Saturday, January 18, 2025
Novel

തൈരും ബീഫും: ഭാഗം 2

നോവൽ: ഇസ സാം


സാൻട്ര
22 ഫിമെയിൽ കോട്ടയം……..

എനിക്കൊട്ടും പ്രിയമില്ലാത്ത…എനിക്കല്പം പേടിയുള്ള(ഈ കാര്യം വേറെയാർക്കും അറിയില്ല….) എന്റെ കൂട്ടുകാരി…….പേടിക്കണ്ടാ…..അവൾക്കും എന്നോട് അങ്ങനെത്തന്നെയാ…. ഒട്ടും പ്രിയമല്ല…..പോരാത്തതിന് പുച്ഛവും.

ഈശോയേ എന്നാലും എന്നോടിത് വേണ്ടായിരുന്നു…….അവൾ എന്നെ തന്നെ നോക്കുന്നു…പാക്ഷേ സാൻട്രയുടെ ഈ മുഖം എനിക്ക് പരിചയമുണ്ടായിരുന്നില്ലാ……അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു…എന്നെ അത്ഭുതത്തോടെ നോക്കുന്നു…… ആ കണ്ണുകളിൽ വിരിഞ്ഞ ഭാവം……അത് ഞാൻ മുൻപും അവളിൽ കണ്ടിട്ടുണ്ട് ഒരിക്കൽ മാത്രം………………അവൾ ഇരു കൈകൽ കൊണ്ടു എന്റെ കവിളിൽ തഴുകി…….

“എബി………എബിക്ക് എന്നെ മനസ്സിലായോ…….?” ആ ശബ്ദം ഒരുപാട് നേർത്തിരുന്നു. ആശ്ചര്യവും സന്തോഷവും സ്നേഹവും അവളുടെ മുഖത്തുണ്ടായിരുന്നു……എനിക്ക് ഒട്ടും പരിചയമില്ലാത്ത സാൻട്ര…….ഞാനും അവളെ തന്നെ നോക്കി…….ആരെയും കൂസാത്ത തന്റേടിയായ ഇരുനിറക്കാരിയിൽ നിന്ന് അവൾ ഒരുപാട് മാറിയിരിക്കുന്നു…..

“പറയു എബി……..യൂ ക്യാൻ ടോക്ക്……. ട്രൈ…….എന്നെ മനസ്സിലായോ….?” അവൾ വീണ്ടും ആശ്ചര്യത്തോടെ ചോദിച്ചു കൊണ്ടിരുന്നു…….

ഞാൻ അതേ എന്ന് തലയാട്ടി……സംസാരിക്കാനായി ശബ്ദം പുറപ്പെടുവിച്ചു…..വരുന്നുണ്ട്….ശബ്ദം വരുന്നുണ്ട്…….
“പറയു…അപ്പായീ……ഈവയ്ക്കു അപ്പായിയുടെ ശബ്ദം കേൾക്കണം…..പ്ളീസ്…….” ആ കുറുമ്പിയും എന്നെ പ്രതീക്ഷയോടെ നോക്കി……ആ കണ്ണുകൾ എനിക്കൊരുപാട് ആത്മവിശ്വാസം പകർന്നു……..ഞാൻ വീണ്ടും മുരടനക്കി…….ഒടുവിൽ ……

“ശ്………………ശ്വേ …..ശ്വേത ….. അവൾ എവി…ടെ…..?” ഞാൻ സാൻട്രയെ നോക്കി ചോദിച്ചു…….
“എന്റെ….കുഞ്ഞു…………മമ്മ……..?”

സാൻട്ര കുറച്ചു നേരം എന്നെ നോക്കി നിന്നു……പിന്നീടവൾ മോളെ കട്ടിലിൽ നിന്നിറക്കി…….എന്റെ ബിപി ചെക്ക് ചെയ്തു……അപ്പോഴും അവൾ എന്റെ മുഖത്തു നോക്കിയില്ല…….അവൾ എന്നെ ബ്രഷ് ചെയ്യ്പിച്ചു….മുഖം തുടച്ചു…ആ കുറുമ്പി എപ്പോഴും അവളോടൊപ്പം തന്നെ ഉണ്ടായിരുന്നു…. ഒരു കുഞ്ഞു ടവൽ വെച്ച് അവളും എനിക്ക് മുഖം തുടച്ചു തന്നു…..

