Saturday, January 18, 2025
Novel

താദാത്മ്യം : ഭാഗം 4

നോവൽ
എഴുത്തുകാരി: മാലിനി വാരിയർ

MV


മൂടൽ മഞ്ഞ് ആ കുന്നുകളുടെ മുകൾഭാഗം മുഴുവനായി വിഴുങ്ങികഴിഞ്ഞിരുന്നു, പുതുതായി വിരിഞ്ഞ പൂക്കളും, പുല്ലുകളും ഇലകളും അതിന്റെ ഭംഗിയുള്ള വെണ്മയിൽ മൂടപ്പെട്ടു.

മഞ്ഞിന്റെ ഒഴുക്കിൽ അതിന്റെ നിറങ്ങൾ ഇടയ്ക്കിടെ ആ കറുത്ത പാറക്കൂട്ടങ്ങൾക്കിടയിൽ ഒരു വിസ്മയമായി തോന്നിച്ചു.

മുഖത്തേക്ക് കുളിരോടെ വീശിക്കൊണ്ടിരുന്ന കാറ്റ് രൂപമില്ലാതെ ശബ്ദം മാത്രമായ് ചൂളം വിളിച്ചുകൊണ്ടിരുന്നു.പനങ്കിളികൾ അതിന്റെ മധുരമായ ശബ്ദത്തിൽ പാട്ടുപാടിക്കൊണ്ട് ആകാശത്തിലൂടെ പറന്നുയർന്നു.

തോട്ടങ്ങളിൽ വിളഞ്ഞു നിൽക്കുന്ന കരിമ്പിൻ തണ്ടുകൾ ആ മനോഹര പ്രഭാതത്തെ വരവേറ്റുകൊണ്ട് കാറ്റിൽ നൃത്തമാടിക്കൊണ്ടിരുന്നു. അതുനുമപ്പുറത്ത് കരിമ്പനകൾ തലയാട്ടി കൊണ്ടിരിക്കുന്നു..

ആ സുന്ദരമായ പ്രഭാതത്തെ ആസ്വദിച്ചുകൊണ്ട് കാറിൽ ഇരിക്കുകയാണ് മിഥുന. മഹേന്ദ്രൻ, ശോഭ, മൃദുല അവർ മൂന്നുപേരും രണ്ട് ദിവസം മുൻപ് തന്നെ നാട്ടിൽ എത്തി.മിഥുന അവളുടെ ചില ജോലികളെല്ലാം തീർത്ത് ഇന്നാണ് നാട്ടിലേക്ക് എത്തുന്നത്.

പാലക്കാട്‌ ജില്ലയിലെ ഒരു മലയടിവാരത്തിലെ ശാന്തവും മനോഹരമായ ആ ഗ്രാമ കാഴ്ചകൾ മിഥുനയുടെ മനസിനെ പുളകം കൊള്ളിച്ചു..

“ആറ് വർഷങ്ങൾക്ക് മുൻപ് കണ്ടത് പോലെ തന്നെയുണ്ട് ഇവിടെമെല്ലാം.. ”

അവൾ അത്ഭുതത്തോടെ പറഞ്ഞു.

“അതെ കുഞ്ഞേ.. ഇവിടെ ഉള്ളവർ ഇപ്പോഴും കൃഷി ഉപേക്ഷിച്ചിട്ടില്ല.. അത്കൊണ്ടാണ് ഇവിടം ഇപ്പോഴും അതുപോലെ നിൽക്കുന്നത്.. ”

രാമൻ പറഞ്ഞു. രാമൻ അവിടുത്തെ കാര്യസ്ഥനാണ്. ഇരുപത് വർഷമായി രാമൻ അവിടെ ജോലി ചെയ്ത് വരുന്നു. വീട്ടിലെ ഒരംഗത്തെ പോലെ തന്നെയാണ് എല്ലാവരും അയാളെ കാണുന്നത്.

“രാമേട്ടാ… ഇവിടെ ഒന്ന് വണ്ടി നിറത്തോ.. ഞാൻ കുറച്ചു ഫോട്ടോസ് എടുക്കട്ടെ.. ”

അവൾ പുഞ്ചിരി വിടാതെ അയാളോട് ചോദിച്ചു..

