Tuesday, January 14, 2025
Novel

നീലാഞ്ജനം : ഭാഗം 12

നോവൽ
എഴുത്തുകാരി: പാർവതി പിള്ള


ദേവികയുടെയും വിനുവിന്റെയും വിവാഹത്തിന് തീയതി എടുത്തു. രണ്ടാഴ്ചക്കുശേഷം ഉള്ള ഞായറാഴ്ചയാണ് വിവാഹം. മേനോൻ ആകെ സന്തോഷത്തിലാണ്. മനുവിനെയും കൂട്ടിയാണ്
മേനോൻ എല്ലാ കാര്യങ്ങൾക്കും പോകുന്നത്.

ഒറ്റ മകളുടെ വിവാഹമാണ്. നാടറിഞ്ഞു നടത്തണം. അത് ഒരു ആഗ്രഹമാണ്. മനുവും മേനോനും കൂടിയാണ് ശ്രീകാന്തിന്റെ വീട്ടിലേക്ക് പോയത്.

താഴെ റോഡിൽ കാർ നിർത്തി മനുവും മേനോനും ഇറങ്ങുന്നത് കണ്ടുകൊണ്ടാണ് ശ്രീകുട്ടി ഉമ്മറത്തേക്ക് വന്നത്. അവളുടെ കണ്ണുകൾ വിടർന്നു.

അവൾ പെട്ടെന്ന് അടുക്കളയിലേക്ക് ഓടി.
അമ്മേ അമ്മേ..അവൾ ഉറക്കെ വിളിച്ചു.

പറമ്പിൽ നിന്നും കുറച്ചു മത്തൻ ഇല പറിച്ചു തോരൻ വെയ്ക്കാൻ അരിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു ദേവകിയമ്മ.

എന്താടി എന്തിനാ കിടന്നു കാറുന്നത്.
ഞാനിവിടെയുണ്ട്. അമ്മേ ദേ മനുവേട്ടനും മേനോൻ സാറും വന്നിരിക്കുന്നു.

അരിഞ്ഞു കൊണ്ടിരുന്നത് അവിടേക്ക് വെച്ചുകൊണ്ട് വേഗം എഴുന്നേറ്റു. അവർ വെളിയിലേക്ക് ഇറങ്ങി ചെന്നപ്പോഴേക്കും മേനോൻ സാറും മനുവും ഉമ്മറത്തേക്ക് കയറിയിരുന്നു.

കയ്യിൽ ഇരുന്ന കല്യാണക്കുറി ദേവകിയമ്മയുടെ നേരെ നീട്ടിക്കൊണ്ട് മേനോൻ ചിരിയോടെ പറഞ്ഞു മോളുടെ വിവാഹമാണ്. എല്ലാവരും എത്തണം ശ്രീകാന്തിനെ ഞാൻ ഫോൺ ചെയ്ത് പറഞ്ഞു കൊള്ളാം.

മനുവിന്റെ കണ്ണുകൾ അകത്തേക്ക് നീണ്ടു.
ഉണ്ണിമോളെ വെളിയിൽ കാണാത്തതുകൊണ്ട് മനുവിന് ആകെ നിരാശ തോന്നി.

അയ്യോ സംസാരിച്ചിരുന്ന സമയം പോയത് അറിഞ്ഞില്ല. ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം. പറഞ്ഞുകൊണ്ട് ദേവകിയമ്മ അകത്തേക്ക് കയറാൻ ഒരുങ്ങി.

ഇപ്പോൾ ഒന്നും എടുക്കണ്ട ഒന്നിനും സമയമില്ല.
പിന്നീട് ഒരിക്കൽ ആവാം. ഒന്നു രണ്ടിടങ്ങളിൽ കൂടി പോകാനുണ്ട്. ഇപ്പോൾ ഞങ്ങൾ ഇറങ്ങട്ടെ.

മനുവിന്റെ ഒരു നോട്ടം കിട്ടാൻ വേണ്ടി ശ്രീകുട്ടിയുടെ കണ്ണുകൾ അവനിൽ തന്നെ ആയിരുന്നു. പക്ഷേ അവളെ ഒന്ന് നോക്കുക കൂടി ചെയ്യാതെ പോകുന്ന മനുവിനെ കണ്ടപ്പോൾ അവൾക്ക് ആകെ ദേഷ്യം തോന്നി.

കൽപ്പടവുകൾ ഇറങ്ങി കാറിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ് ദൂരെ നിന്നും നടന്നുവരുന്ന ഉണ്ണിമോളെ മനു കണ്ടത്. ഒരു നിമിഷം അങ്കിൾ
കൂടെ ഉണ്ടെന്നുള്ള കാര്യം അവൻ മറന്നു.