അവരുടെ പ്രവർത്തികളിൽ നിന്ന് ഇത് അവരുടെ സ്ഥിരം പരുപാടി ആണ് എന്ന് മനസ്സിലായി…..എനിക്കിതൊക്കെ അസഹ്യമായി തോന്നി….എന്തിനു ഇവൾ ഇതൊക്കെ ചെയ്യണം…..എന്റെ ശ്വേതാ എവിടെ പോയി….. …..ഇതിവളുടെ വീടാണ് എന്ന് തോന്നുന്നു………ഞാൻ എന്തിനു ഇവിടെ നിൽക്കണം……

“സ്………സാൻട്ര………” ഞാൻ അവളെ വിളിച്ചു…അവൾ തിരിഞ്ഞു പോകാൻ തുടങ്ങുകയായിരുന്നു…..അവൾ നിന്നു…..

“വൈ……. ഐ……. ആം…… ഹിയർ ?”

അവൾ തിരിച്ചു വന്നു …..ആ മുറിയിലെ ഷെൽഫ് തുറന്നു….അതിൽ നിന്നും ഒരു ഫയൽ എടുത്തു എന്റെ അടുത്ത് കൊണ്ട് വെചു……അവൾ എന്റെ കൈ എടുത്തു അവളുടെ ചുമലിൽ വെപ്പിച്ചു …ഈവ ഒരു തലയണ എടുത്തു പുറകിൽ വെചു.സാൻട്ര എന്നെ ചാരിയിരുത്തി……

ഞാൻ നേരത്തെ കുറ്റി എടുത്തു വെച്ചിരുന്ന ജന്നൽ സാൻട്ര തന്നെ തള്ളി തുറന്നു……എനിക്ക് കുറുകെ ഒരു ഫോൾഡിങ് ടേബിൾ തുറന്നു വെച്ചു. ആ ഫയൽ തുറന്നു തന്നു……

“ഇത് നിന്റെ ഡിസ്ചാര്ജ് സമ്മറി ആണ്….ഇതുവരേയുള്ള ട്രീടുമന്റ്റ് ഡീറ്റൈൽസും മെഡിക്കേഷൻസും എല്ലാം ഉണ്ട്……ഡോ . എബി ചാക്കോ കുരിശിങ്കൽ നു ഇത് വായിച്ചെടുക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല……”

അതും പറഞ്ഞു അവൾ ആ മുറി വിട്ടു പുറത്തിറങ്ങി……ഈവ മോളും എന്നെ ഒന്ന് നിരാശയോടെ നോക്കി അവളോടൊപ്പം പോയി….ഞാൻ ആ ഫൈലില്ലേക്ക് വെറുതെ നോക്കി…കാരണം എന്റെ അവസ്ഥ എനിക്ക് ഏറെ കുറെ വ്യെക്തമായിരുന്നു……

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

സാൻട്ര നേരെ മാതാവിന്റെ മുന്നിൽ കണ്ണടച്ചു പ്രാർത്ഥിച്ചു….

“മാതാവേ……ഒരുപാട് നന്ദി…എന്റെ എബിക്കു ഓർമ്മ തിരിച്ചു വന്നതിൽ…സംസാരിച്ചതിന് എലാം….വർഷങ്ങളായുള്ള അവന്റെ കിടപ്പിന് ഇന്ന് ഒരു മാറ്റം വന്നിരിക്കുന്നു…..അവന്റെ നിശ്ചലമായ അധരങ്ങൾ ഇന്ന് സംസാരിച്ചിരിക്കുന്നു….അവന്റെ കണ്ണുകൾക്ക് തിളക്കം വന്നിരിക്കുന്നു……എല്ലാത്തിനും നന്ദി…….. പക്ഷേ അവന്റെ ചോദ്യങ്ങൾക്കു ഞാൻ എന്ത് മറുപടി നൽകും…….എന്നെ കൈവിടല്ലേ……നിന്നിലാണഭയം…എന്നും നിന്നിലാണു…..”

