Sunday, November 24, 2024
Novel

നീലാഞ്ജനം : ഭാഗം 4

നോവൽ
എഴുത്തുകാരി: പാർവതി പിള്ള


രാത്രി ഒരുപാട് വൈകിയാണ്
ശ്രീകാന്ത് വീട്ടിൽ വന്നു കയറിയത്…..

മകനെ നോക്കി ഉറക്കമൊഴിച്ച്
ഉമ്മറത്തിരുന്ന ദേവകി അമ്മയെ ഒന്ന് നോക്കുകപോലും ചെയ്യാതെ ശ്രീകാന്ത് മുറിയിലേക്ക് കയറിപ്പോയി….

അത് പതിവില്ലാത്ത ഒരു കാര്യമായതിനാൽ ദേവകിയമ്മ ഒന്ന് അമ്പരന്നു….

അവന്റെ പിന്നാലെ മുറിയിലേക്ക് ചെന്നു…

നീ മേല് കഴുകിയിട്ട് വാ ഞാൻ
ചോറ് എടുത്തു വെയ്ക്കാം…

എനിക്ക് ഒന്നും വേണ്ട അമ്മ കിടന്നോ…

ഒന്നും വേണ്ട എന്നോ ഇവിടെ
അത്താഴ പട്ടിണി കിടക്കാൻ പറ്റില്ല…

എനിക്ക് വിശപ്പ് ഇല്ലാത്തത് കൊണ്ടാ..

അമ്മ പോയി കിടന്നോ….

പറഞ്ഞുകൊണ്ട് അവൻ ലൈറ്റ്
ഓഫ് ചെയ്തു കട്ടിലിലേക്ക് വീണു…

അവർ കുറച്ചുനേരം മകനെ നോക്കി നിന്നു പിന്നെ ഒരു നെടുവീർപ്പോടെ വെളിയിലിറങ്ങി….

രാവിലെ ശ്രീകാന്ത് കുറച്ചു താമസിച്ചാണ് എഴുന്നേറ്റത്…

എഴുന്നേറ്റ് ഉമ്മറത്തേക്ക് ചെന്നപ്പോൾ ഉണ്ണിമോൾ സ്കൂളിൽ പോകാൻ റെഡിയായി ഇറങ്ങി വരികയായിരുന്നു….

അവൾ ശ്രീകാന്തിന്റെ അടുത്തേക്ക് വന്നു…

ഏട്ടാ എന്തുപറ്റി എന്താ വല്ലാതെ ഇരിക്കുന്നത്….

അവൻ കുറച്ചു നേരം അനുജത്തിയുടെ മുഖത്തേക്ക് നോക്കി ഇരുന്നു..

ഒന്നുമില്ല മോളേ…
മോൾ വേഗം സ്കൂളിൽ പോകാൻ നോക്ക്…

ഉണ്ണിമോൾ അവന്റെ മുഖത്തേക്ക് തിരിഞ്ഞു നോക്കിക്കൊണ്ട് ഇറങ്ങി…

അവൻ വേഗം കുളിച്ചു റെഡിയായി വേണു മാമയുടെ അടുത്തേക്ക് ഇറങ്ങാൻ തുടങ്ങി…

ദേവകിഅമ്മ കട്ടൻചായയും ആയി മകന്റെ അടുത്തേക്ക് എത്തി….

ഒന്ന് തിരിഞ്ഞു പോലും നോക്കാതെ പടിക്കെട്ടുകൾ ഇറങ്ങുന്ന മകനെ നോക്കി നിന്നു…

കലുഷിതമായ മനസ്സോടെ വേണു മാമയുടെ വീടിന്റെ പടികയറുമ്പോൾ കണ്ടു മുറ്റം അടിച്ചു കൊണ്ട് നിൽക്കുന്ന ഹരിതയെ…

അവൻ അവളുടെ അടുത്തേക്ക് ചെന്നു…

ഹരി….

അവൾ ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കി….

