Friday, January 17, 2025
Novel

താദാത്മ്യം : ഭാഗം 13

നോവൽ
എഴുത്തുകാരി: മാലിനി വാരിയർ

MV


എല്ലാവരും സിദ്ധുവിന്റെ വാക്കുകൾക്ക് വേണ്ടി കാത്തിരുന്നു.

“ആർക്കും അറിയാത്ത കാര്യമൊന്നുമല്ല.. ഈ കല്യാണം നടന്ന സാഹചര്യം ഞാൻ പറയാതെ തന്നെ എല്ലാവർക്കും അറിയാം.. പെട്ടെന്നുള്ള തീരുമാനമായതിനാൽ മിഥൂന് അതിനോട് പെട്ടെന്ന് പൊരുത്തപ്പെടാൻ കഴിഞ്ഞെന്നുവരില്ല.. അത് അവളുടെ ജീവിതത്തെ ബാധിക്കരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു. ”

സിദ്ധു ഉറച്ച തീരുമാനത്തോടെ പറഞ്ഞു. അവൻ പറഞ്ഞതിലെ പൊരുൾ മനസ്സിലാക്കാൻ കഴിയാതെ മിഥുനയുടെ വീട്ടുകാർ അവളുടെ മുഖത്തേക്ക് സംശയത്തോടെ നോക്കി നിന്നു.

“അവൾ ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുകയല്ലേ.അത് തടസ്സപ്പെടുത്തരുത്. ശാന്തമായ സാഹചര്യത്തിൽ ഇരുന്നുകൊണ്ട് ഒരു തടസ്സവും കൂടാതെ അവൾ പഠിപ്പ് പൂർത്തിയാക്കണം. പഠിപ്പ് പൂർത്തിയാകുന്നത് വരെ അവൾ അവിടെ നിങ്ങളുടെ കൂടെ നിൽക്കട്ടെ, അവളുടെ സ്വപ്നങ്ങൾക്ക് ഞാൻ ഒരിക്കലും ഒരു തടസ്സമാകരുത് എന്നാണ് എന്റെ ആഗ്രഹം”

സിദ്ധു ഉറച്ച വാക്കുകളോടെ പറഞ്ഞു നിർത്തി. മഹേന്ദ്രൻ അവനെ ആശ്ചര്യത്തോടെ നോക്കി. ശേഷം മീനാക്ഷിയുടെ മുഖത്തേക്ക് നോട്ടമെറിഞ്ഞു, സിദ്ധു പറഞ്ഞതിനോട് ഞാൻ പൂർണമായും യോജിക്കുന്നു എന്ന് തോന്നിക്കും വിധം മീനാക്ഷി പുഞ്ചിരിച്ചു. ശോഭയുടെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു. മൃദുല അവനെ നന്ദിയോടെ നോക്കി.

” എന്നാലും സിദ്ധു.., ഇവിടെ നമ്മുടെ ബന്ധുക്കളൊക്കെ എന്തെങ്കിലും പറഞ്ഞുണ്ടാക്കും… ”

” ആരാ ഏട്ടാ ഈ ബന്ധുക്കള്, ഞാനും എന്റെ മോനും ജീവിക്കാൻ കഷ്ടപ്പെടുന്ന സമയത്ത് ഒന്ന് തിരിഞ്ഞു പോലും നോക്കാത്ത അവരോ? മതിയേട്ടാ.. മറ്റുള്ളവർ എന്ത് കരുതും എന്ന് ചിന്തിച്ച് ജീവിച്ചത് മതി.. ഇനിയെങ്കിലും സ്വന്തം മക്കൾ സന്തോഷത്തോടെ ജീവിക്കണം എന്ന് മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ..