കുരിശു വരച്ചു തിരിഞ്ഞതും ഈവമോള് ചുണ്ടും കൂർപ്പിച്ചു നിൽക്കുന്നു.

“മമ്മ….അപ്പായ്ക്ക് നമ്മളെ ഇഷ്ടായില്ലേ…….” കുഞ്ഞു ഈവയുടെ ചോദ്യം.
“അയ്യോടാ….ആരാ എന്റെ മോളോട് അങ്ങനെ പറഞ്ഞെ…….”

“.എന്നിട്ടു ഒന്നും മിണ്ടിയില്ലാലോ….?”

“അതോ….അപ്പയ്ക്ക് നമ്മളെ പോലെ ഓടാനും ചാടാനും ഒന്ന് പറ്റില്ലാലോ……അതുകൊണ്ടാ ……സാരമില്ല…….” ഞാൻ അവളോടൊപ്പം മുട്ടുകുത്തി നിന്ന് പറഞ്ഞു.
“ആണോ…….അപ്പായിക്ക് നമ്മളോടു അസൂയ ആണോ……” അവൾ വാപൊത്തി ചിരിച്ചു കൊണ്ട് ചോദിച്ചു……
“അതേടീ….കുറുമ്പി……”….

പിന്നൊരോട്ടമായിരുന്നു…..ഞാൻ താമസിച്ചേ…എന്നെ നിങ്ങള്ക്ക് പരിചയപ്പെടുത്താൻ പറ്റീല്ലലോ…..ഞാനാണ് സാൻട്രാ…….ഇത് എന്റെ മോൾ ഇവാ…..യു.കെ .ജി കാരിയാണ്‌ട്ടോ…. ഞാൻ ഒരു ഡോക്ടർ ആണ്. എം.ബി.ബി .എസ് മാത്രമേയുള്ളു കേട്ടോ….

എന്നാലും ഞാൻ എന്റെ വീടിന്റെ ഔട്ടു ഹൗസിൽ ഒരു കുഞ്ഞു ക്ലിനിക് ഇട്ടിട്ടുണ്ട്….കാര്യമില്ല…എല്ലാപ്പേരും പറ്റുകാരും സാധുക്കളുമാണ്……എനിക്ക് എടുത്താൽ പൊങ്ങാത്ത കൈപ്പുണ്യം ആണ് എന്നാ അവരൊക്കെ പറയുന്നേ…….കാശ് തരാതിരിക്കാനുള്ള നമ്പരാ കേട്ടോ…..

എം.ഡി എടുക്കണം എന്നൊക്കെ ഉണ്ടായിരുന്നു….എൻട്രൻസും എഴുതിയതാ…..പക്ഷേ അപ്പോഴാ അപ്പന് വയ്യാതായതു…..എം.ഡി ക്കു എങ്ങാനും കിട്ടിയാൽ വയ്യാത്ത അപ്പനെ ഇട്ടിട്ടു ഞാൻ പോയാലോ എന്ന് പേടിച്ചു മാതാവ് തന്നെ മുൻകൈ എടുത്തു ഞാൻ എൻട്രൻസിന് എട്ടു നിലയിൽ പൊട്ടി…….

പിന്നെ അപ്പന്റെ ചികിത്സയും മറ്റുമായി ഓട്ടമായിരുന്നു ഒരുപാടൊന്നും എന്നെ കഷ്ടപെടുത്തീല……ഒരു എട്ടു മാസം ….കണ്ടു പിടിക്കലായി ബയോപ്സിയായി…..ഒടുവിൽ അങ്ങ് പോവുകയും ചെയ്തു….പിന്നെ എന്റെ ചുണക്കുട്ടീ സാൻട്ര ഒരിക്കലും അനാഥയാവരുത് എന്നും പറഞ്ഞു… ഇടവകയിലെ പാവപ്പെട്ട സ്ത്രീകൾക്കായി തയ്യൽ യൂണിറ്റ്….

