Sunday, November 24, 2024
Novel

അഖിലൻ : ഭാഗം 3

നോവൽ
എഴുത്തുകാരി: ഭദ്ര ആലില


ഇനി എന്തായാലും ആ ക്ലാസിലേക്ക് മടങ്ങി പോകാൻ കഴിയില്ല..പോയാൽ തന്നെ എങ്ങനെ ഞാൻ അവരുടെ മുൻപിൽ പിടിച്ചു നിൽക്കും

ഓരോന്ന് ആലോചിച്ചു നിൽക്കുമ്പോൾ ആണ് കുറച്ചു സീനിയർസ് വരുന്നത് കണ്ടത് . ആദ്യത്തെ ദിവസം അല്ലെ .. അവരുടെ കണ്ണിൽ പെടാതെ ഒഴിഞ്ഞു മാറി നടന്നു.

കുറച്ചു നേരം കോളേജ് ഒക്കെ ചുറ്റി നടന്നു കണ്ടു. അച്ഛന്റെ കൂടെ വന്നപ്പോൾ എല്ലാമൊന്നും കാണാൻ പറ്റിയില്ല .

നാലുകെട്ടുപോലെ ചുറ്റും ക്ലാസ്സ്‌ മുറികൾ നടുവിൽ പച്ച പുല്ലു നിറഞ്ഞ ഗ്രൗണ്ട്… വരാന്തകളോട് ചേർന്ന് ചെറിയ മരങ്ങൾ… ആ ഗ്രൗണ്ടിന് നടുവിൽ നിന്ന് ഒന്ന് കൂവണമെന്ന് തോന്നി പോയി .

കറങ്ങി നടന്നു ഒടുവിൽ ചുവന്ന വാക പൂക്കൾ തീർത്ത പരവതാനിക്ക് മേലെ നടന്നു പ്രണയം പൊഴിക്കുന്ന ആ വാകചോട്ടിൽ ചെന്നിരുന്നു.

എന്തോ .. പൊഴിഞ്ഞു കിടക്കുന്ന ആ വാക പൂക്കളും നനുത്ത കാറ്റുമൊക്കെ ഏറ്റപ്പോൾ അഖിലൻ സാറിനെ ഓർമ്മ വന്നു . ആ ചന്ദന കുറിയും ..

രാവിലെ കണ്ട ആ രൂപവും.. ഞാൻ അറിയാതെ തന്നെ എന്റെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിരിഞ്ഞു.

എന്താടോ എന്നെയും പ്രണയത്തിൽ വീഴിക്കാനുള്ള ശ്രെമമാണോ..?

മുകളിൽ പടർന്നു നിൽക്കുന്ന വാകയോടായി ഞാൻ ചോദിച്ചു. അവ എന്നെ നോക്കി കണ്ണിറുക്കിയ പോലെ .. ചെറിയൊരു കാറ്റിൽ
തലയിൽ വീണ പൂവിൽ ഒന്ന് കൈ കൊണ്ട് കറക്കി ഞാൻ മലയാളം ക്ലാസ്മുറികളിലേക്ക് നോക്കി .വെറുതെ അതുവഴി ഒന്ന് നടന്നിട്ട് വരാൻ മനസ് വെമ്പൽ കൊണ്ടു.

മുകളിലേക്കുള്ള പടിക്കെട്ടുകൾ കയറുമ്പോൾ മനസ് വല്ലാത്തൊരു തിടുക്കത്തിൽ ആയിരുന്നു. സ്റ്റെപ് കയറി ചെല്ലുന്നതിനു തൊട്ടടുത്തയിരുന്നു മലയാളവിഭാഗത്തിന്റെ സ്റ്റാഫ് റൂം. പതുക്കെ ഉള്ളിലേക്ക് എത്തി നോക്കിയെങ്കിലും പ്രതീക്ഷിച ആളെ കാണാൻ കഴിയാത്തതിൽ നിരാശ തോന്നി .

നിനക്ക് ന്താ ഇവിടെ കാര്യം.?

തിരിഞ്ഞു നോക്കിയപ്പോൾ അയാളാണ്.. മുഖത്തു അതേ ദേഷ്യഭാവം

അല്ല മാഷേ…ഈ മുഖം എപ്പോഴും ഇങ്ങനെ ആണോ .. കല്ല് പോലെ

എന്റെ മുഖത്തിന്റെ ഭംഗി നോക്കാൻ വന്നത് ആണോ നീ

പിന്നെ അല്ലാതെ .

