Saturday, April 27, 2024
Novel

നല്ല‍ പാതി : ഭാഗം 7

Spread the love

നോവൽ

Thank you for reading this post, don't forget to subscribe!

*******
എഴുത്തുകാരി: ധന്യ സുജിത്ത്‌

(നന്ദു വന്നൂട്ടാ…
കുറച്ചധികം പ്രശ്നങ്ങളുമായി..
ഇഷ്ടപ്പെടും എന്ന് വിചാരിക്കുന്നു വായിച്ചു കഴിഞ്ഞ് അഭിപ്രായം പറയണേ…)

💞 നല്ല പാതി 💞
ഭാഗം 07

അവൻ .. കിരൺ പ്രതാപ്..!!!

തിരുവനന്തപുരത്തെ പ്രമുഖനായ അബ്കാരി കോൺട്രാക്ടർ പ്രതാപചന്ദ്രൻ്റെ ഏകമകൻ.. കിരൺ പ്രതാപ്..

പണത്തിനു മീതെ പരുന്തും പറക്കില്ല എന്നത് ജീവിതമുദ്രാവാക്യമായി കൊണ്ടുനടക്കുന്ന ഒരു കോടീശ്വരപുത്രൻ… കാശ് എറിഞ്ഞ് ആളെ വീഴ്ത്താൻ മിടുക്കൻ.. അതുകൊണ്ട് തന്നെ കോളേജിൽ ധാരാളം വാലുകൾ ഉണ്ട്.. അഹങ്കാരം, തോന്ന്യാസം മുതലായവയൊക്കെ കൂടപ്പിറപ്പ്. പെൺ വിഷയത്തിലും ആള് ഒട്ടും മോശമല്ല.. പഠിച്ച് പാസ്സായി എഞ്ചിനീയർ ആവാൻ ഒന്നുമല്ല അവൻ കോളേജിൽ വരുന്നത്.. അച്ഛന്റെ കയ്യിലെ പൂത്ത കാശ് ഒന്ന് ചെലവാക്കണം.. പിന്നെ കോളേജ് ലൈഫ് അടിച്ചുപൊളിക്കണം… അത്രയേ ഉള്ളൂ ഉദ്ദേശം…
വലിയ കോളേജ് ഹീറോ ആണെന്നാണ് ഭാവം..

ഫസ്റ്റ് ഇയർ മുതലേ നന്ദുവും അവനും തമ്മിൽ ചേരില്ല.. എപ്പോ കണ്ടുമുട്ടിയാലും ഉടയ്ക്കിയിട്ടേ പിരിയൂ.. പലപ്പോഴും കയ്യാങ്കളി വരെ എത്തിയിട്ടുണ്ട് കാര്യങ്ങൾ.. അവസാനം കാർത്തി വന്ന് ഇടപെടും.. അവളെ പിടിച്ചു മാറ്റും.. അതാണ് സ്ഥിരം പരിപാടി. അവനെ എതിർക്കാൻ വേണ്ടി തന്നെയാണ് നന്ദു ആന്റി റാഗിംഗ് സ്ക്വാഡിൽ അംഗമായത്.. അതുകൊണ്ടുതന്നെ അവൾക്ക് കോളേജ് ശത്രുക്കൾ എന്ന് പറയാൻ അവരെ ഉണ്ടായിരുന്നുള്ളു കിരണും അവന്റെ ഗ്യാങ്ങും..

പൊതു മാപ്പ് പറയണം എന്ന് കേട്ടപ്പോൾ മുതൽ കിരൺ ആകെ കലിപൂണ്ട അവസ്ഥയിലാണ്…

“എന്ത് ചെയ്യും ഇനി..???
ഇതിനേക്കാൾ വലിയ നാണക്കേട് വരാനുണ്ടോ…??
കേസ് ആണെങ്കിൽ എപ്പോ ഊരി പോന്നു എന്ന് ചോദിച്ചാൽ മതി.. സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ… അത് തന്നെ ധാരാളം.. എത്ര എണ്ണം അങ്ങനെ ഊരി പോന്നിരിയ്ക്കുന്നു.. ഇതിപ്പോ പപ്പ എങ്ങാനും അറിഞ്ഞാൽ.. ആകെ നാണക്കേട് ആയല്ലോ.. കേസ് ആയാലും പ്രശ്നമില്ലായിരുന്നു..
കേസിൽ നിന്ന് ഞാൻ ഊരി പോരും എന്ന് ആ പുന്നാര മോൾക്കറിയാം.. ഇതിപ്പോ അവളറിഞ്ഞു പണി തന്നതാ.. അവളെ അങ്ങനെ വിട്ടാൽ പറ്റില്ല.. അവൾ ഇവിടെ വന്ന അന്നുമുതൽ സഹിക്കുന്നതാ മനുഷ്യൻ… പെണ്ണല്ലേ വിചാരിക്കുമ്പോൾ തലയിൽ കയറി നിരങ്ങുന്നു അവള്.. പോകുന്നതിനു മുമ്പ് നല്ല അസ്സല് പണി കൊടുത്തേ ഈ കിരൺ പോകു.. ഈ കിരൺ പ്രതാപ് ആരാണെന്ന് അവൾ അറിയാൻ പോകുന്നതേയുള്ളൂ.. നീ നോക്കിക്കോ രാഹുൽ….”