ദൂരെ നിന്നും നടന്നുവരുന്ന ഉണ്ണി മോളിൽ തന്നെയായിരുന്നു അവന്റെ കണ്ണുകൾ.
വണ്ടിയിൽ കയറി ഇരുന്നിട്ടും കാർ എടുക്കാത്തത് കൊണ്ടാണ് മേനോൻ മുഖമുയർത്തി മനുവിനെ നോക്കിയത്.

മനുവിന്റെ നോട്ടം പോകുന്നിടത്തേക്ക് മേനോൻ നോക്കി. ഉണ്ണിമോളിലേക്ക് നീളുന്ന അവന്റെ കണ്ണുകൾ കണ്ടു മേനോൻ അത്ഭുതത്തോടെ ഇരുന്നു.

കാറിനടുത്ത് വന്ന ഉണ്ണിമോൾ ഇരുവരെയും നോക്കി ഒന്ന് പുഞ്ചിരിച്ചു. മോൾ എവിടെ പോയതാ.
ഞാൻ ലൈബ്രറിയിൽ വരെ പോയതാ അങ്കിൾ.
മേനോൻ ഡോർ തുറന്ന് വെളിയിലേക്കിറങ്ങി.

ഞങ്ങൾ ദേവികയുടെ വിവാഹം പറയാൻ വന്നതാ.
എല്ലാവരും എത്തണം കേട്ടോ. മേനോൻ അവളുടെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു. അവൾ പുഞ്ചിരിയോടെ സമ്മതം അറിയിച്ചു.

ഇടയ്ക്ക് മനുവിന് നേരെ പാറിവീണ അവളുടെ കണ്ണുകൾ കണ്ടത് തന്നെ നോക്കിയിരിക്കുന്ന മനുവിനെ ആണ്. പെട്ടന്ന് അവൾ നോട്ടം മാറ്റി.

അവളോട് യാത്ര പറഞ്ഞു കൊണ്ട് മേനോൻ കാറിലേക്ക് കയറി. വണ്ടി എടുക്കു മനു.

കുറച്ച് മുൻപോട്ട് കാർ ചെന്നപ്പോഴാണ് മേനോൻ ചോദിച്ചത്. എന്താ മനു ഉണ്ണിമോളെ കണ്ടപ്പോൾ പെൺകുട്ടികളെ കണ്ടിട്ടില്ലാത്ത പോലെ നോക്കുന്നത് കണ്ടല്ലോ.

മനു ഒന്ന് ഞെട്ടി. പിന്നെ ആ ഞെട്ടൽ പുഞ്ചിരി യിലേക്ക് വഴിമാറി. അവന്റെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി കണ്ട് മേനോൻ സംശയത്തോടെ അവനെ നോക്കി.

അത് അങ്കിൾ എനിക്ക് ആ കുട്ടിയെ ഇഷ്ടമാണ്.

വിനുവേട്ടന്റെയും ദേവൂട്ടിയുടെയും വിവാഹം കഴിയുമ്പോൾ എല്ലാവരോടും പറയാനിരുന്നതാ.
മേനോൻ എന്തോ ആലോചിച്ചു കൊണ്ട് തലയാട്ടി
ഉം.. നല്ല കുട്ടിയാ അവൾ.

നമുക്ക് ശ്രീകാന്തിനോട് ഒന്ന് സൂചിപ്പിക്കാം.

ഞാൻ ശ്രീയേട്ടനോട് പറഞ്ഞു അങ്കിൾ.
അവൻ അല്പം ചമ്മലോടെ പറഞ്ഞു.

എടാ… എടാ… മുതിർന്നവർ ചെയ്യേണ്ട കാര്യങ്ങൾ കൂടി നീ ചെയ്തോ. മ്മ്മ് മ്മ്മ്
നടക്കട്ടെ…

എന്തായാലും ദേവൂട്ടി ഹാപ്പിയാകും. ആ കുട്ടിയെ ഒരുപാട് ഇഷ്ടമാ അവൾക്ക്.

അവളെ ആർക്കാ ഇഷ്ടമാകാത്തത്. മനു
മനസ്സിൽ ഓർത്തു.

തിരികെ പോകുന്നതിന് മുൻപ് എന്റെ പേരെഴുതിയ ഒരു മുദ്ര മോതിരം ഉണ്ടാകണം
ആ വിരലിൽ.

എല്ലാവരുടെയും അനുവാദത്തോടെ പ്രണയിക്കണം അവളെ.