മിഥു മോൾക്ക് ഇവിടെയിരുന്ന് സമാധാനത്തോടെ പഠിക്കാൻ കഴിയില്ല.. സിദ്ധു എന്നോട് അതിനെക്കുച്ച് പറഞ്ഞിരുന്നു.. ആലോചിച്ചപ്പോൾ എനിക്കും അത് ശരിയാണെന്നു തോന്നി.. ”

അത് പറയുമ്പോൾ മീനാക്ഷിയുടെ കണ്ണുകൾ കലങ്ങിയിരുന്നു.

“അതിന് ഇവിടെ ആരും തെറ്റ് ചെയ്തിട്ടില്ല മീനാക്ഷി.. നമ്മുടെ മക്കൾക്ക് നല്ലത് മാത്രമേ നമ്മൾ ചെയ്തിട്ടുള്ളൂ… ഇന്നെല്ലെങ്കിൽ നാളെ അതവർ മനസ്സിലാക്കും ”

മഹേന്ദ്രൻ ഉറപ്പിച്ചു പറഞ്ഞു. അത് കേട്ട് മീനാക്ഷി സമാധാനിച്ചു.

മൃദുല ആവേശത്തോടെ മിഥുനയുടെ അടുത്തേക്ക് ചെന്നു.. കട്ടിലിൽ കരഞ്ഞുകൊണ്ട് കിടക്കുകയാണ് മിഥുന. അനുജത്തിയെ കണ്ടതും അവളുടെ വിഷമം കൂടിയെങ്കിലും അത് മറച്ചു വെച്ചുകൊണ്ട് അവൾ മൃദുലയെ അടുത്തേക്ക് വിളിച്ചു.

“നിങ്ങളിറങ്ങിക്കോ.. ഞാൻ യാത്രയയക്കാൻ വരുന്നില്ല.. ”

അവൾ മൃദുലയുടെ മുഖത്ത് നോക്കാതെ പറഞ്ഞു.

“അതിന് ഞങ്ങൾ മാത്രല്ല പോണത്.. ഞങ്ങളുടെ കൂടെ ചേച്ചിയും
വരുന്നുണ്ട്.. ”

ആവേശത്തോടെയുള്ള മൃദുലയുടെ വാക്കുകൾ കേട്ട് മിഥുന അവളെ അത്ഭുതത്തോടെ നോക്കി..

“എന്താ..!”

അവൾ കണ്ണുകൾ വിടർത്തിക്കൊണ്ട് ചോദിച്ചു.

“അതേ… ചേച്ചിക്ക് പഠിപ്പ് പൂർത്തിയാക്കണ്ടേ..? ഇവിടെ നിന്നുകൊണ്ട് എങ്ങനെ കോളേജിൽ പോകും..? ”

അവളുടെ ഹാസ്യരൂപേണയുള്ള ചോദ്യങ്ങൾ കേട്ട് മിഥുന സന്തോഷത്തിന്റെ അതിർ വരമ്പുകൾ കടന്നു.

“സത്യമാണോ ഈ പറയുന്നേ.. ”

അവൾ വിശ്വാസമാവാതെ ചോദിച്ചു.

“സത്യം… അച്ഛനും അമ്മയും ചേച്ചിയെ വിളിച്ചുകൊണ്ടു വരാൻ പറഞ്ഞു.. വാ റെഡിയാക്. വേഗം ചേച്ചീടെ സാധനങ്ങളൊക്കെ പാക്ക് ചെയ്തോ.. ”

മൃദുല സന്തോഷത്തോടെ പറഞ്ഞു..

മിഥുന സന്തോഷത്തോടെ അവളുടെ സാധനങ്ങളൊക്കെ ബാഗിലേക്ക് എടുത്തു വയ്ക്കാൻ തുടങ്ങി. ആരോ മുറിക്കുള്ളിൽ കയറിയതറിഞ്ഞ അവൾ അതാരാണെന്നറിയാൻ തല ഉയർത്തി നോക്കി.. സിദ്ധുവാണെന്ന് അറിഞ്ഞതും അവൾ നോട്ടം പിൻവലിച്ച് അവളുടെ ജോലിയിൽ ശ്രദ്ധതിരിച്ചു.

