Sunday, December 22, 2024
Novel

തൈരും ബീഫും: ഭാഗം 38

നോവൽ: ഇസ സാം

“സാൻട്ര……. കല്യാണം കഴിഞ്ഞോ അവളുടെ….?” അപ്പുറം നിശബ്ദമായിരുന്നു…… ” ചേച്ചീ……. എനിക്കോ ചേച്ചിക്കൊ മനസ്സിലാക്കൻ പറ്റുന്ന ഒരു വേവ് ലെങ്ത് അല്ല സാൻട്ര ചേച്ചിക്ക്……. ഇനി ലോകം കീഴ്മേൽ മറിഞ്ഞാലും അവർ കട്ടയ്ക്കു പിടിച്ചു നിൽക്കും…..സൊ…..ഗോ വിത്ത് യുവർ ലൈഫ്……. ഇത്രയും കാലം കഴിഞ്ഞില്ലേ……എല്ലാരും മുന്നോട്ടു പോയി…… ചേച്ചിയും മുന്നോട്ടു പോകു……ഭർത്താവ് മോൻ കരിയർ…..” അവൻ ഫോൺ വെച്ചിട്ടും എനിക്ക് വെക്കാൻ കഴിഞ്ഞില്ല…… സാൻട്ര വിവാഹം കഴിച്ചില്ല….എന്നാണോ….

അച്ചായൻ ഇന്നും അങ്ങനെ തുടരുന്നു…… അച്ചായനും ഒരുപാട് സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു…..ഞാൻ എത്ര മുന്നോട്ടു പോകാൻ ശ്രമിച്ചിട്ടും എന്തോ എന്നെ ഇപ്പോഴും പിന്നോട്ടു വലിക്കുന്നു…… 🔷🔷🔷🔷🔷🔷🔷🔷🔷🔷 കുറച്ചു നാൾ അവധിആയിരുന്നത് കൊണ്ട് തന്നെ ഈവയ്ക്കു സ്കൂളിൽ പോകാൻ നല്ല മടി ആയിരുന്നു…. എന്നെ കൊണ്ട് മൂക്കിട്ടു ‘ക്ഷ’ വരപ്പിച്ചു…….അവളെ റെഡി ആക്കിയപ്പോൾ സ്കൂൾ ബസും പോയി…..പിന്നെ ഞാൻ വേഗം ഒരുങ്ങി ഇറങ്ങി……അപ്പോഴേക്കും എബിയും ഒരുങ്ങി വന്നു….. “അപ്പായി എന്നെ സ്കൂളിലാക്കുവോ……? “

കൗതുകത്തോടെ ഈവ ചോദിക്കുന്നു….അവൾക്കു അപ്പായി സ്കൂളിൽ കൊണ്ട് പോണം…കുറച്ചു നാളായി പറയുന്നുണ്ട്….. “ആക്കാലോ……. ” എബിയാണ്…. “തിരിച്ചും വിളിക്കുവോ….?” ഒരു പ്രത്യേക താളത്തിൽ എബിയുടെ കയ്യിൽ തൂങ്ങി ചോദിക്കുന്നുണ്ട്……. “വിളിക്കാലോ…..” അവളുടെ ബാഗും എടുത്തു പുറത്തേക്ക് ഇറങ്ങി എബി പറഞ്ഞു….. ഞാൻ വാതിൽ പൂട്ടുമ്പോഴും അവളുടെ മുഖത്തെ കള്ള ലക്ഷണം കാണുന്നുണ്ട്…. ഞങ്ങൾ ആശുപത്രിയിൽ പോയിട്ട് വന്നിട്ട് ഒരാഴ്ചയാവുന്നു….. അപ്പായിയെ കൂടെ കളിച്ചു കൊതി തീർന്നില്ല…..