ശബ്ദം താഴ്ത്തിയാണ് പറഞ്ഞത് എങ്കിലും അയാൾ അത് കേട്ടുവെന്ന് എനിക്ക് മനസിലായി.

ദേ അധികം വിളച്ചിലെടുത്താൽ ഉണ്ടല്ലോ..

എടുത്താൽ …
ഞാനും വിട്ടു കൊടുക്കാൻ തയ്യാർ അല്ലായിരുന്നു . ക്ലാസ്സ്‌ കഴിഞ്ഞു മറ്റു അദ്ധ്യാപകർ വരുന്നത് കണ്ടപ്പോൾ സാർ അകത്തേക്കു പോയി . ശാരി ക്ലാസ്സിന് വെളിയിൽ നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ അങ്ങോട്ട്‌ ചെന്നു.

നീ എന്തിനാ ഇങ്ങോട്ട് വന്നേ… മറ്റുള്ളവർ നിന്നെ കാണാൻ ഇരിക്കാ… വേഗം പോകാൻ നോക്ക്.

എങ്ങോട്ട് .

എങ്ങോട്ടെന്നോ… നിന്റെ ക്ലാസ്സിലേക്ക്.

ഞാനിനി അങ്ങോട്ടില്ല .. ഡാ . അയാൾ എന്നെ എന്റെ ക്ലാസ്സിൽ വന്നു നാണം കെടുത്തിയെഡാ.

കണക്കായി പോയി .. ഒക്കെ വരുത്തി വച്ചത് അല്ലെ.

അതിനു ഞാൻ ന്ത് ചെയ്തു ?

ഒന്നും ചെയ്തില്ലേ… നിന്നോട് മര്യാദക്ക് അവിടെ അടങ്ങി ഇരിക്കാൻ പറഞ്ഞത് അല്ലെ.. പോരാത്തതിന്നു അയാൾടെ ഇരട്ട പേരു വിളിക്കേം ചെയ്തില്ലേ .. ഞങളെ അയാൾ കൊന്നില്ലന്നെ ഉള്ളു.. പിന്നാലെ ഇനി എന്തൊക്കെ വരുമോ ആവോ

എന്തു വരാൻ… ഞാനില്ലേ സ്ട്രോങ്ങ്‌ ആയിട്ട്.

ഒന്ന് പോയേടി… ഒക്കെ വരുത്തി വച്ചിട്ട്… !അവളെനിക്കിട്ടു ഒരു കിഴുക്ക് തന്നു.

ഡാ… ശാരി മോളെ..

ഹമ്.

ഡാ.

എന്താ ടി… കാര്യം പറ.

എനിക്കേ …

ഹമ്.. നിനക്ക്.

എനിക്ക് അയാളെ ഭയങ്കരായിട്ട് ഇഷ്ടായി.

ആരെ.

അയാളെ ഡാ..

ഏത് അയാൾ..? ശാരി ഒന്നാലോചിച്ചു നിന്നു.
ഈശ്വരാ…. അയാളെയോ..?

ഹമ്… അല്പം നാണം കലർത്തി ഞാൻ മൂളി.
ശെരിക്കും ഇഷ്ടായി…

കൊള്ളാം… അതിനു എന്തറിയാം നിനക്ക് സാറിനെ പറ്റി.

പേര് അറിയാം… ഇവിടുത്തെ സാർ ആണെന്ന് അറിയാം… കുറച്ചു കലിപ്പ് ആണ് ആളെന്നു അറിയാം.. പിന്നെ …

ഹമ്… പിന്നെ ഒരു കുന്തവും അറിയില്ല നിനക്ക്.
നിനക്ക് ന്നല്ല ആർക്കും അയാളെ ശെരിക്കു അറിയില്ല.അടുത്ത ബന്ധുക്കൾ ഇല്ല… ഫ്രണ്ട്സ് ഇല്ല .. കൂടെ വർക് ചെയ്യുന്നവരോട് പോലും അയാൾക്ക് അടുപ്പമില്ല . അയാൾ ന്താണ്ന്നോ അയാളുടെ ചുറ്റുപാടു എന്താന്നോ അറിയാതെ എങ്ങനെയാ..