ശ്രീയേട്ടൻ ആയിരുന്നോ…

ഞാൻ പേടിച്ചുപോയി…

ശ്രീയേട്ടൻ കയറി ഇരിക്ക് ഞാൻ അച്ഛനെ വിളിക്കാം…

ഒരു ഭാവ മാറ്റവുമില്ലാതെ പറഞ്ഞുകൊണ്ട് ഹരിത ഉമ്മറത്തേക്ക് കയറി….

അവൻ പെട്ടെന്ന് അവളുടെ കയ്യിൽ പിടിച്ചു…

എനിക്ക് മാമയോട് അല്ല സംസാരിക്കേണ്ടത് നിന്നോടാ….

അവൾ അവന്റെ കൈ വിടുവിച്ചു കൊണ്ട് അവന്റെ മുഖത്തേക്ക് ഉറ്റുനോക്കി…

എന്താ ശ്രീഏട്ടന് പറയാനുള്ളത്….

ഹരി ഞാൻ….

അവൾ അവന്റെ അടുത്തേക്ക് ചെന്നു…

ശ്രീയേട്ടാ ഇന്നലെ അച്ഛൻ പറഞ്ഞത് തന്നെയാ എനിക്കും പറയാനുള്ളത്..

ശ്രീയേട്ടൻ ഈ വിവാഹത്തിന് സമ്മതിക്കണം…

ചേച്ചിമാർ നിൽക്കുമ്പോൾ ശ്രീയേട്ടന്
എന്നെ വിവാഹം കഴിച്ചു കൊണ്ട് അങ്ങോട്ട് പോകാൻ പറ്റുമോ…

ഹരി നീ എന്തൊക്കെയാ ഈ പറയുന്നത്….

അങ്ങനെ മറ്റൊരു വിവാഹം കഴിക്കാൻ അല്ല ഞാൻ നിന്നെ സ്നേഹിച്ചത്….

അവൾ നിറഞ്ഞ കണ്ണുകൾ ശ്രീകാന്ത് കാണാതെ ഇറുക്കിയടച്ചു…

പിന്നെ ഒന്നും മിണ്ടാതെ അകത്തേക്ക്
കയറി….

അവൻ എന്തു ചെയ്യണമെന്നറിയാതെ
നിന്നു…

അകത്തു നിന്നും ഇറങ്ങി വന്ന വേണുമാഷ് അവന്റെ നിൽപ്പ് കണ്ട് ആകെ ധർമ്മസങ്കടത്തിലായി…

മോനേ..
നീ മാമക്ക് വാക്ക് തന്നതാണ് ഇനി അത് തെറ്റിക്കരുത്….

ഈ വിവാഹത്തിന് എന്റെ മോൻ സമ്മതിക്കണം…

ഹരി കുട്ടനെ ഞാൻ പറഞ്ഞു
സമ്മതിപ്പിച്ചിട്ടുണ്ട്….

ഇനി ഈ കാര്യവും പറഞ്ഞ് മോൻ
അവളെ കാണാൻ വരരുത്…

ശ്രീകാന്തിന്റെ കണ്ണുകൾ അകത്തേക്ക് നീണ്ടു….

പിന്നെ ഒന്നും മിണ്ടാതെ വെളിയിലേക്കിറങ്ങി
വീട്ടിലേക്ക് നടന്നു….

അവനെ പ്രതീക്ഷിച്ചപോലെ ദേവകിയമ്മ ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു…

അവർക്ക് അറിയാമായിരുന്നു അവൻ അങ്ങോട്ടേക്ക് തന്നെയാണ് പോകുന്നതെന്ന്…

അതിന്റെ ആദ്യപടിയെന്നവണ്ണമാണ് രാവിലെ ആങ്ങളയേയും വൈകിട്ട്
ഹരിതയെയും പോയി കണ്ടത്….

മുഖത്ത് രക്തമയം ഇല്ലാതെ വിളറി
ഒന്നിലും ശ്രദ്ധയില്ലാതെ നടന്നു വരുന്ന മകനെ കണ്ടപ്പോഴേ അവർക്ക് മനസ്സിലായി ഹരിതയോട് അവൻ
സംസാരിച്ചിരുന്നെന്ന്……

അവൻ ഒന്നും മിണ്ടാതെ തന്റെ മുറിയിലേക്ക് കയറി വാതിലടച്ചു
കട്ടിലിലേക്ക് വീണു…..