എന്നൊക്കെ പറഞ്ഞു അവൾ പോയില്ലാ……എന്നും രാവിലെ അപ്പായിയും മോളും കൂടെ റബ്ബർക്കാടുകളിൽ കറക്കം ഒക്കെ ഉണ്ട്…..അത് കാണുമ്പോ എനിക്ക് പണ്ടത്തെ കൊച്ചു സാൻഡിയെയും അപ്പനെയും ഓർമ്മ വരും…… “അപ്പായി കുറച്ചു നേരത്തെ വരുവോ?” വീണ്ടും ഈവ്സ് കൊഞ്ചൽ തന്നെ…… “ആന്നേ…… സ്കൂൾ വിടുന്നതിനു മുന്നേ വരാലോ…….” എബിയാണ്…..അതെ കൊഞ്ചൽ തന്നെ….ഈ കൊഞ്ചൽ അത്ര പന്തിയല്ലല്ലോ കർത്താവേ…… “എത്ര നേരത്തെ വരും………” “വൺ അവർ മുന്നേ വരാട്ടോ…..”

എബി അങ്ങനെ പറഞ്ഞിട്ടും ഈവയുടെ മുഖം തെളിഞ്ഞിട്ടില്ല…..ഞാൻ കാർ എടുത്തു …..എബി മുന്നിലും ഈവ പിന്നിലുമായി കയറി…….മുന്നോട്ടു പോവുമ്പോഴും…..ഈവ ചിന്തയിലായിരുന്നു….എബി ഇടയ്ക്കിടെ അവളെ നോക്കി ചിരിക്കുന്നുണ്ട്…..പുള്ളിക്കാരി നിരാശ തന്നെ…… “ഈവ്സ്…….എന്നാ….? സാഡ് ആന്നോ……?” അതും പറഞ്ഞു എബി അവളെ പിന്നിൽ നിന്നും മുന്നിലോട്ടു എടുത്തു മടിയിലോട്ടു ഇരുത്തി…… “മ്മ്….. അപ്പായി….. സ്കൂളിൽ ഒന്നും പഠിപ്പിക്കേല അപ്പായി…… ബോറിങ്……എപ്പോഴും ടീച്ചർ റൈറ്റ് റൈറ്റ് എന്ന് പറഞ്ഞു കൊണ്ടിരിക്കും…..എൻ്റെ കൈയൊക്കെ വേദനിക്കും……”

ഈശോയെ അവളുടെ കൈ നോക്കി അവൾ പറയുന്ന പറച്ചിൽ ഒക്കെ കേട്ടാൽ ഇപ്പൊ വണ്ടി ഏതെങ്കിലും ആശുപത്രിയിലേക്ക് വിടും……എബിയ്ക്കും ചിരി പൊട്ടുന്നുണ്ട്…… “എൻ്റെ ഈവക്കുട്ടി…..അപ്പായി ടീച്ചറോട് കുറച്ചു എഴുതിപ്പിച്ചാൽ മതി എന്ന് പറയാട്ടോ……” അപ്പോഴും ഈവ തെളിഞ്ഞില്ലാ…… “ടീച്ചർ ഭയങ്കര ആംഗ്റി ആണ്…….എനിക്ക് പേടിയാ…….” അതും പറഞ്ഞു ചിണുങ്ങി കരയാൻ തുടങ്ങി….. എബി ആശ്വസിപ്പിക്കുന്നു…..വേണ്ട പുകില്….. “ദേ ഈവ…നമ്പരൊക്കെ മാറ്റി വെച്ച് ഇറങ്ങിയേ…..സ്കൂൾ എത്തി……” ഞാനാണേ……. “എത്തിയോ……?.”

നിരാശയോടെ ചോദിക്കുന്നു……ചുറ്റും നോക്കി…ബെൽ അടിച്ചു എല്ലാ കുട്ടികളും ക്ലാസ്സ് മുറിയിലായിരുന്നു….. “അയ്യോ….. ക്ലാസ് തുടങ്ങി…..ഇനി അകത്തു കയറ്റില്ല …റിവേഴ്‌സ് എടുത്തോ മമ്മ……” കണ്ണീരും ചിരിയും കലർന്നൊരു ഭാവം…… ഇത്രയും ആയപ്പോ എബി പൊട്ടി ചിരിക്കാൻ തുടങ്ങി……ആ ചിരി അവളിലും വന്നു….. “എബി ഇവളുടെ ഒരോ പ്ലാനിനും കൂടുവാണോ….എത്ര ദിവസമായി സ്കൂളിൽ പോയിട്ട്….ഇന്ന് ഇറങ്ങിയേ പറ്റുള്ളൂ……” ഞാൻ ഉറപ്പിച്ചു പറഞ്ഞു…… എബിയും എനിക്കൊപ്പം ഇറങ്ങി…ഈവ കാറിൽ തന്നെ ഇരിക്കുന്നു…..

