Wednesday, December 18, 2024
Novel

തൈരും ബീഫും: ഭാഗം 5

നോവൽ: ഇസ സാം

ഞാൻ സ്കൂളിൽ സൈക്കിളിൽ ആണ് പോയി വന്നിരുന്നത്……സ്കൂൾ ബസ് ഉണ്ടായിരുന്നു കൊച്ചു കുട്ടികൾക്ക്……ബസ്സിലെ കണ്ടക്ടർ അങ്കിൾ…. അയാൾക്ക് ഒരു കള്ള ലക്ഷണം ഞാൻ ശ്രദ്ധിച്ചിരുന്നു…..പ്രത്യേകിച്ചും കൊച്ചു കുട്ടികളോടുള്ള അയാളുടെ രീതി…അത് കണ്ടു പിടിക്കാൻ എനിക്കൊരവസരവും വന്നു……. പക്ഷേ അതിലൂടെ ഞാൻ എബിയെ അറിയാൻ തുടങ്ങുകയായിരുന്നു.ആ സംഭവം..എന്റെ മനസ്സിലെ എബിക്ക് ഒരു പുതിയ ഭാവം നൽകും എന്ന് അന്ന് എനിക്കറിയില്ലായിരുന്നു. ഇന്നും ആ ഭാവം എന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്….. ഈ കണ്ടക്ടർ അങ്കിളിന്റെ കയ്യിൽ ഇപ്പോഴും മിഠായികൾ ഉണ്ടാവും….വീട്ടിൽ നിന്ന് വരുന്ന കുട്ടികൾ പ്രത്യേകിച്ചും നഴ്സറിയിലെ കുട്ടികൾ അവർ കരഞ്ഞു കൊണ്ടാവും ബസ്സിലേക്കു കയറുക…അപ്പോൾ അങ്കിൾ മിഠായി കൊടുക്കും…അപ്പൊ കുട്ടി ശെരിയാവും ….. ടീച്ചർമാരും വീട്ടുകാരും കാണുന്ന കാര്യം…ആർക്കു ഒരു സംശയവുമില്ല…

പക്ഷേ ഞാൻ അങ്ങനല്ലാട്ടോ….. അപ്പനും അമ്മയും എനിക്ക് വിശദമായി തന്നെ തെറ്റായ സ്പര്ശനത്തെ പറ്റി പറഞ്ഞു തന്നിട്ടുണ്ട്… പോരാത്തതിന് ഞങ്ങളുടെ പള്ളികളിലെ ക്ലാസ്സുകളിലും പറഞ്ഞിട്ടുണ്ട്…അതുകൊണ്ടുതന്നെ എനിക്ക് എല്ലാരെയും സംശയമാണ്…. ഒരു ദിവസം ഞാൻ സ്കൂളിൽ എത്തുമ്പോ എന്റെ പള്ളിയിൽ വരുന്ന ഒരു കൊച്ചു പെൺകുട്ടി അങ്കിളിന്റെ മിഠായി വാങ്ങി എറിയുന്നു… “എനിക്ക് വേണ്ട……പോ…….” എന്നും പറഞ്ഞു നിലവിളി തന്നെ…..അങ്കിൾ കുട്ടിയെ ആശ്വസിപ്പിക്കുന്നു……ആയചേച്ചി വന്നു പൊക്കി എടുത്തു കൊണ്ട് പോവുന്നു…. ….എന്നിട്ടും അവൾ കരച്ചലോടെ കരച്ചിൽ……”അങ്കിൾ വേണ്ട …പോ…..” “ഞാൻ പോയേക്കാവേ” എന്ന് കളിയായി പറഞ്ഞു പുള്ളി രംഗം വിടുന്നു….ഞാൻ അവളെറിഞ്ഞ മിഠായി എടുത്തു…..ഒരു പേരുമില്ലാ…..വർണ്ണ കടലാസ്സിൽ പൊതിഞ്ഞ ഒരു ഹോം മെയിഡ് ചോക്ലേറ്റ്……. “മോളെ അതിങ്ങു തായോ…… എന്റെ കയ്യിൽ വേറെ മിഠായി ഇല്ല……

