Thursday, December 19, 2024
Novel

വേളി: ഭാഗം 21

രചന: നിവേദ്യ ഉല്ലാസ്‌

നിരഞ്ജന്റെ കൈകൾ കുട്ടിപിടിച്ചുകൊണ്ട് പ്രിയ ഏറെ നേരം കരഞ്ഞു…പക്ഷെ മറുത്തു അവളെ ഒന്ന് ആശ്വസിപ്പിക്കുക പോലും ചെയ്തില്ല നിരഞ്ജൻ.. കുറച്ചു കഴിഞ്ഞു പ്രിയ തനിയെ അവന്റെ കൈയിൽ നിന്നും പിടിത്തം വിട്ടു… നിരഞ്ജൻ അതിനുശേഷം ഒന്നും മിണ്ടാതെ ഡ്രൈവ് ചെയ്യുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു… താൻ കരയാൻ പാടില്ലായിരുന്നു..എന്തൊക്കെയാണ് വിളിച്ചു പറഞ്ഞത് താൻ… .അദ്ദേഹം മറുത്തൊരു വാക്ക് പോലും പറയാഞ്ഞത് ഒരുപക്ഷെ ആ പെണ്കുട്ടിയെ ഒഴിവാക്കാൻ പറ്റാത്തത് കൊണ്ട് ആയിരിക്കും എന്ന് അവൾ ഓർത്തു.. ഇനി ക്ഷമ പറയണോ ന്റെ കണ്ണാ…. ശോ… ഓരോരൊ പൊട്ടബുദ്ധിയ്ക്ക് പറഞ്ഞു പോയില്ലോ…

അവൾക്ക് എത്ര ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടിയില്ല.. ങ്ങനെ എങ്കിലും പെട്ടന്ന് ഒന്നു വീട് എത്തിയാൽ മതിയായിരുന്നു എന്നവൾ മനമുരുകി പ്രാർത്ഥിച്ചു…. നിരഞ്ജന്റെ നിശബ്ദത അത്രമേൽ അവളെ വേദനിപ്പിച്ചിരുന്നു …. നിരന്ജൻ അപ്പോൾ മറ്റേതോ ലോകത്തായിരുന്നു…. എന്തൊക്കെയാണ് തന്റെ ജീവിതത്തിൽ സംഭവിച്ചത്…. എല്ലാം താൻ സഹിക്കാം, പക്ഷെ പ്രിയ.. അവളുടെ ഓരോ വാക്കുകളും അവനെ അത്രമേൽ നോവിച്ചു..തന്നെ ഉപേക്ഷിക്കരുതേ…. എന്ന് പറയുമ്പോൾ അവളുടെ കണ്ണുകളിൽ നിന്ന് വന്ന കണ്ണീർ…..അവളുടെ യാചന..

തിരിച്ചൊരു മറുപടി പോലും തനിക്ക് പ്രിയയോട് പറയാൻ സാധിച്ചില്ല… എല്ലാത്തിനും കാരണം അമ്മയാണ്… ഈ പെൺകുട്ടിയെ ‘അമ്മ ഇവിടെ എത്തിച്ചത് കൊണ്ടാണ് ഇങ്ങനെ തന്റെ ജീവിതം ഒരു ഞാണിന്മേൽ കളിയായി മാറിയത്..പാവം പ്രിയ ഇവൾ ആണല്ലോ പക്ഷെ അതിനു ബലിയാടായി… അതുമാത്രം ഒള്ളു തന്റെ വിഷമം… എല്ലാത്തിനും ഒരു പരിഹാരം കാണണം എന്ന് അവൻ ഉറപ്പിച്ചു കഴിഞ്ഞു.. എല്ലാം പ്രിയയെ അറിയിക്കണം.. എന്നിട്ട് അവൾ തീരുമാനിക്കട്ടെ എന്ത് വേണം എന്ന്.. അതിനുള്ള സമയം ആയിരിക്കുന്നു.. തിരിച്ചു അവർ വീട്ടിൽ എത്തിയപ്പോൾ ദിയയും ആദിയും കൂടി എങ്ങോട്ടോ പോകാൻ റെഡി ആയി നിൽക്കുന്നത് കണ്ടു..