കണ്ണുകൾ ഇറുക്കിയടച്ചു…

കണ്ണടയ്ക്കുമ്പോൾ മുൻപിൽ തെളിയുന്നത് ഹരിതയുടെ മുഖമാണ്….

ഓർമ്മവച്ച കാലം മുതൽ മനസ്സിൽ കൊണ്ടുനടക്കുന്നതാണ്…

ഹൃദയത്തിൽ സൂക്ഷിച്ചിരുന്നതാണ് പറിച്ചെറിയേണ്ടി വരുമോ….

കഴിയുമോ തനിക്ക് അതിന്…

അവൾ ഇന്ന് പറഞ്ഞതൊക്കെയും അമ്മ
പറയിപ്പിച്ചത് ആണെന്ന് തനിക്ക് നന്നായി അറിയാം….

ഒപ്പം വേണു മാമയും എന്തെങ്കിലുമൊക്കെ പറഞ്ഞിട്ടുണ്ടാവണം….

അമ്മയോട് ഒന്നും ചോദിക്കാൻ അറിയാൻ വയ്യാഞ്ഞിട്ട് അല്ല….

പിന്നെ സ്വസ്ഥത കിട്ടില്ല……

അമ്മയെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല..

വിവാഹ പ്രായം കഴിഞ്ഞ പെൺമക്കൾ ഉള്ള എല്ലാ അമ്മമാരുടെയും ആദി തന്നെയാണ് അത്…

അവൻ കുറെ നേരം അങ്ങനെ കിടന്നു…..

പിന്നെ മുഖം അമർത്തി തുടച്ചു കൊണ്ട് എഴുന്നേറ്റ് വാതിൽ തുറന്നു വെളിയിലേക്ക് ഇറങ്ങി…

അമ്മ ഉമ്മറത്ത് തന്നെ ഇരിപ്പുണ്ട് എന്തോ ആലോചനയിലാണ്….

അവൻ അമ്മയുടെ അടുത്തേക്ക് ചെന്നു..

അമ്മേ…

അവർ മുഖമുയർത്തി അവനെ നോക്കി…

അമ്മ ദാമു ചേട്ടനെ വിളിച്ച് പറഞ്ഞേക്ക് എനിക്ക് ഈ വിവാഹത്തിന് സമ്മതമാണെന്ന്…..

അവർ നെഞ്ചത്ത് കൈ വച്ചു കൊണ്ട്
പെട്ടെന്ന് എഴുന്നേറ്റു….

സത്യമാണോ മോനെ നീ പറയുന്നത്….

ഈശ്വരാ നീ എന്റെ പ്രാർത്ഥന കേട്ടു…..

അവർ രണ്ടു കൈയും കൂപ്പി മുകളിലേക്ക് നോക്കി തൊഴുതു…

ഞാൻ ദാമുവിനെ ഒന്നു വിളിക്കട്ടെ…

അവർ വേഗം മേശ തുറന്ന് അതിൽ നിന്നും ഒരു തുണ്ട് പേപ്പർ എടുത്ത് അപ്പുറത്തെ വീട്ടിലേക്ക് ഓടി….

ശ്രീക്കുട്ടൻ അമ്മയുടെ പോക്ക് കണ്ട് പുച്ഛത്തോടെ ചിരിച്ചു….

എന്തൊക്കെയോ ആലോചിച്ചു കൊണ്ട് ഉമ്മറത്തിരുന്നപ്പോഴാണ് താഴെനിന്നും ശാലിനി ചേച്ചിയും ശാരി ചേച്ചിയുംകൂടി കയറി വരുന്നത് കണ്ടത്….

രണ്ടാളും അമ്പലത്തിൽ പോയിട്ടുള്ള വരവാണെന്ന് തോന്നുന്നു…

കൈയ്യിൽ എന്തൊക്കെയോ വഴിപാടുകൾ നടതിയതിന്റെ പ്രസാദവും ഉണ്ട്…..