കിരൺ പറഞ്ഞു.

പൊതു മാപ്പിന് ആദ്യപടിയായി കോളേജിൽ നിന്ന് അവരുടെ മാതാപിതാക്കളെ വിളിച്ച് കാര്യം പറഞ്ഞിരുന്നു.. വിളിച്ചു പറഞ്ഞതിന് പിറ്റേദിവസം ഹോസ്റ്റൽ കമ്മിറ്റി അംഗങ്ങളെ പ്രിൻസിപ്പൽ റൂമിലേക്ക് വിളിപ്പിച്ചു.. നന്ദുവും പാർവതി കൂടെയാണ് പ്രിൻസിപ്പലിനെ കാണാൻ പോയത്.

അവിടെ ചെല്ലുമ്പോൾ റൂമിനോട് ചേർന്നൊരു ക്യാബിൻ ചൂണ്ടിക്കാട്ടി പ്രിൻസിപ്പാൾ പറഞ്ഞു..

“ദാ.. അവിടെ ഒരാൾ ഇരിപ്പുണ്ട്.. ആൾക്ക് നിങ്ങളോട് സംസാരിക്കണം.. ആദ്യം നിങ്ങൾ പോയി സംസാരിച്ചിട്ട് വരൂ.. എന്നിട്ട് കാര്യം പറയാം..”

“ശരി സാർ” എന്ന് പറഞ്ഞ് നന്ദുവും പാർവതിയും റൂമിലേക്ക് കയറി…

“ഹലോ മക്കളെ.. വരൂ ഇരിക്കൂ..”

എന്ന് പറഞ്ഞുകൊണ്ടാണ് അവിടിരുന്ന ആൾ അവരെ സ്വീകരിച്ചത്..

“ഇതാരാണപ്പാ” എന്ന ഭാവത്തിൽ പാർവതിയും നന്ദുവും മുഖത്തോടുമുഖം നോക്കി..

“ഇരിക്കെന്നേ..”

“ഓ. കെ താങ്ക്യൂ..”
എന്നും പറഞ്ഞ് രണ്ടുപേരും ഇരുന്നു.

“എന്നെ മനസ്സിലായി കാണില്ല അല്ലേ.. എന്റെ പേര് പ്രതാപചന്ദ്രൻ..
തിരുവനന്തപുരത്തെ ഒരു ചെറിയ അബ്കാരി കോൺട്രാക്ടറാണ്..”

വീണ്ടും രണ്ടാളും മുഖത്തോടുമുഖം നോക്കി.. അത് കണ്ട് ആൾ തുടർന്നു.

“ഇനിയും മനസ്സിലായില്ലേ… കിരൺ പ്രതാപിന്റെ അച്ഛൻ..”

“ഓ അതീ മഹാനായിരുന്നോ…”
നന്ദു മനസ്സിൽ പറഞ്ഞു.

“അവൻ എന്തോ ചെറിയ ഒരു കേസിൽ പെട്ടെന്ന് അറിഞ്ഞിട്ട് വന്നതാ ഞാൻ.. നിങ്ങളാണ് അത് കുത്തിപ്പൊക്കി ഇത്രയും വലിയ വിഷയമാക്കിയതെന്നു അറിഞ്ഞു.. എന്താ മക്കളുടെ പ്രശ്നം..??”

നന്ദുവാണ് പറഞ്ഞു തുടങ്ങിയത്.

“പ്രശ്നം ഇതൊക്കെ തന്നെയാണ് അങ്കിളേ.. കോളേജിലെ റാഗിങ്.. അതിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾ.. എല്ലാം കോളേജിൽ നിന്നും വിളിച്ചപ്പോൾ വിശദമായി പറഞ്ഞു കാണുമല്ലോ.. കിരൺ ഞങ്ങളുടെ സീനിയറാണ്.. സമ്മതിച്ചു. റാഗിംഗ്.. അതൊക്കെ കോളേജിന്റെ ഭാഗമായി ഞങ്ങൾ കണ്ടതാണ്.. പക്ഷെ ഇതങ്ങനെ അല്ല കോളേജിലെ പാവം പെൺകുട്ടികളോട് അപമര്യാദയായി പെരുമാറുന്നത് നിസ്സാര കാര്യം അല്ലല്ലോ.. നിസ്സാരകാര്യങ്ങൾക്ക് അവൻ എന്നോട് തന്നെ പലതവണ വഴക്കിന് വന്നിട്ടുണ്ട്. അതൊക്കെ ഞാൻ തന്നെ തീർത്തിട്ടുമുണ്ട്. ഇത് പക്ഷേ ഞങ്ങൾ തമ്മിലുള്ള കേസ് ഒന്നും അല്ല.
പിന്നെ താങ്കൾ പറഞ്ഞ പോലെ ഇതൊരു ചെറിയ കേസ് അല്ല.
നിങ്ങൾ വലിയ അബ്കാരി കോൺട്രാക്ടർ ആയതുകൊണ്ട് നിങ്ങൾ ഇതിലും വലിയ കേസൊക്കെ സ്ഥിരം കാണുന്നതായിരിക്കും. പക്ഷേ കോളേജിൽ പഠിക്കുന്ന ഞങ്ങൾക്ക് ഇതൊരു ചെറിയ കേസ് അല്ല. അങ്കിളിന് പെൺകുട്ടികൾ ഇല്ലല്ലോ.. അതുകൊണ്ട് മനസ്സിലാക്കാൻ കഴിഞ്ഞെന്നു വരില്ല.. ഒരു പെൺകുട്ടിയുടെ അച്ഛൻ എന്ന സ്ഥാനത്ത് നിന്ന് ഒന്ന് ചിന്തിച്ചു നോക്കൂ.. ഇതുപോലൊരു അവസ്ഥ താങ്കളുടെ മകൾക്കാണ് ഉണ്ടാകുന്നതെങ്കിൽ എങ്ങനെ ഇടപെടും… സ്വന്തം അമ്മയെ സ്നേഹിക്കുന്നുണ്ടെങ്കിൽ… പെങ്ങമ്മാരെ സ്നേഹിക്കുന്നുണ്ടെങ്കിൽ.. ഒരിക്കലും ഞങ്ങളെ കളിയാക്കാൻ ഇത്രയും തരം താണ പരിപാടിക്ക് അവർ പോകില്ലായിരുന്നു.”

“അവൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് കേസ് ആക്കി കൂടെ…?? അതല്ലേ വേണ്ടത്..”

പാർവ്വതിയാണ് അതിന് മറുപടി പറഞ്ഞത്..

“ഓ അങ്ങനെ.. അതിനെപ്പറ്റി തന്നെയാണ് ആദ്യം ചിന്തിച്ചത്.. പിന്നെ നിങ്ങളെപ്പോലെ പിടിപാടുള്ള.. തെറ്റ് ചെയ്താലും മക്കളെ ന്യായീകരിക്കുന്ന.. അച്ഛനമ്മമാർ ഉള്ളപ്പോൾ പോലീസ് കേസ് ഒക്കെ ഈ പിള്ളേർക്ക് നിസ്സാരം എന്നു തോന്നി.. പിന്നെ കേസായി കഴിഞ്ഞാൽ ഊരി പോരാൻ എളുപ്പം ഉള്ളവർ ഊരി പോരും.. ബാക്കിയുള്ളവർ പെടും.. അങ്ങനെ മെയിൻ ആൾക്കാർ രക്ഷപ്പെടുന്ന ശരിയല്ലല്ലോ.. അതുകൊണ്ടാണ് അത് വേണ്ട എന്ന് വിചാരിച്ചത്..”

നന്ദു തുടർന്നു..

“അവര് പഠിക്കുന്ന കോളേജിൽ അവരുടെ സഹപാഠികളുടെ മുന്നിൽവെച്ച്.. പ്രത്യേകിച്ച് അവർ കളിയാക്കി തരംതാഴ്ത്താൻ ശ്രമിച്ച ഞങ്ങൾക്കു മുന്നിൽ വെച്ച് മാപ്പ് പറയുന്നതിലും വലിയ ശിക്ഷ ഒന്നും അവർക്ക് കൊടുക്കാനില്ല…
അതുകൊണ്ടാണ് ഞങ്ങൾ പ്രിൻസിപ്പാളിനോട് പറഞ്ഞു കേസ് മാറ്റിയത്.. മനസ്സിലായല്ലോ അങ്കിളിന്..”

“ഓ അപ്പോ നിങ്ങൾ രണ്ടും കൽപ്പിച്ച് ആണല്ലോ..”

“അങ്ങനെയെങ്കിൽ അങ്ങനെ..
ഞങ്ങൾക്കും വേണ്ടേ കുറച്ച് ആത്മാഭിമാനം.. പെണ്ണായി പോയി എന്ന് വെച്ചത് ആത്മാഭിമാനം കളയാൻ പറ്റില്ലല്ലോ.. സൊ സോറി ഫോർ ദാറ്റ്..”

“അപ്പോൾ നിങ്ങൾ ഇതിൽ നിന്ന് പിൻമാറില്ല എന്നർത്ഥം…”

“അതെ ഞങ്ങൾ പിന്മാറില്ല..”

നന്ദുവാണത് പറഞ്ഞത്.

“നിങ്ങൾ ഇപ്പോൾ എടുത്ത തീരുമാനത്തിന്റെ വില നിങ്ങൾ മനസ്സിലാക്കാൻ പോകുന്നതേയുള്ളൂ മക്കളെ.. നിങ്ങൾ പെൺകുട്ടികളാണ്.. വീട്ടിലേക്ക് ഹോസ്റ്റലിൽ നിന്ന് പോകുമ്പോഴും വരുമ്പോഴും മിക്കവാറും ഒറ്റയ്ക്ക് തന്നെയല്ലേ..
സൂക്ഷിക്കണം..”

“ദേ പാറു.. അങ്കിളിന് നമ്മടെ കാര്യത്തിൽ ഭയങ്കര ശ്രദ്ധയാണല്ലോ… നിനക്ക് മനസ്സിലായില്ലേ.. ഭീഷണിപ്പെടുത്തിയതാ അല്ലേ അങ്കിളേ..”

പ്രതാപചന്ദ്രന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു. എന്നാലും ദേഷ്യപ്പെടാതെ കടിച്ചമർത്തി അയാൾ അവിടെ ഇരുന്നു..