“സാൻഡീ, ഞാൻ നിന്നോട് പറയാൻ ഇരിക്കുവായിരുന്നു…..ഇന്ന് മോളും ഞാനും കൂടെ ഒന്ന് കറങ്ങിക്കോട്ടേ….ബികോസ് ഞാൻ ഒരു ചേഞ്ച് പ്ലാൻ ചെയ്യുന്നുണ്ട്…… മമ്മയുടെ അടുത്ത് പോണം….അവിടെ നിൽക്കണം…പിന്നെ പ്രാക്ടിസിനും മറ്റും ഇന്റർവ്യൂ ടെസ്റ്റ് ഒക്കെ ഉണ്ട്…അതിനു വേണ്ടി ഡൽഹി പോണം…. ” അവൻ ഒന്ന് നിർത്തി……. എനിക്ക് ശ്വാസം എടുക്കാൻ പോലും കഴിഞ്ഞിരുന്നില്ല…. ഞാൻ അവനുവേണ്ടി കാതോർത്തു….. “എനിക്ക് ഒരു മാറ്റം വേണം…. അപ്പോൾ ഒരു യാത്ര ആകാം എന്ന് കരുതി… ….എനിക്ക് യാത്രകൾ ഒരുപാട് ഇഷ്ടാണ്…നിനക്കറിയാലോ…..

പിന്നെ മാത്രമല്ല നമ്മൾ ഒരു വീട്ടിൽ ഇനിയും കഴിയുന്നത് ശെരിയല്ല…… ഇത്രയും കാലം ഒരു വീട്ടിലായിരുന്നു……പക്ഷേ ഇപ്പൊ എല്ലാം മാറിയല്ലോ…. …..ഇന്ന് ഞങ്ങൾ ഒന്ന് കറങ്ങട്ടെ…..നിനക്ക് ബുദ്ധിമുട്ടൊന്നുല്ലല്ലോ……” ഞാൻ ഇല്ലാ എന്ന് തലയാട്ടി……എബി ഒരു നാൾ പോകും എന്ന് എനിക്കറിയാമായിരുന്നു…എന്നാൽ ഇത്ര പെട്ടന്നു…… ഞാൻ അവനെ തന്നെ നോക്കി….അവനും എന്നെ ഒന്ന് നോക്കി..പിന്നെ മുന്നോട്ടു നോക്കി പറഞ്ഞു… “എന്നാ പിന്നെ നീ വിട്ടോ…..ഞാൻ ഒരു യൂബർ വിളിച്ചിട്ടുണ്ട്…..ഇപ്പൊ ഇങ്ങോട്ടു വരും…..

ഞങ്ങൾ ഒന്ന് കറങ്ങിയേച്ചും വരാം….” ഞാൻ തിരിഞ്ഞു കാറിൽ കയറി…..ഈവ പുറകിൽ നിന്ന് എന്നെ കെട്ടിപിടിച്ചു……കവിളിൽ ഉമ്മ തന്നു…. “മമ്മാ ഞാൻ സ്കൂളിൽ പോവണ്ടാ ല്ലേ ?…….” “വേണ്ട…….മോള് അപ്പായിടെ കൂടെ കറങ്ങിയേച്ചും വാ……..” “ശെരിക്കും……..താക്സ് എ ലോഡ് …മമ്മാ” എന്നെ ഇറുകെ പുണർന്നു കവിളിൽ ഒരു കടി തന്നു……അത് അവൾക്കു സ്നേഹം കൂടുമ്പോൾ ഉള്ള പണി ആണ്…. ഈവയെയും എബിയെയും വിട്ടു ഞാൻ കാറ് മുന്നോട്ട് എടുത്തു…..എൻ്റെ കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു…… ഒരു ശൂന്യതായിരുന്നു ചുറ്റും……കാഴ്ചകൾ മങ്ങിയിട്ടു വീണ്ടും കണ്ണ് അടയ്ക്കും…..