പാവങ്ങൾക്കായി ഒരു കൊച്ചു ക്ലിനിക് ഔട്ട് ഹൗസിൽ …പിന്നെ കുറേ റബ്ബറും കുറെ ടാപ്പിംഗ് തൊഴിലാളികളും….പിന്നെ അപ്പന് വേറെ കുറച്ചു ബിസിനസ്സ് ഉണ്ടായിരുന്നത് നേരത്തെ തന്നെ പൊളിഞ്ഞതു കൊണ്ട് അങ്ങനൊരു സമാധാനമുണ്ട്….പിന്നെ തീർന്നിട്ടില്ലാട്ടോ…. പുള്ളിക്കാരന്റെ അമ്മച്ചിയുടെ പേരിൽ ഒരു ഓൾഡ് ഏജ് ഹോം ഉം ഉണ്ട്….

അവിടെ പത്തു മുപ്പതോളം അന്തേവാസികളും ജോലിക്കാരും ഉണ്ട്…ഓരോ മാസവും ഈ സേവനങ്ങളെല്ലാം നടത്തി കൊണ്ട് പോവാൻ ഞാൻ പെടുന്ന പെട പാടിന്റെ ഇടയിൽ എനിക്ക് എം.ഡി ക്കു ഒന്നും പഠിക്കാൻ പറ്റിയില്ല…..പിന്നെ കുറച്ചായപ്പോ…. ഈവ മോളും എന്റൊപ്പം കൂടി……. എബിയും……..പിന്നെനിക്കു ഒന്നിനും സമയം ഉണ്ടായിട്ടില്ല…..ഇപ്പോഴും അതേ……

“ഈവാ വേഗം കഴിച്ചേ….. ബസ് ഇപ്പൊ എത്തും…..”

“മമ്മ എന്നെ ഇന്ന് നേരത്തെ വിളിക്കാൻ പറയോ ജോസഫ് അങ്കിളിനോട്….”

കൊഞ്ചി കൊഞ്ചി ചോദിക്കുന്നു……. ജോസഫ് അങ്കിൾ അപ്പന്റെ സഹായി ആണ്…ഇപ്പൊ എന്റെയും…..
“എന്നാത്തിനാ…..”

“അതോ……അപ്പായി ……ശബ്ദം കേൾക്കാൻ…..”……എനിക്ക് വേദന തോന്നി…..വര്ഷങ്ങളായി അവളും കാത്തിരിക്കുവാണ്…എന്നും അവൾ അവനോടു പോയി സംസാരിക്കാറുണ്ടായിരുന്നു….ഞാനും……അവൻ ഒന്നും കേട്ടില്ല…അറിഞ്ഞിട്ടില്ല….ഇന്നും അവൻ ആദ്യം ചോദിച്ചതും ശ്വേതയെ യാണ്…. അല്ല അത് പിന്നെ അങ്ങനെയല്ലേ വേണ്ടത്… ….ഞാനാരാ……

“സാൻട്ര കുഞ്ഞേ വണ്ടി വന്നു………ഈവമോളെ വേഗം വായോ……” ജോസഫ് അങ്കിൾ വിളിച്ചു പറഞ്ഞു.
ഈവ വേഗം അകത്തേക്കോടി…….

ഞാൻ ബാഗുമെടുത്തു ജോസഫ് അങ്കിളിന്റെ അടുത്തെത്തി……”ഇന്ന് ലേറ്റ് ആയോ അങ്കിളേ……..”
“രാവിലെ എന്നാ തണുപ്പാ….. ഒന്ന് പള്ളിയേലും കേറണമായിരുന്നു….” അങ്കിൾ പറഞ്ഞു കൊണ്ട് അടുത്തേക്ക് വന്നു…..ബസ് ഗേറ്റിനു പുറത്തു നിൽക്കുന്നു….