“മിഥൂ… ”

അവൻ വിളിച്ചു…

അവൾ അത് ചെവിക്കൊള്ളാതെ തന്റെ ജോലിയിൽ ശ്രദ്ധചെലുത്തി.

“മിഥൂ… ഞാൻ പറയുന്നതൊന്ന് കേൾക്ക്.. ”

അവൻ വീണ്ടും പറഞ്ഞപ്പോൾ അവൾ എന്താണെന്ന ഭാവത്തിൽ തലയുയർത്തി അവനെ നോക്കി..

“നിന്റെ ഒരു സ്വപ്നവും ഞാൻ കാരണം നഷ്ടപ്പെടാൻ പാടില്ല.. നീ നിന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ നിന്റെ വീട്ടിലേക്കു പൊയ്ക്കോളൂ.. നിന്റെ പഠിപ്പ് തുടരണം.. പഠിപ്പ് കഴിഞ്ഞ് നിന്റെ ഇഷ്ടം പോലെ, നീ എന്ത് തീരുമാനിച്ചാലും അതിന് ഞാൻ എതിര് നിൽക്കില്ല.. ”

അവൻ പറഞ്ഞവസാനിപ്പിച്ച് മുറിയിൽ നിന്നും പുറത്തേക്ക് പോയി

അവൻ പോയ ദിശയിലേക്ക് അവൾ അതിശയത്തോടെ നോക്കി നിന്നു. താൻ കരുതും പോലെ അവനത്ര മോശം ആളല്ല എന്ന് തോന്നിയ മനസ്സിനെ നിർബന്ധിച്ച് തിരുത്തികൊണ്ട് അവൾ തന്റെ ജോലിയിൽ മുഴുകി.

“മോനെ സിദ്ധു… നീയും ഞങ്ങളുടെ കൂടെ വീട്ടിലേക്ക് വരണം..”

ശോഭ പറഞ്ഞതും മിഥുന അവരെ കോപത്തോടെ നോക്കി.

“വേണ്ടമ്മായി.. ഞാൻ ഇനിയൊരു ദിവസം വരാം ഇപ്പോ നിങ്ങൾ പോയിട്ട് വാ.. ”

അവൻ സൗമ്യമായി പറഞ്ഞു…

“അതല്ല മോനെ.. കല്യാണം കഴിഞ്ഞ് അവള് ആദ്യമായി വീട്ടിലേക്ക് വരുന്നതല്ലേ… അവൾ ഒറ്റയ്ക്ക് വരുന്നത് ശരിയല്ല… ”

ശോഭ അവനെ നിർബന്ധിച്ചു..

“അതല്ല അമ്മായി….. ”

“നാത്തൂനെന്താ ഒന്നും മിണ്ടാതെ നിൽക്കുന്നെ… അവനെ പറഞ്ഞോന്ന് മനസ്സിലാക്ക്… മരുമകളെ ഒറ്റയ്ക്ക് വീട്ടിലേക്ക് പറഞ്ഞയക്കുന്നത് ശരിയാണോ. ഇവനും കൂടെ വന്നേ പറ്റൂ..”

ശോഭ ആചാരങ്ങളെ മുൻനിർത്തി പറഞ്ഞപ്പോൾ മീനാക്ഷിയും അത് ശരിവെച്ചു.. തലയനക്കികൊണ്ട് അവനോടും പോയി വരുവാൻ അവർ സ്നേഹത്തോടെ ആജ്ഞാപിച്ചു.. വേറെ നിവർത്തിയില്ലാത്തതിനാൽ സിദ്ധുവും അതിന് സമ്മതം മൂളി.

അത് കണ്ട മിഥുന കോപത്തോടെ അവനെ നോക്കി കണ്ണുരുട്ടി..

“ഞാൻ എന്ത് ചെയ്യാനാ..”

