Sunday, January 5, 2025
Novel

വരാഹി: ഭാഗം 1

നോവൽ
ഴുത്തുകാരി: ശിവന്യ അഭിലാഷ്

ആർത്തലച്ചു പെയ്യുന്ന മഴയിൽ കുടചൂടാതെ നനഞ്ഞു നടന്നു പോകുന്ന രണ്ടുപേർ…. ഒരാണും പെണ്ണും…. അവരുടെ കൈവിരലുകൾ പരസ്പരം കോർത്തിരുന്നു….. ചുറ്റിലും പൈൻ മരങ്ങൾ നിറഞ്ഞ വിജനമായ പ്രദേശത്തിലെ ഒറ്റവരി പാതയിലൂടെ അവർ നടന്നു….. അവർ മഴയെ ആണോ, മഴ അവരെയാണോ ആസ്വദിക്കുന്നതെന്ന് വ്യക്തമല്ല…. പെട്ടെന്ന് എവിടെ നിന്നോ ചീറി വന്നൊരു വെടിയുണ്ട അവന്റെ നെഞ്ച് തുളച്ച് കയറി…. പിന്നെ അവൾക്ക് ചുറ്റിലും പെയ്ത മഴക്ക് ചുവന്ന നിറമായിരുന്നു….. കടും ചുവപ്പ്….. രക്തത്തിന്റെ നിറം…..

ഡിസംബറിന്റെ മരം കോച്ചുന്ന തണുപ്പിലും അന്ന വിയർത്തൊഴുകി… ” ഹെൽപ്പ്…. പ്ലീസ് ഹെൽപ്പ്…. അവനെ ആരെങ്കിലും രക്ഷിക്കൂ…. ” അറിയാതെ അന്നയുടെ ചുണ്ടുകൾ മന്ത്രിച്ചു…..

“അന്നാമ്മോ എന്തൊരുറക്കാ ഇത്…. എണീക്ക്…. ഇന്നല്ലേ പുതിയ ഹോസ്പിറ്റലിൽ ജോയിൻ ചെയ്യേണ്ടത്..”

അലക്സ് തട്ടി വിളിക്കുന്നത് അകലെ എവിടുന്നോ എന്നവണ്ണം അന്നയുടെ ചെവിയിൽ പതിച്ചു…

” അന്നാമ്മോ….. എണീക്കെടോ…. ”

ഈ കൊച്ചെന്നതാ ഇങ്ങനെ വിയർക്കുന്നത് എന്ന് പറഞ്ഞു കൊണ്ട് അവൻ എ സി യുടെ കൂളിംഗ് കൂട്ടി..

” അന്നാ… അവൻ വീണ്ടും വിളിക്കാൻ തുടങ്ങുമ്പോഴേക്കും അന്ന ഉറക്കത്തിൽ നിന്നും ഉണർന്നിരുന്നു….. എന്തോ കണ്ട് പേടിച്ചത് പോലെ വിളറിയ അവളുടെ മുഖം കണ്ടപ്പോൾ അലക്സിന് ചിരി വന്നു….

” എന്റെ കൊച്ച് ഇന്ന് എന്നാ സ്വപ്നമാ കണ്ടേ…???”

അവന്റെ കളിയാക്കി കൊണ്ടുള്ള ചോദ്യം കേട്ടപ്പോൾ അന്നക്ക് ദേഷ്യം വന്നു….

“ഒന്നു പോ ഇച്ചായാ.. ഞാനൊരു സ്വപ്നവും കണ്ടില്ല…. ”

അവളുടെ ദേഷ്യം കണ്ടപ്പോൾ അവന് വീണ്ടും ചിരി പൊട്ടി….

“വലിയ സൈക്യാട്രിസ്റ്റ് ഒക്കെയാ… പക്ഷേ എന്നും സ്വപ്നം കണ്ട് പേടിക്കും ന്ന് മാത്രം… ”

“ദേ ഇച്ചായാ…. ”

” ആ.. മതി മതി…. എണീറ്റ് റെഡിയാകാൻ നോക്ക്… ജോയിൻ ചെയ്യുന്ന ദിവസം തന്നെ ലേറ്റ് ആക്കണ്ട…. ”

” എന്റിശോയേ ഞാനത് മറന്നു…. ”

അന്ന പെട്ടെന്ന് തന്നെ എണീറ്റ് വാഷ് റൂമിലേക്ക് നടന്നു….

*************************

കോട്ടയം പാലാ മാർത്തോമാ ഇടവകയിലെ പുരാതന കത്തോലിക്കൻ കുടുംബമായ നെല്ലിക്കാട്ട് തറവാടിലെ ഇളയ തലമുറയിലെ അംഗമായ അലക്സ് നെല്ലിക്കാടനും പ്രിയ പത്നി അന്ന അലക്സും ഡോക്ടർമാരാണ്…..