ഒരു വലിയ കോമ്പൗഉണ്ടിൽ ഒത്ത നടുക്കാണ് വീട്…അവിടെ നിന്ന് ഗേറ്റ് വരെ ഒരുപാട് ദൂരമുണ്ട്…ഇരുവശങ്ങളിലും പൂക്കൾ ഉള്ള ചെടികൾ നട്ടു പിടിപ്പിച്ചിട്ടുണ്ട്.
“മമ്മ….പപ്പാ എന്നെ നോക്കി ചിരിച്ചു……..”

ജോസഫ് അങ്കിൾ സംശയഭാവത്തോടെ എന്നെ നോക്കി……
“എബി സംസാരിച്ചു അങ്കിളേ…….” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു…..അങ്കിളിന്റെ മുഖത്തെ ചിരി മാഞ്ഞു…..
“ഓർമ്മ……വന്നോ ….” ഗൗരവത്തിൽ ചോദിച്ചു….
“മ്മ്……”
ബസ് വീണ്ടും ഹോണടിച്ചു……”കുഞ്ഞു നിക്ക് ഞാൻ മോളെ കൊണ്ടാക്കിയിട്ടു വരാം…….” അതും പറഞ്ഞു ജോസെഫ് അങ്കിൾ പോയി.

ഞാനവിടെ തന്നെ നിന്ന്….ഇപ്പൊ എബി ആ ഫയൽ ഒക്കെ നോക്കി കഴിഞ്ഞിട്ടുണ്ടാകും ……പെട്ടന്ന് എന്തോ വന്നു താഴേ വീഴുന്ന ശബ്ദം എബിയുടെ മുറിയിൽ നിന്ന്…..ഞാൻ വേഗം അങ്ങൂട്ടോടി…എബി എങ്ങാനും എണീക്കാൻ ശ്രമിച്ചു വീണതാവുമോ…….

ഞാൻ മുറിയിൽ എത്തിയപ്പോൾ കണ്ടത് മരുന്ന് പെട്ടിയും ആ മേശയും എല്ലാം എബി തള്ളി താഴെ ഇട്ടിരിക്കുന്നു….ദേഷ്യത്തിൽ എന്നെ നോക്കി കൊണ്ടിരിക്കുന്നു…..ഫൈലും വലിച്ചെറിഞ്ഞിരിക്കുന്നു……അവന്റെ കണ്ണിൽ നിന്ന് വരുന്നതു തീയാണ് എന്നെനിക്കു തോന്നി…..അവന്റെ കയ്യിൽ ഒരു പേപ്പർ ഇരിപ്പുണ്ട്…അത് എനിക്ക് നേരെ നീട്ടി…….ഞാനതിൽ നോക്കി …അത് അവന്റെ ഏറ്റവും പുതിയ മെഡിക്കൽ റിപ്പോർട്ട് ആണ്……

“അഞ്ചു വര്ഷം……ഞാൻ ഇങ്ങനെ…..ഇവിടെ……പാരലൈസ്ഡ്……” ഞാനവനെ വേദനയോടെ നോക്കി…കാരണം ഫോട്ടോഗ്രാഫിയും റൈഡിങ്ങും പാഷൻ ആയി ആവേശമായി കൊണ്ട് നടന്ന എബിയെ പോലൊരാൾക്കു ഇത് താങ്ങാവുന്നതിലും അപ്പുറമാണ്…….അവന്റെ മുടിയെ അവൻ അവന്റെ കൈവെച്ചു പിടിച്ചു മുറുക്കുന്നുണ്ടായിരുന്നു……

ഞാനൊന്നും മിണ്ടാതെ മരുന്നുകൾ ഒക്കെ എടുത്തു തിരിച്ചു വെക്കുകയായിരുന്നു…മേശയും നേരെ വെചു…..ഫയല്കൾ അടുക്കി പറക്കി വെച്ചുകൊണ്ടിരിക്കുമ്പോൾ……