“ഇത് ഞങ്ങൾ രണ്ടുപേരും മാത്രം ചേർന്ന് എടുത്ത തീരുമാനം അല്ല… ഈ കോളേജിൽ കുറേ പെൺകുട്ടികൾ പഠിക്കുന്നുണ്ട്… അവരുടെ എല്ലാവരുടെയും കൂടി തീരുമാനം ആണ്.. ഞങ്ങൾ അവരെ പ്രതിനിധീകരിക്കുന്നു എന്നേയുള്ളൂ.. പിന്നെ അവരിൽ പലർക്കും മുഖത്തുനോക്കി സംസാരിക്കാൻ പേടി കാണും.. ഈ കാണുന്ന ചുമരുകൾക്കുള്ളിൽ മാത്രം ഉയരുന്ന ശബ്ദമേ ഉണ്ടാകൂ.. അത് അവരുടെ കുറ്റമല്ല.. ദൗർബല്യമാണ്..
അവർക്ക് വേണ്ടിയാണ് ഞങ്ങൾ സംസാരിക്കുന്നത്.. ഞങ്ങൾക്ക് രണ്ടുപേർക്കും മാത്രമായി ഒന്നും ചെയ്യാൻ കഴിയില്ല.. ഭീഷണിപ്പെടുത്തിയാലും ശരി ഇല്ലെങ്കിലും ശരി ഇതു തന്നെയാണ് തീരുമാനം.. കഴിയുമെങ്കിൽ അങ്കിൾ ഒന്ന് ചെയ്യുക.. മകനോട് പറയുക പെൺകുട്ടികളോട് മാന്യമായി പെരുമാറാൻ..

എങ്കിൽ ശരി ഞങ്ങൾ പൊയ്ക്കോട്ടെ..”

നന്ദിതയും പാർവ്വതിയും പോകാനായി എണീറ്റതും പ്രതാപചന്ദ്രൻ ചോദിച്ചു.

“നിങ്ങളിൽ ആരാണ് നന്ദിത..??”

“ഞാൻ തന്നെയാ.. അങ്കിളേ..”

“ഓ.. ഈ പുലിക്കുട്ടി ആയിരുന്നോ..?? ശൗര്യം കുറച്ചു കൂടുതലാ അല്ലേ.. ഇതും വെച്ച് ഈ ലോകത്ത് ജീവിക്കാൻ പറ്റുമെന്ന് മോള് വിചാരിക്കുന്നുണ്ടോ..??”

“ലോകാവസാനം വരെ ജീവിക്കണമെന്ന് എനിക്കൊരു ആഗ്രഹവുമില്ല അങ്കിളേ.. ഞാൻ എന്നുവരെ ജീവിക്കണമെന്ന് മുകളിൽ ഉള്ള ആൾ തീരുമാനിച്ചിരിക്കും… അതുവരെ ഞാൻ ജീവിക്കും.. അതുകൊണ്ട് പേടിപ്പിക്കാൻ നോക്കരുത്.. ഇനിയിപ്പോൾ എനിക്ക് എന്തെങ്കിലും സംഭവിച്ചാലും എന്നെ കുറിച്ച് ഇവിടുത്തെ കുട്ടികൾ ഓർക്കുന്നത് നല്ല രീതിയിൽ ആയിരിക്കും.. പക്ഷേ അങ്കിളിന്റെ മോനെ പറ്റിയോ.. സൊ അത് ഉപേക്ഷിക്കുന്നതാണ് നല്ലത്.. ഏത്.. ഈ ഭീഷണി.. മനസ്സിലായോ..??”

അപ്പൊ ശരിട്ടാ അങ്കിളേ… നമുക്ക് അടുത്ത വെള്ളിയാഴ്ച കാണാം… മറക്കാതെ വരണം ട്ടോ..”

നന്ദുവിനെ മറുപടി അയാളെ വല്ലാതെ ചൊടിപ്പിച്ചു. അയാളുടെ കണ്ണിൽ ദേഷ്യം ആളി കത്തുന്നത് നന്ദുവിന് കാണാമായിരുന്നു..

അവർ റൂമിന് പുറത്തേക്കിറങ്ങിയതും പ്രിൻസിപ്പാൾ കാത്തു നിൽക്കുന്നുണ്ടായിരുന്നു.
പിന്നാലെ പ്രതാപചന്ദ്രനും ഇറങ്ങി.

നന്ദുവും പാറുവും പോകാനായി കാത്തുനിൽക്കുകയായിരുന്നു
അയാൾ.

“അപ്പോ എങ്ങനെയാ.. വെള്ളിയാഴ്ച വരില്ലേ..Mr. പ്രതാപചന്ദ്രൻ…??”

പ്രിൻസിപ്പാളിന്റെ ആ ചോദ്യം അയാളുടെ ആത്മാഭിമാനത്തിന് ആണ് മുറിവേൽപ്പിച്ചത്..

“നിങ്ങൾ രണ്ടുപേരും പോകാൻ വരട്ടെ.. ക്യാബിനിലേക്ക് വരൂ.. എനിക്ക് സംസാരിക്കാൻ ഉണ്ട്..”

നന്ദുവിനെയും പാറുവിനെയും രൂക്ഷമായി ഒന്ന് നോക്കി കൊണ്ട് പ്രതാപചന്ദ്രൻ അവിടെ നിന്ന് ഇറങ്ങി..