കൊച്ചു പിള്ളാരല്ലേ ….ചോദിക്കുമ്പോ…..എങ്ങനാ ഇല്ലാ …എന്ന് പറയണേ……” പുള്ളി നിഷ്കളങ്കനായി ചിരിച്ചുകൊണ്ടു നിൽക്കുന്നു…..ഞാൻ മിഠായി തിരിച്ചു കൊടുത്തു. ക്ലാസ്സിലേക്ക് പോയി……അന്ന് മുഴുവൻ ഞാൻ പുള്ളിയെ ശ്രദ്ധിച്ചു……എന്നെത്തെയും പണികൾ ചെയ്യുന്നു…ഇടയ്ക്കു ഇടയ്ക്കു മൊബൈൽ നോക്കുന്നു…. വൈകിട്ട് സാധാരണ സ്കൂൾ സമയവും കഴിഞ്ഞു ഒരു മണിക്കൂർ അധികം ഞങ്ങൾക്ക് ക്ലാസ് ഉണ്ടാവാറുണ്ട്… …അതും കഴിഞ്ഞു ഞാൻ സൈക്കിളുമായി ഇറങ്ങി…..സ്കൂൾ ബസ് അപ്പോഴേക്കും കൊച്ചു കുട്ടികളെ വിട്ടു തിരിച്ചു വന്നിരുന്നു….. അതിൽ ആയയും ഡ്രൈവറും മാത്രമേ ഉണ്ടായിരുന്നുള്ളു…..കണ്ടക്ടർ ഉണ്ടായിരുന്നില്ല……ഞാനീ അപ്പന്റെ കൂടെ കൂടി ഡിറ്റക്റ്റീവ് സിനിമകളും ത്രില്ലറും കണ്ടു എനിക്കതു ഒരു അപായ സൂചനയായി തോന്നി…… എന്റെ പ്രായം പതിനേഴാണല്ലോ….അതായിരുന്നു പ്രശനം….എന്നിലെ ഡിറ്റക്റ്റീവ് അങ്ങ് തലപൊക്കി….പോരാത്തതിന് അപ്പൻ്റെ മോട്ടിവേഷൻ സംഭാഷണങ്ങളും….സാൻട്ര ചുണക്കുട്ടിയല്ലേ…. ”

ചേച്ചിയ്…….കണ്ടക്ടർ അങ്കിൾ എവിടെ…….. ഞാൻ നേരത്തെ കണ്ടത് ആണല്ലോ……?” ചേച്ചിക്ക് വീട്ടിൽ പോകാൻ ധൃതി ആയി ഇറങ്ങുവായിരുന്നു…… “ആ അവനോ…..അവൻ വഴിയിൽ ഇറങ്ങി…..” അതും പറഞ്ഞു ചേച്ചി വേഗം നടന്നു. “വഴിയിലെവിടെ…..?..” ഞാൻ വേഗം ചോദിച്ചു. ചേച്ചി എന്നെ ഒന്ന് സംശയിച്ചു നോക്കി…… “എന്തിനാ……?” ചേച്ചിയാണു. “അത് പിന്നെ…..അപ്പൻ ഒരു ജോലി ചേട്ടന് ശെരിയാക്കീട്ടുണ്ട് എന്ന് പറയാന………..” അപ്പൊ പുള്ളിക്കാരിക്ക് ഒരു വിശ്വാസം ഒക്കെ വന്നു…. “അവനാ…..ആ കുരിശിനപ്പുറത്തെ വഴിയിൽ ഇറങ്ങി…ബസ്സെൽ വന്ന ഒരു കുട്ടിക്ക് സുഖമിലായിരുന്നു…. അതിൻ്റെ കാര്യം പറഞ്ഞു വീട്ടുകാരെ ഏൽപ്പിക്കാനായി അവനും ഇറങ്ങി..” “താങ്ക്സ് ചേച്ചി…….” അതും പറഞ്ഞു ഞാനങ്ങോട്ടു ആഞ്ഞു സൈക്കിൾ ചവുട്ടി……എന്തിനു……എനിക്കറിയാന്മേലാ…… പക്ഷേ എന്തോ അങ്ങോട്ട് പോകാൻ തോന്നി….പോരാത്തതിന് അപ്പന്റെ മോട്ടിവേഷൻ ഇരിക്കുവല്ലേ…അപ്പന്റെ ചുണകുട്ടിയല്ലേ……. പിന്നൊന്നും നോക്കീല…ആഞ്ഞു ചവിട്ടി……

