Thursday, December 19, 2024
Novel

ദേവാസുരം : ഭാഗം 5

എഴുത്തുകാരി: അഞ്ജലി അഞ്ജു


“നിർമ്മലേ ഇത് വരെ കുട്ടിയെ ഒരുക്കി കഴിഞ്ഞില്ലേ?”
വീട്ടിൽ വരുന്ന അതിഥികളെ സ്വീകരിക്കുന്ന തിരക്കിലായിരുന്നു നിർമ്മല.

“എന്റെ മാധവേട്ടാ സമയം ഇനിയും ഉണ്ടല്ലോ. ഇങ്ങനെ ഓരോ മിനിറ്റും ഇടവിട്ട് ഈ ചോദ്യം തന്നെ ചോദിക്കല്ലേ. അവിടെങ്ങാനും സമാധാനത്തോടെ ഇരിക്ക് ഇങ്ങനെ ഓടി നടക്കാതെ.”

“എനിക്ക് എങ്ങനെ സമാധാനം ഉണ്ടാവാനാണ്. എന്റെ കുട്ടിയുടെ കല്യാണം കഴിയണത് വരെ എനിക്കങ്ങനെ അടങ്ങി ഇരിക്കാൻ പറ്റില്ലല്ലോ.”

മാധവനെ നോക്കി ചിരിച്ചു കൊണ്ട് നിർമ്മല കുട്ടികളുടെ അടുത്തേക്ക് പോയി.
അവിടെ ദേവികയും കൂട്ടുകാരും ജാനുവിനെ ഒരുക്കുകയാണ്.

വേറെ രണ്ടുപേർ അവിടെ ഉണ്ടെങ്കിലും സ്വന്തമായിട്ട് ഒരുങ്ങി ഇത് വരെ സംതൃപ്തരായിട്ടില്ല.

“ജാനു ചേച്ചി… എത്ര വരച്ചിട്ടും ശെരിയാവണില്ല. എനിക്ക് ഒന്ന് കണ്ണെഴുതി തരുവോ?”

അനുവായിരുന്നു അത്.അനുവിനെയും ശിവയേയും കുഞ്ഞിലേ മുതൽ ഒരുക്കാറുള്ളത് ജാനു ആണ്.

“അതിനെന്താ രണ്ടാളും ഇങ്ങു വാ.”

അപ്പോളാണ് നിർമ്മല അങ്ങോട്ടേക്ക് വന്നത്.

“ആഹാ ഇവിടെ നിങ്ങളാണോ അതോ ജാനു ആണോ കല്യാണ പെണ്ണ്. അടി കൊള്ളും രണ്ടിനും. അവിടെ അച്ഛനാണേൽ ഒരുക്കി കഴിഞ്ഞോ എന്ന് ചോദിച്ചു ബഹളം വെക്കുവാ അതിനിടയ്ക്കാണ്.”

“വേണ്ട അമ്മായി. അവരെ ഒന്നും പറയല്ലേ. ഞാൻ വേഗം അവരെ ഒരുക്കി കൊള്ളാം.”

“നീയാണ് രണ്ടിനെയും ഇത്രയും വഷളാക്കിയത്. ഇനി നീ പോയി കഴിയുമ്പോ ഈ വേഷം കെട്ടും കൊണ്ട് എന്റടുത്തു വന്നാൽ രണ്ടിനും നല്ലത് കിട്ടും പറഞ്ഞേക്കാം.”

അത് പറഞ്ഞപ്പോ രണ്ടാളും സങ്കടത്തോടെ ജാനുവിനെ നോക്കി.

എന്തോ അവൾക്കും ഉള്ളിലൊരു നോവ് തോന്നി. കുറേ വർഷങ്ങളായി ഇവരാണ് അവളുടെ ലോകം.

പെട്ടെന്ന് അവരെ പിരിയുന്നത് ഉൾക്കൊള്ളാൻ അവൾക്ക് കഴിയുമായിരുന്നില്ല.

കുട്ടികളുടെ കാര്യവും വത്യസ്ഥമായിരുന്നില്ല.

അച്ഛനെക്കാളും അമ്മയെക്കാളും അവരെ മനസിലാക്കി ചേർത്ത് നിർത്തിയിരുന്നത് അവരുടെ ജാനു ചേച്ചി ആയിരുന്നു.

രണ്ടാളുടെയും വിഷമം കണ്ടു ജാനു അവരെ ചേർത്ത് നിർത്തി.