എങ്ങെനയൊക്കെയോ ഞാൻ ആശുപത്രിയിൽ എത്തി….വണ്ടി പാർക്ക് ചെയ്യുമ്പോഴും എബിയുടെ വാക്കുകളായിരുന്നു…. അല്ലെങ്കിലും ഇപ്പോൾ രണ്ടു മൂന്നു ദിവസായി എബി എന്നിൽ നിന്നു അകന്നു നിൽക്കുന്ന പോലെ തോന്നുണ്ട്…സംസാരിക്കുന്നുണ്ടെങ്കിലും ഒരു അകൽച്ച പോലെ….സ്വയം എടുത്തു കഴിക്കും…പിന്നെ പകൽ ഞാൻ പുറത്തായിരിക്കും….വൈകിട്ട് വരുമ്പോ അവൻ മോളെയും കൊണ്ട് കറങ്ങാൻ പോകും…എനിക്ക് വൈകിട്ട് രോഗികൾ ഉണ്ടാവുമല്ലോ…. എനിക്ക് അവരോടൊപ്പം പോകാൻ എന്ത് ഇഷ്ടാണ്…എന്നെ വിളിക്കാറില്ല…..

ചിലപ്പോഴൊക്കെ കഴിച്ചിട്ടും വരും….. ഈവ്സ് വന്നിട്ട് വിശേഷം പറയും……അപ്പായി പാർക്കിൽ കൊണ്ട് പോയി…സിനിമ കാണിപ്പിച്ചു…..ജ്യൂസ് ഐസ് ക്രീം ചിക്കൻ ഒക്കെ വാങ്ങി തന്നു….രണ്ടെണ്ണം വയറു വീർപ്പിച്ചു വരും എനിക്ക് ഒന്നും വാങ്ങി തരില്ല….പാർസൽ വാങ്ങി വന്നു കൂടെ…ഞാൻ കഴിക്കില്ലേ…അതുമില്ല….അല്ലേലും എബി ഈവ്സിന് നിറച്ചും കളിപ്പാട്ടങ്ങളും ഡ്രെസ്സും ഒക്കെ ഈ ഒരാഴ്ച കൊണ്ട് വാങ്ങി നിറച്ചിട്ടുണ്ട്…എനിക്ക് ഒരു മൊട്ടു സൂചി പോലും വാങ്ങി തന്നിട്ടില്ല…. എന്തെങ്കിലും വാങ്ങി തരായിരുന്നില്ലേ ഒരു നാരങ്ങാമിട്ടായി എങ്കിലും…. …..

ഞാൻ ഈ സ്റ്റിയറിങ്ങിൽ തലചായ്ച്ചിരുന്നു ഈ കരയുന്നതു ഇതിനൊക്കെ വേണ്ടിയാണോ…..ഇതൊക്കെയാണോ എൻ്റെ വേദനകൾ….. എൻ്റെ പരാതികൾ…. എനിക്കറിയാന്മേല….എബി പോകുമോ…..പോവണ്ടാ എന്ന് എനിക്ക് എങ്ങനെ പറയാൻ കഴിയും…..മോളി ആന്റിയോട്‌ പറഞ്ഞാലോ…. വേണ്ടാ…… എന്ത് പറയാൻ……എബി ഇത്ര പെട്ടന്നു എന്തിനാ പോവുന്നെ….. ഞാൻ കണ്ണടച്ചിരുന്നു…… കണ്ണീർ ഒഴുകി കൊണ്ടിരുന്നു….. “മാഡം….മാഡം ….ഇറങ്ങുന്നില്ലേ…..” വാച്ച്മാൻ ആണ്……

ഞാൻ കാർ നിർത്തിയിട്ടും ഇറങ്ങാത്തതു കൊണ്ട് വിളിച്ചതാണ്…ഞാൻ പെട്ടന്ന് കണ്ണ് തുടച്ചു ..പുറത്തിറങ്ങി…വേഗം എൻ്റെ മുറിയിലേക്ക് ചെന്നു മുഖം കഴുകി…. എന്നെ അത്യാഹിത വിഭാഗത്തിലാണ് ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്…..നല്ല തിരക്കാണ്…..അതിൻ്റെ അകത്തോട്ടു സ്റ്റേതും എടുത്തു കയറിയാൽ മതി…..പിന്നെ ഒരു വേദനയും നമ്മൾ അറിയുകേലാ…..ദിവസവും പലതരം വേദനകളും അപകടങ്ങളുമായി അവിചാരിതമായി എത്തുന്ന ഒരു കൂട്ടം മനുഷ്യർ……അവരോടൊപ്പം എത്തുന്നവർ….. എല്ലാപേരുടെയും കണ്ണുകളിലും പ്രതീക്ഷകൾ ആണ്…നൂറു ചോദ്യങ്ങൾ……