ചേച്ചി പറഞ്ഞ സ്ഥലം എത്താറായി…..ഞാനവിടെ എത്തിയപ്പോൾ ആരും ഉണ്ടായിരുന്നില്ല…കുരിശിന്റെ താഴേ ഒരു ഭിക്ഷക്കാരൻ ഇരിപ്പുണ്ടായിരുന്നു…അയാൾ എന്നെ നോക്കി …… ഇയാളോട് ചോദിക്കണമോ……എന്ത് ചോദിക്കാം….. “അങ്കിളേ ഒരു കൊച്ചു കുട്ടിയുമായി ഒരാളെ കണ്ടായിരുന്നോ….നടന്നു പോവുന്നെ…..” അയാൾ ഒന്നും മിണ്ടാതെ എന്നെ നോക്കിയിരുന്നു… … “പ്ളീസ് അങ്കിളേ……..പ്ളീസ്…….” അയാൾ മേലോ ട്ടുള്ള ഒരു വഴി ചൂണ്ടികാണിച്ചു…… …ഇയാളെ വിശ്വസിക്കാവോ……ഞാൻ ആ കുരിശടിയെ നോക്കി പ്രാർത്ഥിച്ചു….. “ഈശോയെ എന്നെയും ആ കുഞ്ഞിനേയും കാത്തോളണേ…….” ഞാൻ അങ്ങോട്ടേക്ക് വേഗം സൈക്കിൾ ചവിട്ടി. അതൊരു കയറ്റമായിരുന്നു…ശെരിക്കും ഞാൻ തളരേണ്ടതാണ്…..പക്ഷേ അപ്പന്റെ കൂടെ പണ്ടേ കൂടിയത് കൊണ്ട്….. എനിക്ക് ഇതൊക്കെ ഒരു ആവേശമാണ്…….അധിക ദൂരം ആവേശം നിന്നില്ല….

ഭയം എന്നെ വന്നു പൊതിയാൻ തുടങ്ങി….ആരോരുമില്ലാത്ത വഴികൾ…ഇരുവശവും റബ്ബർകാടുകൾ…മരങ്ങൾ…..വേണ്ടിയിരുന്നില്ല…… ഇതൊക്കെ എന്റെ തോന്നലാണെങ്കിലോ…മുൻപ് എപ്പോഴോ ഇത് വഴി വന്നിരുന്നു…അപ്പനോടൊപ്പം….ഈശോയെ ഞാൻ തളർന്നല്ലോ…. …ഒരു മനുഷ്യകുഞ്ഞിനെ പോലും കാണുന്നുമില്ല…..ഒന്നും വേണ്ടായിരുന്നു…… “ഡി………… ” ഒരു വിളി…….പുറകിൽ നിന്ന്. മാതാവേ ഇതാരാ…ഞാനിതുവരെ കേൾക്കാത്ത ശബ്ദം….ഞാൻ ഒന്ന് നിറുത്തി തിരിഞ്ഞു നോക്കി……ഒരു പയ്യൻ….അല്ല എബി……..ഞാൻ നിറുത്തിയപ്പോഴേക്കും അവൻ വന്നു എന്റെ കുറുകെ സൈക്കിൾ നിറുത്തി….അവൻ നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു……ഞാനും…. “ആർക്ക് ….വായി ഗുളിക …വാങ്ങാൻ…പോവാഡീ……..” കിതച്ചു കൊണ്ടുള്ള അവന്റെ ചോദ്യം……എന്നിൽ വിടർത്തിയത് ഒരു ആശ്വാസമാണ്…..നന്ദി ഈശോയെ……ഇനി മുന്നോട്ടു തന്നെ…….ഇവനോട് എന്ത് പറയും…ഇവനെ കൂടെ കൂട്ടണമല്ലോ ….. “പൃഥ്വിരാജ്…….” ഞാൻ ഒന്ന് നിർത്തി ശ്വാസം എടുത്തു……അവൻ മിഴിച്ചു എന്നെ നോക്കി…… ”