ഇതൊന്നും ഇല്ലെങ്കിലും അയാൾക് ഒരു മനസ് ഉണ്ടല്ലോ അത് മതി എനിക്ക്.

നന്ദു … ആ മനസിൽ വേറെ ഒരാൾ ഉണ്ടെങ്കിലോ… അയാളെ കാത്തിരിക്കുന്ന ഒരു ഭാര്യയും കുഞ്ഞും ഉണ്ടെങ്കിലോ.. അതാലോചിചോ നീ

അത് … ഞാൻ .

വേണ്ടെടാ … വെറുതെ ഒന്നും മനസിൽ കൊണ്ട് നടക്കണ്ട .. പിന്നെ സങ്കടപെടാനേ
നേരം കാണു.

അവളുടെ വാക്കുകൾ ചെറുതായൊന്നുമല്ല എന്നെ വേദനിപ്പിച്ചത്‌… സാറിന് ഒരു ഭാര്യയും കുഞ്ഞും… എനിക്കത് ആലോചിക്കാനേ വയ്യായിരുന്നു.

അങ്ങനെ ഒരാൾ ഉണ്ടെങ്കിൽ അല്ലെ… ഇനി ഇല്ലെങ്കിലോ … അപ്പൊ എനിക്കൊരു ചാൻസ് ഇല്ലേ.. ഹേ .. ഇല്ലേഡാ … പറ… പറ പറ.. ഇല്ലേ.

എന്റെ പൊന്നോ… ഉണ്ട്. ഒരു സമാധാനം തരോ.

ഹാ… അപ്പൊ അതാണ് . ഇനി ബാക്കി ഉള്ള കാര്യങ്ങൾ ഞാൻ നോക്കിക്കോളാം.
അപ്പൊ പോട്ടെ മോളെ ശാരി..

എങ്ങോട്ടാണ്..?

അയാളെ കുറിച്ച് അറിയണ്ടേ..?

അതിന്?

അയാളോട് പോയി ചോദിക്കണം…

നീയോ… അവൾ എന്നെ സംശയത്തോടെ നോക്കി.

ഹമ്.. ഞാൻ തന്നെ.

എന്തെന്ന് ചോദിക്കും.

സാറേ… സാറിനെ എനിക്ക് ഇഷ്ടാ… സാറിന് എന്നെ ഇഷ്ടമാണോ..? സാറിന്റെ കല്യാണം കഴിഞ്ഞതാണോ എന്നൊക്കെ സ്ട്രൈറ് ആയങ്ങു ചോദിക്കും.

അത്രക്ക് ധൈര്യം ഉണ്ടേൽ ദേ വരുന്നു നിന്റെ സാർ .. ഇപ്പോൾ തന്നെ പോയി ചോദിച്ചു വാ.

ഒരു ആവേശത്തിൽ അങ്ങനെ ഒക്കെ പറഞ്ഞുവെങ്കിലും സാറിനെ കണ്ടതോടെ എന്റെ മുട്ട് വിറക്കാൻ തുടങ്ങി.

എന്താ മോളെ നന്ദു… പോവുന്നില്ലേ നീ.

കളിയാക്കി കൊണ്ടുള്ള ആ ചോദ്യം കേട്ടതോടെ എന്റെ ക്ഷമ കെട്ടു . എന്തും വരട്ടെഎന്ന് കരുതി ഞാൻ സാറിന്റെ മുന്നിലേക്ക് ചെന്നു.

സാർ .

ക്ലാസ്സിൽ പോടീ

എനിക്ക് പറയാൻ ഒരവസരം തരാതെ സാർ മുന്നോട്ടു നടന്നു കഴിഞ്ഞു.

ഇനിപ്പോ പുറകെ ചെന്നാൽ അത്
പുലിവാലാകുമെന്നു ഉറപ്പ്.. ഞാൻ ശാരി മോളെ ഒളികണ്ണിട്ട് നോക്കി.

ആരും കണ്ടില്ല… ഇങ്ങു പോരെ..

ഇത് ന്തായാലും ചീറ്റിയ സ്ഥിതിക്ക് …

ഹാ .. ചീറ്റിയ സ്ഥിതിക്ക് ..?.
ശാരി അതേ ഈണത്തിൽ തിരിച്ചു ചോദിച്ചു.