എന്ന ഭാവത്തിൽ അവൻ അവളെ നിസ്സഹായതയോടെ നോക്കി.. പിന്നെ അവളൊന്നും പറഞ്ഞില്ല..അവൾ മിണ്ടാതെ
മുറിയിലേക്ക് നടന്നു…

************

“അമ്മ കാരണം എല്ലാം നശിച്ചു.. ഒറ്റ നിമിഷം കൊണ്ട് എന്റെ എല്ലാ പദ്ധതികളും അമ്മ ഇല്ലാതാക്കിയില്ലേ… ”

അർജുൻ കോപത്തോടെ ആശയോട് പറഞ്ഞു.

“നിന്റെ ഒരു പദ്ധതി…. നീ ചെയ്ത് കൂട്ടിയ എല്ലാ പാപങ്ങളും അറിഞ്ഞുകൊണ്ട് തന്നെയാണ് ഞാനെന്റെ ഏട്ടനേയും സിദ്ധുവിനെയും അപമാനിക്കും വിധം സംസാരിച്ചത്..ഇത്രയും ദുഷ്ടനായ നീ എന്റെ വയറ്റിൽ എങ്ങനെ പിറന്നു.. ”

കണ്ണീരിനൊപ്പം ദേഷ്യപ്പെട്ടുകൊണ്ട് ആശ പറഞ്ഞു.

“അതിനും മാത്രം ഞാനെന്ത് തെറ്റാണ് ചെയ്തത്..”

അവൻ അഹഭാവത്തോടെ ചോദിച്ചു..

“ഞാനെന്താ മണ്ടിയാണെന്ന് കരുതിയോ നീ.. നീ ചെയ്യുന്ന എല്ലാ ദുഷ്ടത്തരങ്ങളും എനിക്കറിയാം. ശ്രീലക്ഷ്മി സിദ്ധുവിനെഴുതിയ ആ കത്ത്, അത് നീ എഴുതിയതാണ്.. അവരെ അപമാനിക്കാൻ വേണ്ടിത്തന്നെ..ആ അപമാനത്തിൽ എന്റെ അനിയത്തി മീനാക്ഷിക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ സിദ്ധുവിനെ തോൽപ്പിക്കാൻ നിനക്ക് എളുപ്പമാകും…

പിന്നെ എന്റെ ഏട്ടനോട് പകരം ചോദിക്കാൻ മിഥുനയെ വിവാഹചെയ്യാൻ നീ തക്കം നോക്കിയിരിക്കുകയായിരുന്നെന്നും എനിക്കറിയാം..”

ആശ അവന്റെ പദ്ധതികളെല്ലാം അവന്റെ മുന്നിൽ നിരത്തി.ഒരു ഞെട്ടലോടെ അവൻ അമ്മയെ നോക്കി നിന്നു..

“എന്തിനാടാ.. എന്തിനാ നിനക്ക് അവരോട് ഇത്ര പക.ഞാൻ ജീവനോടെയുള്ളപ്പോൾ നിന്റെ സൂത്രങ്ങൾ നടക്കാൻ ഞാൻ അനുവദിക്കില്ല.. അത്കൊണ്ട് തന്നെയാണ് ഞാൻ ദൈവത്തെ പോലെ കാണുന്ന എന്റെ ഏട്ടനെ.. ഞാൻ എതിർത്ത് സംസാരിച്ചത്..”

ആശയുടെ വാക്കുകൾ അവന്റെ കാതുകളിൽ തുളഞ്ഞുകയറി.. ആശ അങ്ങനെ പറയുമെന്ന് അവൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.. അവൻ ഒരു പ്രതിമയെപോലെ നിശ്ചലനായി നിന്നു

“എന്തിനാ വെറുതെ അവനോട് ചോദിച്ച് സമയം കളയുന്നത്.. അതിനുള്ള മറുപടി ഞാൻ പറഞ്ഞു തരാം.. ”

ഗാംഭിര്യമുള്ള ആ ശബ്ദം കേട്ട് ഇരുവരും തിരിഞ്ഞു നോക്കി.