പൃഥ്വിരാജിനോ? ……….” അവന്റെ കിളിപറന്ന ചോദ്യം കേട്ടപ്പോൾ ചിരി വന്നു…. “അല്ല…..പ്രിത്വിരാജിന്റെ ഷൂട്ടിംഗ് അവിടെ നടക്കുന്നു…അത് കാണാനാ………” അവന്റെ കിളികളൊക്കെ പറക്കുന്നത് ഞാൻ നിഷ്കുഭാവത്തിൽ നോക്കി നിന്ന്….. “നിനക്ക് വട്ടുണ്ടോ ……? വല്ലവരും പറയുന്ന കേട്ട് വരാൻ…..ആരേലും പറ്റിച്ചതാവും കൊച്ചേ…..” ഇവനാര് എന്റെ അപ്പനോ….അവന്റെ കൊച്ചേ വിളി എനിക്ക് ഒട്ടും ഇഷ്ടായില്ല…മാത്രല്ല എനിക്ക് കളയാൻ സമയവുമില്ല… ഞാൻ ഒന്നും പറയാതെ സൈക്കിൽ മുന്നോട്ടു എടുത്തു…… “നിനക്ക് പേടിയാണെങ്കിൽ വരണ്ടാ……” ഞാൻ വിളിച്ചു പറഞ്ഞു….. “പേടി നിന്റെ അപ്പന്…..” അവന്റെ ആത്മഗതമായിരുന്നു…ഞാൻ നന്നായി കേട്ടു….പിന്നെ ഒരു വഴക്കിനു താത്പര്യമില്ലാത്ത കൊണ്ടു ഒന്നും മിണ്ടിയില്ല.. അവൻ എന്റെ ഒപ്പം വന്നെങ്കിൽ എന്ന ആത്മാർത്ഥമായ ആഗ്രഹം എനിക്കുണ്ടെ…… ഭയം കലശലായി …അത് കൊണ്ടാ…..കുറേദൂരം മുന്നോട്ടു വന്നിട്ട് തിരിഞ്ഞപ്പോൾ…അവൻ വന്ന വഴിക്കു തിരിച്ചു പോവുന്നു…കണ്ടപ്പോൾ വിഷമം തോന്നി…..

