് ആകാറില്ല.വേഷത്തിലും ഭാവത്തിലും സംസാരത്തിലും പ്രവൃത്തിയിലുമെല്ലാം അവൾ നീഹാരികയായി സ്വയം മാറി.അല്ലെങ്കിൽ അങ്ങനെ ആകാൻ മീര ആഗ്രഹിച്ചു.

“നീരവേട്ടാ”

കിടക്കുകയ ആയിരുന്ന നീരവിന്റെ നെഞ്ചിലേക്ക് തല താഴ്ത്തി പ്രണയപൂർവ്വം മീര വിളിച്ചു. അവൻ വിളി കേൾക്കുന്നതിനു പകരം അവളുടെ തലമുടിയിൽ മെല്ലെ തഴുകി.മീരക്ക് ആശ്ചര്യം തോന്നാതിരുന്നില്ല.നീരവേട്ടന് ഇപ്പോൾ പഴയതിൽ നിന്ന് ഒരുപാട് മാറ്റമുണ്ട്.

ഇടക്കിടെ ബഹളം വെക്കാറുണ്ടെങ്കിലും പഴയതിനെക്കാൾ ആൾ ശാന്തനാണ്.ഒരുപക്ഷേ മീരയെ നീഹാരികയായി അവന് തോന്നുന്നതാകാം.നീഹാരികയുടെ ഓർമ്മകളിലാണ് അവൻ ജീവിക്കുന്നതെന്ന് മീരക്കറിയാം.

“നീരവേട്ടാ കുളിപ്പിക്കട്ടേ”

നീരവ് കുളിച്ചിട്ട് ഒത്തിരിക്കാലമായി.നനഞ്ഞ തുണി പിഴിഞ്ഞ് ശരീരം തുടച്ചിരുന്നത് മാധവ് ആയിരുന്നു. ഇപ്പോൾ അതെല്ലാം ചെയ്യുന്നത് മീരയാണ്.

മറുപടി പ്രതീക്ഷിച്ചല്ല അവളങ്ങനെ ചോദിച്ചത്.എന്തെങ്കിലും ചോദിച്ചാലും ഉത്തരം ലഭിക്കില്ലെന്ന് അറിയാം.

മീര എഴുന്നേറ്റു ചെന്ന് മുറി ലോക്ക് ചെയ്തു ചാവി ഇടുപ്പിൽ തിരുകി.കതക് തുറന്ന് കിടന്നാൽ ആൾ എഴുന്നേറ്റു ഓടിപ്പോയാലോന്ന് ഭയപ്പെട്ടു.

നീരവ് പ്രകോപിതനായാൽ ഉമ്മകൾ നൽകിയോ അല്ലെങ്കിൽ കരഞ്ഞോ മീര അവനെ ശാന്തനാക്കും.ഇതിനു രണ്ടിനും മുമ്പിലേ നീരവ് അനുസരണയുളളവനാകൂ.

മുറിയോട് ചേർന്ന് അറ്റാച്ച്ഡ് ബാത്ത് റൂം സൗകര്യമുണ്ട്. മീര നീരവിന്റെ കാലുകളിലെ ചങ്ങലക്കെട്ട് വേർപെടുത്താൻ ശ്രമിച്ചു. നല്ല ഭയമുണ്ടായിരുന്നു ചങ്ങല അഴിക്കാനായി.അവൻ എന്തെങ്കിലും കാണിച്ചു കൂട്ടുമോന്ന് പേടിയുണ്ട്.

ചങ്ങലയിൽ കരങ്ങൾ സ്പർശിക്കുമ്പോൾ മീരയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി.കണ്ണുനീർ ചങ്ങലയെ ചുംബിച്ചു നീരവിന്റെ പാദങ്ങളിലേക്കിറ്റു വീണു.അവളുടെ കണ്ണുനീർ ചൂടിനാൽ അവൻ പാദങ്ങൾ മെല്ലെയനക്കി.