ചെ അവനോട് താൻ പോകുന്ന കാര്യം പോലും പറഞ്ഞില്ലാലോ, അവന്റെ കാര്യം കൂടി മറന്നുപോയി… നിരന്ജൻ കാർ നിർത്തിയിട്ടു വേഗം ആദിയുടെ അടുത്തേക്ക് ചെന്നു.. സോറി ഡാ.. അത്യാവശ്യമായിട്ട് ഒന്ന് ടൗണിൽ പോകണമായിരുന്നു… നിന്നോട് പറയാൻ ഉള്ള ടൈം കിട്ടിയില്ല.. അതാ കെട്ടോ, നിരഞ്ജൻ ക്ഷമാപണം നടത്താൻ ഉള്ള ശ്രമത്തിലായിരുന്നു… ഒന്നു പോടാ സച്ചു.. നിങ്ങൾ പുതുമോടിയായിട്ട് അടിച്ചുപൊളിക്കാൻ പോയതല്ലേ.. എന്നിട്ട് അവന്റെ ഒരു അവിഞ്ഞ സോറി പറച്ചില്…എന്തായാലും ശരി ഞാൻ അത് വരവ് വെച്ചിരിക്കുന്നു കേട്ടോ…ആദിത്യൻ അതും പറഞ്ഞു ഉറക്കെ പൊട്ടിച്ചിരിച്ചു… ദിയ അപ്പോൾ പ്രിയയുമായി സംസാരിക്കുക ആയിരുന്നു..

“ഞങ്ങൾ ഒരു ഷോപ്പിംഗിനു പോകുവാ കെട്ടോ പ്രിയേ.. അമ്മയും ഉണ്ട്. . പിന്നെ എനിക്ക് കൂടി ഇയാൾ എണ്ണ മുറുക്കി തരണം… അവളുമാർ രണ്ടുപേരും താൻ പറഞ്ഞമാതിരി ഓയിൽ മസ്സാജ് ചെയ്തിട്ട് ചെമ്പരത്തി താളി ഇട്ടു തല മുടി ഒക്കെ കഴുകി… മുടിക്ക് നല്ലൊരു തിളക്കം ഉണ്ട് ഇപ്പോളെന്നു അമ്മ പറയുകയും ചെയ്തു… ദിയ വാചാലയായി.. “ദിയാ ബാക്കി വന്നിട്ട് പറയാം.. പ്രിയ എങ്ങോട്ടും പോകുന്നില്ല, സമയം പോയി കെട്ടോ “ആദി വണ്ടി സ്റ്റാർട്ട് ചെയ്തുകൊണ്ട് പറഞ്ഞു… പ്രിയ പോകുമോ ഇല്ലയൊന്നു കണ്ടറിയാം ആദിഏട്ടാ എന്ന് പ്രിയ അപ്പോള് തന്റെ മനസ്സിൽ മന്ത്രിച്ചു.. ഓക്കേ പ്രിയ.. സി യൂ ടാ “എന്നും പറഞ്ഞു ദിയ അവന്റെ ഒപ്പം കാറിൽ കയറി പോയി…

പ്രിയ അകത്തേക്ക് ചെന്നപ്പോൾ നിരഞ്ജൻ കട്ടിലിൽ കിടക്കുക ആയിരുന്നു…പ്രിയയോട് അവൻ ഒന്നും തന്നെ മിണ്ടുന്നില്ല… ഇങ്ങോട്ട് ഒന്നും സംസാരിക്കാതെ താൻ എന്ത് പറയും ഏട്ടനോട്..എന്തായാലും വൈകിട്ട് വരെ നോക്കാം.. അവൾ താഴേക്ക് പോയി.. മുത്തശ്ശിയുടെയും മുത്തശ്ശന്റെയും മുറിയിലേക്ക് പ്രിയ പതിയെ ചെന്നു..അരുന്ധതി പറഞ്ഞു വിട്ടതാണ് അവളെ.. അവർ രണ്ടുപേരും കഥകൾ ഒക്കെ പറഞ്ഞു കൊണ്ട് ഇരിക്കുകയാണ്..കാര്യസ്ഥൻ സോമൻ നായരുടെ കൊച്ചുമകളുടെ വിവാഹ കാര്യം ആണ് അവരുടെ ചർച്ചാവിഷയം..