പത്തു രോഗികൾ ആണെങ്കിൽ പത്തു പേർക്കും പത്തു പ്രശ്നങ്ങൾ….എല്ലാപേർക്കും കൃത്യമായ ചികിത്സാ ….ചെറിയ അനാസ്ഥ മതി നടന്നു വരുന്നവർ കിടന്നു പോകാൻ….അന്നും തിരക്കോടു തിരക്കായിരുന്നു…..മൊബൈൽ ഒന്ന് എടുക്കാൻ പോലും കഴിഞ്ഞില്ല…..എബിയും ഈവയും ഒക്കെ കുറച്ചു നേരം മനസ്സിൽ ഇല്ലായിരുന്നു…ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ പോലും സമയം ഉണ്ടായിരുന്നില്ല…. പുറത്തേക്കു ഇറങ്ങി…..ക്യാന്റീനിൽ പോയാലോ എന്ന് ആലോചിച്ചു….പിന്നെ ഓർത്തു വീട്ടിൽ പോകാം….എനിക്ക് ഒന്ന് കിടക്കണം…അപ്പായിയും മോളും എത്തിയിട്ടുണ്ടെങ്കിലോ..?

ഇന്നും കൂടെ അല്ലേ എബി ഉണ്ടാവുള്ളു…..നാളെ പോവില്ലേ…..ഇന്നെങ്കിലും ഉണ്ടല്ലോ….എന്തെങ്കിലും .ഉണ്ടാക്കാലോ….. നിസ്സംഗതയായിരുന്നു…..കാലുകൾക്കു ഒരു വേഗതയും ഇല്ലാതെ പോലെ…..എബി എന്തിനാ ഇത്ര പെട്ടന്നു പോവുന്നെ…. ഞാൻ പലതും ആലോചിച്ചു പതുക്കെ നിലത്തു നോക്കി നടന്നു… എൻ്റെ കാർ ഇട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ…. ബോണറ്റിൽ ഈവ്സ് ഇരിക്കുന്നു….എബി തൊട്ടരികിൽ മൊബൈലിൽ അവളുടെ ഫോട്ടോകൾ പകർത്തുന്നു….രണ്ടു പേരും വസ്ത്രം മാറിയിരിക്കുന്നു….

എൻ്റെ കാലിന്റെ വേഗത കൂടുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു…..ഞാൻ വേഗം അവരുടെ അടുത്ത് എത്തി…. “എന്താ…..ഇവിടെ……?.” ഞാൻ കിതച്ചു കൊണ്ട് ചോദിച്ചു….. “നീ എന്താ ഫോൺ എടുക്കാത്തെ…..?” എബിയാണ്….. “ഞങ്ങൾ ഒത്തിരി നേരായി മമ്മയെ വിളിക്കുന്നു…..” ഈവ്സ് ആണ്…. ഞാൻ ബാഗിലെ മൊബൈൽ എടുത്തു…. പത്തു മിസ്സഡ് കാൾ….. “ഞാൻ കണ്ടില്ല…തിരക്കായിരുന്നു…..എന്നതാ എബിച്ചാ…..?” അവൻ എന്നെ നോക്കി..കയ്യിലിരുന്ന ഒരു ജ്യൂസ് തന്നു.. “വണ്ടിയെടുക്ക്….”