എത്രയോ നാളുകളായി നീരവേട്ടന്റെ പാദങ്ങളിൽ സ്വാതന്ത്ര്യത്തിനു തടസ്സമായി കിടക്കുകയാണ്. നെഞ്ചിലൊരു ആന്തലുണ്ടായി അവളുടെ. മനുഷ്യ ജീവിതത്തിന്റെ മറ്റൊരു തീരം.മനസ്സിന് താളപ്പിഴകൾ സംഭവിക്കുമ്പോൾ മനുഷ്യൻ എത്ര നിസ്സാരനായി മാറുന്നു..

ചങ്ങല അഴിച്ച് നീരവിനെ സ്വതന്തനാക്കി.അവൾ ഭയപ്പെട്ടത് പോലെ ആയിരുന്നില്ല കാര്യങ്ങൾ. അനുസരണയുളള കുട്ടിയെ പോലെ അവൻ അവളുടെ കൂടെ ചെന്നു.ബാത്ത് റൂമിൽ ഒരു കത്രികയും ഷേവിംഗ് സെറ്റും ക്രീമും മീര എടുത്ത് വെച്ചിരുന്നു.

“ഏട്ടോയി”

അവിടെ ഇട്ടിരുന്ന സ്റ്റൂളിൽ നീരവിനെ പിടിച്ചു ഇരുത്തിയട്ട് മീര അവന്റെ കാതിൽ മന്ത്രിച്ചു.അവളുടെ ചുടുനിശ്വാസം കാതിനെയൊന്ന് ഇക്കിളിപ്പെടുത്തിയത് പോലെ അവനൊന്ന് പുളഞ്ഞു.

“അടങ്ങിയിരിക്കണം…ഞാൻ മുടിയും താടിയുമൊക്കെ വെട്ടി വൃത്തിയാക്കട്ടേ”

മീരജ കത്രികയെടുത്ത് അറിയാവുന്നത് പോലെ നീരവിന്റെ മുടിയുടെ നീളം കുറച്ചു തുടങ്ങി. താടിയും മീശയും വെട്ടിയൊതുക്കി മുഖത്ത് ക്രീം തേച്ച് താടി ഷേവ് ചെയ്തു തുടങ്ങി. അവളുടെ മാറിടത്തിന്റെ സ്പർശനം അവന്റെ സിരകളിൽ ചൂട് നിറച്ചു.ഞരമ്പുകൾ പൊട്ടിത്തെറിച്ച് പോകുന്നത് പോലെ.സ്ത്രീശരീരത്തിന്റെ മദിപ്പിക്കുന്ന ഗന്ധം അവന്റെ നാസികയിലേക്ക് ഇരച്ചു കയറാൻ തുടങ്ങി.

മുടിവെട്ടും ഷേവിംഗും കഴിഞ്ഞു അവനെ അവൾ കുളിപ്പിക്കാൻ തുടങ്ങി. കുറെ നാളുകൾക്ക് ശേഷം വെള്ളം ശരീരത്തിൽ വീണതോടെ അവനൊന്ന് ഇക്കിളി എടുത്തു ചാടി എഴുന്നേൽക്കാൻ ശ്രമിച്ചു.

മീര അവന്റെ അധരങ്ങളിൽ അമർത്തി ചുംബിച്ചശേഷം കാതിൽ മൊഴിഞ്ഞു.

“നല്ല കുട്ടിയായി അടങ്ങി ഇരുന്നാൽ ഇനിയും തരാം”

ഇടക്കിടെ ചെറിയ എതിർപ്പുകൾ ഉണ്ടായെങ്കിലും മീര സോപ്പിട്ട് അവനെ കുളിപ്പിച്ചു.തോർത്തിനാൽ മുടിയുടെ നനവുകൾ ഒപ്പിയെടുത്തു.അലമാരയിൽ നിന്ന് കഴുകി ഉണക്കി തേച്ച് മിനുസപ്പെടുത്തിയ മുണ്ടും ഷർട്ടും ധരിപ്പിച്ചു. ചീപ്പെടുത്ത് തോർന്ന മുടിയാകെ ചീകിവെച്ചു.മുഖത്ത് പൗഡറുമിട്ടു കൊടുത്തു. ശരീരമാകെ പെർഫ്യൂമിന്റെ വാസനയും നിലനിർത്തി.