അലകസ് അറിയപ്പെടുന്ന ജനറൽ ഫിസിഷ്യനാണ്….
അന്ന സൈക്യാട്രിസ്റ്റും…..
അലക്സിന്റെയും അന്നയുടെയും വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസം ആകുന്നതേയുള്ളൂ…

വിവാഹ ശേഷം ഇതിന് മുൻപ് ജോലി ചെയ്ത മുംബൈയിലെ ഹോസ്പിറ്റലിൽ നിന്നും രാജിവെച്ച് അവളും കോട്ടയത്ത് സെറ്റിൽഡായി…

ഇവിടെ പള്ളിവക നടത്തുന്ന മെന്റൽ ഹോസ്പിറ്റലായ ആരാമത്തിൽ ജോയിൻ ചെയ്യുകയാണ് ഇന്ന്…

സൈക്യാട്രിയിൽ സ്പെഷലൈസേഷൻ ചെയ്യുമ്പോഴേ ജോലി മാത്രമായിരുന്നില്ല മറിച്ച് സേവനമായിരുന്നു അന്നയുടെ ലക്ഷ്യം….

മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് എല്ലാ സമൃദ്ധിയിൽ നിന്നും ഒന്നും ഇല്ലായ്മയിലേക്ക് തള്ളിയിറക്കപ്പെട്ടവരെ വീണ്ടും ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാൻ അവളാഗ്രഹിച്ചു….

വിവാഹ ശേഷം അലക്സും കുടുംബവും അവൾക്ക് ഫുൾ സപ്പോർട്ട് ആയപ്പോൾ ആരാമത്തിലേക്ക് ചെല്ലാൻ അവൾക്ക് ഒന്നുകൂടി ആലോചിക്കേണ്ടി വന്നില്ല….

അന്ന റെഡിയായി താഴേക്ക് വരുമ്പോഴേക്കും തീൻമേശയിൽ ആവി പാറുന്ന ഇടിയപ്പവും താറാവ് റോസ്റ്റും കത്രീനാമ്മ ഒരുക്കിയിരുന്നു….

” ഇന്ന് ബ്രേക്ക് ഫാസ്റ്റ് കനത്തിലാണല്ലോ അമ്മച്ചീ…”

അലക്സായിരുന്നു…

“എന്റെ മോളിന്ന് ജോലിക്ക് കയറുവല്ലേടാ… ഇവിടുന്ന് ഇറങ്ങിയാ പിന്നെ അതെന്തേലും കഴിക്കുവോന്നും കൂടി അറിയില്ല “….

അവർ അന്നയെ സ്നേഹത്തോടെ നോക്കി….

” അമ്മച്ചിയേ…. എന്നും ഞാനും ജോലിക്ക് പോകാറൊക്കെയുണ്ട് കേട്ടോ… നമ്മളോട് ഇതൊന്നും കണ്ടിട്ടില്ല…”

അലക്സ് പറയുന്നത് കേട്ടപ്പോൾ അന്നക്ക് ചിരി വന്നു….

“ഇതെന്റെ പൊന്നമ്മച്ചിയാ.. അല്ലിയോ അമ്മച്ചീ…”

അവൾ കത്രീനയുടെ തോളിലൂടെ കയ്യിട്ടു പിടിച്ചു..

“അതെ.. ”

“ഓ…. ശരി.. നടക്കട്ടെ…. ”

അലക്സ് സുല്ലിട്ടു…

” ഇരിക്ക് മോളേ… ”

അവർ രണ്ട് പേരുടെ പാത്രത്തിലും ആവോളം ഭക്ഷണം വിളമ്പി… മതിയെന്ന് പറഞ്ഞ് തടഞ്ഞിട്ടും അവർ അന്നയെ വയറ് നിറയുവോളം കഴിപ്പിച്ചു….

അലക്സിനെ വിവാഹം കഴിക്കാൻ പറ്റിയതാണ് തന്റെ ഏറ്റവും വലിയ ഭാഗ്യമെന്ന് അവന്റെ കൂടെ കാറിൽ യാത്ര ചെയ്യവേ അവൾ ഓർത്തു…

**************************

“എന്നാ സ്വപ്നമാ കൊച്ചേ രാവിലെ
കണ്ടത് “??

ഡ്രൈവ് ചെയ്യുന്നതിനിടെ അലക്സ് അന്നയെ നോക്കി…

എന്തോ ഓർത്തിരിക്കുകയായിരുന്നു അന്ന..

” അന്നാമ്മോ.. ”

അവൻ അൽപം ശബ്ദമുയർത്തി…

“എന്താ ഇച്ചായാ…. ”

“ഇന്നും കാമുകനെ നഷ്ടപ്പെട്ട കാമുകിയെ യാണോ കണ്ടത്…”

” ഉം… ”

അന്ന പതിയെ മൂളി….
അവളുടെ മുഖത്ത് വിഷാദം നിറഞ്ഞിരുന്നു….

“ഇതിപ്പോ…. എന്തോ പറയാൻ തുടങ്ങിയത് അന്നയുടെ മുഖത്തെ ഭാവം കണ്ടപ്പോൾ അലക്സ് വേണ്ടെന്ന് വെച്ചു….