നീ ഇന്ന് പോയില്ലേ ശ്രീക്കുട്ടാ…. ശാരി ചോദിച്ചു….

ഇല്ല ചേച്ചി നല്ല സുഖം തോന്നിയില്ല….

നിങ്ങൾ അമ്പലത്തിൽ പോയതാണോ…

മ്മ്മ്…. വിവാഹം നടക്കാൻ അമ്മയുടെ വഴിപാടുകൾ തുടങ്ങിയിട്ട് ആറേഴ് വർഷമായി….

വഴിപാട് നടത്തി നടത്തി നമ്മൾ ഒരു പരുവമായി…

പൂജ നടത്തി തിരുമേനിയും ക്ഷീണിച്ചു…

ഇതുതന്നെ കേട്ട് കേട്ട് ഭഗവാൻ ചെവിയും അടച്ചു വെച്ചിരിക്കുകയാണ്…

മതിയാക്കാൻ എത്ര പറഞ്ഞാലും അമ്മ കേൾക്കില്ല…

അമ്മയോട് പറയാൻ ആരെ കൊണ്ടാകും…

ഒരു ദിവസം കടയിൽ ചെന്നില്ലെങ്കിൽ ആ ദിവസത്തെ ശമ്പളം അങ്ങ് കുറയ്ക്കും…..

അമ്മയോട് അത് പറഞ്ഞാൽ മനസ്സിലാവണ്ടേ…

പറഞ്ഞുകൊണ്ട് ശാരി അകത്തേക്ക് കയറി….

ശ്രീക്കുട്ടൻ അവരെ നോക്കി ഒന്ന് ചിരിച്ചു….

ചേച്ചി വിഷമിക്കണ്ട….

ഇനിയിപ്പോ വിവാഹമൊക്കെ നടക്കും…..

ശാലിനി അവനെ ചോദ്യഭാവത്തിൽ നോക്കി…

സത്യമാ പറഞ്ഞത് താമസിയാതെ ഒരു
ബംപർ അടിക്കും….

അപ്പോഴേക്കും ദേവകിയമ്മ താഴെ നിന്നും കയറിവന്നു…..

സന്തോഷത്തോടെയുള്ള അവരുടെ വരവ് കണ്ട് പെണ്മക്കൾ രണ്ടും മുഖത്തോടുമുഖം നോക്കി…

അമ്മ ഇത് എവിടേക്ക് പോയതാ…

ഞാൻ അപ്പുറത്തെ രാധയുടെ വീട്ടിൽ പോയതാ…

അവിടെ എന്താ അമ്മേ പതിവില്ലാതെ…

ശാലിനി അമ്മയുടെ മുഖത്തേക്ക് നോക്കി…

അത് ഒരു ആവശ്യമുണ്ടായിരുന്നു…

ദേവകിയമ്മ മക്കൾക്ക് മുഖം നൽകാതെ അകത്തേക്ക് കയറിപ്പോയി….

അവർക്ക് അറിയാം ശാലിനിയുടെ സ്വഭാവം..

ശ്രീക്കുട്ടൻ വിവാഹത്തിന് സമ്മതിച്ചത് അറിഞ്ഞാൽ അവൾ സമ്മതിക്കില്ല….

ഉണ്ണിമോളുടെ അതേ സ്വഭാവമാണ് ശാലിനിക്ക്….

തൽക്കാലം ഒന്നും അറിയാതെ ഇരിക്കുന്നതാണ് നല്ലത്…

ശാലിനിയും ഉണ്ണി മോളും അറിഞ്ഞാൽ ഒന്നും താൻ ഉദ്ദേശിക്കുന്നത് പോലെ നടക്കില്ല….

ദേവകിയമ്മ അടുക്കളയിൽനിന്ന് ഓരോ കണക്കുകൂട്ടലുകൾ നടത്തി….

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ഫോൺ ബെല്ല് അടിക്കുന്നത് കേട്ടാണ് കമ്പനിയിലെ കണക്കുകൾ നോക്കുകയായിരുന്നു മേനോൻ ഹാളിലേക്ക് വന്നത്…..

മറുവശത്ത് ദാമു ആയിരുന്നു….