അങ്ങനെ തോറ്റു കൊടുക്കാൻ പാടില്ലല്ലോ…

ഹമ്… അതുകൊണ്ട്.

അതുകൊണ്ട് നമ്മൾ ഇന്ന് സാർ താമസിക്കുന്ന സ്ഥലം വരെ പോകുന്നു .. അയൽവക്കകാരോട് സാറിനെ പറ്റി തിരക്കുന്നു… പോരുന്നു ..ന്താ.

അയ്യടാ… നമ്മളല്ല…നീ .. നീ തന്നെ അങ്ങ് പോയാൽ മതി.

വാടാ .. നീയില്ലാതെ ഞാൻ എങ്ങനെയാ തന്നെ..
എനിക്കിന്നു ഉച്ച കഴിഞ്ഞു ക്ലാസ്സ്‌ ഇല്ല.. ന്തേലും പറഞ്ഞു നീയും ക്ലാസീന്നു ചാട്

എന്തു പറയാൻ .. ഞാനില്ല

വല്ല വയറു വേദനയോ മറ്റോ ആണെന്ന് പറ

ഒരു വിധം കഷ്ടപെട്ടു അവളെ സമ്മതിപ്പിച്ചു ഞങ്ങൾ സാറ് താമസിക്കുന്ന ഏരിയയിൽ എത്തി

ഇവിടെ എവിടെയോ ആണ് . നമുക്ക് ആരോടെങ്കിലും ചോദിച്ചു നോക്കാം.

അടുത്ത് കണ്ട കടയിൽ കയറി സാറിനെ കുറിച്ച് തിരക്കി. ഒരു വയസായ അമ്മച്ചി ആയിരുന്നു ആ കടയിൽ ഉണ്ടായിരുന്നുള്ളൂ.

ഓഹ്… ആ കുട്ടി മാഷ് ആണോ… ഇപ്പോഴാ അറിയണെ

അതെന്താ നിങ്ങൾക്കാർക്കും പരിചയമില്ലേ മാഷിനെ ?

ഇവിടെ താമസമാക്കിയിട്ട് ഒരു വർഷത്തിൽ മേലെയായി.. .. വീട്ടിലേക്കു ആരെയും അടുപ്പിക്കുകയും ഇല്ല.. ആരോടുമൊട്ടും മിണ്ടുകെമില്ല രാവിലെ പോകുന്നതും തിരിച്ചു വരുന്നതും കാണാം.വേറെ ഒന്നും ആർക്കും അറിഞ്ഞൂടാ

അവിടെ വേറെ ആരൊക്കെ ഉണ്ട്.? സ്ത്രീകൾ ആരെങ്കിലും…?

എന്റെ പെട്ടന്നുള്ള ചോദ്യം കേട്ട് അവരെന്നെ സൂക്ഷിച്ചു നോക്കി.

നിങ്ങൾ ആരാ.? എന്തിനാ ആ കുട്ടിയെ കുറിച്ച് അറിഞ്ഞിട്ട്

അത് അമ്മച്ചി…. ഇത് സാർ കെട്ടാൻ പോകുന്ന പെണ്ണാ.. ഞങ്ങൾ ചുമ്മാ സാറിനെ കുറിച്ച് തിരക്കാൻ വന്നതാ. ശാരിയാണ് മറുപടി പറഞ്ഞത്.

ഹാ ആ കാണുന്നതാ മോളെ വീട് .. നിങ്ങൾ ചെന്നു നോക്ക്.

അമ്മച്ചി കാണിച്ചു തന്ന വീട്ടിലേക്കു ഞങ്ങൾ ചെന്നു. അവിടെ കണ്ട കാഴ്ച എന്റെ ഹൃദയം തകർക്കുന്നത് ആയിരുന്നു

ടെറസിൽ ഉണക്കാൻ ഇട്ടിരിക്കുന്ന ചുവന്ന പട്ടു സാരി .. എനിക്ക് തല കറങ്ങുന്നത് പോലെ . ചുറ്റും ചുവപ്പ് മാത്രം..

(തുടരും )

അഖിലൻ : ഭാഗം 1

അഖിലൻ : ഭാഗം 2