“രണ്ടാളും ഇരിക്കൂ..
അയാൾ എന്ത് പറഞ്ഞു..??
എന്നോട് സംസാരിക്കുമ്പോഴും ഒരു ഭീഷണിയുടെ സ്വരം ഉണ്ടായിരുന്നു അയാൾക്ക്.. അതാണ് ചോദിച്ചത്..??”

“അതെ സർ.. ഞങ്ങളോട് സംസാരിക്കുമ്പോഴും ഉണ്ടായിരുന്നു.. ആ ഭീഷണിയുടെ സ്വരം..”
പാറു പറഞ്ഞു

“നിങ്ങൾ പേടിച്ചു പോയോ..??”

“നെവർ സർ..” നന്ദു ആണ് മറുപടി പറഞ്ഞത്..

“വെരി ഗുഡ്.. നന്ദിത അല്പം ധൈര്യം കൂടുതലുള്ള ടൈപ്പ് ആണല്ലേ.. നിങ്ങൾ ഒന്നുകൊണ്ടും പേടിക്കേണ്ട കാര്യമില്ല.. മാനേജ്മെൻറ് നിങ്ങളുടെ കൂടെ തന്നെയാണ്.. ഞാനും..
കാരണം എനിക്കും രണ്ട് പെൺമക്കളാണ്.. ഇവിടെ ഞാൻ ഇപ്പോൾ നിങ്ങളുടെ പ്രിൻസിപ്പാൾ അല്ല.. പഠിക്കുന്ന രണ്ടു പെൺകുട്ടികളുടെ അച്ഛനാണ്. അതുകൊണ്ട് നിങ്ങൾ ധൈര്യമായി മുന്നോട്ടു പോകുക.. എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ അറിയിക്കണം.. ഒരു കാര്യം കൂടി പുറത്തുപോകുമ്പോൾ സൂക്ഷിക്കണം.. ബീ ബോൾഡ് ഓ.കെ..

പിന്നെ..എന്തെങ്കിലും സഹായം വേണമെങ്കിലും പറയാം.. കേട്ടല്ലോ..”

“താങ്ക്യൂ സോ മച്ച് സാർ…”

പ്രിൻസിപ്പാളിന്റെ ഭാഗത്തുനിന്നുണ്ടായ പിന്തുണ അവർക്ക് ഒരുപാട് ധൈര്യം പകർന്നു..

“ഒരു കാര്യം സർ..”

“എന്താണ് നന്ദിത പറയൂ..”

“സാർ വേറൊന്നും വിചാരിക്കരുത്.. പ്രിൻസിപ്പാളിന്റെ അടുത്തല്ലാട്ടോ.. രണ്ട് പെൺകുട്ടികളുടെ അച്ഛനോടാ…
പറഞ്ഞോട്ടെ…”

“ആ.. പറഞ്ഞോളൂ….”

“അവന് ഒരു അടിയുടെ കുറവുണ്ട്.. ഇല്ലേ….??? സാറിന്…തോന്നിയില്ലേ..??”

നന്ദുവിന്റെ ചോദ്യം കേട്ടതും പാറു തലയിൽ കൈവെച്ചു.

“ഈശ്വരാ ഈ പെണ്ണ്…”

നന്ദുവിന്റെ ചോദ്യം കേട്ടപ്പോൾ പ്രിൻസിപ്പാളിന് ചിരിയടക്കാൻ കഴിഞ്ഞില്ല…

“താൻ ആളു കൊള്ളാലോ..
ദേഷ്യം അടക്കാൻ പറ്റുന്നില്ല അല്ലേ.. താൻ പറഞ്ഞത് ശരിയാ.. ഒരു അടിയുടെ കുറവുണ്ട്..പക്ഷേ നിങ്ങൾ ആയിട്ട് ഇനി യാതൊരു പ്രശ്നത്തിനും പോകരുത്..”

കണ്ടോടി ഇപ്പോ എങ്ങനെയുണ്ട് എന്ന ഭാവത്തിൽ നന്ദു പാറുവിനെ നോക്കി.

“അപ്പോ അവൻ ഇങ്ങോട്ട് വന്നാലോ സർ…??”

“ഹ..ഹ.. അപ്പൊ തനിക്ക് അവനെ അവനെ ഒന്ന് പൊട്ടിച്ചേ പറ്റൂ.. അല്ലേ.. നന്ദിതാ..”

“അങ്ങനെയൊന്നുമില്ല സർ ഞാൻ എന്റെ ഒരു ആഗ്രഹം പറഞ്ഞതാ..”

“അവൻ ഇനി നിങ്ങളോട് പ്രശ്നത്തിന് വരെയാണെങ്കിൽ തരം പോലെ ഒന്ന് പൊട്ടിച്ചോ..
പിന്നെ ഞാൻ പറഞ്ഞിട്ട് പൊട്ടിച്ചു എന്ന് പറഞ്ഞു നടക്കരുത്.. കേട്ടല്ലോ…”

“ഏയ് ഒരിക്കലുമില്ല സർ.. ഒരിക്കലുമില്ല.. സാറിൻറെ പേര് അവിടെ പറയ് പോലുമില്ല…”

“എന്തെങ്കിലും പ്രശ്നമുണ്ടായാൽ മാത്രം സർ നോക്കിയാൽ മതി…”

“അപ്പോ ഇതൊരു മുൻകൂർജാമ്യം ആണ് അല്ലേ..”