പിന്നെ ആരാമത്തിൽ എത്തുന്നത് വരെ രണ്ട് പേരും മൗനമായിരുന്നു…

******************

“അപ്പോ എങ്ങനാ… ഞാൻ നിക്കണോ… അതോ…”

അലക്സ് കാർ ആരാമത്തിന്റെ മുൻപിൽ പാർക്ക് ചെയ്തു … കാറിൽ നിന്നും പുറത്തിറങ്ങാൻ തുനിഞ്ഞ അന്നയെ അവൻ തടഞ്ഞു….

“ഇവിടൊന്നും കിട്ടീല… ”

അലക്സിന്റെ നുണക്കുഴി കവിളിൽ ചിരി വിടർന്നു…

“ഒന്നു പോ ഇച്ചായാ…”

അവൾ അവന്റെ കൈ തട്ടിമാറ്റി….

“ഒരുമ്മ തന്നിട്ട് പോടീ… ”

അവൻ കെഞ്ചി…

കാറിലിരുന്ന് കൊണ്ട് ചുറ്റുമൊന്ന് വീക്ഷിച്ചതിന് ശേഷം അലക്‌സിന്റെ കവിളിൽ അന്ന നേർത്തൊരുമ്മ സമ്മാനിച്ചു…. തിരിച്ചവനും…

” വിളിക്കാവേ ”

അവൻ തലയാട്ടി….

അന്ന നടന്ന് ആരാമത്തിന്റെ പടിവാതിൽക്കൽ എത്തിയപ്പോൾ അവൻ കാർ റിവേഴ്സെടുത്തു…

********************

വളരെ ഊഷ്മളമായ വരവേൽപ്പാണ് അന്നക്ക് ആരാമത്തിൽ ലഭിച്ചത്…

ആരാമത്തിലെ സഹപ്രവർത്തകരെയെല്ലാം അവൾ പരിചയപ്പെട്ടു…

ആരാമത്തോട് ചേർന്ന് തന്നെ ഒരു റീഹാബിലിറ്റേഷൻ സെന്ററും പ്രതീക്ഷാഭവൻ എന്ന പേരിൽ ഒരു പുനരധിവാസ കേന്ദ്രവും നടത്തുന്നുണ്ട്… എല്ലാം പള്ളിയുടെ കീഴിൽ തന്നെ…

” എല്ലാവരെയും പരിചയപ്പെട്ടോ അന്ന ”

അന്ന തിരിഞ്ഞ് നോക്കിയപ്പോൾ ആരാമത്തിന്റെ നടത്തിപ്പുകാരനായ സെബാൻ അച്ചനായിരുന്നു…

“ഉവ്വ് ഫാദർ..”

അവൾ അദ്ദേഹത്തെ നോക്കി പുഞ്ചിരിച്ചു…

” എനിക്ക് ഇവിടുത്തെ അന്തേവാസികളുടെയൊക്കെ ഡീറ്റയിൽസ് അറിയണാരുന്നു ഫാദർ….”

” എല്ലാം ഇവിടെ ഫയൽ ചെയ്തു സൂക്ഷിച്ചിട്ടുണ്ട്… അന്ന വരൂ… ”

ഒരു ഓഫീസ് മുറിയിലേക്കായിരുന്നു അച്ചൻ അവളെ കൊണ്ടുപോയത്…

” ഇപ്പോ ഇവിടെയുള്ള അന്തേവാസികളുടെയൊക്കെ ഡീറ്റയിൽസ് ഇതിലുണ്ട്…. ”

അദ്ദേഹം ഒരു ഫയൽ അവൾക്ക് നേരെ നീട്ടി…

“ഞാനൊക്കെ ഒന്ന് മനസ്സിലാക്കട്ടെ… ”

തന്റെ റൂമിൽ ചെന്നതിന് ശേഷം അവളാ ഫയൽ തുറന്ന് നോക്കി…

ഒന്ന്….രണ്ട്…. മൂന്ന്…. അവൾ
ഓരോ നമ്പറും അതിലുള്ള പേരുകളും വായിച്ചു…

പത്ത്… വരാഹി ദേവാശിഷ്…

”വരാഹി… ”

അന്ന വീണ്ടും ആ പേര് ഉരുവിട്ടു….

(തുടരും)

“നന്ദ, അർച്ചന, നയോമിക, നിവാംശി ” എന്നീ നായികമാർക്ക് ശേഷം ” വരാഹി “യുമായി ഞാൻ വീണ്ടും വരികയാണ്…. ആരും എന്നെ മറന്നിട്ടില്ലെന്നും കൂടെ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു

” വരാഹി ”
ഒരു നഷ്ട പ്രണയത്തിന്റെ കഥയാണ്…. പ്രണയത്താൽ അന്ധരായ ചില ജീവിതങ്ങളുടെ കഥ….. വരാഹിയെയും അവളുടെ പ്രണയത്തേയും നിങ്ങൾ സ്വീകരിക്കില്ലേ….

സ്നേഹപൂർവ്വം
ശിവന്യ.