എന്നാലും കർത്താവേ നീ അയച്ച ദൈവദൂതനെ പോലെ വന്നിട്ട് ദാ യൂദാസിനെ പോലെ വഴിയിലിട്ടു തിരിച്ചു പോവുന്നു…. അയ്യോ യൂദാസല്ല വഴി അവസാനിക്കുന്നത് ഒരു കുന്നിലായിരുന്നു…ഞാൻ ചുറ്റും നോക്കി…..അപ്പോഴേക്കും പുറകിൽ ഒരു അനക്കം….. “എവിടെ നിന്റെ പൃഥ്‌വിരാജ് ….” ചിരി അടക്കി പിടിച്ചു എബി നിൽക്കുന്നു…..ഞാൻ അവനെ തുറിച്ചു നോക്കി..അവന്റെ പുറകിലായി ഒരു കുഞ്ഞു സ്കൂൾ ബാഗ്….ഞാൻ അവനെ തള്ളി മാറ്റി ഓടി ചെന്ന് അത് എടുത്തു..അപ്പോൾ ആണ് ഒരു കരച്ചിൽ കേൾക്കുന്നത്…… ആ താഴ്വാരത്തിൽ കുറ്റികാട്ടിൽ…… “എബി അത് നമ്മുടെ സ്കൂളിലെ കുട്ടിയാണ്………” അത് കേട്ടതും എബി അങ്ങോട്ടേക്ക് ഓടി…..ഒപ്പം ഞാനും….ഞങ്ങൾ വരുന്ന ശബ്ദം കേട്ടിട്ടാവണം അയാൾ ഊരിയ ഷർട്ടും പകുതി അഴിച്ച പാന്റുമായി എണീറ്റോടി… എബി അയാളുടെ പുറകെ ഓടി… ഞാൻ ഓടി ചെന്ന് ആ കുഞ്ഞിനെ എടുത്തു…പകുതി മയക്കത്തിലും അവൾ കരയുന്നുണ്ട്…അമ്മയെ വിളിക്കുന്നു……എബിയും അയാളുമായി ഉന്തും തള്ളുമായി….

ഞങ്ങളുടെ ഭാഗ്യം എന്ന് പറഞ്ഞാൽ മതി അയാൾ ഒട്ടും പൊക്കമില്ലാത്ത മെലിഞ്ഞ ഒരു മനുഷ്യനായിരുന്നു… എബി ആറടിയോളം പൊക്കമുള്ളവനായത് കൊണ്ട് രക്ഷപ്പെട്ടു……ഒടുവിൽ എബിയെ അയാൾ എങ്ങേനെയോ പൂട്ടിട്ടു പിടിച്ചു…കർത്താവേ പണി പാളുമോ…..പിന്നൊന്നും നോക്കീല…..കൊച്ചിനെ അവിടെ കിടത്തിയിട്ട് അവിടെ കിടന്ന മരക്കഷ്ണമെടുത്തു തുടങ്ങീലെ അപ്പന്റെ ചുണക്കുട്ടീ സാൻട്ര…..എനിക്കടിക്കാൻ പാകത്തിന് അയാൾ മലന്നു കിടന്നും കൂടെ തന്നു…. പിന്നൊന്നും നോക്കീല….ഒരു പിഞ്ചു കുഞ്ഞിൽപ്പോലും ആസക്തി കണ്ടെത്തിയ ആ ജന്തുവിന്റെ പുരുഷത്വം തുളുമ്പുന്ന മാസക്കഷ്ണം അടിച്ചു തകർത്തു…….അടി തുടർന്ന് കൊണ്ടേയിരുന്നു…ഒടുവിൽ എബി വന്നു പിടിച്ചു മാറ്റി….. “സാൻട്ര………..” അവൻ അലറി…. “അയാൾ ചത്ത് പോവും……” ഞാൻ ആ മര കഷ്ണത്തെ താഴേ ഇട്ടു……തളർന്നു ഒരു പാറമേൽ ഇരുന്നു….ഞാൻ നന്നയി കിതയ്ക്കുന്നുണ്ടായിരുന്നു…..