ഉണ്ണിമോളുടെ മുഖം മനസ്സിൽ തെളിയവേ
ഒരു തണുപ്പ് നിറഞ്ഞു ഉള്ളിൽ.

ശ്രീകാന്ത് ആരോടും പറയാതെയാണ് വ്യാഴാഴ്ച വൈകിട്ട് എത്തിയത്. രാത്രിയിൽ വീട്ടിലേക്ക് കയറി വന്ന മകനെ കണ്ട് ദേവകിയമ്മ ഒന്ന് അമ്പരന്നു.

എന്താടാ കുഞ്ഞേ നീ പറയാതെ വന്നത്.
ബാക്കി വന്ന ചോറിൽ ഞാൻ വെള്ളം
ഒഴിച്ചല്ലോ. അവർ വിഷമത്തോടെ പറഞ്ഞു.

ശ്രീകാന്തിന് ആണെങ്കിൽ നന്നായി വിശക്കുന്നുണ്ടായിരുന്നു. സാരമില്ല അമ്മേ കുറച്ചു ചോറ് എടുത്ത് വെള്ളം ഒഴിച്ചു തന്നാൽ മതി. നല്ല ക്ഷീണം ഉണ്ട് ഞാൻ ഒന്നു കുളിച്ചിട്ട് വരാം.

ശ്രീകാന്തിന്റെ ശബ്ദം കേട്ടാണ് ഉണ്ണിമോൾ ചാടി എഴുന്നേറ്റത്. അവൾ വേഗം ഏട്ടന്റെ അടുത്തേക്ക് ചെന്നു.

ഏട്ടൻ എപ്പോൾ വന്നു. ഞാൻ വന്നതേയുള്ളൂ മോളെ. ഒന്നു കുളിച്ചിട്ടു
വരട്ടെ. അവൻ തോർത്തും എടുത്തു കൊണ്ട് കിണറ്റിൻ കരയിലേക്ക് നടന്നു.

ഉണ്ണിമോൾ പെട്ടെന്ന് അടുക്കളയിലേക്ക് ചെന്നു. അവൾ വേഗം ഒരു പാത്രത്തിലേക്ക് കുറച്ചു വെള്ളം എടുത്തു അടുപ്പത്ത് വെച്ചു.

ഇത് എന്തിനാടീ. ഏട്ടൻ എങ്ങനെയാ അമ്മേ ഈ തണുത്ത ചോറ് കഴിക്കുന്നത് ഇത്രയും ദൂരം യാത്ര ചെയ്തു വന്നതല്ലേ.

നീ എന്നാൽ അവന് ചോറ് എടുത്തു കൊടുക്ക് ഞാനൊന്നു കിടക്കട്ടെ.

ഉണ്ണിമോൾ അമ്മയെ ഒന്ന് നോക്കി അതുകൊള്ളാം അമ്മ കിടക്കാൻ പോവുകയാണോ സാധാരണ മക്കൾ എത്തിയാൽ അമ്മമാരാ ഇതൊക്കെ ചെയ്തു കൊടുക്കുന്നത്.

ദേവകിയമ്മ അവളുടെ ചോദ്യത്തിന് ചെവികൊടുക്കാതെ അകത്തേക്ക് കയറിപ്പോയി. അവൾ വേഗം ഒരു പാവക്ക എടുത്ത് മെഴുക്കുപുരട്ടി ഉണ്ടാക്കി. മുളക് ചുട്ടെടുത്തു ഒരു ചമ്മന്തി അരച്ചു.

ശ്രീകാന്ത് കുളികഴിഞ്ഞ് വന്നപ്പോഴേക്കും ചൂട് ചോറ് വിളമ്പി അവന്റെ മുൻപിൽ വെച്ചു.

അവൻ അമ്പരപ്പോടെ അവളുടെ മുഖത്തേക്ക് നോക്കി. അവനോർത്തു പണ്ടും ഇങ്ങനെയാണ് തന്റെ മനസ്സറിഞ്ഞ് എന്തുകാര്യവും ചെയ്തുതരും ഉണ്ണിമോൾ.

ചെറുപുഞ്ചിരിയോടെ അവൻ ചോറുവാരി കഴിച്ചു.

അവൻ കഴിച്ച പാത്രം എടുത്ത് അടുക്കളയിൽ ചെന്ന് അത് കഴുകി വെച്ചതിനു ശേഷം അവൾ ഉമ്മറത്തേക്ക് വന്നു.

ഉമ്മറത്ത് ശ്രീകാന്തിന് അടുത്തേക്ക് അവൾ ഇരുന്നു. ഏട്ടാ ദേവിക ചേച്ചിയുടെ വിവാഹത്തിന് നമുക്ക് എന്തെങ്കിലും കൊടുക്കണ്ടേ.