“ഇനിയിങ്ങോട്ടൊന്ന് മാറി നിന്നേ”

തനിക്ക് അഭിമുഖമായി മീര നീരവിനെ പിടിച്ചു നിർത്തി.അവൾ തന്നെ അത്ഭുതപ്പെട്ടു. അടിമുടിയൊരു മാറ്റം നീരവിന്.പ്രാകൃതമായ വേഷത്തിൽ നിന്ന് പഴയകാല നീരവിലേക്കൊരു കൂടുമാറ്റം.എത്ര സുന്ദരനാണ് ഏട്ടാൻ..ആരു കണ്ടാലും പ്രണയിച്ചു പോകും.

മീരക്ക് അറിയാം നീരവിനോട് തനിക്ക് പ്രണയമാണെന്ന്.മനസ്സിനെ എത്രയൊക്കെ മനസ്സിനെ ശാസിച്ച് നിർത്തിയാലും അവനോടുളള പ്രണയമങ്ങനെ ഒഴുകുകയാണ്.ശാന്തമായി ഒഴുകുന്ന പുഴപോലെ..

“ഏട്ടോയി നമുക്ക് വെളിയിലേക്ക് ഒന്ന് ഇറങ്ങാം”

മീര നീരവിന്റെ കയ്യും പിടിച്ചു താഴേക്ക് ഇറങ്ങി വന്നു.അവിടെയെങ്ങും ആരെയും കണ്ടില്ല.സമയം നാല് മണി കഴിഞ്ഞിരുന്നു. അവധി ദിവസം ആയതിനാൽ നീരജും നീരജയും വീട്ടിലുണ്ട്.ചിലപ്പോൾ എല്ലാവരും ഉറക്കമായിരിക്കും.

അവൾ അവനെയും കൂട്ടി മുറ്റത്തെ ഗാർഡനിലേക്ക് നടന്നു.ഓരോ ചെടിയും പൂവിനെയും കുറച്ചു നീരവിനോട് മീര വിശദീകരിച്ചു പറഞ്ഞു കൊടുത്തു. കൊച്ചു കുട്ടിയുടെ കൗതുകം പോലെ എല്ലാം കേട്ടവൻ തലയാട്ടി കൊണ്ടിരുന്നു.

വാകപ്പൂമര ചുവട്ടിൽ മീരയുടെ മടിയിൽ തലചായിച്ചു നീരവ് കിടന്നു.അവന്റെ കണ്ണുകൾ അവളിൽ ആയിരുന്നു. നീരവിന്റെ നോട്ടം അവളെ കൂടുതൽ പ്രണയാർദ്രയാക്കി.ഒരുപാട് കഥകളും കവിതകളും മിഴികളാൽ അവർ പരസ്പരം പറഞ്ഞു.

“മീരേ.. മോളേ എവിടെയാണ്…”

മീനമ്മയുടെ സ്വരം കാതിലേക്ക് വീണതോടെ മീര പിടഞ്ഞ് എഴുന്നേൽക്കാൻ ശ്രമിച്ചു. നീരവിനെ പിടിച്ചു എഴുന്നേൽപ്പിക്കാൻ ശ്രമിച്ചപ്പോൾ അവൻ എതിർത്തു.

“ഞാനിവിടെയുണ്ട് അമ്മേ”

ആകുവുന്നത്രയും ഉച്ചത്തിൽ മീര ഉറക്കെ വിളിച്ചു കൂവി.ഉറക്കം കഴിഞ്ഞ് എഴുന്നേറ്റ മീനമ്മ മീരയെ വിളിച്ചിട്ടും കാണാഞ്ഞതിനാലാണ് നീരവിന്റെ മുറിയിൽ എത്തിയത്.അവിടെ മീരയേയും നീരവിനെയും കാണാഞ്ഞതിനാൽ അവരാകെ പരിഭ്രമിച്ചു.മാധവിനെയും നീരജയെയും നീരജിനെയും അവർ വിളിച്ചു ഉണർത്തി കാര്യം പറഞ്ഞു. എല്ലാവരും കൂടി അവരെ തിരയുകയായിരുന്നു..