“സാൻട്ര…..യു ആർ സെൽഫിഷ്…… ഞാൻ ഇവിടെ തകർന്നു ഇരിക്കുമ്പോക്കോ….നീ ഇതൊക്കെ അടുക്കി തിരിച്ചു വെക്കുന്നോ……..?” ഞാൻ അവനെ നോക്കി……എണീറ്റ് അവന്റടുത്തേക്കു ചെന്നു……

“ഇതിലും തകർന്നാണ് കഴിഞ്ഞ അഞ്ചു വര്ഷങ്ങളായി നീ ഇവിടെ കിടന്നിരുന്നത്…..ഈ കൃഷ്ണമണി പോലും ചലിച്ചാലായി………പക്ഷേ എനിക്കും എന്റെ ഇവാ മോൾക്കും ഈ നിശ്വാസം പോലും ഒരു … കൂട്ടായിരുന്നു……ഒരു പോസിറ്റീവ് എനർജി……….

ഈ വലിയ വീട്ടിൽ നമ്മൾ മൂന്നു പേരും മാത്രമേ ഉണ്ടായിരുന്നുള്ളു……ലുക്ക് പോസിറ്റീവ്സ് ..ദെൻ ഒൺലി ഇറ്റ് കംസ് ട്ടു യുവർ ലൈഫ്……

ഇനിയും ഒരുപാട് വർഷങ്ങൾ നിന്നെ കാത്തിരിക്കുന്നു എബി…….ഒരുപാട് ദൃശ്യങ്ങൾ നിന്റെ കാമറ കണ്ണുകൾക്കായി കാത്തിരിക്കുന്നു…..ഒരുപാട് പർവത നിരകളും താഴ്വാരകളും നിന്റെ ബൈക്കിന്റെ ഇരുമ്പലുകക്കായി കാതോർക്കുന്നു……..”

അവൻ എന്നെ തന്നെ നോക്കിയിരുന്നു….ഈ ഒരു നോട്ടത്തിനായി….ഞാൻ ഒരുപാട് കൊതിച്ചിരുന്നു…ഒരിക്കൽ……ഇപ്പോഴും ഉണ്ട് ആ കൊതി…..പക്ഷേ…..അത് ഞാനങ്ങു ഒരു കുഞ്ഞു ചെപ്പിലിട്ടു ഒളിപ്പിച്ചു…..

“സാൻട്ര കുഞ്ഞെ……..” ജോസഫ് അങ്കിൾ വിളിച്ചു…ഞാൻ എബിയെ ഒന്ന് നോക്കി പുറത്തേക്കു നടന്നു….
അങ്കിൾ പുറത്തു കസേരയിൽ ഇരിപ്പുണ്ടായിരുന്നു……..”ഓരോന്നായി തെളിയുന്നു….അല്ലേ കുഞ്ഞെ….”
“തെളിയട്ടെ…..നല്ലതല്ലേ…….” ചിരിച്ചുകൊണ്ടു ഞാൻ പറഞ്ഞു…..

“മാത്യുച്ചായൻ എപ്പോഴും പറയും സാൻട്ര ചുണകുട്ടിയാണ് എന്ന്…….ഒന്നിലും കുലുങ്ങില്ല എന്ന്……”
മാത്യുച്ചായൻ എന്ന് പറഞ്ഞത് എന്റെ അപ്പനാട്ടോ….. മാത്യൂസ് തരകൻ…..’അമ്മ ആനി തരകൻ…
“അപ്പനോളം ഇല്ലാട്ടോ……ഈ വരുമാനവും വെച്ച് അപ്പനെങ്ങനാണോ ഇത്രയും വലിയ ആതുര സേവനങ്ങളൊക്കെ നടത്തിയത്….അപ്പനാണ് ചുണകുട്ടൻ….”