അയാളെ കണ്ടതും ആശ മൗനം പാലിച്ചു..

“ഞാൻ പറഞ്ഞിട്ടാണ് അവൻ അതെല്ലാം ചെയ്തത്. നിനക്ക് ഈ മറുപടി മതിയോ..? ഇനിയും ഇവിടെ കിടന്ന് ശബ്ദമുണ്ടാക്കാതെ അകത്തേക്ക് പോ.. ”

ഗൗരവത്തോടെയുള്ള ആ വാക്കുകൾ കേട്ട് ആശ മൗനം തുടർന്നു.

“ഒരു ചേട്ടനും അനുജത്തിയും വന്നിരിക്കുന്നു.. അവരുടെ കുടംബത്തെ കുറിച്ച് എന്തുമാത്രം കരുതലാണ് നിനക്ക്.. നിനക്ക് ഇവിടെ ഒരു കുടുംബമുണ്ടെന്നും ഭർത്താവും കുട്ടികളുമുണ്ടെന്നും ഒന്ന് ഓർക്കുന്നത് നല്ലതാ.. ”

അയാളുടെ കണ്ണിൽ കനലെരിഞ്ഞു. ആശ തെല്ലുഭയത്തോടെ മിഴിച്ചു നിന്നു.

“എന്റെ ആദ്യത്തെ ശത്രു നിന്റെ ഏട്ടനാണ്, രണ്ടാമത്തേത് നിന്റെ അനുജത്തിയുടെ മകനും..അവരെ ഇല്ലാതാക്കാൻ എന്റെ മകൻ എന്ത് തന്നെ ചെയ്താലും ഞാൻ അവനെ പിന്തുണയ്ക്കുക തന്നെ ചെയ്യും.
അവനെ ചോദ്യംചെയ്യാൻ നിനക്ക് ഒരു അധികാരവുമില്ല.. ഇന്ന് നീ ചെയ്തത് വലിയൊരു തെറ്റ് തന്നെയാണ്..ഇപ്പോൾ അവർ രണ്ടുപേരെയും പിരിക്കാൻ കഴിയാത്ത വിധം, അവരുടെ ബന്ധത്തിൽ കൂടുതൽ കെട്ടുറപ്പ് വന്നു കഴിഞ്ഞു.എന്ന് കരുതി എന്നെക്കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് കരുതരുത്..ഇനിയാണ് എല്ലാറ്റിനും തുടക്കം കുറിക്കാൻ പോകുന്നത്..”

അഹന്തയും പകയും അയാളുടെ വാക്കുകളിൽ നിറഞ്ഞു നിന്നു.. ആ വാക്കുകൾ ആശയുടെ ഹൃദയത്തെ കുത്തിനോവിച്ചു.

“അച്ചു… നീ അകത്തേക്ക് വാ.. എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാനുണ്ട്..”

അയാൾ അവനെ തന്റെ മുറിയിലേക്ക് കൂട്ടികൊണ്ട് പോയി..

“ദേവീ…ഇവർ രണ്ട് പേരും എന്നാണ് നേരെയാവുക..എന്നെ വളർത്തി വലുതാക്കിയ എന്റെ ഏട്ടനേയും എന്റെ രണ്ടാമത്തെ മകനെ പോലെ കാണുന്ന സിദ്ധുവിനെയും നശിപ്പിക്കാൻ അവർ വാശിയോടെ ഒരുക്കം കൂട്ടുകയാണ്..
അമ്മേ… മഹാമായേ…
അവരെ തിരുത്തി നേർവഴി കാണിക്കേണമേ..”

ആശ നെഞ്ചിൽ കൈവെച്ചുകൊണ്ട് പ്രാത്ഥനയോടെ പറഞ്ഞു..