അകലെ നിന്ന് എല്ലാവരും കൂടി നടന്ന് വരുന്നത് മീര കണ്ടു.അവളുടെ ശരീരമാകെ പൂക്കുല പോലെ വിറച്ചു തുടങ്ങി. ഒരിക്കൽ കൂടി നീരവിനെ എഴുന്നേൽപ്പിക്കാൻ വൃഥാ അവൾ ശ്രമിച്ചു.

“നീയെന്ത് പണിയാടീ കാണിച്ചത്.വയ്യാതിരിക്കുന്ന ഏട്ടനെ എന്ത് ധൈര്യത്തിലാണ് വെളിയിലേക്ക് ഇറക്കിയത്”

നീരവിലുണ്ടായ മാറ്റങ്ങൾ ശ്രദ്ധിച്ച ശേഷമാണ് നീരജ് മീരയോട് ചീറിയത്.ഏട്ടന്റെ രൂപമാറ്റങ്ങൾ അവനും തിരിച്ചറിഞ്ഞു.പോരെങ്കിൽ അവളുടെ മടിയിൽ നീരവ് തലവെച്ചു കിടന്നതാണ് അവനെ കൂടുതൽ പ്രകോപിച്ചത്.

“എഴുന്നേൽക്കെടീ ”

മുന്നോട്ടാഞ്ഞ ശേഷം നീരജ് മീരയുടെ കയ്യിൽ പിടിച്ചു എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു..

“നീരജ്…മീരയുടെ കയ്യിൽ നിന്ന് പിടിവിട്”

മീനമ്മയുടെ ശബ്ദം അവന്റെ കാതിലേക്ക് തുളച്ചു കയറി.

“അമ്മേ..ഇവളെന്താണ് കാണിച്ചതെന്ന് കണ്ടില്ലേ”

നീരജ് തന്റെ ഭാഗം ന്യായീകരിക്കാൻ ശ്രമിച്ചെങ്കിലും മീനമ്മ തെല്ലും ഗൗനിച്ചില്ല.മീനമ്മയെ ഇത്രയധികം രോഷാകുലയായി നീരജും എല്ലാവരും ആദ്യമായി കാണുകയാണ്.അമ്മയുടെ നോട്ടം എതിരിടാൻ കഴിയാതെ മീരയുടെ കയ്യിൽ നിന്ന് അവൻ പിടിവിട്ടു.

“മോനേ നീരവേ”

അച്ഛന്റെ വിളി നീരവിലേക്ക് ആഴ്ന്നിറങ്ങി.. അവൻ മീരയുടെ കൈ പിടിച്ചു മെല്ലെ എഴുന്നേറ്റു. മാധവിലേക്ക് മിഴികൾ തിരിച്ചു..

മീനമ്മയും മാധവും നീരജയും ഒരുപാട് സന്തോഷിച്ചു. നീരവിന്റെ മാറ്റങ്ങൾ അവരെയെല്ലാം അത്ഭുതപ്പെടുത്തി.

“ഒരുപാട് നന്ദി മോളേ” മീരയുടെ കൈകൾ മീനമ്മ കൂട്ടിപ്പിടിച്ചു.

“ഞങ്ങൾക്ക് പോലും തോന്നാതിരുന്ന ധൈര്യമാണ് മോൾ കാട്ടിയത്.അമ്മ എന്ത് സമ്മാനമാണ് മോൾക്ക് തരേണ്ടത്”

“ഇതെല്ലാം എന്റെ ജോലിയുടെ ഭാഗമല്ലേ അമ്മേ.എന്തുവായാലും ചെയ്യുന്ന ജോലിയോട് അർപ്പണമനോഭാവമില്ലെങ്കിൽ ഒന്നിനും കഴിയില്ല”

മീര പ്രതിഫലമൊന്നും ആവശ്യപ്പെട്ടില്ല.ഇതെല്ലാം തന്റെ കടമയായി അവൾ കരുതി.