ദാമു പറഞ്ഞത് കേട്ട് മേനോന്റെ മനസ്സിൽ ഒരു തണുപ്പ് വീണു…

അയാൾ ദേവികയുടെ റൂമിലേക്ക് ചെന്നു…

പതിവുപോലെ വീൽചെയറിലിരുന്ന് ഏതോ പുസ്തകം വായിക്കുകയാണ് അവൾ….

അയാൾ അവളുടെ അരികിലേക്ക് ചെന്ന് അവളുടെ നെറുകയിൽ മെല്ലെ തലോടി..

മോളെ…

ദാമു പറഞ്ഞ കൂട്ടർക്ക് വിവാഹത്തിന് താൽപര്യമുണ്ടെന്ന്…

വരുന്ന ആഴ്ച ഏതെങ്കിലുമൊരു ദിവസം അവർ ഇങ്ങോട്ട് വരും മോളെ കാണാൻ….

ദേവിക അച്ഛന്റെ മുഖത്തേക്ക് നോക്കി….

ആ മുഖത്തെ സന്തോഷം കണ്ടപ്പോൾ അവൾക്ക് മറുത്തൊന്നും പറയാൻ തോന്നിയില്ല….

അവൾ അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ചു….

മകളെ ഒന്ന് തലോടി കൊണ്ട് അയാൾ സന്തോഷത്തോടെ വെളിയിലേക്കിറങ്ങി….

അവളുടെ മനസ്സിലേക്ക് ദേവജിത്തിന്റെ മുഖം കടന്നുവന്നു….

ഇങ്ങനെ ഒരു ദിവസം താൻ ഒരുപാട് കൊതിച്ചതാണ്…..

പക്ഷേ അവിടെ ജിത്തിന്റെ സ്ഥാനത്ത് മറ്റൊരാൾ…..

അവൾക്ക് നെഞ്ച് വല്ലാതെ വിങ്ങുന്നതു പോലെ തോന്നി….

ആരായിരിക്കും അയാൾ…….

തന്റെ കുറവുകളെ ഉൾക്കൊള്ളാൻ അയാൾക്ക് ആകുമോ….

അവൾ ടേബിളിൽ ഇരിക്കുന്ന കൃഷ്ണ വിഗ്രഹത്തിലേക്ക് ഉറ്റു നോക്കി….

എന്റെ കൃഷ്ണാ…

പരീക്ഷണങ്ങൾ അതിരു കടന്നിരിക്കുകയാണ്…..

ഇനി താങ്ങാൻ പറ്റുമോ എന്നറിയില്ല…

എന്നും തുളസിമാല കെട്ടി കൊണ്ട് വന്നു പ്രാർത്ഥിച്ചിട്ടേ ഉള്ളൂ….

എന്നിട്ടും ഒരിക്കലും അങ്ങോട്ട്‌ വരാൻ പറ്റാത്ത രീതിയിൽ ആക്കിത്തീർത്തു എന്നെ…

എന്നിട്ടും നിന്നെ എനിക്ക് ഉപേക്ഷിക്കാൻ തോന്നിയില്ല….

അതുകൊണ്ടാ എന്റെ മുൻപിൽ നീ ഇങ്ങനെ ഇരിക്കുന്നത്…

അച്ഛനെ വേദനിപ്പിക്കാൻ എനിക്ക് ആവില്ല…

ഇനിയും പരീക്ഷിക്കരുതേ കണ്ണാ….

അവൾ കണ്ണുകൾ ഇറുകെ അടച്ചു കൊണ്ട് ഭഗവാനെ നോക്കി കൈകൂപ്പി…

അപ്പോൾ കള്ള കൃഷ്ണന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നുവോ…..

നിനക്കുള്ളത് നിന്നിൽ തന്നെ വന്നുചേരും
എന്നാണോ ആ പുഞ്ചിരിയിൽ….

(തുടരും )

ഞങ്ങളുട വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.telegram

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

നീലാഞ്ജനം: ഭാഗം 1

നീലാഞ്ജനം: ഭാഗം 2

നീലാഞ്ജനം: ഭാഗം 3