“ശരി കുഞ്ഞേ.. വേഗം വരണം.. അവിടെ എല്ലാരും കുഞ്ഞിനെ കാത്തിരിക്കുകയാണ്.. ”

അയാൾ കാർ ഒരു സൈഡിലേക്ക് ഒതുക്കി നിർത്തി.

അവൾ സന്തോഷത്തോടെ വണ്ടിയിൽ നിന്ന് ഇറങ്ങി ആ മനോഹരമായ കാഴ്ചകൾ തന്റെ
Vivo v 17 pro ൽ ഫോട്ടോ എടുക്കാൻ തുടങ്ങി.അതോടൊപ്പം കുറച്ചു സെൽഫികളും എടുത്ത് തിരിച്ചു വണ്ടിയിൽ കയറി.

ഇരുപത് നിമിഷത്തിനുള്ളിൽ അവർ വീട്ടിൽ എത്തി.

“മിഥുവേച്ചി വന്നു..”

മൃദുലയുടെ ശബ്ദം കേട്ട് എല്ലാരും പുറത്തേക്ക് വന്നു. മീനാക്ഷിയമ്മ ആവേശഭരിതയായി ഉമ്മറത്തേക്ക് ഓടി വന്നു..

“അമ്മായി… സുഖമല്ലേ..? ”

അവൾ സ്നേഹത്തോടെ ചോദിച്ചു.

“സുഖം…. പൊന്നു… നിനക്ക് സുഖമാണോ..”

അവളുടെ കവിളിൽ മുത്തിക്കൊണ്ട് ചോദിച്ചു..

“ഞാൻ അടിപൊളിയായിരിക്കുന്നു… അതിനേക്കാൾ അടിപൊളിയാണ് ഈ നാട്..”

“പിന്നല്ലാതെ.. നീയല്ലേ ഈ അമ്മായിനേം നടിനേം മറന്നത്..”

മീനാക്ഷി കള്ള ദേഷ്യത്തോടെ പറഞ്ഞു.

“മറന്നിട്ടൊന്നും ഇല്ല അമ്മായി… ഞാൻ വന്നില്ലേ.. ഇനി എല്ലാ വർഷവും ഞാനിവിടെ ഉണ്ടാകും പോരെ..”

അവൾ ആനന്ദത്തോടെ അവരെ ആലിംഗനം ചെയ്തു.

“ശരിടാ.. ആദ്യം നീ പോയി കുളിക്ക് എന്നിട്ട് റസ്റ്റ്‌ എടുക്ക്..”

മീനാക്ഷിയമ്മ അവളെ അകത്തേക്ക് കൂട്ടികൊണ്ട് പോയി.. അവളുടെ മുറി കാണിച്ചുകൊടുത്ത് അടുക്കളയിലേക്ക് നടന്നു..

“ചേച്ചി..കുറച്ചു നേരം ഉറങ്ങിക്കോ.. ഞാൻ അമ്മായിയെ സഹായിക്കട്ടെ..”

മൃദുലയും അവിടെ നിന്ന് മടങ്ങി.

“നല്ല ക്ഷീണം..ഒന്ന് ഉറങ്ങണം.. ആദ്യം കുളിച്ചിട്ട് വരാം..”

എന്ന് ചിന്തിച്ചുകൊണ്ട് അവൾ ബാത്‌റൂമിലേക്ക് കയറി. ചൂടുവെള്ളം അവളുടെ കുളിക്ക് കൂടുതൽ ഉന്മേഷം നൽകി.. വസ്ത്രം മാറി പുറത്തിറങ്ങിയതും അവളൊന്ന് ഞെട്ടി..

“ആാാാ…….”

അവൾ ഉറക്കെ നിലവിളിച്ചു..

അവളുടെ ശബ്ദം കേട്ടതും സിദ്ധു ഞെട്ടലോടെ തിരിഞ്ഞു.