“എന്നാലും ഞങ്ങളുടെ സന്തോഷത്തിന് എന്തെങ്കിലും ഒരു സമ്മാനം നൽകിയില്ലെങ്കിൽ തൃപ്തിയാകില്ല അല്ലേ മാധവേട്ടാ”

ചോദ്യത്തിനൊപ്പം അവർ ഭർത്താവിന്റെ നേർക്ക് നോട്ടമയച്ചു.

“അതേ മോളേ എന്തായാലും ചോദിക്ക്”

“ഞാൻ അന്ന് ആവശ്യപ്പെട്ട ചിലങ്ക വാങ്ങിത്തരാമോ അമ്മേ”

തന്റെ മോഹം ഒരിക്കൽ കൂടി അവൾ ഓർമ്മിപ്പിച്ചു.. മീനമ്മയത് മറന്ന് പോയിട്ടുണ്ടാകുമെന്ന് അവൾ കരുതി..

“തരാം മോളേ…അമ്മ നാളെത്തന്നെ വാങ്ങിത്തരാം”

മീനമ്മയുടെ മറുപടി അവളെ ഒരുപാട് സന്തോഷിപ്പിച്ചു.ചിലങ്ക കെട്ടി നീരവിനു മുമ്പിൽ നൃത്തമാടണം..ഓർമ്മയുടെ ചെറിയൊരു സ്പാർക്ക് ഉണ്ടെങ്കിൽ തീർച്ചയായും നീരവേട്ടൻ സാധാരണ നിലയിൽ എത്തുമെന്ന് അവൾ കരുതി..

നീരജക്ക് ഒന്നും പറയാൻ ഇല്ലായിരുന്നു.. അവൾ മീരയെ കെട്ടിപ്പിടിച്ചു സന്തോഷം അറിയിച്ചു.. ഒരുപാട് പറയണമെന്നുണ്ട് വാക്കുകൾ ഗദ്ഗദത്താൽ മൂടപ്പെട്ടു പോകുന്നു..

എല്ലാം കണ്ടും കേട്ടും കലികയറിയ നീരജ് അവിടെ നിന്ന് പോയി..മാധവും നീരജയും മീനമ്മയും അവരോടൊപ്പം ഗാർഡനിൽ കൂടി.. നഷ്ടപ്പെട്ടെന്ന് കരുതിയ വസന്തം വീണ്ടും തിരികെ വരുന്നത് പോലെ നീരജക്ക് അനുഭവപ്പെട്ടു.

രാത്രിയിൽ അച്ഛനും അമ്മയും അനിയത്തിയും അനിയനും മീരക്കുമൊപ്പം ഇരുന്നാണ് നീരവ് ആഹാരം കഴിച്ചത്..അവന് ചോറ് ഉരുളകളാക്കി അവൾ കഴിപ്പിച്ചു.അനുസരണയുളള കുട്ടിയെ പോലെ അവൻ ഇരുന്നു..ശാന്തനായിട്ട്..

ഭക്ഷണം കഴിച്ച ശേഷം നീരവും മീരയും കൂടി റൂമിലേക്ക് പോയി.. നീരവ് കട്ടിലിലും മീര നിലത്ത് പായും വിരിച്ചു കിടന്നു.കുറച്ചു നാളുകളായി മീര നീരവിന്റെ മുറിയിലാണ് കിടക്കുന്നത്…

മാധവും നീരജയും ആഹാരം കഴിച്ചിട്ട് മുറിയിലേക്ക് പോയി കഴിഞ്ഞതോടെ നീരജ് കിച്ചണിൽ അമ്മയുടെ അരികിലെത്തി..

“അമ്മ എനിക്ക് സപ്പോർട്ട് ആണോ അതോ ഏട്ടനോടോ?”

നിരാശയോടെ അവൻ മീനമ്മയോട് ചോദിച്ചു.. മറുപടി ആയിട്ട് അവരൊന്ന് പുഞ്ചിരിച്ചു..