വേണം മോളെ. ഏട്ടൻ രണ്ടു മോതിരം വാങ്ങികൊണ്ടാ വന്നത് അളവ് പാകം ആകുമോ എന്ന് അറിയില്ല.

അവൻ വേഗം മുറിയിലേക്ക് പോയി ഒരു ജ്വല്ലറിയുടെ ബോക്സ് എടുത്ത് അവളുടെ കയ്യിലേക്ക് കൊടുത്തു. അവൾ അത് തുറന്നു നോക്കി. നന്നായിട്ടുണ്ട് ഏട്ടാ. ഇത് പാകമാകും ദേവികഏട്ടത്തിക്ക്.

അവർക്ക് ഇതൊന്നും വലിയ കാര്യമായിരിക്കില്ല. പക്ഷേ നമുക്ക് എന്തെങ്കിലും കൊടുക്കണ്ടേ മോളെ. അവിടുത്തെ മനു നമ്മുടെ ശ്രീക്കുട്ടിയെ ആലോചിച്ചത് അല്ലേ. നല്ല പയ്യനാ.

നമുക്കൊന്നും സ്വപ്നം കാണാൻ പറ്റില്ലാത്ത ബന്ധമാ. ഉണ്ണിമോൾ ഒന്നും മിണ്ടാതെ അവനെ നോക്കി പുഞ്ചിരിച്ചു.

ശ്രീകാന്ത് എഴുന്നേറ്റു കൊണ്ട് അവളോട് പറഞ്ഞു ഏട്ടന് നല്ല ക്ഷീണമുണ്ട് ഒന്ന് കിടക്കട്ടെ. മോൾ പോയി കിടന്നോ.
ശരി ഏട്ടാ അവൾ അകത്തേക്ക് പോയി.

രാവിലെ വേണു മാമയെ കാണാനായി ശ്രീകാന്ത് അങ്ങോട്ടേക്ക് ഇറങ്ങി. പ്രധാനമായും ഹരിതയെ കാണുക എന്നതാണ് അവന്റെ ലക്ഷ്യം.

മാമ പറമ്പിൽ ആകും എന്ന് അറിയാം.
അതുകൊണ്ടാണ് അവൻ അകത്തേക്ക് കയറിയത്.

നേരെ ഹരിതയുടെ മുറിയിലേക്ക് വച്ചുപിടിച്ചു.ഏതോ വാരികയും വായിച്ചുകൊണ്ട് കമിഴ്ന്നു കിടക്കുകയാണ് അവൾ.

അവന് അത് കണ്ട് ദേഷ്യം വന്നു. ഇവളോട് പലതവണ പറഞ്ഞിട്ടുണ്ട് ഇതൊന്നും വായിക്കരുതെന്ന്. വായിച്ചു കൊണ്ട് കിടന്നു കഴിഞ്ഞാൽ പിന്നെ ആരു വന്നാലും അറിയില്ല.

അവൻ അവളുടെ കയ്യിൽ നിന്നും അത് പിടിച്ചെടുത്തു. ഞെട്ടലോടെ മുഖം ഉയർത്തിയ ഹരിത ദേഷ്യത്തോടെ നോക്കി നിൽക്കുന്ന ശ്രീകാന്തിനെ കണ്ട് ഭയത്തോടെ എഴുന്നേറ്റു.

എന്റെ ഈശ്വരാ ഇത് എപ്പോ വന്നു. സാധാരണ ശ്രീയേട്ടന്റെ ശബ്ദം വെളിയിൽ കേൾക്കുമ്പോൾ ഇത് ഒളിപ്പിച്ചുവെയ്ക്കാറാ പതിവ്.ഇന്ന് എന്റെ കാര്യം പോക്കാ.

മേലാൽ ഇത് വായിക്കരുതെന്ന് പറഞ്ഞിട്ടുള്ളതാ.ഇന്ന് അടി വീഴും എന്നാ തോന്നുന്നത്. എന്റെ കൃഷ്ണ ഈ ചതി എന്നോട് വേണ്ടായിരുന്നു.

മുഖം കുനിച്ച് നിൽക്കുന്ന അവളെ കാണകെ ശ്രീകാന്തിന് ദേഷ്യം ഇരച്ചു കയറി. അവൻ കയ്യിലിരുന്ന മാസിക അവളുടെ മുൻപിലേക്ക് വലിച്ചെറിഞ്ഞു. പിന്നെ അവളുടെ ചെവി ശക്തിയായി പിടിച്ചു തിരുമ്മി.