“എപ്പോ ന്റെ കുട്ടികൾ വിളിച്ചാലും ഞാൻ വരുമല്ലോ. എന്തിനാ വിഷമിക്കണേ? വേഗം ഒരുക്കി തരാം ഇങ്ങു വാ..”

അവൾ അവരെ ഒരുക്കുന്നത് നോക്കി നിന്ന നിർമ്മലയുടെ കണ്ണുകളും അറിയാതെ നിറഞ്ഞു. ഇത്രയും കാലം അവളെ ദ്രോഹിച്ചത് ഓർക്കുമ്പോൾ അവർ കുറ്റബോധം കൊണ്ട് നീറുകയായിരുന്നു.

ഒരു ചില്ലി റെഡ് നിറത്തിലെ സാരി ആയിരുന്നു അവൾ ധരിച്ചിരുന്നത്. തലയിൽ മുല്ലപ്പൂ ഒക്കെ വെച്ച് ആഭരണങ്ങളൊക്കെ ഇട്ടു നല്ല സുന്ദരിയായിട്ടുണ്ടായിരുന്നു.

“ദേ അവർ വന്നു ട്ടോ. വേഗം അങ്ങോട്ടേക്ക് എത്തിക്കൊള്ളൂ.”

മാധവന്റെ ശബ്ദം കേട്ടതും ജാനിയുടെ നെഞ്ചിൽ പെരുമ്പറ മുഴക്കം കേട്ടു തുടങ്ങി. എന്തെന്നില്ലാത്ത ഭയം അവളെ മൂടിയിരുന്നു.

ചുറ്റിനും നടക്കുന്നതൊന്നും അവൾക്ക് ശ്രദ്ധിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

ആരൊക്കെയോ പറയുന്നത് കേട്ട് യാന്ത്രികമായി അവൾ ചലിച്ചുകൊണ്ടിരുന്നു.

കതിർമണ്ഡപത്തിൽ ഇന്ദ്രന് അടുത്ത് ഇരിക്കുമ്പോളും അവളിൽ നിർവികാരത മാത്രമാണ് ഉണ്ടായിരുന്നത്.

മാധവന്റെ മുഖത്തു ഒരു ആശ്വാസമായിരുന്നു നിഴലിച്ചിരുന്നത്.

കുഞ്ഞു നാൾ മുതൽ സങ്കടങ്ങൾ മാത്രം അനുഭവിച്ച തന്റെ സഹോദരിയുടെ മകൾക്ക് ഇനിയെങ്കിലുമൊരു നല്ല ജീവിതം അയാൾ പ്രതീക്ഷിച്ചിരുന്നു.

ഉഷയിലും സേതുവിലും എന്തെന്നില്ലാത്ത സന്തോഷമായിരുന്നു രുദ്രയ്ക്കും മറിച്ചായിരുന്നില്ല.

ഇന്ദ്രന്റെ കണ്ണുകൾ അപ്പോഴും പ്രതീക്ഷയോടെ ആരെയോ തിരഞ്ഞു കൊണ്ടിരുന്നു.

താലി രുദ്രൻ ചാർത്തി കൊടുത്തപ്പോൾ തന്റെ മരണം വരെ ഈ താലി കൂടെ ഉണ്ടാകണേ എന്ന പ്രാർത്ഥന മാത്രമേ ജാനുവിന് ഉണ്ടായിരുന്നുള്ളു.

തന്റെ സീമന്ത രേഖയിൽ ചുവപ്പ് പടർന്നപ്പോൾ കണ്ണുകൾ അടച്ചു കൊണ്ട് അവൾ സ്വീകരിച്ചു.

കണ്ണുകൾ തുറന്നപ്പോൾ ക്ഷണിച്ച അതിഥികൾക്ക് ഇടയിൽ തന്നെ മാത്രം ഉറ്റു നോക്കുന്ന ആ നിറഞ്ഞ കണ്ണുകളെ തിരിച്ചറിയാൻ അവൾക്ക് അധികം താമസം ഉണ്ടായില്ല.

പെട്ടെന്നുണ്ടായ കുറ്റ ബോധത്തിൽ ശിരസു താണപ്പോളും ആ കണ്ണുകൾ അവളെ തന്നെ നോക്കുന്നുണ്ടായിരുന്നു.