“എന്താടാ വന്ന് വന്ന് നിനക്കിപ്പോ വിവരവും ഇല്ലാതായോ..ഒരു കാര്യം ചെയ്യാൻ ഇറങ്ങി തിരിച്ചാൽ അത് ഭംഗിയായി ചെയ്ത് തീർക്കണം.. അല്ലാതെ ഇങ്ങനെ പാതിവഴിയിൽ എല്ലാം തൊലച്ച് വന്ന് നിൽക്കരുത്..

എന്തൊക്കെ മറന്നാലും അവർ കാരണം നമുക്കുണ്ടായ മാനക്കേട് മാത്രം ഒരിക്കലും മറക്കരുത്.. അത് മനസ്സിലുണ്ടെങ്കിലേ ഇനിയുള്ള കളികൾ കൂടുതൽ കരുത്തോടെ ചെയ്ത് തീർക്കാൻ പറ്റു..മനസ്സിലായോ..”

അയാൾ തന്റെ ഗാംഭീര്യമുള്ള സ്വരത്തിൽ പക കലർത്തികൊണ്ട് പറഞ്ഞു.

“ശരിയച്ഛ.. ഇനി നോക്കി ചെയ്യാം…”

അവൻ സൗമ്യതയോടെ മറുപടി പറഞ്ഞു..

“അച്ഛാ………..”

കടുത്ത ദേഷ്യത്തോടെ അഞ്ചു ആ മുറിയിലേക്ക് കയറി..

“ആഹ്…അച്ഛന്റെ പൊന്ന്മോള് വന്നോ.. എന്തിനാ ഇത്ര ദേഷ്യം..”

അത് വരെ അയാളുടെ മുഖത്തെ പകയും ദേഷ്യവും അവളെ കണ്ടതും വാത്സല്യമായി മാറി..

“അച്ഛാ… ഞാനിനി ഏട്ടനോടും അമ്മയോടും മിണ്ടില്ല..”

“അതെന്താ..”

“ഇവർ രണ്ട് പേരും അമ്മാവനെയും സിദ്ധുവേട്ടനെയും എന്തൊക്കെയാ പറഞ്ഞെതെന്ന് അറിയോ..? പാവം അമ്മാവൻ കുറെ കരഞ്ഞു.. സിദ്ധുവേട്ടനും വിഷമമായി.. അത് കണ്ടപ്പോ എനിക്കും സങ്കടം വന്നു… ഇവരുടെ ഹൃദയമെന്താ കല്ല് കൊണ്ടാണോ ഉണ്ടാക്കിയിരിക്കുന്നത്… അത്രയൊക്കെ പറഞ്ഞിട്ട് ഒന്ന് തിരിഞ്ഞുപോലും നോക്കാതെ..വന്നിരിക്കുന്നു..”

അവളുടെ കണ്ണുകൾ ഈറനണിഞ്ഞു..

“ആണോ… എങ്കിൽ ഞാനവരോട് ചോദിക്കുന്നുണ്ട്. നീ കരയണ്ടാട്ടോ..”

ദിനേശൻ അവളെ സമാധാനപ്പെടുത്തി..

“ഇല്ലച്ഛാ… അച്ഛൻ എന്തൊക്കെ പറഞ്ഞാലും ഇനി അവരോടു മിണ്ടില്ല..എന്തൊക്കെ ആയാലും നല്ലവർക്ക് ദൈവം നല്ലത് മാത്രേ വരുത്തൂ..
അതാണ് സിദ്ധുവേട്ടന് മിഥുവേച്ചിയേ കിട്ടിയത്..ഇനി ഇവർക്ക് അവരുടെ മുഖത്ത് നോക്കാൻ പറ്റുമോ..? ”

അർജുനെ നോക്കി കണ്ണുരുട്ടികൊണ്ട് അഞ്ചു പുറത്തേക്ക് നടന്നു..