“എല്ലാവർക്കും മുമ്പിൽ എന്നെ ശ്വാസിച്ചതും ഞാൻ ഐസായി പോയി…

മീനമ്മ മകന്റെ അരികിലെത്തി അവന്റെ ചുമലിൽ തട്ടി ആശ്വസിപ്പിച്ചു…

” എല്ലാവർക്കും മുമ്പിൽ തൽക്കാലം അഭിനയിച്ചേ പറ്റൂ തൽക്കാലം… അമ്മയുടെ സപ്പോർട്ട് എപ്പോഴും ഞാൻ പെറ്റ മകനായ നിനക്കായിരിക്കും.അല്ലാതെ മറ്റൊരുത്തിക്ക് നിന്റെ അച്ഛന് പിറന്ന മകനോട് ആയിരിക്കില്ല.അതല്ലേ നീ ചെയ്യുന്ന എല്ലാ തോന്നിവാസത്തിനും കൂട്ടു നിൽക്കുന്നത് ”

മീനമ്മയുടെ മൂർച്ചയേറിയ നോട്ടം എതിരിടാനാകാതെ അവൻ തല കുനിച്ചു..

“എനിക്ക് മീരയെ വേണം… എനിക്ക് അവളെ വിവാഹം കഴിക്കണം…ഇങ്ങനെ പോയാൽ വളരെ പെട്ടെന്ന് ഏട്ടൻ സുഖപ്പെടും…അവളെ സ്വന്തമാക്കുകയും ചെയ്യും”

കുറച്ചു സമയം കഴിഞ്ഞ് ആരോടെന്നില്ലാതെ നീരജ് പറഞ്ഞു..

“മീരയുടെ കഴുത്തിൽ താലി ചേർത്തുന്നത് നീരവ് ആയിരിക്കില്ല.ഞാൻ പ്രസവിച്ച മകനായിരിക്കും.ഇത് അമ്മയുടെ വാക്കാണ്”

മകന്റെ തലയിൽ കൈവെച്ച് സത്യം ചെയ്യും പോലെ അവർ ശപഥം ചെയ്തു…

“നീരവിന് അസുഖം മാറില്ല…മീരയെ നാളെ മുതൽ ഞാൻ അവനിൽ നിന്ന് അകറ്റും”

അവന്റെ മുഖം അതുകേട്ട് കൂടുതൽ പ്രകാശിച്ചു.. സന്തോഷത്തോടെ…

തന്റെ മുറിയിൽ എത്തിയപ്പോഴാണ് രാത്രിയിൽ കുടിക്കാനുളള വെള്ളം എടുത്തില്ലെന്ന് നീരജ ഓർത്തത്..ഹാളിൽ വന്നപ്പോൾ അവിടെയുമില്ല.

കിച്ചണിൽ നിന്ന് എടുക്കാമെന്ന് കരുതിയാണ് നീരജ അങ്ങോട്ട് ചെന്നത്.

അടുക്കളയിൽ നിന്ന് നീരജിന്റെയും അമ്മയുടെയും സംസാരം കേട്ട് അവൾ വാതിലിനു പിന്നിൽ മറഞ്ഞു നിന്നു.അവർ പറയുന്നതെല്ലാം കേട്ടവൾ നെഞ്ചിലേക്ക് കൈകൾ വെച്ചു…

“ഈശ്വരാ പാവം എന്റെ നീരവേട്ടൻ…”

നെഞ്ചിൽ കൈവെച്ചു കൊണ്ട് അവൾ തന്റെ മുറിയിലേക്ക് ഓടി…

“അമ്മയും നീരജും ഇത്രക്കും ദുഷ്ടരായി പോയല്ലോ…”.

കിടക്കയിലേക്ക് വീണ് നീരജ ഹൃദയം തകർന്നു പൊട്ടിക്കരഞ്ഞു.ഇതൊന്നും അറിയാതെ മീരയും നീരവും ശാന്തമായി ഉറങ്ങുക ആയിരുന്നു….

(തുടരും)

നീരവം : ഭാഗം 1

നീരവം : ഭാഗം 2

നീരവം : ഭാഗം 3

നീരവം : ഭാഗം 4

നീരവം : ഭാഗം 5

നീരവം : ഭാഗം 6

നീരവം : ഭാഗം 7

നീരവം : ഭാഗം 8

നീരവം : ഭാഗം 9

നീരവം : ഭാഗം 10

നീരവം : ഭാഗം 11