മുത്തശ്ശി.. പ്രിയ വാതിൽക്കൽ നിന്ന് കൊണ്ട് വിളിച്ചപ്പോൾ അവർ പ്രിയയെ അകത്തേക്ക് കൈ കാണിച്ചു വിളിച്ചു.. പ്രിയ അവരുടെ അടുത്തേക്ക് ചെന്നു നിന്നു.. ഇവിടെ ഇരിക്കെന്റെ കുട്ട്യേ അവർ അവളെ അടുത്ത് പിടിച്ചിരുത്തി… മോള് ഊണ് കഴിച്ചോ.. മുത്തശി വാത്സല്യത്തോടെ അവളുടെ കൈ എടുത്തു മടിയിൽ വെച്ചുകൊണ്ട് ചോദിച്ചപ്പോൾ അവൾ തലയാട്ടി… അതേയ്.. അറിഞ്ഞാരുന്നോ… ഇന്ന് ആണെങ്കിൽ നമ്മുടെ മോള് ഇവിടെ എല്ലാ താന്തോന്നികൾക്കും എണ്ണ മുറുക്കി കൊടുത്തിരിക്കുന്നു കെട്ടോ.. ഇവറ്റോൾ എല്ലാം ഷാംപൂ എന്ന് പറയുന്ന ഒരു സാധനം കിട്ടില്ലേ, അതിട്ടാ കഴുക്കും പെറുക്കും…

ഈ ഭാമയും അരുന്ധതിയും ഒക്കെ ഉണ്ടല്ലോ മോളേ,ബ്യുട്ടിപാർലറിൽ വരെ പോകും . മുത്തശ്ശി ശബ്‌ദം താഴ്ത്തി പ്രിയമോൾടെ മുടി കണ്ടിട്ട് എല്ലാത്തിനും അതുപോലെ വേണം എന്ന് തോന്നൽ…. അതോണ്ട് മോൾടെ പിറകെ നടന്നു രേണു ഒപ്പിച്ചതാ ഇതെല്ലം.. ഇതാപ്പോ നല്ല കഥ.. മുത്തശ്ശൻ അത് കേട്ട് ഉറക്കെ ചിരിച്ചു…. ഞങളുടെ ഒക്കെ ചെറുപ്പ കാലത്തു എള്ളെണ്ണ ആണ് പെണ്ണുങ്ങൾ തലയിൽ തേയ്ക്കുന്നത്… എള്ള് ആട്ടി എണ്ണ എടുത്തു വെയ്ക്കും എന്റെ അമ്മ.. എന്നിട്ട് എല്ലാവരും എള്ളെണ്ണ തേച്ചു തലയിൽ പിടിപ്പിച്ചിട്ട് കുളത്തിൽ പോയി മുങ്ങികുളിക്കും ഒരു മുടിയും വെളുത്തു വരില്ല ന്റെ കുട്ടിയേ. … ആഹ് അതൊക്കെ ഒരു കാലം..