” ഇവിടെ എന്തെടുക്കുവാ…”

അല്പം കോപത്തോടെ അവൾ ചോദിച്ചു.

“അത് ഞാൻ ചോദിക്കേണ്ട ചോദ്യമാണ്..എന്റെ റൂമിൽ നീ എന്തെടുക്കുവാ..”

“ഇയാൾടെ റൂമോ…”

“അതെ…”

“അമ്മായീ…..”

അവൾ വീണ്ടും ശബ്ദമുയർത്തി..

“എന്താ… എന്തിനാ ഒച്ചവെക്കുന്നെ..”

മൃദുല മുറിയിലേക്ക് കയറികൊണ്ട് ചോദിച്ചു…

“വെക്കും… ഇനിയും ഒച്ച വെക്കും..”

അവൾ ദേഷ്യത്തിൽ തുള്ളികൊണ്ട് പറഞ്ഞു..

“എന്താ… എന്താ പ്രശ്നം..”

മീനാക്ഷിയും മുറിയിലേക്ക് വന്നു..

അവിടെ ഷർട്ട്‌ ഇടാതെ കോപത്തോടെ നിൽക്കുന്ന സിദ്ധുവിനെയും കോപത്തിൽ ഉറഞ്ഞു തുള്ളുന്ന മിഥുനയെയും കണ്ടപ്പോൾ മീനാക്ഷിക്ക് കാര്യങ്ങൾ ഏതാണ്ടൊക്കെ മനസ്സിലായി..

“സിദ്ധു… നീ പാടത്ത് നിന്ന് എപ്പോ വന്നു..”

അവനെ നോക്കികൊണ്ട് ചോദിച്ചു.

“ഇപ്പൊ വന്നേ ഉള്ളു.. ഒന്ന് കുളിക്കാന്ന് വിചാരിച്ചതാ.. അപ്പഴാ ബാത്‌റൂമിൽ നിന്ന് യക്ഷി പുറത്തേക്ക് വന്നത്..”

“യക്ഷിയോ…”

അവൾ പല്ലുകൾ കടിച്ചുകൊണ്ട് കണ്ണുരുട്ടി..

“സിദ്ധു…”

മീനാക്ഷി അവനെ ശാസനയോടെ നോക്കി..

“അമ്മേ… എന്റെ മുറി ആർക്കെങ്കിലും കൊടുക്കുന്നുണ്ടെങ്കിൽ ആദ്യം എന്നോട് പറയണം..”

ഗൗരവത്തോടെ പറഞ്ഞുകൊണ്ട് അവൻ വേഗത്തിൽ പുറത്തേക്ക് നടന്നു..

“എങ്ങനെ സഹിക്കുന്നമ്മായി ഈ ജന്തുവിനെ..”

“പാവമാ… ദേഷ്യപ്പെടുമെങ്കിലും സ്നേഹമുള്ളവനാ… അവന്റെ അച്ഛനെ പോലെ തന്നെ മുൻകോപം ഉണ്ടെന്നേ ഉള്ളൂ.. അത് മറന്നേക്ക് മോളിപ്പോ കുറച്ചു നേരം കിടന്നോ.. ഞാൻ കുറച്ചു കഴിഞ്ഞ് വന്ന് വിളിക്കാം..”

മിഥുനയുടെ ചോദ്യത്തിന് ചെറു പുഞ്ചിരിയോടെ മറുപടി പറഞ്ഞുകൊണ്ട് മീനാക്ഷി പുറത്തേക്ക് ഇറങ്ങി..

“പോയി കുളിച്ചിട്ട് വാ.. ഞാൻ ഭക്ഷണം എടുത്ത് വെയ്ക്കാം..”

അടുത്ത മുറിയിൽ ദേഷ്യത്തോടെ ഇരിക്കുന്ന സിദ്ധുവിനോട് മീനാക്ഷി സ്നേഹത്തോടെ പറഞ്ഞു..

“അമ്മയെന്തിനാ എന്റെ റൂം അവൾക്ക് കൊടുത്തത്… കണ്ടില്ലേ എന്റെ റൂമിൽ നിന്ന് കൊണ്ട് എന്നോട് തന്നെ അഹങ്കാരത്തോടെ സംസാരിക്കുന്നത്..”