“ഏറെക്കുറെ…”

“ഹ..ഹ..ശരി.. ശരി.. നിങ്ങൾ സൂക്ഷിക്കണം കേട്ടല്ലോ…”

റൂമിന് പുറത്തെത്തിയപ്പോൾ പാറു ചൂടായി..

“നീയെന്തു പണിയാ നന്ദു കാണിച്ചേ പ്രിൻസിപ്പാളിനോട് ഇങ്ങനെയാണോ പറയാ…”

“അതിനിപ്പോ എന്താ..?? സാർ നമ്മളോട് നല്ല കൂട്ടായിട്ടല്ലേ സംസാരിച്ചത്. അതുകൊണ്ടാ ഞാൻ അങ്ങനെ സംസാരിച്ചേ..
ഇപ്പൊ കണ്ടോ… ഞാന് അവനിട്ട് ഒന്നും പൊട്ടിച്ചാലും സാർ നോക്കിക്കൊള്ളും… ജനുവിൻ റീസൺ വേണമെന്ന് മാത്രം..

അതൊരു പ്രശ്നമേയല്ല…
കാരണം അവൻ തന്നെ ഉണ്ടാക്കി തന്നോളും.. നീ വാ..”

പെൺപിള്ളേരുടെ വിഷയമായതിനാൽ ഈ വിഷയത്തിൽ ഒന്നും കാർത്തി തല കടത്തിയിട്ടില്ല… അവർ വരുന്നതും കാത്ത് ക്ലാസ്സിന്റെ വരാന്തയിൽ തന്നെ അവൻ ഇരിക്കുന്നുണ്ടായിരുന്നു…
വേറെ ചിലരും കൂടി കാത്തു നിൽപ്പുണ്ടായിരുന്നു. കിരണും അച്ഛനും പിന്നെ അവന്റെ കൂട്ടുകാരും. വെള്ളിയാഴ്ച ദിവസം ലഞ്ച് ബ്രേക്ക് കൂടുതലാണ്.. അതുകൊണ്ടുതന്നെ കുട്ടികൾ എല്ലാവരും പുറത്തുണ്ട്. എല്ലാവരുടേയും ശ്രദ്ധ അവരിലേയ്ക്ക് തന്നെയായിരുന്നു..

നന്ദുവും പാറുവും അവരെ കടന്നുപോവാൻ തുടങ്ങിയതും കിരൺ മുന്നിലേയ്ക്ക് കയറിനിന്നു..

“എടീ.. നീ ആരോടാ എതിർത്ത് സംസാരിച്ചെന്ന് നിനക്കറിയോ…???”

“ഏ..അപ്പോ ഇത് നിൻറെ അച്ഛനല്ലേ…
ഞങ്ങളോട് നിന്റെ അച്ഛൻ എന്നാണല്ലോ പറഞ്ഞത്..”
നന്ദു കളിയാക്കി.

ഡീ.. നിന്നെ ഞാൻ..

“കിടന്ന് ചീറ്റണ്ട എടാ നിനക്ക് എന്താ വേണ്ടേ.. ”

“നാണം ഉണ്ടോടീ നിനക്കൊക്കെ ഇതുപോലുള്ള നാണംകെട്ട കേസുകൾ കൊണ്ട് നടക്കാൻ..”

“ഡാ… ഞങ്ങൾക്ക് നാണക്കേടില്ല…ഇനി നിനക്ക് ഇത് നാണക്കേടാണെ എങ്കിൽ കെട്ടുപ്രായം ആകുമ്പോൾ ഇതൊന്നും ഇല്ലാത്ത ഒരു പെണ്ണിനെ നീ അങ്ങോട്ട് കെട്ട്… അതിനുള്ള ധൈര്യം ഉണ്ടോ നിനക്ക്…

ഇല്ലല്ലേ…പിന്നെ വലിയ വീമ്പു പറയണ്ട…നീ പറയണ നാണക്കേടില്ലേ… അതില്ലെങ്കിൽ നീയും ഇന്ന് ഇവിടെ നിൽക്കില്ലായിരുന്നു…
സമയം കിട്ടുമ്പോൾ മോൻ അമ്മയോട് ചോദിച്ചാൽ മതി.”

“ഡീ..പുല്ലേ… നിന്നെ ഞാൻ…”

അവൻ പെട്ടെന്ന് അവളുടെ കഴുത്തിന് പിടി മുറുക്കി. അവൾ കുതറിയിട്ടും അവൻ വിട്ടില്ല. പ്രതാപചന്ദ്രൻ ഇതൊക്കെ നോക്കിക്കൊണ്ട് നിൽക്കുകയായിരുന്നു. കുട്ടികളെല്ലാം ഓടിക്കൂടി. അവൾക്ക് സ്വയം നിയന്ത്രിക്കാനായില്ല. ഇടതു കൈകൊണ്ട് അവനെ പിന്നിലേയ്ക്കി തള്ളിമാറ്റി വലംകൈ കൊണ്ട് കരണം പുകച്ച് ഒരു അടിയായിരുന്നു മറുപടി..