നേരം സ്നാധ്യയോടു അടുത്ത്….. “വേഗം വാ സാൻട്ര……നേരം ഇരുട്ടാറായി….ഈ കുഞ്ഞിനെ ഹോസ്പിറ്റലിൽ ആക്കണം…വേഗം വാ……” അപ്പോഴാണ് എനിക്ക് സ്ഥലകാല ബോധം തന്നെ ഉണ്ടായത്……വേഗം ഞാൻ ആ മോളെ എടുത്തു…… കയറ്റമായതു കൊണ്ട് തന്നെ ഇറക്കം എളുപ്പമായി….കുഞ്ഞിനെ ഞങ്ങൾ മാറി മാറി വെച്ച്…എന്നാലും അധികവും എബി തന്നെയാണ് എടുത്തിരുന്നത്……ഞാൻ മൊബൈൽ ഉപയോഗിക്കാറില്ലായിരുന്നു…എബിയുടെ മൊബൈലിൽ റേഞ്ചു ഉണ്ടായിരുന്നില്ല…… ഒരു വണ്ടിയും കിട്ടീല…ഒടുവിൽ സൈക്കളിൽ തന്നെ ഞങ്ങൾ അടുത്തുള്ള ക്ലിനിക്കിൽ ആ മോളെ എത്തിച്ചു…. ഞാൻ എബിയുടെ ഫോൺ വാങ്ങി അപ്പനെ വിളിച്ചു..കാര്യം പറഞ്ഞു…അപ്പൻ എന്നെ കാണാതെ പേടിച്ചിരിക്കുവായിരുന്നു……അപ്പൻ ഉടനെ എത്താം എന്നും പറഞ്ഞു….

“പിന്നെ അപ്പ അയാൾ ആ കുന്നിൻ മേലിൽ കിടക്കുവാ……” ഞാൻ പറഞ്ഞു… “അത് പേടിക്കണ്ടാ ഞാൻ കണ്ട്രോൾ റൂമിൽ വിളിച്ചു പറഞ്ഞേക്കാം……പിന്നെ പൊലീസിലെ എസ്. ഐ. …എന്റെ കൂട്ടുകാരനാ ഞാൻ പറഞ്ഞേക്കാം….മോൾ പേടിക്കണ്ടാ……അപ്പൻ ദാ എത്തീട്ടാ….. ” ദാ എത്തി എന്ന പറച്ചിൽ കേട്ടപ്പോൾ തന്നെ എനിക്ക് പകുതി ആശ്വാസമായി….. പക്ഷേ എബിയുടെ കാര്യം അങ്ങനല്ല…..എബിയെ ഡോക്‌ടറും നഴ്സും ഒക്കെ സംശയ ദൃഷ്ടിയാൽ നോക്കുകയും ചോദ്യം ചെയ്യുകയും ഒക്കെ ചെയ്തു കൊണ്ടിരുന്നു….. അതും എന്നെ മാറ്റി നിർത്തി…..അവന്റെ മുഖത്തു ഭയം ഉണ്ടായിരുന്നു…തരം കിട്ടുമ്പോൾ ഒക്കെ എന്നെ തുറിച്ചു നോക്കുന്നുണ്ട്….ഒടുവിൽ അവർ എന്നെയും ചോദ്യം ചെയ്യാനാരംഭിച്ചു…ഞാൻ വ്യെക്തമായി കാര്യങ്ങൾ പറഞ്ഞു….. അപ്പോഴേക്കും അപ്പനും പോലീസ്‌കാരും ആ കുട്ടിയുടെ മാതാപിതാക്കളും എത്തി…..ഡോക്ടർമാർക്കും നഴ്‌സുമാർക്കും കാര്യം വ്യെക്തമായി…ആ കുന്നിൻചരുവിൽ നിന്ന് കോണ്ടുക്ടറെയും പോലീസിന് കിട്ടി……