അവൻ ദേഷ്യം കുറയാതെ തന്നെ ചോദിച്ചു..

“നിന്റെ മുറിയാണ് ഈ വീട്ടിൽ ഏറ്റവും സൗകര്യമുള്ള മുറി.. അവൾ അവിടെ നല്ല സൗകര്യത്തിൽ വളർന്ന കുട്ടിയല്ലേ..വേറെ ഒരു മുറിയിലും ഹീറ്റർ ഇല്ല.. അതാ നിന്റെ മുറി കൊടുത്തത്..നിന്നോട് പറയാൻ നിന്നെയും നോക്കി ഉമ്മറത്ത് തന്നെ നോക്കി നിക്കുവായിരുന്നു ഞാൻ.. എന്റെ കണ്ണൊന്നു തെറ്റിയപ്പോൾ നീ അകത്ത് കയറി..

ഇനി അവളോട്‌ വഴക്ക് കൂടാൻ പോകരുത്..എത്ര വർഷം കഴിഞ്ഞ അവളിങ്ങോട്ട് വരുന്നേ.. അവള് പോകുന്ന വരെ സന്തോഷത്തോടെ കഴിയട്ടെ..”

മീനാക്ഷി അല്പം സങ്കടത്തോടെ പറഞ്ഞു..

“ശരി… അമ്മ വിഷമിക്കണ്ട.. ഞാനൊന്നും പറയുന്നില്ല പോരെ..”

എന്ന് പറഞ്ഞ് അവൻ ബാത്റൂമിലേക്ക് കയറി.

കുളികഴിഞ്ഞു വന്നതും മീനാക്ഷി അവന് ഭക്ഷണം വിളമ്പി കൊടുത്തു..

“അമ്മായി.. ഞാനും സിദ്ധുവേട്ടന്റെ കൂടെ കഴിച്ചോളാം..”

മൃദുല ചിരിച്ചുകൊണ്ട് അവന്റെ അരികിൽ വന്നിരുന്നു..

“അത് പിന്നെ ചോദിക്കാനുണ്ടോ…”

മീനാക്ഷി സന്തോഷത്തോടെ രണ്ട് പേർക്കും വിളമ്പിക്കൊടുത്തു..

“മിലുക്കുട്ടി… കഴിച്ച് കഴിഞ്ഞ് റെഡി ആയി ഇരിക്ക്.. ഞാൻ കുറച്ചു കഴിഞ്ഞ് വരാം..നമുക്ക് ഒന്ന് കറങ്ങിയിട്ട് വരാം..”

അവളുടെ തലയിൽ തലോടിക്കൊണ്ട് സിദ്ധു പറഞ്ഞു..

“ശരി..സിദ്ധുവേട്ടാ..”

അവൾ സന്തോഷത്തോടെ തലയാട്ടി..

“ഒരുത്തി ദേവതയെ പോലെ, മറ്റൊരുത്തി രാക്ഷസിയെ പോലെ..എങ്ങനെ ഇവർ രണ്ടും ഒരേ വയറ്റിൽ ജനിച്ചു..”

എന്ന് ചിന്തിച്ചുകൊണ്ട് അവൻ പുറത്തേക്ക് ഇറങ്ങി..

സിദ്ധുവിന് ഒൻപതു വയസ്സ് ഉള്ളപ്പോഴാണ് മൃദുല ജനിക്കുന്നത്..അവൻ എടുത്ത് കൊണ്ട് നടന്ന കുഞ്ഞാണവൾ. അത് കൊണ്ട് തന്നെ ഒരു മകളോടെന്ന പോലെ സ്നേഹവും കരുതലുമാണ് അവളോട്.. മൃദുലയും അവനെ ഒരു പിതൃസ്ഥാനത്താണ് കാണുന്നത്.

************

“ചേച്ചി നമുക്കൊന്ന് നാടൊക്കെ കണ്ടിട്ട് വരാം..”