“അച്ഛനാ ഇവളെ ഇങ്ങനെ കൊഞ്ചിച്ചു വഷളാക്കുന്നത്… നോക്കിക്കേ.. അച്ഛന്റെ മുന്നിവെച്ചു തന്നെ ആ സിദ്ധുവിനെയും കിളവനെയും സപ്പോർട് ചെയ്ത് സംസാരിച്ചത് കണ്ടില്ലേ..”

അവൻ അവളോടുള്ള ദേഷ്യത്തിൽ പറഞ്ഞു…

“അച്ചൂ…. വായടക്ക്… അവളാണ് എന്റെ ഭാഗ്യനക്ഷത്രം.. അവൾ ജനിച്ചതിന് ശേഷമാണ് നമ്മുടെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടായത്.. തടസങ്ങളെല്ലാം മാറി ഇപ്പോൾ ഈ നിലയിൽ ജീവിക്കുന്നതിന് കാരണം അവളുടെ രാശിയാണ്..അവളെ മാത്രം നീ ഒന്നും പറയരുത്…”

ദിനേശൻ ശാസനയോടെ പറഞ്ഞു..

“അവൾ ജനിച്ചപ്പോൾ അതിനും മാത്രം എന്താണാവോ നടന്നത് .”

എന്ന് മനസിൽ ചിന്തിച്ചുകൊണ്ട് അവൻ തലയനക്കി..

ആശയുടെ ഭർത്താവാണ് ദിനേശൻ. പല വർഷങ്ങളായി മഹേന്ദ്രനോടും സിദ്ധുവിന്റെ അച്ഛനോടും അടങ്ങാത്ത പകയോടെ ജീവിക്കുന്നവൻ..ആശ തന്നാൽ കഴിയുന്ന വിധത്തിൽ അയാളെ സമാധാനപ്പെടുത്തുവാൻ ശ്രമിക്കാറുണ്ടെങ്കിലും അയാളുടെ മനസ്സിലെ പക അടങ്ങിയില്ല..

മറ്റുള്ളവരോട് ഒരു മൃഗത്തെ പോലെ പെരുമാറിയാലും തന്റെ മകൾ അഞ്ജുവിനെ അയാൾക്ക് ജീവനാണ്.. ഒരിക്കലും തന്റെ മകൾ വിഷമിക്കരുതെന്ന് ചിന്തിക്കുന്നയാളാണ് ദിനേശൻ.. അവൾക്ക് ഇഷ്ടമുള്ളതെല്ലാം അവൾ ചോദിക്കും മുന്നേ വാങ്ങി കൊടുക്കും.. അവളെ ഒരു രാജകുമാരിയെ പോലെയാണ് അയാൾ വളർത്തുന്നത്..

സിദ്ധുവിനോടും മഹേന്ദ്രനോടും എന്താണിത്ര പക..? എന്തിനാണ് അവരെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്? അതിനെക്കുറിച്ചൊന്നും ആശയ്ക്ക് അറിയില്ലായിരുന്നു.. തന്റെ മകനും ഭർത്താവും ചേർന്ന് ചെയ്യുന്ന ഓരോ പ്രവർത്തികളും തന്റെ വീട്ടുകാരെ ബാധിക്കരുതെന്ന് എന്നും ദൈവത്തോട് പ്രാർത്ഥിക്കുകയാണ് ആശ..

തുടരും…

താദാത്മ്യം : ഭാഗം 1

താദാത്മ്യം : ഭാഗം 2

താദാത്മ്യം : ഭാഗം 3

താദാത്മ്യം : ഭാഗം 4

താദാത്മ്യം : ഭാഗം 5

താദാത്മ്യം : ഭാഗം 6

താദാത്മ്യം : ഭാഗം 7

താദാത്മ്യം : ഭാഗം 8

താദാത്മ്യം : ഭാഗം 9

താദാത്മ്യം : ഭാഗം 10

താദാത്മ്യം : ഭാഗം 11

താദാത്മ്യം : ഭാഗം 12