അപ്പൻ പോലീസിനോടും ഡോക്ടറോടും ഒക്കെ സംസാരിക്കുകയായിരുന്നു…ഞാനും എബിയും പുറത്തു ബെഞ്ചിൽ ഇരിക്കുകയായിരുന്നു… എബിയുടെ വീട്ടിൽ നിന്നും ആരും വന്നിട്ടുണ്ടായിരുന്നില്ല…… “എബിയുടെ വീട്ടിൽ നിന്നും ആരും വരാത്തെ എന്താ…….” അപ്പോഴേക്കും അവൻ എന്നെ ഒരു നോട്ടം നോക്കി…..ഞാൻ ദാഹിച്ചു പോയില്ല എന്നേയുള്ളു….. പിന്നീട് ഞാൻ ഒന്നും ചോദിച്ചില്ല……ഒരു വലിയ പജേറോ വന്നു നിന്നു…അതിൽ നിന്നും പണത്തിന്റെ ആഡമ്പരം വിളിച്ചോതുന്ന വസ്ത്ര ധാരണവുമാണ് ഒരു നാൽപ്പതു നാല്പത്തഞ്ചു വയസ്സ് തോന്നുന്ന ഒരു മനുഷ്യൻ ഇറങ്ങി…… അയാളെ കണ്ടതും എബി എണീറ്റു . അയാൾ എബിയെ അവജ്ഞയോടെ നോക്കി….. “എന്നതാടാ…ഇത്…..മുട്ടേന്നു വിരിയണെന്നു മുന്നെയല്ലേ പോലീസ് കേസ്…….നാട് നന്നാക്കൽ……” അയാൾ പല്ലു കടിച്ചു സംസാരിച്ചു…എബിയുടെ ചേട്ടനാണ് എന്ന് എനിക്ക് മനസ്സിലായി…… “ഞാനാരെയും വിളിച്ചില്ലലോ വരാൻ………” എബിയാണ്…… “പിന്നെ ….നാട്ടുകാര് എന്ന പറയും…..

അപ്പന് വയസ്സാംകാലതു തോന്നിയ ഓരോ… ……..ഞാൻ ഒന്നും പറയുന്നില്ല……” അതും പറഞ്ഞു പല്ലിറുമ്മി അയാൾ എന്നെ നോക്കി…. “ഏതാ കൊച്ചേ നീ……?.” അയാൾ എന്നെ നോക്കി ചോദിച്ചു…വീണ്ടും കൊച്ചേ….ഇത് കുടുംബത്തോടെ ഇങ്ങനാണോ.. “എന്റെ കൂടെ പഠിക്കുന്നെയാ…..” എബിയാണ്. “എന്റെ മോളാ……സെബാനേ…….” അപ്പനാണേ…… “ആ മാത്യുച്ചായോ……..” പുള്ളിയും അപ്പന് കൈകൊടുത്തു…രണ്ടു പേരും അകത്തോട്ടു കയറി പോലീസിനോടും ഡോക്ടറോടും സംസാരിച്ചു….. ഞങ്ങൾ വീണ്ടും പുറത്തിരുന്നു…..എനിക്ക് വെള്ളം ദാഹിച്ചതു കൊണ്ട് ഞാൻ വെള്ളം എടുക്കാനായി ഫിൽറ്ററിനു അടുത്തേക്ക് പോയി…..വെള്ളം കുടിച്ചു….. നല്ല ദാഹം ഉണ്ടായിരുന്നു…ഇബിക്കും ദാഹം ഉണ്ടാവുന്നുളൂ…ഞാൻ എന്റെ ബോട്ടിലിൽ കുറച്ചു വെള്ളം പിടിച്ചു എന്നിട്ടു അവ്വനെ നോക്കി…ആ ബെഞ്ചിൽ ഉണ്ടായിരുന്നില്ല….അങ്ങൂട്ടു മാറി നിൽക്കുന്നു….