ഞാൻ സംശയത്തോടും എന്നാൽ അതിയായ സന്തോഷത്തോടു കൂടി കാറിൽ കയറി..കളഞ്ഞ പോയ അംമൂല്യമായ എന്തോ ഒന്ന് കുറച്ചു നേരത്തേക്കാണെങ്കിലും തിരിച്ചു കിട്ടിയ സന്തോഷം…..ഈവ ഏതൊക്കെയോ പാട്ടോടു പാട്ടു ആയിരുന്നു…. “എങ്ങോട്ടാ……” ഞാൻ കാറിൽ കയറിയിട്ട് ചോദിച്ചു…. “നീയാദ്യം ജ്യൂസ് കുടിക്കു….. എന്നിട്ടു നമുക്കു ഒരു റസ്റ്റ്ടോറന്റ്റിൽ പോയി വയറു നിറച്ചു കഴിക്കാം……. …?” ഞാൻ ജ്യൂസ് ചുണ്ടോടു ചേർത്തു……ഭയങ്കര ആശ്വാസമായിരുന്നു…എനിക്ക് നന്നായി വിശക്കുന്നുണ്ടായിരുന്നു….

റെസ്റ്റോറന്റിൽ എത്തിയപ്പോൾ എബി മെനു എടുത്തു കയ്യിൽ തന്നു… “ഞങ്ങളെ കഴിച്ചതാ നേരത്തെ ….ഞങ്ങൾടെ മമ്മ ഒന്നും കഴിച്ചിട്ടില്ല എന്ന് നന്നായിട്ടു അറിയാം ട്ടോ….” എന്നെ നോക്കി കണ്ണിറുക്കി പറഞ്ഞു….. ഞാൻ വീണ്ടും തോൽക്കുകയായിരുന്നു…എനിക്ക് ഈ എബിച്ചനെ വിടാൻ പറ്റുന്നില്ലല്ലോ…..ഞാൻ ആ മെനു വാങ്ങി എനിക്കിഷ്ടമുള്ളതു ഓർഡർ ചെയ്തു…..അപ്പനുള്ളപ്പോൾ ഇത് പതിവായിരുന്നു….. ഞാൻ ഓർഡർ ചെയ്തു കഴിഞ്ഞപ്പോൾ പിന്നെ അപ്പായിയും മോളും കൂടി ലൈറ്റായിട്ടു അങ്ങ് ഓർഡർ ചെയ്തു….ഈശോയെ ഞാൻ ഞെട്ടി പോയി…..

“ദേ എബിച്ചാ ഈ ഈവ ഇത്രയും ഒന്നും കഴിക്കേല…..അവസാനം നീ തന്നെ കഴിക്കേണ്ടി വരും….” “ഇല്ല അപ്പായി…… ഞാൻ കഴിക്കും…” ഈവയാണ്…..എന്താ ആത്മവിശ്വാസം….. “ആന്നോ……എന്നാലേ നമുക്ക് രാത്രി തിരിച്ചു വീട്ടിൽ പോവുമ്പോ അതൊക്കെ വാങ്ങാട്ടോ…”എന്നൊക്കെ പറഞ്ഞു എബി ഈവയെ സമാധാനിപ്പിച്ചു….. എന്റെ മനസ്സിന്റെ സന്തോഷമാണോ……അതോ …..ഇനി ചിലപ്പോ എനിക്ക് കിട്ടാൻ സാധ്യതയില്ലാത്ത ഒരു സായാഹ്നമായിരിക്കുമോ എന്ന ഭയം ഉണ്ടായത് കൊണ്ടോ എൻ്റെ കണ്ണുകൾ നിറഞ്ഞു കൊണ്ടിരുന്നു……

അവിടന്ന് മോളെയും കൊണ്ട് പാർക്കിൽ പോയി….ഈവ സ്വയം മറന്നു കളിക്കുന്നുണ്ടായിരുന്നു….എബിയ്ക്ക് അവളോടൊപ്പം ഒരുപാട് കളിക്കാൻ കഴിയില്ല…കാലുകൾക്കു വേഗത കുറവുണ്ട്…ഒരുപാട് നേരം നിന്നാലും മറ്റും വേദന ഒക്കെ ഉണ്ടാവും…. ഞാനും ഒപ്പം കൂടി….എബി പോയി ഒരു ബെഞ്ചിലിരുന്നു…..മുഖത്ത് ക്ഷീണം ഉണ്ട്….കുറച്ചു നേരം കഴിഞ്ഞപ്പോൾ ഈവയ്ക്കു ഒരു കൂട്ടൊക്കെ കിട്ടി….കളിക്കാൻ തുടങ്ങി…..ഞാനും എബിയ്ക്കൊപ്പം ഇരുന്നു…. “ആരാ അത്….” ആ കുട്ടിയെ നോക്കി ചോദിച്ചു…