മൃദുല ആവേശത്തോടെ ചോദിച്ചു..

“ഞാനിപ്പോ പറയണം എന്ന് വിചാരിച്ചിരുന്നതാ…എപ്പഴാ പോണേ..”

മിഥുന സന്തോഷത്തോടെ ചോദിച്ചു..

“ചേച്ചി റെഡി ആയി ഇരുന്നോ.. സിദ്ധുവേട്ടൻ വരട്ടെ…നമുക്ക് മൂന്ന് പേർക്കും കൂടി പോകാം..”

എന്ന് പറഞ്ഞു തീർന്നതും..

“എന്ത്… സിദ്ധുവേട്ടനോ.. അയാളും വരുന്നുണ്ടോ..? ”

അവൾ മുഖം കൂർപ്പിച്ചുകൊണ്ട് പറഞ്ഞു..

“എന്താ സിദ്ധുവേട്ടനെ അയാളെന്നൊക്കെ വിളിക്കണേ… അത് തെറ്റാണ്..”

മൃദുല അല്പം കോപത്തോടെ ചോദിച്ചു..

“ശരി.. നീയും നിന്റെ സിദ്ധുവേട്ടനും കൂടി പോയാൽ മതി ഞാൻ വരുന്നില്ല..ഹും… ”

അവൾ മുഖം തിരിച്ചികൊണ്ട് പറഞ്ഞു..

“ചേച്ചിയും വാ..നാളെ ബാക്കി കസിൻസൊക്കെ വരും.. അപ്പൊ നമുക്ക് മുന്നിൽ നിന്ന് അവരെയും കൊണ്ട് പോകാം.. ഇപ്പൊ നമുക്ക് മൂന്ന് പേർക്കും പോയിട്ട് വരാം..”

മൃദുല പുഞ്ചിരിയോടെ പറഞ്ഞു..

“അവര് നാളെ വരോ… ഹാ… അവര് വന്നിട്ട് വേണം ഒന്ന് അടിച്ചുപൊളിക്കാൻ…ഇപ്പൊ ഇവിടെ വെറുതെ ഇരുന്ന് ബോറടിക്കുന്നു… ശരി ഞാനും വരാം…”

അവന്റെ കൂടെ പോകുന്നതിനുള്ള ബുദ്ധിമുട്ട് അവളുടെ മുഖത്ത് ഉണ്ടായിരുന്നു..

സിദ്ധു വന്നതും രണ്ട് പേരെയും കൊണ്ട് അവൻ പുറത്തേക്കിറങ്ങി..

“സിദ്ധുവേട്ടാ… നല്ല ഭംഗിയുണ്ട്.. ഇതൊക്കെ ഞാൻ സിനിമയിലെ കണ്ടിട്ടുള്ളു..”

മൃദുല അത്ഭുതത്തോടെ പറഞ്ഞു..

“പിന്നല്ലാതെ.. ഇവിടെ നഗരത്തിന്റെതായ ഒരു ആഡംബരങ്ങളും ഇല്ല… ശുദ്ധമായ കാറ്റ്, വെള്ളം, ആകാശം.. ഇതൊക്കെയാണ് ഇവിടുത്തെ സ്വത്ത്.. ടെലഫോൺ ടവർ ഇല്ലാത്തത് കൊണ്ട് പക്ഷികളും ഇവിടെ അധികമാണ്..ഇന്ത്യയിൽ തന്നെ വളരെ കുറച്ചു ഗ്രാമങ്ങൾ മാത്രമേ ഇതുപോലെ കാണാൻ കഴിയൂ..”

അവൻ പുഞ്ചിരിയോടെ പറഞ്ഞു..

“ഓഹ്.. പറയുന്നത് കേട്ടാൽ തോന്നും ഇയാളാണ് ഇതൊക്കെ ചെയ്യുന്നത്…”

മിഥുന പതിയെ മൃദുലയുടെ ചെവിയിൽ പറഞ്ഞു..