ഞാൻ അവന്റെ അടുത്തേക്ക് ചെന്നു….. “എബി…..വെള്ളം വേണോ…..” അവൻ ദേഷ്യത്തിൽ തിരിഞ്ഞു എന്റെ കയ്യിൽ നിന്ന് വള്ളം വാങ്ങി പുറത്തേക്കു എറിഞ്ഞു …എന്റെ കയ്യ് മുട്ടിൽ പിടിച്ചു ശക്തമായി ഞെരിച്ചു…. “നീ ആരാ എന്നാ നിന്റെ വിചാരം….നീ ചെയ്തത് വലിയ കാര്യം ആണ് എന്നാണോ വിചാരിച്ചിരുന്നത്…ആന്നോ…?” ഞാൻ ഞെട്ടി അവന്റെ കണ്ണുകളിലേക്കു നോക്കി….. “ഡീ…..നീ വെറും ഒരു പെണ്ണാണ്… ഞാൻ അപ്പൊ അവിടെ വന്നില്ലായിരുന്നു എങ്കിൽ നിന്റെ അവസ്ഥ എന്താകുമായിരുന്നു……നീ ചിന്തിച്ചിട്ടുണ്ടോ?…എന്ത് ധൈര്യത്തിലാണ് നീ അവിടെ ഒറ്റയ്ക്ക് പോയത്…… ഞാൻ ഇലായിരുന്നു എങ്കിൽ ആ കൊച്ചിന്റെ കൂടെ അപ്പുറത്തെ ബെഡിൽ നീയും ഉണ്ടായിരുന്നേനെ…….” അവൻ ശക്തമായി എന്നെ പിന്നോട്ട് തള്ളി……ഈ എബി എനിക്ക് അപരിചിതനയിരുന്നു…

“ഒരു കാര്യം ഞാൻ പറഞ്ഞേക്കാം..ഇനി മേലിൽ ഇതുപോലെ ആരെയും കൂട്ടാതെ മുന്നും പിന്നും നോക്കാതെ എവിടേലും പോയിപെട്ടാൽ………..” ഒന്ന് നിർത്തിയിട്ടു…… “ഒരു പെണ്ണിന് വേണ്ടത് എന്താ എന്നറിയോ ബുദ്ധിയാണ്….അല്ലാണ്ട് ബുദ്ധിയില്ലാതെ ധൈര്യം മാത്രം ഉണ്ടായിട്ടു ഒരു കാര്യവുമില്ല…………സാൻട്ര പോലും സാൻട്ര….മരമണ്ടി ” പിന്നെയും എന്തെക്കെയോ അവൻ പറഞ്ഞു…..പക്ഷേ ഞാൻ അതൊന്നും കേട്ടില്ല…എന്റെ അപ്പനല്ലാതെ ആദ്യമായി എന്നെ ഒരാള് വഴക്കു പറയുന്നു……ആ വഴക്കിൽ പോലും എന്നോടുള്ള കരുതലായിരുന്നു….. സ്നേഹമായിരുന്നു…… എന്നോടവൻ പൊട്ടി തെറിച്ച എന്നോട് ചീത്ത പറഞ്ഞ ആ നിമിഷം ആദ്യമായി എന്നിൽ പ്രണയം നാമ്പെടുത്ത ആ നിമിഷം…..ഇന്നും അതോർക്കുമ്പോൾ എന്നിൽ ഒരു പുഞ്ചിരി വിടരും അന്നത്തെ പോലെ…… “മുളകിട്ടു ബീഫു വെക്കാൻ മാത്രം അറിയാം…… ചന്ദ്രി……” അതും പറഞ്ഞു അവൻ അവന്റെ ചേട്ടനോടൊപ്പം പോവുന്നത് ഒരു നറുപുഞ്ചിരിയോടെ ഞാൻ നോക്കി നിന്നു……

അന്നാദ്യമായി എന്റെ ചിന്തകളിൽ പ്രണയം എന്ന വിരുന്നുകാരൻ എത്തി………. .വിരുന്നുകാരനാവുമോ വീട്ടുകാരനാവുമോ എന്ന് നമുക്ക് നോക്കാം (കാത്തിരിക്കണംട്ടോ) ഒരുപാട് നന്ദി ചങ്കുകളെ….കമന്റ്സ് മുന്നോട്ട് പോകാനുള്ള ആത്മവിശ്വാസം തരും…നിങ്ങളുടെ കമ്മന്റ്സ് നായി കാത്തിരിക്കുന്നു.