പിന്നീട് അവളുടെ നിറഞ്ഞു വന്ന കണ്ണുനീർ കാഴ്ച മറച്ചെങ്കിലും വിഷ്ണുവിനെ തേടി വീണ്ടുമെത്തിയിരുന്നു.

പക്ഷെ അവനെ കണ്ടെത്താൻ അവൾക്ക് പിന്നീട് കഴിഞ്ഞില്ല.

എല്ലാവരോടും യാത്ര പറഞ്ഞിറങ്ങുമ്പോളും കണ്ണുകൾ നിറഞ്ഞു തന്നെ ഇരുന്നിരുന്നു. ഇന്ദ്രന്റെ മുഖത്തു നിരാശ തളം കെട്ടി കിടന്നു.

ഇന്ദ്രിയത്തിൽ എത്തും വരെയും ഒരു വാക്ക് പോലും ഇരുവരും സംസാരിച്ചില്ല.

നില വിളക്ക് കൊടുത്ത് ഉഷ ജാനുവിനെ സ്വീകരിക്കുമ്പോളും ഇന്ദ്രൻ തന്റെ ഇഷ്ടമില്ലായ്മ പ്രകടിപ്പിച്ചിരുന്നു.

ഉഷയെയും സേതുവിനെയും ഇന്ദ്രന്റെ സ്വഭാവം വേദനിപ്പിച്ചെങ്കിലും ജാനുവിന് ഒന്നും തോന്നിയില്ല.

തനിക്കൊരു അമ്മയുടെ സ്നേഹവും കരുതലും കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു അവൾ.

കൂടുതലായൊന്നും ആരിൽ നിന്നും അവൾ പ്രതീക്ഷിച്ചിരുന്നില്ല.

വൈകിട്ട് റിസപ്ഷൻ ഒക്കെ കഴിഞ്ഞ് ബന്ധുക്കളുടെ പൊങ്ങച്ചങ്ങൾക്കിടയിൽ നിന്ന് രുദ്രയാണ് ജാനുവിനെ രക്ഷിച്ചത്.

ഇന്ദ്രന്റെ മുറിയിലേക്ക് കൊണ്ട് പോയി അവൾക്ക് മാറി ഇടാനുള്ള ഡ്രെസ്സും രുദ്ര കാട്ടി കൊടുത്തു.

അവൾ ഫ്രഷ് ആയി ഇറങ്ങും വരെ രുദ്ര അവൾക്ക് കൂട്ടായി ഇരുന്നു. ഇതിനിടയിലാണ് ഇന്ദ്രൻ മുറിയിലേക്ക് വന്നത്.

“ചേച്ചി എന്താ ഇവിടെ ഇരിക്കുന്നത്.”

“ജാനു ഫ്രഷ് ആകുവാണ്. ഞാൻ അവൾക്ക് കൂട്ടിരുന്നതാ.”

“ഈ വയ്യാത്ത നീയെന്തിനാ അവളുടെ പുറകേ നടക്കുന്നത്?”

“നീ നടക്കാത്തത് കൊണ്ട്.

നീ അവളോട് കാണിക്കുന്നതൊക്കെ ഞങ്ങൾക്ക് മനസ്സിലാവുന്നുണ്ട്. ആദ്യായിട്ട് വീട് മാറി നിക്കുന്ന പെൺകുട്ടികളുടെ മനസ് നിനക്കൊന്നും അറിയില്ല.

ഭർത്താവാണ് അവർക്ക് ഒരു സമാധാനം കൊടുക്കേണ്ടത്. എപ്പോളും കൂടെ ഉണ്ടാവുമെന്ന ഉറപ്പു മാത്രം മതി ജീവിത കാലം മുഴുവൻ അവൾ നിന്റെ കൂടെ ഉണ്ടാവാൻ.”

അവൻ ഒന്നും മിണ്ടാതെ രുദ്ര പറയുന്നതൊക്കെയും ശ്രദ്ധിച്ചു.

“എനിക്ക് ഏതായാലും അവളെ ഒറ്റക്കാക്കാൻ കഴിയില്ല. നിന്റെ ഭാര്യയെന്നതിൽ ഉപരി അവളെന്റെ അനിയത്തി ആണ്. അങ്ങനെ കാണാനാണ് എനിക്ക് ഇഷ്ടം.”

“നിനക്ക് അല്ലെങ്കിലും എല്ലാവരെയും വിശ്വാസം ആണല്ലോ. ഞാനൊന്നും പറയുന്നില്ല.”