വേദനകൊണ്ട് അവൾ പുളഞ്ഞു. ശ്രീയേട്ടാ മതി വിട് എനിക്ക് നന്നായി വേദനിക്കുന്നു.
ഇത്തവണത്തെക്ക് ക്ഷമിക്ക് ശ്രീയേട്ടാ. ഇനി ഞാൻ ആവർത്തിക്കില്ല സത്യം.

അകത്തെ ബഹളംകേട്ടുകൊണ്ടാണ് വേണു മാഷ് അവിടേക്ക് വന്നത്. എന്താ ഇവിടെ ബഹളം. ശ്രീമോൻ എപ്പോഴാ വന്നത്. ഞാൻ വന്നതേയുള്ളു മാമേ.

വന്നതുകൊണ്ട് ദേ ഈ കാഴ്ച കണ്ടു. അവൻ നിലത്തു കിടക്കുന്ന മാസികയിലേക്ക് വിരൽ ചൂണ്ടി.

മാമേ ഇവളെ ഇവിടെ ഇങ്ങനെ നിർത്തരുത്.
പി.ജി ക്കുള്ള അഡ്മിഷൻ ശരിയാക്കണം.

വേണു മാഷും അത് ശരിവെച്ചു. എന്റെ കൃഷ്ണാ ഇനിയും പഠിക്കാനോ. ഡിഗ്രി എഴുതിയെടുത്ത പാട് എനിക്കറിയാം.

അവൾ അച്ഛനെ കൂർപ്പിച്ചു നോക്കി.
എന്നെ കൊണ്ടൊന്നും പറ്റില്ല പഠിക്കാൻ.

ശ്രീകാന്ത് അവളുടെ നേരെ പാഞ്ഞടുത്തു പിന്നെ നിന്നെ കൊണ്ട് എന്താടി പറ്റുന്നത്.

എനിക്ക് ശ്രീയേട്ടന്റെ കുഞ്ഞുങ്ങളുടെ അമ്മയായാൽ മതി. കുറുമ്പോടെ ഉള്ള അവളുടെ സംസാരം കേട്ട് അവൻ വാ തുറന്നു നിന്നുപോയി.

പുറകിൽ നിന്ന വേണുമാഷ് പൊട്ടി വന്ന ചിരി അമർത്തി പിടിച്ചു കൊണ്ട് പെട്ടെന്ന് വെളിയിലേക്ക് നടന്നു.

പെട്ടെന്ന് സ്വൊബോധത്തിലേക്ക് വന്ന അവൻ തിരിഞ്ഞു നോക്കി. അവിടെ വേണു മാഷിന്റെ പൊടി പോലും ഉണ്ടായിരുന്നില്ല.
പറ്റിയ ഒരു അച്ഛനും മകളും അവൻ മനസ്സിലോർത്തു.

പിറകിൽ അച്ഛൻ ഇല്ലെന്നു കണ്ട ഹരിത പെട്ടെന്ന് ശ്രീകാന്തിനെ തട്ടിമാറ്റി വെളിയിലേക്ക് ഓടി.

എടി നില്ക്ക് അവിടെ . നിൽക്കാൻ.
അവൻ അവളുടെ പുറകെ ഇറങ്ങി.

അവൾ തിരിഞ്ഞ് അവനെ നാക്ക് നീട്ടി കാണിച്ചു. പിന്നെ ഇപ്പോ നിൽക്കും.എന്നെ കൊല്ലാൻ അല്ലേ.

അവൻ നടുവിന് കൈ കൊടുത്തു. ഈ പെണ്ണിന്റെ ഒരു കാര്യം. എന്തായാലും നിന്റെ കാര്യത്തിൽ ഇന്ന് ഒരു തീരുമാനം എടുത്തിട്ടേ ഞാൻ ഇവിടെ നിന്നും പോകുന്നുള്ളൂ.

അവൻ വേണു മാഷിന്റെ അടുത്തേക്ക് നടന്നു.

(തുടരും ) 

നീലാഞ്ജനം: ഭാഗം 1

നീലാഞ്ജനം: ഭാഗം 2

നീലാഞ്ജനം: ഭാഗം 3

നീലാഞ്ജനം: ഭാഗം 4

നീലാഞ്ജനം: ഭാഗം 5

നീലാഞ്ജനം: ഭാഗം 6

നീലാഞ്ജനം: ഭാഗം 7

നീലാഞ്ജനം: ഭാഗം 8

നീലാഞ്ജനം: ഭാഗം 9

നീലാഞ്ജനം: ഭാഗം 10

നീലാഞ്ജനം: ഭാഗം 11