“അത് അവളുടെ സ്കൂളിൽ ഉള്ള കുട്ടിയാ…….” “ക്ഷീണം തോന്നുന്നുണ്ടോ……” ഞാൻ അവനെ നോക്കി… “കുറച്ചു…… എല്ലാം പഴയതു പോലായി എന്ന് വിചാരിക്കും…മ്മ് ..പക്ഷേ ചിലതൊന്നും പഴയ പോലാവില്ല…സാരമില്ല…..” അവൻ ഈവയെ നോക്കി പറഞ്ഞു…..കായൽ കാറ്റിൽ വീശുന്ന അവൻ്റെ മുടി എനിക്ക് ഒരുപാടിഷ്ടാണ്…. “ഒന്ന് മാത്രം പഴയതു പോലെ തന്നെ……” ഞാനാണ് “എന്ത്…..?” അവൻ എന്നെ നോക്കി…. ഞാൻ അവന്റെ മുടി ഒതുക്കി വെച്ചു… “ദാ ഈ മുടിയും ഈ ചിരിയും ഈ കുസൃതി കണ്ണുകളും…എല്ലാം…..” അവൻ ഒരു കൈ എടുത്തു ബെഞ്ചിൽ വിരിച്ചു വെച്ച് പിന്നോട്ടാഞ്ഞിരുന്നു….. “സാൻഡി ആ പഴയ ഒരു പ്ലസ് ടു കാരി ആവുന്നുണ്ടല്ലോ….”

ചെറുചിരിയോടെ എന്റെ മുഖത്തേക്ക് നോക്കി….. “ഹഹ…വല്ലപ്പോഴും ഒക്കെ ഒന്ന് പ്ലസ് ടു കാരി ഒക്കെ ആവാലോ…..” ഞാനും ചിരിച്ചു…. “ഇപ്പൊ നീ യാണ് ഗ്ലാമർ എന്നാ എനിക്ക് തോന്നുന്നേ…..” എബിയാണ്…..ഞാൻ ഞെട്ടി….. “അതെന്നാ…..? ” “അല്ല ഞാൻ എവിടെ പോയാലും പുരുഷന്മാർ നിന്നെ നോക്കുന്നത് ആണെല്ലോ കാണുന്നത്….” ഒരു കുസൃതി ചിരിയോടെ എന്നെ നോക്കുന്നു… “ആന്നോ….അതെ നിന്റെ കണ്ണിൻ്റെ കുഴപ്പമാ……..” “അതൊന്നുമല്ല…..ഇപ്പോഴും ഈ സാരി ഒക്കെ ഉടുത്തു മുടി ഒക്കെ അഴിച്ചിട്ടു ആരെങ്കിലും ഒരുങ്ങുവോ…?” “ആര് പറഞ്ഞു ഞാൻ എപ്പോഴും അങ്ങനാണ് എന്ന്…..ഇപ്പൊ ജീൻസും ടോപ്പും അല്ലെ ഇട്ടിരിക്കുന്നേ….” ഞാൻ തർക്കിച്ചു

വെറുതെ ….. എനിക്ക് എബിയോട് സംസാരിച്ചു കൊതി തീർന്നിട്ടില്ലായിരുന്നു….. “ഹോസ്പിറ്റലിൽ മാത്രമേ ഇങ്ങനെയുള്ളൂ….അല്ലാതെ എവിടെ പോയാലും സാരിയാ….” വീണ്ടും കുസൃതി ഉണ്ട് ആ മുഖത്ത്…. “എനിക്ക് സാരിയാ ഇഷ്ടം…….. ” ഞാനും പറഞ്ഞു…. “എനിക്കിഷ്ടല്ല…….” “നീ നോക്കണ്ട……” കുറച്ചു നേരം ഞാൻ ഒന്നും മിണ്ടിയില്ല…..പിന്നെ അവൻ തന്നെ തുടർന്നു … “ഞാൻ നാളെ പോകും ………” “നാളെയോ……. അതെന്നാത്തിനാ…..?” ഞാൻ ഞെട്ടലോടെ ചോദിച്ചു…. ഞാൻ ഞെട്ടലോടെ ചോദിച്ചു……എന്നോ അവൻ പോകും എന്ന് പറഞ്ഞത് പോലും എനിക്കുൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല……അപ്പോഴാ……