“നീ ഒന്നും പറയണ്ട.”

“ഞാൻ പോകുവാണ്. ആ സാധനത്തിന്റെ നീരാട്ട് കഴിയുമ്പോ പറ. എനിക്ക് ഒന്ന് ഫ്രഷ് ആവണം.”

“ഇത് നിന്റെ റൂമല്ലേ നിനക്ക് ഇഷ്ടമുള്ളപ്പോ കുളിച്ചോ ആരെങ്കിലും തടഞ്ഞോ അതിന്.”

അവൻ ദേഷ്യത്തിൽ ചവിട്ടി തുള്ളി പുറത്തേക്ക് പോകുന്നത് ഒരു ചിരിയോടെ രുദ്ര നോക്കിയിരുന്നു. അപ്പോളേക്കും ജാനു കുളി കഴിഞ്ഞ് ഇറങ്ങി.

“ആഹാ നീ ഫ്രഷ് ആയി കഴിഞ്ഞിരുന്നോ? ദേ അവനിപ്പോ വന്നു പോയതേ ഉള്ളൂ.”

“ഇന്ദ്രേട്ടന്റെ സംസാരം ഞാൻ കേട്ടിരുന്നു. ഏട്ടൻ പോയിട്ട് ഇറങ്ങാൻ നോക്കി നിക്കുവായിരുന്നു.”

“ആഹാ ബെസ്റ്റ്. നന്നായി.”

“നീ ഏതായാലും വാ. നമുക്ക് ഇവടൊക്കെ കണ്ടു എല്ലാരുമായും പരിചയപ്പെടാം. അല്ലെങ്കിൽ ആ കഴുത ഇനിയും ഇങ്ങോട്ട് വന്നു വഴക്ക് കൂടും.

ആഹ് പിന്നെ അവൻ എന്തെങ്കിലും പറയുമ്പോ മിണ്ടാതെ ഇരുന്നാൽ അവന് അഹങ്കാരം കൂടും. അവൻ മോശമായി എന്തെങ്കിലും പറഞ്ഞാൽ എതിർത്തു പറയണം.

അല്ലെങ്കിൽ നിന്റെ ഭാഗത്തു എന്തെങ്കിലും തെറ്റുണ്ടെന്ന് അവൻ വിചാരിക്കും.”

ഇതും പറഞ്ഞ് ജാനുവിന്റെ കയ്യും പിടിച്ചു രുദ്ര പുറത്തേക്കിറങ്ങി.

ഫ്രഷ് ആയി പുറത്തേക്ക് വന്നപ്പോളാണ് ഫോൺ ബെൽ ചെയ്യുന്നത് ഇന്ദ്രൻ കണ്ടത്. പ്രതീക്ഷിച്ചത് പോലെ അലീന ആയിരുന്നു അത്.

പതിവ് പോലെ സൗഹൃദത്തോടെ ആണ് അവൾ അന്നും അവനോട് സംസാരിച്ചത്.

ജാനുവിന്റെ കാര്യങ്ങൾ ഉത്സാഹത്തോടെ അവൾ തിരക്കുന്നതിൽ അവന് ദേഷ്യം തോന്നി.

തന്നെ ഒരിക്കലും അലീന പ്രണയിച്ചിരുന്നില്ലെന്ന തോന്നൽ അവനിലും ഉടലെടുത്തു തുടങ്ങിയിരുന്നു.

അലീന ഫോൺ വെച്ചതിനു ശേഷവും അവൻ ചിന്തയിലാണ്ടിരുന്നു.

അപ്പോളാണ് ജാനു പാലുമായി മുറിയിലേക്ക് വരുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടത്. അവളെ മൈൻഡ് ചെയ്യാതെ അവനവിടെ തന്നെ ഇരുന്നു.

അവനിൽ നിന്നും ഒരു പ്രതികരണവും കാണാത്തതിനാൽ അവൾ അവനരികിലേക്ക് ചെന്നു.

അവൾ അവനരികിലായി ബെഡിൽ ഇരുന്നതും ഇന്ദ്രൻ ഇരുന്നിടത്തു നിന്നും ചാടി പിടഞ്ഞെഴുന്നേറ്റു.

ഏതോ ജീവിയെ കണ്ടത് പോലെ ഞെട്ടിയെഴുന്നേറ്റ അവനെ അവളും ഭയത്തോടെ നോക്കി.

“എന്താ ഏട്ടാ? എന്ത് പറ്റി?”