അങ്കിൾ ചിരിച്ചു…..”കുഞ്ഞെ ഞാൻ ഇറങ്ങുവാ……ആ റബ്ബർ ഉണക്കാനിടട്ടെ……വേറെയും പണിയുണ്ട്…..പിന്നെ ……”
ഒന്ന് നിർത്തി എന്നെ നോക്കി……”നമ്മുടെ അല്ലാത്തതു ഒന്നും നമുക്ക് വാഴില്ല….എത്ര സ്വന്തം പോലെ സ്നേഹിച്ചാലും……” അതും പറഞ്ഞു ജോസഫേട്ടൻ എന്നെ നോക്കാതെ പോയി……..ആ വാക്കുകൾ എന്നെ വല്ലാതെ കൊത്തി വലിച്ചു….

ഞാൻ അടുക്കളയിൽ ചെന്ന് എബിക്കുള്ള ഫുഡ് എടുത്തു…. അവന്റെ മുറിയിലേക്ക് ചെന്നു…..ഞാൻ വാരി കൊടുക്കാം എന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല……തന്നെ കഷ്ടപ്പെട്ട് കഴിച്ചു….ഞാൻ വാ കഴുകിച്ചു……മുഖം തുടപ്പിച്ചു……ഡ്രസ്സ് അഴിക്കാൻ തുടങ്ങിയതും…….എന്റെ കൈ തട്ടി മാറ്റി……

“നീ എന്താ ചെയ്യാൻ പോവുന്നെ……?” അവൻ ഞെട്ടലോടെ ചോദിച്ചു.
“എബിക്ക്…..ഈ പാമ്പേഴ്സ് ഒക്കെ മാറ്റണ്ടേ….കുളിക്കണ്ടേ…?” ഞാൻ ചോദിച്ചു.

“അതിനു…നീയോ …….നേഴ്സ് ഒന്നുമില്ലേ……” വീണ്ടും ഞെട്ടൽ തന്നെ…..

“അതെന്തിനാ…..ഒരു ഡോക്ടർ നിൽക്കുവല്ലേ…..പിന്നെന്തിനാ നേഴ്സ്…..” ഞാൻ എന്നെ കാണിച്ചു പറഞ്ഞു….പുള്ളിക്ക് ഓർമ്മ വന്നപ്പോ കൂടെ മറ്റൊരാളും വന്നു നാണം…..ഇത്രയും നാൾ അതില്ലായിരുന്നെ……
“സാൻട്രാ…….നീ ……ഒന്ന് എന്റെ ശ്വേതയെ വിളിക്കു …..അല്ലെങ്കിൽ മമ്മയെ…. വീണ്ടും ഞാൻ ചോദിക്കുന്നു വയ് ഐ ആം ഹിയർ…….?”

ശെരിയാണ് അവരൊക്കെയാണല്ലോ നിന്റെ അവകാശികൾ എബി…..

“ഇത്രയ്ക്കു നാണിക്കൻ മാത്രം ഈ അഞ്ചു വര്ഷം ഞാൻ കാണാത്ത എന്താണ് ഇന്ന് നിനക്കുള്ളത്…….?”
ഞാൻ ഇടുപ്പിൽ കൈകുത്തി അവനോടു ചോദിച്ചു……

“ആര് നാണിച്ചു……കോപ്പു……എന്ത് പണ്ടാരമെങ്കിലും ചെയ്യൂ…..” ദേഷ്യം വന്നു അവൻ പുറത്തേക്കു നോക്കി കിടന്നു….പിന്നെ ഞാൻ അവന്റെ ഉടുപ്പ് മാറ്റി കാലൊക്കെ മസാജ് ചെയ്തു….ഫിസിയോതെറാപ്പി എക്സർസൈസ് ഒക്കെ ചെയ്ച്പ്പിച്ചു. എണ്ണയിട്ടു……

കുളിപ്പിക്കാൻ ബാത്‌റൂമിൽ കൊണ്ടുപോകാൻ ഒരു സ്റ്റിക് വലതു കയ്യിലും മറ്റേതു എന്റെ തോളിലും ഇട്ടു…

വലതു കാൽ അനക്കാൻ കഴിയും ചെറുതായി….. കുളിമുറിയിൽ പോയപ്പോൾ അടുത്ത ..ബഹളമായി. ഞാനിറങ്ങണം തന്നെ കുളിച്ചോളും….വേണ്ട പൂരം…..ഒടുവിൽ എന്റെ നിയന്ത്രണം വിട്ടു…..ഞാൻ കൈ ചൂണ്ടി ഒരു പഞ്ചു ഡയലോഗ് തട്ടി വിട്ടു.