“നാളെ കുരിശിങ്കലിൽ പോകും…രണ്ടു ദിവസം…..അവിടെ …പിന്നെ ടിക്കറ്റ് ബ്ലോക്ക് ചെയ്‌തിട്ടുണ്ട്…ഡൽഹിക്കു……അവിടത്തെ പരുപാടി ഒക്കെ കഴിഞ്ഞു….ഒന്ന് കറങ്ങി…പതുക്കെ വരും……” ഈവയെ നോക്കി സംസാരിക്കുന്ന എബിയെ ഞാൻ നിസ്സഹായതയോടും വേദനയോടെ നോക്കി…. “ഈവ അന്വേഷിക്കില്ലേ…..” എനിക്ക് ശബ്ദം കിട്ടുന്നുണ്ടായിരുന്നില്ല….. “മ്മ്…..അവളോട് പറഞ്ഞാൽ മതി….അല്ലേൽ ഞാൻ എന്നും ഫോൺ ചെയ്യുമെല്ലോ…ഞാൻ പറഞ്ഞോളാം…” അവൻ്റെ മറുപടി ഒന്നും എനിക്ക് തൃപ്‌തി തന്നില്ല…..ഞാൻ വീണ്ടും ഒറ്റപെടുകയാണോ…. “എന്തിനാ…..ഇപ്പൊ പോകുന്നേ …….”

ഞാൻ വിദൂരതയിലേക്ക് നോക്കി…എന്റെ കണ്ണുകൾ നിറയുന്നത് അവൻ കാണാക്കാതിരിക്കാൻ…… “നീയല്ലേ പറഞ്ഞെ പോകാൻ….അല്ലേൽ നിനക്ക് വേദന തോന്നും എന്ന്…..എന്നോട് അടുക്കരുത് എന്ന്……എനിക്കാലോചിച്ചപ്പോൾ അതാണ് ശെരി എന്ന് തോന്നി…… ഞാൻ കാരണം സാൻഡി വേദനിക്കുന്നത് എനിക്കിഷ്ടല്ല……” നീയെനിക്കു എന്നും വേദനയാണ് എബിച്ചാ…എന്നെ വല്ലാതെ മോഹിപ്പിക്കുകയും അതുപോലെ വേദനിപ്പിക്കുകയും ചെയ്യുന്ന പ്രണയം…..ഞാൻ ഒന്നും മിണ്ടിയില്ല…… “ശ്വേതയുടെ അടുത്ത് പോകുമോ……?.”

ഞാനാണ്……വിക്കി വിക്കി എങ്ങെനെയൊക്കെയോ ഞാൻ ചോദിച്ചു…… എബി എന്നെ തന്നെ നോക്കി…… “ഞാനും ശ്വേതയും ഒരിക്കലും ഈവയെ ചോദിച്ചു വരില്ല സാൻഡി..നീ പേടിക്കണ്ടാ…” ആ വാക്കുകൾ പോലും എനിക്ക് ആശ്വാസം ഏകിയില്ല…….ആ ഭയമാണോ….അല്ല….. എനിയ്ക്കു നിന്നെ പിരിയാൻ കഴിയുന്നില്ലല്ലോ എബിച്ചാ… അവിടന്ന് ഞങ്ങൾ ഫ്ലവർ ഷോ കാണാൻ പോയി…. ആൾക്കൂട്ടത്തിനിടയിലും റോഡ് മുറിച്ചു കടക്കുമ്പോഴും ഒരു കരുതലോടെ എന്നെ ചേർത്ത് പിടിക്കുന്ന എബിച്ചനെ നഷ്ടപ്പെടുത്താൻ എനിക്ക് കഴിയുമോ…….

(കാത്തിരിക്കണംട്ടോ) കാത്തിരുന്നവരോട് ഒരുപാട് സ്നേഹം ട്ടോ …..കമ്മന്റ്സ് ഇടുന്ന ചങ്കുകളെ നിങ്ങളാണ് എൻ്റെ ആത്മവിശ്വാസം മെസ്സേജ് അയച്ചവരോടും നന്ദി…..

തൈരും ബീഫും: ഭാഗം 37