“നിന്നോട് ആരാ പറഞ്ഞേ എന്റെ കട്ടിലിൽ ഇരിക്കാൻ.”

“അത്.. ഞാൻ.. ”

“ദേ എന്നെ മയക്കി എടുക്കാമെന്ന് വല്ല ചിന്തയും ഉണ്ടെങ്കിൽ അത് കയ്യിൽ തന്നെ വെച്ചേച്ചാൽ മതി. നിന്റെ അഭിനയമൊന്നും എന്റെ അടുത്ത് നടക്കില്ല.”

“അതിന് ഞാൻ അഭിനയിച്ചില്ലല്ലോ?
പിന്നെ ഇനി ഈ മുറി എന്റെ കൂടെ ആണ്. ഞാൻ എവിടെ വേണമെങ്കിലും ഇരിക്കും.”

“അവളുടെ ഒരു മുറി! നിന്നെ ഇവിടുന്ന് ഓടിക്കാൻ എനിക്ക് അറിയാം.”

“ചേട്ടൻ അതിന് കഷ്ടപ്പെടണ്ട
എന്തൊക്കെ ചെയ്‌തെന്ന് പറഞ്ഞാലും എന്നെ ഇപ്പൊ കൊല്ലുമെന്ന് പറഞ്ഞാൽ പോലും ഞാൻ ഇവിടുന്ന് പോകില്ല.

ഇനിയും മാമനെ ബുദ്ധിമുട്ടിക്കാൻ എനിക്ക് കഴിയില്ല.

പഠിത്തം കഴിഞ്ഞ് നല്ലൊരു ജോലി കിട്ടും വരെ എനിക്ക് ഇവിടെ നിന്നേ പറ്റുള്ളൂ.”

“ഓ ഇത് വലിയ ശല്യമായല്ലോ?”

“ചേട്ടൻ എന്തിനാ പേടിക്കുന്നത്? നമുക്ക് നല്ല ഫ്രണ്ട്‌സ് ആയി കഴിയാമെന്നേ.”

“നീ ഇതും ഇതിനപ്പുറവും പറയുമെന്ന് എനിക്ക് അറിയാം. എന്റെ പൈസ കണ്ടല്ലേ നീ നിന്റെ കാമുകനെ ഉപേക്ഷിച്ചത്?”

ഇന്ദ്രൻ പെട്ടെന്നത് പറഞ്ഞപ്പോൾ അവൾക്ക് ആദ്യമൊരു ഞെട്ടലാണ് ഉണ്ടായത്.

“എന്താ നിന്റെ നാവിറങ്ങി പോയോ? നിന്റെ എല്ലാ ചരിത്രവും എനിക്കറിയാം. എന്റെ വീട്ടുകാരെ പറ്റിക്കുന്നത് പോലെ എന്നെ പറ്റിക്കാമെന്ന് വിചാരിക്കണ്ട.”

“ഞാൻ ആരെയും പറ്റിച്ചിട്ടില്ല. പിന്നെ ഇപ്പോൾ ഏട്ടൻ പറഞ്ഞത് സത്യമാണ്. ഞാനങ്ങനെ ചെയ്തതിനു എന്റേതായ കാരണമുണ്ട്.

ഇപ്പോൾ ഏട്ടനോട് അത് പറഞ്ഞാൽ വീണ്ടും ഏട്ടന് മുന്നിൽ ഒരു പരിഹാസ പാത്രം ആകാമെന്നേ ഉള്ളൂ.

എന്നെങ്കിലും ഏട്ടനായിട്ട് എന്നെ മനസിലാക്കുമെങ്കിൽ മനസിലാക്കു.”

ഇത്രയും പറഞ്ഞ് അവൾ ഒരു തലയിണയും ഷീറ്റുമായി താഴേക്ക് ഇറങ്ങി കിടന്നു.

അവളെന്തെങ്കിലും ന്യായീകരണങ്ങൾ നിരത്തുമെന്നാണ് അവൻ വിചാരിച്ചിരുന്നത്.

പക്ഷെ പെട്ടെന്നുള്ള അവളുടെ ഈ പ്രവൃത്തിയിൽ അവന് ആശ്ചര്യം തോന്നി.

(തുടരും )

ദേവാസുരം : ഭാഗം 1

ദേവാസുരം : ഭാഗം 2

ദേവാസുരം : ഭാഗം 3

ദേവാസുരം : ഭാഗം 4