“ഷൂ…”

അവൾ ചുണ്ടിൽ വിരൽ വെച്ചുകൊണ്ട് പറഞ്ഞു.. മിഥുന ചിരിച്ചുകൊണ്ട് അവൾക്ക് ഇഷ്ടപ്പെട്ട കാഴ്ചകൾ ക്യാമറയിൽ ഒപ്പിയെടുത്തു..

അവൻ അവരെ വയലിലേക്ക് വിളിച്ചുകൊണ്ട് പോയി. മനം കവരുന്ന തരത്തിൽ, നെൽകതിരുകൾ കാറ്റിൽ അടിയുലഞ്ഞുകൊണ്ടിരിന്നു.

“മിലു… പനങ്കരിക്ക്… നല്ല രുചിയാ… ”

ഒരു കരിക്ക് വെട്ടി അവൻ മൃദുലയുടെ കയ്യിൽ കൊടുത്തു.

“ശരിയാ നല്ല രുചിയുണ്ട് സിദ്ധുവേട്ടാ..”

അവൾ അത് രുചിച്ചുകൊണ്ട് പറഞ്ഞു.

“എനിക്ക് ഒരു തുള്ളി വെള്ളം തന്നൊന്ന് നോക്ക്… കണ്ണിൽ ചോരയില്ലാത്ത ദുഷ്ടൻ..”

മിഥുന മനസിൽ പിറുപിറുത്തു..

“കുഞ്ഞേ… ദാ…”

അവിടെ ജോലിയെടുക്കുന്ന ഒരാൾ അവൾക്ക് നേരെ ഒരു കരിക്ക് നീട്ടി.. അവൾ ആശയോടെ അത് വാങ്ങി..

“താങ്ക്സ് ചേട്ടാ…”

അവൾ ആവേശത്തോടെ രുചിച്ചു.

“മുതലാളി… ആ കുഞ്ഞിന് കരിക്ക് കൊടുത്തു..”

“ശരി..നീ ബാക്കി ജോലിയൊക്കെ ചെയ്യ്..”

എന്ന് പറഞ്ഞ് അവൻ അവരുടെ അടുത്തേക്ക് നടന്നു.

“ഇനി നമുക്ക് അമ്പലത്തിലേക്ക് പോകാം..
ഇന്ന് മുതൽ 7 ദിവസം അമ്പലത്തിൽ നാടകമുണ്ട്.. നിനക്ക് നാടകം ഇഷ്ടമല്ലേ..”

അവൻ മൃദുലയോട് ചോദിച്ചു.

“എനിക്ക് ഇഷ്ടമാണ്… ഞാൻ പഠിച്ചിട്ടുണ്ട്… പക്ഷെ ഇത് വരെ കണ്ടിട്ടില്ല..നമുക്ക് പോവാം… ചേച്ചിയും വരില്ലേ…”

മൃദുല ഉത്സാഹത്തോടെ ചോദിച്ചു..

“നാടകമോ… അതൊക്കെ ബോറ… നമുക്ക് വീട്ടിലേക്ക് പോകാം..”

മിഥുനയുടെ മുഖത്ത് പുച്ഛം നിറഞ്ഞു…

“എങ്കിൽ സിദ്ധുവേട്ടാ… ചേച്ചിയെ വീട്ടിൽ കൊണ്ട് വിട്ടിട്ട് നമുക്ക് പോവാം..”

“അപ്പൊ നീ പോകണമെന്ന് ഉറപ്പിച്ചോ…? ”

മിഥുന ചോദിച്ചു..

“ഉം… എനിക്ക് നാടകം കാണണം…”

മൃദുല പിടിവാശിയോടെ പറഞ്ഞു..

“ശരി… എങ്കിൽ ഞാനും വരാം…”

ഇഷ്ടമില്ലെങ്കിലും മിഥുന സമ്മതിച്ചു…

“എന്റെ ചുന്ദരി ചേച്ചി.. ”

അവൾ മിഥുനയെ കെട്ടിപ്പിടിച്ച് മുത്തം നൽകി…

തുടരും…

താദാത്മ്യം : ഭാഗം 1

താദാത്മ്യം : ഭാഗം 2

താദാത്മ്യം : ഭാഗം 3