പ്രതാപചന്ദ്രൻ ഞെട്ടിപ്പോയി. കൂടെ അവിടെ ഉണ്ടായിരുന്നവരും.
പെട്ടെന്ന് നന്ദു തിരിഞ്ഞുനിന്ന് പ്രതാപചന്ദ്രൻ നോട് പറഞ്ഞു..

“സോറി അങ്കിളേ.. ഇത് അങ്കിളിന്റെ മകൻ ചോദിച്ചു വാങ്ങിയതാ…അങ്കിൾ കണ്ടല്ലോ…. ഞങ്ങൾ ഒരു ശല്യവും ഉണ്ടാക്കാതെ ഇറങ്ങിപ്പോകുകയായിരുന്നു.. ഇതും നാപ്കിൻ കേസുമായി കൂട്ടി കുഴയ്ക്കല്ലേ… അതു വേ ഇത് റെ..”

പ്രതാപചന്ദ്രൻ ദേഷ്യത്തോടെ കിരണിനോടായി പറഞ്ഞു.

“കിരൺ..നീ വന്ന് വണ്ടിയിൽ കയറ്…”

“പപ്പാ… അവൾ..”

“നീ ഇപ്പൊ കേറ്.. ഞാൻ പറയാം..”

അവനെ നിർബന്ധിച്ച് കാറിൽ കയറ്റി പ്രതാപചന്ദ്രൻ പോയി.

കുട്ടികളെല്ലാവരും നന്ദു ചെയ്ത തന്നെയാണ് ശരി എന്ന നിലപാടിലായിരുന്നു. എല്ലാവരും നന്ദുവിനെ സപ്പോർട്ട് ചെയ്യുന്നത് കണ്ടപ്പോൾ രാഹുലും ഗ്യാങ്ങും അവിടെ നിന്ന് പതിയെ സ്കൂട്ടായി..

“സമ്മതിച്ചു മോളെ നിന്നെ…. നീ ഇത്ര പെട്ടെന്ന് സാധിക്കുന്നമെന്ന് ഞാൻ വിചാരിച്ചില്ല..”

“ഇപ്പോ മനസ്സിനൊരു സന്തോഷമായി കാണും.. അല്ലേ നന്ദിതാ….??”

ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ പ്രിൻസിപ്പാൾ ആണ്. എല്ലാവരും ഞെട്ടി നിൽക്കുകയാണ്.

“സോറി സർ…. അവൻ കഴുത്തിനു പിടിച്ചപ്പോൾ.. എന്റെ നിയന്ത്രണം വിട്ടു… അതാണ്…”

“ആഗ്രഹം സാധിച്ചല്ലോ ഇനി ആവർത്തിക്കരുത് ട്ടോ….”

“ഇല്ല സർ… ഇനി ആവർത്തിക്കില്ല..
താങ്ക്യൂ സർ…”

“ശരി ശരി…. ഞാൻ പറഞ്ഞത് ഓർമയുണ്ടല്ലോ.. സൂക്ഷിക്കണം..
മതി.. മതി.. ഇനി എല്ലാവരും ക്ലാസിൽ പോകാൻ നോക്ക്..” എന്ന് പറഞ്ഞ് അദ്ദേഹം പോയി.

ഇവിടെ എന്താണ് നടക്കുന്നത് എന്ന ഭാവത്തിൽ നിൽക്കുകയാണ് കാർത്തി..

“എന്താടി കാര്യം…. പ്രിൻസിപ്പാളിന്റെ റൂമിൽ എന്തായി.. പറ കേൾക്കട്ടെ…”

പാർവതി വിശദമായി തന്നെ എല്ലാം പറഞ്ഞു കൊടുത്തു…

എല്ലാം വിശദമായി കേട്ടപ്പോൾ കാർത്തിയ്ക്ക് ചിരിയടക്കാൻ ആയില്ലെങ്കിലും അവന്റെ ഉള്ളിൽ പേടിയുണ്ടായിരുന്നു.

“ഈ പെണ്ണിന് ഇത് എന്തിൻറെ കേടാ…നീ ആരാടീ പുല്ലേ.. ഝാൻസിറാണി യോ…
അയാൾ ഭീഷണിപ്പെടുത്തിയപ്പോൾ മിണ്ടാതെ ഇരിക്കുന്നതിന് പകരം മറുപടി പറഞ്ഞതും പോരാ.. ഇപ്പോ അയാളുടെ മുന്നിലിട്ടു അയാളുടെ മോനെ തല്ലീട്ടു വന്നിരിയ്ക്കുന്നു.. ഇത് എവിടെ എത്തോ ആവോ… തേർഡ് ഇയർ തുടങ്ങിയിട്ടേയുള്ളൂ..ഇനിയും കിടക്കുന്നു രണ്ടു കൊല്ലം.. പിന്നെ ഒരു സമാധാനം ഉള്ളത് അവൻ ഇക്കൊല്ലം പോകൂലോ… അതാണ്. അതിനുമുന്നേ എന്തെങ്കിലും പണി അവൻ തരാതിരിക്കില്ല.. നീ സൂക്ഷിക്കണേ നന്ദൂ…”

“ഏറ്റു മൈഡിയർ..”

നന്ദു ചിരിച്ചുകൊണ്ടു പറഞ്ഞു.