മുത്തശ്ശൻ ഓർമ്മകൾ അയവിറക്കി കൊണ്ട് ചാരുകസേരയിൽ ഇരുന്നു.. മോള് ഇനി ഒരു പ്രസവം ഒക്കെ കഴിയുമ്പോൾ ഇതിന്റെ ഇരട്ടി മുടിയുമായി നടക്കും കെട്ടോ..ആ സമയത്തു ഒക്കെ നന്നായി മുടി വളരുന്ന നേരം ആണ്.. ഞങ്ങൾക്ക് സച്ചുമോന്റെ കുഞ്ഞിനെ കൂടി ലാളിക്കണം എന്ന ഒറ്റ ആഗ്രഹം ഒള്ളു കേട്ടോ ഇനി ബാക്കി മുത്തശ്ശി പറഞ്ഞു… പ്രിയയിൽ അതുകേട്ടപ്പോൾ ഒരു ഞെട്ടൽ ഉണ്ടായി.. ഇനി എത്ര നാൾ താനിവിടെ കാണും എന്നുപോലും അവൾക്ക് അറിയില്ലായിരുന്നു. ഉള്ളാലെ ഒരു നൊമ്പരം വന്നു മൂടി എങ്കിലും അവൾ അതെല്ലാം അടക്കി വെച്ച് കൊണ്ട് ഇരുന്നു. അവരോട് കഥകൾ ഒക്കെ പറഞ്ഞിരുന്നിട്ട് കുറച്ചു കഴിഞ്ഞപ്പോൾ പ്രിയ എണിറ്റു പോയി..

ദേവികയും രേണുവും എല്ലാം പ്രിയയുമായി ചങ്ങാത്തം ആയി. അവർക്ക് ഇപ്പോൾ ഏടത്തി മതി എല്ലാത്തിനും. ഓരോ സംശയം ചോദിച്ചു കൊണ്ട് അവളുടെ പിന്നാലെ കൂടും. വൈകിട്ട് ഭക്ഷണം ഒക്കെ കഴിച്ചുകൊണ്ട് ഇരുന്നപ്പോൾ ആണ് ആദിയും ദിയയും കൂടി വന്നത്.. രണ്ടുപേരുടെയും കൈയിൽ കുറെ ബിഗ്‌ഷോപ്പർ ഉണ്ടായിരുന്നു.. ആഹ് ഇതെന്താ ഈ കൊണ്ടുവരുന്നത്.. യൂണിയൻകാരെ വിളിക്കണോ ദിയ ചേച്ചിയേ , രേണു കളിയാക്കി.. നീ കളിയാക്കിയത്കൊണ്ട് തത്കാലം നിനക്ക് വേണ്ടി മേടിച്ചത് ഞാൻ തരുന്നില്ലെടി ദുട്ടെ .. ദിയ അവളോട് മുഖം വീർപ്പിച്ചു..

അയ്യോ ചതിക്കല്ലേ പൊന്നേ, ഞനൊരു തമാശ പറഞ്ഞത് അല്ലേ എന്നും പറഞ്ഞു കൈ കഴുകിയിട്ട് രേണു അവളുടെ അടുത്തേക്ക് ഓടി ചെന്നു കെട്ടിപിടിച്ചു.. ഇവളുടെ ഒരു ആക്രാന്തം കണ്ടോ.. ദേവിക അവളെ വഴക്ക് പറഞ്ഞു.. ഓക്കേ എല്ലാവരും കഴിച്ചിട്ട് വരിക.. ദിയ മുത്തശ്ശന്റെ റൂമിലേക്ക് വരൂ എന്നും പറഞ്ഞു ഒരു കവറും ആയിട്ട് ആദി അങ്ങോട്ട് പോയി. എന്താ തങ്ങൾക്ക് തരുന്നത് എന്നറിയാൻ ദേവികയ്ക്കും രേണുവിനും ആകാംഷ ഉണ്ടായിരുന്നു… “പ്രിയ ഏടത്തി എന്താ വല്യേട്ടനോട് ഒന്നും മിണ്ടാത്തത്… നീ കണ്ടിട്ടുണ്ടോ ഏടത്തി ഏട്ടനോട് സംസാരിക്കുന്നത?്” ദേവിക രേണുവിനോട് ചോദിച്ചു….. “ഞാൻ കണ്ടിട്ടേ ഇല്ല കെട്ടോ ചേച്ചി… ഇതെന്താ ഏടത്തിയുടെ നാണം ഇതുവരെ മാറിയില്ലേ” പോലും അവർ ഇരുവരും പ്രിയയെ കളിയാക്കി…..…. (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…