“ദേ…ഒരു കാര്യം പറഞ്ഞേക്കാം , തന്നെ കുളിച്ചു തെന്നി വീണു കയ്യും കാലും എങ്ങാനും ഒടിഞ്ഞാൽ അവിടെ കിടക്കെയുള്ളു….ഞാനെങ്ങും നോക്കില്ല……വേദന അറിയാലോ……ഡോക്ടർക്ക്.”
എന്നെ ഒന്ന് ദേഷ്യത്തോടെ നോക്കി..മേലോട്ടു നോക്കി ദയനീയമായി അരിശത്തോടെയും പറഞ്ഞു…….”ഇതിലും ഭേദം ആ ആക്‌സിഡന്റിൽ എന്നെ അങ്ങോട്ട് എടുക്കാൻ മേലെ കർത്താവേ…..”
കേട്ടപ്പോൾ എനിക്ക് ചിരി വന്നു…..ഞാൻ ചിരി അടക്കി……”ചിരിച്ചോടി ചിരിചോ…….നിന്നെ ഞാൻ പിന്നെ എടുത്തോലാം ”

അങ്ങനെ ഒരു വിധം കുളിപ്പിച്ച് കിടത്തി …എന്നും കുളിപ്പിക്കാൻ എടുക്കുന്നണേലും ഒരുപാടധികം സമയമായി……തയ്യൽ യൂണിറ്റിലുള്ള സ്ത്രീകളും വന്നു തുടങ്ങി…..എബി അവരെയൊക്കെ ജന്നലിൽ കൂടെ നോക്കുന്നുണ്ടായിരുന്നു……

ഉച്ചയ്ക്ക് ചോറു കൊടുക്കാൻ പോയപ്പോഴും അവൻ ഒന്നും പറഞ്ഞില്ല….ഉച്ചയ്ക്ക് ശേഷം ഈവ മോൾ വന്നു സ്കൂളിൽ നിന്ന്…പിന്നെയവളുടെ പുറകിലായി ഞാൻ …..പിന്നെ വൈകിട്ട് ക്ലിനിക് തുറന്നു….ഒരുപാട് രോഗികൾ ഉണ്ടായിരുന്നു….

അധികവും സൗജന്യം തന്നെ…
എന്റെ അപ്പനോട് എനിക്ക് ഉപകാരസ്മരണ തോന്നുന്ന നിമിഷങ്ങളാണ്…സൗജന്യ ചികിത്സായും ധാരാളം
രോഗികളും…..മറക്കില്ല അപ്പാ…..

എബി ഇതൊക്കെ നോക്കിയും ഈവയോടു എന്തൊക്കയോ സംസാരിച്ചും ഇരിക്കുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു……രണ്ടു രോഗികൾ കഴിയുമ്പോക്കോ ഈവ മോൾ വരും എന്റെ ചെവിയിൽ പറയും “അപ്പയ്ക്ക് കട്ടൻ വേണം”
അത് കൊട്ക്കും

വീണ്ടും “അപ്പയ്ക്ക് കഞ്ഞി?”
അതും കൊടുത്തു…..
“അപ്പയ്ക്ക് പാൽചായ…. ….”
ഇപ്പൊ കാര്യം പിടികിട്ടി.

(കാത്തിരിക്കണംട്ടോ)
കമന്റ്സ് ഇട്ട എല്ലാ കൂട്ടുകാർക്കും ഒരുപാട് സ്നേഹം……ലൈക് അടിച്ചവരോട് ഒരുപാട് നന്ദി…..
ഇസ സാം

തൈരും ബീഫും: ഭാഗം 1