“നിനക്ക് ഒക്കെ തമാശയാ..
അടുത്ത വെള്ളിയാഴ്ച അല്ലേ പരിപാടി… അതിനുമുൻപ് അവന്മാര് വല്ല പണി ഒപ്പിക്കോ…”

“ഏയ്.. പ്രിൻസിപ്പൽ സാർ സി ഐ സാറിന് വിളിച്ചു പറഞ്ഞിട്ടുണ്ട്. ഈ ഏഴ് ദിവസവും പെട്രോളിങ്ങ് ഉണ്ടാവും..”പാർവ്വതി പറഞ്ഞു.

ക്യാംപസിൽ പോലീസ് ഉള്ളതുകൊണ്ട് ഏഴു ദിവസങ്ങളും വലിയ പ്രശ്നങ്ങളില്ലാതെ കടന്നുപോയി.

നന്ദുവിന്റെ കൈയിൽനിന്ന് അടി വാങ്ങി പോയ കിരൺ ഒരാഴ്ചയായി കോളേജിൽ വന്നിട്ടില്ല..
അന്ന് പ്രതാപചന്ദ്രന്റെ ഒപ്പം കാറിൽ കയറി പോയതാണ്. മാപ്പ് പറയാനായി അച്ഛനൊപ്പം വരാൻ ആയിരിക്കും..
കിരൺ ഇല്ലാത്തതുകൊണ്ട് തന്നെ കോളേജിൽ രാഹുലും ഗ്യാങ്ങും അല്പം ശാന്തമായിരുന്നു.. പോരാത്തതിന് പോലീസ് ഉണ്ടല്ലോ..

💥💥💥💥💥💥💥💥💥💥💥💥💥💥💥

ഈ സമയം അങ്ങ് പത്മനാഭന്റെ മണ്ണിൽ അച്ഛനും മകനും കൂലംകഷമായ ചർച്ചയിലായിരുന്നു..

“നന്ദിതയ്ക്ക് എന്ത് പണി കൊടുക്കും..??”

“പപ്പാ… പപ്പയുടെ മുന്നിൽ വെച്ച് അവളെന്നെ അടിച്ചിട്ടും ഒന്നും മിണ്ടാതെ പോന്നത് മോശമായിപ്പോയി..”

“കിരൺ.. നീ ഇത് എന്തറിഞ്ഞിട്ടാണ് പറയുന്നേ.. അതൊരു കോളേജ് ആണ്.. അല്ലാതെ നമ്മുടെ ചാല മാർക്കറ്റ് അല്ല.. മനസ്സിലായോ…??
എനിക്ക് അവിടെ വച്ച് ഇടപെടുന്നതിന് പരിധിയുണ്ട്.. അവിടുത്തെ പിള്ളേരെല്ലാം നിനക്ക് എതിരാണെന്നാണ് നിനക്ക് ഇതുവരെ മനസ്സിലായില്ലേ…”

“അപ്പോ അവളെ ഒന്നും ചെയ്യണ്ട എന്നാണോ പപ്പാ പറയുന്നേ..??”

“അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ.”

“പിന്നെ… പിന്നെ എന്താ പപ്പാ ഉദ്ദേശിച്ചത്..???”

“നിന്നെ ഇത്രയും ഇൻസൾട്ട് ചെയ്ത അവൾക്ക് ഒറ്റയടിക്ക് ശിക്ഷ കൊടുത്താൽ മതിയാകോ..?? അങ്ങനെയാണോ ചെയ്യേണ്ടത്…?? കുറേശ്ശെ കുറേശ്ശെ ഇഞ്ചിഞ്ചായി കൊടുക്കണം.. അതാണ് എന്റെ അഭിപ്രായം. ഞാൻ എന്താ ഉദ്ദേശിച്ചത് എന്ന് മനസ്സിലാകുന്നുണ്ടോ നിനക്ക്..??

“ഉം.. മനസ്സിലായി പപ്പാ..”

എങ്കിൽ ഒരു കാര്യം ചെയ്യ് കോളേജിലേക്ക് പോയി വെള്ളിയാഴ്ച ആ മാപ്പ് അങ്ങ് പറഞ്ഞേക്ക്.. അതല്ലേ ആദ്യം വേണ്ടത്.. ഞാനും കൂടെ വരാം…

“യെസ് പപ്പാ…”

കിരണിന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.. ദേഷ്യവും പകയും ഒക്കെ കലർന്ന ഒരു പുഞ്ചിരി..

(മാപ്പ് പറച്ചിൽ നമുക്ക് അടുത്ത ഭാഗത്തിൽ പറയാട്ടാ… ഇപ്പൊ പറഞ്ഞാൽ തീരില്ല.. അതാണ്..

ഇഷ്ടപ്പെട്ടോ എല്ലാവർക്കും..??? അഭിപ്രായങ്ങൾ പോരട്ടെ….)

കാത്തിരിക്കുന്നു…
സ്നേഹത്തോടെ ധന്യ….)

നല്ല‍ പാതി : ഭാഗം 1

നല്ല‍ പാതി : ഭാഗം 2

നല്ല‍ പാതി : ഭാഗം 3

നല്ല‍ പാതി : ഭാഗം 4

നല്ല‍ പാതി : ഭാഗം 5

നല്ല‍ പാതി : ഭാഗം 6